*റിപ്പബ്ലിക് ദിനാഘോഷം*
*റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ എ എൻ ഷംസീർ ദേശീയ പതാക ഉയർത്തും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഗാർഡ് ഓഫ് ഓണറും സ്വീകരിക്കുന്ന സ്പീക്കർ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തും*.
*റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക നിവർത്തും*
*തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ 26ന് രാവിലെ 9 ന് ഗവർണർ ദേശീയപതാക നിവർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരുഢ സേന, സംസ്ഥാന പോലീസ്, എൻ സി സി, സ്‌കൗട്സ്, ഗൈഡ്‌സ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ, എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്‌ളിക് ദിന സന്ദേശം നൽകും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും*
*നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ; സ്‌പീക്കർക്ക് കത്ത് നൽകി , നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തി*
നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പോരിനുറച്ച് ഗവർണ്ണർ. തൻറെ പ്രസംഗത്തിൻറെയും അതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൻറെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്. ഗവർണ്ണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.
*സിപിഎമ്മിൽ ചേർന്നേക്കുമെന്ന വാർത്തയിൽ പ്രതികരിക്കാതെ ശശി തരൂർ*
കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകൽച്ചയിലുള്ള ശശി തരൂർ പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ശശി തരൂർ എം പി.
സിപിഎമ്മിൽ ചേരുന്നതിൻ്റെ ഭാഗമായിട്ടുള്ള ചർച്ചക്കാണ് അദ്ദേഹത്തിന്റെ ദുബായ് സന്ദർശനമെന്നുമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ, ഇതിനോട് തരൂർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
തന്നെ കുറിച്ചുള്ള വിവാദങ്ങൾ വിമാനത്തിൽവെച്ച് അറിഞ്ഞതായും, എന്നാൽ വിദേശത്തുവെച്ച് രാഷ്ട്രീയ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
*ആനക്കാംപൊയിൽ–കള്ളാടി തുരങ്ക പാത ; ഫെബ്രുവരിയിൽ
തുരക്കാൻ തുടങ്ങും*
കൽപ്പറ്റ
വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായ ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇരുഭാഗത്തുനിന്നും ഒരേസമയം പ്രവൃത്തി ആരംഭിക്കും. പാറ ഡ്രിൽ ചെയ്യുന്നതിനുള്ള ‘ബൂമർ’ നേരത്തെ എത്തിച്ചിട്ടുണ്ട്. ഇരുഭാഗത്തും വലത് തുരങ്കത്തിന്റെ പ്രവൃത്തിയാണ് ആദ്യം തുടങ്ങുക. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യയാണ്.
കള്ളാടിയിൽ തുരങ്കമുഖംവരെയുള്ള "കട്ട് ആൻഡ് കവർ' പ്രവൃത്തി ഉടൻ പുർത്തിയാകും. മേപ്പാടി – ചൂരൽമല റോഡിൽനിന്ന് തുരങ്കമുഖംവരെയുള്ള 180 മീറ്റർ മണ്ണ് കുഴിച്ച് തുരങ്കത്തിന് സമാനമായി ടണൽ നിർമിക്കുന്നതാണിത്. ആനക്കാംപൊയിൽ ഭാഗത്ത് തുരങ്കമുഖംവരെയുള്ള പ്രവൃത്തിയും പുരോഗമിക്കുന്നു. പാറപൊട്ടിച്ചും മണ്ണുനീക്കിയുമാണ് പാത നിർമിച്ചത്. മറിപ്പുഴയ്‌ക്ക് കുറുകെ താൽക്കാലിക പാലം നിർമിച്ച് യന്ത്രങ്ങൾ എത്തിച്ചു. തുരന്നെടുക്കുന്ന പാറകൾ പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കും. ക്രഷർ യൂണിറ്റ്, ഡമ്പിങ്ങ് യൂണിറ്റ് എന്നിവ ഇരുഭാഗത്തും സജ്ജമാണ്. കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റും ഒരുക്കി.
നിലവിൽ ദിവസവും 16 മണിക്കൂർവരെയാണ് നിർമാണം. തുരക്കൽ ആരംഭിക്കുന്നതോടെ കൂടുതൽ തൊഴിലാളികളെ എത്തിച്ച് രണ്ട് ഷിഫ്‌റ്റായി 24 മണിക്കൂറും പ്രവൃത്തി നടത്തും. ആഗസ്‌ത് 31നാണ് തുരങ്ക പാതയുടെ നിർമാണ ഉദ്‌ഘാടനം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പിന്നാലെ പ്രവൃത്തി ആരംഭിച്ചു. 8.11 കിലോമീറ്റർ ഇരട്ട തുരങ്ക പാതയാണ് നിർമിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തിൽ എത്താനാകും. 2043 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.
*"13 കുടുംബങ്ങൾക്ക് ചൂരൽമലയിൽത്തന്നെ*
*ഗോത്രകുടുംബങ്ങൾക്കും ചൂരൽമലയിൽ ഭൂമിയായി ; വീട് ടൗൺഷിപ്പ് മാതൃകയിൽ*
കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങളെ ചൂരൽമലയിൽത്തന്നെ പുനരധിവസിപ്പിക്കാൻ ഭൂമിയായി. ഇവിടെത്തന്നെ പുനരധിവാസം വേണമെന്ന കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക പദ്ധതി. ചൂരൽമല പുതിയ വില്ലേജിലെ വാസയോഗ്യമായ അഞ്ച് ഹെക്ടർ നിക്ഷിപ്ത വനഭൂമിയിൽ 13 കുടുംബത്തിനാണ് പുനരധിവാസം നൽകുന്നത്. കൽപ്പറ്റയിലെ ടൗൺഷിപ്പിലേതിന് സമാനമായ വീട് ഇവിടെ നിർമിച്ചുനൽകും.
ടൗൺഷിപ്പിലേക്ക് വരാൻ ഇവർ തയ്യാറായിരുന്നില്ല. വനവിഭവം ശേഖരിച്ച് ഉപജീവനം കണ്ടെത്തുന്ന കുടുംബങ്ങൾക്ക് ചൂരൽമലയിൽനിന്ന് മാറാനാകില്ലെന്ന് അറിയിച്ചതോടെയാണ് നടപടി. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തന കാലത്തുപോലും മാറിത്താമസിക്കാൻ ഇവർ വിസമ്മതിച്ചിരുന്നു. വനത്തിനോട് ചേർന്ന് വീട് വേണമെന്നായിരുന്നു ആവശ്യം.
ടൗൺഷിപ്പിന്റെ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട പുഞ്ചിരിമട്ടത്തെ അഞ്ചും ചൂരൽമല പുതിയ വില്ലേജിനുസമീപത്തെ മൂന്നും ഉരുൾപൊട്ടലിനുശേഷം ഒറ്റപ്പെട്ട അട്ടമല എറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ചും കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും. ഭൂമി രണ്ടായിത്തിരിച്ച് പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലുണ്ടായിരുന്നവരെ ഒരിടത്തും എറക്കാട്ടുകുണ്ടുകാരെ മറ്റൊരിടത്തും പുനരധിവസിപ്പിക്കും. എറാട്ടുകുണ്ടിലെ കുടുംബങ്ങൾക്ക് 10 സെന്റ് വീതം നൽകും. പുഞ്ചിരിമട്ടത്തെയും പുതിയ വില്ലേജിലെയും കുടുംബങ്ങൾക്ക് ചുരുങ്ങിയത് 10 സെന്റും വനാവകാശ നിയമപ്രകാരം മുമ്പുണ്ടായിരുന്ന അത്രതന്നെയും ഭൂമിയും നൽകും. കൈവശരേഖ കുടുംബങ്ങൾക്ക് നൽകും.
