*"ചരിത്രം തിരുത്തി
വിഴിഞ്ഞം കുതിക്കുന്നു" ; തുറമുഖം രണ്ടാംഘട്ടം ഉദ്‌ഘാടനം ഇന്ന്*
തിരുവനന്തപുരം
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ നിർമാണം ശനിയാഴ്‌ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സമുദ്രമാർഗമുള്ള വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും കേന്ദ്രമായി കേരളവും ഇന്ത്യയും മാറുന്ന ചരിത്രനിമിഷങ്ങളുടെ തുടർച്ചയ്‌ക്ക് അറബിക്കടലോരം സാക്ഷിയാകും. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിർമിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടക്കും.
ഒന്നാംഘട്ടത്തിൽ 8,867 കോടിരൂപയായിരുന്നു പദ്ധതിച്ചെലവ്. 10,000 കോടിരൂപയിലധികം നിക്ഷേപമുള്ള രണ്ടാംഘട്ടം പൂർത്തിയാകുന്പോൾ മൊത്തംനിക്ഷേപം 18,000 കോടിയായി ഉയരും. തുറമുഖത്തിന്റെ വാർഷികശേഷി 15 ലക്ഷം ടിഇയുവിൽനിന്ന് 50 ലക്ഷം ടിഇയുവായി വർധിക്കും. നിലവിലുള്ള ബെർത്ത് 800 മീറ്ററാണ്. 2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്നര്‍ ബെര്‍ത്തെന്ന നേട്ടവും സ്വന്തമാകും. 2.96 കിലോമീറ്റര്‍ പുലിമുട്ട് 920 മീറ്റര്‍കൂടി നിര്‍മിച്ച് 3.88 കിലോമീറ്ററാക്കും."
"ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയതാണ്. ബ്രേക്ക് വാട്ടർ മൂന്ന് കിലോമീറ്ററിൽനിന്ന് നാലുകിലോമീറ്ററാക്കും. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. തുടര്‍വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്‌ടറോളം കടല്‍ നികത്തും.
ആധുനിക ഓട്ടോമേഷന്‍ സംവിധാനങ്ങളും 27 പുതിയ യാര്‍ഡ് ക്രെയിനുകൾകൂടി സ്ഥാപിക്കും. 28,840 ടിഇയുവരെ ശേഷിയുള്ള പുതുതലമുറ കണ്ടെയ്നര്‍ കപ്പലുകൾ കൈകാര്യംചെയ്യാന്‍ തുറമുഖം സജ്ജമാകും. തുടര്‍ഘട്ടം പൂര്‍ത്തിയായാൽ ഒരേസമയം അഞ്ച് മദര്‍ഷിപ് കൈകാര്യം ചെയ്യാനാകും. കരാർപ്രകാരം 2045ൽ പൂർത്തിയാകേണ്ട പദ്ധതി 2028ൽത്തന്നെ പൂർത്തിയാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു."
*പശ്ചിമേഷ്യയിലേക്ക്
യുഎസ് പടക്കപ്പലുകള്‍*
ദുബായ്
ഇറാനെതിരായ സംഘർഷാവസ്ഥയുടെ പശ്‌ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനിക ശേഖരം നീക്കി യുഎസ്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും ദക്ഷിണ ചൈനാക്കടലിൽനിന്ന് അതിനൊപ്പം സഞ്ചരിക്കുന്ന അനുബന്ധ യുദ്ധക്കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.
ആവശ്യമായിവന്നാൽ നടപടിയെടുക്കാനാണ് യുഎസ് കപ്പലുകൾ ഇറാനിലേക്ക് നീക്കുന്നതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എയർഫോഴ്‌സ് വണ്ണിൽ പറഞ്ഞു.
ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ഏറെക്കുറെ ശമനമായശേഷവും അമേരിക്ക പ്രശ്നം വഷളാക്കാനുള്ള ശ്രമത്തിലാണ്. പ്രാദേശിക സഖ്യകക്ഷികളുടെ സമ്മർദവും ഇറാന്റെ പ്രതിരോധശേഷി സംബന്ധിച്ച ആശങ്കയും കാരണം കടന്നാക്രമണത്തിനുള്ള നീക്കത്തിൽനിന്ന് അമേരിക്ക താൽക്കാലികമായി പിൻവാങ്ങിയിരുന്നു. തന്റെ ഇടപെടൽ കാരണം 800 തടവുകാരുടെ വധശിക്ഷ നിർത്തിവച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇറാന്റെ ഉന്നത പ്രോസിക്യൂട്ടർ നിഷേധിച്ചു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണായകമായ അർധസൈനിക വിഭാഗമായ റവലൂഷനറി ഗാർഡിന്റെ വാർഷിക പരിപാടിയായ ഗാർഡിയൻ ദിനം വെള്ളിയാഴ്ച ഇറാൻ ആചരിച്ചു. അതേസമയം, ഇറാനിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെ തുടർന്നുള്ള രക്തരൂക്ഷിതമായ സംഘർഷത്തിൽ കൊല്ലപ്പെട്ടത് അയ്യായിരത്തിലേറെ പേരാണെന്ന് വെളിപ്പെടുത്തൽ.
