Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | മേയ് 23, ശനി 
1201 | ഇടവം 9 , മകം

◾  പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് 110.60 രൂപയും ഡീസലിനു 99.54 രൂപയുമായി. പത്തു ദിവസത്തിനകം മൂന്നാം തവണയാണു വില വര്‍ധിപ്പിക്കുന്നത്.

◾  ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട് പദ്ധതി നടപ്പാക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷന്‍ ജനസേവന കേന്ദ്രങ്ങളാക്കും. സ്റ്റേഷനില്‍ എത്തുന്നവരോടു സംസ്‌കാരത്തോടേയും മാന്യതയോടേയും പെരുമാറാന്‍ കര്‍ശന നിര്‍ദേശം നല്‍കും. സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി സംസാരിച്ചു. കെ.സി വേണുഗോപാലിനെ കണ്ടതിനു ശേഷമാണ് സതീശന്‍ മറ്റു നേതാക്കളെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തു


◾  പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു. പിണറായിയെ പ്രകീര്‍ത്തിച്ച് കാരണഭൂതന്‍ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റിയാണ് വിമര്‍ശനം ഉന്നയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായിക്കാണെന്ന് പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാര്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ടിങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രന്‍ പങ്കെടുത്തു.
 
◾  സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി രാജിവെച്ചു. സര്‍ക്കാര്‍ മാറിയതിനാലാണ് രാജി. പുതിയ ചെയര്‍മാനായി ജഗദീഷ്, സലിം കുമാര്‍, ദീപു കരുണാകരന്‍ തുടങ്ങിയവരാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

◾  നിര്‍ധന രോഗികളുടെ സൗജന്യ ചികിത്സക്കായി തുടങ്ങിയ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആശുപത്രികള്‍ക്കും മരുന്നു കമ്പനികള്‍ക്കും നല്‍കാനുള്ള കുടിശിക കൊടുത്തു തീര്‍ക്കാന്‍ 1500 കോടിയോളം രൂപ കണ്ടെത്താനുള്ള നെട്ടോട്ടവുമായി യുഡിഎഫ് സര്‍ക്കാര്‍. പിണറായി സര്‍ക്കാരിനെതിരായ ജനവികാരം ആളിക്കത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ആരോഗ്യ മേഖലയിലെ ഇത്തരം തകര്‍ച്ചയായിരുന്നു.

◾  ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അധിക സഹായം നല്‍കി സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കും. സൗജന്യ യാത്ര വോട്ട് കിട്ടാനായി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  ആലപ്പുഴയില്‍ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും. കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനില്‍ രാജിന്റെ മൊഴിയെടുക്കും. കേസ് ഫയല്‍തിരുത്തിയെന്ന് അന്വേഷണ സംഘത്തിലെ എസ്ഐയും രണ്ട് പൊലീസുകാരും മൊഴി നല്‍കിയിരുന്നു.

◾  സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസിനെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി തീരുമാനിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം, ബിജെപി വിമര്‍ശനം. യുഡിഎഫിന് അനുകൂലമായ വോട്ടു ചോരിക്കുള്ള സമ്മാനമാണോയെന്നു വരെ വിമര്‍ശനമുയര്‍ന്നു.

◾  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾  സിപിഎം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള കോതമംഗലം സഹകരണ ബാങ്കിന്റെ നേതൃത്തില്‍ നേര്യമംഗലത്ത് നിര്‍മിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നതില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ റിപ്പോര്‍ട്ട് പൂഴ്ത്തി. സഹകരണ ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ജോയിന്റ് റജിസ്ട്രാര്‍ നടപടിയെടുക്കാതെ പൂഴ്ത്തിയത്. ഭരണ സമിതിക്കെതിരെ ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും നടപടിയില്ല.

◾  ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയില്‍ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരന്‍ പാലക്കാട് കണ്ണാടി സ്വദേശി രമേശ് (47) അറസ്റ്റില്‍. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണെന്ന വ്യാജേനയാണു തട്ടിപ്പു നടത്തിയത്.

◾  മഡിവാള ബലാത്സംഗ കേസിലെ ഒന്നാം പ്രതി ഹൈനസ് അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി വയനാട്ടില്‍ നിന്നാണു പിടിയിലായത്. ട്രാന്‍സിറ്റ് വാറണ്ട് മുഖേന പ്രതിയെ ബെംഗളൂരുവില്‍ എത്തിച്ചു.

