*🟨പീഡനക്കേസ്; മാങ്കൂട്ടം ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ*
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കോസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനോട് ഇന്നും നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പല ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകുന്നില്ല. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലയളവിൽ രാഹുൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചില ഫോണുകൾ വിറ്റുപോയെന്നും ചിലത് നഷ്ടപ്പെട്ടെന്നുമാണ് രാഹുലിന്റെ മറുപടി. ഇത് അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. തിരുവനന്തപുരത്തും പാലക്കാട്ടുവച്ചും പീഡനം നടന്നുവെന്നാണ് യുവതിയുടെ പരാതി.
ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യ വ്യവസ്ഥയനുസരിച്ചാണ് രാഹുൽ ഹാജരാകുന്നത്. ഇന്നലെ ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരം നാലിനാണ് അദ്ദേഹത്തെ വിട്ടയച്ചത്.
*🟨വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം*
എരുമപ്പെട്ടി: വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറമനേങ്ങാട് നെല്ലിക്കുന്നിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 42-45 വയസിനിടയിൽ പ്രായമുള്ള സ്ത്രീയുടേതാണെന്നും അസ്ഥികൂടത്തിന് 152 സെന്റിമീറ്റർ ഉയരമുണ്ടെന്നും ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായി. അസ്ഥികൂടത്തിലുണ്ടായിരുന്ന ഏലസിൽ ഖുറാൻലിഖിതവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ചിറമനേങ്ങാട് നെല്ലിക്കുന്ന് പാടശേഖരത്തിനുസമീപം ആൾത്താമസമില്ലാത്ത വീടിന്റെ വരാന്തയിലാണ് കുഴിച്ചിട്ടനിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. മൂന്നുവർഷം മുമ്പാണ് ഈ വീട്ടിൽ താമസമുണ്ടായിരുന്നത്. ആലപ്പുഴയിലുള്ള സ്ത്രീകളടക്കമുള്ള ഒരു കുടുംബവും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു.
അടഞ്ഞുകിടന്നിരുന്ന വീട് പഴയ ഉടമസ്ഥന്റെ കൈയിൽനിന്നു രണ്ടുവർഷംമുമ്പ് മറ്റൊരാൾ വാങ്ങിയിരുന്നു. ഞായറാഴ്ച വൈകുന്നേരും വീടിന്റെ പിന്നിലെ ചായ്പിന്റെ നിലം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തുണികളിലും പായയിലും പൊതിഞ്ഞനിലയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.
അസ്ഥികളോടൊപ്പം തുണികളുടെയും പായയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി. തിരിച്ചറിയാതിരിക്കാൻ മൃതദേഹം അടുപ്പിനടിയിൽ കുഴിച്ചിട്ടതിനുശേഷം കുഴിമൂടി മണ്ണു തേച്ചു പിടിപ്പിച്ചിരിക്കുകയായിരുന്നു. കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെയും എരുമപ്പെട്ടി ഇൻസ്പെക്ടർ അനീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
ഈ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചാണ് പ്രാഥമികഅന്വേഷണം നടത്തുന്നത്. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം. നൗഷാദ്, മെമ്പർമാരായ ആമിന സുലൈമാൻ, പ്രകാശൻ പേങ്ങാട്ടുപാറ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
*🟨എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കും; തീരുമാനം ഇന്ന്*
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റും സന്തതസഹചാരിയുമായിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പുതുയുഗയാത്ര ഇന്നു പാലക്കാട്ടെത്തുമ്പോള് സുരേഷ് ജാഥയില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കെപിസിസി നേതാക്കള്‍ ചര്‍ച്ച നടത്തി. കെപിസിസി വക്താവ് സന്ദീപ് വാര്യരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ഇനി സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫാണെന്നും സുരേഷ് പറഞ്ഞു.
പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ കെപിസിസി നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎമ്മില്‍ കടുത്ത അപമാനമാണ് നേരിട്ടതെന്നു സുരേഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
പുറത്താക്കിയാല്‍ പുറത്താക്കിയതുതന്നെയാണ്. ഇനി നൂറുതവണ അപ്പീല്‍ തന്നിട്ടും കാര്യമില്ല. സുരേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യം പാര്‍ട്ടി പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് വിട്ടുപോകുന്നതു മലമ്പുഴയിലെ സിപിഎം വോട്ടുകളെ ബാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിനിടെ സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സ്വാഗതം ചെയ്തു.
ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വി.എസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് ഇന്നു വ്യക്തമായ തീരുമാനമുണ്ടാകും.
*🟨തദ്ദേശസ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം മികച്ച കോർപറേഷൻ*
തിരുവനന്തപുരം: 2024-25 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി, ലൈഫ് മിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി കൊല്ലം കരസ്ഥമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം), ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം) എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.
ഗ്രാമ പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ ഉഴമലയ്ക്കൽ പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും എളവള്ളി പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും മാണിയൂർ പഞ്ചായത്ത് (കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി.
മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി (തൃശൂർ) ഒന്നാം സ്ഥാനവും മട്ടന്നൂർ മുനിസിപ്പാലിറ്റി (കണ്ണൂർ) രണ്ടാം സ്ഥാനവും കുന്നംകുളം മുനിസിപ്പാലിറ്റി (തൃശൂർ) മൂന്നാം സ്ഥാനവും നേടി. മുനിസിപ്പൽ കോർപറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷൻ ഒന്നാം സ്ഥാനം നേടി.
*🟨"ന്യൂസ്ക്ലിക്ക് കമ്പനി 120 കോടി രൂപയും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത 64 കോടിയും
പിഴയൊടുക്കണമെന്ന്*
*ന്യൂസ് ക്ലിക്കിന്
184 കോടി പിഴ ; പ്രതികാര നടപടിയുമായി മോദി സര്‍ക്കാര്‍*
ന്യൂഡൽഹി
മോദി സർക്കാരിന്റെ കൊള്ളരുതായ്‌മകള്‍ക്കെതിരെ തെളിവ് സഹിതം വാര്‍ത്തകള്‍ നൽകുന്ന സ്വതന്ത്ര മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓൺലൈൻ പോര്‍ട്ടലിനെതിരെ പ്രതികാര നടപടിയുമായി ഇഡി. വിദേശത്തുനിന്ന് പണം സ്വീകരിച്ചതില്‍ ഫെമ ചട്ടലംഘനം ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തയ്‌ക്കും ഇഡി 184 കോടി രൂപയുടെ ഭീമൻ പിഴയിട്ടു. പോർട്ടൽ ഉടമയായ പിപികെ ന്യൂസ്‍ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് 120 കോടി രൂപയും പുർകായസ്‌ത 64 കോടി രൂപയും പിഴയൊടുക്കണമെന്നാണ് നോട്ടീസ്.
ചൈനീസ് മാധ്യമസ്ഥാപനവുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ പൗരനിൽ നിന്ന് പണം സ്വീകരിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ ആരോപണങ്ങൾ തള്ളിയ ന്യൂസ്‌ക്ലിക്ക് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ബാങ്കുകൾ വഴിനിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2021ൽ ഡൽഹിയിലെ ന്യൂസ്‌ക്ലിക്ക് ആസ്ഥാനത്ത് 50 മണിക്കൂറാണ് ഇഡി റെയ്‌ഡ് നടത്തിയത്.
പ്രബീർ പുർകായസ്‌തയെയും എച്ച്‌ആർ വിഭാഗം മേധാവി അമിത് ചക്രവർത്തിയെയും 2023ൽ യുഎപിഎ കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്‌റ്റും ചെയ്‌തു. അറസ്‌റ്റ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കി സുപ്രീംകോടതി 2024ൽ മോചിപ്പിച്ചു. കേസിൽ പൊലീസ് ഉരുണ്ടുകളിച്ചതിനെ സുപ്രീംകോടതി രൂക്ഷമായാണ് അന്ന് വിമർശിച്ചത്."
*🟨"ഇഷ്‌ടനേതാവ് മോദി; കാരണം എനിക്കിനിയും
ഇവിടെ ജീവിക്കണം’*
മുംബൈ
നിങ്ങളുടെ ഇഷ്‌ടപ്പെട്ട രാഷ്‌ട്രീയ നേതാവാരാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോ– ടിവി9 അഭിമുഖത്തിൽ ചോദ്യം ബോളിവുഡ് നടി തപ്‌സി പന്നുവിനോട്. അവരുടെ മറുപടി സാമൂഹമാധ്യമങ്ങളില്‍ വൈറലായി. നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ തോട്ട് തൊഴുത് തപ്‌സി പറഞ്ഞു ‘എനിക്ക് ഇനിയും ഇൗ രാജ്യത്ത് ജീവിക്കണം’.
ഇന്ത്യ കടന്നുപോകുന്നത് എത്ര പേടിപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണെന്ന് തപ്‌സിയുടെ മറുപടി വ്യക്തമാക്കുന്നെന്ന് നിരവധിപ്പേർ സാമൂഹ്യമാധ്യമത്തിൽ പ്രതികരിച്ചു. വലിയ രീതിയിൽ ട്രോളുകളുമുണ്ടായി.
തപ്‌സിയുടെ പുതിയ ചിത്രം ‘അസ്സി’ ഈ മാസം 20ന് റിലീസ് ചെയ്യും. ചിത്രത്തില്‍ മലയാളിനടി കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു."
*🟨വിവാഹപൂർവ്വ ലൈംഗിക ബന്ധം ഒഴിവാക്കണം, പങ്കാളിയെ അന്ധമായി വിശ്വസിക്കരുത്; സുപ്രീംകോടതിയുടെ വിചിത്ര പരാമർശം*
ന്യൂഡൽഹി: വിവാഹപൂർവ്വ ലൈംഗിക ബന്ധത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതരാണെന്നും അതിനാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നുമാണ് കോടതി നിരീക്ഷിച്ചത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ബിവി നാഗരത്നയുടെ ഈ പരാമർശം. വിവാഹത്തിന് മുമ്പ് ആരെയും അന്ധമായി വിശ്വസിക്കരുത്. അപരിചിതരുമായി ഇടപെടുമ്പോൾ അങ്ങേയറ്റം ജാഗ്രത പാലിക്കണം.
