🌹🌹പ്രവാസ ലോകത്തെ വായനക്കാർക്ക് റമളാൻ ആശംസകൾ 🌹🌹
*🟨🌍ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ നിര്ണായക നീക്കം; താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി*🌏🟨
ധാക്ക: ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ നിര്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ താരിഖ് റഹ്മാനെ ഇന്ത്യാ സന്ദർശനത്തിനായി നരേന്ദ്ര മോദി ക്ഷണിച്ചു.
ചൊവ്വാഴ്ച ധാക്കയിൽ നടന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്. ബംഗ്ലാദേശിലെ പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേർന്ന പ്രധാനമന്ത്രി, അയൽരാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.
പ്രധാനമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ഉള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഓം ബിർള, ഒരു ജനാധിപത്യപരവും പുരോഗമനപരവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
🟥🟦⬛✍️
*🟨🌏നാഗ-കുക്കി സംഘർഷം: 51 കുക്കി വിദ്യാർഥികളെ മാറ്റി*🌏🟨
ന്യൂഡൽഹി: മണിപ്പുരിൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ നാഗ ഭൂരിപക്ഷ ജില്ലയായ ഉക്രുളിലെ സ്കൂളിൽനിന്ന് 51 കുക്കി വിദ്യാർഥികളെ പോലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു.
ഉക്രുൾ രാംവയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽനിന്നാണ് 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികളെ കുക്കി ഭൂരിപക്ഷ ജില്ലയായ കാംഗ്പോക്പിയിലേക്കു മാറ്റിയത്. 51 വിദ്യാർഥികളിൽ 20 പേർ പെണ്കുട്ടികളാണ്. ഈ കുട്ടികളുടെ പരീക്ഷാകേന്ദ്രങ്ങളും കാംഗ്പോക്പി ജെഎൻവിയിലേക്കു മാറ്റി.
കഴിഞ്ഞ ഏഴിനു നടന്ന ആക്രമണത്തെത്തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
അക്രമസാധ്യത കണക്കിലെടുത്ത് സൈനിക അകന്പടിയോടെയാണു വിദ്യാർഥികളെ കുക്കി മേഖലയിലേക്കു മാറ്റിയത്. അക്രമങ്ങളിൽ ചില വിദ്യാർഥികൾക്കുകൂടി പങ്കുണ്ടെന്ന് നാഗകളുടെ വാട്സാപ് ഗ്രൂപ്പുകളിൽ തെറ്റായി പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കുക്കി വിദ്യാർഥികളെ സംഘർഷമേഖലയിൽനിന്ന് ഒഴിപ്പിച്ചത്.
*
*🟨🌏പതിനേഴുവർഷം തടവിൽ കഴിഞ്ഞ പാക് ചാരനെ നാടുകടത്തി*🌏🟨
സഹാരൺപുർ: ചാരവൃത്തിക്കേസിൽ യുപിയിലെ ഗൗതംബുദ്ധനഗർ ജയിലിൽ പതിനേഴുവർഷമായി തടവിൽക്കഴിഞ്ഞ പാക് പൗരനെ ജന്മനാട്ടിലേക്കു നാടുകടത്തി.
ദേവരാജ് സെഹ്ഗാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തിയ ഇഖ്ബാൽ ഭട്ടിയെ തിങ്കളാഴ്ച രാത്രി കനത്ത സുരക്ഷയിൽ വാഗ അതിർത്തിയിൽ പാക് അധികൃതർക്കു കൈമാറുകയായിരുന്നുവെന്ന് യുപി എഡിജിപി മനോജ് യാദവ് അറിയിച്ചു.
ശിക്ഷാ കാലാവധി പതിനൊന്നുമാസം മുന്പ് പൂർത്തിയായതിനെത്തുടർന്ന് ഭട്ടിയെ കഴിഞ്ഞ മാർച്ച് 22നു മോചിപ്പിച്ചിരുന്നു. തുടർന്ന് ഷഹാരൻപുരിലെ തടങ്കൽ കേന്ദ്രത്തിൽ കനത്ത സുരക്ഷയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഹകികാത് നഗറിലെ വാടകവീട്ടിൽ ദേവരാജ് എന്ന പേരിൽ കഴിഞ്ഞിരുന്ന ഇയാൾ പ്രദേശത്തെ ആളുകളുമായി ബന്ധംസ്ഥാപിച്ചാണ് ചാരവൃത്തിക്കു കളമൊരുക്കിയത്. വോട്ടർ ഐഡിയും പാൻകാർഡും റേഷൻകാർഡും മാത്രമല്ല സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് വരെ ഇദ്ദേഹം തുടങ്ങി. എങ്കിലും സംശയത്തിന്റെ പേരിൽ ബാങ്ക് ഓഫീസർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകി.
ഇതിനിടെ 2008ൽ പട്യാലയിൽ തന്ത്രപ്രധാന സൈനികരേഖകളും മാപ്പുമായി ഭട്ടിയെ പഞ്ചാബ് പോലീസ് പിടികൂടി. ഇയാളെ സഹാരൺപുരിൽ എത്തിച്ചശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചാരവൃത്തി സ്ഥിരീകരിച്ചത്. തുടർന്നാണ് കോടതി 17 വർഷം തടവുശിക്ഷ വിധിച്ചത്. ജയിൽമോചിതനായതോടെ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം ഭട്ടി പ്രകടിപ്പിക്കുകയായിരുന്നു.
