*🟨ബംഗളൂരു-മംഗളൂരു റൂട്ടിൽ മലബാറിലൂടെ പുതിയ വന്ദേഭാരത്*
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി- ഹൈ സ്പീഡ് ട്രെയിൻ നടത്തുക. ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി.
കർണാടകയിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു - മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ വൈദ്യുതീകരണ ജോലികൾ പൂർണമായതിനു ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത.
ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്.
നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ) സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ഏഴ് ജോഡികൾ ബംഗളൂരു കേന്ദ്രീകരിച്ചാണ് ഓടുന്നത്. ബംഗളൂരുവിൽ നിന്നുള്ള എട്ടാമത്തെ ജോഡി സർവീസ് ആയിരിക്കും മംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിൻ.
പുതിയ ബംഗളൂരു - മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈ രണ്ട് നഗരങ്ങൾക്ക് മധ്യേയുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
*🟨പുതുയുഗ യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കും; വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ*
കോഴിക്കോട്: വടകരയിലെ സ്വീകരണ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി.
വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഷാഫി പറമ്പിൽ നീരസം പ്രകടിപ്പിച്ചത്. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.
ജാഥ ക്യാപ്റ്റൻ വി.ഡി. സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യതവഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.
തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു.
പിന്നീട് സതീശന്‍റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി "പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ' വെന്നും കൂട്ടിച്ചേർത്തു.
*🟨ബിജു മേനോന് 15 ലക്ഷം രൂപ നല്‍കണം: പ്രൊഡ്യൂസേഴ്‌സ് അസോ.*
കൊച്ചി: സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കാത്തതില്‍ നടന് ബിജു മേനോനെതിരേ നടപടി കടുപ്പിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്.
ബിജു മേനോന് നായകനായ ‘നടന്ന സംഭവം’ എന്ന സിനിമയുടെ നിര്‍മാതാവ് അനൂപ് കണ്ണനു സംഭവിച്ച നഷ്ടം നികത്താനായി ബിജു മേനോന് 15 ലക്ഷം രൂപ നല്‍കണമെന്നാണു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജുവിന്റെ പ്രതിഫലത്തില്‍നിന്ന് തുക ഈടാക്കും. ബിജു പണം നല്‍കിയില്ലെങ്കില്‍ ആ തുക കുറച്ച് പ്രതിഫലം നല്‍കും. ഇതുമായി ബന്ധപ്പെട്ട് ബിജു മേനോനു കത്ത് നല്‍കിയതായി ലിസ്റ്റിന് സ്റ്റീഫന്‍ കൊച്ചിയില്‍ പറഞ്ഞു. തുക നല്‍കിയില്ലെങ്കില്‍ ബിജുവുമായി സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
‘നടന്ന സംഭവം’എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി പത്തു ദിവസം നല്‍കാമെന്ന കരാറില്‍ ബിജു മേനോന് ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന് നിര്‍മാതാക്കളുടെ സംഘടനയ്ക്കു നല്കിയ പരാതിയില്‍ പറഞ്ഞത്.
*🟨പോക്സോ കേസ്: മുരാരി തന്ത്രിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; നടന്നത് ക്രൂരമായ അതിക്രമം*
കൊല്ലം: പുത്തുരില്‍ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുരാരി തന്ത്രി എന്ന രാജന്‍ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
നിലവില്‍ റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി നടത്തിയത് കരുതിക്കൂട്ടിയുള്ള ലൈംഗികാതിക്രമമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
സംഭവ സമയത്ത് ജ്യോതിഷാലയത്തില്‍ ഉണ്ടായിരുന്ന പ്രതിയുടെ ഭാര്യയുടെയും അമ്മയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
*🟨മൊബൈല്‍ഫോണിന്‍റെ പണം നൽകാതെ കബളിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍*
കൊച്ചി: മൊബൈല്‍ഫോണ്‍ വാങ്ങിയശേഷം ഫോണ്‍ പേയുടെ വ്യാജ ആപ് വഴി പണം നല്‍കിയതായി കാണിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
ഇടുക്കി പൂപ്പാറ സ്വദേശി അഭിനന്ദി (18) നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 11ന് എറണാകുളം മേനക ജിസിഡിഎ കോംപ്ലക്സിലുള്ള മൊബൈല്‍ സ്റ്റാര്‍ എന്ന കടയില്‍നിന്ന് ഫോണ്‍ വാങ്ങിയശേഷം ഫോണ്‍ പേയുടെ വ്യാജ ആപ് വഴി പണം നല്‍കിയതായി കാണിച്ച് വഞ്ചിക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്.