3,117 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ സർക്കാർ വെളിപ്പെടുത്തിയ കണക്ക്. അധികാരികൾ 26,800 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പറഞ്ഞു."
*സുമനസ്സുകളുടെ കൈത്താങ്ങ്; സലാലയിൽ നിയമക്കുരുക്കിലായ പ്രവാസി മകളുടെ വിവാഹത്തിനായി നാട്ടിലെത്തി*
സലാല: പ്രവാസലോകത്തെ സുമനസ്സുകളുടെയും സാമൂഹിക പ്രവർത്തകരുടെയും സജീവ ഇടപെടലിലൂടെ ഒമാനിൽ നിയമക്കുരുക്കിലായിരുന്ന പൊന്നാനി സ്വദേശി ഷാഫി മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സമയബന്ധിതമായി നാട്ടിലെത്തി. ഖത്തറിൽ ജോലി ചെയ്തിരുന്ന ഷാഫി മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകുന്നതിനിടെയുണ്ടായ അപ്രതീക്ഷിത തടസ്സങ്ങളാണ് ഈ പ്രവാസിയുടെ യാത്ര പ്രതിസന്ധിയിലാക്കിയത്. ഒമാനിൽ എത്തിയപ്പോഴാണ് മുൻപുണ്ടായിരുന്ന താമസ കുടിശ്ശികയുമായി ബന്ധപ്പെട്ട ബാധ്യതകൾ കാരണം ഇദ്ദേഹം എയർപോർട്ടിൽ തടയപ്പെട്ടത്. ഇതേത്തുടർന്ന് ഷാഫിക്ക് 14 ദിവസത്തോളം ഒമാനിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
വിവരം അറിഞ്ഞയുടൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല പ്രവർത്തകസമിതി അംഗം മണി ചങ്ങരംകുളത്തിന്റെ നേതൃത്വത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടലുകൾ ആരംഭിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാമൂഹിക പ്രവർത്തകനും 'ആക്സിഡന്റ് ഡിമൈസസ് ഒമാൻ' ഭാരവാഹിയുമായ നജീബ് മൊയ്തീൻ കൊളങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഒപ്പം ചേർന്നു. ഷാഫിയുടെ വലിയ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി ആവശ്യമായ തുക കണ്ടെത്തുന്നതിൽ നജീബ് മൊയ്തീനും സഹപ്രവർത്തകരും തുടക്കം മുതൽ നിർണായക പങ്കുവഹിച്ചു."
ബാധ്യതകൾ മുഴുവൻ തീർത്ത് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ക്രമീകരിച്ചെങ്കിലും എമിഗ്രേഷൻ സംബന്ധമായ ചില നിയമ തടസ്സങ്ങൾ വീണ്ടും ഉയർന്നു വന്നു. തുടർന്ന് സലാലയിലെ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും എല്ലാ നിയമ തടസ്സങ്ങളും നീക്കി യാത്ര സുഗമമാക്കുകയും ചെയ്തു.
പിസിഡബ്ലുഎഫ് സലാല കമ്മിറ്റി പ്രസിഡന്റ് കബീർ, മുഹമ്മദ് റാസ്, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി, ജബ്ബാർ വെളിയങ്കോട് എന്നിവരുൾപ്പെടെ സജീവമായി സഹകരിച്ചു. പ്രവാസലോകത്തെ ഈ കൂട്ടായ പരിശ്രമത്താൽ മകളുടെ വിവാഹത്തിന് കൃത്യസമയത്ത് നാട്ടിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഷാഫിയും കുടുംബവും."
