*🟨കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി: ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച് ഗവർണർ*
തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വന്യജീവി ആക്രമണം ഫലപ്രദമായി നേരിടുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ പര്യാപ്തമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എ.കെ.ശശീന്ദ്രനും നിയമമന്ത്രി പി.രാജീവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്.
ഗവര്‍ണറുടെ നടപടി സ്വാഗതര്‍ഹമാണെന്നും രാഷ്ട്രപതിയുടെ അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വനം മന്ത്രി പറഞ്ഞു.
ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ ആവശ്യമെങ്കില്‍ ഉടന്‍ കൊല്ലുന്നതിനോ മയക്കുവെടിവയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഉണ്ട്.
*🟨എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ*
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച അഞ്ചിന് ആരംഭിക്കുമെന്നും പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
മാർച്ച് അഞ്ചിന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ടൈം ടേബിൾ തയാറാക്കിയിട്ടുള്ളത്. എസ്എസ്എൽസിയോടൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും നടക്കും.
*“ആശങ്ക അടിസ്ഥാനരഹിതം”*
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയെക്കുറിച്ച് ആശങ്ക പരത്തുന്ന രീതിയിലുള്ള പ്രചാരണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ചില കോണുകളിൽനിന്ന് ബോധപൂർവമായ ആശങ്കകൾ സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നത്.
ചോദ്യമാതൃകകൾ അധ്യയനവർഷാരംഭത്തിൽ തന്നെ എസ് സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ ആരംഭിച്ചിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
*🟨വരുന്നു ജിമ്മുകൾക്ക് കടുത്ത നിയന്ത്രണം; സംസ്ഥാനങ്ങൾക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും നോട്ടീസ്*
സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനായി ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളും ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതിയിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യക്കും കമ്മിഷൻ കത്തയച്ചു. ജിമ്മുകൾ കേന്ദ്രീകരിച്ച് നിർബന്ധിത മതപരിവർത്തനം നടക്കുന്നതായും ആരോപണമുണ്ട്.
യുവതികളെ ചൂഷണം ചെയ്യുന്നതിനും മതപരിവർത്തനം നടത്തുന്നതിനുമായി ഉത്തർപ്രദേശിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് റാക്കറ്റ് പ്രവർത്തിക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കനൂങ്കോ ചൂണ്ടിക്കാട്ടി. 50ൽ അധികം ചെറുപ്പക്കാരികൾ ഇരയാക്കപ്പെട്ടതായി മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം ചൂഷണങ്ങൾ പ്രതിരോധിക്കാൻ ജിമ്മുകൾക്കായി രാജ്യവ്യാപകമായി നിയന്ത്രണ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാനും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമായും ബന്ധപ്പെട്ട് നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ, നയങ്ങൾ, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് കമ്മിഷൻ നിർദ്ദേശിച്ചു.ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമായി നിലവിലുള്ള ദേശീയ നയങ്ങളെക്കുറിച്ചും നിയന്ത്രണ മാനദണ്ഡങ്ങളെക്കുറിച്ചും വിശദാംശങ്ങൾ തേടി യുവജനകാര്യ, കായിക മന്ത്രാലയം സെക്രട്ടറിക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. ജിമ്മുകൾ തുറക്കുന്നതിനുള്ള ആവശ്യകതകൾ, ലൈസൻസിംഗ് മാർഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഡയറക്ടർ ജനറലിനും നോട്ടീസ് നൽകിയിട്ടുണ്ട്.
*🟨പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം 13ന് മുഖ്യമന്ത്രി നിർവഹിക്കും*
2026-27 അധ്യയന വർഷത്തേയ്ക്കുള്ള പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഫെബ്രുവരി 13ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ വച്ച് നിർവഹിക്കുമെന്ന് പൊതുവിദ്യാഭാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യുണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി സർക്കാർ സ്‌കൂളുകളിലും 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോമാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.
കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ ഹൈസ്‌കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും 1 മുതൽ 8 വരെയുള്ള എയ്ഡഡ് ഹൈസ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നതായും മന്ത്രി അറിയിച്ചു.
പ്രസ്തുത രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത സർക്കാർ ഹൈസ്‌കൂളുകളിലെ ബിപിഎൽ ആൺകുട്ടികൾ, എസ്.സി/എസ്.ടി കുട്ടികൾ, മുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗത്തിൽ എസ്.എസ്.കെ യൂണിഫോം തുക നൽകും. 2026-27 അദ്ധ്യയനവർഷത്തെ കൈത്തറി യുണിഫോം വിതരണത്തിനുള്ള കുട്ടികളുടെ വിവരങ്ങൾ കൈറ്റ് വെബ്സൈറ്റ് മുഖേന ലഭ്യമായത് പ്രകാരം 8,00,193 കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
2026-27 അധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
*🟨കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം*
കേരള മീഡിയ അക്കാദമിക്ക് 31 കോടി 56 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ആസ്ഥാനമന്ദിരം കാക്കനാട് നിർമ്മിക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു.
കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ചാണ് നിർമ്മാണം നടത്തുക. രണ്ട് ബേസ്മെന്റ്, ഗ്രൗണ്ട്, ഒന്നും രണ്ടും നിലകൾ, ടെറസ് എന്നിവ ഉണ്ടാകും. ഈ അഞ്ചുനില മന്ദിരത്തിന് ആകെ വിസ്തീർണ്ണം
90 610 അടി .. കെട്ടിടത്തിന് രൂപകൽപ്പന ചെയ്തത് പത്മശ്രീ ജി ശങ്കറിൻ്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ്.
സംസ്ഥാന സർക്കാരിൻറെ നിയന്ത്രണത്തിലുള്ള മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കേരള മീഡിയ അക്കാദമി 46 വർഷമായി പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് .
മെട്രോ മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമ്മാണം കാരണം അക്കാദമിയുടെ 3 ഏക്കർ 20 സെന്റിലുള്ള ക്യാമ്പസിലെ നിലവിലുള്ള ആസ്ഥാനമന്ദിരവും 75 സെൻറ് സ്ഥലവും നഷ്ടപ്പെടും. ഈ പശ്ചാത്തലത്തിലാണ് കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രിസഭാ തീരുമാനത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നന്ദിയും സന്തോഷവും അറിയിച്ചു.