*🟨"മുഖ്യമന്ത്രി ചെയർമാൻ: മലയോര വികസനത്തിന് എംപവേർഡ് കമ്മിറ്റി*
തിരുവനന്തപുരം: മലയോര വികസന പ്രവർത്തനങ്ങൾക്കായി മലയോര വികസന എംപവേർഡ് കമ്മിറ്റി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ചെയർപേഴ്സണും കൃഷി, വനം മന്ത്രിമാർ വൈസ് ചെയർപേഴ്സൺമാരും ചീഫ് സെക്രട്ടറി കൺവീനറുമാകും. ആധുനിക സാങ്കേതികവിദ്യയും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കലും ഉപയോഗിച്ച് മനുഷ്യ-–വന്യജീവി സംഘർഷത്തിന് "സീറോ- കാഷ്വാലിറ്റി’ നയം നടപ്പാക്കുകയാണ് കമ്മിറ്റിയുടെ ഒരു ലക്ഷ്യം.
പശ്ചിമഘട്ട സമ്പദ്
വ്യവസ്ഥയെ ചരക്ക് അധിഷ്ഠിതത്തിൽനിന്ന് "മൂല്യവർധിത'ത്തിലേക്ക് മാറ്റും. വന്യജീവി ആക്രമണത്തിലൂടെ വിള നഷ്ടപ്പെടുന്ന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും.
പാരിസ്ഥിതിക ചട്ടങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, മലയോര ഹൈവേ, റോപ് വേകൾ, എയർസ്ട്രിപ്പുകൾ തുടങ്ങിയ പദ്ധതികൾക്കുള്ള തടസ്സങ്ങൾ നീക്കും. പരിസ്ഥിതി സംവേദനക്ഷമതയുള്ള മേഖലകളുടെ അതിരുകൾ അന്തിമമാക്കുകയും വനേതര ഭൂമികളിൽ പട്ടയം വിതരണം വേഗത്തിലാക്കുകയും ചെയ്യും.
കാർഷിക വിളകളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും വിപണനം ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. വന്യജീവി സംരക്ഷണ നിയമം ജനാനുകൂലമായി നടപ്പാക്കും. ഓരോ മൂന്നു മാസത്തിലും കമ്മിറ്റി യോഗങ്ങൾ കൂടും. ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും കലക്ടർമാരിൽനിന്നും നേരിട്ടും ലഭിക്കുന്ന പദ്ധതികളും വിഷയങ്ങളും ചർച്ച ചെയ്യും."
*🟨തായ്‌ലൻഡിൽ സ്കൂളിൽ തോക്കുധാരിയുടെ ആക്രമണം; വിദ്യാർഥികളെയും അധ്യാപകരെയും ബന്ദികളാക്കി*
ബാങ്കോക്ക് : തെക്കൻ തായ്ലൻഡിൽ സ്കൂളിൽ തോക്കുധാരിയുടെ ആക്രമണം. വിദ്യാർഥികളെയും അധ്യാപകരെയും ബന്ദികളാക്കി. വെടിവയ്പിൽ മൂന്നുപേർക്ക് പരിക്കേറ്റു. മണിക്കൂറുകൾക്കു ശേഷം അക്രമിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സോങ്ഖ്ല പ്രവിശ്യയിലെ പതോങ്പ്രഥൻകിരിവാട്ട് സ്കൂളിലാണ് സംഭവം. ഉച്ചകഴിഞ്ഞ് ക്ലാസുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി വെടിയുതിർത്തതായും വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 2022 ഒക്ടോബറിൽ, ജോലിയിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥൻ വടക്കുകിഴക്കൻ പട്ടണമായ ഉതായ് സാവനിലെ ഒരു ഡേ കെയർ സെന്ററിൽ അതിക്രമിച്ചു കയറി പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 36 പേരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ റാറ്റ്ചസിമയിൽ സൈനിക ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പിൽ 29 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
*🟨ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം*
മുംബൈ: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. 30 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ടായി.
