Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഏപ്രില്‍ 11 | ശനി
1201 | മീനം 28 | ഉത്രാടം

◾  ഐതിഹാസിക നേട്ടവുമായി ആര്‍ട്ടെമിസ് 2 സംഘം തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.37ന് സാന്റിയാഗോ തീരത്തോടു ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തു. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാന്‍സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ചരിത്രയാത്ര പൂര്‍ത്തിയാക്കിയത്.

◾  ഓറിയോണ്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചത് മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗതയിലാണ്. ഈ ഘട്ടത്തില്‍ പേടകത്തിന് 2,800 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു. അന്തരീക്ഷ പ്രവേശനത്തിനു ശേഷം പേടകത്തിന്റെ വേഗത കുറയ്ക്കാന്‍ ഘര്‍ഷണം ഉപയോഗപ്പെടുത്തി. പിന്നീട് പാരഷൂട്ടുകള്‍ വിടര്‍ത്തി വേഗത നിയന്ത്രിച്ചാണ് പേടകം കടലിലേക്കു പതിച്ചത്. ഉടനെ രക്ഷാസേന യാത്രികരെ കരയിലെത്തിച്ചു.

◾  ഭൂമിയില്‍ നിന്ന് എറ്റവും കൂടുതല്‍ ദൂരം അകലേക്ക് സഞ്ചരിച്ച റിക്കാര്‍ഡുമായാണ് ആര്‍ട്ടെമിസ് 2 തിരിച്ചിറങ്ങിയത്. ഭൂമിയില്‍ നിന്ന് 4,06,771 കിലോമീറ്റര്‍ അകലെ ചന്ദ്രനു മറുവശത്തേക്കു സഞ്ചരിച്ച്  അവര്‍ റിക്കാര്‍ഡിട്ടു. ഭൂമിയില്‍ നിന്ന് 4,00,171 കിലോമീറ്റര്‍ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970 ലെ റെക്കോര്‍ഡാണ് ഒറയോണ്‍ ഇന്റഗ്രിറ്റി പേടകം മറികടന്നത്. അപ്പോളോ 17 ലെ ബഹിരാകാശ യാത്രാസംഘം ചന്ദ്രോപരിതലത്തില്‍ കാല്‍കുത്തിയെങ്കില്‍ 'ആര്‍ട്ടെമിസ് 2' ബഹിരാകാശ യാത്രികരെ വഹിച്ച ഒറിയോണ്‍ പേടകം ചന്ദ്രനെ വലംവച്ചും ഭൂമിയില്‍നിന്നു കാണാനാകാത്ത ചന്ദ്രന്റെ ഭാഗങ്ങള്‍ കണ്ടും പഠിച്ചുമാണ് തിരിച്ചെത്തിയത്.

◾  വോട്ടെടുപ്പിനു പിറകേ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്‌കരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പു കമ്മീഷന്‍ തടഞ്ഞു. വിവാദ ഫയലുകള്‍ തന്ത്രപൂര്‍വം നീക്കാനാണ് സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്‌കരിക്കാന്‍ വോട്ടെടുപ്പിനു തൊട്ടു പിന്നാലെ നടപടി സ്വീകരിച്ചതെന്നും അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

◾  റാഗിംഗ് നിരോധന നിയമ ഭേദഗതി മന്ത്രിസഭ അംഗീകരിക്കുന്നതില്‍ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു.

◾  ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരായി നിയമനം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിലേക്ക്. ശരീര സൗന്ദര്യ മത്സരവിജയിച്ചതിന്റെ പേരില്‍ പൊലിസില്‍ ഇന്‍സ്പെക്ടറായി നിയമിതനായ ചിത്തരേഷ് നടേശനെ നിയമിക്കാനാവില്ലെന്നു റിപ്പോര്‍ട്ട്. ഫ്ലാറ്റ് ഫുട്ടായതിനാല്‍ സേനയില്‍ എടുക്കാനാവില്ലെന്ന വൈദ്യപരിശോധന റിപോര്‍ട്ടാണ് തിരിച്ചടിയായത്.

◾  പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പോക്സോ കേസിനു പിറകേ, പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ടുനിന്നവരും പ്രതികളാകും. വിവാഹത്തിന് ഒത്താശ ചെയ്ത പോലീസുകാര്‍ക്കും കേരളത്തിലെ സിപിഎം നേതാക്കള്‍ക്കുമെതിരേയും നടപടിക്കു സാധ്യത.

