Trending

പ്രഭാത വാർത്തകൾ

2026  ഏപ്രില്‍ 13, തിങ്കള്‍
1201  മീനം 30, അവിട്ടം
1447 ശവ്വാൽ 25

◾ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. ഇറാനെതിരേ നാവിക ഉപരോധമെന്നും ഇറാന്റെ എണ്ണ കയറ്റുമതി തടയുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം നിരോധിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. അമേരിക്കന്‍ സേനയെ കടലിടുക്കിലെ 'മരണച്ചുഴിയില്‍' അകപ്പെടുത്തുമെന്ന് ഇറാന്റെ താക്കീത്. ഇറാന്‍ അണ്വായുധം ഉണ്ടാക്കരുതെന്ന പ്രധാന ആവശ്യം നിരാകരിച്ചതാണ് 21 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ച പൊളിയാന്‍ കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു.

◾ നവകേരള സര്‍വേയ്ക്ക് 13 കോടി രൂപ ചെലവാക്കിയെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 20 കോടി രൂപയായിരുന്നു അനുവദിച്ചത്. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടിയും ചെലവായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജന അഭിപ്രായം തേടാനെന്ന പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരസ്യ പ്രചാരണത്തിന് ആവിഷ്‌കരിച്ചതാണു നവകേരള സര്‍വേ.

◾  എല്‍ഡിഎഫിന് 90 സീറ്റു ലഭിക്കുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വനവാസത്തിനു പോകരുതെന്നും അദ്ദേഹം പരിഹസിച്ചു.

◾  നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ടു പിരിവിനു വേണ്ടിയാണെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞു. മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
◾  പ്രയാഗ് രാജിലെ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം കേരള സ്റ്റോറിതന്നെയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തില്‍ സുരക്ഷിതമായി വിവാഹിതരാകാമെന്നതിനാലാണ് അവര്‍ ഇവിടെയെത്തിയത്. പോലീസ് രേഖകള്‍ പരിശോധിച്ചശേഷമാണ് വിവാഹം നടത്തിയത്. എംവി ഗോവിന്ദന്‍ പറഞ്ഞു.

◾  കുംഭമേള വൈറല്‍ താരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പൊലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.

◾  പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിന് എ.എ റഹീം എംപി, മന്ത്രി ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ ഉപദേശക സമിതി അംഗം ജി.അഞ്ജന ദേവി മധ്യപ്രദേശ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. വിവാഹത്തിനു പിന്നിലുള്ള ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

◾  ചാലക്കുടിപുഴക്കു കുറുകെയുള്ള പഴയപാലത്തിന്റെ അറ്റകുറ്റപണി വൈകും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പണി ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയതുമൂലമാണ് പണി തുടങ്ങാനാകാത്തതെന്ന് ജി.ഐ.പി.എല്‍. അധികൃതര്‍.

◾  മൂന്നാറിലെ മില്‍മയുടെ മില്‍ക്ക് ചില്ലിങ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. ഇതു ചോദ്യംചെയ്ത് മില്‍മ എറണാകുളം യൂണിയന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. മൂന്നാര്‍ ടൗണിലുള്ള രണ്ടേക്കര്‍ ഭൂമി സര്‍ക്കാര്‍ ആദ്യം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന് കൈമാറി. പിന്നീട് മില്‍ക്ക് ചില്ലിങ് പ്ലാന്റ് സ്ഥാപിക്കാന്‍ അത് മില്‍മ എറണാകുളം യൂണിയനു കൈമാറുകയായിരുന്നു. ഈ ഭൂമിയില്‍ നിന്നുള്ള 1.30 ഏക്കര്‍ ഭാഗം ബോര്‍ഡിന് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

◾  ആലപ്പുഴ ജില്ല ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ നല്‍കി. നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചതു ഹണി എം വര്‍ഗീസായിരുന്നു.

◾  ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരേയാണു നോട്ടീസ്.

◾  പാലക്കാട് മണ്ഡലത്തില്‍ ബിജെപി വോട്ടിന് പണം നല്‍കി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആര്‍ഡിഒ. കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തണമെന്ന ആര്‍ഡിഒയുടെ ആവശ്യം ജില്ലാ കളക്ടര്‍  അംഗീകരിച്ചു.