ഇത്തരം കാര്യങ്ങൾ പഴയ രീതികളായി തോന്നാമെങ്കിലും നിലവിലെ സാഹചര്യത്തിൽ അവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും കോടതി പറഞ്ഞു. കർശനമായ ജീവിത സാഹചര്യങ്ങളിൽ വളരുന്നവർ ഇത്തരം ബന്ധങ്ങളിലേക്ക് പോകില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഡൽഹിയിലും ദുബായിലും വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാൽ, ഇത് കേവലം വിചാരണയിലൂടെ മാത്രം പരിഹരിക്കേണ്ട ഒന്നല്ലെന്നും മധ്യസ്ഥതയിലൂടെ പ്രശ്നം തീർക്കാൻ ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ ഈ നിരീക്ഷണങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിലുള്ള ശാരീരികബന്ധത്തിനെതിരെയുള്ള ഈ പരാമർശത്തിനെതിരെ ചർച്ചകളും ഉയരുന്നുണ്ട്."
*🟨"എക്‌സിൽ സാങ്കേതിക തകരാർ; ലോഗിൻ ചെയ്യാൻ കഴിയാതെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ*
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് ആഗോളതലത്തിൽ നിശ്ചലമായി. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമായത്.
ലോഗിൻ ചെയ്യുന്നതിനും ഫീഡുകൾ റിഫ്രഷ് ചെയ്യുന്നതിനും പോസ്റ്റുകൾ പങ്കുവെക്കുന്നതിനും ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടു. വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഡൗൺ ഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം മൂവായിരത്തിലധികം പേർ തകരാർ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ ഏകദേശം 41,000-ത്തിലധികം റിപ്പോർട്ടുകളും യുണൈറ്റഡ് കിംഗ്ഡത്തിൽ പതിനായിരത്തിലധികം പരാതികളുമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തിയത്.
മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരുന്നു കൂടുതൽ പേർക്കും തടസ്സം നേരിട്ടത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന തടസ്സത്തിന് ശേഷം സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ തകരാറിന്റെ കാരണം വ്യക്തമാക്കാൻ എക്സ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് എക്സ് ഇത്തരത്തിൽ വലിയ സാങ്കേതിക തകരാർ നേരിടുന്നത്."
*🟨കർണാടകയിലെ കോടതികളിൽ ബോംബ് ഭീഷണി; അന്വേഷണം ഊർജിതമാക്കി പൊലീസ്*
ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ബെംഗളൂരു സൗത്ത്, മാണ്ഡ്യ, മടിക്കേരി, മംഗളൂരു എന്നീ ജില്ലാ കോടതികൾക്കും കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിനുമാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്.
കോടതി സമുച്ചയങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെത്തുടർന്ന് സംസ്ഥാന വ്യാപകമായി കോടതികളിൽ കനത്ത സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കോടതികളുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയത്.
12 ആർഡിഎക്സ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിമിഷങ്ങൾക്കുള്ളിൽ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. വിവരമറിഞ്ഞയുടൻ പൊലീസ് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി കോടതി സമുച്ചയങ്ങൾ ഒഴിപ്പിച്ചു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. ഒരേ സമയം വിവിധ നഗരങ്ങളിലെ കോടതികളെ ലക്ഷ്യം വെച്ച് ഭീഷണി എത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
സംഭവത്തിൽ കേസെടുത്ത പൊലീസ്, ഇമെയിലിന്റെ ഐപി അഡ്രസ്സും ഉറവിടവും കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടി. മുൻകരുതൽ നടപടിയായി എല്ലാ കോടതി സമുച്ചയങ്ങളിലും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുകയും പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്."
*🟨"കോഴിക്കോട് മെഡിക്കൽ കോളേജ്*
*കോഴിക്കോട് അവയവദാന ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേര് നൽകുന്നത് പരിഗണിക്കും: മുഖ്യമന്ത്രി*
പത്തനംതിട്ട(മല്ലപ്പള്ളി): കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് നിർമാണമാരംഭിച്ച അവയവദാന ആശുപത്രിക്ക് ആലിൻ ഷെറിൻ ഏബ്രഹാമിന്റെ പേരുനൽകും . മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.. ആലിനിന്റെ കുടുംബം ചെയ്തത് മഹത്തരമായ കാര്യമാണെന്നും ഏവർക്കും മാതൃകയായ തീരുമാനമെടുത്ത കുടുംബത്തെ സർക്കാർ ചേർത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയാണ് മുഖ്യമന്ത്രി മല്ലപ്പള്ളി മഞ്ഞത്താനത്തെ ആലിൻ ഷെറിന്റെ വീട്ടിലെത്തിയത്. വീട്ടിലെത്തി കുഞ്ഞിന്റെ കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.മന്ത്രി വീണാ ജോർജ്, മാർത്തോമ്മ മെത്രാപ്പൊലീത്ത ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസ്, സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവരുമെത്തി. ആലിനിന്റെ മാതാപിതാക്കളായ അരുണിനെയും ഷെറിനെയും മറ്റു ബന്ധുക്കളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു."
