2026 ഏപ്രില്‍ 11 ശനി
1201 മീനം 28 ഉത്രാടം
1447 ശവ്വാൽ 23
◾ അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്നു പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കേ, ഉപാധികളുമായി ഇറാന്‍. ചര്‍ച്ചയ്ക്കു മുമ്പ് തങ്ങളുടെ മരവിപ്പിച്ച സ്വത്ത് നല്‍കണമെന്ന് ഇറാന്‍. ലബനില്‍ വെടിനിര്‍ത്തല്‍ വേണം. ഹോര്‍മുസില്‍ ടോള്‍ ഈടാക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇറാന്‍ ജനങ്ങള്‍ക്കു സ്ഫോടന മുന്നറിയിപ്പു നല്‍കി.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. അമന്‍ തിവാരി എന്ന ബക്സര്‍ സ്വദേശിയാണ് അറസ്റ്റിലായവരില്‍ പ്രധാനി. 22 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വധിക്കാമെന്നും ഇതിന് തങ്ങള്‍ക്ക് പാരിതോഷികം നല്‍കണമെന്നും ഇവര്‍ അമേരിക്കയുടെ സിഐഎയോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
◾ അതിര്‍ത്തി പ്രദേശങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സൈനിക നീക്കങ്ങള്‍ പാക് ചാരസംഘമായ ഐഎസ്‌ഐക്കുവേണ്ടി ചോര്‍ത്തിയ 11 യുവാക്കള്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍. കപൂര്‍ത്തല, ജലന്ധര്‍, പത്താന്‍കോട്ട്, പട്യാല, മോഗ, അംബാല, കത്വ, ബിക്കാനീര്‍, അല്‍വാര്‍ എന്നിവിടങ്ങളിലാണ് സിസിടിവികള്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ക്കും ലഭ്യമാക്കിയെന്നു സംശയിക്കുന്നു.
◾ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പെണ്‍കരുത്ത്. സ്ത്രീ വോട്ടര്‍മാരുടെ പോളിങ് റെക്കോര്‍ഡായി. ആകെയുളള സ്ത്രീ വോട്ടര്‍മാരില്‍ 81.19 ശതമാനം പേര്‍ വോട്ട് ചെയ്തു. പുരുഷന്മാരില്‍ 75.19 ശതമാനം മാത്രമാണ് വോട്ടു ചെയ്തത്.
◾ കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് എഐസിസിക്കു താന്‍ കത്തു നല്‍കിയെന്നു വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയാറാകുന്നില്ലെന്നു കെപിസിസി അധ്യക്ഷനും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി സണ്ണി ജോസഫ്. പരാതിയില്‍ ഒരു നടപടിയുമില്ല. വൈകാതെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ 'വോട്ടിനു നോട്ട്' ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. ആര്‍ഡിഒ ഓഫീസിലെത്തിയാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കിയത്. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നല്‍കി എന്നാണ് പരാതി.
◾ യുദ്ധംമൂലം ഗള്‍ഫില്‍ മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പരീക്ഷ നടത്തി, മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പരിഗണിക്കും. ബോണസ് മാര്‍ക്ക് നല്‍കാനും വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
◾ കുംഭമേളയിലൂടെ വൈറല്‍ താരമായ പതിനാറുകാരിയെ കേരളത്തിലെത്തിച്ചു വിവാഹം കഴിച്ച ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസ്. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. 2009 ഡിസംബര്‍ 30 നാണു ജനനത്തീയതി. കേരളത്തിലെ ഡിജിപിയോട് 22 ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
◾ സംവിധായകന്‍ രഞ്ജിത്ത് ജയില്‍ മോചിതനായി. ലൈംഗികാതിക്രമ കേസില്‍ 10 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
◾ ഷോണ്‍ ജോര്‍ജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജും. ചില മെത്രാന്മാര്‍ യുഡിഎഫിന് വേണ്ടി കുരയ്ക്കുകയാണെന്നും നിയമം പാലിക്കാത്തവരെ പാലിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
◾ മെത്രാന്മാര്‍ക്കെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച പി.സി. ജോര്‍ജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോണ്‍ഗ്രസ്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത.
