Trending

നിതിൻ രാജിൻ്റെ മരണം; അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്ത് പോലീസ്..

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. ഡോക്ടർ എം.കെ റാം, ഡോക്ടർ സംഗീത എന്നിവരാണ് പ്രതികൾ. 

എസ്‌സി-എസ്ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. അന്വേഷണത്തിനായി ഏഴ് അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ നിധിൻരാജിനെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന്‌ വീണ്‌ മരിച്ച നിലയിൽ കണ്ടത്‌. സഹോദരി നിഖിലയുമായി നടത്തിയ ഫോൺ ചാറ്റുകളിൽ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാമും ഡോ. സംഗീതയും നിറത്തിന്റെയും ജാതിയുടെയും സാമ്പത്തിക നിലയുടെയും പേരിൽ അധിക്ഷേപിച്ചതായി നിധിൻരാജ്‌ പറയുന്നുണ്ട്‌. ഹോസ്റ്റൽ വാർഡൻ കമലിനെക്കുറിച്ചും പരാമർശമുണ്ട്‌. ഇതെല്ലാം കാണിച്ചാണ്‌ സഹോദരീ ഭർത്താവ് അശോക്‌കുമാറും ബന്ധുക്കളും ചക്കരക്കൽ പോലീസിൽ പരാതി നൽകിയത്‌.

സഹപാഠികളുടെ മുന്നിൽവച്ച് അധിഷേപിച്ചതായും ‘നിനക്ക് പോയി ചത്തൂടെ’ എന്നു പറഞ്ഞതായും പരാതിയിലുണ്ട്‌. നിധിൻരാജ്‌ ബിഡിഎസ് പഠനത്തിന് ചേർന്നിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ. അതിനിടയിലാണ്‌ ഇത്രമാത്രം പീഡനം അനുഭവിക്കേണ്ടി വന്നതെന്ന്‌ ബന്ധുക്കൾ പറയുന്നു. 

വെള്ളിയാഴ്ച ഉച്ചവരെ നിധിൻരാജ്‌ ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കു ശേഷമാണ് മെഡിക്കൽ കോളേജ്‌ റിസപ്ഷന്റെ പിറകിലെ കല്ലുപാകിയ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Previous Post Next Post
3/TECH/col-right