കൊടുവള്ളി : ഏഴ് തലമുറകളുടെ സ്നേഹബന്ധങ്ങൾ പുതുക്കി പാറക്കണ്ടി കുടുംബത്തിൻ്റെ രണ്ടാമത് മഹാസംഗമം 'പാറക്കണ്ടി കുടുംബസംഗമം-2' ഏപ്രിൽ 14 ചൊവ്വാഴ്ച കൈതപ്പൊയിൽ നോളേജ് സിറ്റി 'വല്ലൻസിയ ഗാലേറിയ' ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മക്കടയിൽ നിന്നും കിഴക്കോത്ത് വില്ലേജിലെ കത്തറമ്മൽ പ്രദേശത്ത് കുടിയേറി കുടുംബ മഹിമ പടുത്തുയർത്തിയ നാരങ്ങാളി അവറാൻ എന്നവരുടെയും ഇമ്പിച്ചിപ്പാത്തുവിന്റെയും പിൻമുറക്കാരാണ് ഈ സംഗമത്തിൽ ഒത്തുചേരുന്നത്.
രാവിലെ 8.30-ന് രജിസ്ട്രേഷനോട് കൂടി പരിപാടികൾ ആരംഭിക്കും. 9.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പാറക്കണ്ടി ഫാമിലി ട്രസ്റ്റ് പ്രസിഡണ്ട് പി.പി. മൊയ്തീൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ടി.പി. അബുഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ കൺവീനർ ടി.പി. മുഹമ്മദ് സ്വാഗതം ആശംസിക്കും.
ബാവ ജീറാനി, കെ.പി. സക്കീർ ഹുസ്സയിൻ, എ.സി. ഗഫൂർ, നസീർ ബാവ, ഗഫൂർ ഫൈസി, പി.പി. അബ്ദുള്ള, ഹാരിസ് കൽത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. പി.കെ. അബ്ദുറഹിമാൻകുട്ടി നന്ദി രേഖപ്പെടുത്തും.
കുടുംബത്തിലെ നാലായിരത്തോളം അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. അയമ്മദ്, ഇമ്പിച്ചിക്കോയ എന്നിവരുടെ 12 മക്കളുടെ സന്താന പരമ്പരകളാണ് സംഗമത്തിന് ആവേശം പകരുന്നത്.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ, പ്രമുഖർ നയിക്കുന്ന മോട്ടിവേഷൻ ക്ലാസ് എന്നിവ നടക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും.
Tags:
KODUVALLY