*🟨പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് മാധ്യമങ്ങൾ അകലുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ*
പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2021, 2022 വർഷങ്ങളിലെ ഫോട്ടോഗ്രോഫി പുരസ്കാരങ്ങളും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം മാധ്യമ സംവിധാനത്തിൽ വലിയ മാറ്റങ്ങളുണ്ടായി, പത്രമുടമ പത്ര മുതലാളിയായി. മുതലാളിക്ക് ലാഭത്തിലാണ് കണ്ണ്. ലാഭമുണ്ടാക്കാനുള്ള തത്രപ്പാടിൽ മൂല്യവിചാരങ്ങൾക്ക് ശോഷണം വന്നു. നവോത്ഥാന കാലത്ത് പത്രങ്ങൾ തന്നെ പൊരുതി പരാജയപ്പെടുത്തിയ ആശാസ്യമല്ലാത്ത പ്രവണതകളെ പുതിയ കാലത്ത് മാധ്യമങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയായി. അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥയായി. ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു.
ആഗോളവൽക്കരണ കാലമായപ്പോൾ പത്രമുതലാളിയിൽ നിന്ന് മാധ്യമ കോർപറേറ്റുകളിലേക്ക് വളർന്നു. കോർപറേറ്റുകളാകട്ടെ ആഗോള മൂലധനത്തിൻറെ വക്താക്കളുമാണ്. ആഗോള മൂലധന വക്താക്കൾ അധികാരസംവിധാനവുമായി ചങ്ങാത്തത്തിലുമാണ്. ഈ കോർപ്പറേറ്റ് - ഭരണചങ്ങാത്തം മൂലധന താല്പര്യത്തിനൊപ്പം, രാഷ്ട്രീയ താൽപ്പര്യവും സംരക്ഷിക്കാൻ ബാധ്യസ്ഥമായി. അതിൻറെ കെടുതികളാണ് നാമിന്നു കാണുന്നത്. 'വാച്ച് ഡോഗ്' എന്നത് മാറി 'ലാപ് ഡോഗ്' ആയി എന്നൊക്കെ പറയുന്നത് ഇതുകൊണ്ടാണ്.
കാണുന്നതും കേൾക്കുന്നതുമെല്ലാം പരമമായ സത്യമാണെന്ന ധാരണ ഉപേക്ഷിക്കണം. കഴിഞ്ഞ പത്തുവർഷത്തോളമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വസ്തുതകളുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഇതിനു തെളിവാണ്. രാഷ്ടീയ നേതാക്കൾ എന്തു പറഞ്ഞാലും, എന്തു ദുരാരോപണങ്ങൾ ഉന്നയിച്ചാലും, അതിൻറെ ന്യയാന്യായങ്ങളെപ്പറ്റി ലവലേശം ചിന്തിക്കാതെ ഗവൺമെന്റിനെ ആക്രമിക്കുന്ന പ്രവണതയുണ്ട്.
വ്യാജ ആരോപണങ്ങൾ കോടതിയിൽ അസത്യമെന്നു തെളിയിക്കപ്പെട്ടാൽ പോലും അത് ജനങ്ങളെ ബോധ്യപ്പെടുത്താനോ സത്യം പറയാനോ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറല്ല. രാഷ്ട്രീയ നിരീക്ഷകർ, സാമൂഹ്യ നിരീക്ഷകർ എന്നെല്ലാമുള്ള പേരുകളിൽ ചാനൽ ചർച്ചകളിൽ നിറയുന്നവരൊക്കെ സർക്കാരിനെ ആക്ഷേപിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്നുവരുന്നു. ഇത്തരക്കാർക്കെല്ലാം മാധ്യമങ്ങൾ വലിയ സ്വീകാര്യതയും നൽകുന്നുണ്ട്.
ഉത്തരേന്ത്യയിൽ പത്രപ്രവർത്തനം നടത്തിയതിൻറെ പേരിൽ വേട്ടയാടപ്പെടുകയാണ് പല പത്രമാധ്യമ പ്രവർത്തകരും. ജയിലിലായവർ വരെയുണ്ട്. ഇത്തരമൊരു കലുഷ കാലത്താണ് കേരള സർക്കാർ പത്രപ്രവർത്തകരെ ആദരിക്കുന്നത്. ഇവിടെ പുരസ്‌ക്കാരം സ്വീകരിക്കുന്നവരിൽ സർക്കാരിൻറെ അതിനിശിത വിമർശകർ പോലുമുണ്ട്. വിമർശനത്തെ ഭയക്കാത്ത ഒരു സർക്കാരാണിത് എന്നതുകൊണ്ടും സ്വതന്ത്ര പത്രപ്രവർത്തനത്തിൽ വിമർശനം വേണ്ടതു തന്നെയാണ് എന്നുള്ളതുകൊണ്ടും അവാർഡ് നിർണയ കാര്യങ്ങളിൽ സർക്കാർ രാഷ്ട്രീയമായി ഇടപെടാറില്ല. അവാർഡുകൾക്ക് അടിസ്ഥാനം മെറിറ്റ് മാത്രമാകണം എന്ന നിർബന്ധം സർക്കാരിനുണ്ട്.
ജനങ്ങൾ അറിയേണ്ടത് ജനങ്ങളെ അറിയിക്കുക എന്ന ചുമതല കൂടി പത്രപ്രവർത്തകർക്കുണ്ട്. വികസന കാര്യങ്ങളെ സമ്പൂർണ്ണമായി തമസ്‌ക്കരിക്കുകയും അത്തരം കാര്യങ്ങൾ ജനങ്ങൾ അറിയാൻ പാടില്ലെന്ന നിലപാട് എടുത്തുകൊണ്ട് അടിസ്ഥാനരഹിതമായി പോലും വിമർശിക്കുകയും ചെയ്യുന്ന രീതി സ്വദേശാഭിമാനിയുടെയും കേസരിയുടെയും പൈതൃകത്തിനു നിരക്കുന്നതല്ല.
സ്വാതന്ത്ര്യവും ജനാധിപത്യവും പൗരാവകാശവും അന്യമായിരുന്ന കാലത്ത് രാജഭരണത്തിന്റെ കൊള്ളരുതായ്മകൾക്കെതിരെ സന്ധിയില്ലാതെ പോരാടിയവരാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും. അധികാര ശാസനങ്ങളോടുള്ള ഏറ്റുമുട്ടലായിരുന്നു അവരുടെ പത്രപ്രവർത്തനം. അഴിമതിയെയും ദുരധികാരത്തെയും എതിർത്തതിന്റെ പേരിലാണ് സ്വദേശാഭിമാനിയെ നാടുകടത്തിയത്. രാജ്യത്തെ രാജഭക്തിയിൽ നിന്ന് വേർതിരിച്ച് ആധുനിക രാഷ്ട്ര സങ്കൽപ്പത്തിന് രൂപം കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വദേശാഭിമാനിയുടെ പന്ഥാവിന്റെ തുടർച്ചയായി നിഷ്പക്ഷവും നിർഭയവുമായി കാര്യങ്ങളെ വിമർശിച്ച കേസരി, ജാതിവ്യവസ്ഥയ്‌ക്കെതിരെയും പിന്നോക്കക്കാരുടെ പ്രാതിനിധ്യത്തിന് വേണ്ടിയും പത്രം പൂട്ടിക്കെട്ടേണ്ടി വന്നിട്ടും പോരാട്ടം തുടർന്നു.