◾  കര്‍ണാടകത്തിലെ ചിക്കമംഗളൂരുവില്‍ വിനോദയാത്രികയായി എത്തി കൊക്കയില്‍ വീണു മരിച്ച ശ്രീനന്ദയുടെ മൃതദേഹം ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു. തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര ക്ഷതമാണ് ശ്രീനന്ദയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിലുടനീളം പരിക്കുകളുണ്ട്. അസ്ഥികള്‍ പൊട്ടിയിട്ടുമുണ്ട്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

◾  വോട്ടുയന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന്റെ താക്കോലുകള്‍, പൂട്ടിയ താഴുകള്‍ക്കൊപ്പം വച്ചു സീല്‍ ചെയ്യണമെന്നു കേന്ദ്ര നിരീക്ഷകന്റെ ആവശ്യം നിരസിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുനേരെ തോക്കു ചൂണ്ടി സിഐഎസ്എഫ് സൈനികര്‍. വൈക്കം മണ്ഡലത്തിലെ വോട്ടെടുപ്പു യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കോട്ടയം ബസേലിയോസ് കോളജിലാണ് സംഭവം. കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയതോടെ സ്ഥലത്തെത്തിയ കളക്ടര്‍ ഒരു  താഴിന്റെ താക്കോല്‍ റിട്ടേണിംഗ് ഓഫീസര്‍ക്കും രണ്ടാമത്തെ താഴിന്റേത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും കൈമാറാന്‍ നിര്‍ദേശിച്ചു.

◾  മുഖ്യമന്ത്രി ആരെന്ന പരസ്യ ചര്‍ച്ച ഒഴിവാക്കണമെന്നു കോണ്‍ഗ്രസ് നേതൃത്വം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഐ എ ഗ്രൂപ്പുകള്‍. എന്നാല്‍, മുഹമ്മദ് ഷിയാസിന്റ അഭിപ്രായത്തിലെ ഒരു ഭാഗം മാത്രം എടുത്തു എന്നാണ് സതീശന്‍ അനുകൂലികള്‍ വിശദീകരിക്കുന്നത്.

◾  വോട്ടെണ്ണുന്നതിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ശശി തരൂര്‍ എം.പി.  വിജയിച്ച ശേഷം എം.എല്‍.എമാരും ഹൈക്കമാന്‍ഡുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും. വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നല്‍കുമെന്നാണ് സപ്ലൈകോ അറിയിച്ചിരുന്നത്. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ചാണു പുട്ടുപൊടി നല്‍കുക.

◾  'ഭീഷണി വേണ്ട, വാ മൂടി കെട്ടാനാകില്ല; ഇനിയും പറയു'മെന്നു പിസി ജോര്‍ജിനും ഷോണിനും മറുപടിയുമായി കത്തോലിക്കാ സഭ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. 'എഫ്സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് ഇനിയും പറയും. കേരളത്തിലെ കവലച്ചട്ടമ്പിമാര്‍ പറയുന്നു അധികാരമുണ്ട് കാണിച്ചുതരാമെന്ന്' എന്നു പരിഹസിച്ചുകൊണ്ടാണ് 'സഭയ്ക്കില്ല ഹിംസയുടെ കുപ്പിണിപ്പട്ടാളം പക്ഷേ..' എന്ന തലക്കെട്ടോടെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

◾  ക്രൈസ്തവ സഭയ്ക്കെതിരേ പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും നടത്തിയ വിമര്‍ശനങ്ങളെ പിന്തുണച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍. ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യന്‍ ചങ്ങാത്തത്തിനായി പോയപ്പോള്‍  താന്‍ ഇതെല്ലാം പറഞ്ഞതാണെന്ന് ടി പി സെന്‍കുമാര്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു.

◾  കേരളത്തിലെ തെരഞ്ഞെടുപ്പില്‍ എഫ്സിആര്‍എ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണ്. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകളില്‍ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

◾  കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനുമെതിരെ പി. സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപം ബി.ജെ.പിയുടെ പിന്തുണയോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരം ഭീഷണികളെ യുഡിഎഫ് ചെറുക്കുമെന്നും സതീശന്‍.

◾  മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പോളിങ് ബൂത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാന്‍ ബൂത്തില്‍ കയറിയത് അനുയായിയോടൊപ്പമാണ്. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും യുവമോര്‍ച്ച ഉപാധ്യക്ഷന്‍ കെ ഷിജില്‍ പരാതി നല്‍കി.