*"മോദി വന്നു, കണ്ടു, പോയി , വമ്പൻ പ്രഖ്യാപനവുമില്ല, പദ്ധതിയുമില്ല ;
മിണ്ടാട്ടം മുട്ടി ബിജെപി*
തിരുവനന്തപുരം
കേരളത്തിലെ ബിജെപി നേതാക്കളും ബിജെപി അനുകൂല മാധ്യമങ്ങളും ആഴ്‌ചകളായി നിരത്തിയ വമ്പൻ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും പരാമർശിക്കാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തുനിന്ന് മടങ്ങി. അതിവേഗ റെയിൽ, തിരുവനന്തപുരം മെട്രോ, നേമം റെയിൽവെ ടെർമിനൽ തുടങ്ങി ഒരു ഡസൻ പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രചാരണം. എന്നാൽ, റോഡ് ഷോയും ഒരു മണിക്കൂർ രാഷ്‌ട്രീയ പ്രസംഗവും മാത്രമാണ് ആകെയുണ്ടായത്.
വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും ബിജെപി പൊതുയോഗവുമായിരുന്നു തലസ്ഥാനത്തെ പരിപാടികൾ. റെയിൽവെ സംഘടിപ്പിച്ച പരിപാടിയിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. ‘കേരളവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ അഞ്ചു മിനിറ്റിനുശേഷം നടക്കുന്ന പരിപാടിയിൽ ഉണ്ടാകുമെന്നും ആ പ്രസംഗത്തിനാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും’ പ്രസംഗത്തിനൊടുവിൽ മോദി പറഞ്ഞു. ഇതോടെ മാധ്യമങ്ങളും ബിജെപി നേതാക്കളും അണികളും ആവേശഭരിതരായി. അഞ്ച് മിനിറ്റിനുശേഷം നടന്ന പരിപാടിയിൽ ഒരു മണിക്കൂർ പ്രസംഗിച്ചിട്ടും ഒന്നുമുണ്ടായില്ല.
കോർപറേഷൻ ഭരണം കിട്ടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ കൊണ്ടുവന്ന് തലസ്ഥാനത്തിന്റെ വികസന രേഖ അവതരിപ്പിക്കുമെന്നുമായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കോർപറേഷൻ ഭരണം ലഭിച്ച് 27-–ാം നാളിൽ പ്രധാനമന്ത്രി എത്തിയെങ്കിലും ഒന്നുമുണ്ടായില്ല. ഒൗട്ടർ റിങ് റോഡ് നിർമാണത്തിന് അനുമതി, വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസന പദ്ധതി, ഭൂഗർഭ റെയിൽ, നേമം റെയിൽവെ ടെർമിനൽ, ബ്രഹ്‌മോസ് വികസന പദ്ധതി, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി, ഇൻഡോർ മാതൃകയിൽ മാലിന്യ സംസ്‌കരണം എന്നിവ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ,ഒന്നും ഉണ്ടായില്ല. വികസന രേഖയും അവതരിപ്പിച്ചില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട മോദി, തുറമുഖത്തിനായി വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കാത്തതിനെപ്പറ്റിയും പറഞ്ഞില്ല. കേരളത്തിന് ഇൗ തുക വായ്‌പയായാണ് അനുവദിച്ചത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ എത്തിയ മോദി ഫോട്ടോഷൂട്ട് നടത്തിയതല്ലാതെ ദുരന്തബാധിതർക്കായി ഒന്നും ചെയ്‌തില്ല."
*"ഇഷാൻ മിഷൻ ;* *ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം*
റായ്‌പുർ
ഇഷാൻ കിഷന്റെ വെടിക്കെട്ടിൽ കിവീസ് കത്തിച്ചാമ്പലായി. ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 28 പന്ത് ശേഷിക്കെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 32 പന്തിൽ 76 റണ്ണടിച്ച ഇഷാൻ 11 ഫോറും നാല് സിക്‌സറുമടിച്ചു. ഫോം വീണ്ടെടുത്ത ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർധസെഞ്ചുറിയുമായി തിളങ്ങി. 37 പന്തിൽ പുറത്താകാതെ 82 റൺ. അതിൽ ഒമ്പത് ഫോറും നാല് സിക്‌സറും. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 48 പന്തിൽ 122 റണ്ണടിച്ചുകൂട്ടിയതോടെ ന്യൂസിലൻഡ് കളിവിട്ടു. പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ 100–ാം മത്സരമായിരുന്നു.
*സ്‌കോർ: ന്യൂസിലൻഡ് 208/6, ഇന്ത്യ 209/3(15.2)*
ഇഷാനും സൂര്യകുമാറും ചേർന്ന് നടത്തിയ കടന്നാക്രമണത്തിൽ കിവീസ് ബൗളർമാർ തകർന്നുപോയി. പേസർ സകാരി ഫൗൾക്‌സിനെ പൊരിച്ചെടുത്തെന്ന് പറയാം. ആദ്യ ഓവറിൽ 24 റൺ. രണ്ടാമത്തേതിൽ 25. ആകെ മൂന്ന് ഓവറിൽ വഴങ്ങിയത് 67 റൺ. മാറ്റ് ഹെൻറിയുടെ ഒരോവറിൽ പിറന്നത് 21 റൺ. സൂര്യകുമാർ 23 ഇന്നിങ്സിനുശേഷം ആദ്യമായി 50 കടന്നു. 23 പന്തിലാണ് ഇൗ നേട്ടം. ശിവം ദുബെ (18 പന്തിൽ 36)ക്യാപ്‌റ്റനൊപ്പം വിജയത്തിൽ പങ്കാളിയായി.