സ്വദേശാഭിമാനി-കേസരി പുരസ്‌ക്കാരത്താൽ ആദരിക്കപ്പെടുന്ന മലയിൻകീഴ് ഗോപാലകൃഷ്ണൻ പതിറ്റാണ്ടുകളുടെ പത്രപ്രവർത്തന പശ്ചാത്തലമുള്ളയാളാണ്. അദ്ദേഹം കേരള ചരിത്രത്തെ സമകാലിക കാര്യങ്ങളുമായി ചേർത്തുവെച്ച് അപഗ്രഥനം നടത്തുന്നതിൽ ഗവേഷണാത്മകമായ ശ്രദ്ധ ചെലുത്തിപ്പോരുന്ന വ്യക്തിയാണ്. മലയാള പത്രപ്രവർത്തന രംഗത്ത് അത്യപൂർവ്വമായ ഒരു സവിശേഷ രീതിയെയാണ് അദ്ദേഹം അനുവർത്തിക്കുന്നത്. കേരള രാജ്യം മുതൽ മാതൃഭൂമി വരെയായി നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം പത്രപ്രവർത്തനത്തിലെ വസ്തുനിഷ്ഠതയ്ക്ക് എന്നും ഊന്നൽ നൽകി. ഊഹാപോഹങ്ങളായിക്കൂടാ വാർത്തകൾ എന്ന കാര്യത്തിൽ വലിയ നിഷ്‌കർഷ പുലർത്തി.
ചരിത്രത്തിലെ സൂക്ഷ്മമായ അറിവുകൾ ആധുനിക രാഷ്ട്രീയ കാര്യങ്ങളുമായി ചേർത്തുവച്ച് അവതരിപ്പിക്കുന്ന പുതുമയുള്ള ഒരു പത്രപ്രവർത്തന ശൈലി ആവിഷ്‌ക്കരിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരു പത്രപ്രവർത്തക പ്രതിഭയെ ആദരിക്കുന്നതിൽ സർക്കാരിന് പ്രത്യേകമായ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനൊപ്പം വിവിധങ്ങളായ പുരസ്‌കാരങ്ങൾക്ക് അർഹമായ ഇതര മാധ്യമ അവാർഡ് ജേതാക്കൾക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
റേറ്റിങ്ങിനും ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരത്തിനും മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത് ആശങ്കാജനകമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോടതിയേക്കാൾ മുൻപേ വിധി പ്രസ്താവിക്കുന്ന മാധ്യമ വിചാരണകൾ സാമൂഹിക അസ്വസ്ഥതകൾക്ക് വഴിവയ്ക്കുന്നു. മാധ്യമങ്ങൾ സമൂഹത്തിന്റെ വികലമാകാത്ത കണ്ണാടിയാകണം. വികസന വാർത്തകൾക്കും ക്രിയാത്മകമായ മാറ്റങ്ങൾക്കും മാധ്യമങ്ങൾ അർഹമായ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയേറ്റിലെ ചരിത്ര പ്രാധാന്യമുള്ള ദർബാർ ഹാളിൽ വച്ച് പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞത്തിലെ സന്തോഷം മുഖ്യമന്ത്രിയിൽ നിന്നും സ്വദേശാഭിമാനി കേസരി പുരസ്‌കാരം ഏറ്റുവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ പങ്കുവച്ചു. 2024-ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2021, 2022 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, ഐ.പി.ആർ.ഡി അഡീഷണൽ ഡയറക്ടർമാരായ കെ.ജി. സന്തോഷ്, വി. പി. പ്രമോദ് കുമാർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
*🟨മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പത്രക്കുറിപ്പ്*
സംസ്ഥാനത്ത് എസ് ഐ ആർ അഥവാ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പുരോഗമിക്കുന്നു. സംസ്ഥാനത്തോട്ടാകെ
3689054 പേർക്ക് ഹിയറിങ്ങ് നോട്ടീസ് നൽകിയതിൽ 3281001 പേർക്ക് ഹിയറിങ്ങ് പൂർത്തിയാക്കി. ആകെ 11.06% വരുമിത്. ശേഷിക്കുന്ന 0.53 % പേർക്ക് (2512) ഹിയറിങ്ങ് പൂർത്തിയാക്കുന്നതോടെ തിരുവനന്തപുരം ജില്ല 100% എന്ന നേട്ടത്തിലേക്ക് കടക്കും. നൽകിയ 477546 നോട്ടീസുകളിൽ 475034 എണ്ണത്തിലും ജില്ലയിൽ ഹിയറിങ്ങ് പൂർത്തിയായി.
എറണാകുളം, കാസർഗോഡ്, പാലക്കാട് ജില്ലകളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ഇന്ന് 100 % ഹിയറിംഗ് പൂർത്തിയാക്കിയ മണ്ഡലങ്ങൾ, നെടുമങ്ങാട്, കോവളം,ചിറ്റൂർ, വടക്കാഞ്ചേരി, പെരുമ്പാവൂർ, വൈപ്പിൻ, തൃശ്ശൂർ എന്നിവയാണ്. ഫെബ്രുവരി 12-നകം സംസ്ഥാനത്തുടനീളം ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ.യു.കേൽക്കർ അറിയിച്ചു.
*🟨തിരുവനന്തപുരത്ത് നിന്ന് ചിപ്സ് വാങ്ങി അജിത് ഡോവൽ ; വന്നതും പോയതും ആരുമറിഞ്ഞില്ല*
*തിരുവനന്തപുരം* : ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അപ്രതീക്ഷിതമായി കടന്നുവന്നതിലെ അമ്പരപ്പിലാണ് കിഴക്കേക്കോട്ടയിലെ വ്യാപാരികൾ. പഴവങ്ങാടിയിലെ മഹാ ചിപ്സ് എന്ന കടയിലാണ് അജിത് ഡോവൽ എത്തിയത്. മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കൂളായി കടയിലെത്തിയ ഡോവൽ ചിപ്സ് വാങ്ങി മടങ്ങുന്ന വിഡിയോ പുറത്തു വന്നു.