◾ ദുരന്തബാധിതരെ രാഷ്ട്രീയത്തിന് ഉപയോഗിച്ചത് മനുഷ്യത്വരഹിതമെന്ന് ടി സിദ്ദിഖ്. ശ്രുതിയെ പച്ചക്കള്ളം പറഞ്ഞ് പ്രചാരണത്തിലേക്ക് വലിച്ചിഴച്ചു. ശ്രുതിയുടെ വീടിനുള്ള അപേക്ഷ മന്ത്രിസഭായോഗത്തില്‍ നിരാകരിച്ചോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണെമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
◾ പൊലീസ് ആസ്ഥാനത്തിനു മുന്നിലെ റോഡില്‍ പൊലീസുകാരുടെ കൈയാങ്കളിയില്‍ നടപടി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച കിരണ്‍ എന്ന പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ആസ്ഥാനത്ത് പാറാവ് ഡ്യൂട്ടിലുണ്ടായിരുന്നു കിരണും ട്രാഫിക് ഡ്യൂട്ടിലുണ്ടായിരുന്ന വിശാഖും തമ്മിലാണ് ഏറ്റമുട്ടിയത്.
◾ എറണാകുളം ആലുവയില്‍ കാറിനെ മറികടക്കുന്നതിനിടെ ബൈക്കിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെയും കണ്ടക്ടറെയും യുവാക്കള്‍ ഹെല്‍മറ്റു കൊണ്ട് മര്‍ദിച്ചു. പരിക്കേറ്റ അടൂര്‍ ഡിപ്പോയിലെ ജീവനക്കാരായ ശ്യാംകുമാര്‍, പ്രവീണ്‍ എന്നിവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ മട്ടന്നൂരില്‍ ക്ഷേത്രോത്സവത്തിന്റെ പ്രസാദ സദ്യ കഴിച്ചു ഭക്ഷ്യവിഷ ബാധയേറ്റ് ഒരാള്‍ മരിച്ചു. കാര സ്വദേശി വിജയന്‍ (70)ആണ് മരിച്ചത്. 20 പേര്‍ ചികിത്സയിലാണ്. 350 ലധികം പേരാണ് ചികിത്സതേടിയത്. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിനിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.
◾ തൃശൂര്‍ ജില്ലയിലെ കേച്ചേരി - വടക്കാഞ്ചേരി റോഡില്‍ തലക്കോട്ടുകര അമ്പലത്തിനരികില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. രണ്ട് ഓട്ടോറിക്ഷകളും ബൈക്കും സ്‌കൂട്ടറുമാണു കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരന്‍ കേച്ചേരി മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി അമ്പലപുരം സ്വദേശി കിണറുമാക്കല്‍ വീട്ടില്‍ മുഹമ്മദ് (52) ആണു മരിച്ചത്.
◾ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മുഹമ്മദ് സെയ്ഫ്.
◾ കസ്റ്റഡിയിലെടുത്ത പ്രതി വര്‍ക്കല എക്സൈസ് ഓഫീസില്‍ ആത്മഹത്യക്കു ശ്രമിച്ചു. മടവൂര്‍ മാലുവിള പുത്തന്‍വീട്ടില്‍ അബ്ദുല്‍ വാഹിദ് എന്ന 56 കാരനാണ് മദ്യലഹരിയില്‍ പിടിയിലായത്. ആത്മഹത്യയ്ക്കു ശ്രമിച്ച് അവശതയിലായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ കോഴിക്കോട് സരോവരം ഗ്രൗണ്ടില്‍ ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസിനടിയില്‍പ്പെട്ട് കായംകുളം സ്വദേശിയായ യുവാവ് മരിച്ചു. കായംകുളം സ്വദേശി ഗിരിപ്രകാശാണ് (23) മരിച്ചത്.
◾ ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ മുന്നൊരുക്കങ്ങളില്‍ നിര്‍ണ്ണായക കടമ്പ പിന്നിട്ട് ഐഎസ്ആര്‍ഒ. രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിറ്റി) വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം നടത്തിയത്.