◾  തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി ലസിന്‍ സബാദിനെതിരെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.

◾  എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക വാഹനം തകര്‍ക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ പിടിയിലായി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ജിന്റോ, പ്രിന്‍സ് എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

◾  കൊച്ചിന്‍ സേലം പാചകവാതക പൈപ്പ് ലൈനില്‍ മണലിപ്പുഴയ്ക്കടുത്തു മടവാക്കരയിലുണ്ടായ ചോര്‍ച്ച പരിഹരിച്ചു. ഗ്യാസ് വിതരണം പുനരാരംഭിച്ചു. പൈപ്പില്‍ ഒടിഞ്ഞിരുന്ന ഡ്രില്ലിന്റെ ഭാഗം നീക്കിയശേഷം ക്ലാമ്പ് വെല്‍ഡ് ചെയ്താണ് ചോര്‍ച്ചയടച്ചത്. മാര്‍ച്ച് 18 നാണു ചോര്‍ച്ചയുണ്ടായത്.

◾  തിരുവനന്തപുരം: ആഴിമലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് കാല്‍വഴുതി കടലില്‍ വീണു മരിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് (45) ആണ് മരിച്ചത്. അനീഷ് ഉള്‍പ്പെടെ പതിനേഴംഗ സംഘമാണ് ആഴിമലയില്‍ വിനോദ യാത്രയ്ക്ക് എത്തിയത്.

◾  പോക്സോ കേസില്‍ അറസ്റ്റിലായ വൈദികന്‍ റിമാന്‍ഡില്‍. കണ്ണൂര്‍ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുന്‍ അസിസ്റ്റന്റ് വികാരി ഫാ. അഖില്‍ ജോഷിയാണ് റിമാന്‍ഡിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കേളകം പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.

◾  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ. വിനീഷിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നും രക്ഷപ്പെടാന്‍ മാനസിക രോഗിയായി അഭിനയിക്കുകയാണെന്നും ദീപ പറഞ്ഞു.

◾  രാജ്യത്തെ നിയോജക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്യാനുള്ള നടപടികളെക്കുറിച്ച് സര്‍വ്വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. കൂടിയാലോചനകളും ചര്‍ച്ചയുമില്ലാതെ വളരെ സുപ്രധാനമായ ഈ വിഷയവുമായി മുന്നോട്ടുപോകാനാവില്ലെന്നു ചൂണ്ടിക്കാട്ടി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കു കത്തു നല്കി.

◾  വ്യാഴാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിത സംവരണ ബില്‍ പാസ്സാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഐകകണ്ഠ്യേനെ നിയമം പാസാക്കണമെന്നാണ് പ്രധാനമന്ത്രി എംപിമാരോടും കക്ഷി നേതാക്കളോടും അഭ്യര്‍ത്ഥിച്ചത്.

◾  വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും.

◾  എസ്ഐആര്‍ വലിയ തട്ടിപ്പാണെന്നും, സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പിനിടെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതായും, ആരുമായും ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

◾  പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്ര കുമാര്‍ ബോസ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

◾  കര്‍ണാടക കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം. പാര്‍ട്ടി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന ന്യൂനപക്ഷ നേതാവ് കെ അബ്ദുള്‍ ജബ്ബാര്‍ കര്‍ണാടക കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവെച്ചു.

◾  തെക്കന്‍ തമിഴ്നാടിനെ ഇളക്കിമറിച്ച് കന്യാകുമാരിയില്‍ ടിവികെ അധ്യക്ഷന്‍ വിജയുടെ റോഡ് ഷോ. തുറന്ന വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തിയാണ് ജനങ്ങളെ വിജയ് ആവേശം കൊള്ളിച്ചത്.

◾  മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ രോഗശാന്തി ശുശ്രൂഷയുടെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് പെന്തക്കോസ്ത് പാസ്റ്റര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്.

◾  ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കടലിലെ മൈനുകള്‍ നീക്കം ചെയ്യുന്ന ദൗത്യവുമായി 'യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സണ്‍', 'യുഎസ്എസ് മൈക്കല്‍ മര്‍ഫി' എന്നീ കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കിലുള്ളത്. ഇറാന്‍ സൈന്യം കടലിടുക്കില്‍ സ്ഥാപിച്ച മൈനുകളാണു നീക്കം ചെയ്യുന്നത്.

