*🟨ഇറാൻ-യുഎസ് ചർച്ചകൾക്ക് കളമൊരുങ്ങുന്നു; ആണവ വിഷയത്തിൽ വെള്ളിയാഴ്ച ഒമാനിൽ കൂടിക്കാഴ്ച*
മസ്കറ്റ്: ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ ഫെബ്രുവരി ആറ് വെള്ളിയാഴ്ച ഒമാനിലെ മസ്കറ്റിൽ നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചു. നേരത്തെ ചർച്ചകൾ പാളിപ്പോയെന്ന വാർത്തകൾ വന്നിരുന്നെങ്കിലും, അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒമാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് അമേരിക്ക തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയത്. ഇറാനുമായി മറ്റ് വിഷയങ്ങൾ (ബാലിസ്റ്റിക് മിസൈലുകൾ, പ്രാദേശിക തീവ്രവാദം) കൂടി ചർച്ച ചെയ്യണമെന്നായിരുന്നു അമേരിക്കയുടെ ആദ്യ നിലപാട്. എന്നാൽ, ഇപ്പോൾ ആണവ വിഷയത്തിൽ മാത്രം ചർച്ച നടത്താമെന്ന ഇറാന്റെ ആവശ്യം അമേരിക്ക താത്കാലികമായി അംഗീകരിച്ചു.
ബാലിസ്റ്റിക് മിസൈൽ പദ്ധതിയെക്കുറിച്ചും മിഡിൽ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകളെ സഹായിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആണവ പദ്ധതി ഒഴികെയുള്ള കാര്യങ്ങൾ ചർച്ചാവിഷയമല്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ മുടങ്ങിയത്. ഒടുവിൽ വിദേശകാര്യ മന്ത്രിമാരുടെ ഇടപെടലിലൂടെയാണ് ചർച്ചകൾ പുനഃസ്ഥാപിച്ചത്.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് മസ്കറ്റിൽ ചർച്ചകൾ ആരംഭിക്കുക. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തതിന് ഒമാൻ സർക്കാരിന് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ കടുക്കുന്നതിനിടെ അമേരിക്കൻ നാവികസേന മേഖലയിൽ കൂടുതൽ കപ്പലുകളെ വിന്യസിക്കുകയും ഒരു ഇറാനിയൻ ഡ്രോണിനെ വെടിവെച്ചിടുകയും ചെയ്തതോടെ സാഹചര്യം സംഘർഷഭരിതമായിരുന്നു. ഈ പ്രതിസന്ധിക്കിടയിലാണ് ചർച്ചകൾ നടക്കുന്നത്.
ഇറാൻ ആണവായുധം നിർമ്മിക്കുന്നതിൽ നിന്ന് തടയുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും, മറ്റ് ഉപരോധങ്ങൾ നീക്കം ചെയ്യണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. ഈ ചർച്ചകൾ മേഖലയിലെ സമാധാനശ്രമങ്ങളിൽ നിർണായകമാകും.
*🟨ജപ്പാനിൽ കനത്ത മഞ്ഞുവീഴ്ച; 35 മരണം, ഗതാഗതം തടസപ്പെട്ടു*
ടോക്കിയോ: വടക്കൻ ജപ്പാനിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ റോഡ് ഗതാഗതം താറുമാറായി. ജപ്പാനിലുടനീളം 35 പേർ മരിച്ചതായും 393 പേർക്ക് പരിക്കേറ്റതായുമാണു റിപ്പോർട്ട്.
നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ 2 മീറ്റർ വരെ മഞ്ഞുവീഴ്ചയാണുണ്ടായിട്ടുള്ളത്. ഇതുമൂലം സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
ആർട്ടിക് മേഖലയിൽനിന്നുള്ള തണുത്ത വായുവാണ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണം. ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ മിക്ക ട്രെയിനുകളും ഓടുന്നില്ല. 1,700ലധികം വീടുകളിൽ വൈദ്യുതിബന്ധം താറുമാറായി.