◾  ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണ് ഉയര്‍ന്ന പോളിംഗ് ശതമാനമെന്നും യുഡിഎഫ് 100 സീറ്റുകള്‍  നേടി അധികാരത്തില്‍ വരുമെന്നും കെ. മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ അയ്യായിരം മുതല്‍ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

◾  ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ 10 ലക്ഷം രൂപ മടക്കി നല്‍കിയെന്നു ദല്ലാള്‍ നന്ദകുമാര്‍. ഏപ്രില്‍ ഏഴിന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരന്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് തുക ലഭിച്ചത്. ഭൂമി നല്‍കാമെന്ന വാഗ്ദാനം ചെയ്തു വാങ്ങിയ പണം ഭൂമി കൈമാറാത്തതിനാലാണ് വിവാദം ഉണ്ടായത്. പണം തിരികെ ലഭിച്ചതിനാല്‍ കേസ് പിന്‍വലിക്കുമെന്നും നന്ദകുമാര്‍.

◾  മലപ്പുറം തിരൂരില്‍ രോഗികളുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വാഹനത്തില്‍ ഫ്ലക്സ് ബോര്‍ഡുകളുമായി വീടുകള്‍ കയറിയിറങ്ങി പണം തട്ടിയ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു.

◾  കണ്ണൂര്‍ പയ്യന്നൂരിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ തുടരുന്നു. മാതമംഗലം പേരൂലില്‍ വി കുഞ്ഞികൃഷ്ണന് അനുകൂല ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ കാര്‍ കത്തിച്ചു. കാങ്കോല്‍ കരിങ്കുഴിയില്‍ വി കുഞ്ഞികുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡ് കത്തിച്ചു. മയ്യിലില്‍ മുസ്ലിം ലീഗ് ഓഫീസും തകര്‍ത്തു. എഡിഎം രാഷ്ട്രീയപാര്‍ട്ടികളുടെ സമാധാനയോഗം വിളിച്ചു.

◾  ഡല്‍ഹി സര്‍ക്കാര്‍ 2028 ല്‍ പുതിയ പെട്രോള്‍ ടു-വീലറുകളുടെ രജിസ്ട്രേഷന്‍ നിര്‍ത്തലാക്കുമെന്ന് പുതിയ ഇലക്ട്രിക് വാഹന നയരേഖ. വാണിജ്യ, സര്‍ക്കാര്‍, സ്‌കൂള്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഇലക്ട്രികാക്കുകയും ചെയ്യും. വായുമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന നയത്തില്‍ ഇവി വാങ്ങുന്നവര്‍ക്ക് സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

◾  എച്ച്ആര്‍ഡിഎസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണനെതിരെ പോക്സോ കേസ്. അജി കൃഷ്ണനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തു. 11 വയസ്സുള്ള പെണ്‍കുട്ടിയെ 2024 ല്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരനാണ് പരാതി നല്‍കിയത്.

◾  സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് നടന്‍ വിജയുടെ തമിഴക വെട്രി കഴകം കടലൂരില്‍ നടത്താനിരുന്ന റോഡ്ഷോ മാറ്റിവച്ചു. കഴിഞ്ഞ റോഡ്ഷോയില്‍ ആരാധകര്‍ക്ക് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതേസമയം, കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ പുതുക്കോട്ടയില്‍ ഈ മാസം 14 ന് വിജയ് റോഡ്ഷോ നടത്തും.

◾  ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ അഭിഭാഷകനെ പട്ടാപ്പകല്‍ അക്രമികള്‍ വെടിവച്ചുകൊന്നു. കട്വാരു കാ പുരയിലെ രാജീവ് സിംഗ് എന്ന അഭിഭാഷകനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പിടികൂടാന്‍ ശ്രമിച്ചവര്‍ക്കു നേരെയും അക്രമികള്‍ തോക്ക് ചൂണ്ടി.

◾  വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ ശരീരത്തിലേക്ക് എച്ചഐവി ബാധിച്ച രക്തം കുത്തിവച്ച് പ്രതികാരം. മനംനൊന്ത് യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റു ചെയ്തു.

◾  ബംഗളൂരു ഹെബ്ബാളില്‍ പി.യു.സി പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത് വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്തിനാണ്. ദൂരൂഹത ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാര്‍ രംഗത്തെത്തി.

◾  മധ്യപ്രദേശിലെ ഉജ്ജയിനില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു. 23 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നിഷ്ഫലമായി. ഝലാരിയ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരം കുഴല്‍ക്കിണറില്‍ വീണ ഭഗീരഥ് എന്ന ബാലനാണ് മരിച്ചത്.