ജനുവരി 22, 23 തീയതികളിലാണ് അജിത് ഡോവൽ തലസ്ഥാനത്ത് എത്തിയത്. ഇതിലൊരു ദിവസമാണ് രാവിലെ എട്ട് മണിയോടെ പഴവങ്ങാടിയിലെ മഹാ ചിപ്സ്സിൽ അജിത് ഡോവൽ എത്തിയത്. കടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വരുന്നതും ചിപ്സ് വാങ്ങി മടങ്ങുന്നതും വിഡിയോയിൽ കാണാം. സുരക്ഷാ ഉപദേഷ്ടാവ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും. വന്ന് പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞതെന്നും കടയിലെ ജീവനക്കാർ പറയുന്നു.
‘ചിപ്സ് വാങ്ങാനാണ് അദ്ദേഹം എത്തിയത്. എല്ലാം നോക്കിക്കണ്ടു. സാധാരണക്കാരനെ പോലെയാണ് വന്നത്. സാധാരണ 9 മണിക്കാണ് കട തുറക്കാറ്, ശബരിമല സീസൺ കാലത്താണ് 8 മണിക്ക് തുറന്നു തുടങ്ങിയത് . ഇതറിഞ്ഞാകാം അദ്ദേഹം ആ സമയത്ത് എത്തിയത്. വലിയ തിരക്കില്ലാത്ത സമയത്താണ് അദ്ദേഹം കടന്നുവന്നതെന്ന് ജീവനക്കാർ പറഞ്ഞു.
*🟨മേഘാലയിൽ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ മരിച്ചു*
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്‌റാം പറഞ്ഞു.
തംഗ്സ്‌കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
*🟨അനുരാഗ് ഠാക്കൂറിന് ബിസിസിഐയിൽ പ്രവർത്തിക്കാം; ഒൻപത് വർഷത്തെ വിലക്ക് നീക്കി സുപ്രീംകോടതി*
ന്യൂഡൽഹി: ബിസിസിഐ ഭരണപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ അനുരാഗ് സിംഗ് ഠാക്കൂറിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ചയാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2017-ൽ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഒൻപത് വർഷത്തോളം ഠാക്കൂർ ക്രിക്കറ്റ് ഭരണരംഗത്തുനിന്നും വിട്ടുനിന്നുവെന്നും, ഈ കാലയളവ് ശിക്ഷയായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.
2017-ലെ വിലക്ക് ഒരിക്കലും ഒരു ആജീവനാന്ത വിലക്കായി ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തെറ്റായ സത്യവാംഗ്മൂലം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഠാക്കൂർ നേരത്തെ തന്നെ ഉപാധികളില്ലാത്ത മാപ്പപേക്ഷ നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് വിലക്ക് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. ഇതോടെ ബിസിസിഐയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി അദ്ദേഹത്തിന് വീണ്ടും ഭരണപരമായ പദവികൾ വഹിക്കാൻ സാധിക്കും.
2017 ജനുവരിയിലാണ് ലോധ കമ്മിറ്റി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുപ്രീംകോടതി നീക്കിയത്. അന്ന് മുതൽ ക്രിക്കറ്റ് ബോർഡുമായുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നു.
*🟨തെരഞ്ഞെടുപ്പ് സൗജന്യങ്ങൾ: രാഷ്ട്രീയ പാർട്ടികൾക്കെതിരെയുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച്*
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന അശാസ്ത്രീയമായ സൗജന്യ വാഗ്ദാനങ്ങൾ നിയന്ത്രിക്കണമെന്ന ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇത് അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേസ് മാർച്ച് മാസത്തിൽ വാദം കേൾക്കുന്നതിനായി മാറ്റി.
രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ അഴിമതിയുടെ പരിധിയിൽ വരുമോ എന്ന് കോടതി പരിശോധിക്കും. "സൂര്യനെയും ചന്ദ്രനെയും ഒഴികെ ബാക്കി എല്ലാം രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്നു" എന്ന ഹർജിക്കാരന്റെ വാദം കോടതി ശ്രദ്ധിച്ചു.
അശാസ്ത്രീയമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം കണ്ടുകെട്ടണമെന്നും അവരുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.പൊതുപണം ഉപയോഗിച്ചുള്ള ഇത്തരം വാഗ്ദാനങ്ങൾ സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വോട്ട് ലക്ഷ്യമിട്ടുള്ള സൗജന്യങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.
*🟨മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ 'മിയാൻ' പരാമർശം: സുപ്രീംകോടതിയിൽ പരാതിയുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ്*
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദമായ 'മിയാൻ' വോട്ടർ പരാമർശത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ജനുവരി 27-ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗം "അതിരൂക്ഷമായ വെറുപ്പുളവാക്കുന്ന പ്രസംഗം" ആണെന്നും അത് ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ജാമിയത്ത് ഉലമ-ഇ-ഹിന്ദാണ് കോടതിയെ സമീപിച്ചത്.
അസമിലെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' സമയത്ത് നാല് മുതൽ അഞ്ച് ലക്ഷം വരെ 'മിയാൻ' വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും, താനും ബിജെപിയും ഈ വിഭാഗത്തിന് എതിരാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇവർ ഇന്ത്യയിലല്ല, ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
'മിയാൻ' എന്ന പദം അസമിലെ മുസ്ലീങ്ങളെ അവഹേളിക്കാൻ ബോധപൂർവ്വം ഉപയോഗിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയിൽ ബോധിപ്പിച്ചു. ഇത്തരം പ്രസംഗങ്ങൾ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനും സാമൂഹിക സൗഹാർദ്ദം തകർക്കാനും കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.
ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് തടയാൻ കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗ പരാതികളിൽ സമയബന്ധിതമായി നടപടിയെടുക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നും അപേക്ഷയിൽ പറയുന്നു.
സമാധാന പ്രവർത്തകനായ ഹർഷ് മന്ദർ ഡൽഹി പോലീസിൽ മുഖ്യമന്ത്രി ഹിമന്തയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ അസമിലെ 43 പ്രമുഖ പൗരന്മാർ ഗുവാഹത്തി ഹൈക്കോടതിയെയും ഈ വിഷയത്തിൽ സമീപിച്ചിട്ടുണ്ട്.
