*⬛"ഐപിഎൽ പൂരത്തിന് നാളെ തുടക്കം; ഉദ്ഘാടന മത്സരത്തിൽ ബംഗളൂരുവും ഹൈദരാബാദും ഏറ്റുമുട്ടും*
ബംഗളൂരു : ക്രിക്കറ്റ് ലോകം നാളെമുതൽ ഐപിഎൽ കളത്തിലേക്ക്. നാളെ രാത്രി ഏഴരയ്‌ക്ക് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നിലവിലെ ചാന്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുന്നതോടെ പുതിയ സീസണിന് തുടക്കമാകും. ആകെ 10 ടീമുകളാണ് കളത്തിൽ. 84 മത്സരങ്ങൾ. കഴിഞ്ഞ സീസണിനെക്കാൾ 10 മത്സരം കൂടുതൽ. സ്വന്തം തട്ടകത്തിലും എതിർത്തട്ടകത്തിലുമായി ഒരു ടീമിന് 16 മത്സരങ്ങൾ കിട്ടും. തുടർന്ന് ക്വാളിഫയറും എലിമിനേറ്ററും ഫൈനലും ഉൾപ്പെടെ നാല് കളികൾ. മെയ് 31ന് ബംഗളൂരുവിലാണ് -ഫൈനൽ. ടൂർണമെന്റിന്റെ പൂർണ മത്സര പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കി. 13 വേദികളിലാണ് മത്സരങ്ങൾ. കഴിഞ്ഞ സീസണിൽ ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ 11 പേർ മരിച്ചതിന്റെ ദുരന്ത സ്‌മരണയിലാണ് പുതിയ പതിപ്പ് തുടങ്ങുന്നത്.
ആദ്യ മത്സരത്തിന് വേദിയാകുന്നതും ബംഗളൂരുവാണ്. മത്സരത്തിന് മുന്പ് മൈതാനം സജ്ജമാക്കാനുള്ള കഠിനശ്രമത്തിലാണ് അധികൃതർ. ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് കിങ്‌സിനെ ആറ് റണ്ണിന് തോൽപ്പിച്ച് രജത് പടിദാർ ക്യാപ്‌റ്റനായ ബംഗളൂരു ജേതാക്കളായത്. ഇക്കുറിയും ഇരു ടീമുകളും മികച്ച സംഘത്തെയാണ് അണിനിരത്തുന്നത്. മുൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയാണ് ബംഗളൂരു ടീമിലെ ശ്രദ്ധാകേന്ദ്രം. ഡിസംബറിൽ നടന്ന മിനി താരലേലത്തിൽ ഇരു ടീമുകളും വന്പൻ പേരുകാരെയൊന്നും സ്വന്തമാക്കിയില്ല"
"മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളും കിരീടപ്പോരിന് കരുത്ത് പകരും. ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകൾ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽനിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. മലയാളി താരം സഞ്‌ജു സാംസൺ ഇക്കുറി പുതിയ തട്ടകത്തിലാണ്. രാജസ്ഥാൻ ഉപേക്ഷിച്ച് മുപ്പത്തൊന്നുകാരൻ ചെന്നൈ ടീമിന്റെ ഭാഗമായി. മഹേന്ദ്ര സിങ് ധോണിയുടെ സംഘത്തിൽ തകർപ്പൻ പ്രകടനങ്ങളുമായി കളംപിടിക്കാനാണ് സഞ്‌ജുവിന്റെ ശ്രമം. ലോകകപ്പിലെ മികച്ച താരമായി തെഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പറിൽ ചെന്നൈയും ഏറെ പ്രതീക്ഷിക്കുന്നു. മറ്റ് മലയാളി താരങ്ങളായ വിഷ്‌ണു വിനോദിനെ പഞ്ചാബ് കിങ്‌സ് നിലനിർത്തി.