റോഡിലെ മഞ്ഞുവീഴ്ച കാരണം ആംബുലൻസും ഫയർ ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ദുരിതമേഖലയിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അമോറി ഗവർണർ സോയിചിരോ മിയാഷിത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
*🟨ഒരു കുടുംബത്തിലെ 11 പേരെ വധശിക്ഷക്ക് വിധേയമാക്കി ചൈന*
ബീജിംഗ്: ഒരു കുടുംബത്തിലെ 11 പേരെ വധശിക്ഷക്ക് വിധേയമാക്കി ചൈന. മ്യാൻമറിൽ വൻതോതിലുള്ള അഴിമതി കേന്ദ്രങ്ങളും ചൂതാട്ട പ്രവർത്തനങ്ങളും നടത്തിയിരുന്ന മിംഗ് കുടുംബത്തിലെ 11 അംഗങ്ങളെയാണ് ചൈന വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
കൊലപാതകം, നിയമവിരുദ്ധ തടങ്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾക്ക് സെജിയാംഗ് പ്രവിശ്യയിലെ കോടതി സെപ്റ്റംബറിൽ കുടുംബാംഗങ്ങളെ ശിക്ഷിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചൈനീസ് അതിർത്തിക്കടുത്തുള്ള മ്യാൻമറിലെ പട്ടണമായ ലൗക്കൈംഗിൽ വലിയ സ്വാധീനമുള്ള കുടുംബമായിരുന്നു മിംഗ്. ഇവരുടെ നേതൃത്വത്തിൽ കാസിനോകളും, തട്ടിപ്പ് കേന്ദ്രങ്ങളും, ചുവന്ന തെരുവുകളും പ്രവർത്തിച്ചിരുന്നു.
2015 നും 2023 നും ഇടയിൽ കുടുംബത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ 10 ബില്യൺ യുവാനിൽ കൂടുതൽ (1.4 ബില്യൺ ഡോളർ) നേടി. ഇവർ കാരണം 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി. 2023ൽ മ്യാൻമർ അധികൃതർ മിംഗ് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് ചൈനയ്ക്ക് കൈമാറിയതോടെയാണ് ഗ്രൂപ്പിന്റെ പതനം ആരംഭിച്ചത്.
*🟨ഇന്ത്യക്ക് ആരിൽനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ*
മോസ്കോ: ഇന്ത്യക്ക് ആരിൽനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെലിൻ വക്താവ് ദിമിത്രി പെസ്കോവ്.
“ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും നല്കുന്നത് റഷ്യ മാത്രമല്ലെന്നു ഞങ്ങൾക്കറിയാം. മറ്റു രാജ്യങ്ങളിൽനിന്നും ഇന്ത്യ എണ്ണ വാങ്ങാറുണ്ട്’’-പെസ്കോവ് പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്നു ചൊവ്വാഴ്‌ച പെസ്കോവ് പ്രസ്താവിച്ചിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്താൻ ഇന്ത്യൻ എണ്ണക്കന്പനികൾക്കു സാധിക്കില്ലെന്ന് റഷ്യയുടെ നാഷണൽ എനർജി സെക്യൂരിറ്റി ഫണ്ട് വിദഗ്ധൻ ഇഗോർ യുഷ്കോവ് പറഞ്ഞു. റഷ്യ ദിവസവും 15 ലക്ഷം മുതൽ 20 ലക്ഷം ബാരൽ എണ്ണ ഇന്ത്യക്കു നല്കുന്നുവെന്നും അതു നല്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും യുഷ്കോവ് കൂട്ടിച്ചേർത്തു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2021 വരെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്നുണ്ടായിരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെയാണ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. റഷ്യ വൻതോതിൽ ഡിസ്കൗണ്ട് നല്കിയതും ഇന്ത്യക്കും പ്രയോജനമായി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ജനുവരിയിലെ ആദ്യ മൂന്നാഴ്ച കുറഞ്ഞു. പ്രതിദിന ഇറക്കുമതി 11 ലക്ഷം ബാരലായാണ് കുറഞ്ഞത്. 2025 മധ്യത്തിൽ പ്രതിദിനം 20 ലക്ഷം ബാരൽ ഇറക്കുമതി ചെയ്തിരുന്നു.
ഇറാക്കിൽനിന്നുള്ള എണ്ണ ഇറക്കുമതി ഏതാണ്ട് റഷ്യയിൽനിന്നുള്ളതിനു തുല്യമായിട്ടുണ്ട്. സൗദിയിൽനിന്നുള്ള പ്രതിദിന എണ്ണ ഇറക്കുമതി ജനുവരിയിൽ 9.24 ലക്ഷം ബാരലായി ഉയർന്നു. ഡിസംബറിൽ ഇറക്കുമതി 7.10 ലക്ഷം ബാരലായിരുന്നു.
*🟨ഗാസയിൽ ഇസ്രയേൽ വെടിവയ്പ്; 19 പേർ കൊല്ലപ്പെട്ടു*
ജറൂസലെം: ഗാസയിൽ ഇസ്രേലി സേനയുടെ വെടിവയ്പിൽ 19 പലസ്തീൻകാർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളും അഞ്ചു പേർ കുട്ടികളുമാണ്. മൂന്നിടത്തായിരുന്നു ഇസ്രേലി സേന ആക്രമണം നടത്തിയത്.