*🟨ആക്ടിംഗ് ഡിജിപി സംസ്കാരം അവസാനിപ്പിക്കണം: സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ താക്കീത്*
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ സ്ഥിരമായ ഡിജിപിമാരെ നിയമിക്കാതെ 'ആക്ടിംഗ് ഡിജിപി'മാരെ നിയമിക്കുന്ന രീതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഡിജിപി നിയമനത്തിൽ സംസ്ഥാനങ്ങൾ കാലതാമസം വരുത്തിയാൽ യുപിഎസ്സിക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സ്ഥിരമായ ഡിജിപിമാരെ നിയമിക്കുന്നതിന് യുപിഎസ്സിക്ക് പേരുകൾ ശുപാർശ ചെയ്യുന്നതിന് പകരം, സംസ്ഥാനങ്ങൾ സ്വന്തം താല്പര്യപ്രകാരം 'ആക്ടിംഗ്' ഡിജിപിമാരെ നിയമിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് അർഹരായ ഉദ്യോഗസ്ഥരുടെ അവസരം നഷ്ടപ്പെടുത്തുന്ന രീതിയാണെന്നും കോടതി പറഞ്ഞു.
ഡിജിപി നിയമനത്തിനായി കൃത്യസമയത്ത് പേരുകൾ അയക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ യുപിഎസ്സിക്ക് കോടതി അധികാരം നൽകി. സംസ്ഥാനങ്ങൾ ഇതിൽ വീഴ്ച വരുത്തിയാൽ യുപിഎസ്സിക്ക് സുപ്രീംകോടതിയിൽ അപേക്ഷ നൽകാം. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
തെലങ്കാനയിലെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദ്ദേശങ്ങൾ നൽകിയത്. 2017 മുതൽ തെലങ്കാനയിൽ സ്ഥിരമായ ഡിജിപി നിയമനം നടന്നിട്ടില്ലെന്നും സംസ്ഥാനം വലിയ കാലതാമസം വരുത്തിയെന്നും യുപിഎസ്സി കോടതിയെ അറിയിച്ചു.
*🟨ഇന്ത്യ-യുഎസ് വ്യാപാര കരാർ; സംയുക്ത പ്രസ്താവന അഞ്ചു ദിവസത്തിനകം: മന്ത്രി*
ന്യൂഡൽഹി: നാലഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യ- യുഎസ് വ്യാപാര കരാറിന്റെ സംയുക്ത പ്രസ്താവന ഒപ്പുവയ്ക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. അമേരിക്കയുടെ എക്സിക്യൂട്ടീവ് ഉത്തരവടക്കം ആദ്യഘട്ടമായ നിയമപരമായ കരാർ മാർച്ച് പകുതിയോടെ പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഇതോടെ ഔദ്യോഗികമായി തീരുവ കുറയ്ക്കും.
വ്യാപാര കരാറിന്റെ സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കുകയാണ് ആദ്യപടി. ഇതിനുശേഷം ഇന്ത്യയുടെമേലുള്ള തീരുവ 18 ശതമാനമായി കുറയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്ക പുറത്തിറക്കും. ചരിത്രപരമായ ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ സൂക്ഷ്മമായ വിശദാംശങ്ങളെക്കുറിച്ച് തുടരുന്ന രഹസ്യത്തിന്റെ ചുരുളഴിയാൻ സംയുക്ത പ്രസ്താവന സഹായിക്കും. അന്തിമകരാറായിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം അന്തിമരൂപം നൽകുമെന്നു ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ട്രംപിന്റെ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഇന്ത്യ സന്ദർശിച്ചേക്കും. ഇവരുടെകൂടി സാന്നിധ്യത്തിലാകും മന്ത്രി ഗോയൽ കരാറിന്റെ സംയുക്ത പ്രസ്താവന നടത്തുക. ഇതോടെ കരാറിന്റെ വിശദാംശങ്ങളിൽ വ്യക്തത ലഭിക്കും. ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾക്ക് കുറഞ്ഞ തീരുവ 18 ശതമാനമായി കുറയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് പുറപ്പെടുവിക്കുന്നതോടെ കരാറിന് ഗതിവേഗം കൂടും. ഇന്ത്യയിലെ കൃഷി, ക്ഷീര മേഖലകളെ സംരക്ഷിക്കുമെന്ന് വാണിജ്യമന്ത്രി പാർലമെന്റിൽ ഉറപ്പുനൽകിയെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമാണ്.
ഇന്ത്യയുമായി വ്യാപാര കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ തിങ്കളാഴ്ച ഏകപക്ഷീയമായി പ്രഖ്യാപിച്ചെങ്കിലും വിശദാംശങ്ങൾ വ്യക്തമല്ലായിരുന്നു. ട്രംപിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി തന്നെ എക്സിൽ പ്രതികരിച്ചെങ്കിലും അതിലും കരാറിന്റെ വിശദാംശങ്ങൾ പരാമർശിച്ചില്ല. തീരുവ 18 ശതമാനമായി കുറയ്ക്കുന്ന പ്രഖ്യാപനത്തിന് ട്രംപിനു നന്ദി പറയുകയാണ് മോദി ചെയ്തത്.
*കാർഷിക, ക്ഷീര മേഖലകൾ പൂർണമായി സംരക്ഷിക്കുമോ?*
ഇന്ത്യയുടെ സെൻസിറ്റീവ് മേഖലകളായ കൃഷി, ക്ഷീര, മത്സ്യബന്ധനം എന്നിവ സംരക്ഷിച്ചാണ് അമേരിക്കയുമായി വ്യാപാര കരാർ നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര കരാറുകളുടെ പുറത്താണ് കാർഷിക, ക്ഷീര ഉത്പന്നങ്ങളെന്നും മന്ത്രി ഗോയൽ വ്യക്തമാക്കി.