◾  ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആധുനിക കാലത്തെ 'ഹിറ്റ്‌ലര്‍' ആണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. രക്തദാഹവും വിദ്വേഷവും കൊണ്ട് നെതന്യാഹു അന്ധനായി. ഗാസയിലെയും ലബനനിലെയും ആക്രമണങ്ങള്‍ തുടരുന്ന ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി.

◾  ഇസ്ലാമാബാദ് ചര്‍ച്ച പരാജയപ്പെട്ടിരിക്കേ, അമേരിക്ക - ഇറാന്‍ സമാധാന ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച പുടിന്‍തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

◾  സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകാനിരുന്ന പാക്കിസ്ഥാന്റെ രണ്ട് എണ്ണക്കപ്പലുകള്‍ തിരിച്ചുപോയി. മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

◾  ഖത്തറിലെ സമുദ്ര ഗതാഗത നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കി. എല്ലാത്തരം കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കി.

◾  ഇറാന് ആയുധങ്ങള്‍ കൈമാറാന്‍ ചൈന ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിര്‍ന്നാല്‍ അവര്‍ക്ക് 'വലിയ പ്രശ്നങ്ങള്‍' നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി.

◾  ഹംഗറിയില്‍ ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വിക്ടര്‍ ഓര്‍ബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പീറ്റര്‍ മഗ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷി 'തിസ' പാര്‍ട്ടി വിജയം സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ 51 ശതമാനം വോട്ട് നേടാന്‍ തിസ പാര്‍ട്ടിക്ക് സാധിച്ചു. ഫിഡെസ് പാര്‍ട്ടിക്ക് 40 ശതമാവം വോട്ട് മാത്രമാണ് നേടാനായത്.

◾  ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണം. മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമാണ് അക്രമത്തില്‍ കലാശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിട്ടത്.

◾  കഴിഞ്ഞ വര്‍ഷം ഒപ്പിട്ട പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സൈന്യം സൗദി അറേബ്യയിലെത്തി. 13,000 സൈനികരും 10 മുതല്‍ 18 വരെ വിമാനങ്ങളുമടങ്ങുന്ന സംഘമാണ് എത്തിയതെന്ന് സൗദി സര്‍ക്കാര്‍.  

◾  ന്യൂസിലാന്‍ഡില്‍ 'വൈയാനു' ചുഴലിക്കാറ്റ്. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തീരപ്രദേശങ്ങളില്‍നിന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ആയിരക്കണക്കിനു കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

◾  രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കാനും ഭീകരവാദ സംഘടനകള്‍ക്കു ഫണ്ട് എത്തിക്കാനും പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുവൈറ്റ് പൗരന്മാരായ 24 പേര്‍ ഉള്‍പ്പെട്ട ഭീകര പ്രവര്‍ത്തകരെയാണ് പിടികൂടിയത്.

◾  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് സാമ്പത്തിക സഹായവുമായി സൗദി അറേബ്യയും ഖത്തറും.  500 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇരുരാജ്യങ്ങളും വാഗ്ദാനം ചെയ്തത്. ഈ മാസം യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) നല്‍കാനുള്ള 350 കോടി ഡോളറിന്റെ കടം തിരിച്ചടയ്ക്കാനിരിക്കെയാണു സഹായ വാഗ്ദാനം.

◾  പത്തു വര്‍ഷത്തോളം ജോലിക്കു ഹാജരാകാതെ നിയമവിരുദ്ധമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയ്ക്ക് കോടതി അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഏകദേശം 1,10,000 കുവൈറ്റ് ദിനാര്‍ ഇവര്‍ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

◾  ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മുംബൈ ഇന്ത്യന്‍സിനെതിരെ 18 റണ്‍സിന്റെ വിജയം. 36 പന്തില്‍ 78 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റേയും 20 പന്തില്‍ 53 റണ്‍സെടുത്ത രജിത് പട്ടീദാറിന്റേയും മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ 241 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്നതിനിടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായി. ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ ഹാംസ്ട്രിംഗും പരിക്കേറ്റു മടങ്ങിയിരുന്നു. മുംബൈ ഇന്ത്യന്‍സിന് 222 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇംപാക്ട് പ്ലെയറായെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് 31 പന്തില്‍ 71 റണ്‍സെടുത്തെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സിന്റെ കൂറ്റന്‍ സ്‌കോറിന് അടുത്തെത്താനായില്ല.