വടക്കൻ ഗാസയിലെ തുഫായിലെ ആക്രമണത്തിൽ 11 പേരാണു കൊല്ലപ്പെട്ടത്. ഇവരിലേറെയും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. പത്തു ദിവസം പ്രായമുള്ള പെൺകുട്ടിയും ബന്ധുവായ അഞ്ചു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഭീകരരുടെ ആക്രമണത്തിൽ ഇസ്രേലി സൈനികനു ഗുരുതരമായി പരിക്കേറ്റതാണ് ഇസ്രേലി സേനയെ പ്രകോപിപ്പിച്ചത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിലായശേഷം മാത്രം ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 532 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിനിർത്തൽ പ്രാബല്യത്തിലായശേഷം തങ്ങളുടെ നാലു സൈനികർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സൈന്യം പറയുന്നു.
*🟨ഉത്തരാഖണ്ഡിൽ വർഗീയ ആക്രമണം നേരിട്ട കശ്‌മീരി വിദ്യാർഥികളെ സന്ദർശിച്ച് സിപിഐ എം പ്രതിനിധി സംഘം*
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വർഗീയ ആക്രമണത്തിന് ഇരയായ കശ്മീരി വിദ്യാർഥികളെ സിപിഐ എം പ്രതിനിധി സംഘം സന്ദർശിച്ചു. കുപ്‌വാര സ്വദേശികളായ തബീഷ് അഹമ്മദ് ഗാനി, ഡാനിഷ് അഹമ്മദ് ഗാനി എന്നീ സഹോദരങ്ങളെയും അവരുടെ കുടുംബത്തെയുമാണ് നേതാക്കൾ സന്ദർശിച്ചത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രാജേന്ദ്ര പുരോഹിത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നിതിൻ മലേത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കമ്രുദ്ദീൻ, പുരുഷോത്തം ബദോണി എന്നിവരുൾപ്പെടുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
10–ാം ക്ലാസ് വിദ്യാർഥികളും കുപ്‌വാര സ്വദേശികളുമായ ഡാനിഷ്, തബീഷ് എന്നിവർക്കാണ് ഡെറാഡൂണിൽ തീവ്രഹിന്ദുത്വ വാദികളുടെ മർദനമേറ്റത്. പട്ടിക വർഗ വിദ്യാർഥികളായ ഇരുവരും അവധിക്കാലത്ത് ഉപജീവനത്തിനായി ഷോൾ വിൽക്കാനാണ് ഡെറാഡൂണിലെത്തിയത്. 28ന് ഉണ്ടായ ആക്രമണത്തിൽ തബീഷിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഡാനിഷിന്റെ കൈ ഒടിഞ്ഞു. ശരീരമാകെ അടികൊണ്ട പാടുകളുമുണ്ട്. ഇവരുടെ കൈയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.
"ശൈത്യകാല അവധിക്കാലത്ത് ഡെറാഡൂണിലെ വികാസ് നഗറിൽ ഷാളുകൾ വിറ്റുകൊണ്ട് കുടുംബത്തെ സഹായിക്കുമ്പോഴാണ് വിദ്യാർഥികൾ വർഗീയ ആക്രമണത്തിന് ഇരയായത്. ബിജെപി സർക്കാർ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുടുംബത്തിന് സഹായം നൽകാൻ തയാറായിട്ടില്ല. ബിജെപി സർക്കാരാണ് ഇത്തരമൊരു വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദിയെന്ന് സിപിഐ എം പ്രതിനിധി സംഘം പറഞ്ഞു. എല്ലാ നിയമ, വൈദ്യ സഹായങ്ങളും നൽകുമെന്ന് പ്രതിനിധി സംഘം വിദ്യാർഥികൾക്കും കുടുംബത്തിനും ഉറപ്പുനൽകി."
*🟨"കൊറിയയെ വിടാൻ പറ്റില്ല, എല്ലാം ഡയറിയിലുണ്ട്'; ആത്മഹത്യ ചെയ്ത സഹോദരിമാരുടെ കത്ത് പുറത്ത്*
ഗാസിയാബാദ്: മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊറിയൻ സംസ്കാരത്തോടും ഗെയിമുകളോടുമുള്ള കുട്ടികളുടെ അമിതമായ ആസക്തിയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്നതാണ് മരണത്തിന് മുൻപ് അവർ എഴുതിയ കുറിപ്പ്. "കൊറിയയെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് കഴിയില്ല, അതുകൊണ്ട് ഞങ്ങൾ ജീവിതം അവസാനിപ്പിക്കുന്നു" എന്ന് കുട്ടികൾ കുറിപ്പിൽ എഴുതിയതായി അവരുടെ പിതാവ് വെളിപ്പെടുത്തി.