*🟨"എതിര്‍പ്പ് പ്രകടമാക്കി ഈജിപ്ത്, ഖത്തര്‍,
ജോർദാൻ*
*വെസ്‌റ്റ് ബാങ്കും കവരുന്നു ;
വ്യാപക പ്രതിഷേധം*
ടെൽഅവീവ്
വെസ്റ്റ് ബാങ്കിലെ ഭൂമി "സർക്കാർ സ്വത്തായി" രജിസ്റ്റർ ചെയ്യാൻ ഇസ്രയേൽ അംഗീകാരം നൽകിയ നടപടിക്കെതിരെ വ്യാപകപ്രതിഷേധം. അധിനിവേശ പ്രക്രിയയുടെ കടുത്ത ചുവടുവയ്‌പ്പും പലസ്തീൻ രാഷ്ട്രത്തിന്റെ അടിത്തറ തകർക്കുന്നതുമാണ് ഇസ്രയേൽ നടപടിയെന്ന് പലസ്തീൻ അതോറിറ്റി പ്രതികരിച്ചു. അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും അഭ്യര്‍ഥിച്ചു.
പലസ്‌തീന്റെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന് അറബ് രാഷ്‌ട്രങ്ങള്‍ പ്രതികരിച്ചു. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലി നിയന്ത്രണം ഏകീകരിക്കാൻ ലക്ഷ്യമിട്ടുള്ള അപകടകരമായ നടപടിയാണിതെന്ന് ഇൗജിപ്‌ത് പ്രതികരിച്ചു. ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും വിമർശവുമായി രംഗത്തെത്തി. പലസ്‌തീൻ ജനതയുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നീക്കമാണിതെന്ന് ഖത്തർ വിദേശമന്ത്രാലയം പ്രതികരിച്ചു.
വെസ്റ്റ് ബാങ്കിനെ ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തിന്റെ അടിത്തറയായിട്ടാണ് പലസ്തീന്‍കാര്‍ പരിഗണിക്കുന്നത്. എന്നാൽ ഇസ്രായേലിലെ തീവ്ര വലതുപക്ഷം ഈ ഭൂമി പിടിച്ചെടുക്കാനുള്ള നിരന്തരശ്രമിത്തിലാണ്. 1990ലെ ഓസ്ലോ ഉടമ്പടി പ്രകാരം പലസ്തീൻ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിന്റെ പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കുന്നതടക്കമുള്ള നിരവധി നടപടികൾക്ക് കഴിഞ്ഞയാഴ്ച ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 1967 മുതൽ ഇസ്രയേൽ കൈവശപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശത്ത് ഏകദേശം 30ലക്ഷം പലസ്തീൻകാരാണ് താമസിക്കുന്നത്. ഈ മേഖലയില്‍ അനധികൃതമായി ഉണ്ടാക്കിയ കുടിയേറ്റ കേന്ദ്രങ്ങളില്‍ 5 ലക്ഷത്തിലധികം ഇസ്രായേലികൾ താമസിക്കുന്നു."
*🟨"ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്
ആവേശോജ്വല തുടക്കം*
ചെന്നൈ
രാജ്യത്തെ ലൈബ്രറി പ്രസ്ഥാനത്തിനും വിജ്ഞാനസംവിധാനങ്ങൾക്കും നവഉൗർജം പകർന്ന് ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് നാലാം എഡിഷന് ചെന്നൈയിൽ ആവേശോജ്വല തുടക്കം. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം ഭരണഘടനയുടെ ആമുഖം വായിച്ച് ഉദ്‌ഘാടനചടങ്ങുകൾക്ക് തുടക്കം കുറിച്ചു. വി ശിവദാസൻ എംപി അധ്യക്ഷനായ സെഷനിൽ ആർ ഗിരിരാജൻ എംപി, മൃദുലാകോശി, ടി കെ ഗോവിന്ദൻ, പി കെ വിജയൻ, വി വിജയകുമാർ, എം ആർ മനു തുടങ്ങിയവർ സംസാരിച്ചു. അണ്ണാ സെന്റിനറി ലൈബ്രറി ചീഫ് ലൈബ്രേറിയൻ എസ് കാമാക്ഷി സ്വാഗതം പറഞ്ഞു.
അനുദിനം മാറുന്ന രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങളിൽ ലൈബ്രറികൾ വഹിക്കുന്ന നിർണായകമായ പങ്കിനെക്കുറിച്ച് മുൻ എംപിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. എൽ ഹനുമന്തയ്യ സംസാരിച്ചു. പൊതുഇടങ്ങൾ, കവിത, സാമൂഹ്യമായ ചെറുത്തുനിൽപ്പുകൾ – എന്ന വിഷയം മുൻ ചീഫ്‌സെക്രട്ടറി വി ഇറൈ അൻപ്, കേരള സംഗീതനാടക അക്കാദമി ഉപാധ്യക്ഷ പുഷ്‌പവതി പൊയ്‌പ്പാടത്ത് എന്നിവർ അവതരിപ്പിച്ചു.