വിഘ്‌നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിലെത്തി. കൊൽക്കത്തയാണ് ഇക്കുറി താരലേലത്തിൽ സജീവമായി പങ്കെടുത്തത്. 25 കോടി രൂപയ്‌ക്ക് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ കൊൽക്കത്ത കൂടാരത്തിലെത്തിച്ചു. വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ ബാറ്ററുടെ പ്രകടനവും ആവേശമാകും. രാജസ്ഥാന് വേണ്ടി രണ്ടാം സീസണിൽ കളിക്കുന്ന പതിനഞ്ചുകാരൻ ഇന്ത്യൻ അണ്ടർ 19 ടീമിനായി റണ്ണടിച്ചുകൂട്ടിയാണ് എത്തുന്നത്. പ്രശാന്ത് വീർ, കാർത്തിക് ശർമ (ചെന്നൈ) എന്നിവരും പ്രതീക്ഷയാണ്. ബംഗളൂരുവിനായി കോഹ്‌ലി ഇറങ്ങുന്പോൾ മുംബൈക്കായി രോഹിത് ശർമയും രംഗത്തുണ്ട്.
ചെന്നൈ ടീം മുൻ ക്യാപ്‌റ്റൻ ധോണി എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധ്യതയില്ല. കൊൽക്കത്ത ക്യാപ്‌റ്റൻ അജിൻക്യ രഹാനെയുടെ അവസാന സീസണായിരിക്കും. വിദേശ താരങ്ങളിൽ ഗ്രീനിനെ കൂടാതെ രാജസ്ഥാനായി കളിക്കുന്ന വിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മയെർ, ന്യൂസിലൻഡ് വെടിക്കട്ട് ഓപ്പണർ ഫിൻ അലെൻ (കൊൽക്കത്ത), ഓസീസ് ബാറ്റർ ട്രാവിസ് ഹെഡ് (ഹൈദരാബാദ്), വിൻഡീസ് താരം
റൊമാരിയോ ഷെപേർഡ് (ബംഗളൂരു), നികോളാസ് പുരാൻ (ലഖ്നൗ) എന്നിവരും ശ്രദ്ധേയരാണ്.
*⬛പശ്ചിമേഷ്യയിൽ സമാധാനം അകലെ*
തെഹ്‌റാൻ : വെടിനിര്‍ത്താനുള്ള നിര്‍ദേശങ്ങളില്‍ അമേരിക്കയും ഇറാനും നിലപാട് കടുപ്പിച്ചതോടെ പശ്ചിമേഷ്യന്‍ യുദ്ധം വൻസംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കുന്നു. പരാജയം സമ്മതിക്കുക, അല്ലെങ്കിൽ മുമ്പെങ്ങുമില്ലാത്തവിധം "ശക്തമായ പ്രഹരം' നേരിടുക എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. ഇറാനുചുറ്റുമുള്ള യുഎസ് സൈനികരുടെ എണ്ണം 50,000 ആയി വർധിപ്പിച്ച് സമ്മർദത്തിലാക്കാനാണ് ട്രംപിന്റെ നീക്കം. എന്നാൽ ട്രംപിന്റെ യുദ്ധവിരാമ നിര്‍ദേശങ്ങളെ പുച്ഛിച്ചു തള്ളിയ ഇറാന്‍, കരയുദ്ധത്തിന് ശ്രമിച്ചാല്‍ യൂറോപ്പിലേക്കുള്ള ചരക്ക് നീക്കത്തിന്റെ പ്രധാന കവാടമായ ബാബ് അൽ-മന്ദബ് കടലിടുക്കിലേക്ക് സൈനിക നീക്കം നടത്തുമെന്ന് മുന്നറിയിപ്പ് നല‍്കി. അതിനിടെ നിരവധി അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇറാനിലേക്ക് യുഎസ്, ഇസ്രയേല്‍ സഖ്യം ശക്തമായ ആക്രമങ്ങള്‍ തുടരുകയാണ്. ഹോര്‍മൂസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന് മേൽനോട്ടം വഹിക്കുന്ന പ്രധാന ഉദ്യോഗസ്ഥനും ഇറാന്റെ റെവല്യൂഷണറി ഗാർഡ് നാവികസേനാ മേധാവിയുമായ കമ്മഡോർ അലിറേസ തങ്‌സിരിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാനില്‍ ഇതുവരെ ആക്രമണമുണ്ടാകാത്ത മഷ്ഹദിലേക്കും അഫ്ഗാൻ അതിർത്തിയോട് ചേർന്ന തയ്ബാദിലേക്കും ആക്രമണം വ്യാപിച്ചിട്ടുണ്ട്.