◾  അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസില്‍ ഒരു യുവതി കൂടി പിടിയില്‍. ഒന്നാംപ്രതി നജീബുമായി അടുപ്പമുണ്ടായിരുന്ന കോട്ടയം വാഴൂര്‍ സ്വദേശി മായയെയാണ് കൊച്ചി അമ്പലമേട് പൊലീസ് അറസ്റ്റു ചെയ്തത്. അവയവ വില്‍പനയ്ക്കായി മായ അപരിചിതനായ ഒരാളെ സ്വന്തം സഹോദരനെന്ന് വ്യാജ രേഖയുണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസില്‍ ഇതുവരെ ഏഴുപേര്‍ പിടിയിലായി.

◾  തൃശ്ശൂരിലെ ചേറൂരില്‍ ആനയിടഞ്ഞു. കൊല്ലത്തുനിന്ന് എത്തിച്ച ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ജനവാസ മേഖലയില്‍ വിരണ്ടോടിയ ആന യാത്രക്കാര്‍ ഉണ്ടായിരുന്ന കാര്‍ കുത്തിമറിച്ചിട്ടു. ബൈക്കും ഓട്ടോയും ഒരു വീടും തകര്‍ത്തു. വീടുകളുടെ മതിലുകള്‍ മറിച്ചിട്ടു. രണ്ടര മണിക്കൂറിനുശേഷമാണ് ആനയെ തളയ്ക്കാനായത്.

◾  ആനയിടഞ്ഞ് നാശനഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും മന്ത്രി ഒ.ജെ. ജനീഷും തമ്മില്‍ തര്‍ക്കം. ആനയെ ഉടന്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റും. നാശനഷ്ടം നല്‍കാതെ ആനയെ മാറ്റാന്‍ സമ്മതിക്കില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍ മന്ത്രിയോട് അറിയിച്ചു.

◾  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകള്‍ എടുത്തു നല്‍കുന്നത് രോഗികളുടെ മൊബൈല്‍ ഫോണില്‍. കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിര്‍ദേശം.

◾  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കലിനാണ് ഇവിടെ എത്തിയതെന്ന് തിരുവഞ്ചൂര്‍. പുതിയ കാഴ്ചപ്പാടോയാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഭരണഘടനപരമായ കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  മൈസൂരുവില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് കാറില്‍ വരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ തട്ടികൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചെന്നു പരാതി. സുല്‍ത്താന്‍ബത്തേരി കാരക്കണ്ടി സ്വദേശി പാലത്തി വീട്ടില്‍ ആസിഫ് (42) ആണ് കര്‍ണാടകയിലെ ബേഗൂര്‍ സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

◾  നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന ആവശ്യവുമായി പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആന്‍സല ദാസ്. കരിങ്കൊടി കാണിച്ചതിന് അകമ്പടി വാഹനം മനപ്പൂര്‍വം ഇടിപ്പിച്ചെന്നായിരുന്നു പരാതി.

◾  വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ വൈകിയതിനെത്തുടര്‍ന്ന് രണ്ടുമാസമായ ഗര്‍ഭം അലസിയതായി പരാതി. വെള്ളക്കിണര്‍ പൂപ്പറമ്പില്‍ തന്‍സീറിന്റെ ഭാര്യ നജ്‌ലയെ ഷോക്കേറ്റ ഉടനെ ബീച്ച് വനിതാ-ശിശു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണു പരാതി.

◾  മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണത്തില്‍ നാലു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ചന്ദ്രപൂര്‍ ജില്ലയിലെ ഗുഞ്ജേവാഹി ഗ്രാമത്തോട് ചേര്‍ന്നുള്ള വനമേഖലയില്‍ ബീഡിയില ശേഖരിക്കാന്‍ പോയ സംഗീത ചൗധരി (50), കൗദാബായ് മോഹുര്‍ലെ (45), അനുബായ് മോഹുര്‍ലെ (40), സുനിത മോഹുര്‍ലെ (38) എന്നിവരാണ് കൊല്ലപ്പെട്ടത്.

