*🟨കൊളംബിയയിൽ സൈനിക വിമാനം തകർന്ന് 90 മരണം*
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് 90 സൈനികർ മരിച്ചു. 20 സൈനികരെ രക്ഷപ്പെടുത്തി. പെറു അതിർത്തിയോട് ചേർന്നാണ് വിമാനം തകർന്നു വീണത്.
പ്യൂർട്ടോ ലെഗുയിസാമോയിൽനിന്ന് പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രതിരോധമന്ത്രി പെഡ്രോ സാഞ്ചസ് സംഭവം സ്ഥിരീകരിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയിലെ സൈനികരെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനാപകടമുണ്ടായതെന്ന് സാഞ്ചസ് പറഞ്ഞു.
*🟨മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ജോസ്പിൻ അന്തരിച്ചു*
പാരീസ്: മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ലയണൽ ജോസ്പിൻ (88) അന്തരിച്ചു. തൊഴിൽ സമയം ആഴ്ചയിൽ 35 മണിക്കൂറായി നിജപ്പെടുത്തിയ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായിരുന്നു ജോസ്പിൻ. 1997ൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായ ജോസ്പിൻ 2002വരെ പദവിയിൽ തുടർന്നു.
യാഥാസ്ഥിതികനായ പ്രസിഡന്‍റ് ജാക് ഷിറാക്കിന്റെ കീഴിൽ വിശാല ഇടതുപക്ഷ സർക്കാരിനെ അദ്ദേഹം നയിച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ, ബ്രിട്ടൻ അക്കാലത്ത് സ്വീകരിച്ച സ്വതന്ത്ര വിപണി പരിഷ്കാരങ്ങളിലേക്കു ഫ്രഞ്ച് ഇടതുപക്ഷം മാറുന്നതിനെ ജോസ്പിൻ ചെറുത്തു.
ലൈംഗികന്യൂനപക്ഷങ്ങൾ, സ്വവർഗ ദമ്പതികൾ എന്നീ വിഭാഗങ്ങൾക്ക് സിവിൽ യൂണിയനുകൾ സ്ഥാപിച്ചു. ആഴ്ചയിലെ ജോലി സമയം 39 മണിക്കൂറിൽനിന്ന് 35 മണിക്കൂറായി കുറച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്തെ സുപ്രധാന തീരുമാനമായിരുന്നു.
2002ലെ പ്രസിഡന്‍റ് വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ ലെ പെന്നിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ചു.
*🟨എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി; ഏപ്രില്‍ 1 മുതല്‍ പുതിയ എടിഎം നിയമങ്ങൾ*
ന്യൂഡല്‍ഹി:-ഏപ്രില്‍ 1 മുതല്‍ എടിഎം നിയമങ്ങളില്‍ മാറ്റം. എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി, സര്‍വീസ് ചാര്‍ജുകള്‍ എന്നിവയിലാണ് ബാങ്കുകള്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
*1. എച്ച്.ഡി.എഫ്.സി ബാങ്ക്*
ഏപ്രില്‍ 1 മുതല്‍ എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ പിന്‍വലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും.
നിലവില്‍, സ്വന്തം അക്കൗണ്ട് ഉടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ പിന്‍വലിക്കല്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഇതര എടിഎമ്മുകളില്‍ പ്രമുഖ ആറ് നഗരങ്ങളില്‍ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.
*2. പഞ്ചാബ് നാഷണല്‍ ബാങ്ക്*
ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പ്രതിദിന പണം പിന്‍വലിക്കല്‍ പരിധിയില്‍ പി.എന്‍.ബി മാറ്റം വരുത്തിയിട്ടുണ്ട്. കാര്‍ഡിന്റെ തരം അനുസരിച്ച് പ്രതിദിനം 50,000 രൂപ മുതല്‍ 75,000 രൂപ വരെ മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കൂ. മുമ്പ് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്ന ചില കാര്‍ഡുകളുടെ പരിധി സുരക്ഷാ കാരണങ്ങളാല്‍ കുറച്ചിട്ടുണ്ട്.
*3. ജിയോ പേയ്മെന്റ് ബാങ്ക്*
പണം പിന്‍വലിക്കാന്‍ പുതിയ ക്യു.ആര്‍ കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്പോണ്ടന്റുകള്‍ വഴി യുപിഐ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകള്‍ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളില്‍ 5 സൗജന്യ ഇടപാടുകള്‍ വരെ ലഭിക്കും. പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജും ഏപ്രില്‍ 1 മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതല്‍ 500 രൂപ വരെയാണിത്. പ്രീമിയം കാര്‍ഡുകള്‍ക്ക് ചാര്‍ജ് വീണ്ടും കൂടും.