സാമൂഹ്യപരിവർത്തനങ്ങളിൽ സംഗീതത്തിന്റെ രാഷ്ട്രീയം വഹിക്കുന്ന പങ്കിനെ അടയാളപ്പെടുത്തുന്ന ഗാനങ്ങൾ പുഷ്‌പവതി അവതരിപ്പിച്ചു. പുതിയ ഇന്ത്യയിലെ ഫെഡറലിസത്തിന്റെ സാധ്യതകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രമുഖമാധ്യമപ്രവർത്തകനും മാധ്യമനിരീക്ഷകനുമായ ശശികുമാർ വീക്ഷണങ്ങൾ പങ്കിട്ടു. ഇന്ത്യയുടെ ബഹുസ്വര, ഫെഡറൽ ഘടന സംരക്ഷിക്കാൻ പുരോഗമന ലൈബ്രറിനയങ്ങളുടെ ആവശ്യം ശശികുമാർ വിശദീകരിച്ചു.
പിന്നീട് നടന്ന സെഷനിൽ പ്രശസ്‌ത എഴുത്തുകാരനും എംപിയുമായ സു വെങ്കടേശൻ തന്റെ നോവലായ ‘വേൽപാരി’ യെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു. ചലചിത്രപ്രവർത്തകൻ ഭാസ്‌കർ ശക്തി മോഡറേറ്ററായി. പ്രമുഖ മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്, കവി സൽമ, കനിമൊഴി എംപി, ആർ
സച്ചിതാനന്ദം എംപി, ഉമാ മഹാദേവൻ ഐഎഎസ് തുടങ്ങിയവരും സമാപന ദിവസമായ ചൊവ്വാഴ്‌ചത്തെ സെഷനുകളിൽ പങ്കെടുക്കും.
*🟨"അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വര്‍ക്ക് ഫ്രം ഹോം*
ഷാർജ: റംസാൻ മാസത്തിൽ അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വര്‍ക്ക് ഫ്രം ഹോം സൗകര്യം പ്രഖ്യാപിച്ചു. അജ്മാൻ മാനവവിഭവശേഷി വകുപ്പാണ് ‘റംസാൻ അജ്മാൻ വിത്ത് ഫാമിലി' എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്‌ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് നടപടി. ജീവനക്കാർക്ക് ജോലിയിലും കുടുംബജീവിതത്തിലും മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. യുഎഇ പ്രഖ്യാപിച്ച കുടുംബവർഷത്തിന്റെ ഭാഗമായാണ് തീരുമാനം. റംസാൻ മാസത്തിൽ കുടുംബങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാനും സാമൂഹിക ഐക്യം വർധിപ്പിക്കാനും നടപടി സഹായിക്കും."
*🟨"നിസംഗയ്ക്ക് സെഞ്ച്വറി; ഓസ്‌ട്രേലിയയെ വീഴ്ത്തി ശ്രീലങ്ക*
കാൻഡി: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്ത് ശ്രീലങ്ക. കാൻഡിയിലെ പല്ലെക്കലെ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിലാണ് ലങ്കൻ സിംഹങ്ങൾ അപ്രമാദിത്യം പുലർത്തിയത്. ഈ തോൽവിയോടെ ഓസ്‌ട്രേലിയയുടെ സൂപ്പർ 8 പ്രതീക്ഷകൾ മങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറിൽ 181 റൺസിന് പുറത്തായി. ഒരു ഘട്ടത്തിൽ 104-ന് പൂജ്യം എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിനെ മധ്യനിരയിലെ തകർച്ചയാണ് വലച്ചത്. ട്രവിസ് ഹെഡ് (56), മിച്ചൽ മാർഷ് (54) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി.
ലങ്കയ്ക്ക് വേണ്ടി ദുഷാൻ ഹേമന്ത മൂന്ന് വിക്കറ്റും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക അനായാസം ലക്ഷ്യം കണ്ടു. ഓപ്പണർമാരായ പാതും നിസങ്കയുടെയും കുസാൽ മെൻഡിസിന്റെയും വെടിക്കെട്ട് ബാറ്റിംഗ് ലങ്കയ്ക്ക് ജയം എളുപ്പമാക്കി.
നിസ്സംഗയുടെ സെഞ്ച്വറി നേട്ടം കളിയുടെ ഗതി മാറ്റി. പതിനെട്ടാം ഓവറിൽ തന്നെ എട്ടു വിക്കറ്റ് ബാക്കിനിൽക്കെ ലങ്ക ലക്ഷ്യത്തിലെത്തി. സിംബാബ്‌വെയോടും തോറ്റ ഓസ്‌ട്രേലിയക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രമാണുള്ളത്.
നാളെ നടക്കുന്ന സിംബാബ്‌വെ - അയർലൻഡ് മത്സരത്തിൽ സിംബാബ്‌വെ ജയിച്ചാൽ ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകും.