30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായ സാം കറന് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിനായില്ല. 23 പന്തില്‍ 33 റണ്‍സെടുത്ത ജേക്കബ് ബേതലും 14 പന്തില്‍ 21 റണ്‍സെടുത്ത ജോസ് ബട്ലറും 14 പന്തില്‍ 30 റണ്‍സടിച്ച ഫില്‍ സാള്‍ട്ടും തിളങ്ങി.
മൂന്ന് വിക്കറ്റെടുത്ത ഗുടകേഷ് മോട്ടിയും രണ്ട് വിക്കറ്റെടുത്ത റോസ്റ്റൺ ചേസുമാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196-6, ഇംഗ്ലണ്ട് 19 ഓവറില്‍ 166ന് ഓള് ഔട്ട്.
വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും റോസ്റ്റൺ ചെയ്സിന്റെയും ജേസൺ ഹോൽഡറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ചെയ്സ് 34 റൺസും ഹോൽഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
*🟨ഇന്ത്യ x നമീബിയ ലോകകപ്പ് പോരാട്ടം രാത്രി ഏഴിന് ; സഞ്ജുവിന് ചാൻസ്*
ന്യൂഡല്‍ഹി: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. ഗ്രൂപ്പ് എയില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. നമീബിയ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനു നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടു.
*അഭിഷേക് ഉണ്ടാകില്ല*
ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. ശക്തമായ പനിയും ബാധിച്ചതിനാലാണ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ അഭിഷേകിനെ ഉദരസംബന്ധപ്രശ്നം അലട്ടുന്നതിനാല്‍ ടീം പരിശീലനത്തില്‍ പങ്കാളിയായില്ല.
ഇന്നു നമീബിയയ്ക്ക് എതിരേ അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്നാണ് സൂചന. അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. തുടര്‍ന്ന് ഫീല്‍ഡിനായി മൈതാനത്ത് എത്തിയില്ല. സഞ്ജുവായിരുന്നു പകരക്കാരനായി ഫീല്‍ഡില്‍ ഇറങ്ങിയത്. മാത്രമല്ല, മത്സരശേഷം ടീമുകളുടെ പരസ്പര ഹസ്തദാനത്തിനായും അഭിഷേക് ഗ്രൗണ്ടിലേക്ക് എത്തിയിരുന്നില്ല.
*സഞ്ജു പ്ലേയിംഗ് ഇലവനിൽ*
അഭിഷേക് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ഓപ്പണിംഗ് റോളിലേക്കു തിരിച്ചെത്തും. ഇഷാന് കിഷനും സഞ്ജുവുമായിരിക്കും ഇന്നു നമീബിയയ്ക്കെതിരേ ഓപ്പണ്‍ ചെയ്യുക.
ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ മോശം ഫോമിനു പിന്നാലെ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായി നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനു പകരം ഇഷാന് കിഷനായിരുന്നു ഓപ്പണിംഗിന് ഇറങ്ങിയത്. പ്ലേയിംഗ് ഇലവനിലെ സ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജുവിനു മുന്നിലുള്ള ഏക അവസരമാണ് ഇന്നു നമീബിയയ്ക്കെതിരേ വന്നുചേര്ന്നിരിക്കുന്നതെന്നതാണ് വാസ്തവം.