◾ കേരളത്തിലും ആസാമിലും വോട്ടെടുപ്പു പൂര്‍ത്തിയായെങ്കിലും, തമിഴ്നാട്, ബംഗാള്‍ അടക്കം മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനുള്ള ഈ മുന്‍കരുതല്‍ പ്രകാരം, പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് കഴിയുന്ന ഏപ്രില്‍ 29-ന് വൈകുന്നേരം മാത്രമേ ഫലങ്ങള്‍ പുറത്തുവിടൂ.
◾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിനിടെ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യുടെ വാഹനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധന. മധുര-ശിവഗംഗ അതിര്‍ത്തിയിലാണ് വാഹനം തടഞ്ഞ് പരിശോധിച്ചത്. തമിഴ്നാട്ടില്‍ ഏപ്രില്‍ 23 നാണു വോട്ടെടുപ്പ്.
◾ ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുനാ നദിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഉള്‍പ്പെടുന്നു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്.
◾ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഹുമയൂണ്‍ കബീറുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ 'സ്റ്റിംഗ് ഓപ്പറേഷന്‍' വീഡിയോ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ അയോധ്യയിലെ ബാബറി മസ്ജിന്റെ മാതൃകയില്‍ പള്ളി പണിയാന്‍ ശ്രമിക്കുന്നവരുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.
◾ ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ അനന്തഗിരിയിലെ മുളഗുമ്മി വെള്ളച്ചാട്ടത്തില്‍ വിനോദയാത്രയ്ക്ക് എത്തിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണു മരിച്ചത്. വെള്ളച്ചാട്ടത്തില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് മൂവരും മുങ്ങിപ്പോയത്.
◾ ലബനനില്‍ വെടിനിറുത്തലുമായി ഇസ്രയേല്‍. ലബനനെ ആക്രമിക്കരുതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചു വിരട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്.
◾ സമാധാന ചര്‍ച്ചകള്‍ക്കായി ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം യുഎസിലേക്ക്. ഇസ്രയേല്‍ ചര്‍ച്ചയ്ക്കു തയാറായതാണ് ഈ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കിയത്.
◾ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനായുള്ള ഉന്നതതല അമേരിക്കന്‍ സംഘത്തെ നയിക്കാന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പാകിസ്ഥാനിലേക്ക്. ചര്‍ച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ജെ ഡി വാന്‍സ് പ്രതികരിച്ചു.
◾ സൗദി അറേബ്യന്‍ വിമാനക്കമ്പനിയായ 'സൗദിയ' വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നു. ദുബായ്, അബുദാബി, അമ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകള്‍ ഇന്നു പുനരരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
◾ ബ്രിട്ടനിലെ രാജകുടുംബവുമായി ബന്ധമുള്ള കൊട്ടാരത്തില്‍ കഞ്ചാവ് തോട്ടം. ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിന്‍ലിഫോണ്‍ മാന്‍ഷനില്‍ നോര്‍ത്ത് വെയില്‍സ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കൊട്ടാരത്തിന്റെ മുകളിലത്തെ നിലയിലെ മുറികളിലായിരുന്നു കഞ്ചാവ് കൃഷി.
◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ നാലാം ജയം. നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ആറു വിക്കറ്റിനു തകര്‍ത്താണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 18 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വൈഭവ് സൂര്യവംശി 26 പന്തില്‍ 78 റണ്‍സടിച്ചപ്പോള്‍ 43 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെല്‍ രാജസ്ഥാന്റെ ടോപ് സ്‌കോററായി.