◾  ഇന്ത്യയ്ക്കു കൂടുതല്‍ എല്‍പിജി നല്‍കുമെന്നും ആണവോര്‍ജ്ജ രംഗത്ത് സഹകരിക്കുമെന്നും അമേരിക്ക. ഹോര്‍മുസ് കടല്‍പാത പൂര്‍ണ്ണമായും സ്വതന്ത്രമാകണം എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആവശ്യപ്പെട്ടു. ഒമാന്‍ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

◾  ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ തന്നെ സ്ഥാപിച്ച നാവിക മൈനുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കടലിടുക്ക് പൂര്‍ണ്ണമായി തുറക്കാനാകാതെ ഇറാന്‍ പ്രതിസന്ധിയിലാണെന്ന് ദി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോള്‍, ചെറിയ ബോട്ടുകള്‍ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാന്‍ ഇവിടെ മൈനുകള്‍ വിന്യസിച്ചത്.

◾  അമേരിക്കയുമായുള്ള ചര്‍ച്ചക്കായി പാകിസ്ഥാനിലെത്തിയ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ വിമാനത്തിലെ ദൃശ്യങ്ങള്‍ ലോക ശ്രദ്ധ നേടുന്നു. വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളില്‍ ഫെബ്രുവരി 28-ന് മിനാബില്‍ അമേരിക്കന്‍ ആക്രമണത്തില്‍ മരിച്ച എലിമെന്ററി സ്‌കൂള്‍ കുട്ടികളുടെ ചിത്രങ്ങളാണ് പതിച്ചിട്ടുള്ളത്. വിമാനത്തില്‍ എന്റെ സഹയാത്രികര്‍ എന്ന പേരിലാണ് ഇറാന്‍ സ്പീക്കര്‍ എം ബി ഗാലിബാഫ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്.

◾  ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കാന്‍ ചൈന ഒരുങ്ങുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തോളില്‍വച്ച് തൊടുക്കാവുന്ന മിസൈലുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇറാനിലെത്തുമെന്നാണ് സൂചന. എന്നാല്‍, ഈ ആരോപണങ്ങള്‍ നിഷേധിച്ച ചൈന, തങ്ങള്‍ ഒരു പക്ഷത്തിനും ആയുധം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി.

◾  തായ്വാന് ചുറ്റും വീണ്ടും പ്രകോപനവുമായി ചൈനീസ് സൈന്യം. 17 ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവികസേനാ കപ്പലുകളും ഒരു ഔദ്യോഗിക കപ്പലും തായ്വാന്റെ സമുദ്രാതിര്‍ത്തിക്കു സമീപം കണ്ടെത്തിയതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയം  വ്യക്തമാക്കി.

◾  ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രിയപ്പെട്ടവര്‍ക്കായി വിഷുക്കൈനീട്ടം നല്‍കാന്‍ ഇനി സൗത്ത് ഇന്ത്യന്‍ ബാങ്ക് സഹായിക്കും. ബാങ്കിന്റെ മൊബൈല്‍ ആപ്പായ 'എസ്.ഐ.ബി മിറര്‍ പ്ലസ്' വഴിയാണ് മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാവുന്ന പ്രത്യേക വിഷുക്കൈനീട്ടം സൗകര്യം ഒരുക്കിയിരിക്കുന്നത്. വിഷു ദിവസം രാവിലെ തന്നെ കൈനീട്ടം ലഭിക്കത്തക്ക രീതിയില്‍ ഇതുവഴി ഇടപാടുകള്‍ മുന്‍കൂട്ടി ക്രമീകരിക്കാന്‍ സാധിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും ഈ സംവിധാനം വഴി തുക കൈമാറാം. എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പില്‍ ലോഗിന്‍ ചെയ്യുക. 'വിഷു കൈനീട്ടം' എന്ന വിഭാഗം തിരഞ്ഞെടുക്കുക. തുക സ്വീകരിക്കുന്ന ആളുടെ വിവരങ്ങള്‍ നല്‍കുക. എം പിന്‍ നല്‍കി ഇടപാട് ഉറപ്പാക്കുക. ഏപ്രില്‍ 14-ന് വൈകിട്ട് വരെ ഈ സൗകര്യം ലഭ്യമായിരിക്കും. എസ്.ഐ.ബി അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഓണ്‍ലൈനായി ഉടന്‍ അക്കൗണ്ട് ആരംഭിച്ച് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