◾  ഐപിഎലിലെ മറ്റൊരു മല്‍സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ്നെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴു വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നോവിനെ 20 ഓവറില്‍ എട്ടു വിക്കറ്റിന് 164 റണ്‍സിലൊതുക്കിയ ഗുജറാത്ത് 18.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 

◾  ഐപിഎല്‍ ചരിത്രത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് 26 വയസ്സും 216 ദിവസവും പ്രായമുള്ള ഗില്‍ ഈ നേട്ടം കൈവരിച്ചത്. ഇന്നലത്തെ മല്‍സരത്തില്‍ 40 പന്തില്‍ ആറ് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സും ശുഭ്മന്‍ ഗില്‍ നേടി. 2016 ല്‍ 27 വയസും 195 ദിവസവും പ്രായമുണ്ടായിരുന്ന വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ തിരുത്തിയത്.

◾  ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 4.13 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 4230 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 1337 പോയിന്റിന്റെ നേട്ടം രേഖപ്പെടുത്തി. വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. 91,282 കോടി. 2,47,478 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക് 76,036 കോടി, ബജാജ് ഫിനാന്‍സ് 60,980 കോടി, എല്‍ ആന്റ് ടി 47,624 കോടി, ഭാരതി എയര്‍ടെല്‍ 45,873 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 3,285 കോടിയുടെ കുറവ് രേഖപ്പെടുത്തി. റിലയന്‍സിന് വിപണി മൂല്യത്തില്‍ 947 കോടിയുടെ നഷ്ടം. എങ്കിലും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

◾  9000 എംഎഎച്ച് ബാറ്ററിയും, അത്യാധുനിക സ്‌നാപ് ഡ്രാഗണ്‍ പ്രോസസറുമായി വണ്‍പ്ലസ് നോര്‍ഡ് 6 ഇന്ത്യയില്‍ പുറത്തിറക്കി. വേഗതയേറിയ ചിപ്പും, വലിയ ശേഷിയുള്ള ബാറ്ററിയും, വ്യത്യസ്ത ഡിസൈനുമാണ് ഫോണിനുള്ളത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോണ്‍ഫിഗറേഷനുകളിലാണ് വണ്‍പ്ലസ് നോര്‍ഡ് 6 പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റിന് 38,999 രൂപയും 12 ജിബി മോഡലിന് 41,999 രൂപയുമാണ് വില. ക്വിക്ക് സില്‍വര്‍, ഫ്രഷ് മിന്റ്, പിച്ച് ബ്ലാക്ക് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. കാമറയിലേക്ക് വന്നാല്‍ ഫോണില്‍ ഡ്യുവല്‍ റിയര്‍ സെന്‍സറാണുള്ളത്. ഫോണിന് സെക്കന്‍ഡറി കാമറയായി 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് സെന്‍സര്‍ കൊടുത്തിരിക്കുന്നു.

◾  തന്റെ സിനിമാ കരിയറിലെ പന്ത്രണ്ടാമത്തെ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്. 'കേരള ലൈവ്' എന്നാണ് സിനിമയുടെ പേര്. 2024ല്‍ പ്രഖ്യാപിച്ച സിനിമയെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. പ്രവാസികളുടെ ജീവിതവും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്നതാണ് സിനിമയെന്നും എപ്പോഴത്തേയും പോലെ ലോ ബജറ്റിലാണ് പടം എടുത്തിരിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ജോലി നഷ്ടപ്പെട്ട് പ്രവാസികള്‍ എല്ലാവരും കേരളത്തിലേക്ക് വന്നാല്‍ പ്രവാസിയുടെ അവസ്ഥ എന്ത് ? കേരളത്തിന്റെ അവസ്ഥ എന്ത് അതാണ് സിനിമ. ഇവിടുത്തെ ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മിക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ പ്രവാസികളുടെ പങ്കുണ്ട്. അത്തരത്തില്‍ പ്രവാസികള്‍ എല്ലാവരും തിരിച്ചു വന്നാല്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഉദ്ദേശിച്ചത്. സന്തോഷ് പണ്ഡിറ്റ് പറയുന്നു.