മുറി അകത്തുനിന്ന് പൂട്ടിയ ശേഷമാണ് ഓരോരുത്തരായി താഴേക്ക് ചാടിയത്. പുറത്ത് വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഉടൻ തന്നെ കുട്ടികളുടെ മുറിക്ക് അരികിലെത്തി. വാതിൽ തകർത്ത് അകത്തുകയറാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും സഹോദരിമാർ ഒന്നൊന്നായി താഴേക്ക് ചാടിക്കഴിഞ്ഞിരുന്നു.
മരിക്കുന്നതിന് മുൻപ് കുട്ടികൾ എഴുതിയ കുറിപ്പിൽ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതിനൊപ്പം, തങ്ങളുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദമായി എഴുതിയ ഒരു ഡയറി വായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്."
"2020-ലെ കോവിഡ് കാലത്താണ് 12, 14, 16 വയസ്സുള്ള ഈ സഹോദരിമാർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായത്. കുട്ടികൾ തങ്ങൾക്ക് 'കൊറിയൻ പേരുകൾ' വരെ നൽകിയിരുന്നു. ഗെയിം അഡിക്ഷനെ തുടർന്ന് മാതാപിതാക്കൾ ഇവരെ ശകാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ കുറിപ്പിൽ ഒരു കരയുന്ന ഇമോജിയും "സോറി പപ്പ" എന്നും എഴുതിയിട്ടുണ്ട്. ഒപ്പം തങ്ങളുടെ ഡയറിയിൽ എല്ലാമുണ്ടെന്നും അത് വായിക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡയറി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മാതാപിതാക്കളുടെ ശകാരത്തെത്തുടർന്നുള്ള മനോവിഷമമാണോ അതോ ഗെയിമിലെ ഏതെങ്കിലും ടാസ്ക്കുകളുടെ ഭാഗമാണോ ഈ കടുംകൈ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്."
*🟨"പ്രണയത്തിന് പ്രായമില്ല; വാലന്റൈൻസ് ദിനത്തിൽ 50 കഴിഞ്ഞവർക്കായി കൊൽക്കത്തയിൽ 'സ്വയംവരം'*
കൊൽക്കത്ത: പ്രണയദിനമായ ഫെബ്രുവരി 14ന് കൊൽക്കത്തയിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് 50 കഴിഞ്ഞവർ. ഒറ്റപ്പെടലും ആരോഗ്യപ്രശ്നങ്ങളും വേട്ടയാടുന്ന വാർദ്ധക്യകാലത്ത് ഒരു കൂട്ട് ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി കൊൽക്കത്തയിലെ ഒരു സന്നദ്ധ സംഘടനയാണ് ഈ വ്യത്യസ്തമായ 'സ്വയംവരം' ഒരുക്കുന്നത്.
'ഠിക്കാന ഷിംല' എന്ന എൻജിഒയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി നടത്തുന്ന ഈ മാച്ച് മേക്കിംഗ് പരിപാടി 11-ാം വർഷത്തിലേക്ക് കടക്കുകയാണ്. ഇത്തവണ ഹൂഗ്ലി നദിക്കരയിലുള്ള ഒരു ഗാർഡൻ ഹൗസിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. 50 വയസ്സിന് മുകളിലുള്ള അവിവാഹിതർ, വിധവകൾ, വിവാഹമോചിതർ എന്നിവർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 30 പുരുഷന്മാരും 30 സ്ത്രീകളും പ്രണയദിനത്തിൽ ഒന്നിച്ചിരുന്ന് സംസാരിക്കുകയും പാട്ടും നൃത്തവുമായി സമയം ചെലവഴിക്കുകയും ചെയ്യും.
'പ്രായാധിക്യം മൂലം ബന്ധുക്കളും കുടുംബാംഗങ്ങളും ഒപ്പമുണ്ടെങ്കിലും, മനസ്സ് തുറന്ന് സംസാരിക്കാൻ ഒരു കൂട്ടില്ലാത്തത് പലരെയും മാനസികമായി തളർത്തുന്നുണ്ട്. ആ വിടവ് നികത്താനാണ് ഞങ്ങൾ ഈ വേദി ഒരുക്കുന്നത്,'- എന്ന് സംഘടനയുടെ സ്ഥാപകൻ ഡോ. അമിതാഭ് ദേ സർക്കാർ പറയുന്നു. വിവാഹം മാത്രമല്ല ലക്ഷ്യം, നല്ലൊരു സൗഹൃദം കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
"ഈ വയസ്സിൽ പ്രണയിക്കുന്നതോ കൂട്ട് തേടുന്നതോ ഒരു തെറ്റായി കാണുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഇവിടെ ഞങ്ങൾക്ക് സങ്കോചമില്ലാതെ സംസാരിക്കാം. ഇത് എന്നെ വീണ്ടും 18 വയസ്സുകാരനാക്കുന്നത് പോലെ തോന്നിപ്പിക്കുന്നു," കഴിഞ്ഞ വർഷം പങ്കെടുത്ത 62കാരൻ തന്റെ അനുഭവം പങ്കുവെച്ചു.