◾  കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ക്രൂയിസര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്  ഇന്‍ഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധന്‍ സാഹ (48), റസൂല്‍ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്

◾  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നാലു ദിവസത്തെ സന്ദര്‍ശന് ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

◾  ഗുരുഗ്രാമില്‍ ട്രാന്‍സ്‌ഫോര്‍മര്‍പൊട്ടിത്തെറിച്ച് വൈദ്യുതി മുടങ്ങിയതോടെ മെട്രോ ഗതാഗതം അരമണിക്കൂറിലധികം സമയം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം സെക്ടര്‍ 72-ലെ 220 കെവിഎ പവര്‍ സ്റ്റേഷനിലെ പ്രധാന ട്രാന്‍സ്‌ഫോര്‍മറിലാണ് തീപ്പിടിത്തമുണ്ടായത്. മെട്രോ സര്‍വീസുകള്‍ രാത്രി 7:50 മുതല്‍ 8:33 വരെയാണ് തടസ്സപ്പെട്ടത്.

◾  കോക്രോച്ച് ജനതാ പാര്‍ട്ടിയെ രാഷ്ട്രീയ മുന്നണിയാക്കുന്നത് ആലോചിക്കുമെന്ന് സ്ഥാപകന്‍ അഭിജിത് ദീപ്കെ. സിജെപിയുടെ പേരില്‍ നാളെ മനുഷ്യ ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രചാരണത്തിലും പുതുവഴിയിലാണ് സിജെപി.

◾  നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നിയമിച്ചിരുന്ന മൂന്ന് അധ്യാപകര്‍ അറസ്റ്റിലായതിനിടെ, രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം നീളുന്നു. എന്‍ടിഎ നിയോഗിച്ച രണ്ട് അധ്യാപകര്‍ കൂടി ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്നും, നടന്നത് കോടികളുടെ ഇടപാടെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍.

◾  ലഡാക്കിലെ ലേയില്‍ ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജിഒസി) അടക്കം മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജിഒസി, ലഫ്റ്റനന്റ് കേണല്‍, മേജര്‍ എന്നിവര്‍ സഞ്ചരിച്ച ചീറ്റ ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.

◾  2014-ല്‍ ആരംഭിച്ച ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വര്‍ഷം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവിയും തെരഞ്ഞെടുപ്പ് വിശകലന വിദദ്ധനുമായ പ്രദീപ് ഗുപ്ത.

◾  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ -1 വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇറാന്റെ വ്യോമാക്രമണത്തിലാണ് ടെര്‍മിനല്‍ കെട്ടിടത്തിന് വന്‍തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

◾  ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ അടിയന്തരമായി മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും.

◾  ചൈനയില്‍ കല്‍ക്കരി ഖനിയിലെ വാതക സ്‌ഫോടനത്തില്‍ 90 പേര്‍ മരിച്ചു. ഷാന്‍സി പ്രവിശ്യയിലെ ക്വിന്‍യുവാന്‍ കൗണ്ടിയിലെ ലിയുഷെന്യൂ കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്.

◾  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഭീകരന്‍ പിടിയില്‍. 32 വയസുകാരനായ ഇറാഖ് പൗരന്‍ മുഹമ്മദ് ബാഖര്‍ സാദ് ദാവൂദ് അല്‍-സാദി ആണ് പിടിയിലായത്. ഇയാള്‍ക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതര്‍.

◾  ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ലക്‌നൗവില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇതേസമയം, ചൊവ്വാഴ്ച ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ധരംശാലയില്‍ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഈ കളിയില്‍ ജയിക്കുന്നവര്‍ ഫൈനലിലേക്ക് മുന്നേറും. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്നവര്‍ക്ക് ഫൈനലില്‍ എത്താന്‍ ഒരവസരംകൂടി ലഭിക്കും.

◾  കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ റെക്കോഡ് ലാഭവിഹിതം. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 2.87 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിലേക്ക് സര്‍പ്ലസ് ട്രാന്‍സ്ഫര്‍ ആയി നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 2.69 ലക്ഷം കോടി രൂപയായിരുന്നു. റെക്കോഡ് തുകയാണ് കൈമാറുന്നതെങ്കിലും ഇത് സര്‍ക്കാരിന്റെ പ്രതീക്ഷയേക്കാള്‍ താഴെയാണ്. ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് മൊത്തം 3.16 ലക്ഷം കോടി രൂപയായിരുന്നു. ആര്‍ബിഐയുടെ ലാഭവിഹിതം 2.9 ലക്ഷം കോടി രൂപയ്ക്കും 3.2 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നത്. 2023-24 ല്‍ 2.11 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. 2022-23 ല്‍ 87,416 കോടി രൂപയും 2018-19ല്‍ 1.76 ലക്ഷം കോടിയും ആര്‍ബിഐ കൈമാറിയിരുന്നു. ആര്‍ബിഐയില്‍ നിന്നുള്ള ഈ വന്‍ തുകയ്ക്ക് പോലും കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യമായ 4.3 ശതമാനത്തില്‍ എത്തുന്നതിലെ കുറവ് നികത്താന്‍ പൂര്‍ണമായി സാധിക്കില്ലെന്നാണ് റോയിട്ടേഴ്‌സ് സര്‍വേ വെളിപ്പെടുത്തുന്നത്.