വനം വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്.
ഗുണഭോക്താക്കൾക്കുള്ള ഭൂമിയുടെ രേഖകൾ തയ്യാറാക്കിയതായി അധികൃതർ പറഞ്ഞു.
*"സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് കത്ത് നൽകി*
*അടിമുടി ദുരൂഹത ; പുതുതായി ഉൾപ്പെടുത്തിയത് 26 ലക്ഷം പേരെ*
തിരുവനന്തപുരം
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല. ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത. 26,01,201 പേരെ ഉൾപ്പെടുത്തിയതായാണ് കമീഷന്റെ വെബ്‌സൈറ്റിലുള്ളത്. ഇൗ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് കത്ത് നൽകി. ഇത്രയധികം പേർ എങ്ങനെ ഉൾപ്പെട്ടു എന്നത് ദുരൂഹമാണ്. ലഭിക്കുന്ന അപേക്ഷകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പകർപ്പ് രാഷ്‌ട്രീയ പാർടികൾക്ക് ലഭ്യമാക്കണമെന്നും കത്തിലുണ്ട്.
ഫോറം 6, ഫോറം 6 എ, ഫോറം എട്ട് എ എന്നിവപ്രകാരം പല നിയമസഭാ മണ്ഡലങ്ങളിലും ലഭിച്ച അപേക്ഷകളുടെ എണ്ണം അസാധാരണമാണ്. പൊതുവിൽ ഒന്നരലക്ഷം അപേക്ഷയാണ് ഇതര ജില്ലകളിലെങ്കിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രണ്ടു ലക്ഷംമുതൽ ആറു ലക്ഷംവരെ അപേക്ഷകളുണ്ട്. ഇത് സാധാരണഗതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്.
കണ്ണൂർ ജില്ലയിൽ കണ്ണൂർ, തളിപ്പറമ്പ്, അഴീക്കോട് മണ്ഡലങ്ങളിൽ അപേക്ഷകരുടെ എണ്ണം വളരെയേറെയാണ്. ബിഎൽഒമാരുടെ വെരിഫിക്കേഷനില്ലാതെയാണ് അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കുന്നത്. ബിഎൽഒമാരുടെ പരിശോധനയില്ലാതെ അപേക്ഷ തീർപ്പാക്കരുതെന്നും പരിശോധനയുടെ തീയതി ബിഎൽഒമാരെ അറിയിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്.
"തമിഴ്‌നാട്, ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ താമസക്കാരും കേരളത്തിൽ സ്ഥിരതാമസമില്ലാത്തവരും ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളും ഉൾപ്പെടെ ധാരാളംപേരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമമുണ്ടായി. ചില മണ്ഡലങ്ങളിലെ പതിനായിരത്തിലേറെ വോട്ടർമാരെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റിയതായും കാണുന്നുണ്ട്. ഇതും അസാധാരണ നടപടിയാണ്."
*ന്യൂയോർക്കിൽ ബഹുനില കെട്ടിടത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിച്ചു: ഒരു മരണം, 14 പേർക്ക് പരിക്ക്*
ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിത്തം. ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്.
ബ്രോങ്ക്സിലെ 17 നില കെട്ടിടത്തിൽ ശനി പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 15, 16 നിലകളിൽ നിന്ന് വാതകത്തിന്റെ ദുർഗന്ധം വമിച്ചതായി ലഭിച്ച റിപ്പോർട്ടുകൾ അഗ്നിശമന സേനാംഗങ്ങൾ അന്വേഷിച്ചുവരികയാണെന്ന് വകുപ്പ് മേധാവി ജോൺ എസ്പോസിറ്റോ പറഞ്ഞു. ഒരു ഡസനോളം അപ്പാർട്ടുമെന്റുകൾക്ക് വലിയ കാര്യമായ നാശനഷ്ടങ്ങളും 16, 17 നിലകളിലെ 10 അപ്പാർട്ടുമെന്റുകളിൽ തീപിടിത്തവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചികിത്സയിലുള്ള 6 പേർക്ക് ഗുരുതരമായ പരിക്കുകളും എട്ട് പേർക്ക് നിസാര പരിക്കുകളുമാണുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയുടേതായിരുന്ന കെട്ടിടം 2024 മുതൽ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലാണെന്നും സ്ഫോടനത്തിന്റെ യഥാർഥ കാരണം അന്വേഷിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
കെട്ടിടത്തിലെ എല്ലാ മുറികളും അടച്ചുപൂട്ടിയതായും 148 അപ്പാർട്ടുമെന്റുകളും ഒഴിപ്പിച്ചതായും മേയർ സൊഹ്‌റാൻ മംദാനി പറഞ്ഞു. കെട്ടിടത്തിലെ താമസക്കാർക്കായി അടുത്തുള്ള സ്കൂളിൽ താൽക്കാലിക കേന്ദ്രം സ്ഥാപിച്ചു."
*ഷാജി പാപ്പനും മറ്റ് ആറുപേരും*
*പുതിയ രൂപത്തിലും* *വേഷത്തിലും*
*ആട്. 3 യുടെ* *പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ* *പുറത്തുവിട്ടു.*
....................................
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.
.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്. ആട്. 2, എന്നീ ചിത്രങ്ങളിലൂട യാണ് ഈ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സുപരിചിതരായത്.
ഇപ്പോൾ ആട്. 3 യുടെ മൂന്നാം ഭാഗം ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻസ്സി
ലേക്കു കടന്നിരിക്കുന്നു.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീബാനറുകളിൽ വിജയ് ബാബു വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച്
മിഥുൻ മാനുവൽ തോമസ്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഏഴു ക്യാരക്ടർ പോസ്റ്ററുകളാണ് ജനുവരി ഇരുപത്തിയഞ്ച് ഞായറാഴ്ച്ച പുറത്തുവിട്ടിരി
ക്കുന്നത്.
രാവിലെ പതിനൊന്നുമണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്തിനുള്ളിലായി ഓരോരുത്തരുടേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുകയാ
യിരുന്നു.
വിനായകൻ്റെ പോസ്റ്ററോടെയാണ് തുടക്കമിട്ടത്. പിന്നീട് ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു. സൈജുക്കുറുപ്പ്, സണ്ണി വെയ്ൻ എന്നിവർ കടന്ന് ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യയിലാണ് എത്തിച്ചേർന്നത്.
ആടിൻ്റെ രണ്ടു ഭാഗങ്ങളിലും കണ്ട രൂപവും ഭാവവുമല്ല ഈ കഥാപാത്രങ്ങൾക്ക്.
തികച്ചും വ്യത്യസ്ഥമാണ്.
ഈ രൂപമാറ്റത്തിനു പിന്നിലെ രഹസ്യമെന്താണ്?
അണിയറ പ്രവർത്തകർ ഇക്കുറി ചില രഹസ്യങ്ങൾ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നു എന്നു വേണം കരുതാൻ.