"300 രൂപ ഫീസും സെൽഫ് ഡിക്ലറേഷൻ ഫോമും നൽകിയാണ് ഇവർ ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പരിപാടിയുടെ എല്ലാ സ്ലോട്ടുകളും ഫുൾ ആയെന്നത് മുതിർന്നവരുടെ ഇടയിൽ ഇത്തരം വേദികൾക്കുള്ള വലിയ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത് എന്നും ബന്ധപ്പെട്ടവർ പറയുന്നു."
*🟨"ഡൽഹിയിൽ മെട്രോ സ്റ്റേഷനിൽ 'അടിവസ്ത്ര വെന്‍ഡിംഗ് മെഷീൻ'; 'അടിപൊളി' തീരുമാനമെന്ന് സോഷ്യൽ മീഡിയ*
ന്യൂഡൽഹി: സാധാരണയായി ചിപ്‌സുകളും ശീതളപാനീയങ്ങളും ലഭിക്കുന്ന വെൻഡിംഗ് മെഷീനുകൾക്ക് പകരം അടിവസ്ത്രങ്ങൾ വിൽക്കുന്ന മെഷീൻ സ്ഥാപിച്ചിരിക്കുകയാണ് ഡൽഹി മെട്രോ. രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷനിലെ ഈ കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ബാഡി ബില്ലു എന്ന ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സ്റ്റേഷനിലെത്തിയ യുവതി പകർത്തിയ വീഡിയോ വൈറലായതോടെയാണ് സംഭവം ചർച്ചകൾക്ക് വഴിവെച്ചത്. സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
ആശ്ചര്യത്തോടെയും ഒരല്പം പരിഹാസത്തോടെയുമാണ് ഇവർ വീഡിയോയിൽ സംസാരിക്കുന്നത്. 'വെൻഡിംഗ് മെഷീനിൽ അടിവസ്ത്രങ്ങളോ? നമ്മൾ ഏത് തലത്തിലുള്ള ഇന്നൊവേഷനിലാണ് എത്തിനിൽക്കുന്നത്' എന്ന് ചോദിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവെച്ചത്. ഈസ്റ്റ് മെട്രോ സ്റ്റേഷനിലെത്തിയ ഞാൻ ഭ്രാന്തമായ ഒരു കാര്യം കണ്ടു. വെൻഡിങ് മെഷീനിൽ അടിവസ്ത്രം. ആരാ ഇവിടെ വന്നിട്ട്, അയ്യോ അടിവസ്ത്രം മറന്നുപോയി എന്നാ ഒന്ന് വാങ്ങാം എന്നൊക്കെ ചിന്തിക്കുക? എന്നായിരുന്നു അവരുടെ വാക്കുകൾ.
എന്നാൽ ഇത് ഭ്രാന്തല്ല എന്നും. ആളുകൾ യാത്രക്കിറങ്ങുമ്പോൾ പെട്ടെന്നുള്ള തിരക്കിനിടയിൽ ഇതൊക്കെ മറക്കാൻ സാധ്യതയുണ്ടെന്നും ചിലർ പറഞ്ഞു. സ്ത്രീകൾക്കാണെങ്കിൽ ആർത്തവസമയത്തുണ്ടാകുന്ന അപ്രതീക്ഷിത ബുദ്ധിമുട്ടുകൾക്കും മറ്റും ഇത് വലിയ സഹായമാകുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. രസകരമായ കമന്റുകളുമായും നിരവധിപേർ എത്തി.
ജപ്പാനെപ്പോലെയുള്ള രാജ്യങ്ങളിൽ ഇത്തരം വെൻഡിംഗ് മെഷീനുകൾ സർവ്വസാധാരണമാണെന്നും, തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ കടകളിൽ പോകാൻ സമയം ലഭിക്കാത്തവർക്ക്
ഇത് പ്രയോജനപ്പെടുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. വെൻഡിംഗ്
മെഷീനുകളിൽ സ്റ്റേഷനറി സാധനങ്ങളും തയ്യൽ ഉപകരണങ്ങളും സാനിറ്റൈസറും കൂടി ഉൾപ്പെടുത്തണമെന്ന
നിർദ്ദേശങ്ങളും വരുന്നുണ്ട്.