*ബുംറ, വാഷിംഗ്ടണ്‍*
അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇന്നു പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. 10 ദിവസത്തെ ഇടവേളയ്ക്കുശേഷം ബുംറ പന്ത് എറിഞ്ഞു തുടങ്ങിയതായി അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ഡോഷെ പറഞ്ഞു.
പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നു പ്ലേയിംഗ് ഇലവനില്‍ വാഷിംഗ്ടണ്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. ബുംറ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുന്ന ബൗളര്‍ ആരായിരിക്കുമെന്നതും കണ്ടറിയണം. അമേരിക്കയ്ക്ക് എതിരേ അര്‍ഷദീപ് സിംഗും മുഹമ്മദ് സിറാജുമായിരുന്നു പേസര്‍മാരുടെ റോളില്‍ എത്തിയത്.
*02*
ഇന്ത്യയും നമീബിയയും തമ്മില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് ഇതു രണ്ടാം തവണ. 2021 ലോകകപ്പിലായിരുന്നു ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. നമീബിയയ്ക്ക് 20 ഓവറില്‍ 132/8 എന്ന സ്കോര്‍ നേടാനേ സാധിച്ചിരുന്നുള്ളൂ. രോഹിത് ശര്‍മയുടെ (56) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, കെ.എല്‍. രാഹുല്‍ (54*), സൂര്യകുമാര്‍ യാദവ് (25*) എന്നിവരിലൂടെ ഇന്ത്യ ജയത്തിലെത്തി.
*🟨"ഓസീസിന് അനായാസം; അയർലൻഡിനെതിരെ 67 റൺസ് ജയം*
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് അനായാസ ജയം. അയർലൻഡിനെ 67 റണ്ണിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 182 റണ്ണെടുത്തു. അയർലൻഡിന് 16.5 ഓവറിൽ 115 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പൊരുതിയ അയർലൻഡിന് ഓസീസ് ബോളർമാക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ജോർജ് ഡോക്‌രൽ (41) ആണ് അയർലൻഡിന്റെ ടോപ് സ്കോറർ. ലോർക്കൻ ടക്കർ 24 റൺസ് നേടി. നഥാൻ എല്ലിസും ആദം സാംപയും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർ ട്രാവിസ് ഹെഡിനെ (7 പന്തിൽ 6) തുടക്കത്തിൽ തന്നെ നഷ്ടമായത് തിരിച്ചടിയായി. താരം റണ്ണൗട്ടായതോടെ പിന്നീട് എത്തിയവർ കരുതലോടെയാണ് ബാറ്റ് ചെയ്തത്. ജോഷ് ഇംഗ്ലിസും (17 പന്തിൽ 37) കാമറൂൺ ഗ്രീനും (11 പന്തിൽ 21) ടീം സ്കോർ 50 കടത്തി. ഒമ്പത് റൺസുമായി ഗ്ലെൻ മാക്‌സ്‌വെലും മടങ്ങി. പിന്നീട് മാറ്റ് റെൻഷോയും (33 പന്തിൽ 37) മാർകസ് സ്റ്റോയ്നിസും (29 പന്തിൽ 45 റൺസ്) ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
*🟨"ഇരട്ട സൂപ്പർ ഓവർ; ആവേശ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം*