ഫാൻ്റെസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻതാരനിരയുടെ അകമ്പടിയോടെ വൻമുതൽമുടക്കിലാണെത്തുന്നത്.
ഇനിയും നിരവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. അവരുടെ ക്യാരക്ടർ പോസ്റ്ററുകളും, പുറകേ വിടുന്നതാണന്ന് നിർമ്മാതാവ് വിജയ് ബാബുവും, സംവിധായകൻ മിഥുൻ മാനുവൽ തോമസ്സും പറഞ്ഞു
. അജു വർഗീസ്. ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പാലക്കാട് ജില്ലയിലെ മലമ്പുഴ,ചിറ്റൂർ, വാളയാർ, എന്നിവിടങ്ങളിലും, ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ. എന്നി വിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. '
സംഗീതം ഷാൻ റഹ്മാൻ.
ഛായാഗ്രഹണം - അഖിൽ ജോർജ്.
എഡിറ്റിംഗ്- ലിജോ പോൾ.
കലാസംവിധാനം - അനീസ് നാടോടി
മേക്കപ്പ് - റോണക്സ് സേവ്യർ -
കോസ്റ്റ്യും - ഡിസൈൻ-
സ്റ്റെഫി സേവ്യർ -
സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ,
പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് .ബാബു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര '
പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.
.വാഴൂർ ജോസ്
*📡ഇന്നത്തെ പ്രധാന വാർത്തകൾ*
*"4000 കോടിയുടെ കിഫ്ബി നിക്ഷേപം*
*32 സ്‌കൂൾ കെട്ടിടങ്ങൾകൂടി നാടിന് സമർപ്പിക്കും : മന്ത്രി ശിവൻകുട്ടി*
തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിർമാണം പൂർത്തിയായ 32 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് ഉണ്ടായതെന്നും കിഫ്ബി വഴിമാത്രം 4000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് സാധ്യമായതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്തെ 973 വിദ്യാലയങ്ങളിൽ ആധുനിക ഭൗതിക സൗകര്യ വികസനം ഒരുക്കി. പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, ജനപ്രതിനിധികളുടെ ആസ്‌തി വികസന ഫണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് എന്നിവ സംയോജിപ്പിച്ചും 5000 കോടി രൂപയുടെ വികസനം സാധ്യ
മാക്കി.
പ്ലസ്-വണ്ണിന് പുതിയ പാഠപുസ്‌തകങ്ങൾ
ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്‌തക പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത അധ്യയന വർഷം പ്ലസ് വൺ വിദ്യാർഥികൾക്ക് പുതിയ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യും. ഫെബ്രുവരി രണ്ടാംവാരംതന്നെ പുതിയ പുസ്‌തകങ്ങൾ പ്രകാശിപ്പിക്കും. 41 ടൈറ്റിൽ പുസ്‌തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നത്. വായനയ്‌ക്കപ്പുറം പ്രായോഗിക പഠനത്തിന് ഊന്നൽ നൽകിയുള്ള നൂതനമായ സമീപനമാണ് പുതിയ ഹയർ സെക്കൻഡറി പുസ്‌തകങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്.
പാഠപുസ്‌തക പരിഷ്‌കരണം വേഗത്തിലും സമയബന്ധിതമായും പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 597 ടൈറ്റിൽ പാഠപുസ്‌തകങ്ങളാണ് വികസിപ്പിച്ചെടുത്തത്. ടീച്ചർ ടെക്‌സ്റ്റുകളും തയ്യാറാക്കി. ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിയുള്ള പുസ്‌തകങ്ങളും ലഭ്യമാക്കുന്നുണ്ട്
മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ ഉയർത്തുന്ന വിമർശങ്ങൾ വസ്‌തുത
മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.
*സ്വർണമോഷണത്തിന് ദേവപ്രശ്നവും മറയാക്കിയോയെന്ന് സംശയം*
*തന്ത്രിയുടെ രണ്ടരക്കോടി ; ഉറവിടം തേടി എസ്ഐടി*
തിരുവനന്തപുരം/പത്തനംതിട്ട
ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് ബന്ധമുണ്ടെന്നതിനും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിനും കൂടുതൽ തെളിവുകൾ എസ്ഐടിക്ക്. തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ഠര് രാജീവരെ വീണ്ടും ചോദ്യംചെയ്യും. സ്വര്‍ണമോഷണം നടത്തുന്നതിന് ദേവപ്രശ്നം മറയാക്കിയെന്നും തന്ത്രിയെന്ന പദവി ഉപയോഗിച്ച് കൂടുതൽ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടെന്നും വിവരമുണ്ട്.
കണ്‌ഠര് രാജീവര് തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും അന്വേഷക സംഘത്തിന് ലഭിച്ചു. സ്വർണപ്പണയ വായ്‌പ നൽകുകയും ഇരട്ടിപ്പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാപനം പൂട്ടിയിട്ട് വർഷങ്ങളായി. സ്ഥാപനത്തിനെതിരെ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു. നിക്ഷേപിച്ച വലിയ തുക നഷ്‌ടമായിട്ടും തന്ത്രി പരാതി നൽകാൻ തയ്യാറാകാത്തതാണ് എസ്‌ഐടിയുടെ സംശയം ബലപ്പെടുത്തിയത്.
തന്ത്രിയെ കസ്റ്റഡിയിൽ ചോദ്യംചെയ്‌തപ്പോൾ ദുരൂഹ പണമിടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. രണ്ടരക്കോടി നഷ്‌ടമായ വിവരം മറച്ചുവച്ചാണ് ചോദ്യംചെയ്യലിൽ തന്ത്രി ആദ്യം മൊഴിനൽകിയത്. ബാങ്ക് അക്കൗണ്ടുകളും മറ്റും നേരത്തെ പരിശോധിച്ച എസ്‌ഐടി, ഇതിന്റെ രേഖകൾ ഹാജരാക്കിയതോടെ രണ്ടരക്കോടി രൂപ സ്വകാര്യബാങ്കിൽ നിക്ഷേപിച്ചെന്നും ബാങ്ക് പൊളിഞ്ഞെന്നും മൊഴിനൽകി. പ്രളയകാലത്ത് കുറച്ചുപണം നഷ്‌ടമായെന്നും വെളിപ്പെടുത്തി. എസ്‌ഐടി ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല."
"പണമിടപാട് സ്ഥാപനം പല പ്രമുഖരിൽനിന്ന് കോടികളാണ് നിക്ഷേപമായി സ്വീകരിച്ചത്. തന്ത്രി നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. ഏതെങ്കിലും തരത്തിൽ വഴിവിട്ടസഹായം നൽകിയതിന്റെ പ്രതിഫലമാണോ ഇതെന്നും എസ്‌ഐടി അന്വേഷിക്കുന്നു. കണ്ഠര് രാജീവർക്ക് സ്വർണമോഷണക്കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി, സ്‌മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. നിലവിൽ ഒരുദിവസം മാത്രമാണ് തന്ത്രിയെ കസ്റ്റഡിയിൽ ചോദ്യംചെയ്‌തത്. കോടികളുടെ പണമിടപാട് വിവരങ്ങൾ ലഭ്യമായതോടെ തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനൊരുങ്ങുകയാണ് എസ്‌ഐടി.