*🟨"ഇവർക്ക് എത്ര അവസരങ്ങൾ നൽകി, എന്നിട്ടും നിരാശ മാത്രം"; രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി*
മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കാഴ്ചവെച്ച മോശം പ്രകടനത്തിൽ കടുത്ത വിമർശനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദി രംഗത്ത്. ലങ്കൻ മണ്ണിൽ പാകിസ്ഥാനെതിരെ അനായാസജയമാണ് ഇന്ത്യ നേടിയത്. 61 റൺ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യയെ ഒരുഘട്ടത്തിൽപോലും പ്രതിസന്ധിയിലാക്കാൻ സൽമാൻ ആഗയ്ക്കും സംഘത്തിനും സാധിച്ചിരുന്നില്ല.
സൂപ്പർ 8 ഘട്ടത്തിലേക്ക് കടക്കാൻ നമീബിയക്കെതിരെയുള്ള മത്സരത്തിൽ വിജയിക്കുകയോ അല്ലെങ്കിൽ മഴ മൂലം കളി ഉപേക്ഷിക്കപ്പെടുകയോ ചെയ്യേണ്ട അവസ്ഥയിലാണ് പാകിസ്ഥാൻ. ഈ സാഹചര്യത്തിൽ ബാബർ അസം, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് അഫ്രീദി ആവശ്യപ്പെട്ടു.
വർഷങ്ങളായി ബാബർ, ഷദാബ്, ഷഹീൻ തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ നിരാശ മാത്രമാണ് ഫലമെന്നും പാക് ചാനൽ ചർച്ചയിൽ അഫ്രീദി പറഞ്ഞു. അതിനാൽ നമീബിയക്കെതിരെ പുതിയ താരങ്ങളെ പരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഷഹീനെയും ഷദാബിനെയും ബാബറിനെയും ഒഴിവാക്കൂ. നമീബിയക്കെതിരെ പുതിയ മുഖങ്ങളെ പരീക്ഷിക്കുകയും പുതിയ കളിക്കാർക്ക് ആത്മവിശ്വാസം വളർത്താൻ അവസരം നൽകുകയും ചെയ്യുക. ഇവർ ഏറെക്കാലമായി കളിക്കുന്നു. നമ്മൾ പ്രകടനം പ്രതീക്ഷിക്കുമ്പോഴെല്ലാം അവർ പരാജയപ്പെടുന്നു. ഈ സീനിയർ താരങ്ങൾ നമുക്ക് ആവശ്യമുള്ള പ്രകടനം നൽകുന്നില്ലെങ്കിൽ, ബെഞ്ചിലിരിക്കുന്ന ജൂനിയർ താരങ്ങളെ കളിപ്പിക്കൂ. അതിൽ എന്ത് വ്യത്യാസമാണുള്ളത്?" അഫ്രീദി ചോദിച്ചു.
ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയെയാണ് ഷഹീൻ വിവാഹം കഴിച്ചിരിക്കുന്നത്.
"സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യ 174 റൺസ് നേടിയത് തന്റെ സ്പിന്നർമാരുടെ മോശം പ്രകടനം കാരണമാണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ പ്രതികരിച്ചിരുന്നു. "ഞങ്ങൾ ഞങ്ങളുടെ സ്പിന്നർമാരിൽ വിശ്വസിച്ചിരുന്നു, പക്ഷേ ഇന്ന് അവർക്ക് ഒരു 'ഓഫ് ഡേ' ആയിരുന്നു. കളിയിൽ പലയിടത്തും പ്ലാനിങ് നടപ്പിലാക്കാൻ സാധിച്ചില്ല. ബാറ്റിങിൽ ഞങ്ങൾക്ക് നല്ല തുടക്കം ലഭിച്ചില്ല," - സൽമാൻ ആഗ പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ ജയിക്കാൻ 176 റൺ ലക്ഷ്യമിട്ട പാകിസ്ഥാന്റെ ക്യാപ്‌റ്റൻ സൽമാൻ ആഗയടക്കം(4) നാല് മുൻനിര ബാറ്റർമാർക്കും രണ്ടക്കം കടക്കാനായിരുന്നില്ല. വിക്കറ്റ്‌കീപ്പർ ഉസ്‌മാൻഖാന്റെ 44 റണ്ണാണ് 100 കടത്തിയത്. ബൗളർ ഷഹീൻ അഫ്രീദി(23*) അവസാനം നടത്തിയ കൂറ്റനടികൾ നാണക്കേട് ഒഴിവാക്കി. ഷദാബ്‌ഖാനും(14) ഷഹിം അഷ്‌റഫും(10) മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. ബാബർ അസം അഞ്ച് റണ്ണിന് മടങ്ങി."
*🟨കാൾസൻ
ഫ്രീസ്‌റ്റൈൽ
ചെസ് ചാമ്പ്യൻ*
വാംഗിൾസ് (ജർമനി)
നോർവേയുടെ മാഗ്‌നസ് കാൾസൻ പ്രഥമ ഫിഡെ ഫ്രീസ്‌റ്റൈൽ ചെസ് ലോക ചാമ്പ്യൻഷിപ്പിൽ ജേതാവായി. അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ ഫൈനലിൽ കീഴടക്കി(2.5–1.5). നാല് റൗണ്ട് മത്സരങ്ങളിൽ ആദ്യ രണ്ടും സമനിലയായി.