◾ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ വന്‍ വര്‍ധന. മാര്‍ച്ച് മാസത്തില്‍ നിക്ഷേപം 56 ശതമാനം വര്‍ധിച്ച് 40,450 കോടി രൂപയായി. ഡെറ്റ് ഫണ്ടുകളില്‍നിന്നാകട്ടെ 2.94 ലക്ഷം കോടി രൂപ പിന്‍വലിക്കുകയാണുണ്ടായത്. ഹൈബ്രിഡ് ഫണ്ടുകളിലും നിക്ഷേപവരവ് കുറഞ്ഞു. ഡെറ്റ് ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചത് മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം ആസ്തിയെ ബാധിച്ചു. എ.യു.എം ഫെബ്രുവരിയിലെ 81.77 ലക്ഷം കോടി രൂപയില്‍ നിന്ന് മാര്‍ച്ചില്‍ 73.48 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഫെബ്രുവരിയിലെ 25,977 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ നിക്ഷേപം 40,450 കോടി രൂപയായി ഉയര്‍ന്നു (56% വര്‍ധന). മുന്‍വര്‍ഷം മാര്‍ച്ചിലെ 25,082 കോടി രൂപയെ അപേക്ഷിച്ച് 61 ശതമാനം വളര്‍ച്ചയാണിത്. മാര്‍ച്ചില്‍ 24 പുതിയ ഫണ്ട് സ്‌കീമുകള്‍ വിപണിയിലെത്തി. ആകെ സമാഹരിച്ച തുക: 3,985 കോടി രൂപയാണ്.
◾ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളില്‍ കമന്റുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഒന്നിലധികം തവണ ഇത്തരത്തില്‍ മാറ്റങ്ങള്‍ നടത്താം. കമന്റ് ഡിലീറ്റ് ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ കഴിയും. കമന്റ് പോസ്റ്റ് ചെയ്തതിന് ശേഷം 'എഡിറ്റ്' ഓപ്ഷന്‍ ടാപ്പ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് അക്ഷരത്തെറ്റുകള്‍ തിരുത്താനോ ചെറിയ മാറ്റങ്ങള്‍ വരുത്താനോ കഴിയും. കമന്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ മാറ്റങ്ങള്‍ വരുത്തിയ കമന്റുകളില്‍ ചാരനിറത്തിലുള്ള 'എഡിറ്റഡ്' ലേബല്‍ കാണാം. എന്നാല്‍ അപ്ഡേറ്റ് ചെയ്തതിന് ശേഷം പ്ലാറ്റ്ഫോം പഴയ കമന്റ് കാണിക്കില്ല. പുതിയ ഫീച്ചര്‍ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും കമന്റ് സെക്ഷനിലെ പിശകുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ്. ഇന്‍സ്റ്റാഗ്രാമിന് സമാനമായ കമന്റ് അല്ലെങ്കില്‍ മെസേജ് എഡിറ്റിങ് ഫീച്ചറുകള്‍ നിരവധി പ്ലാറ്റ്ഫോമുകളിലുണ്ട്.
◾ ആര്യ, ശരത് കുമാര്‍, ഗൗതം കാര്‍ത്തിക്, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത 'മിസ്റ്റര്‍ എക്സ്' എന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. അതുല്യ രവി, അനഘ, റൈസ വില്‍സണ്‍ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍. ഏപ്രില്‍ പതിനേഴിന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ വിന്‍സന്റ് നിര്‍വ്വഹിക്കുന്നു. മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജന്‍സ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് സംഭവങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്. രാജസ്ഥാന്‍, ഹോസൂര്‍, ചെന്നൈ, മൈസൂര്‍, തൂത്തുക്കുടി, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തികരിച്ചത്.
◾ മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്ത 'ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്' ആഗോള ബോക്സ് ഓഫിസില്‍ മെഗാ വിജയം നേടി ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത ഏകദേശം മൂന്നാഴ്ചകള്‍ പിന്നിടുമ്പോള്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കലക്ഷന്‍ 119 കോടിയോളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കേരളത്തില്‍ നിന്ന് മാത്രം 51 കോടിക്ക് മുകളില്‍ സ്വന്തമാക്കിയ ചിത്രം ഇന്ത്യയിലെ മറ്റു മാര്‍ക്കറ്റില്‍ നിന്ന് 6 കോടിക്ക് മുകളിലും വിദേശത്തു നിന്ന് 60 കോടിയോളവുമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ നൂറു കോടി ക്ലബിലെത്തിയ പതിനാലാമത്തെ മാത്രം ചിത്രമായി മാറിയ ആട് 3 , മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യ പത്തിലേക്ക് ഉള്ള കുതിപ്പ് തുടരുകയാണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ആദ്യ 100 കോടി ചിത്രവുമാണ് ആട് 3.