എന്നാൽ, അമേരിക്കയിൽനിന്ന് എല്ലാ കാർഷിക, പാൽ ഉത്പന്നങ്ങളുടെയും ഇറക്കുമതി പൂർണമായി തടയുമോയെന്നത് ഇപ്പോഴും ദുരൂഹമാണ്. യൂറോപ്യൻ യൂണിയൻ, യുകെ, ന്യൂസിലൻഡ്, ഒമാൻ എന്നീ രാജ്യങ്ങളുമായി അടുത്തകാലത്ത് ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളിലും ഇന്ത്യയിലെ കൃഷിയെയും പാലുത്പന്നങ്ങളെയും പ്രധാന മത്സ്യോത്പന്നങ്ങളെയും ഒഴിവാക്കിയെന്ന് സർക്കാർ പറയുന്നു. ഇന്ത്യയുടെ വൻ വിപണിയിലേക്ക് അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ പ്രവേശനം വ്യാപാര കരാർ മെച്ചപ്പെടുത്തുമെന്ന യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസിന്റെ പ്രസ്താവന ഇന്ത്യയുടെ അവകാശവാദത്തിനു വിരുദ്ധമാണ്. റോളിൻസിന്റെ പ്രസ്താവന ഇന്ത്യ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തത് ആശയക്കുഴപ്പം വർധിപ്പിച്ചു. എന്നാൽ, കാർഷിക, ക്ഷീര മേഖലകളെ സംരക്ഷിക്കുന്നതിൽ സർക്കാർ വിജയിച്ചുവെന്ന് മന്ത്രി ഗോയൽ പാർലമെന്റിൽ പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ച് യുഎസിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനവും കേന്ദ്രം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കയിൽനിന്ന് 500 ബില്യണ്‍ ഡോളറിന്റെ സാധനങ്ങൾ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചും കേന്ദ്രസർക്കാർ മൗനം പാലിച്ചു. അഞ്ചു വർഷത്തിനുള്ളിലാണിത്. പ്രധാനമായും ഊർജ, സാങ്കേതികവിദ്യ ഇറക്കുമതികളാണെങ്കിലും ഇന്ത്യയിലെ ചെറുകിട കർഷകർ, വ്യവസായികൾ തുടങ്ങിയവർക്കു തിരിച്ചടിയാകുന്ന ഇനങ്ങളും ഉണ്ടാകും. സംയുക്ത പ്രസ്താവനയ്ക്കുശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.
*🟨ഒരേയൊരു ശതമാനത്തിൽ പൊള്ളി പാക്കിസ്ഥാൻ*
ന്യൂഡൽഹി: ഒരു ശതമാനത്തിന്റെ വ്യത്യാസം അത്ര വലുതാണോയെന്നു സംശയിച്ചേക്കാം. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒന്നിന്റെ വ്യത്യാസത്തിനുപോലും നൂറിന്റെ വലിപ്പമുണ്ട്. പാക്കിസ്ഥാനേക്കാൾ ഒരു ശതമാനം തീരുവ ഇന്ത്യക്കു കുറച്ച അമേരിക്കയുടെ നടപടി പാക്കിസ്ഥാനിൽ ചർച്ചയും വിവാദവുമായി.
പുറമേയുള്ള നാട്യങ്ങളിലോ വ്യക്തിബന്ധങ്ങളിലോ അല്ല 21-ാം നൂറ്റാണ്ടിലെ വിദേശനയമെന്നും സാന്പത്തികശക്തി, തീരുവകൾ, വിപണി പ്രവേശനം എന്നിവയെക്കുറിച്ചാണെന്നും ഇന്ത്യയുടെ സമീപകാല വ്യാപാര കരാറുകൾ തെളിയിക്കുന്നുവെന്ന് പാക്കിസ്ഥാനിലെ മുൻ മന്ത്രിയും തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടി നേതാവുമായ ഹമദ് അസ്ഹർ എക്സിൽ കുറിച്ചു.
സ്തുതിഗീതങ്ങളും ഫോട്ടോ ഓപ്പറേഷനുകളും ഉപയോഗശൂന്യമാണെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസീം മുനീറിനെയും അദ്ദേഹം പരിഹസിച്ചു.
*🟨അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ അറസ്റ്റിൽ*
ന്യൂഡൽഹി: ഡൽഹി അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ ജാവദ് അഹമ്മദ് സിദ്ദിഖിയെ ഫണ്ട് തിരിമറി കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് യൂണിവേഴ്സിറ്റിക്കെതിരേ നടപടി തുടങ്ങിയിരുന്നു.
ഇതിനിടെ യുജിസി നൽകിയ പരാതിയിൽ രണ്ട് കേസുകളാണ് സിദ്ദിഖിക്കെതിരേ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സിദ്ദിഖിയെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
*🟨തിരുവനന്തപുരം കാപ്പുകാട് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു*
*തിരുവനന്തപുരം:* കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് ആന പാപ്പാനെ അടിച്ചു കൊല്ലുകയായിരുന്നു.
ഒന്നാം പാപ്പാന്‍ ആയ ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.
പിന്നീട് കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ അവിടെ നിന്ന് മാറ്റിയ ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്ന് പുറത്തേക്കെടുത്തത്. ഉടന്‍ തന്നെ വിഷ്ണുവിനെ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
*🟨സർക്കാരിന്‍റേത് നയപരമായ തീരുമാനം'; ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി*
*കൊച്ചി:* ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. ജയിൽ തൊഴിലിടമല്ലെന്നും മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നായിരുന്നു ഹരജിയിലെ വാദം.ജയിലിലെ തൊഴിലിന് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിയിൽ മെറിറ്റില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്.
സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സർക്കാർ വർധിപ്പിച്ചത്. വേതന വർധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും ജയിൽ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
*🟨ഫെനിയുടെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി അതിജീവിത*
*തിരുവനന്തപുരം* : ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടുള്ള സൈബർ സംഘത്തിനുമെതിരേ ഗുരുതരമായ പരാതികളുമായി അതിജീവിത.
പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തര്‍ എന്നിവർക്ക് ഇ മെയിൽ വഴിയാണ് രാഹുലിനെതിരേ പരാതിപ്പെട്ട മൂന്നാമത്തെ അതിജീവിത പരാതി നല്‍കി.
കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്‍റെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ ഫെനി നൈനാൻ ഉൾപ്പെടെയുള്ളവർ തന്നെ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് അതിജീവിത ആരോപിക്കുന്നത്.
സമ്മതമില്ലാതെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. അതിജീവിതമാരെ മാനസികമായി തകർക്കാനും കേസിനെ അട്ടിമറിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്നും പരാതിയിൽ പറയുന്നു.
*🟨ഇന്ത്യ x ഇംഗ്ലണ്ട് അണ്ടർ 19 ഫൈനൽ ഇന്ന്*
ഹരാരെ: ഐസിസി അണ്ടർ19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം റിക്കാർഡ് നേട്ടത്തോടെ ഇന്ത്യ സ്വന്തമാക്കുമോ? അതോ, ഇംഗ്ലണ്ട് രണ്ടാം കപ്പുയർത്തുമോ എന്ന് ഇന്നറിയാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിന് ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം.