ശബരിമല സ്വര്‍ണമോഷണത്തിന് ദേവപ്രശ്നം മറയാക്കി കൂടുതൽ തട്ടിപ്പ് നടത്താനും പദ്ധതിയിട്ടിരുന്നതായി സംശയമുണ്ട്. വ്യക്തതയ്‌ക്കായി കൂടുതൽപേരുടെ മൊഴിയെടുക്കും. ശ്രീകോവിന്റെ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്നാണ് ദേവപ്രശ്നത്തിൽ പറയുന്നത്. ദേവപ്രശ്നം നടന്ന് മാസങ്ങൾക്ക് ശേഷമാണ് ശബരിമലയിൽ സ്വർണമോഷണം ആരംഭിച്ചതെന്നാണ് സംശയം. പ്രതികളുടെ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് എസ്‌ഐടിക്ക് ഇഡി കത്തയച്ചിട്ടുണ്ട്. ഇതില്‍ നിയമോപദേശം തേടിയശേഷമേ തീരുമാനമെടുക്കൂ."
*"ഉയരെ പെൺകൊടി ; ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് ഹൈദരാബാദിൽ തുടക്കം*
*സരോജിനി ബാലാനന്ദൻ നഗർ
(ഹൈദരാബാദ്)*
ഐതിഹാസിക പോരാട്ടങ്ങളുടെ വീരസ്‌മരണയിരന്പുന്ന തെലങ്കാനയുടെ മണ്ണിൽ രാജ്യത്തെ ഏറ്റവും വലിയ വനിതാസംഘടനയുടെ മഹാസംഗമത്തിന് ആവേശോജ്വല തുടക്കം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത് ദേശീയ സമ്മേളനത്തിന് സരോജിനി ബാലാനന്ദൻ നഗറിൽ (ആർടിസി ഓഡിറ്റോറിയം) പ്രസിഡന്റ് പി കെ ശ്രീമതി പതാകയുയർത്തി. മുതിർന്ന നേതാവ് ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിൽ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ചന്ദ്രകല പാണ്ഡേ വേദിയിൽ നടിയും നാടകപ്രവർത്തകയും എഴുത്തുകാരിയുമായ എം രോഹിണി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. പി കെ ശ്രീമതി അധ്യക്ഷയായി.
അന്തരിച്ച നേതാക്കൾക്കും പ്രവർത്തകർക്കും സാംസ്‌കാരിക നായകർക്കും വർഗീയ ആക്രമണങ്ങളുടെ ഇരകൾക്കും ആദരമർപ്പിച്ച് അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ ശാന്ത സിൻഹ സ്വാഗതം പറഞ്ഞു. ബൃന്ദ കാരാട്ട്, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവർ സംസാരിച്ചു.
പ്രതിരോധത്തിന്റെയും നേട്ടങ്ങളുടെയും പ്രതീകങ്ങളായി തമിഴ്‌നാട്, ബിഹാർ, പുതുച്ചേരി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നാല് വനിതകളെയും തെലങ്കാനയിൽ നിന്നുള്ള ആദ്യ ദേശീയ വനിതാ ബാസ്‌കറ്റ്ബോൾ താരം മിഹയെയും ചടങ്ങിൽ ആദരിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ, ഓൾ ഇന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതാക്കളും സമ്മേളനത്തെ അഭിവാദ്യംചെയ്‌തു.
പകൽ രണ്ടിന് സമ്മേളന നഗറിൽനിന്ന് പൊതുസമ്മേളനവേദിയായ ആർടിസി
മൈതാനത്തേക്ക് നടന്ന റാലിയിൽ പ്രതിനിധികൾക്കൊപ്പം ആയിരക്കണക്കിന് സ്‌ത്രീകൾ അണിനിരന്നു.
പൊതുസമ്മേളനവും ഏഴിന് പ്രതിനിധി സമ്മേനവും നടന്നു. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന്.850- പ്രതിനിധികളാണ് നാലുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
*"പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ*
ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ആലപ്പുഴ സ്വദേശിയും പരിസ്ഥിതി പ്രവർത്തകയുമായ കൊല്ലക്കയിൽ ദേവകി അമ്മ പത്മശ്രീ പുരസ്കാരത്തിന് അർഹയായി. 'അൺസങ് ഹീറോസ്' വിഭാഗത്തിൽ 45 പേർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
കുറുമ്പ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ചിത്രകാരൻ ആർ കൃഷ്ണന് (നീലഗിരി) മരണാനന്തര ബഹുമതിയായി പുരസ്കാരം ലഭിച്ചു. അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.
അസാധാരണ സംഭാവനകൾ നൽകുന്ന സാധാരണ ഇന്ത്യക്കാരെ അംഗീകരിക്കുക എന്ന ഉദ്ദേശത്തിലാണ് 'അൺസങ് ഹീറോസ്' വിഭാഗത്തിൽ പത്മശ്രീ പുരസ്കാരങ്ങൾ നൽകിവരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അറിയപ്പെടാത്ത, വിവിധ തലങ്ങളിൽ വലിയ സംഭാവന നൽകിയ വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി സ്ഥാപിച്ച മുൻ ബസ് കണ്ടക്ടർ, ഏഷ്യയിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് രൂപീകരിച്ച ശിശുരോഗവിദഗ്ദ്ധൻ, 90 വയസ്സുള്ള അപൂർവ സംഗീതോപകരണ വിദഗ്ദ്ധൻ എന്നിവർ ഉൾപ്പെടെ ഇത്തവണ പുരസ്കാര പട്ടികയിലുണ്ട്."
*"സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്‌തു*
തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്‌തു. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവുമടങ്ങുന്ന കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. ഭ്രമയുഗം സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു.
മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം വേദിയിൽ പങ്കുവെച്ചു. നാലര പതിറ്റാണ്ടുകളായി 420-ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, ഓരോ ചിത്രത്തിലും പുതിയ ഭാവപ്പകർച്ചകൾ കൊണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു
ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്കും മുഖ്യമന്ത്രി പുരസകാരം സമ്മാനിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ചലച്ചിത്ര
അവാർഡ് ജൂറി ചെയർമാൻ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, മേയർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
*"അഭിഷേക്- സൂര്യ ഷോ: അടിച്ചത് പത്ത് ഓവറിൽ 155 റൺസ്, 8 വിക്കറ്റ് വിജയം; പരമ്പര*
ഗുവാഹത്തി: ന്യൂസിലൻഡിനെ അടിച്ചൊതുക്കി പരമ്പര നേട്ടം ആഘോഷിച്ച് ഇന്ത്യ. മൂന്നാം ട്വന്റി20യിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ പരമ്പരയും സ്വന്തമാക്കി. ആദ്യ കളി 48 റണ്ണിനും രണ്ടാമത്തേത് ഏഴ് വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്. അഭിഷേക് ശർമയും (20 പന്തിൽ 68) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57) റണ്ണൊഴുക്കിയപ്പോൾ മൂന്നാം ട്വന്റി20യിൽ വെറും പത്ത് ഓവറിലാണ് ഇന്ത്യ വിജയക്ഷ്യം മറികടന്നത്. ഇരുവരും ചേർന്ന് നൂറ് റൺസിന്റെ കൂട്ടുകൊട്ടുണ്ടാക്കി. *സ്കോർ: ന്യൂസിലൻഡ് 153/9, ഇന്ത്യ 155/2 (10).*
ടോസ് നേടി കിവീസിനെ ബാറ്റിങ്ങിനയച്ച ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് ഇന്ത്യ ബോളർമാർ പന്തെറിഞ്ഞത്. ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റുമായി തിളങ്ങി. രവി ബിഷ്ണോയും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും നേടി തിളങ്ങിയപ്പോൾ കിവീസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 48 റൺസെടുത്ത് ഗ്ലെൻ ഫിലിപ്സാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സഞ്ജു നിരാശപ്പെടുത്തി. ഇത്തവണ ഗോൾഡൻ ഡക്കായാണ് താരം മടങ്ങിയത്. കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്താൻ ആദ്യമെത്തിയ സഞ്ജു പേസർ മാറ്റ് ഹെൻറിയുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ രണ്ട് കളിയിൽ 10, 6 എന്നിങ്ങനെയായിരുന്നു സ്‌കോർ.