*🟨ഇസ്രയേൽ ആക്രമണത്തിൽ ഇസ്രേലി കർഷകൻ കൊല്ലപ്പെട്ടു*
ജറൂസലെം: ലബനൻ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്രേലി കർഷകൻ കൊല്ലപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിനിടെ അതിർത്തി സംഘർഷത്തിൽ കൊല്ലപ്പെടുന്ന ആദ്യ ഇസ്രേലി പൗരനാണിത്.
വടക്കൻ ഇസ്രയേലിലെ മിസ്ഗാവ് ആം പട്ടണത്തിലെ അവക്കാഡോ കർഷകനായ മസ്കോവിറ്റ്സാണ് (60) കൊല്ലപ്പെട്ടത്.
അബദ്ധത്തിലുണ്ടായ പീരങ്കി വെടിവയ്പിലാണ് മസ്കോവിറ്റ്സിന് ജീവൻ നഷ്ടപ്പെട്ടത്. അതിർത്തി സംഘർഷത്തിൽ രണ്ട് ഇസ്രേലി സൈനികരും കൊല്ലപ്പെട്ടു.
*🟨ടെഹ്റാനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം*
ടെഹ്‌റാൻ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ.
ടെഹ്‌റാനിലെ ഭരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഇസ്രയേൽ പ്രതിരോധസേന ആക്രമണം നടത്തിയത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടന്നുവരികയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസ്താവന നടത്തി നിമിഷങ്ങൾക്കകമാണ് ഇസ്രയേലിന്‍റെ ഈ അപ്രതീക്ഷിത നീക്കം.
ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
*🟨ലോക്സഭയില്‍ 2029 ഓടെ വനിതാ സംവരണം; വനിതാ സീറ്റുകള്‍ 273 ആയേക്കും; നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം*
2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീസംവരണ നിയമം നടപ്പിലാക്കുന്നതിനായി നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ വലിയ വർധനവുണ്ടായേക്കുമെന്നാണ് സൂചനകള്‍.
2023-ല്‍ പാർലമെന്റ് പാസാക്കിയ 'നാരി ശക്തി അഭിനന്ദൻ അധിനിയം' പ്രായോഗികമാക്കുന്നതിനാണ് പുതിയ ഭേദഗതികള്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ പാർലമെന്റില്‍ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുക എന്ന ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാകും.
ലോക്സഭാ വിപുലീകരണം: 2011-ലെ സെൻസസ് അടിസ്ഥാനമാക്കി പുതിയ മണ്ഡല പുനർനിർണയം (Delimitation) നടത്താനാണ് സർക്കാർ പദ്ധതി. ഇത് നടപ്പിലായാല്‍ നിലവിലെ 543 ലോക്സഭാ സീറ്റുകള്‍ 816 ആയി ഉയർന്നേക്കും.
സംവരണ സീറ്റുകള്‍: ഇതില്‍ ഏകദേശം 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടും.
ഭേദഗതി ഉടൻ: നിലവിലെ പാർലമെന്റ് സമ്മേളനത്തില്‍ തന്നെ ഭേദഗതി ബില്‍ കൊണ്ടുവരാനാണ് സർക്കാർ നീക്കം. പ്രതിപക്ഷ പാർട്ടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
സീറ്റ് നിർണയം: സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിന് 'നറുക്കെടുപ്പ്' രീതി അവലംബിച്ചേക്കും. ഇത് മണ്ഡലങ്ങള്‍ മാറിമാറി സംവരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. എന്നാല്‍ സിക്കിം പോലുള്ള ചെറിയ സംസ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല.
അടുത്ത സെൻസസിന് ശേഷം മാത്രം സംവരണം എന്നതായിരുന്നു ആദ്യത്തെ പദ്ധതിയെങ്കിലും, 2029 ഓടെ ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചതോടെയാണ് നടപടികള്‍ക്ക് വേഗത കൂടിയത്. ഈ നീക്കം യാഥാർത്ഥ്യമായാല്‍ ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായി ഇത് മാറും.
*🟨ലാൻഡിംഗിനിടെ വിമാനം ട്രക്കുമായി കൂട്ടിയിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു*
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ കാനഡ വിമാനം റൺവേയിലുണ്ടായിരുന്ന അഗ്നിശമന ട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും കോ പൈലറ്റും മരിച്ചു.