◾  എ.ഐയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് ആഗോള കമ്പനിയായ സ്റ്റാര്‍ബക്സ്. വടക്കേ അമേരിക്കയിലെ സ്റ്റോറുകളിലാണ് നടപ്പാക്കി ഒമ്പത് മാസത്തിന് ശേഷം  എ.യെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. വില്‍പ്പനയെ ബാധിച്ചിരുന്ന, കോഫി ശൃംഖലയുടെ ഉല്‍പ്പന്ന ക്ഷാമ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സ്റ്റാര്‍ബക്സ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങുന്നത്. ഈ സാങ്കേതികവിദ്യ വഴി തൊഴിലാളികള്‍ക്ക് ഒരു ടാബ് ഉപയോഗിച്ച് ഇന്‍വെന്ററി സ്‌കാന്‍ ചെയ്യാനും പാല്‍ കാര്‍ട്ടണുകള്‍ അടക്കമുള്ളവയുടെ എണ്ണമെടുക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ എ.ഐ സാങ്കേതിക വിദ്യ ഇനങ്ങള്‍ തെറ്റായി എണ്ണാനും, ലേബല്‍ ചെയ്ത ഉല്‍പ്പന്നങ്ങളെ തെറ്റായി മനസിലാക്കാനും തുടങ്ങിയപ്പോഴാണ് സ്റ്റാര്‍ബക്സ് പ്രതിസന്ധി നേരിട്ടത്. നിരവധി ഉല്‍പ്പന്നങ്ങള്‍ നശിക്കാനും ഇത് കാരണമായി. സംഭവത്തെതുടര്‍ന്ന് എ.ഐ സാങ്കേതികവിദ്യ തിരിച്ചുവിളിച്ചു. പഴയ രീതികളില്‍തന്നെ മുന്നോട്ടുപോകാന്‍ സ്റ്റാര്‍ബക്സ് തീരുമാനിച്ചു.

◾  കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും നായികാനായകന്‍മാരായെത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്. പുതുമയുള്ളൊരു പൊലീസ് കഥയാണ് ഉന്മാദം എന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. ഒരു കേസ് ഫയലിനെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്. മലയാള സിനിമയിലെ ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

◾  വന്‍ ഹൈപ്പോടെ മലയാള സിനിമാ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് 'ദൃശ്യം 3'. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം തന്നെ റിലീസിനെത്തിയതു കൊണ്ട് വന്‍ ആവേശത്തോടെയാണ് ചിത്രത്തിന്റെ ആദ്യ ഷോ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്നും 50 കോടിക്ക് മുകളിലാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്. 50.35 കോടിയാണ് ഓപ്പണിങ് ഡേയില്‍ ചിത്രം നേടിയതെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ടു. രണ്ടാം ദിന കണക്കുകള്‍ വരുമ്പോള്‍ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍, മുരളി ഗോപി, വീണ നന്ദകുമാര്‍, ആശ ശരത്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.

◾  വിന്‍ഫാസ്റ്റ് രണ്ടാം തലമുറ വിന്‍ഫാസ്റ്റ് വിഎഫ്8 ഇലക്ട്രിക് എസ്യുവി വിയറ്റ്നാമീസ് വിപണിയില്‍ അവതരിപ്പിച്ചു. നിരവധി പുതിയ സവിശേഷതകള്‍, പുതുക്കിയ സ്റ്റൈലിംഗ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റീരിയര്‍ എന്നിവ ഉള്‍പ്പെടുന്നു. പുതിയ തലമുറ വിന്‍ഫാസ്റ്റ് വിഎഫ് 8 ഇപ്പോള്‍ 60.13 കിലോവാട്ട്അവര്‍ ബാറ്ററിയിലാണ് അവതരിപ്പിക്കുന്നത്. ഫ്രണ്ട്-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് ഇത് വരുന്നത്, കൂടാതെ 228 കുതിരശക്തിയും 330 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇത് നല്‍കുന്നത്. ഇത് മുന്‍ തലമുറ മോഡലിനേക്കാള്‍ കൂടുതലാണ്. ഒറ്റ ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ഇത് മുമ്പത്തേതിനേക്കാള്‍ ഏകദേശം 62 കിലോമീറ്റര്‍ കുറവാണ്. എസ്യുവി ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുന്നു, ഇത് 30 മിനിറ്റിനുള്ളില്‍ ബാറ്ററി 10 മുതല്‍ 70 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു.