◾  ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി' വിഷു റിലീസായി ഏപ്രില്‍ 15നു തീയേറ്ററുകളിലെത്തും.  ഒരു പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുക്കുന്ന 'പള്ളിച്ചട്ടമ്പി' 1950-60 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ക്വീന്‍, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ജനപ്രിയ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകന്‍ ജേക്ക്സ് ബിജോയും വീണ്ടും ഒന്നിക്കുന്നു. ജേക്ക്സ് ബിജോയ് സംഗീതത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലാണ്. ചിത്രത്തിന്റെ ചായാഗ്രഹണം ചെയ്തിരിക്കുന്നത് ടിജോ ടോമിയാണ്. കൂടാതെ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ കയാദു ലോഹര്‍ മലയാളത്തില്‍ ഇത്രയും വലിയൊരു ചിത്രത്തില്‍ നായികയാകുന്നത് ആദ്യമായാണ്.

◾  ടാറ്റ മോട്ടോഴ്‌സ് ഇന്‍ട്രാ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഇന്‍ട്രാ ഇവി പിക്കപ്പ് അവതരിപ്പിച്ചു. ടാറ്റ ഇന്‍ട്രാ ഇവി പിക്കപ്പ് രാജ്യവ്യാപകമായി ടാറ്റ മോട്ടോഴ്‌സിന്റെ കൊമേര്‍ഷ്യല്‍ വാഹന ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും, 11.95 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്. പുതിയ ടാറ്റ ഇന്‍ട്രാ ഇവി പിക്കപ്പ് 1,750 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയോടെയാണ് വരുന്നത്. ഉയര്‍ന്ന പേലോഡ്, ഓരോ യാത്രയിലും മികച്ച വരുമാനവും വാഗ്ദാനം ചെയ്യുന്നു. 72 കിലോവാട്ട് മോട്ടോര്‍, 230 എന്‍എം ടോര്‍ക്ക് എന്നിവയാണ് വാഹനത്തിന്റെ ഔട്ട്പുട്ട്. പൂര്‍ണ്ണമായി ലോഡുചെയ്താലും 211 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ആറ് വര്‍ഷം അല്ലെങ്കില്‍ രണ്ട് ലക്ഷം കിലോമീറ്റര്‍ എച്ച്വി ബാറ്ററി വാറന്റിയാണ് ഇന്‍ട്രാ ഇവിയ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

◾  കേരളത്തിന്റെ സാമൂഹികചരിത്രത്തിലെ അടിമത്തസ്മൃതികളുടെ ആവിഷ്‌കാരമാണ് ഈ നോവല്‍. കുട്ടുപാലങ്ങാടിയില്‍ നിന്ന് ഇരുപത് അടിമകളുമായി പൊന്നാനിയിലേക്ക് പുറപ്പെട്ട വഞ്ചിയില്‍നിന്ന് രക്ഷപ്പെട്ട ഇട്ടുവിയുടെയും മകന്‍ ചക്കടന്റെയും കഥയിലൂടെ നൂറു വര്‍ഷം മുമ്പുള്ള കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തെയാണ് നോവല്‍ അടയാളപ്പെടുത്തുന്നത്. ഭീകരതയുടെ ആഖ്യാനരീതി പിന്തുടരുന്ന കുതിരമാളിക, അധികാരത്തിന്റെ കീഴാളവിരുദ്ധ ചരിത്രത്തുടര്‍ച്ചയെക്കൂടി വരച്ചുകാട്ടുന്നു. 'കുതിരമാളിക'. മനോഹരന്‍ വി. പേരകം. ഡിസി ബുക്സ്. വില 199 രൂപ.