"അതേസമയം, യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ പിരിക്കാനുള്ള നിയമനിർമാണത്തിന് ഇറാൻ പാർലമെന്റ് തുടക്കമിട്ടു. മേഖലയുടെ സുരക്ഷ തങ്ങൾ ഉറപ്പാക്കുന്നതിനാൽ ടോൾ ഈടാക്കുന്നത് സ്വാഭാവികമാണെന്നാണ് ഇറാന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ വഴി അമേരിക്ക മുന്നോട്ടുവച്ച 15 ഇന നിര്‍ദേശങ്ങള്‍ തള്ളിയ ഇറാന്‍ പകരം അഞ്ചു നിബന്ധന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പോയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ഇറാനെതിരെയുള്ള ആക്രമണം ശക്തമായി തുടരുമെന്നും ഇറാന്റെ നാവിക ആസ്തികൾ പൂർണ്ണമായും തകർക്കുമെന്നുമാണ് ഇസ്രയേലിന്റെ ഭീഷണി."
*⬛"വ്യോമയാന സുരക്ഷാ പ്രശ്‌നങ്ങൾ; ഉന്നതതല സമിതി
അന്വേഷിക്കണം*
ന്യൂഡൽഹി : ഇന്ത്യയിലെ വ്യോമയാന മേഖലയിലുണ്ടായ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഗതാഗത സ്ഥിരം സമിതി. ഉഡാൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചകളിൽ ജെഡിയു എംപി സഞ്ജയ് കുമാർ ഝാ അധ്യക്ഷനായ സമിതി വിമർശമുന്നയിച്ചു. ഡിജിസിഎ നടത്തിയ ഓഡിറ്റിൽ 754 വിമാനങ്ങൾ പരിശോധിച്ചപ്പോൾ 377ലും ആവർത്തിച്ചുള്ള തകരാറുകൾ ഉണ്ടാകുന്നുവെന്ന് തെളിഞ്ഞു. ഒരു വർഷത്തിനിടെ നൂറിനടുത്ത് സുരക്ഷാ വീഴ്‌ചകളുണ്ടായി. 19 നോട്ടീസുകൾ ഡിജിസിഎയ്‌ക്ക് നൽകേണ്ടിവന്നു. ഇത് കണക്കിലെടുത്ത് വ്യോമയാന മേഖലയിലെ സുരക്ഷാ വിഷയങ്ങൾ പരിശോധിക്കുന്നതിനായി ഉന്നതതല സമിതിയെ രൂപീകരിക്കാൻ സമിതി നിർദേശിച്ചു. ആറ് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം.
ഉഡാൻ പദ്ധതിയിൽ സർവീസ് നടത്തുന്ന വ്യോമയാന കന്പനികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സാന്പത്തിക സഹായത്തിൽ കൃത്യമായ ചട്ടക്കൂടുകൾ ഇല്ലാത്തതിൽ ആശയറിയിച്ചു. പദ്ധതിക്കായി ഇതുവരെ 657 റൂട്ടുകൾക്കായി 9,200 കോടി രൂപയിലധികം സർക്കാർ ചെലവഴിച്ചു. ഇത്രയധികം പൊതുപണം ചെലവഴിക്കുന്ന പദ്ധതിയിൽ, കന്പനികൾക്ക് നൽകുന്ന സാമ്പത്തിക സഹായം എപ്പോൾ, എങ്ങനെ എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ചട്ടക്കൂട് സർക്കാരിനില്ല. 150ൽ അധികം റൂട്ടുകളിൽ ഇപ്പോഴും സർവീസ് ആരംഭിച്ചിട്ടില്ലെന്നും ഉഡാൻ പദ്ധതിയിൽ സ്വതന്ത്രമായ വിലയിരുത്തൽ ആവശ്യമാണെന്നും സമിതി പറഞ്ഞു. ഡിജിസിഎയുടെ 1,630 തസ്‌തികകളിൽ 843 പേർ മാത്രമാണ് പ്രവർത്തിക്കുന്നത്. 48.3 ശതമാനം തസ്‌തികകളിൽ ആളില്ല. ഇൗ ഒഴിവ് ഉടൻ നികത്തണം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മൂലധന നിക്ഷേപത്തിൽ പാർലമെന്ററി മേൽനോട്ടം വേണമെന്നും സമിതി
ആവശ്യപ്പെട്ടു.