എന്നാൽ അഭിഷേക് ശർമയും ഇഷാൻ കിഷനും ടീം സ്കോർ ഉയർത്തി. 13 പന്തിൽ 28 റൺസെടുത്ത കിഷൻ മടങ്ങി. പിന്നീട് കളത്തിലെത്തിയ സൂര്യകുമാറും അഭിഷേകും ടീമിന് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. 14 പന്തിൽ നിന്നാണ് അഭിഷേക്
അർധസെഞ്ചുറി നേടിയത്.
*"10, 6, 0 ; സഞ്‌ജു പതറുന്നു*
ഗുവാഹത്തി
സഞ്‌ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. ന്യൂസിലൻഡുമായുള്ള ട്വന്റി20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ പുറത്തായി. മാറ്റ് ഹെൻറിയെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തിൽ ഗതിയറിയാതെ ബാറ്റ് വച്ച മലയാളി താരത്തിന്റെ കുറ്റി തകർന്നു. ഗോൾഡൻ ഡക്ക്!
പരന്പരയിലെ ആദ്യ രണ്ട് കളികളിലും സന്പൂർണ പരാജയമായ സഞ്‌ജുവിന് ഇൗ മത്സരം നിർണായകമായിരുന്നു. ലോകകപ്പ് ടീമിലുണ്ടെങ്കിലും കളിക്കാൻ അവസരം കിട്ടുന്ന കാര്യം സംശയത്തിലാണ്. ന്യൂസിലൻഡുമായുള്ള ആദ്യ കളിയിൽ പത്ത് റണ്ണായിരുന്നു സന്പാദ്യം. രണ്ട് ബൗണ്ടറി നേടിയശേഷം മോശം ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. രണ്ടാമത്തെ കളിയിൽ റണ്ണെടുക്കുംമുന്പെ ക്യാച്ച് പാഴാക്കിയിട്ടും മുതലാക്കാനായില്ല. ആറ് റണ്ണുമായി പുറത്ത്.
പരിക്കുമാറി അടുത്ത കളിയിൽ തിലക് വർമ തിരിച്ചെത്തുന്നതോടെ സഞ്‌ജുവിന്റെ സ്ഥാനം നഷ്ടമാകാനാണ് സാധ്യത. മികച്ച പ്രകടനം തുടരുന്ന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
ടെസ്‌റ്റ്, ഏകദിന ടീം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിനെ ഒഴിവാക്കിയാണ് സഞ്‌ജുവിന് ഓപ്പണിങ് സ്ഥാനം നൽകുന്നത്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയെയും ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു.
2025 ജനുവരി തൊട്ടുള്ള സഞ്‌ജുവിന്റെ പ്രകടനം മോശമാണ്. ഓപ്പണറായി ഒന്പത് ഇന്നിങ്‌സിൽ നേടിയത് 104 റൺ. 11.5 ബാറ്റിങ് ശരാശരി. പ്രഹരശേഷി 133.33. ഒരു കളിയിൽ മാത്രമാണ് പവർപ്ലേ കടന്നത്. ഫെബ്രുവരി ഏഴിന് ലോകകപ്പ് തുടങ്ങവെ സഞ്‌ജുവിന് ഇനി കാര്യങ്ങൾ എളുപ്പമല്ല."
*"പുരസ്‌കാരം ഗുരുവിന്
സമർപ്പിക്കുന്നു:
വെള്ളാപ്പള്ളി നടേശൻ*
ആലപ്പുഴ
പത്മഭൂഷൻ പുരസ്‌കാരം ഗുരുപാദങ്ങളിൽ സമർപ്പിക്കുന്നതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പുരസ്കാരത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിലുൾപ്പെടാൻ അനുഗ്രഹിച്ചതും അർഹനാക്കിയതും സമുദായാംഗങ്ങളാണ്. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. പത്മഭൂഷൻ പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരസ്കാരത്തിനായി പരിശ്രമിച്ചിട്ടില്ല. ശരിയെന്ന് തോന്നുന്നത് ചെയ്‌ത് മുന്നോട്ട് പോകും. വിവാദങ്ങൾ വേതാളം പോലെ ഇനിയും വന്നു കൊണ്ടിരിക്കും. മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് പറഞ്ഞ ആളുകൾ ഉണ്ട്. അതിനാൽ ഈ കാലഘട്ടത്തിൽ ലഭിച്ച അവാർഡിന് ഇരട്ടി മധുരമുണ്ട്– വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു."
*"ഉത്സവമായി പുരസ്‌കാര രാവ്*
തിരുവനന്തപുരം
തലസ്ഥാന നഗരത്തെ ആവേശത്തിലാഴ്‌ത്തി സംസ്ഥാന ചലച്ചിത്രപുരസ്‌കാരച്ചടങ്ങ്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി വേദിയിലെത്തിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് "മമ്മൂക്ക'എന്ന വിളി ഉയർന്നു. അവർക്കുനേരെ കൈവീശി. നടി ശാരദയ്ക്ക് അരികിൽ മമ്മൂട്ടിയെത്തിയപ്പോൾ " അമ്മ മനസ്സ്, തങ്ക മനസ്സ്'എന്ന പാട്ടിന്റെ വരികൾ മുഴങ്ങി. ശാരദ മമ്മൂട്ടിയെ ചേർത്തുപിടിച്ചു പാടിയതോടെ അസുലഭ മുഹൂർത്തത്തിനാണ് ആൾക്കൂട്ടം സാക്ഷിയായത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി കെ പ്രശാന്ത് എംഎൽഎ, മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ മധു ഇറവങ്കര, കെഎസ്എഫ്ഡിസി ചെയർപേഴ്സൺ കെ മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി അജോയ് തുടങ്ങി രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുത്തു.
മികച്ച പിന്നണിഗായകർക്കുള്ള പുരസ്‌കാരജേതാക്കളായ കെ എസ് ഹരിശങ്കർ, സെബ ടോമി എന്നിവർ നയിച്ച സംഗീതത്തിനൊപ്പം കാണികൾ പാടിയും നൃത്തം ചെയ്തും ഉത്സവാന്തരീക്ഷമാക്കി.