◾  മാംസാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സസ്യാഹാരികള്‍ക്ക് പാന്‍ക്രിയാറ്റിക്, സ്തന, പ്രോസ്റ്റേറ്റ്, വൃക്ക കാന്‍സര്‍, മള്‍ട്ടിപ്പിള്‍ മൈലോമ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. ക്യാന്‍സര്‍ പ്രതിരോധത്തില്‍ സസ്യാഹാരം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന ജനസംഖ്യയിലുടനീളമുള്ള പാറ്റേണുകള്‍ കണ്ടെത്തുന്നതിന് 17 വ്യത്യസ്ത കാന്‍സറുകളെ പരിശോധിച്ചു. ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. മാംസാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സസ്യാഹാരികള്‍ക്ക് ചിലതരം അര്‍ബുദ സാധ്യത 31% വരെ കുറവാണെന്ന് പഠനം കണ്ടെത്തി. ഉദാഹരണത്തിന്, പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത 21%, സ്തനാര്‍ബുദ സാധ്യത 9%, പ്രോസ്റ്റേറ്റ് സാധ്യത 12%, വൃക്ക സാധ്യത 28%, മള്‍ട്ടിപ്പിള്‍ മൈലോമ സാധ്യത 31% എന്നിങ്ങനെ കുറഞ്ഞു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയിലെല്ലാം ധാരാളം പ്രോട്ടീനുകളും ഫൈബറും മറ്റനേകം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ചയാപചയപ്രവര്‍ത്തനങ്ങളെ എളുപ്പമുള്ളതാക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുന്നു. ഏകദേശം 1.8 ദശലക്ഷം ആളുകളില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ വിശകലനം ചെയ്തു.

*ശുഭദിനം*
*കവിത കണ്ണന്‍*
പെന്‍സില്‍ ഒരിക്കല്‍ റബ്ബറിനോട് പറഞ്ഞു:  നീ എന്നോട് ക്ഷമിക്കണം. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ക്ഷമചോദിക്കുന്ന പെന്‍സിലിനോട് റബ്ബര്‍ കാര്യമന്വേഷിച്ചു. പെന്‍സില്‍ പറഞ്ഞു:  ഞാനെപ്പോഴൊക്കെ തെറ്റുകള്‍ വരുത്തുന്നോ അപ്പോഴെല്ലാം നീയതു മായ്ക്കും. അപ്പോഴൊക്കെ നിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയും നീ ചെറുതാവുകയും ചെയ്യുന്നു. അപ്പോള്‍ റബ്ബര്‍ പറഞ്ഞു: എനിക്കതില്‍ വിഷമമൊന്നുമില്ല.  ഞാന്‍ അതിന് വേണ്ടി തന്നെ നിര്‍മ്മിക്കപ്പെട്ടതാണ്. ഒരു ദിവസം ഞാന്‍ ഇല്ലാതാകുമെന്ന് എന്നിക്ക് അറിയാം. എങ്കിലും എന്റെ ജോലിയില്‍ ഞാന്‍ സന്തോഷവാനാണ്. വലുതാകാന്‍ ചെറുതാകണം. ഒന്നും ഒരിടത്തും നഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഒന്നിനും ഉപകരിക്കുന്നില്ല എന്ന് തന്നെയാണ്. ഉപയോഗത്തിലുളളതെല്ലാം ഒരിക്കല്‍ തേഞ്ഞുതീരും. തനിക്ക് വേണ്ടിമാത്രം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നവരുടെ നഷ്ടങ്ങള്‍ ആരും ശ്രദ്ധിക്കില്ല. എന്നാല്‍ അന്യര്‍ക്ക് വേണ്ടി സ്വയം നഷ്ടപ്പെടുത്തിയവരുടെ തളര്‍ച്ച ഒരിക്കല്‍ വിലമതിക്കപ്പെടുക തന്നെ ചെയ്യും. എത്ര ഉപയോഗക്ഷമമാകുന്നുവോ, അത്രയും ഉപകാരപ്രദമാകും. എന്തൊക്കെ പൊതിഞ്ഞു സൂക്ഷിക്കുന്നു എന്നതില്ല, എങ്ങനെയൊക്കെ ഉപകാരപ്പെടുന്നു എന്നതിലാണ് ഒരാളുടെ വലുപ്പം തീരുമാനിക്കപ്പെടുന്നത് - ശുഭദിനം.
Previous Post Next Post
3/TECH/col-right