🟥🟦⬛✍️
*🟨🌏ഗൂഗിൾ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യണമെന്നു നിർദേശം*🌏🟨
ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ആപ് അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. മുൻ വേർഷനുകളിൽ സുരക്ഷാപിഴവുകൾ ഉള്ളതിനാലാണ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്കു മാറണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് ഈ സുരക്ഷാ പഴുതുകൾ അടയ്ക്കുകയും സൈബർ ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് കേന്ദ്രം പറയുന്നു. ക്രോമിൽ സൈബർ ആക്രമണകാരികൾക്കു ഹാക്ക് ചെയ്യാൻ സാധിക്കുന്ന നിരവധി പഴുതുകളുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്സ് ടീം നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
ബ്രൗസറിലുള്ള ഒരു സാങ്കേതികപ്പിഴവ് മൂലം ഒരു ബഗ് ഉണ്ടാകുകയും ഇതു ഹാക്കർമാർ പ്രയോജനപ്പെടുത്തി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നുമാണ് ഏജൻസി പറയുന്നത്.
ലിനക്സിൽ 144.0.7559.75 എന്നതിനേക്കാളും വിൻഡോസിൽ 145.0.7632.75/76 എന്നതിനേക്കാളും ക്രോം ബ്രൗസർ വേർഷനുകൾ പഴയതാണെങ്കിൽ നിങ്ങളുടെ സിസ്റ്റം അപകടത്തിലാണെന്ന് നിർദേശത്തിൽ പറയുന്നു.
🟥🟦⬛✍️
*🟨🌍രാഹുലിനെതിരായ ബിജെപിയുടെ അപകീർത്തിക്കേസ് തള്ളി*🌏🟨
ബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നൽകിയ അപകീർത്തിക്കേസ് കർണാടക ഹൈക്കോടതി തള്ളി. കർണാടകത്തിൽ 2023 ലെ ബിജെപി ഭരണകാലത്ത് അഴിമതി നടന്നുവെന്നാരോപിച്ച് കാർഡ് പ്രസിദ്ധീകരിച്ചുവെന്നായിരുന്നു ഹർജിക്കാരായ ബിജെപിയുടെ ആക്ഷേപം. രാഹുൽ ഗാന്ധിക്കു പുറമേ അന്നത്തെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ എന്നിവർക്കെതിരേയും കേസ് ഉണ്ടായിരുന്നു.
കേസ് തുടരുന്നത് നിയമത്തെ പരിഹസിക്കന്നതിനു തുല്യമാണെന്ന രാഹുലിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് എസ്.സുനിൽ ദത്ത് യാദവിന്റെ തീരുമാനം.
*🟨🌍എയർ ഇന്ത്യയിലെ ദുരിതം എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രിക്ക് എംപിയുടെ കത്ത്*🌏🟨
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന്റെ രാജ്യാന്തര സർവീസിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാനമന്ത്രിക്കു കത്തെഴുതി കോണ്ഗ്രസ് എംപി ഗുർജീത് സിംഗ് ഓജ്ല.
കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ഉയർന്ന നിരക്ക് നൽകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നില്ല. പ്രവർത്തിക്കാത്ത വിനോദ ഉപകരണങ്ങൾ (സീറ്റിനു പിന്നിലെ സ്ക്രീൻ), തകർന്ന സീറ്റുകൾ, വൃത്തിഹീനമായ സാഹചര്യം തുടങ്ങിയവ നിമിത്തം യാത്രക്കാർ കഷ്ടപ്പെടുന്നതായി കത്തിൽ പറയുന്നു.
എയർ ഇന്ത്യ വിമാനങ്ങൾ നവീകരിക്കുന്നുണ്ടെങ്കിലും അതു പൂർത്തിയാകാൻ രണ്ടു വർഷത്തോളം കാത്തിരിക്കണം. അതുവരെ യാത്രക്കാർ ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ സാധിക്കില്ല.
കാനഡ, ഓസ്‌ട്രേലിയ, യുകെ, യുഎസ് റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ അടിയന്തര പരിശോധനയും ഓഡിറ്റും നടത്തണമെന്ന് ഓജ്ല കത്തിൽ ആവശ്യപ്പെട്ടു. ദീർഘദൂര യാത്രയിൽ നേരിട്ട ദുരനുഭവത്തെത്തുടർന്ന് യാത്രക്കാരനു നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ മാസം എയർ ഇന്ത്യയോട് ഉപഭോക്തൃ കമ്മീഷൻ നിർദേശിച്ചിരുന്നു.