ഞായറാഴ്ച രാത്രി ലാ ഗാർദിയ വിമാനത്താവളത്തിലായിരുന്നു അപകടം. മറ്റൊരു വിമാനത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് പരിശോധിക്കാൻ റൺവേ മുറിച്ചുകടന്ന് ട്രക്ക് പോകവേയായിരുന്നു അപകടം.
വിമാനത്തിന്റെ മുൻഭാഗം തകർന്നു. 72 യാത്രക്കാരും നാലു ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്താവളത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 39 യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏതാനും പേർക്ക് ഗുരുതര പരിക്കാണ്. മറ്റുള്ളവർ ആശുപത്രി വിട്ടു. ട്രക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പോർട്ട് അഥോറിറ്റി ജീവനക്കാർക്കും പരിക്കേറ്റു.
അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു വരെ വിമാനത്താവളം അടച്ചിട്ടു.
*🟨ബ്രഹ്മഗിരിയിൽ സി.പി.എം വിയർക്കുന്നു; ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് കോടികളുടെ തിരിമറി*
കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റി കൂടുതൽ വിവാദത്തിലാകുന്നത് സംസ്ഥാനത്ത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകുന്നു. 100 കോടിയോളം രൂപയുടെ ബാധ്യതയുമായി മൂന്ന് വർഷം മുമ്പ് പ്രവർത്തനം നിലച്ച ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന മുൻ ജീവനക്കാരന്റെ ആരോപണത്തിനു പിന്നാലെ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് നടത്തിയ ഓഡിറ്റിങ്ങിൽ കോടികളുടെ തിരിമറി നടന്നത് കണ്ടെത്തിയതായും വിവരം. സൊസൈറ്റിയുടെ പ്രവർത്തനം പ്രതിസന്ധിയിലായതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പാർട്ടി നേതൃത്വം ഇടപെട്ട് സ്വകാര്യ കമ്പനിയെ ഉപയോഗിച്ച് ഓഡിറ്റിങ് നടത്തിയിരുന്നു. ഈ ഓഡിറ്റിങ്ങിൽ കോടികളുടെ വഴിവിട്ട ഇടപാടുകൾ കണ്ടെത്തിയെങ്കിലും അവ പുറത്തുവിടുകയോ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നടത്തിയിരുന്നു. ഈ ഓഡിറ്റിങ്ങിൽ കോടികളുടെ വഴിവിട്ട ഇടപാടുകൾ കണ്ടെത്തിയെങ്കിലും അവ പുറത്തുവിടുകയോ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
2021 ഡിസംബറിൽ ബ്രഹ്മഗിരി സൊസൈറ്റിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്ന് പാർട്ടി അംഗമായിരുന്ന അന്നത്തെ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി മഞ്ഞാടിയിലെ ബ്രഹ്മഗിരി ഓഫിസിലെത്തി താൻ നിക്ഷേപിച്ച 14 ലക്ഷം രൂപ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പതാകയും കന്നാസിൽ പെട്രോളുമായി കൽപറ്റ സ്വദേശി മാട്ടിൽ നൗഷാദ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്ന് മീനങ്ങാടി സി.ഐയുടെ സാന്നിധ്യത്തിൽ പാർട്ടി നേതാക്കളും സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഏപ്രിൽ ഒന്നിനകം മുഴുവൻ തുകയും നൽകുമെന്ന ഉറപ്പിലാണ് അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചത്. പണം തിരിച്ചുനൽകിയില്ലെങ്കിൽ എ.കെ.ജി സെന്ററിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് നൗഷാദ് മാധ്യമത്തോട് പറഞ്ഞു.