◾ 2026ന്റെ ആദ്യപാദത്തിലെ കണക്കുകള്‍ അനുസരിച്ച് ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്ലയുടേതാണെന്നാണ് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ടെസ്ലയുടെ 3,58,023 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ബിവൈഡിയുടെ വില്‍പ്പന 3,10,389 യൂണിറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. അതായത് ബിവൈഡിയെക്കാള്‍ 47000-ത്തിലധികം കാറുകള്‍ നിരത്തുകളില്‍ എത്തിച്ചാണ് ടെസ്ലയുടെ ഈ മുന്നേറ്റം. ടെസ്ലയുടെ ഇരട്ട മോഡലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന മോഡല്‍ വൈ, മോഡല്‍ 3 കാറുകളുടെ വില്‍പ്പനയില്‍ ഉണ്ടായ കുതിപ്പാണ് തിരിച്ചുവരവിന് വഴിയൊരുക്കിയിത്. ടെസ്ലയുടെ വില്‍പ്പനയുടെ 95 ശതമാനവും ഈ രണ്ട് മോഡലുകളുടെ സംഭാവനയാണ്. 2025-ലെ ആദ്യപാദത്തെ അപേക്ഷിച്ച് 6.3 ശതമാനത്തിന്റെ വര്‍ധനവാണ് 2026-ലെ ആദ്യപാദത്തില്‍ ടെസ്ല കൈവരിച്ചിരിക്കുന്നത്. ഇതേകാലയളില്‍ ബിവൈഡിയുടെ വില്‍പ്പനയില്‍ 25 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
◾ മനുഷ്യമനസ്സുകളെ സ്പര്‍ശിക്കുന്ന സ്നേഹം, കാരുണ്യം, ബന്ധങ്ങളിലെ ഇഴയടുപ്പം എന്നിവയെക്കുറിച്ച് ലളിതവും എന്നാല്‍ ആഴമേറിയതുമായ നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകം മറ്റുള്ളവരുടെ ഇടപെടലുകള്‍ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും, അതിനെ നാം എത്രത്തോളം ഹൃദ്യമായി സ്വീകരിക്കുന്നു എന്നതുമാണ് പുസ്തകത്തിന്റെ ഉളളടക്കം. പോസിറ്റീവ് ചിന്താഗതി വളര്‍ത്താനും ജീവിതത്തെ കൂടുതല്‍ തെളിച്ചത്തോടെ നോക്കിക്കാണാനും സഹായിക്കുന്ന ഒരു വഴികാട്ടിയാണിത്. 'അവര്‍ തൊട്ടു നീ തലോടി'. പിഎംഎ ഗഫൂര്‍. ഡിസി ബുക്സ്. വില 269 രൂപ.
