Trending

പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു: പൊടിശല്യത്തിൽ ജനങ്ങൾ ദുരിതത്തിൽ.

എളേറ്റിൽ: പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതു കാരണമുണ്ടാകുന്ന പൊടിശല്യത്തിൽ ജനങ്ങൾ ദുരിതത്തിൽ.റോഡ് നവീകരണ പ്രവർത്തികൾ നീണ്ടുനിൽക്കുന്നതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തേക്ക്.


ഫയൽ ഫോട്ടോ

മാസങ്ങളായി തുടരുന്ന പണി യാതൊരു വ്യക്തമായ പുരോഗതിയും ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഇതോടെ ദിവസേന യാത്ര ചെയ്യുന്നവർക്ക് പോലും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.


പ്രധാനമായും, റോഡിൽ നിന്നുയരുന്ന കനത്ത പൊടി ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പരാതികൾ ഉയരുന്നു. കുട്ടികൾക്കും, മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർധിച്ചിരിക്കുകയാണ്. റോഡിന്റെ പ്രവൃത്തി കരാർ എടുത്ത കമ്പനി റോഡിൽ വെളളം തളിക്കുന്നുണ്ടെങ്കിലും റോഡിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളും, വീടുകളും പൊടിശല്യം കാരണം വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

“വേനൽക്കാലമായത് കൊണ്ട് പൊടി ശല്യവും, പണി ഇങ്ങനെ അനന്തമായി നീളുകയാണെങ്കിൽ മഴപെയ്താൽ പിന്നേ ചെളിയും കൂടി ആയാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും, വേറെ എങ്ങോട്ടെങ്കിലും മാറിത്താമസിക്കേണ്ടി വരുമെന്ന്" നാട്ടുകാർ പ്രതികരിച്ചു. റോഡ് പണി തുടങ്ങിയതു മുതൽ നിരവധി വാഹന അപകടങ്ങളാണ് നടന്നത്. പല തവണ ബന്ധപ്പെട്ട അധികൃതരോട് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ ജനങ്ങളിൽ അമർഷം ഉയരുകയാണ്.

അതേ സമയം ഈ റോഡ് കടന്നുപോകുന്ന വിവിധ  പഞ്ചായത്തുകളിൽപ്പെട്ട ആളുകൾ സ്ഥലം വിട്ടു കൊടുക്കാത്തതും, ആവശ്യത്തിനുള്ള ജോലിക്കാർ ഇല്ലാത്തതും ശരിയായ രീതിയിൽ ജോലികൾ തീരാത്തതിന് കാരണാമാകുന്നതെന്നും പറയപ്പെടുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായതിൽ നിന്നും 2 പേരും, നരിക്കുനി ഗ്രാമപഞ്ചായതിൽ നിന്ന് 5 പേരും, കാക്കൂർ ഗ്രാമപഞ്ചായതിൽനിന്ന് 16 പേരും ആണ് സ്ഥലം വിട്ടു കൊടുക്കാനുളളതെന്നാണ് കഴിഞ്ഞ മാസം  റോഡ് വികസനവുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ നിന്നും ലഭിച്ച വിവരം.

കരാർ കമ്പനിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. റോഡ് പണി വേഗത്തിലാക്കുകയും, പൊടിശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാനാണ് തീരുമാനം.

Previous Post Next Post
3/TECH/col-right