*⬛യുഡിഎഫിന്റെ ചെറുകാവ്
ബാങ്കിൽ 50 കോടിയുടെ തട്ടിപ്പ്*
മലപ്പുറം : യുഡിഎഫ് നിയന്ത്രണത്തിലുള്ള ചെറുകാവ് സഹകരണ ബാങ്കിൽ 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി നിക്ഷേപകർ. യുഡിഎഎഫ് നേതൃത്വത്തിന് നിരവധി തവണ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നിയമനടപടികളും സമരവുമായി മുന്നോട്ടുപോകുമെന്നും തട്ടിപ്പിനിരയായവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക് സെക്രട്ടറി പി ടി ആസിഫ് സ്വന്തം ആവശ്യങ്ങൾക്കും ബിസിനസിനുമായി പണയ സ്വർണവും നിക്ഷേപത്തുകയും വകമാറ്റി. പണയംവച്ച സ്വർണം തിരിച്ചെടുക്കാൻ ഗുണഭോക്താക്കൾ എത്തിയപ്പോഴാണ് സ്വർണവും മറ്റും ബാങ്കിൽ ഇല്ലെന്നറിഞ്ഞത്.
ആധാരം ഇൗടുനൽകി വായ്പയെടുത്തവരുടെ പേരിൽ അവരറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തതായും കണ്ടെത്തി. ഇപ്പോൾ ഇവയൊന്നും തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. നിക്ഷേപകരുടെ സന്പാദ്യം ഉടൻ തിരിച്ചുകൊടുക്കുമെന്ന് ബാങ്ക് ഭരണസമിതി ഉറപ്പ് നൽകിയെങ്കിലും അത് പാലിക്കാൻ കഴിഞ്ഞിട്ടില്ല. ബാങ്ക് സെക്രട്ടറി ഇപ്പോൾ വിദേശത്താണ്. ഇയാളെ വിദേശത്തേയ്‌ക്ക് കടക്കാൻ സഹായിച്ചതിൽ ഭരണസമിതിയിൽപ്പെട്ടവർക്കും പങ്കുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ പി പി മമ്മുണ്ണി ഹാജി, എം ഡി സുലൈഖ, എം ഡി സഫ്‌വാൻ, ടി സാജിദ് എന്നിവർ പങ്കെടുത്തു."
*⬛റെയില്‍വേയിലെ നിർമാണ
പ്രവര്‍ത്തനങ്ങള്‍ തകരാറിൽ*
തിരുവനന്തപുരം : ദക്ഷിണ റെയിൽവേയിലെ നിർമാണവും പരിപാലനവും തകരാറിലാണെന്ന് ദക്ഷിണ റെയിൽവേ കോൺട്രാക്ടേഴ്സ് ഓർഗനൈസേഷൻ (എസ്ആർസിഒ). വിവിധ റെയിൽവേ ഡിവിഷനുകളിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ കരാറുകൾക്ക് കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയുണ്ട്. ഇതുമൂലം പല പദ്ധതികളും തുടങ്ങാൻ കഴിയുന്നില്ല. ദൈനംദിന പരിപാലന പ്രവർത്തനങ്ങളും നിശ്ചലമായെന്നും ദക്ഷിണ ഓർഗനൈസേഷൻ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അലക്‌സ് പെരുമാലി, കെ എ ജോൺസൺ, നജീബ് മന്നൽ, സുരേഷ് കുമാർ, കെ ആർ ബൈജു എന്നിവർ പങ്കെടുത്തു."
*⬛"അറബ് ലീഗ് വിദേശമന്ത്രിമാരുടെ യോഗം ഞായറാഴ്ച*
മനാമ : ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജോര്‍ദാനും നേരെയുള്ള ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാനായി അറബ് ലീഗ് വിദേശമന്ത്രിമാരുടെ 165–-ാമത് സമ്മേളനം ഞായറാഴ്ച നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള അടിയന്തര കൂടിക്കാഴ്ചയ്ക്ക് ബഹ്റൈൻ അധ്യക്ഷനാകും. ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഏകീകൃത നിലപാട് രൂപീകരിക്കുന്നതില്‍ മാത്രമായിരിക്കും യോഗം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ നടപടികള്‍ അയല്‍പക്ക ബന്ധങ്ങളുടെ ലംഘനമാണ്. ഇത് മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കഴിഞ്ഞയാഴ്ച റിയാദില്‍ ചേര്‍ന്ന ഗള്‍ഫ്, അറബ് വിദേശമന്ത്രിമാരുടെ യോഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിവിലിയന്‍ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും മന്ത്രിമാര്‍ ആവര്‍ത്തിച്ചു.