🟥🟦⬛✍️
*🟨🌏"താരിഖ് റഹ്‌മാൻ അധികാരമേറ്റു ; ഇന്ത്യയെ
പ്രതിനിധീകരിച്ച്
സ്‌പീക്കർ ഓം ബിർള*🌍🟨
ധാക്ക
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി നേതാവ് (ബിഎൻപി) താരിഖ് റഹ്‌മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. 20 വർഷത്തിനുശേഷമാണ് ബിഎൻപി അധികാരത്തിൽ എത്തുന്നത്. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 18 മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് രാജ്യത്ത് പുതിയ സർക്കാർ ചുമതലയേറ്റത്. 25 മന്ത്രിമാരും 24 സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ന്യൂനപക്ഷ മതവിഭാഗത്തിൽ നിന്നുള്ള ബിഎൻപി വൈസ് പ്രസിഡന്റ് നിതായ് റോയ് ചൗധരിയും ദിപൻ ദെവാനും മന്ത്രിസഭയിൽ ഉൾപ്പെടുന്നു.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്‌മാന്റെയും മകനായ താരിഖ് റഹ്‌മാൻ 15 വർഷമായി ലണ്ടനിലായിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരഭ്രഷ്ടയായ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തതോടെ ഡിസംബറിലാണ് താരിഖ് റഹ്‌മാൻ നാട്ടിലെത്തിയത്. തെരഞ്ഞെടുപ്പുനടന്ന 297 സീറ്റിൽ 209ഉം നേടി ബിഎൻപി അധികാരത്തിലേക്ക് തിരിച്ചെത്തിയത്. മതമൗലിക നിലപാട് പിന്തുടരുന്ന ജമാഅത്തെ ഇസ്ലാമി 68 സീറ്റിൽ ഒതുങ്ങി. ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും വിദേശസെക്രട്ടറി വിക്രം മിസ്രിയും ചടങ്ങില്‍ പങ്കെടുത്തു."
🟥🟦⬛✍️
*🟨🌏സംസ്ഥാനങ്ങൾ സ്വന്തം ഫണ്ടുകളിൽനിന്ന്
പെൻഷന്‍ വിതരണം ചെയ്യണമെന്ന് കേന്ദ്രമന്ത്രി*
*സാമൂഹ്യസുരക്ഷാ പെൻഷൻ ; നയാപൈസ
തരില്ലെന്ന് കേന്ദ്രം , ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ ചുമലിലിട്ടു*🌍🟨
ന്യൂഡൽഹി
സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ സാമ്പത്തിക ഉത്തരവാദിത്വം പൂർണമായും സംസ്ഥാനങ്ങളുടെ ചുമലിലിട്ട് മോദി സർക്കാർ. ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരം മുതിർന്ന പൗരർ, വിധവകൾ, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങിയവർക്കുള്ള പെൻഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നാണ് കേന്ദ്രം പിൻമാറുന്നത്. സംസ്ഥാനങ്ങൾ സ്വന്തംനിലയ്‌ക്ക് പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക പുതുക്കണമെന്നും സ്വന്തം ഫണ്ടുകളിൽനിന്ന് തുക അനുവദിക്കണമെന്നും കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാന്‍ രാജ്യസഭയിൽ പറഞ്ഞു. ദേശീയ സാമൂഹ്യ സഹായ പരിപാടിക്ക് (എൻഎസ്‌എപി) കീഴിലുള്ള മൂന്ന് കോടിയിലധികം ഗുണഭോക്താക്കളെ വഴിയാധാരമാക്കുന്നതാണ് കേന്ദ്രനിലപാട്.
എൻഎസ്‌എപി പ്രകാരം ദാരിദ്ര്യരേഖയ്‌ക്ക് കീഴിലുള്ളവർക്കായി മൂന്ന് പദ്ധതികളാണ് നിലവിലുള്ളത്. 60 വയസ്സ് മുതൽ 79 വയസ്സ് വരെയുള്ളവർക്ക് 200 രൂപ, പ്രായപൂർത്തിയായ ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപ, 40 വയസ്സിന് മുകളിലുള്ള വിധവകൾക്ക് 300രൂപ എന്നിങ്ങനെയാണ് ഇൗ പദ്ധതികൾ അനുസരിച്ചുള്ള പ്രതിമാസ പെൻഷനുകൾ. ഇവയിൽ 80 വയസ്സിന് മുകളിലുള്ള ഗുണഭോക്താക്കൾക്ക് 500 രൂപയാണ് പെൻഷൻ. നിലവിൽ, 2007–12ൽ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക അനുസരിച്ചാണ് പെൻഷൻ വിതരണം."
"കാലാനുസൃതമായി പട്ടിക പുതുക്കാനോ, അർഹരായവരെ പുതിയതായി ഉൾപ്പെടുത്താനോ, പെൻഷൻ തുക വർധിപ്പിക്കാനോ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇൗ ഉത്തരവാദിത്തങ്ങളെല്ലാം സംസ്ഥാനങ്ങളുടെ ബാധ്യതയാക്കി കേന്ദ്രം കൈകഴുകുകയാണെന്ന് വ്യക്തമാക്കുന്നതാണ് രാഘവ്‌ഛദ്ദ എംപിയുടെ ചോദ്യത്തിനുള്ള മന്ത്രി കമലേഷ് പസ്വാന്റെ മറുപടി. എൻഎസ്‌എപിയിൽ കൂടുതൽ പേർക്ക് പെൻഷനുകൾ ലഭിക്കേണ്ടതാണെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം ഫണ്ടുകളിൽ നിന്നും സഹായങ്ങൾ അനുവദിക്കാമെന്നുമാണ് മന്ത്രിയുടെ മറുപടി.