*🟨"ശബരിപാത യാഥാർത്ഥ്യമാക്കാൻ നിർണായക തീരുമാനം; പദ്ധതി ചെലവിന്റെ പകുതിയും സംസ്ഥാന സർക്കാർ വഹിക്കും*
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നപദ്ധതിയായ ശബരി റെയിൽ യാഥാർത്ഥ്യമാക്കുന്നതിനായി നിർണായക തീരുമാനമെടുത്ത് മന്ത്രിസഭായോഗം. അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് വേണ്ടി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്.
1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും."
"പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ (lapsed) നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ (De Novo) തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.
07.01.2021-ലെ സർക്കാർ (G.O(Ms) No. 1/2021/Trans) പ്രകാരം, പദ്ധതി ചെലവിൻ്റെ 50 ശതമാനം കിഫ്ബി (KIIFB) ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ആ സമയത്ത് 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവിൽ 3,800.9 കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണ്. ഇതിൻ്റെ പകുതി വിഹിതമാണ് സംസ്ഥാന സർക്കാർ വഹിക്കുക.
ശബരി പദ്ധതിക്കായി 303.58 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാൻ 1361 കോടി രൂപയും നിർമ്മാണ പ്രവർത്തനത്തിന് 2439.93 കോടി രൂപയും ചിലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്.
പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികാരികൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്തെ ദേശീയപാത പദ്ധതിക്കും 5580 കോടി രൂപ കിഫ്ബി വഴി സർക്കാർ അനുവദിച്ചിരുന്നു."
*"അവരെ തിരിച്ചുതരൂ' ; മഡുറോയുടെ മോചനത്തിനായി ലോകമെങ്ങും പ്രതിഷേധം*
ബ്രസൽസ്
യുഎസ് തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഗോളതലത്തിൽ പ്രതിഷേധം കനത്തു. "അവരെ തിരിച്ചുതരൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ചൊവ്വാഴ്‌ച ലോകത്താകമാനം അറുപത് നഗരങ്ങളിൽ പതിനായിരങ്ങള്‍ തെരുവിലിറങ്ങി.
യുഎസ് നഗരങ്ങളിലും പ്രതിഷേധമുയര്‍ന്നു.മഡുറോയേയും ഭാര്യയേയും തടവിൽ പാർപ്പിച്ചിരിക്കുന്ന ന്യൂയോർക്കിലെ മെട്രോ പൊളിറ്റന്‍ ഡിറ്റൻഷൻ സെന്ററിനും പുറത്തും പ്രതിഷേധമുയര്‍ന്നു. യുഎൻ ആസ്ഥാനത്തിന് പുറത്ത് മഡുറോയുടെ ചിത്രങ്ങൾ പതിച്ച പ്ലകാർഡുകൾ ഉയർത്തി. കൊളംബിയയിൽ, ബൊഗോട്ട, മെഡെലിൻ, കാലി, ബാരൻക്വില്ല, കുക്കുട്ട, കാർട്ടജീന എന്നിവിടങ്ങളിൽ കുത്തിയിരിപ്പ് സമരങ്ങളും മാർച്ചുകളും നടന്നു. ബൊഗോട്ടയിലെ യുഎസ് എംബസിക്ക് പുറത്തും പ്രതിഷേധമുയർന്നു.
ലാൻഡ്‌ലെസ് റൂറൽ വർക്കേഴ്സ് മൂവ്‌മെന്റ് (എംഎസ്ടി) ആഭിമുഖ്യത്തിൽ ബ്രസീലിയയിലെ ക്യൂബൻ എംബസിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാണ് പ്രതിഷേധിച്ചത്. മെക്സിക്കോയിൽ, സാമ്രാജ്യത്വ വിരുദ്ധ മുന്നണി യുഎസ് എംബസിക്ക് പുറത്ത് പ്രതിഷേധിച്ചു. ഉറുഗ്വേയിലും എൽ സാൽവഡോറിലും റാലികളില്‍ വന്‍ജനപങ്കാളിത്തമുണ്ടായി.