◾  സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10000 രൂപയ്ക്ക് മുകളിലുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഒരു മണിക്കൂര്‍ വെയ്റ്റിങ് ടൈം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മാറ്റങ്ങളാണ് ആര്‍ബിഐ പരിഗണിക്കുന്നത്. ഈ ഒരുമണിക്കൂറിനുള്ളില്‍ ഏതെങ്കിലും തരത്തില്‍ ഇത് തട്ടിപ്പാണെന്ന് സംശയം തോന്നുന്ന മാത്രയില്‍ ട്രാന്‍സാക്ഷന്‍ കാന്‍സല്‍ ചെയ്യാം. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 50,000-ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് വിശ്വസ്ഥനായ ഇടനിലക്കാരന്റെ അനുവാദം നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു നിര്‍ദേശം. അക്കൗണ്ടിന് ലിമിറ്റ് : ബാങ്ക് അക്കൗണ്ടുകള്‍ക്ക് സാധാരണഗതിയില്‍ ഒരു വര്‍ഷം നിശ്ചിത തുക മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന് പരിധി വയ്ക്കും. ഇടപാടുകള്‍ യഥാര്‍ഥമെന്ന് വ്യക്തമാക്കുന്ന തെളിവ് ബാങ്കിനു സമര്‍പ്പിച്ചാല്‍ പണം അക്കൗണ്ടിലെത്തും. ഇല്ലെങ്കില്‍ പണം വന്ന അക്കൗണ്ടിലേക്ക് തിരികെപ്പോകും. കില്‍ സ്വിച്ച്: ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള തട്ടിപ്പുകളില്‍പ്പെട്ടുവെന്ന് സംശയം തോന്നിയാല്‍ ഒറ്റ ബട്ടണില്‍ ഞെക്കിയാല്‍ സ്വന്തം അക്കൗണ്ടുകളില്‍ നിന്നുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനവും ഒറ്റയടിക്ക് മരവിപ്പിക്കാനുള്ള സംവിധാനം. മേയ് 8 വരെ ഇതിനായി പൊതുജനാഭിപ്രായം തേടും.

◾  മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവര്‍ഷിപ്പില്‍ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷന്‍ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 'ചേര'യാണ് റിലീസിനൊരുങ്ങുന്നത്. ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ നിര്‍മാതാവ് എം.സി. അരുണും എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ കോ- പ്രൊഡൂസര്‍ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള കേസിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേര്‍ന്നത്. 'ചേര' സിനിമയുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങള്‍ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്. അഡ്വക്കേറ്റ് രശ്മി ഗോപാലകൃഷ്ണനെയാണ് എറണാകുളം അഡീഷണല്‍ കോമേഴ്‌സ്യല്‍ കോര്‍ട്ട് ജഡ്ജ് രശ്മി ബി. ചിറ്റൂര്‍ 'ചേര' സിനിമയുടെ റിസീവര്‍ ആയി നിയമിച്ച് ഉത്തരവിട്ടിട്ടുള്ളത്.

◾  പ്രദീപ് രംഗനാഥന്‍ നായകനായ സൈഫൈ റൊമാന്റിക് ചിത്രമാണ് 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'. ചിത്രത്തിന് 9.93 കോടി രൂപയാണ് ആദ്യ ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് മാത്രം 7.93 കോടി കളക്ഷന്‍ നേടി. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലലാണ്. വിഘ്നേഷ് ശിവന്‍ ഒരുക്കുന്ന ചിത്രം ഏപ്രില്‍ 10നാണ് തിയേറ്ററുകളില്‍ എത്തിയത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. 'ലവ് ടുഡേ', 'ഡ്രാഗണ്‍', 'ഡ്യൂഡ്' എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബില്‍ എത്തിച്ച പ്രദീപ് രംഗനാഥന്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി നില്‍ക്കുമ്പോഴാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി പ്രദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്. എസ്.ജെ. സൂര്യ, മിഷ്‌കിന്‍, സുനില്‍ റെഡ്ഡി,സീമന്‍, യോഗി ബാബു, ഗൗരി കിഷന്‍ എന്നിവരാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

◾  ഫോക്സ്വാഗണ്‍ ടൈഗണ്‍ ഫെയ്സ് ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഫെയ്സ്ലിഫ്റ്റിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. 2021 ല്‍ പുറത്തിറങ്ങിയതിനുശേഷമുള്ള എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. ഇതില്‍ കോസ്മെറ്റിക് പരിഷ്‌ക്കരണങ്ങള്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സുരക്ഷാ ഫീച്ചറുകളായി ഫോക്സ്വാഗണ്‍ ടൈഗണില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഐഎസ്ഒ ഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിങ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ഹൈലൈന്‍ പ്ലസ്, ടോപ്ലൈന്‍, ജിടി ലൈന്‍, ജിടി പ്ലസ് ക്രോം, ജിടി പ്ലസ് സ്പോര്‍ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ ടൈഗണ്‍ ഫെയ്സ്ലിഫ്റ്റ് ലഭ്യമാകും.