2014ൽ മോദിസർക്കാർ അധികാരത്തിലെത്തിയശേഷം ഒരു രൂപ പോലും പെൻഷൻ തുക വർധിപ്പിച്ചിട്ടില്ല. 2007ലാണ് മുതിർന്ന പൗരർക്കുള്ള പെൻഷൻ 75 രൂപയിൽ നിന്നും 200 രൂപ ആക്കിയത്. 2011ലാണ് 80 വയസ്സിന് മുകളിലുള്ളവരുടെ പെൻഷൻ 500 രൂപ ആക്കി വർധിപ്പിച്ചത്. ഭിന്നശേഷി വിഭാഗക്കാരുടെ പെൻഷൻ 2012ലാണ് 200ൽ നിന്ന് 300 ആക്കിയത്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് നടപ്പാക്കിയ വിബിജിആർഎഎംജി നിയമം സംസ്ഥാനങ്ങളോട് പദ്ധതിക്കായി 40 ശതമാനം വിഹിതം നൽകണമെന്ന് വ്യവസ്ഥചെയ്യുന്നു. ഇത് സംസ്ഥാനങ്ങൾക്ക് വൻ സാന്പത്തിക ബാധ്യത വരുത്തുമെന്ന വിമർശങ്ങൾക്കിടെയാണ് പുതിയ നീക്കം. ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളോടുള്ള സാമൂഹികഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാർ പൂർണമായും പിൻമാറുന്നത് നിരാശാജനകമാണെന്ന് സാമൂഹ്യസംഘടനകളും മനുഷ്യാവകാശപ്രവർത്തകരും ചൂണ്ടിക്കാട്ടി."
🟥🟦⬛✍️
*🟨🌏ആക്കുളത്തുനിന്ന്
ചേറ്റുവയിലേക്ക് ബോട്ടിൽ പോകാം ; പശ്‌ചിമ തീര ജലപാതയുടെ ആദ്യഘട്ടമായി*🌍🟨
തിരുവനന്തപുരം
സംസ്ഥാനത്ത് ജലഗതാഗത മേഖലയിൽ വിനോദസഞ്ചാരത്തിനും ചരക്കുനീക്കത്തിനും വിപ്ലവകരമായ സാധ്യതകൾ തുറന്ന് പശ്‌ചിമതീര കനാലിന്റെ ആദ്യഘട്ടം ഉദ്‌ഘാടനത്തിന് ഒരുങ്ങി. ആക്കുളം മുതൽ ചേറ്റുവരെയുള്ള 280 കിലോമീറ്ററാണ് തുറക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഇൗ ജലപാത. ഇതിൽ ശിവഗിരി ടണലിന്റെ ഏകദേശം അരകിലോമീറ്റർ മണ്ണിടിച്ചിൽ കാരണം വീതി കൂട്ടാൻ കഴിഞ്ഞിട്ടില്ല. ഇൗ ഭാഗം ഉടൻ പൂർത്തിയാക്കും. മറ്റ് ഭാഗങ്ങളിൽ 25 മീറ്റർ വീതിയിലാണ് കനാൽ. രണ്ടുമീറ്ററാണ് ശരാശരി ജലനിരപ്പ്. യാത്രാബോട്ടുകൾക്കും ജങ്കാറുകൾക്കും പോകാൻ പാകത്തിലുള്ളതാണ് പാത.
പലയിടങ്ങളിലും ബോട്ടുജെട്ടികളുടെയും പാലങ്ങളുടെയും പ്രവൃത്തി നടന്നുവരുന്നു. ആദ്യഘട്ടത്തിനായി 600 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. 12.75 കോടി രൂപ മുടക്കി പൂർത്തീകരിച്ച കഠിനംകുളത്തെ സെന്റ് ആൻഡ്രൂസ് പാലത്തിന്റെ ഉദ്‌ഘാടനവും വടകര–മാഹി കനാലിന്റെ മൂഴിക്കര ലോക്ക് കം ബ്രിഡ്‌ജിന്റെ നിർമാണപ്രവൃത്തിയുടെ തുടക്കവും ആദ്യഘട്ട ജലപാത കമ്മീഷനിങ് ചടങ്ങിലുണ്ടാകും. ഇൗ മാസം 26 ന് വർക്കലയിലായിരിക്കും പരിപാടിയെന്നാണ് സൂചന. മൂഴിക്കര ലോക്ക് കം ബ്രിഡ്‌ജിന്റെയും അപ്രോച്ച് റോഡിനുമായി 35 കോടിയാണ് അനുവദിച്ചത്. പശ്‌ചിമതീര കനാലിന്റെ കോവളം മുതൽ ബേക്കൽവരെ 616 കിലോമീറ്ററാണ് ദൂരം. ഇതിൽ ചേറ്റുവ മുതൽ കോഴിക്കോട് വരെ
ദേശീയജലപാതയുടെ ഭാഗമാണ്. ദേശീയ ജലപാതയ്‌ക്കായി മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രബജറ്റിൽ വൻ തുക നീക്കിവച്ചപ്പോഴും കേരളത്തെ പരിഗണിച്ചില്ല. എങ്കിലും തുടർഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനാണ് സംസ്ഥാനസർക്കാർ തീരുമാനം. ഉൾനാടൻ ജലഗതാഗതവകുപ്പും കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡുംചേർന്നാണ് ജലപാതയുടെ നിർമാണം.