*മലയാളിക്ക് സിനിമ ചിന്തിക്കാനുള്ള മാധ്യമം: മമ്മൂട്ടി*
വിനോദമെന്നതിനപ്പുറം ചിന്തിക്കാനുള്ള മാധ്യമമാണ് മലയാളിക്ക് സിനിമയെന്ന് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി മമ്മൂട്ടി. നായികാ നായകൻമാരെ സാധാരണ മനുഷ്യരായി കാണുന്നവരാണ് മലയാളികള്‍. അതുകൊണ്ടാണ് മറ്റു ഭാഷാചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ കഥാപാത്രങ്ങള്‍ മനുഷ്യരാകുന്നത്. മലയാള സിനിമയ്ക്ക് എങ്ങനെയാണ് ഫെമിനിച്ചി ഫാത്തിമ പോലുള്ള നല്ല സിനിമകള്‍ ചെയ്യാൻ സാധിക്കുന്നതെന്നതിന് ഇവിടെ അത് കാണാനാളുണ്ട് എന്നാണ് ഉത്തരം. സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ച ആസിഫും ടൊവിനോയും തന്നെക്കാള്‍ ഒരുമില്ലിമീറ്റര്‍പോലും താഴെയല്ലെന്നും തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
*മമ്മൂട്ടിക്ക്
അഭിനന്ദനം:
മുഖ്യമന്ത്രി*
മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ കുറേ വർഷങ്ങളായി മമ്മൂട്ടിയുടെ പേര് സർക്കാർ ശുപാർശ ചെയ്‌തുകൊണ്ടിരിക്കുന്നു. ഇപ്പോഴെങ്കിലും അങ്ങനൊരു സന്തോഷത്തിൽ പങ്കുചേരാനായതിൽ അഭിമാനമുണ്ടെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണവേദിയിൽ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അഭിനന്ദനത്തെ സദസ്സ് കൈയടിച്ച് സ്വീകരിച്ചു.
*കുട്ടികളുടെ മികച്ച
സിനിമകളുണ്ടാകണം: സജി ചെറിയാൻ*
ജൂറിയിലേക്ക് കുട്ടികളുടെ വീക്ഷണകോണിൽനിന്നുള്ള ചിത്രങ്ങളുണ്ടായിരുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര പ്രവർത്തകർ ആത്മപരിശോധന നടത്തേണ്ട നിമിഷമാണിതെന്നും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയിൽ അധ്യക്ഷനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു."
*"വിജയ് അമൃത്‌രാജിന് പത്മഭൂഷൻ ; രോഹിതിനും ഹർമനും പത്മശ്രീ*
ന്യൂഡൽഹി
പുരുഷ ടെന്നീസിലെ ഇന്ത്യയുടെ ഇതിഹാസതാരം വിജയ് അമൃത്‌രാജിന് പത്മഭൂഷൺ പുരസ്‌കാരം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിനും പുരുഷ ടീം മുൻ ക്യാപ്‌റ്റൻ രോഹിത് ശർമക്കും പത്മശ്രീ ലഭിച്ചു. ഹോക്കി ഗോൾകീപ്പർ സവിത പുണിയ, ക്രിക്കറ്റ് താരം പ്രവീൺകുമാർ, അയോധനകലയിലെ സമർപ്പണത്തിന് ഭഗവാൻദാസ് റെയ്‌ക്‌വാർ, കെ പഴനിവേൽ, ഹോക്കി കോച്ച് ബൽദേവ് സിങ് എന്നിവർക്കും പത്മശ്രീയുണ്ട്.
തമിഴ്‌നാട് സ്വദേശിയായ വിജയ് അമൃത്‌രാജ് 1970–1990 കാലത്ത് പ്രഫഷണൽ ടെന്നീസിൽ നിറഞ്ഞുനിന്നിരുന്നു. വിംബിൾഡണിലും യുഎസ് ഓപ്പണിലും രണ്ട് തവണ ക്വാർട്ടർ കളിച്ചു. 1980ൽ ലോക റാങ്കിങ്ങിൽ പതിനെട്ടാം സ്ഥാനത്തെത്തി. 1974ലും 1987ലും ഡേവിസ്‌കപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ടീം അംഗമാണ്. 1983ൽ പത്മശ്രീയും 1974ൽ അർജുന പുരസ്‌കാരവും ലഭിച്ചു."
*ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന: രാഷ്ട്രപതി*
ന്യൂഡൽഹി: റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നമ്മുടെ ഭരണഘടന ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന രേഖയാണ് ഇന്ത്യൻ ഭരണഘടനയെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ അതിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്‍റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകിയിട്ടുണ്ട്.
റിപ്പബ്ലിക് ദിന സന്ദേശത്തിൽ സൈന്യത്തെയും പോലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ന് രാജ്യം വോട്ടർ ദിനം ആഘോഷിക്കുന്നു. തെരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം രാജ്യ പുരോഗതിക്ക് ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകൾ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും പങ്കാളിത്തം വഹിക്കുന്നു. ഐസിസി വുമൺ ക്രിക്കറ്റ് ലോകകപ്പും ബ്ലൈൻഡ് ലോകകപ്പും നേടിയ താരങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു.
*കൈമാത്രം; 101 നില കെട്ടിടം ഒന്നര മണിക്കൂറിൽ കീഴടക്കി ഹന്നോൾഡ്*
തായ്പെയ്: സുരക്ഷാ ഉപകരണങ്ങളില്ലാതെ 101 നിലയുള്ള കെട്ടിടത്തിനു മുകളിൽ വലിഞ്ഞുകയറി അമേരിക്കൻ ക്ലൈംബർ അലക്സ് ഹന്നോൾഡ്. തായ്വാനിലെ തായ്പെയിൽ 508 മീറ്റർ ഉയരമുള്ള ‘തായ്പെയ് 101’ കെട്ടിടത്തിനു മുകളിലെത്താൻ 91 മിനിട്ടു മാത്രമാണ് അദ്ദേഹത്തിനു വേണ്ടിവന്നത്. വടമോ, മറ്റ് ഉപകരണങ്ങളോ ഇല്ലാതെ കൈ മാത്രം ഉപയോഗിച്ചായിരുന്നു കയറ്റം.
സുരക്ഷാ ഉപകരണങ്ങളില്ലാതെ ഉയരങ്ങൾ കീഴടക്കി പ്രശസ്തി നേടിയ വ്യക്തിയാണ് ഹന്നോൾഡ്. തായ്വാൻ അധികൃതരുടെ അനുമതിയോടെയായിരുന്നു ഇന്നലത്തെ സാഹസം. ആയിരക്കണക്കിനു പേർ നേരിട്ടു കണ്ടതിനു പുറമേ നെറ്റ്ഫ്ലിക്സിൽ തത്സമയ സംപ്രേഷണവുമുണ്ടായിരുന്നു. ചൈനയുടെ അധിനിവേശ ഭീഷണി നേരിടുന്ന തായ്വാനെ ലോകശ്രദ്ധയിലെത്തിച്ചതിൽ പ്രസിഡന്റ് ലായ് ചിംഗ് അടക്കമുള്ള രാഷ്ട്രീയ നേതൃത്വം ഹന്നോൾഡിനു നന്ദിപറഞ്ഞു.