ബെൽജിയം, ജർമ്മനി, സ്പെയിൻ, ബ്രസീൽ, നെതർലൻഡ്‌സ്, റഷ്യ, തുർക്കിയ, ദക്ഷിണ കൊറിയ, സെനഗൽ, അംഗോള, കെനിയ, ഉഗാണ്ട, കോംഗോ, ഫിലിപ്പീൻസ്, ഇറാഖ്, ലെബനൻ, സൗദി അറേബ്യ തുടങ്ങിയിടങ്ങളിലും പ്രതിഷേധമുണ്ടായി. ദക്ഷിണാഫ്രിക്കൻ സർവകലാശാല മഡുറോയ്ക്കെതിരായ നടപടിക്കെതിരെ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു."
*🟨"ട്രംപിന് ആഘോഷം; മോദിക്ക് മൗനം*
*കർഷക രോഷമുയരുന്നു ; വിപുലമായ പ്രക്ഷോഭമെന്ന് സംയുക്ത കിസാൻ മോർച്ച*
ന്യൂഡൽഹി
കാർഷിക മേഖലയ്‌ക്ക് ആഘാതമാകുന്ന ഇന്ത്യ– യുഎസ് വ്യാപാര കരാറിനെതിരായി രാജ്യവ്യാപകമായി കർഷകരോഷം അണപൊട്ടുന്നു. സംയുക്ത കിസാൻ മോർച്ചയുടെ അഖിലേന്ത്യ കിസാൻ സഭയുടെയും മറ്റും ആഹ്വാനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കർഷകർ ഗ്രാമങ്ങൾ തോറും കരാറിനെതിരായ പ്രചാരണപ്രവർത്തനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നു.
കാർഷികോൽപ്പന്നങ്ങൾ കരാറിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ കാർഷിക നിയമങ്ങൾക്കെതിരായി സംഘടിപ്പിച്ച ഐതിഹാസിക സമരത്തിന് സമാനമായ പ്രക്ഷോഭം രാജ്യമാകെ ഉയർത്തുമെന്ന് സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു.
കാർഷിക– ക്ഷീര മേഖലകളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്ന വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ അവകാശവാദങ്ങളെ കിസാൻമോർച്ച തള്ളികളഞ്ഞു. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്ന പ്രശ്‌നമായിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. അമേരിക്കൻ കാർഷിക സെക്രട്ടറിയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് പീയുഷ് ഗോയലിന്റെ പ്രസ്‌താവന. മോദി എക്കാലവും കർഷകരുടെ താൽപ്പര്യം സംരക്ഷിച്ചിട്ടുണ്ടെന്ന ഗോയലിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്. വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നാലും കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞു.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ പരുത്തിയുടെ ഇറക്കുമതി തീരുവ സർക്കാർ എടുത്തുകളഞ്ഞു. ഏറ്റവും കൂടുതൽ കർഷക ആത്‌മഹത്യകൾ നടക്കുന്ന പരുത്തി മേഖലയിൽ ഇത് വലിയ പ്രത്യാഘാതം സൃഷ്ടിച്ചു. യുഎസിൽ നിന്നുള്ള പരുത്തി ഇറക്കുമതി ഇരട്ടിയിലേറെയായി വർധിച്ചു. ഇതാണ് മോദിയുടെ കർഷകസ്‌നേഹം.
വ്യാപാര കരാറിനെതിരായ പ്രതിഷേധം വരുംദിവസങ്ങളിലും തുടരും– കിസാൻമോർച്ച അറിയിച്ചു.
*വര്‍ഷം 10,000 കോടി ഡോളറിന്റെ
ഉൽപ്പന്നങ്ങൾ ഒഴുകും*
കരാർ പ്രകാരം അടുത്ത അഞ്ചുവർഷത്തേക്ക് ഓരോ വർഷവും പതിനായിരം കോടി ഡോളറിന്റെ (ഏതാണ്ട് ഒമ്പത് ലക്ഷം കോടി രൂപ) ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന ഉറപ്പാണ് മോദി സർക്കാർ നൽകിയിരിക്കുന്നത്. കാർഷികോൽപ്പന്നങ്ങൾ, ടെക്‌നോളജി, ആണവ ഉപകരണങ്ങൾ, വിമാനങ്ങൾ, ക്രൂഡോയിൽ എന്നിവയുടെ ഇറക്കുമതിയാണ് ഇന്ത്യ ഉറപ്പുനൽകിയിട്ടുള്ളത്. സാധാരണ വ്യാപാര കരാറുകളിൽ ഇത്തരത്തിൽ വ്യാപാര ‘അളവ്’ നിശ്ചയിക്കൽ പതിവുള്ളതല്ല.
നിലവിൽ അമേരിക്കയുമായി 3.69 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്കുണ്ട്. എന്നാൽ, വർഷം ഒമ്പത് ലക്ഷം കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന ഉറപ്പ് ഇന്ത്യ നൽകിയ സാഹചര്യത്തിൽ വ്യാപാര മേഖലയിൽ യുഎസിന് മേലെയുണ്ടായിരുന്ന മേൽക്കൈ കൂടി നഷ്‌ടമാകും.