◾  മരിച്ചവരെ കുഴിമാടങ്ങളില്‍നിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവര്‍ഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തില്‍നിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്‌മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിര്‍മ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആര്‍ത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നല്‍കുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദര്‍ഗകളിലൂടെ, അള്‍ത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാന്‍ ഇന്ത്യന്‍ (അന്ധ)വിശ്വാസ യാത്ര. 'നരമുണ്ടോ ഖേല'. നിസാര്‍ ഇല്‍ത്തുമിഷ്. ഡിസി ബുക്സ്. വില 153 രൂപ.

◾  ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം. എല്ലാവര്‍ഷവും ഏപ്രില്‍ 11നാണ് ഈ ദിനം ആചരിക്കുന്നത്. നാഡീവ്യവസ്ഥയുടെ തകരാറിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പൊതുജനങ്ങളെ സഹായിക്കാനുമുള്ള ദിനം കൂടിയാണിത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണം കൈകാലുകളുടെ വിറയലും നടക്കാനുള്ള ബുദ്ധിമുട്ടുമാണ്. എന്നാല്‍ ചലനസംബന്ധമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 10-15 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ശരീരം മറ്റ് ചില സൂചനകളും നല്‍കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഉറക്കത്തിലെ അസ്വാഭാവികതകളാണ്. സാധാരണഗതിയില്‍ ഉറക്കത്തിന്റെ ആഴമേറിയ ഘട്ടത്തില്‍ നമ്മുടെ തലച്ചോറ് വളരെ സജീവമായിരിക്കും. പക്ഷേ, പേശികള്‍ നിശ്ചലമായിരിക്കും അതിനാല്‍ തന്നെ സ്വപ്നത്തില്‍ ഓടുകയോ ചാടുകയോ ചെയ്താലും യഥാര്‍ത്ഥത്തില്‍ നാം അനങ്ങാതിരിക്കാന്‍ ഇതു സഹായിക്കുന്നു. എന്നാല്‍, ആര്‍ഇഎം ഉറക്കവൈകല്യമുള്ളവരില്‍ ഈ പേശീനിയന്ത്രണം നഷ്ടപ്പെടുന്നു. ഇതിന്റെ ഫലമായി സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ക്കനുസരിച്ച് കൈകാലുകള്‍ ഇളക്കുകയോ അടിക്കുകയോ ചെയ്യുക, ഉറക്കത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ അലറുകയോ ചെയ്യുക, കട്ടിലില്‍നിന്ന് വീഴാന്‍ പോകുന്ന തരത്തിലുള്ള ചലനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇവരില്‍ സംഭവിക്കുന്നു. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തരം ആര്‍ഇഎം സ്ലീപ്പ് ഡിസോര്‍ഡര്‍ അനുഭവപ്പെടുന്നവരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും പില്‍ക്കാലത്ത് പാര്‍ക്കിന്‍സണ്‍സ് അല്ലെങ്കില്‍ സമാനമായ ന്യൂറോഡിജനറേറ്റീവ് രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ്. രോഗം നേരത്തെ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. ഉറക്ക വ്യതിയാനങ്ങള്‍ ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ആയിരിക്കും. അതിനാല്‍ തന്നെ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.09, പൗണ്ട് - 125.40, യൂറോ - 108.66, സ്വിസ് ഫ്രാങ്ക് - 117.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 65.56, ബഹറിന്‍ ദിനാര്‍ - 246.33, കുവൈത്ത് ദിനാര്‍ -300.97, ഒമാനി റിയാല്‍ - 241.51, സൗദി റിയാല്‍ - 24.77, യു.എ.ഇ ദിര്‍ഹം - 25.35, ഖത്തര്‍ റിയാല്‍ - 25.49, കനേഡിയന്‍ ഡോളര്‍ - 66.97.
Previous Post Next Post
3/TECH/col-right