2004 മുതൽ 2010 വരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു തായ്പെയ് 101. സ്പൈഡർമാർ എന്നുവിളിക്കുന്ന ഫ്രഞ്ച് ക്ലൈംബർ അലൻ റോബർട്ട് 2004ൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് കെട്ടിടത്തിനു മുകളിൽ കയറിയിരുന്നു.
*ഇറാൻ പ്രക്ഷോഭത്തിൽ 30,000 പേർ കൊല്ലപ്പെട്ടെന്ന് ടൈം മാഗസിൻ*
ടെഹ്റാൻ: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ 30,000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് അമേരിക്കയിലെ ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു. ഇറേനിയൻ ആരോഗ്യവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് ഈ വിവരം നല്കിയത്. ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഡിസംബർ അവസാനം ആരംഭിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 3,117 പേർ മരിച്ചുവെന്നാണ് ഇറേനിയൻ ഭരണകൂടം പറയുന്നത്.
എന്നാൽ ഇറാനിലെ കാര്യങ്ങൾ നിരീക്ഷിക്കുന്ന എച്ച്ആർഎഎൻഎ എന്ന അമേരിക്കൻ സംഘടന ഏറ്റവും അവസാനം പുറത്തുവിട്ട കണക്കു പ്രകാരം 5149 പ്രതിഷേധക്കാർ അടക്കം 5495 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ മരണവുമായി ബന്ധപ്പെട്ട് 17,031 കേസുകൾ എച്ച്ആർഎഎൻഎ പരിശോധിച്ചുവരികയാണ്.
ജനുവരി എട്ട്, ഒന്പത് തീയതികളിൽ മാത്രം 30,000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ടൈം മാഗസിൻ റിപ്പോർട്ടിൽ പറയുന്നത്. ഇത്രയും മൃതദേഹങ്ങൾ നീക്കംചെയ്യാൻ സർക്കാർ ഏജൻസികൾ ബുദ്ധിമുട്ടി. ബോഡി ബാഗുകൾ തീർന്നുപോയി. ആംബുലൻസുകൾ കിട്ടാതായപ്പോൾ ലോറികളിൽ കൂട്ടിയിട്ടാണ് കൊണ്ടുപോയത്.
ഇറേനിയൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണം തുടരുന്നതിനാലാണ് വിവരങ്ങൾ പുറത്തുവരാൻ വൈകുന്നത്.ഇറേനിയൻ ഭരണകൂടം സുരക്ഷാഭടന്മാരെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്തുകയായിരുന്നു.
*ലബനനിൽനിന്നു വന്ന ഹമാസ് ഭീകരനെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു*
ബെർലിൻ: യൂറോപ്പിൽ ആക്രമണത്തിനു പദ്ധതിയിട്ടെന്നു സംശയിക്കുന്ന ഹമാസ് അംഗമായ ലബനീസ് പൗരനെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് എസ്. എന്നു പേരുള്ള ഇയാൾ വെള്ളിയാഴ്ച ലബനനിൽനിന്ന് ബെർലിനിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
കഴിഞ്ഞവർഷം ഒക്ടോബറിൽ ബർലിനിൽ അറസ്റ്റിലായ മൂന്നു ഹമാസ് അംഗങ്ങളിൽ ഒരാളുമായി മുഹമ്മദിനു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
യഹൂദർക്കും ഇസ്രേലി സ്ഥാപനങ്ങൾക്കും നേർക്ക് ആക്രമണം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി ആയുധങ്ങൾ കൈമാറുന്നതിനിടെയാണ് മൂന്നുപേർ പിടിയിലായത്. ഇവർക്ക് 300 വെടിയുണ്ടകൾ സമാഹരിച്ചു നല്കുന്നതിന് മുഹമ്മദിന്റെ സഹായം ലഭിച്ചു.
*യുക്രെയ്ൻ: അബുദാബിയിൽ അടുത്തയാഴ്ച വീണ്ടും ചർച്ച*
അബുദാബി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അബുദാബിയിൽ നടന്ന ത്രികക്ഷി ചർച്ചയിൽ പ്രത്യേക തീരുമാനങ്ങളുണ്ടായില്ല. റഷ്യ-അമേരിക്ക-യുക്രെയ്ൻ പ്രതിനിധികൾ നേരിട്ടു സംസാരിച്ച ആദ്യ ചർച്ചയായിരുന്നിത്.
അടുത്ത ത്രികക്ഷി ചർച്ച ഉടനുണ്ടാകുമെന്ന സൂചന യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നല്കി. അടുത്ത ഞായറാഴ്ച അബുദാബിയിൽ തന്നെയായിരിക്കും രണ്ടാം ചർച്ചയെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇതിനിടെ സധാനചർച്ചയ്ക്കിടയിലും റഷ്യൻസേന യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി.
*"യുഎസിൽ കുടിയേറ്റവേട്ട; യുവാവിനെ വെടിവച്ചുകൊന്നു, വ്യാപക പ്രതിഷേധം*
മിനിയാപൊളിസ് : യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ വീണ്ടും കുടിയേറ്റവേട്ട. മിനിയാപൊളിസ് നഗരത്തിൽ ഫെഡറൽ ഇമിഗ്രേഷൻ ഓഫീസർ 37കാരനെ വെടിവച്ചുകൊന്നു. വാഹന പരിശോധനയ്ക്കിടെയാണ് കൊല. വ്യക്തിയുടെ കൈവശം തോക്കുകളുണ്ടായിരുന്നതിനാലാണ് വെടിവച്ചതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വാദം. പ്രതിരോധത്തിനായാണ് വെടിവച്ചതെന്നും മെഡിക്കൽ സഹായം ഉടൻ തന്നെ നൽകിയിട്ടും മരണപ്പെട്ടെന്നും ഹോംലാൻഡ് സെക്യൂരിറ്റി വാദിക്കുന്നു.
സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി. മിനസോട്ടയിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ഗവർണർ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. 37 കാരനായ അലക്സ് ജെഫ്രി പ്രെറ്റിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വെറ്ററൻസ് അഡ്മിനിസ്ട്രേഷനിലെ തീവ്രപരിചരണ വിഭാഗത്തിൽ നഴ്‌സായിരുന്നു അലക്സെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
മിനസോട്ടയിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈ മാസം ആദ്യം സമാനരീതിയിൽ 37കാരിയായ റെനീ ഗുഡ് എന്ന യുവതിയെ ഉദ്യോഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കൊല. എന്നാൽ പ്രകേപനമില്ലാതെ ഉദ്യോഗസ്ഥർ റെനിയെ വെടിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റെനിയുടെ കൊലപാതകത്തിൽ മിനസോട്ടയിൽ നടന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് അലക്സ് ജെഫ്രിയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു."
"9 എംഎം സെമി ഓട്ടോമാറ്റിക് ഹാൻഡ്‌ഗണുമായി യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥർക്ക് അടുത്തേക്ക് എത്തിയതിനാലാണ് വെടിവച്ചതെന്നാണ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥർ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ മാത്രമാണുള്ളത്.
വെടിവയ്പ്പിനു പിന്നാലെ സംഭവസ്ഥലത്ത് പ്രതിഷേധക്കാർ തടിച്ചുകൂടി. കുടിയേറ്റക്കാർക്കെതിരായ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ജനങ്ങൾ തെരുവുകളിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്."