ഈജിപ്ത് വിദേശമന്ത്രി ബദര്‍ അബ്ദുലാത്തി, ബഹ്റൈന്‍, ജോര്‍ദാന്‍, ഇറാഖ് വിദേശമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകള്‍ വരാനിരിക്കുന്ന ഉച്ചകോടിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അമേരിക്കയുടെ നിലപാടുകളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അറബ് രാജ്യങ്ങളുടെ ഐക്യം മേഖലയിലെ സുരക്ഷാവെല്ലുവിളികളെ നേരിടുന്നതില്‍ നിര്‍ണായകമാകും.
*⬛"അർജന്റീന ഒരുങ്ങുന്നു; സൗഹൃദ ഫുട്‌ബോളിൽ നാളെ പുലർച്ചെ മൗറിറ്റാനിയയോട്*
ബ്യൂണസ് അയേഴ്‌സ് : കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലേക്ക് അർജന്റീന ചുവടുവയ്‌ക്കുന്നു. ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള അവസാന റൗണ്ട് സൗഹൃദ മത്സരത്തിൽ ലയണൽ മെസിയും സംഘവും മൗറിറ്റാനിയയെ നേരിടും. നാളെ പുലർച്ചെ 4.45ന് ബ്യൂണസ് അയേഴ്‌സിലെ ലാം ബൊംബോനെറോ സ്‌റ്റേഡിയത്തിലാണ് കളി. ഏപ്രിൽ 1ന് സാംബിയയുമായും മത്സരമുണ്ട്. സ്‌പെയ്‌നുമായുള്ള ഫൈനലിസിമ ട്രോഫി റദ്ദാക്കിയതിനെ തുടർന്ന് ലോകകപ്പിന് മുമ്പ് മികച്ച തയ്യാറെടുപ്പ് മത്സരം കിട്ടാത്തതിന്റെ നിരാശയുണ്ട് അർജന്റീനയ്‌ക്ക്. ലോകറാങ്കിങ്ങിൽ രണ്ടാമതാണ് ലയണൽ സ്‌കലോണി പരിശീലിപ്പിക്കുന്ന ടീം.
മൗറിറ്റാനിയയാകട്ടെ 115–ാമതും. സാംബിയ 91–ാമതും. ലോകകപ്പ് ഫൈനലിനുശേഷം ഒരു യൂറോപ്യൻ ടീമുമായി കളിക്കാൻ അർജന്റീനയ്‌ക്ക് അവസരം കിട്ടിയിട്ടില്ല. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിനാലാണ് ഇന്ന് ഖത്തറിലെ ദോഹയിൽ നടത്താനിരുന്ന ഫൈനലിസിമ ട്രോഫി മത്സരം ഉപേക്ഷിച്ചത്. കോപ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോ കപ്പ് ചാമ്പ്യൻമാരായ സ്‌പെയ്‌നും ലോകകപ്പിന് മുമ്പ് മുഖാമുഖം എത്തുന്നുവെന്നതായിരുന്നു പ്രധാന സവിശേഷത. എന്നാൽ പെട്ടെന്ന് കളി റദ്ദാക്കിയത് തിരിച്ചടിയായി. ഇൗ രാജ്യാന്തര ഇടവേളയിൽ അർജന്റീനയ്‌ക്ക് കളിക്കാൻ പറ്റാത്ത അവസ്ഥയായി. പെട്ടെന്നുള്ള നീക്കത്തിലാണ് ദുർബലരായ മൗറിറ്റാനിയയുമായുള്ള സൗഹൃദ പോര് സജ്ജമാക്കിയത്.
മെസി തന്നെയാണ് ടീമിന്റെ ആകർഷണം. എമിലിയാനോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, അലെക്‌സിസ് മക് അലിസ്റ്റർ, എൺസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്. പ്രതിരോധത്തിൽ പരിക്കേറ്റ
ഗോൺസാലോ മൊണ്ടിയെല്ലും ലിയോണാർഡോ ബലേർദിയും പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്. മുന്നേറ്റത്തിൽ ലൗതാരോ മാർട്ടിനെസ് കളിക്കില്ല. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി നാല് കളിയിൽ നാല് ഗോളടിച്ച മെസിയിലാണ് പ്രതീക്ഷകൾ മുഴുവൻ. ലോകകപ്പിൽ ജൂൺ 17ന് അൾജീരിയയുമായാണ് അർജന്റീനയുടെ ആദ്യ കളി. 22ന് ഓസ്‌ട്രിയയും 28ന് ജോർദാനുമാണ് എതിരാളികൾ."