*ടണലിനകത്ത് ലൈറ്റും സൗണ്ട് ഷോയും*
ജലപാതയുടെ ഭാഗമായ ചിലക്കൂർ ടണൽ ടൂറിസം സെന്ററാകും. ടണലിന്റെ അറ്റകുറ്റപ്പണികൾ നടത്തിയതിനൊപ്പം സംരക്ഷണഭിത്തികളും, ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്‌ക്കായി ബോട്ട് ജെട്ടിയും നിർമിച്ചു. കിഫ്‌ബിയുടെ 24.98കോടി ധനസഹായത്തോടെയാണിത്. 4.8 മീറ്റർ വീതിയും 4.8 മീറ്റർ ഉയരവും 350 മീറ്റർ നീളവുമാണ് ടണലിനുള്ളത്. നാരായണ ഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തി ഏഴുമിനിട്ടുള്ള പ്രദർശനവുമുണ്ടാകും. സിയാലിന്റെ ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്‌ക്ക് ആവശ്യമായ ഉപകരണങ്ങളും ഇലക്‌ട്രിക് ബോട്ടും സജ്ജമാക്കിയത്."
🟥🟦⬛✍️
*🟨🌍"ഇന്നത്തെ ഇന്ത്യയെ കണ്ടാല്‍ ഗാന്ധിജി ലജ്ജിക്കും : ഫാറൂഖ് അബ്‌ദുള്ള*
🌍🟨
തിരുവനന്തപുരം
ജനങ്ങളെ തടവിലാക്കുന്ന ജനാധിപത്യത്തിനുവേണ്ടിയല്ല, എല്ലാവർക്കുമുള്ള ഇന്ത്യക്കുവേണ്ടിയാണ് പൂര്‍വികര്‍ ബ്രിട്ടീഷുകാരെ നാടുകടത്തിയതെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. ഇന്നത്തെ ഇന്ത്യയെ കണ്ടാൽ ഗാന്ധിജി പോലും ലജ്ജിക്കും. രാജ്യം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയുന്നത് പ്രയാസവും കള്ളം പറയുന്നത് എളുപ്പവുമായി മാറി. കേന്ദ്രമാണ് എല്ലാം നിയന്ത്രിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കേന്ദ്രം കടന്നുകയറുന്നതായും വിഷൻ 2031 സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അധികാരത്തിനായി ഫാസിസ്റ്റ് ശക്തികൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. വടക്ക് മുതൽ തെക്കുവരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും ഒരേ ഭാഷയും നിറവും വേണമെന്നാണ് അവരുടെ താത്പര്യം. നമ്മൾ വ്യത്യസ്‌തരായതുകൊണ്ടാണ് ഒന്നിച്ചിരിക്കുന്നത്. അത് വൈവിധ്യത്തിലെ ഏകത്വമാണ്. വൈവിധ്യം സംരക്ഷിച്ച് ഇന്ത്യയെ ശക്തമാക്കാം. ആത്യന്തികമായി ഫാസിസ്റ്റ് ശക്തികൾ വിജയിക്കില്ലെന്ന പ്രതീക്ഷയുണ്ട്. കേരളം മതനിരപേക്ഷയുടെ നാടാണ്. യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമല്ല. ഇപ്പോഴും കശ്‌മീരിനുമേല്‍ യുഎൻ നിരീക്ഷണമുണ്ട്. മുസ്ലീം സംസ്ഥാനമെന്ന് അറിയപ്പെടുന്നെങ്കിലും ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരാണ് കശ്‌മീരിലുള്ളവരെന്നും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു."
🟥🟦⬛✍️
*🟨🌏"പുതിയ ഉയരങ്ങൾ കാഴ്‌ചപ്പാടൊരുക്കി വിഷൻ 2031*🌍🟨
തിരുവനന്തപുരം
വെല്ലുവിളികൾ അതിജീവിച്ച് അതിശയപ്പെടുത്തിയ നേട്ടങ്ങളുണ്ടാക്കിയ കേരളത്തിന്റെ വളർച്ചയ്‌ക്ക് കൂടുതൽ വേഗംപകരാനുള്ള കാഴ്‌ചപ്പാട് നൽകി വിഷൻ 2031 അന്താരാഷ്‌ട്ര സമ്മേളനത്തിന് സമാപനം.
ജില്ലാതല സെമിനാറുകളുടെ ക്രോഡീകരണത്തോടൊപ്പം വിവിധ മേഖലകളിലെ ദേശീയ, അന്തർ ദേശീയ വിദഗ്ധരുൾപ്പെട്ട വിശദമായ ചർച്ചകളിൽ നിന്ന് രൂപംകൊണ്ട ആശയങ്ങളും നിർദേശങ്ങളും വരുംകാലത്തേക്കുള്ള മുതൽക്കൂട്ടായി. വികേന്ദ്രീകൃത ജനാധിപത്യവൽകരണത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന്റെ നിർദേശങ്ങളിൽ തുടർനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
വികസന മാതൃകകൾ അവതരിപ്പിച്ചും 2031ലെ കേരളം എങ്ങനെയാകണം എന്നതിന്റെ ആശയം രൂപീകരിച്ചുമായിരുന്നു ചർച്ചകൾ. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം. സംസ്ഥാനത്തിന്റെ അടുത്തഘട്ടത്തിലേക്കുള്ള വികസന നയങ്ങൾക്ക് ഉൗർജമായി 18 വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. വിദേശത്തുനിന്നുള്ളവർ ഉൾപ്പെടെ 4000 പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനത്തിനു സമാപനം കുറിച്ച് ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്‌ദുള്ള, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ, സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്, പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം, കനിമൊഴി എംപി, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ഡയറക്‌ടർ സയീദ് അക്തർ മിർസ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
🟥🟦⬛✍️
*🟨🌏"ഇന്ത്യക്ക് ഇന്ന് ഡച്ച് ; ഗ്രൂപ്പിലെ അവസാന മത്സരം*
🌍🟨
അഹമ്മദാബാദ്
ലോകകപ്പിൽ സൂപ്പർ എട്ടിലേക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ന് നെതർലൻഡ്‌സിനെ നേരിടും. അഹമ്മദാബാദ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കളി.