ചാന്പ്യൻ പട്ടത്തിൽ അഞ്ച് കിരീടവുമായി ഒന്നാമതുള്ള ഇന്ത്യയുടെ ലക്ഷ്യം ആറാം കിരീടമാണ്. ടൂർണമെന്റിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യക്ക് നിലവിലെ ഫോമിൽ അത് അപ്രാപ്യമല്ല. സെമിയിൽ റിക്കാർഡ് റണ്‍ ചേസിലുടെ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 311 റണ്‍സ് വിജയലക്ഷ്യം വെറും 41.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. എന്നാൽ, ടൂർണമെന്റിൽ അപരാജിതരായി എത്തുന്ന ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളിയുയർത്തും.
*റിക്കാർഡ് കപ്പ്*
നിലവിൽ അഞ്ച് പ്രാവശ്യം കപ്പുയർത്തിയ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഓസ്ട്രേലിയ നാല് പ്രാവശ്യം ചാന്പ്യൻമാരായി. 2000, 2008, 2012, 2018, 2022 വർഷങ്ങളിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ 2024ൽ ഫൈനലിൽ കാലിടറി.
*ശ്രദ്ധാകേന്ദ്രം*
നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ സെമിയിൽ പരാജയപ്പെടുത്തി ഫൈനലിനിറങ്ങുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ബെൻ മയേഴ്സ് (399 റണ്‍സ്), റ്യൂ (299 റണ്‍സ്) എന്നിവരാണ്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള പേസർ മാന്നി ലുസ്ഡെൻ (15) ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയുയർത്തും. 10 വിക്കറ്റുമായി സ്പിന്നർ റാഫി ആൽബർട്ടിന്റെ പിന്തുണയുമുണ്ട്.
പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ (264) സ്ഫോടനാത്മക ബാറ്റിംഗ് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കവും ആത്മവിശ്വാസവും നൽകും. ക്യാപ്റ്റൻ ആയുഷ് മാത്രെ, സെമിയിൽ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോർജ് എന്നിവരെല്ലാം മികവ് തെളിയിച്ചു കഴിഞ്ഞു. 11 വിക്കറ്റുമായി ഹെനിൽ പട്ടേലാണ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ.
*🟨മാഞ്ചസ്റ്റർ സിറ്റി x ആഴ്സണല്‍ ഫൈനല്‍*
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് (കാരബാവൊ കപ്പ്) ഫുട്ബോള്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയും ആഴ്സണല്‍ എഫ്സിയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 5-1ന് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി. രണ്ടാംപാദത്തില്‍ 3-1ന്‍റെ ജയം നേടിയതോടെയാണിത്.
മാഞ്ചസ്റ്റർ സിറ്റിക്കായി ഒമർ മർമോഷ് ഇരട്ടഗോൾ സ്വന്തമാക്കി. ഏഴ്, 29 മിനിറ്റുകളിലായിരുന്നു മർമോഷിന്റെ ഗോളുകൾ. തിജാനി റിജെൻഡേഴ്സിന്റെ (32) വകയായിരുന്നു മറ്റൊരു ഗോൾ. എലാൻഗ (62) ന്യൂകാസിലിന്റെ ആശ്വാസ ഗോൾ നേടി. ആദ്യപാദ സെമിയില്‍ 2-0ന് സിറ്റി ജയിച്ചിരുന്നു.
ഇരുപാദങ്ങളിലുമായി 4-2ന് ചെല്‍സിയെ കീഴടക്കിയാണ് ആഴ്സണല്‍ ഫൈനലില്‍ പ്രവേശിച്ചത്. മാര്‍ച്ച് 22നാണ് ഫൈനല്‍.
*ബഹിഷ്കരണം ബംഗ്ലാദേശിനുള്ള പിന്തുണ'*
കറാച്ചി: ഒടുവില്‍ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറാനുള്ള കാരണം പാക്കിസ്ഥാന് സര്‍ക്കാര്‍ വെളിപ്പെടുത്തി.
2026 ട്വന്റി-20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധമായാണ് ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിച്ചതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് വ്യക്തമാക്കി. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനു നാളെ തുടക്കം കുറിക്കും.
“പാക് സര്‍ക്കാരിന്റെ തീരുമാനമാണ് ഇന്ത്യക്തെതിരേ കളിക്കേണ്ട എന്നത്. അക്കാര്യം ഞങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ല. സര്‍ക്കാരിന്റെ തീരുമാനം ഞങ്ങള്‍ ബഹുമാനിക്കുന്നു’’ സല്മാന് ആഘ (പാക് ടീം ക്യാപ്റ്റന്‍).
*🟨ട്വന്റി-20 ലോകകപ്പ്; ഐസിസിയുടെ നഷ്ടം 4,500 കോടി..!*
ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ആകെ സാമ്പത്തിക കണക്കില്‍ 65 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ ഞെട്ടേണ്ട. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം ഇല്ലാതായതോടെ ഐസിസിയുടെ മാത്രം നഷ്ടം 2,290 മുതല്‍ 4,500 കോടി രൂപയാണ്.
ടിവി, ഡിജിറ്റല്‍ അവകാശവും സ്പോണ്‍സര്‍ഷിപ്പും മാത്രമുള്ള കണക്കാണിത്. ലോകകപ്പിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയൊഹോട്ട്സ്റ്റാറിന്റെ നഷ്ടം 200 മുതല്‍ 250 കോടി രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ x പാക് മത്സരത്തിലെ പരസ്യവരുമാനമുള്പ്പെടെയുള്ള കണക്കാണിത്.
പാക് ക്രിക്കറ്റ് ബോര്‍ഡിനും നഷ്ടമുണ്ട്. ഐസിസിയുമായുള്ള വാര്‍ഷിക വരുമാന ഷെയറില്‍ 316 കോടി രൂപയുടെ നഷ്ടം പിസിബിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഐസിസി പിസിബിക്ക് എതിരേ നിയമപരമായുള്ള പ്രത്യാക്രമണം കരുതിവച്ചിട്ടുണ്ട്. പരസ്യദാതാക്കളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 300 കോടി രൂപയുടെ സാമ്പത്തിക ബാധ്യതാ കേസ് ഐസിസി ഫയല്‍ ചെയ്യും. ചുരുക്കത്തില്‍ പാക് കിക്കറ്റ് ബോര്‍ഡിന് 616 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോയില്‍ ഈ മാസം 15നായിരുന്നു ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കേണ്ടിയിരുന്നത്. ടിക്കറ്റ് ഇനത്തിലും ഹോസ്പിറ്റാലിറ്റി വിഭാഗത്തിലുമായി കൊളംബോ സ്റ്റേഡിയത്തിന് 18.3 മുതല്‍ 27.5 കോടി രൂപവരെ നഷ്ടമുണ്ട്. ഇന്ത്യന്‍, പാക്കിസ്ഥാന് താരങ്ങളുടെ ഫീസിനത്തിലും നഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഒരു മാച്ചിനു നല്‍കുന്നത് 7.5 ലക്ഷം രൂപ വീതമാണ്. പാക് താരങ്ങള്‍ക്ക് പിസിബി നല്‍കുന്നത് 1.38 ലക്ഷം വീതവും.