*⬛"ബിജെപി സീൽ: പ്രതികരിച്ചവർക്കെതിരായ നടപടി അപലപനീയം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യമന്ത്രിയുടെ കത്ത്*
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിച്ച സർക്കുലർ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ വിതരണംചെയ്ത സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെയുള്ള നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമീഷന്റെ ആവശ്യപ്രകാരമാണ് പൊലീസ് നോട്ടീസ് അയച്ചതെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ഒരു ജനാധിപത്യ രാജ്യത്ത്, ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്‌ക്കും. വിമർശനങ്ങൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയോ, അപകീർത്തികരമാവുകയോ, വ്യക്തിപരമായ ആക്രമണങ്ങൾക്ക് കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അവയെ അഭിപ്രായ പ്രകടനങ്ങളായി വേണം കാണാൻ. തെരഞ്ഞെടുപ്പ് കമീഷൻപോലെയുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ ബഹുമാന്യത എക്കാലവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ, കമീഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടികളിൽ സമ്പൂർണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കേണ്ടതുണ്ട്. അങ്ങനെ പ്രവർത്തിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് കമീഷന് അർഹമായ ബഹുമാന്യത ആർജ്ജിക്കാൻ സാധിക്കുകയുള്ളൂ.
"തെരഞ്ഞെടുപ്പ് കമീഷന്റെ സർക്കുലറിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് സീൽ പതിപ്പിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയത് വെറുമൊരു ഉദ്യോഗസ്ഥന്റെ പിഴവായി മാത്രംകണ്ട് നിസ്സാരവൽക്കരിക്കാൻ കഴിയില്ല. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ ഇത്തരം പ്രധാനപ്പെട്ട ആശയവിനിമയങ്ങൾ പുറത്തേക്ക് അയക്കുന്നത് അബദ്ധമായോ യാദൃശ്ചികമായ വീഴ്ചയായോ തള്ളിക്കളയാനാകില്ല. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ തലത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് കേരളത്തിലെ സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൗരന്മാരെയും അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.".
*⬛"സാനിറ്ററി പാഡുകളിലും ഡയപ്പറുകളിലും രാസവസ്തുക്കൾ ചേര്‍ക്കുന്നത് തടയണം, ഹര്‍ജിയിൽ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി*
ചെന്നൈ: സാനിറ്ററി നാപ്കിനുകൾ, ടാംപണുകൾ, ബേബി ഡയപ്പറുകൾ എന്നിവയിൽ ക്യാൻസറിന് കാരണമാകുന്നതും മറ്റ് അപകടകരവുമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി.
ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ടെക്സ്റ്റൈൽ മന്ത്രാലയത്തിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ചെന്നൈ സ്വദേശിയായ അഭിഭാഷക എസ് സുഭദ്രയാണ് ഹർജി സമർപ്പിച്ചത്.
*ഹർജിയിലെ ആവശ്യങ്ങൾ*
സാനിറ്ററി ഉൽപ്പന്നങ്ങളിലും ഡയപ്പറുകളിലും കാർസിനോജെനിക് (ക്യാൻസർ ഉണ്ടാക്കുന്ന) രാസവസ്തുക്കളുടെ ഉപയോഗം തടയുക.
ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന എല്ലാ അസംസ്‌കൃത വസ്തുക്കളും പാക്കറ്റിൽ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കുക.
നിലവിലുള്ള ബി ഐ എസ് (BIS) മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണ്. അവ ഉടനെ പരിഷ്കരിക്കുക."
*"എന്താണ് ഇത്തരം ബ്രാന്റുകളുടെ പ്രശ്നം*
ഹർജിക്കാരി കോടതിയിൽ ഓരോ ആശങ്കകളും അക്കമിട്ട് നൽകി. ഉന്നയിച്ച പ്രധാന പോയിന്റുകൾ ഇവയാണ്.
ആർത്തവമുള്ള ഒരു വ്യക്തി ജീവിതകാലത്ത് ഏകദേശം 60,000 മണിക്കൂർ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇവ തികച്ചും വിഷരഹിതമായിരിക്കണം.