മൂന്നാമത്തേത് കാൾസൻ നേടി. അവസാനത്തെ കളി സമനിലയായതോടെ മുപ്പത്തഞ്ചുകാരൻ വിജയിയായി. ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ആറാംസ്ഥാനത്താണ്."
*🟨"അഫ്‌ഗാന് ആദ്യ ജയം ; യുഎഇയെ അഞ്ച് വിക്കറ്റിന് കീഴടക്കി*
ന്യൂഡൽഹി
യുഎഇയെ അഞ്ച് വിക്കറ്റിന് കീഴടക്കി അഫ്‌ഗാനിസ്ഥാൻ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. അസ്‌മത്തുള്ള ഒമർസായിയുടെ ഓൾറൗണ്ട് മികവാണ് വിജയമൊരുക്കിയത്.
നാല് ഓവറിൽ 15 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത പേസർ 21 പന്തിൽ പുറത്താകാതെ 40 റണ്ണുമടിച്ചു. മൂന്ന് സിക്‌സറും രണ്ട് ഫോറും ബാറ്റിൽനിന്നും പറന്നു. സ്‌കോർ: യുഎഇ 160/9, അഫ്‌ഗാൻ 162/5(19.2). ഇബ്രാഹിം സദ്രാന്റെ (53) അർധ സെഞ്ചുറിയും വിജയത്തിന് അടിത്തറയായി. യുഎഇക്കായി സൊഹെയ്‌ബ്‌ഖാനും(68) മലയാളിയായ അലിഷാൻ ഷറഫുവും(40) തിളങ്ങി."
*🟨നെയ്‌മർ
കളത്തിൽ ; സാന്റോസിനായി പകരക്കാരൻ*
സാന്റോസ്
ലോകകപ്പ് ഫുട്‌ബോളിൽ ബ്രസീലിയൻ കുപ്പായം അണിയാനുള്ള ആഗ്രഹത്തോടെ നെയ്‌മർ കളത്തിൽ. പരിക്കുമാറി ഇൗ വർഷത്തെ ആദ്യ മത്സരത്തിനിറങ്ങി. ദേശീയ ലീഗിൽ വെലോ ക്ലുബെയ്‌ക്കെതിരെ സാന്റോസിനായി രണ്ടാംപകുതിയിൽ പകരക്കാരനായാണ് മുപ്പത്തിനാലുകാരൻ ഇറങ്ങിയത്. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.
സാന്റോസ് 6–0ന് ജയിച്ചു. കാൽമുട്ടിന് പരിക്കേറ്റ് അവസാന സീസണിൽ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. മൂന്ന് വർഷത്തോളമായി പരിക്കിനെ തുടർന്ന് ബ്രസീൽ ടീമിൽനിന്ന് പുറത്താണ് മുന്നേറ്റക്കാരൻ. 2023 ഒക്ടോബറിൽ ഉറുഗ്വേക്കെതിരെയാണ് അവസാനമായി കളിച്ചത്. അന്നും പരിക്കേറ്റ് മടങ്ങുകയായിരുന്നു.
ജൂണിൽ അരങ്ങേറുന്ന ലോകകപ്പാണ് ലക്ഷ്യമെന്ന് നെയ്‌മർ പ്രഖ്യാപിച്ചിരുന്നു. ശാരീരികക്ഷമത തെളിയിച്ചാൽ ഉറപ്പായും താരം ടീമിലുണ്ടാകുമെന്ന് പരിശീലകൻ കാർലോ ആൻസെലോട്ടി അറിയിക്കുകയും ചെയ്‌തു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. 128 മത്സരത്തിൽ 79 ഗോളുണ്ട്."
*🟨"ഓരോ കളിയും പുതിയ പാഠങ്ങൾ*
*അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ
ആരോൺ ജോർജ്
ഹൈദരാബാദ് മലയാളി ; സെമിയിൽ സെഞ്ചുറിയും
‘മാൻ ഓഫ് ദി മാച്ചും’*
തൃശൂർ
ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയപ്പോൾ ശക്തി പകരാൻ ആരോൺ ജോർജിന്റെ ബാറ്റുണ്ടായിരുന്നു. സെമിയിൽ അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ റൺമല താണ്ടിയത് ഇൗ മലയാളി ബാറ്ററുടെ സെഞ്ചുറിക്കരുത്തിലാണ്. ജനിച്ചത് കോട്ടയത്താണെങ്കിലും പഠിച്ചതും വളർന്നതും കളിച്ചതുമെല്ലാം ഹൈദരാബാദിൽ. അഛൻ ഈശോ വർഗീസാണ് ക്രിക്കറ്റിലേക്ക് കൈപിടിച്ചത്. അമ്മ പ്രീതിയും സഹോദരി അനന്യയും അടങ്ങുന്നതാണ് കുടുംബം. അമ്മ വീടാണ് കോട്ടയം. ഹൈദരാബാദ് പൊലീസിൽ എസ്‌ഐയായിരുന്ന അഛൻ മാവേലിക്കര സ്വദേശിയാണ്. ലോകകപ്പിൽ അഞ്ച് കളിയിൽ 170 റണ്ണാണ് സമ്പാദ്യം. സ്വപ്‌നസമാനമായ വിജയവും പ്രതീക്ഷകളും പത്തൊമ്പതുകാരൻ പങ്കുവെയ്‌ക്കുന്നു...
