ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രിയോടെ ആരംഭിച്ചു. വ്യാഴാഴ്ച അർധരാത്രിവരെ സമരം തുടരും. ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതിനാൽ പൊതുപണിമുടക്ക് കേരളത്തിൽ ജനജീവിതം സ്തംഭിപ്പിക്കും.
ഡൽഹിയിൽ രാവിലെ രാജ്ഘട്ടിൽ നിന്ന് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ തൊഴിലാളി സംഘടനകൾ വെവ്വേറെയാണ് സമരത്തിൽ പങ്കെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സംയുക്ത സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെ തുടർന്ന് ഐഎൻടിയുസി ഒറ്റയ്ക്കാണ് പണിമുടക്കുന്നത്. സിഐടിയു സ്വന്തം നേതൃത്വത്തിൽ സമരത്തിന് ഇറങ്ങും. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഗതാഗത മേഖലയിൽ ഓട്ടോ, ടാക്സി, സ്വകാര്യ ബസ്, ലോറി തൊഴിലാളികൾ സമരത്തിന്റെ ഭാഗമാകും. റെയിൽവേ, വിമാനത്താവളം ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലും സമരം വ്യാപിക്കും. അതേസമയം പാൽവിതരണം, പത്രവിതരണം, ആശുപത്രികൾ, മരുന്നുകടകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപ തീരുമാനം പുനഃപരിശോധിക്കുക, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള നീക്കം പിൻവലിക്കുക, ജോലിസ്ഥിരത ഉറപ്പാക്കുക, ശ്രം ശക്തി നിതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായി ഉയർത്തുന്നത്.
പണിമുടക്കിനെ തുടർന്ന് ഇന്ന് നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റിയതായി അറിയിച്ചു. സമരദിവസം ‘ഡയസ് നോൺ’ പ്രഖ്യാപിച്ച സർക്കാർ, ജോലിയിൽ ഹാജരാകാത്തവർക്ക് ശമ്പളം നൽകില്ലെന്നും വ്യക്തമാക്കി.
Tags:
INDIA