നിലവിൽ വിപണിയിലുള്ള മിക്ക സാനിറ്ററി പാഡുകളിലും പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമാണ്. ഇത് യോനിയിലെ ബാക്ടീരിയകളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കാനും അണുബാധകൾക്കും റാഷസിനും കാരണമാകുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ബിസ്ഫെനോൾ (BPA), പാരാബെൻസ്, ട്രൈക്ലോകാർബൺ എന്നിവ സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെയും ഹോർമോൺ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു. പാരാബെൻസിന്റെ ഉപയോഗം സ്തനാർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
2022-ൽ 'ടോക്സിക്സ് ലിങ്ക്' (Toxics Link) എന്ന സംഘടന നടത്തിയ പഠനത്തിൽ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു എന്ന് ഹര്‍ജിക്കാരി പറയുന്നു.
*"ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ കേവലം സൗകര്യത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് അത് സ്ത്രീകളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇതിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്." - ഹർജിക്കാരിയുടെ വാദം"*
"മുമ്പ് ലോക്സഭയിൽ കനിമൊഴി എം പി ഈ വിഷയം ഉന്നയിച്ചപ്പോൾ, ബി ഐ എസ് മാനദണ്ഡങ്ങൾ നിലവിലുണ്ടെന്ന മറുപടിയാണ് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ നൽകിയിരുന്നത്.
എന്നാൽ ഈ മാനദണ്ഡങ്ങൾ കാര്യക്ഷമമല്ലെന്നും വിഷാംശങ്ങൾ ഒഴിവാക്കാൻ പുതിയ നിയമങ്ങൾ ആവശ്യമാണെന്നും ഹർജിക്കാരി വാദിക്കുന്നു. കോടതിയുടെ നോട്ടീസിന് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം ഈ വിഷയത്തിൽ നിർണ്ണായകമാകും."
*⬛യുദ്ധഭീതിക്കിടയിലും ഇന്ത്യ സുരക്ഷിതം; കൈവശമുള്ളത് രണ്ടുമാസത്തേക്കുള്ള ഇന്ധന ശേഖരം, ആശങ്ക വേണ്ടെന്ന് കേന്ദ്രം*
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചാരണങ്ങൾ ആവർത്തിച്ചു തള്ളി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. അടുത്ത 60 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ വിതരണം രാജ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും വിതരണത്തിൽ യാതൊരു കുറവുമില്ലെന്നും സർക്കാർ അറിയിച്ചു. ഒ എം സി കൾ മുൻകൂട്ടി ഇറക്കുമതി കരാറുകളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ വിതരണ ശൃംഖല സുരക്ഷിതമാണ്.ഇന്ത്യൻ ബിസിനസ്
ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾക്കിടയിലും 40 ലധികം ആഗോള വിതരണക്കാരിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ സ്വീകരിക്കുന്നുണ്ട്. മറ്റ് മേഖലകളിൽ നിന്നുള്ള ഉയർന്ന ലഭ്യത ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു. രാജ്യത്തെ റിഫൈനറികൾ 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധന ലഭ്യതയിൽ കുറവുണ്ടാകില്ല. ഇന്ത്യയുടെ ആകെ സംഭരണ ശേഷി 74 ദിവസത്തേക്കുള്ളതാണെങ്കിലും നിലവിൽ 60 ദിവസത്തെ സ്റ്റോക്ക് ലഭ്യമാണ്. ഇതിൽ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ, ഭൂഗർഭ അറകളിലെ തന്ത്രപ്രധാന ശേഖരം എന്നിവ ഉൾപ്പെടുന്നു.
പെട്രോൾ, ഡീസൽ, എൽ പി ജി എന്നിവയ്ക്ക് രാജ്യത്തെവിടെയും ക്ഷാമമില്ലെന്നും റേഷനിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ചിലയിടങ്ങളിൽ പെട്രോൾ പമ്പുകളിൽ തിരക്കുണ്ടാകാൻ കാരണം. എൽ പി ജി ഉൽപ്പാദനം വർധിച്ചതായും അമേരിക്ക, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾ ഇങ്ങോട്ട് വരുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
പി എൻ ജി പ്രോത്സാഹിപ്പിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമാണെന്നും അല്ലാതെ ഇന്ധനക്ഷാമം കൊണ്ടല്ലെന്നും മന്ത്രാലയം വിശദീകരിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
ശുഭദിനം.
Tags:
KERALA