*"കാനഡയ്‌ക്ക് 100 ശതമാനം പ്രതികാരച്ചുങ്കം ചുമത്തുമെന്ന് ട്രംപ്*
വാഷിങ്‌ടൺ : ചൈനയുമായി വ്യപാരബന്ധത്തിലേർപ്പെട്ടാൽ കാനഡയ്‌ക്കുമേൽ 100 ശതമാനം ചുങ്കം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇൗയടുത്ത് ചൈന സന്ദർശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ഉൾപ്പെടെ മെച്ചപ്പെടുത്താനും തീരുമാനിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.
എന്നാൽ കാർണിയുടെ ചൈന സന്ദർശത്തിന് പിന്നാലെ ചൈനയുമായി വ്യപാരബന്ധമുണ്ടാകുന്നത് നല്ലതാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗ്രീൻലൻഡ് പിടിച്ചടക്കാനുള്ള ട്രംപിന്റെ നീക്കങ്ങളെ കാർണി വിമർശിച്ചതോടെയാണ് നിലപാട് മാറ്റം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പ്രതികാരച്ചുങ്കം പ്രഖ്യാപിച്ചത്. ‘‘ചൈന കാനഡയെ ജീവനോടെ വിഴുങ്ങും, അവരുടെ ബിസിനസുകൾ, സാമൂഹിക ഘടന, പൊതു ജീവിതരീതി എന്നിവ ഉൾപ്പെടെ എല്ലാം നശിപ്പിച്ച് പൂർണമായും വിഴുങ്ങും. കാനഡ ചൈനയുമായി വ്യാപാരബന്ധത്തിലേർപ്പെട്ടാൽ, അമേരിക്കയിലേക്ക് വരുന്ന എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100 ശതമാനം തീരുവ ചുമത്തും.’’ ട്രംപ് കുറിച്ചു. യുഎസ് ചുങ്കത്തിൽ നിന്ന് രക്ഷനേടാനായി കാനഡയെ ഒരു ഇടത്താവളമാക്കി മാറ്റുകയാണ് ചൈനയുടെ ലക്ഷ്യമെന്നും ട്രംപ് ആരോപിച്ചു."
*"ഗാരേജിൽ ഉറങ്ങിക്കിടന്ന യുവാവിനെ ജീവനോടെ ചുട്ടുകൊന്നു; സംഭവം ബംഗ്ലാദേശിൽ *
ധാക്ക: ഗാരേജിൽ ഉറങ്ങി കിടന്ന യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഹിന്ദു സമുദായംഗമായ ഒരു യുവാവ് കൂടി കൊല്ലപ്പെടുന്നത്.
ബംഗ്ലാദേശിലെ നർസിംഗ്ഡി പട്ടണത്തിലാണു സംഭവം. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്ര ഭൗമിക് ആണ് (23) കൊല്ലപ്പെട്ടത്. ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ യുവാവ് അകത്ത് പൊള്ളലേറ്റ് മരിച്ചു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നു നാട്ടുകാരും ദൃക്‌സാക്ഷികളും ആരോപിച്ചു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല."
*"മമ്മൂട്ടിയും മോഹൻലാലുമെത്തി; ‘പാട്രിയറ്റ്’ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, മോഴ്സ് കോഡിൽ റിലീസ് തീയതിയും*
കൊച്ചി: മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ‘പാട്രിയറ്റി’ന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടു. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ നയൻതാര എന്നിവരുടെ പോസ്റ്ററുകളും നേരത്തെ അണിയറപ്രവർത്തർ പുറത്തുവിട്ടിരുന്നു. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്, ദേശദ്രോഹികൾ നിറയുന്ന ലോകത്ത് ഒരു ദേശസ്നേഹിയാകൂ’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്’. മോഴ്സ് കോഡിൽ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രം. ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യും.
ഇരുട്ടും വെളിച്ചവും ചേരും വിധത്തിലാണ് എല്ലാ ക്യാരക്റ്റർ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുള്ളത്. ആദ്യം നയൻതാരയുടെ ക്യാരക്റ്റർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഏറ്റവും ഒടുവിലായാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ക്യാരക്റ്റർ പോസ്റ്ററുകൾ എത്തിയത്. മമ്മൂട്ടിയുടെ പോസ്റ്റർ മോഹൻലാലും മോഹൻലാലിന്റെ പോസ്റ്റർ മമ്മൂട്ടിയും ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.
മമ്മൂട്ടിയും മോഹൻലാലും പതിനേഴുവർഷത്തിനുശേഷം ഒരുമിക്കുന്ന സിനിമ എന്നതുമാത്രമല്ല ‘പാട്രിയറ്റി’ന്റെ പ്രത്യേകത. മലയാളസിനിമയിലെ യുവനിരയുടെ വലിയൊരു സാന്നിധ്യവും ചിത്രത്തിലുണ്ട്. ടേക്ക് ഓഫ്, മാലിക് എന്നീസിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്."
*"ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് ആദരമായി പ്രത്യേക 'സുഷി' വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്‍റ്*
കൊച്ചി: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്‍റെ ആഗോള ജനപ്രീതി വിളിച്ചോതി ജപ്പാനിൽ നിന്നൊരു സ്പെഷ്യൽ ട്രിബ്യൂട്ട്. തന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ 2: ദ റൂളി'ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ജപ്പാനിലെത്തിയ താരത്തിന് ടോക്കിയോയിലെ ഒരു പ്രമുഖ റെസ്റ്റോറന്‍റ് അപൂർവ്വമായൊരു സർപ്രൈസ് ഒരുക്കി. അല്ലു അർജുനോടുള്ള സ്നേഹസൂചകമായി അദ്ദേഹത്തിന്‍റെ പേരിൽ ഒരു പ്രത്യേക 'സുഷി' വിഭവം തന്നെ റെസ്റ്റോറന്‍റ് അധികൃതർ ഒരുക്കി.
പുഷ്പ എന്ന ചിത്രത്തിലൂടെ ജപ്പാനിൽ അല്ലു അർജുനുണ്ടായ വലിയ ആരാധകവൃന്ദത്തെ ഇത് അടിവരയിടുന്നു. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കൾക്കുമൊപ്പം ജപ്പാനിലെത്തിയ താരം ദ ഐക്കൺ സ്റ്റാർ അല്ലു അർജുൻ എന്നെഴുതിയ ഈ സ്പെഷ്യൽ വിഭവം ആസ്വദിക്കുകയും റെസ്റ്റോറന്‍റ് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഒരു ഇന്ത്യൻ താരത്തിന് ജപ്പാൻ നൽകുന്ന ഈ ആദരം സിനിമയ്ക്കും താരത്തിനും അതിരുകളില്ലാത്ത സ്നേഹമാണ് ലഭിക്കുന്നത് എന്നതിന്‍റെ തെളിവാണിത്. നിലവിൽ ജപ്പാനിലെ തിയേറ്ററുകളിൽ 'പുഷ്പ 2' വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ ചിത്രത്തിലെ ഡയലോഗുകൾ അല്ലു അർജുൻ സംസാരിക്കുന്ന വീഡിയോകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭക്ഷണപ്രേമികൾക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ഇപ്പോൾ ഈ 'അല്ലു അർജുൻ സുഷി' ചർച്ചാവിഷയമായിരിക്കുകയാണ്."
Tags:
KERALA