മൂന്ന് കളിയും ജയിച്ചാണ് ആതിഥേയരുടെ വരവ്. ഡച്ചുകാർ പാകിസ്ഥാനോടും അമേരിക്കയോടും തോറ്റു. നമീബിയക്കെതിരെ ജയിക്കാനായി. ഇന്ത്യൻ ടീമിൽ കര്യമായ മാറ്റങ്ങളുണ്ടാകും. ബൗളർമാരായ ജസ്‌പ്രീത് ബുമ്രക്കും വരുൺ ചക്രവർത്തിക്കും വിശ്രമം അനുവദിച്ചേക്കും. മുഹമ്മദ് സിറാജും അർഷ്‌ദീപ് സിങും കളിക്കും. രണ്ട് കളിയിലും റണ്ണെടുക്കാതെ പുറത്തായ ഓപ്പണർ അഭിഷേക് ശർമക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരമാണ്."
🟥🟦⬛✍️
*🟨🌍"കിവീസും കടന്നു ; കാനഡയ്ക്കെതിരെ ന്യൂസിലൻഡിന്
എട്ട് വിക്കറ്റ് ജയം*🌍🟨
ചെന്നൈ
കാനഡയുടെ ഇന്ത്യൻ വംശജൻ യുവരാജ് സിമ്രയുടെ സെഞ്ചുറിയിൽ കണ്ണഞ്ചിപ്പോയ മത്സരത്തിൽ ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയവും സൂപ്പർ എട്ടിലേക്കുള്ള ടിക്കറ്റും. ട്വന്റി20 ലോകകപ്പിൽ കിവീസിന്റെ ജയം അനായാസമായിരുന്നു.
*സ്‌കോർ: കാനഡ 173/4, ന്യൂസിലൻഡ് 176/2(15.1)*
വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ന്യൂസിലൻഡ് നാലാം ഓവറിൽ 30 റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്‌ടപ്പെട്ട് പരുങ്ങിയതാണ്. എന്നാൽ അർധസെഞ്ചുറികളുമായി ഗ്ലെൻ ഫിലിപ്‌സും രചിൻ രവീന്ദ്രയും വിജയമൊരുക്കി. കളിയിലെ താരമായ ഫിലിപ്‌സ് 36 പന്തിൽ 76 റണ്ണടിച്ചു. അതിൽ ആറ് സിക്‌സറും നാല് ഫോറും ഉൾപ്പെട്ടു. രചിൻ 39 പന്തിൽ 59 റൺ നേടി. യുവരാജ് സമ്രയും(65 പന്തിൽ 110) ക്യാപ്‌റ്റൻ ദിൽപ്രീത് സിങ് ബജ്‌വയും(36) ചേർന്നാണ് കാനഡക്ക് പൊരുതാനുള്ള സ്‌കോർ നൽകിയത്."
🟥🟦⬛✍️
*🟨🌍സ്പാനിഷ് ഫുട്ബോൾ ലീഗ് ; ബാഴ്‌സ വീഴുന്നു*
🌍🟨
മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ കിരീടത്തിലേക്ക് കുതിച്ചിരുന്ന ബാഴ്‌സലോണയ്‌ക്ക് അടിപതറുന്നു. 12–ാം സ്ഥാനക്കാരായ ജിറോണയോട് 2–1ന് തോറ്റു. ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും തുടർച്ചയായ രണ്ടാം തോൽവിയാണ്. കിങ്‌സ് കപ്പ് ആദ്യപാദ സെമിയിൽ അത്‌ലറ്റികോ മാഡ്രിഡിനോട് നാല് ഗോളിന് തകർന്നിരുന്നു.
പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ചാണ് ജിറോണ സ്വന്തംതട്ടകത്തിൽ ജയിച്ചുകയറിയത്. പൗ കുർബാസിയിലൂടെ ബാഴ്‌സ മുന്നിലെത്തി. എന്നാൽ തോമസ് ലെമറും ഫ്രാൻ ബെൽട്രാനും ആതിഥേയർക്കായി ലക്ഷ്യം കണ്ടു. നേരത്തേ ബാഴ്‌സയ്‌ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി സൂപ്പർതാരം ലമീൻ യമാൽ പാഴാക്കിയിരുന്നു.
തോൽവിയോടെ രണ്ടാംസ്ഥാനത്ത് തുടർന്നു ബാഴ്‌സ. 24 മത്സരത്തിൽ 58 പോയിന്റാണ്. ഒന്നാമതുള്ള റയൽ മാഡ്രിഡിന് 60. വിയ്യാറയലാണ് (45) മൂന്നാമത്. ജിറോണക്ക് 12–ാം സ്ഥാനത്ത് 29 പോയിന്റാണ്.
ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷമാണ് മത്സരത്തിന് ചൂടുപിടിച്ചത്. ലീഡ് വഴങ്ങിയശേഷം ജിറോണ നിരന്തരം മുന്നേറി. ബാഴ്‌സയുടെ പ്രതിരോധത്തിലെ വിള്ളലുകൾ കാട്ടുന്നതായിരുന്നു രണ്ട് ഗോളുകളും. ഇരട്ടപ്രഹരത്തിൽ സമ്മർദത്തിലായതോടെ തിരിച്ചുവരാനുള്ള സാധ്യതയും അവസാനിച്ചു. പരിക്കുസമയം ജോയൽ റോക ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്തുപേരുമായാണ് ജിറോണ കളി പൂർത്തിയാക്കിയത്. 22ന് ലെവന്റെയുമായാണ് ബാഴ്‌സയുടെ അടുത്ത പോരാട്ടം."
🟥🟦⬛✍️
*🟨🌍ലോകകപ്പിൽ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ കളിക്കാരൻ*
*യുവരാജ് രണ്ടാമൻ*🌍🟨
ചെന്നൈ
കളത്തിൽ സെഞ്ചുറിയുമായി തിളങ്ങി യുവരാജ് രണ്ടാമൻ! ഇന്ത്യയിൽ വേരുളള കാനഡയുടെ യുവരാജ് സമ്രയാണ് ലോകകപ്പിൽ ചരിത്രമെഴുതിയത്. സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനായി. ന്യൂസിലൻഡിനെതിരെ 65 പന്തിൽ 110 റണ്ണടിച്ച് മടങ്ങിയത് റെക്കോഡിട്ടാണ്. 19 വർഷവും 141 ദിവസവുമാണ് പ്രായം. 2014ൽ പാകിസ്ഥാന്റെ അഹമ്മദ് ഷെഹ്‌സാദ് ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടുമ്പോൾ 22 വയസ്സായിരുന്നു.
ഇന്ത്യയിൽനിന്നും കാനഡയിലേക്ക് കുടിയേറിയ അഛൻ ബൽജിത് സിങാണ് മകന് ‘യുവരാജ് സമ്ര’ എന്ന് പേരിട്ടത്. കാനഡയിലെ ബ്രാംപ്‌റ്റണിലാണ് ജനനം. മുൻ ക്രിക്കറ്റ് താരം യുവരാജ് സിങിനോടുള്ള കടുത്ത ആരാധനയായിരുന്നു കാരണം. മകനെ ക്രിക്കറ്റ് കളിക്കാരനാക്കാൻ ചെറുപ്പംമുതൽതന്നെ പരിശീലനം നൽകി. കഴിഞ്ഞവർഷം കാനഡ ദേശീയ ടീമിൽ അരങ്ങേറി. കിവീസിനോട് തോറ്റെങ്കിലും ഇടംകൈയൻ ബാറ്ററുടെ സെഞ്ചുറി ശ്രദ്ധിക്കപ്പെട്ടു. 11 ഫോറും ആറ് സിക്‌സറും നിറം പകർന്ന ഇന്നിങ്സ്. അസോസിയേറ്റ് അംഗമായ ടീമിലെ കളിക്കാരൻ ലോകകപ്പിൽ സെഞ്ചുറി നേടുന്നതും ആദ്യം. 58 പന്തിലാണ് 100 കടന്നത്.
*ഇൗ നിമിഷം ഞാനെന്നും സ്വപ്‌നം കാണാറുണ്ടായിരുന്നു. അതിത്രവേഗം സാധ്യമാകുമെന്ന് കരുതിയില്ല. ഇൗ സെഞ്ചുറി അഛന് സമർപ്പിക്കുന്നു.*
*– യുവരാജ് സമ്ര"*
🟥🟦⬛✍️
*🟨🌍സൂപ്പർ എട്ടിൽ എത്തിയവർ: ഇന്ത്യ, ശ്രീലങ്ക, വെസ്‌റ്റിൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, ന്യൂസിലൻഡ്*
*ഓസീസ്, മടങ്ങാം*
🌍🟨
പല്ലെക്കെലെ
ക്രിക്കറ്റ്‌കളം വാണ ഓസ്‌ട്രേലിയ മടങ്ങുന്നു. ട്വന്റി20 ലോകകപ്പിൽ ആരും പ്രവചിക്കാത്ത പുറത്താകൽ. ഒരു ഗ്രൂപ്പ് മത്സരം ശേഷിക്കെയാണ് ദയനീയ തിരിച്ചടി. സിംബാബ്‌വേയും അയർലൻഡും തമ്മിലുള്ള മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് 2021ലെ ചാമ്പ്യൻമാരുടെ പതനം പൂർത്തിയായത്. ലോകകപ്പ് ചരിത്രത്തിൽ രണ്ടാം തവണയാണ് ഗ്രൂപ്പ്‌ഘട്ടത്തിൽ പുറത്താകുന്നത്. 2009ൽ വെസ്‌റ്റിൻഡീസിനോടും ശ്രീലങ്കയോടും തോറ്റായിരുന്നു മടക്കം.
ഗ്രൂപ്പ് ‘ബി’യിൽ നിന്ന് ശ്രീലങ്കക്കൊപ്പം സിംബാബ്‌വേ അപ്രതീക്ഷിതമായി സൂപ്പർ എട്ടിലെത്തി. നീണ്ട ഇടവേളക്കുശേഷം ശൗര്യം വീണ്ടെടുത്ത സിംബാബ്‌വേ ആദ്യമായാണ് സൂപ്പർ എട്ടിലെത്തുന്നത്.