*ലോകകപ്പ് വിജയം*
ഏഷ്യാ കപ്പിൽ നന്നായി കളിക്കാൻ സാധിച്ചു. അതിനാൽ ലോകകപ്പ് ടീമിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. കിട്ടിയ അവസരം നന്നായി ഉപയോഗിക്കാനായി. സെമിയിൽ സുപ്രധാന ഇന്നിങ്‌സ് കളിച്ചതിൽ അഭിമാനമുണ്ട്. അഫ്‌ഗാനിസ്ഥാനെതിരെ വലിയ സ്‌കോറാണ് പിന്തുടരാനുണ്ടായിരുന്നത്. അതിനാൽ മികച്ച ഇന്നിങ്‌സ് കളിക്കണമായിരുന്നു. സുരക്ഷിതമായ ഷോട്ടുകൾ കളിക്കാനാണ് ശ്രമിച്ചത്. വൈഭവ് സൂര്യവംശി അടിച്ച് തകർത്തപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ കളിക്കാനാണ് ശ്രമിച്ചത്. കൂടുതൽ ബൗണ്ടറികൾ നേടാനാണ് ശ്രമിക്കാറ്. ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ മാത്രം സിക്‌സറടിക്കും. ലോകകപ്പ് ജയിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും ആഗ്രഹമാണ്.
*ഇന്ത്യൻ കുപ്പായം*
ഹൈദരാബാദിനു വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. അണ്ടർ 23, രഞ്ജി ട്രോഫിയെല്ലാം മുന്നിലുണ്ട്. അതിലാണ് ഇപ്പോഴത്തെ ശ്രദ്ധ. സെലക്ടർമാരുടെ പദ്ധതി അനുസരിച്ച് കാര്യങ്ങൾ ചെയ്യണം. തീർച്ചയായും ഐപിഎൽ, ഇന്ത്യൻ ടീമിലെല്ലാം കളിക്കണം. ഇപ്പോൾ വിശ്രമമാണ്. ഇത്തരം സമയം വളരെ കുറവാണ് കിട്ടുന്നത്. അതിനു ശേഷം വീണ്ടും പരിശീലനത്തിലേക്ക് മടങ്ങും. അടുത്തമാസം കോട്ടയത്ത് ബന്ധുക്കളെ കാണാൻ വരണമെന്നുണ്ട്.
*പിച്ച് ഒരുക്കിയ അപ്പ*
അപ്പ (ഇൗശോ വർഗീസ്) ആണ് ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത്. നാല് വയസ് മുതൽ ബാറ്റ് ചെയ്യിപ്പിക്കുമായിരുന്നു. ക്രിക്കറ്റിൽ ഭാവിയുണ്ടെന്ന് അപ്പ എപ്പോഴും പറയും. കളിക്കാനായി താമസിക്കുന്ന സ്ഥലത്തിനു അടുത്ത് ഒരു ചെറിയ പിച്ചും ഒരുക്കി. ആറ് വയസ് തൊട്ട് പ്രഫഷണലായി പരിശീലനം ആരംഭിച്ചു. സ്വാഭാവികമായ ബാറ്റിങ് ശൈലിയിലാണ് കളിക്കുന്നത്. പോരായ്‌മകളുണ്ടെങ്കിൽ പരിശീലകരുടെ നിർദേശം അനുസരിച്ച് മാറ്റം വരുത്തും. മലയാളിയായ ബിജു നായർക്ക് കീഴിലാണ് ഇപ്പോൾ പരിശീലനം.
*മനസിനും പരിശീലനം*
ഓരോ കളിയുടെ ഫലവും അംഗീകരിക്കാൻ മനസിനും പരിശീലനം ആവശ്യമാണ്. എല്ലാ കളിയിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കാനുണ്ടാകും. നമ്മൾ ജയിച്ചാൽ അതിനർഥം അതിൽ പിഴവുകൾ ഇല്ലെന്നല്ല. നമ്മൾ എതിർ ടീമിനേക്കാൾ നന്നായി കളിച്ചുവെന്നാണ്.
നമ്മുടെ പോരായ്‌മകൾ മനസിലാക്കി മുന്നോട്ട് പോകണം. വിജയം സ്വഭാവികമായും ആഘോഷിക്കും. ക്രിക്കറ്റിൽ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് സ്വയം ഓർമിപ്പിക്കും. തോൽവി നമ്മളെ ബാധിക്കരുത്. ഒരുതരത്തിലും നെഗറ്റീവാകാൻ പാടില്ല. തോൽവിയുടെ കാരണം കണ്ടെത്തി തിരുത്തുകയാണ് വേണ്ടത്."
ശുഭദിനം.
Tags:
KERALA