സൊസൈറ്റിയുടെ നിക്ഷേപകരും ജീവനക്കാരും ഭരണസമിതിയുമെല്ലാം സി.പി.എം അംഗങ്ങളോ സഹയാത്രികരോ ആണ്. എന്നാൽ, സംസ്ഥാന നേതൃത്വം ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിട്ടും നടപടിയുണ്ടായില്ല. ഫാക്ടറി അടച്ചുപൂട്ടിയതോടെ നൂറുകണക്കിന് നിക്ഷേപകർക്ക് പലിശ പോലും കിട്ടാതായി. 220 ഓളം ജീവനക്കാർക്ക് ശമ്പളയിനത്തിൽ ലക്ഷങ്ങളും ബാധ്യത വന്നു. ഉടൻ പരിഹരിക്കുമെന്ന വാഗ്ദാനത്തിനപ്പുറത്ത് നടപടികളൊന്നുമില്ലാതായതോടെയാണ് പാർട്ടി ഒതുക്കിനിർത്തിയ നിക്ഷേപകരും ജീവനക്കാരും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്. അതിനിടെ, പൂട്ടിക്കിടക്കുന്ന ബ്രഹ്മഗിരിക്ക് മൃഗസംരക്ഷണ വകുപ്പ് 10 കോടി രൂപ സാമ്പത്തിക സഹായം നൽകിയതും വിവാദമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് സി.പി.എം ഇങ്ങോട്ട് വരേണ്ടതില്ലെന്ന് നിക്ഷേപകർ അവരുടെ വീടുകൾക്ക് മുമ്പിൽ ബാനറുകൾ സ്ഥാപിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്വകാര്യ കമ്പനിയുമായി കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബ്രഹ്മഗിരി വിഷയം വീണ്ടും വിവാദത്തിലേക്ക് നീങ്ങുന്നത് പാർട്ടിക്ക് കൂടുതൽ ക്ഷീണം ചെയ്യും. നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച സുൽത്താൻ ബത്തേരിയിൽ യോഗം വിളിച്ചിട്ടുണ്ട്. കടുത്ത സമരത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് ഭാരവാഹികൾ പറയുന്നത്.
*🟨ട്രംപിന്‍റെ പ്രഖ്യാപനം; എണ്ണ തെന്നി വീണു*
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഒറ്റ പ്രഖ്യാപനത്തില്‍ വിപണിയില്‍ ട്വിസ്റ്റ്. ഇറാനുമായി ചര്‍ച്ച നടക്കുകയാണെന്നും ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് തല്‍ക്കാലം പിന്മാറുന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ വിപണിയില്‍ എണ്ണ വിലയിൽ വൻ ഇടിവ്.
ഒമാനിൽനിന്നാണ് ക്രൂഡ് വില പുറത്തുവന്നിരുന്നത്. ഇന്ന് രാവിലെ 160.20 ഡോളറിലായിരുന്നു വ്യാപാരം. ഇതിൽ 13 ശതമാനത്തിന്‍റെ കുറവ് ഉണ്ടായിരിക്കുന്നതായാണ് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചിരിക്കുന്നത്. ഒപ്പം ആഗോള ബ്രെന്‍റ് ക്രൂഡിന്‍റെ വിലയിലും വലിയ ഇടിവ് ഉണ്ടായി. 200 ഡോളറിലെത്തിക്കുമെന്നായിരുന്നു ഇറാന്‍റെ ഭീഷണി.
ക്രൂഡ് വില ഇടിഞ്ഞതോടെ സ്വര്‍ണവില തിരിച്ചുകയറി. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഇറാനെതിരായ ആക്രമണം നിര്‍ത്തിയേക്കുമെന്ന സൂചനയാണ് ട്രംപിന്‍റെ പുതിയ കുറിപ്പില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
*🟨മലയാളി നഴ്സ് സൗദിയിൽ അന്തരിച്ചു*
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നേഴ്സ് അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്.
അസുഖം ഗുരുതരമായതിനെ തുടർന്ന് ഈ മാസം അഞ്ചു മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലായിരിക്കെ ഹൃദയാഘാതമുണ്ടാവുകയും ആരോഗ്യനില കൂടുതൽ മോശമാവുകയും ചെയ്തതോടെ ഇന്നലെ വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ എട്ട് വർഷത്തിലധികമായി ഷെർളി ജിസാനിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ജോബിൻ നാട്ടിലാണ്. ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഷൈനി അറിയിച്ചു. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.
*🟨"വ്യക്തിത്വ അവകാശ സംരക്ഷണം; മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ*
ന്യൂഡൽഹി: തന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ച് ചൊവ്വാഴ്ച ഈ ഹർജി പരിഗണിക്കും.
പ്രധാനമായും പരസ്യങ്ങള്‍, ഉല്‍പന്നങ്ങള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്.നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ എന്നിവരും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.തങ്ങളുടെ പേര്, ശബ്ദം, ചിത്രങ്ങള്‍ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇവരടക്കമുള്ള താരങ്ങള്‍ നല്‍കിയിരുന്നത്.
ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഹൻലാലും നിയമപോരാട്ടത്തിന് ഇറങ്ങുന്നത്."
ശുഭദിനം.
Tags:
KERALA