◾  'ഒരേ താളത്തില്‍ മിടിക്കുന്ന രണ്ടു ഹൃദയങ്ങള്‍ ഒന്നാകുന്നതാണ് പ്രണയം. നമ്മള്‍ പരസ്പരം ഒന്നാകാന്‍ എന്നേ വിധിക്കപ്പെട്ടവരാണ്.' 'എനിക്കു വിധിയിലൊന്നും വലിയ വിശ്വാസമില്ല. മടുപ്പുതോന്നി എന്നെങ്കിലും ഒരു ദിവസം ഞാന്‍ നിന്നെ ഉപേക്ഷിച്ചാല്‍?' ''മടുപ്പുതോന്നുന്നുണ്ടെങ്കില്‍ അതു പ്രണയമല്ല.' 'എന്നുവച്ചാല്‍ ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോയാലും നീമാത്രം എന്നെ പ്രേമിച്ചുകൊണ്ടിരിക്കുമെന്നാണോ പറയുന്നത്?' 'ഞാന്‍ മരിക്കുന്നതുവരെ.' ഒരമ്മയുടെ ഡയറിയിലെ ചില അനുരാഗത്താളുകള്‍.... ഒരപൂര്‍വ്വ സുന്ദര പ്രണയകഥ. 'അമ്മ പ്രേമലു'. രവി മന്ത്രി. ഡിസി ബുക്സ്. വില 230 രൂപ.

◾  ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ തലേന്ന് രാത്രി മുഴുവന്‍ കുതിര്‍ത്തു വച്ച വെള്ളം പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതിന് ഗുണവും ദോഷവുമുണ്ട്. ഗുണങ്ങളില്‍ പ്രധാനം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നതാണ്. ഭക്ഷ്യനാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിച്ചേക്കാം. വയറുവീക്കം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ കുറക്കും. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഉലുവയിലെ ചില ഘടകങ്ങള്‍ മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാം. ചിലര്‍ക്ക് വേനല്‍ക്കാലത്ത് ശരീരചൂട് കൂടുതലാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഉലുവ വെള്ളം കുടിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കും. ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും ചര്‍മാരോഗ്യത്തിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. അതേസമയം ഉലുവ വെള്ളത്തിന് അതിന്റേയായ ദോഷങ്ങളുമുണ്ട്. ഉലുവയില്‍ ഫൈബര്‍ കൂടുതലായതിനാല്‍ അധികമായി ഉപയോഗിച്ചാല്‍ വയറിളക്കം, വയറുവേദന, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. പ്രമേഹ മരുന്നുകള്‍ കഴിക്കുന്നവര്‍ ഉലുവ വെള്ളം അധികമായി ഉപയോഗിച്ചാല്‍ ഷുഗര്‍ ലെവല്‍ വളരെ താഴാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് ഉലുവ അലര്‍ജി ഉണ്ടാക്കാം. ചൊറിച്ചില്‍, ചര്‍മത്തില്‍ തിണര്‍പ്പ്, ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗം ഒഴിവാക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.70, പൗണ്ട് - 128.80, യൂറോ - 111.47, സ്വിസ് ഫ്രാങ്ക് - 122.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.49, ബഹറിന്‍ ദിനാര്‍ - 253.40, കുവൈത്ത് ദിനാര്‍ -307.87, ഒമാനി റിയാല്‍ - 248.64, സൗദി റിയാല്‍ - 25.47, യു.എ.ഇ ദിര്‍ഹം - 26.06, ഖത്തര്‍ റിയാല്‍ - 26.14, കനേഡിയന്‍ ഡോളര്‍ - 69.52.
Previous Post Next Post
3/TECH/col-right