◾ കണ്ണുകള്‍ തിരുമ്മുന്ന സ്വഭാവം നിസാരമെന്ന് തോന്നുമെങ്കിലും ഈ ശീലം ഭാവിയില്‍ കാഴ്ച നഷ്ടപ്പെടാന്‍ വരെ കാരണമായേക്കാം. കണ്ണുകള്‍ അമര്‍ത്തി തിരുമ്മുമ്പോള്‍ നേര്‍ത്ത കോശങ്ങള്‍ നാശിക്കാനും നേത്രപടലത്തിന്റെ ആകൃതിമാറ്റം അഥവാ 'കെരാട്ടോകോണസ്' എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാം. കൂടാതെ കണ്ണുകള്‍ ശക്തമായി തിരുമ്മുന്നത് കണ്ണിലെ ചെറിയ രക്തധമനികള്‍ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചില്‍ എന്നിവയിലേക്കും നയിക്കാം. കൈകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് ബാക്ടീരിയല്‍ അണുബാധയ്ക്കും കാരണമായേക്കാം. കൈകള്‍ കണ്ണില്‍ തൊടുന്നതിന് മുന്‍പ് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കണ്ണിന് ചുറ്റും അല്ലെങ്കില്‍ വശങ്ങളില്‍ മൃദുവായി തടവുക മാത്രേ ചെയ്യാന്‍ പാടുള്ളൂ. ഒരിക്കലും കണ്ണുകള്‍ നേരിട്ട് തിരുമ്മാന്‍ പാടില്ല. ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍ തണുത്തവെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നതുമാണ് ശരിയായ രീതി. കണ്ണുകളുടെ വശങ്ങളില്‍ മസാജ് പോലുള്ളത് ചെയ്യുന്നതും ഒഴിവാക്കണം. മസാജ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം. കണ്ണുകള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ഐ ഡ്രോപ്സ് ഉപയോ?ഗിക്കുന്നതാണ് ഫലപ്രദമെന്നും വിദഗ്ധര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
പിറന്നാള്‍ സമ്മാനമായി മുത്തച്ഛനോട് അവന്‍ ഒരു ചെരിപ്പാണ് ആവശ്യപ്പെട്ടത്. അദ്ദേഹം അവനേയും കൂട്ടി കടയിലെത്തി. നൂറ് കണക്കിന് ചെരിപ്പുകള്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം അവനോട് പറഞ്ഞു: നിനക്ക് ഈ കടയില്‍ നിന്ന് ഏറ്റവും നല്ല ചെരിപ്പ് തിരഞ്ഞെടുക്കാം. പക്ഷേ, ഒരു നിബന്ധനയുണ്ട്. മുന്നോട്ട് മാത്രമേ പോകാവൂ തിരിച്ചു നടക്കാന്‍ പാടില്ല. അങ്ങനെ നടന്നപ്പോള്‍ വളരെ ഇഷ്ടപ്പെട്ട ഒരു ചെരിപ്പ് കണ്ടു. പക്ഷേ കുറച്ച് കൂടി മെച്ചപ്പെട്ടത് കാണുമെന്ന പ്രതീക്ഷയില്‍ വീണ്ടും അവന്‍ നടന്നു. അങ്ങനെ കടയിലെ അവസാനത്തെ ചെരിപ്പിനടുത്തെത്തിയപ്പോഴാണ് അവന് ഒരു കാര്യം മനസ്സിലായത്. മുന്‍പു കണ്ടവയായിരുന്നു അതിലും മെച്ചം എന്ന്. നമ്മുടെ ജീവിതത്തിലും അര്‍ഹതപ്പെട്ടത് പലതും കൈവിട്ടുപോകുന്നതിന്റെ അടിസ്ഥാന കാരണവും ഇത് തന്നെയാണ്. കൂടുതല്‍ മെച്ചപ്പെട്ടവയ്ക്ക് വേണ്ടിയുളള അന്വേഷണം. ശുഭാപ്തി വിശ്വാസം നല്ലതാണ്. പക്ഷേ, എന്ത് കിട്ടിയാലും അതൃപ്തിയുള്ളവരുടെ കാത്തിരിപ്പ് ശൂന്യതയിലേക്ക് എടുത്തുചാടുന്നത് പോലെയാണ്.. ഇവര്‍ ഒരിക്കലും സ്വന്തമായുളളതില്‍ ആനന്ദിക്കില്ല. ഏത് സ്വന്തമാക്കണമെന്നറിയാതെ ഏല്ലാറ്റിന്റേയും പിന്നാലെ പാഞ്ഞുനടക്കും. ഒടുവില്‍ എല്ലാം ശൂന്യമായി തന്ന അവസാനിക്കും. എല്ലാം ഒരു തിരഞ്ഞെടുപ്പാണ്. എല്ലാം തികഞ്ഞൊന്നിനെ കണ്ടെത്തുക എന്നത് അസാധ്യവുമാണ്. ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദല്ലേ.. ചെറിയ കുറവുകളുണ്ടെങ്കിലും, എന്തെങ്കിലുമുളളത് - ശുഭദിനം.
Tags:
KERALA