Trending

സിം എടുത്തപ്പോള്‍ പതിച്ച വിരലടയാളം, സൗദിയില്‍ മലയാളി കുടുങ്ങിയത് കൊക്കെയ്ൻ കടത്തിയ കേസില്‍; കൊലക്കയറില്‍ നിന്ന് ജീവിതത്തിലേക്ക്.

റിയാദ്:തന്‍റെ പേരിലുള്ള സിം കാർഡ് അജ്ഞാതർ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് ഇടപാട് നടത്തിയതിനെ തുടർന്ന് സൗദിയില്‍ ജയിലിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി വിനീഷ് നിയമപോരാട്ടത്തിനൊടുവില്‍ മോചിതനായി.

2024 ജനുവരിയില്‍ വിനീഷ് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് താൻ ഒരു വലിയ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന വിവരം അറിയുന്നത്.ലൈസൻസ് നടപടികള്‍ പൂർത്തിയാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍, വിനീഷിന്‍റെ പേരില്‍ റിയാദില്‍ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസ് നിലവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സിം കാർഡ് കമ്പനി പ്രതിനിധിയോടൊപ്പം ബന്ധപ്പെട്ട ഓഫീസുകളില്‍ ഹാജരായ വിനീഷിനെ വൈകാതെ നാർക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. വിനീഷിെൻറ പേരില്‍ രജിസ്റ്റർ ചെയ്ത സിം കാർഡ് വഴി വലിയ അളവില്‍ കൊക്കെയ്ൻ കടത്തിയെന്നതായിരുന്നു കേസ്. ഈ കുറ്റത്തിന് വധശിക്ഷയാണ് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോള്‍, കഴിഞ്ഞ രണ്ട് വർഷമായി താൻ റിയാദില്‍ പോയിട്ടില്ലെന്നും ഇങ്ങനെയൊരു സിം കാർഡ് എടുത്തിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കിയെങ്കിലും വിരലടയാളം സഹിതം രജിസ്റ്റർ ചെയ്ത സിം ആയതിനാല്‍ അധികൃതർ അത് വിശ്വസിച്ചില്ല. തുടർന്ന് വിനീഷിനെ 15 ദിവസം ഡിറ്റൻഷൻ സെന്‍ററിലും പിന്നീട് റിയാദ് ജയിലിലും പാർപ്പിച്ചു.

രണ്ട് വർഷം മുമ്പ് ദമ്മാമിലെ ഒരു സൂപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റില്‍ നിന്ന് സിം കാർഡ് വാങ്ങിയപ്പോള്‍, ജീവനക്കാരൻ ആദ്യത്തെ വിരലടയാളം ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാമതും വിരലടയാളം എടുപ്പിച്ചിരുന്നു. അന്ന് തെൻറ ഇഖാമ നമ്പറില്‍ താൻ അറിയാതെ മറ്റൊരു സിം കൂടി രജിസ്റ്റർ ചെയ്യപ്പെട്ടതായി വിനീഷ് മനസ്സിലാക്കിയിരുന്നു. അത് റദ്ദാക്കാൻ മൊബൈല്‍ കമ്പനിയെ സമീപിച്ചെങ്കിലും സാധിക്കാത്തതിനാല്‍ പിന്നീട് അത് കാര്യമാക്കിയില്ല. ഈ സിം കാർഡാണ് പിന്നീട് വിനീഷിനെ വലിയൊരു കുരുക്കിലാക്കിയത്.

ജയിലിലായി ഏഴ് മാസത്തിന് ശേഷം വിനീഷിെൻറ സുഹൃത്ത് ഷാജി വഴി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ വിഷയത്തില്‍ ഇടപെട്ടു. കുടുംബത്തിെൻറ ആവശ്യപ്രകാരം ഇന്ത്യൻ എംബസിയുടെ അനുമതി പത്രത്തോടെ സിദ്ദീഖ് കേസ് ഏറ്റെടുത്തു. സൗദി അഭിഭാഷകയെ ചുമതലപ്പെടുത്തി ഒന്നര വർഷത്തോളം നീണ്ട നിയമപോരാട്ടമാണ് പിന്നീട് നടന്നത്. ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കണമെന്നും സാക്ഷികളെ വിസ്തരിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന അന്വേഷണത്തില്‍ വിനീഷിെൻറ പേരില്‍ എടുത്ത സിം കാർഡ് ഉപയോഗിച്ചത് രണ്ട് സുഡാനി പൗരന്മാരാണെന്ന് തെളിഞ്ഞു. ഇവർ നിലവില്‍ ജയിലിലുണ്ട്. ഈ കണ്ടെത്തലുകള്‍ വിനീഷിന് അനുകൂലമാവുകയും ക്രിമിനല്‍ കോടതി വിനീഷിനെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

ജയില്‍ മോചിതനായ ശേഷമാണ് തെൻറ കേസില്‍ വധശിക്ഷയായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതെന്ന വിവരം വിനീഷും കുടുംബവും അറിയുന്നത്. വിനീഷിെൻറ മാനസികാവസ്ഥ പരിഗണിച്ചാണ് ഈ വിവരം നേരത്തെ അറിയിക്കാതിരുന്നതെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു. മോചനത്തിനായി കൂടെനിന്ന സിദ്ദീഖ് തുവ്വൂർ, യൂസുഫ് പെരിന്തല്‍മണ്ണ, സുഹൃത്ത് ഷാജി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരോട് കുടുംബം നന്ദി അറിയിച്ചു. നിലവില്‍ വിനീഷ് സൗദിയില്‍ ജോലിയില്‍ തുടരുന്നുണ്ട്.

സൗദി കമ്യൂണിക്കേഷൻസ് സ്പേഷ് ആൻഡ് ടെക്നോളജി കമ്മീഷന്‍റെ (സി.ഐ.ടി.സി) https:// mutasilind.cst.gov.sa/Arqami/Inquiry എന്ന ഓണ്‍ലൈൻ ലിങ്ക് വഴി സ്വന്തം പേരില്‍ എത്ര സിം കാർഡുകള്‍ ഉണ്ടെന്ന് കൃത്യമായി പരിശോധിക്കണമെന്നും, ഉപയോഗിക്കാത്ത സിം ഉണ്ടെങ്കില്‍ ഉടൻ റദ്ദാക്കണമെന്നും സിദ്ദീഖ് തുവ്വൂർ പ്രവാസികളെ ഓർമിപ്പിച്ചു. വിരലടയാളം നല്‍കി സിം എടുക്കുമ്പോള്‍ ഔദ്യോഗിക ഓഫീസുകളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post
3/TECH/col-right