*ട്രംപിന് ആഘോഷം; മോദിക്ക് മൗനം*
ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ വമ്പൻ വ്യാപാര നേട്ടമായി ആഘോഷിക്കുന്നത് അമേരിക്ക തുടരുമ്പോഴും മോദി സർക്കാർ മൗനത്തിൽ. അമേരിക്കയുടെ കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസിന് പിന്നാലെ വൈറ്റ്‌ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റും ഇന്ത്യയുമായുള്ള കരാറിനെ അമേരിക്കയുടെ വ്യാപാര വിജയമായി വിശേഷിപ്പിച്ചു. അമേരിക്കയുടെ കാർഷികോൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി കൂടുതലായി തുറന്നുകിട്ടുമെന്ന് ലെവിറ്റ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തും യുഎസിൽ നിന്ന് കൂടുതലായി എണ്ണ വാങ്ങും വെനസ്വേലയിൽ നിന്നുള്ള എണ്ണയും ഇന്ത്യ വാങ്ങുമെന്നും ലെവിറ്റ് പറഞ്ഞു.
അമേരിക്കയുടെ സാമ്പത്തികതാൽപ്പര്യങ്ങൾ സംരക്ഷിക്കും വിധമാണ് കരാറിന് രൂപം നൽകിയിട്ടുള്ളത്. ഉൗർജം, ടെക്‌നോളജി, കൽക്കരി, കൃഷി എന്നീ മേഖലകളിലായി 50000 കോടി
യുഎസ് ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങും. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വ്യക്തിപരമായ ഇടപെടലാണ് യുഎസിന് നേട്ടമാകുന്ന കരാറിന് വഴിയൊരുക്കിയത്. – അമേരിക്കൻ മാധ്യമങ്ങളോട് ലെവിറ്റ് പറഞ്ഞു.
അമേരിക്കൻ നേതൃത്വം ശക്തമായ അവകാശവാദങ്ങൾ മുന്നോട്ടുവെയ്‌ക്കുമ്പോഴും കാര്യമായ പ്രതികരണത്തിന് കേന്ദ്ര ബിജെപി സർക്കാർ തയ്യാറായിട്ടില്ല. കാർഷിക– ക്ഷീര മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുള്ളതാണ് കരാറെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദാംശം പുറത്തുവിടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല."
*🟨"പ്രവാസി തൊഴിലാളികളുടെ പരാതികൾ ഇനി വൈകില്ല; പുതിയ സംവിധാനവുമായി കുവൈത്ത്*
കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികൾ ഉന്നയിക്കുന്ന തൊഴിൽപരാതികൾ വേഗത്തിലും ന്യായമായും പരിഹരിക്കുന്നതിന് പുതിയ സംവിധാനവുമായി കുവൈത്ത് സർക്കാർ. തൊഴിൽപരാതികൾ കൈകാര്യം ചെയ്യുന്ന നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.
പുതിയ സംവിധാനപ്രകാരം, തൊഴിലാളികൾ സമർപ്പിക്കുന്ന പരാതികൾ ഇനി ഒരേയൊരു കേന്ദ്രത്തിലേക്ക് പരിമിതപ്പെടുത്താതെ ബന്ധപ്പെട്ട ഗവർണറേറ്റുകളിലെ തൊഴിൽകാര്യ വകുപ്പുകൾ മുഖേന കൈകാര്യം ചെയ്യുന്നതാണ്. ഇതുവഴി കേസുകളുടെ തിരക്ക് കുറയ്ക്കുകയും പരാതികളുടെ സമതുലിതമായ വിതരണവും സമയബന്ധിതമായ പരിഹാരവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
പരാതി രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ തന്നെ ബന്ധപ്പെട്ട ഗവർണറേറ്റ് അടിസ്ഥാനത്തിൽ കേസുകൾ ക്രമീകരിക്കുകയും, അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഇതോടെ തൊഴിലാളികൾക്ക് നീണ്ട കാത്തിരിപ്പും അനാവശ്യ ഇടപെടലുകളും ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. തൊഴിലാളികൾക്കും തൊഴിൽദാതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തൊഴിൽവിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി. തൊഴിൽപരാതികൾ കൂടുതൽ സുതാര്യമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിലൂടെ തൊഴിൽബന്ധങ്ങളിലെ വിശ്വാസം വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ."
ശുഭദിനം.
Tags:
KERALA