ഇതിനെല്ലാം പുറമെ, കൊളംബോയിലെ പ്രാദേശിക ടൂറിസത്തിനുള്ള (വ്യോമയാനം, ഹോട്ടല്‍, യാത്ര, മറ്റ് സൗകര്യങ്ങള്‍) നഷ്ടം 95 കോടിയില്‍ അധികമാണ്.
*2026 ഫിഫ ലോകകപ്പിന് ബാങ്ക് അവധി*
എഡിന്‍ബര്‍ഗ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനായി ബാങ്ക് അവധി പ്രഖ്യാപിച്ച് സ്കോട്ട്ലന്‍ഡ്.
28 വര്‍ഷത്തിനുശേഷം ഫിഫ ലോകകപ്പ് കളിക്കുന്നതിന്റെ സന്തോഷ സൂചകമായാണ് ഈ അവധി പ്രഖ്യാപനം. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഡെന്മാര്ക്കിനെ 2-4നു കീഴടക്കി സ്കോട്ട്ലന്‍ഡ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു.
1998 എഡിഷനിലാണ് സ്കോട്ട്ലന്‍ഡ് ഇതിനു മുമ്പ് ലോകകപ്പ് ഫുട്ബോൾ വേദിയിലെത്തിയത്.
ഗ്രൂപ്പ് സിയില്‍ ബ്രസീല്‍, മൊറോക്കൊ, ഹെയ്തി ടീമുകള്‍ക്കൊപ്പമാണ് സ്കോട്ട്ലന്‍ഡ്. ജൂണ്‍ 15ന് (ഇന്ത്യന്‍ സമയം ജൂണ്‍ 14 രാവിലെ 6.30) ഹെയ്തിക്കെതിരേയാണ് ലോകകപ്പില്‍ സ്കോട്ട്ലന്‍ഡിന്റെ ആദ്യ മത്സരം.
*🟨ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു നാളെ തുടക്കം*
കൊളംബോ/മുംബൈ: ഐസിസി 2026 പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു നാളെ തുടക്കം. ഉദ്ഘാടന ദിനമായ നാളെ മൂന്നു മത്സരങ്ങള്‍ അരങ്ങേറും. രാവിലെ കൊളംബോയില്‍ പാക്കിസ്ഥാനും നെതര്‍ലന്‍ഡും ഏറ്റുമുട്ടുന്നതോടെയാണ് ലോകകപ്പിനു തുടക്കമാകുന്നത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെസ്റ്റ് ഇന്‍ഡീസും സ്കോട്ട്ലന്‍ഡും കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ കളിക്കും.ആതിഥേയരായ ഇന്ത്യ രാത്രി ഏഴിന് മുംബൈ വാങ്കഡേയില്വച്ച് അമേരിക്കയുമായി ഏറ്റുമുട്ടും.
*4 ഗ്രൂപ്പ്, 20 ടീം*
പ്രാഥമിക ഘട്ടത്തില്‍ നാല് ഗ്രൂപ്പിലായി 20 ടീമുകളാണ് മാറ്റുരയ്ക്കുക. ഓരോ ടീമിനും നാല് മത്സരങ്ങള്‍ വീതമുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലേക്കു മുന്നേറും. സൂപ്പര്‍ എട്ടില്‍ നാല് ടീമുകള്വീതുമുള്ള രണ്ട് ഗ്രൂപ്പുകളാണുള്ളത്. രണ്ട് സൂപ്പര്‍ എട്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലാണ് സെമി പോരാട്ടങ്ങള്‍. മാര്‍ച്ച് എട്ടിന് ഫൈനല്‍. പാക്കിസ്ഥാന് ഫൈനലില്‍ പ്രവേശിച്ചാല്‍ മത്സരം കൊളംബോയിലായിരിക്കും. പാക്കിസ്ഥാന് ഇല്ലെങ്കില്‍ അഹമ്മദാബാദില്‍ ഫൈനല്‍ അരങ്ങേറും.
*അരങ്ങേറ്റക്കാര്‍ ഇറ്റലി*
ലോകകപ്പ് ക്രിക്കറ്റില്‍ ഇറ്റലി ഇത്തവണ അരങ്ങേറ്റം കുറിക്കും. ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, സ്കോട്ട്ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറ്റലി. ഏഴിന് സ്കോട്ട്ലന്‍ഡിന് എതിരേയാണ് ഇറ്റലിയുടെ ആദ്യ മത്സരം.
*🟨മണിപ്പുർ വീണ്ടും അശാന്തമാക്കുന്നു; കുക്കി മേഖലകളിൽ ഇന്ന് സമ്പൂർണ അടച്ചുപൂട്ടൽ*
ന്യൂഡൽഹി: മണിപ്പുരിൽ വീണ്ടും അശാന്തി പടരുന്നു. കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ജനങ്ങൾ അക്രമാസക്തമായതോടെ ജാഗ്രതയിലാണ് സുരക്ഷാസേന.
വ്യാഴാഴ്ച ചുരചന്ദ്പുരിലുണ്ടായ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിനാണ് വഴിവച്ചത്. ഇതോടെ മണിപ്പുരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുകയാണ്. ചുരാചന്ദ്പൂരിൽ വ്യാഴാഴ്ച വൈകുന്നേരം പോലീസിനുനേരെ കല്ലേറുണ്ടായി. വാഹനഗതാഗതം തടഞ്ഞു. റോഡിൽ ടയറുകള്‍ കത്തിച്ചും പ്രതിഷേധിച്ചു.
ഇന്ന് കുക്കി മേഖലകളിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ചുരചന്ദ്പൂർ കേന്ദ്രീകരിച്ച് പ്രതിഷേധ റാലിയും നടക്കും. സാഹചര്യങ്ങൾ സങ്കീർണമായതോടെ കൂടുതൽ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.
പുതിയ സർക്കാരിൽനിന്ന് ഉപമുഖ്യമന്ത്രിയടക്കം കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധത്തിനാണ് വിവിധ സംഘടനകളുടെ ആഹ്വാനം.
ശുഭദിനം.
Tags:
KERALA