അഹമ്മദാബാദ്: അവസാന നിമിഷം വരെ ആവേശം നിറച്ച ഇരട്ട സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഇടം നേടിയ മത്സരത്തിൽ നാല് റൺസിനാണ് വിജയം. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സർ പറത്തി, വിജയം നല്‍കുമെന്ന് പ്രതീക്ഷ നല്‍കിയാണ് അഫ്ഗാന്‍ കീഴടങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസടിച്ചു. മറുപടിക്കെത്തിയ അഫിഗാനും 187 റൺസെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ അഫ്ഗാൻ 17 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങി. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 23 റൺസാണ് അടിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്‌ഗാനിസ്ഥാന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. *സ്കോർ: ദക്ഷിണാഫ്രിക്ക 187/6. 17/1. 23/0 അഫ്‌ഗാനിസ്ഥാൻ 187. 17/0. 19/2.*
പ്രോട്ടീസിനെതിരെ അർധസെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്റെ ഒറ്റയാൾ പോരാട്ടാമണ് അഫ്ഗാന്‍ കരുത്തായത്. 42 പന്തിൽ നിന്ന് ഏഴ് സിക്സും നാല് ഫോറും പറത്തിയ താരം 84 റൺസാണ് നേടിയത്. ഗുർബാസിന്റെ വെടിക്കെട്ടിന് പിന്നാലെ നാല് ഓവറിൽ അഫ്ഗാൻ 50 പിന്നിട്ടു. എന്നാൽ തുടർച്ചയായി മൂന്ന് വിക്കറ്റുകൾ വീണതോടെ 53/3 എന്ന നിലയിൽ ടീം പരുങ്ങലിലായി. ഇബ്രാഹീം സദ്രാൻ (10 പന്തിൽ 12), ഗുൽബദിൻ നെയ്‌ബ് (2 പന്തിൽ 0), സെദിഖുള്ള അടൽ (3 പന്തിൽ 0) എന്നിവരാണ് പുറത്തായത്. അപ്പോഴും ഒരറ്റത്ത് നിന്ന് ഗുർബാസ് ടീം സ്കോർ ഉയർത്തി കൊണ്ടിരുന്നു. ഡാർവിഷ് റസൂലിയുമായി (18 പന്തിൽ 15) ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഗുർബാസ് മടങ്ങിയത്. ടീം സ്കോർ 120 കടത്തിയ ശേഷമാണ് താരം വീണത്. പിന്നീട് എത്തിയവർ തിളങ്ങാതെ പോയതാടെ അഫ്ഗാൻ സ്കോർ ചലിക്കാതെയായി. 9 പന്തിൽ 15 റൺസ് നേടിയ നൂർ അഹമ്മദിന്റെ അവസാന രക്ഷാ ശ്രമമാണ് മത്സരം സൂപ്പർ ഓവറിലെത്തിച്ചത്.
തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയും തുടങ്ങിയത്. കഴിഞ്ഞ കളിൽ അർധസെഞ്ചുറി നേടിയ ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രത്തെ (8 പന്തിൽ 5) തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ റ്യാൻ റിക്കിൾട്ടണും (28 പന്തിൽ 61) ക്വിന്റൺ ഡി കോക്കും (41 പന്തിൽ 59) ചേർന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് പടുത്തുയർത്തുകയായിരുന്നു. അർധസെഞ്ചുറി നേടിയ ഇരുവരും ചേർന്ന് 114 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12 ഓവറിൽ ടീം സ്കോർ 120 കടന്നെങ്കിലും പിന്നീട് എത്തിയ ഡെവാൾഡ് ബ്രെവിസ് (19 പന്തിൽ 23), ട്രിസ്‌റ്റൺ സ്‌റ്റബ്‌സും (2 പന്തിൽ 1), മാർകോ യാൻസെൺ (7 പന്തിൽ 16) എന്നിവർക്ക് വേഗത്തിൽ സ്കോർ കണ്ടെത്താൻ കഴിയാതെ പോയി. ഡേവിഡ് മില്ലെർ (15 പന്തിൽ 20) പുറത്താകാതെ നിന്നു. അസ്മതുള്ള ഒമർസായ് മൂന്നും റാഷ്ദ് ഖാൻ രണ്ടും വിക്കറ്റ് നേടി."
*🟨"ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബ്ബർപാളി, മറ്റാർക്കും വാങ്ങാൻ കഴിയില്ല'; വിചിത്ര വാദവുമായി ശ്രീലങ്കൻ താരം*
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ വേളയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭാനുക രാജപക്സ.
ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകളിൽ ഒരു റബ്ബർപാളിയുണ്ടെന്നും ഈ ബാറ്റുകൾ മറ്റു താരങ്ങൾക്ക് വാങ്ങാൻ പോലും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
'എത്രയോ മികച്ച ബാറ്റുകളാണ് ഇന്ത്യൻ താരങ്ങൾ കളിക്കാൻ എടുക്കുന്നത്. ആ ബാറ്റുകളിൽ ഒരു പാളി റബ്ബർ ഘടിപ്പിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് മനസിലാകുന്നില്ല. ഈ ബാറ്റുകൾ മറ്റു താരങ്ങൾക്ക് വാങ്ങാൻ പോലും സാധിക്കില്ല. എല്ലാവർക്കും ഇതറിയാം'- രാജപക്‌സെ പറഞ്ഞു. വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്കാണു വഴിതുറന്നത്.
നേരത്തെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യൻ താരം അഭിഷേക് ശർമയുടെ ബാറ്റ് കിവീസ് താരങ്ങൾ പരിശോധിച്ചത് വലിയ വാർത്തയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ അഭിഷേകിനെ അഭിനന്ദിക്കാനെത്തിയ കിവീസ് താരങ്ങളാണ് അഭിഷേകിന്റെ ബാറ്റ് പരിശോധിച്ചത്. സംഭവത്തിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയിൽ വൈറലായി."
*🟨"മത്സരം 15ന് കൊളംബോയിൽ , തീരുമാനം ഐസിസിയുമായുള്ള ചർച്ചയിൽ*
*ലോകകപ്പ് ബഹിഷ്‌കരണം പിൻവലിച്ചു ; വീണ്ടും ഇന്ത്യ x പാക് മുഖാമുഖം*
ലാഹോർ
പത്ത് ദിവസത്തെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ബഹിഷ്‌കരണ ഭീഷണി പിൻവലിച്ച് പാകിസ്ഥാൻ. ഇതോടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന് കളമൊരുങ്ങി. 15ന് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ് മത്സരം.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഇന്ത്യയുമായി കളിക്കുന്ന കാര്യം പാകിസ്ഥാൻ സർക്കാർ ഒൗദ്യോഗികമായി അറിയിച്ചു.
‘എല്ലാ കക്ഷികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലും സുഹൃദ് രാജ്യങ്ങളുടെ അഭ്യർഥനകൾ കണക്കിലെടുത്തും പാകിസ്ഥാൻ സർക്കാർ 15ന് കൊളംബോയിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് ഇറങ്ങാൻ പാകിസ്ഥാൻ ടീമിനോട് നിർദേശിക്കുന്നു. എല്ലാത്തിനുമുപരി ക്രിക്കറ്റിന്റെ താൽപര്യം സംരക്ഷിക്കുന്നതിനും കളിയുടെ ഭാഗമായ രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് ഇൗ തീരുമാനം– പാക് സർക്കാരിന്റെ കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള മത്സരത്തിൽനിന്ന് പിന്മാറരുതെന്ന് ഏഷ്യയിലെ മറ്റ് ക്രിക്കറ്റ് ശക്തികളായ ശ്രീലങ്കയും ബംഗ്ലാദേശും യുഎഇയും പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ അമിനുൾ ഇസ്ലാം പിസിബി തലവൻ മൊഹ്‌സിൻ നഖ്‌വിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷരീഫ് ലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി സംസാരിച്ചു.
ഐസിസി ഡയറക്ടർ ഇമ്രാൻ ഖവാജയുടെ നേതൃത്വത്തിലായിരുന്നു പിസിബിയുമായുള്ള ചർച്ച. ലാഹോറിൽ നടന്ന ചർച്ചയിൽ ബിസിബി തലവനും പങ്കെടുത്തു.
ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് എടുത്ത ബംഗ്ലാദേശിനെതിരെ നടപടിയെടുക്കില്ലെന്ന് ഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക് സർക്കാർ ഒൗദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
ഇന്ത്യ–പാക് മത്സരം നടക്കാതിരുന്നാൽ വലിയ സാന്പത്തിക നഷ്ടമാണ് ഐസിസിക്ക് സംഭവിക്കുക. ഏകദേശം 2200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. എല്ലാ രാജ്യങ്ങളെയും ഇത് സാരമായി ബാധിക്കും. രാജ്യങ്ങൾക്ക് ഐസിസിയിൽനിന്ന് കിട്ടുന്ന വരുമാന വിഹിതത്തിലും ഇടിവ് സംഭവിക്കും. ആതിഥേയരായ ലങ്കയ്‌ക്കും വലിയ തിരിച്ചടിയായിരിക്കും. ഇതോടെയാണ് പാകിസ്ഥാന്റെ വിലപേശലിനിടയിലും ഐസിസി ചർച്ചയുമായി മുന്നോട്ട് നീങ്ങിയത്. ഇന്ത്യയുമായുള്ള പരന്പര, ബംഗ്ലാദേശിനെയും ഉൾപ്പെടുത്തിയുള്ള ത്രിരാഷ്‌ട്ര പരന്പര, കൂടുതൽ വരുമാന വിഹിതം തുടങ്ങിയ പാകിസ്ഥാന്റെ ആവശ്യങ്ങൾ ഐസിസി തള്ളിയതായാണ് സൂചന.
ബംഗ്ലാദേശ് താരം മുസ്‌താഫിസുർ റഹ്‌മാനെ ഐപിഎല്ലിൽനിന്ന് പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിസിസിഐയുടെ നീക്കത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങി. ഇന്ത്യയിൽ കളിക്കില്ലെന്നായിരുന്നു നിലപാട്. ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങൾ കൊളംബോയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഐസിസി വഴങ്ങിയില്ല. ഇന്ത്യയിൽ കളിക്കാനില്ലെങ്കിൽ ലോകകപ്പിൽനിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പ് നൽകി. ഇൗ സാഹചര്യത്തിൽ പാകിസ്ഥാൻ മാത്രം ബംഗ്ലാദേശിന് അനുകൂലമായി നിന്നു. ദിവസങ്ങൾക്കുശേഷം പിസിബി തലവൻ പാക് ടീം ഇന്ത്യയുമായി കളിക്കില്ലെന്ന സൂചന നൽകി. പിന്നാലെ പാക് സർക്കാർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തതോടെ വിവാദം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.
*"ബംഗ്ലാദേശിന് ആശ്വാസം*
ഐസിസിയും പിസിബിയുമായുള്ള ചർച്ചയുടെ ഗുണംകിട്ടിയത് ബംഗ്ലാദേശിന്. ഇന്ത്യയിൽ കളിക്കില്ലെന്ന തീരുമാനമെടുത്തതോടെ ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്തായ ബംഗ്ലാദേശിന് കടുത്ത നടപടികളാണ് കാത്തിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഒരു നടപടിയുമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പ് നൽകി. ഇന്ത്യയുമായി കളിക്കണമെങ്കിൽ ബംഗ്ലാദേശിനെതിരെ നടപടികൾ പാടില്ലെന്ന് പാകിസ്ഥാൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. സാന്പത്തികമായോ കളിയുമായി ബന്ധപ്പെട്ടോ ഭരണ നിർവഹണ തലത്തിലോ നടപടികളൊന്നുമുണ്ടാകില്ലെന്ന് ഐസിസി വ്യക്തമാക്കി.
2031 ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. അതിനുമുന്പ് ബംഗ്ലാദേശിന് മറ്റൊരു ഐസിസി ചാന്പ്യൻഷിപ്പ് കൂടി നൽകാൻ ധാരണയായി. അണ്ടർ 19 ലോകകപ്പിനാണ് സാധ്യത.
അതേസമയം, ഐസിസിയുമായുള്ള ചർച്ചയിൽ പാകിസ്ഥാനും ചെറിയ ഇളവുകൾ നൽകിയതായാണ് സൂചന. ട്വന്റി20 ലോകകപ്പിനുശേഷം മാത്രമേ വിവരങ്ങൾ പുറത്തുവരികയുള്ളൂ."
'ശുഭദിനം.
Tags:
KERALA