മൂന്ന് കളി പൂർത്തിയാക്കിയ ഓസീസിന് ഒറ്റ ജയമാണുളളത്. അയർലൻഡിനെ 67 റണ്ണിന് കീഴടക്കിയാണ് തുടക്കം. എന്നാൽ സിംബാബ്‌വേയോടും ലങ്കയോടും തോറ്റു. മഴനിയമപ്രകാരം 23 റണ്ണിനാണ് സിംബാബ്‌വേയോടുള്ള തോൽവി. ലങ്കയാകടെ വീറുറ്റ പ്രകടനത്തോടെ എട്ട് വിക്കറ്റിന് ജയിച്ചു. 20ന് ഒമാനെതിരായ കളിയാണ് ഓസീസിന് ബാക്കി.
നാളെ സിംബാബ്‌വേ ലങ്കയെ നേരിടും. മൂന്ന് കളിയും ജയിച്ച ലങ്കയ്‌ക്ക് ആറ് പോയിന്റുണ്ട്. സിംബാബ്‌വേക്ക് അഞ്ച്. അയർലൻഡിന് മൂന്ന്. ഓസീസ് രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ നാലാമതാണ്. മൂന്നും തോറ്റ ഒമാന് പോയിന്റില്ല."
"മിച്ചെൽ മാർഷ് നയിക്കുന്ന ഓസീസ് ടീം പ്രതാപകാലത്തിന്റെ നാലയലത്തില്ല. പാറ്റ് കമ്മിൻസും ജോഷ് ഹാസിൽവുഡും പരിക്കിനെതുടർന്ന് പിൻവാങ്ങിയതോടെ ബൗളിങ് ഡിപ്പാർട്ട്‌മെന്റ് പൊളിഞ്ഞു. പരിക്കുണ്ടായിരുന്ന ക്യാപ്‌റ്റൻ മാർഷിന് രണ്ട് കളി നഷ്‌ടമായി. ട്രാവിസ് ഹെഡിനായിരുന്നു ചുമതല. ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ മൈതാനത്ത് നിഴൽ മാത്രമായിരുന്നു. കാമറൂൺ ഗ്രീനും ടിം ഡേവിഡും തിളങ്ങിയില്ല.
സൂപ്പർ എട്ട്
21 മുതൽ
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാകുംമുമ്പ് ഏഴ് ടീമുകൾ സൂപ്പർ എട്ടിലേക്ക് മുന്നേറി. ഒരു ടീമിനാണ് ഇനി അവസരം. അത് മിക്കവാറും പാകിസ്ഥാനായിരിക്കും. ഇന്ത്യ ഉൾപ്പെട്ട എ ഗ്രൂപ്പിൽ ഇന്ന് നമീബിയയെ തോൽപ്പിച്ചാൽ പാകിസ്ഥാൻ കടക്കും. മത്സരങ്ങൾ പൂർത്തിയാക്കിയ അമേരിക്കക്കും പാകിസ്ഥാനും നാല് പോയിന്റാണുള്ളത്. റൺനിരക്കിൽ അമേരിക്കയാണ് മുന്നിൽ. അതിനാൽ നമീബിയ പാകിസ്ഥാനെ കീഴടക്കിയാൽ അമേരിക്ക മുന്നേറും.
ബി, സി, ഡി ഗ്രൂപ്പുകളിൽ മത്സരങ്ങൾ പൂർത്തിയാകുംമുമ്പ് ടീമുകൾ സൂപ്പർ എട്ട് ഉറപ്പിച്ചു. നാല് ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് അവസരം. എട്ട് ടീമുകൾ വീണ്ടും രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റുമുട്ടും. അതിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലെത്തും. മാർച്ച് നാലിനും അഞ്ചിനുമാണ് സെമി. ഫൈനൽ മാർച്ച് എട്ടിനാണ്.
*സൂപ്പർ എട്ട് മത്സരങ്ങൾ*
ഫെബ്രുവരി 21 ന്യൂസിലൻഡ് x എ ഗ്രൂപ്പ് റണ്ണറപ്പ് (കൊളംബോ)
22: ഇംഗ്ലണ്ട് x ശ്രീലങ്ക(പല്ലെക്കെലെ)
ഇന്ത്യ x ദക്ഷിണാഫ്രിക്ക(അഹമ്മദാബാദ്)
23: സിംബാബ്‌വേ x വിൻഡീസ്(മുംബൈ)
24: ഇംഗ്ലണ്ട് x എ ഗ്രൂപ്പ് റണ്ണറപ്പ് (പല്ലെക്കെലെ)
25: ന്യൂസിലൻഡ്x ശ്രീലങ്ക(കൊളംബോ)
26: വിൻഡീസ് x ദക്ഷിണാഫ്രിക്ക(അഹമ്മദാബാദ്)
ഇന്ത്യ x സിംബാബ്‌വേ(ചെന്നൈ)
27: ഇംഗ്ലണ്ട് x ന്യൂസിലൻഡ്(കൊളംബോ)
28: ശ്രീലങ്ക x എ ഗ്രൂപ്പ് റണ്ണറപ്പ് (പല്ലെക്കെലെ)
മാർച്ച് 1: സിംബാബ്‌വേ x ദക്ഷിണാഫ്രിക്ക(ഡൽഹി)
ഇന്ത്യ x വിൻഡീസ് (കൊൽക്കത്ത)
ശുഭദിനം.
Tags:
KERALA