തുടർച്ചയായി രണ്ടാം മത്സരത്തിലും മലയാളി ഓപ്പണർ സഞ്‌ജു സാംസൺ പരാജയപ്പെട്ടു. അഞ്ച് പന്തിൽ ഒരു സിക്‌സർ മാത്രം. അതാകട്ടെ ഫീൽഡറുടെ കൈകളിലൂടെ ചോർന്ന് പോയതായിരുന്നു. സഹഓപ്പണറായ മിന്നലടിക്കാരൻ അഭിഷേക് ശർമ ആദ്യ പന്തിൽ പുറത്തായി. ഏഴ് പന്തിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ആറ് റണ്ണുമായി പ്രതിസന്ധിയിലായ ഇന്ത്യയെ ഇഷാൻ കിഷൻ ഒറ്റയ്‌ക്ക് കരകയറ്റി. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന്
തുടക്കത്തിൽ കാഴ്‌ചക്കാരന്റെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 21 പന്തിൽ അർധസെഞ്ചുറി കടന്ന ഇഷാൻ പുറത്തായശേഷമാണ് സൂര്യകുമാർ പതിവ് ഫോമിലേക്കുയർന്നത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത കിവീസിനായി ക്യാപ്‌റ്റൻ മിച്ചെൽ സാന്റ്‌നെറും(44) സകാരി ഫൗൾക്‌സും(15) ഏഴാം വിക്കറ്റിൽ പുറത്താകാതെ 47 റൺ നേടി. സാന്റ്‌നെർ ആറ് ഫോറും ഒരു സിക്‌സറുമടിച്ചു. രചിൻ രവീന്ദ്രയുടെ സംഭാവന 26 പന്തിൽ 44 റണ്ണാണ്. അതിൽ നാല് സിക്‌സറും രണ്ട് ഫോറും ഉൾപ്പെട്ടു. ഡെവൻ കോൺവെ(19), ടിം സീഫെർട്ട്(24), ഗ്ലെൻ ഫിലിപ്‌സ്(19) ഡാരിൽ മിച്ചെൽ(18), മാർക് ചാപ്‌മാൻ(10) എന്നിവരും പുറത്തായി.
ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. അക്‌സർ പട്ടേലിന് പകരമാണ് ടീമിലെത്തിയത്. ജസ്‌പ്രീത് ബുമ്രക്ക് പകരമെത്തിയ ഹർഷിത് റാണ, ശിവം ദുബെ, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
ട്വന്റി20യിൽ ഉയർന്ന സ്-കോർ പിന്തുടർന്ന് ഇന്ത്യ നേടുന്ന വലിയ ജയമാണിത്. കൂടുതൽ പന്ത് ബാക്കിയാക്കിയുള്ള വിജയം കൂടിയാണിത്. 2023ൽ ഓസ്ട്രേലിയക്കെതിരെയും ഇതേ സ്-കോർ പിന്തുടർന്ന് ജയിച്ചിരുന്നു.
ഇഷാൻ കിഷനാണ് മാൻ ഓ-ഫ് ദി മാച്ച്.
അഞ്ച് മത്സരപരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ ഗുവാഹത്തിയിലാണ്."
*"ആധുനിക സൗകര്യങ്ങളും ടാലന്റ് പൂളും*
*മുന്നേറ്റപാതയില്‍
കൊല്ലം ടെക്നോപാര്‍ക്ക്*
കൊല്ലം
വന്‍ മുന്നേറ്റത്തിനൊരുങ്ങി രാജ്യത്തെ ആദ്യ ലേക്ക്സൈഡ് ഐടി പാര്‍ക്കായ കൊല്ലം ടെക്നോപാര്‍ക്ക് (ഫേസ് ഫൈവ്). കൂടുതൽ അടിസ്ഥാനവികസന പദ്ധതികള്‍കൂടി പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട കണക്ടിവിറ്റിയും കഴിവുറ്റ മനുഷ്യവിഭവശേഷിയുമുള്ള ക്യാമ്പസ് വമ്പന്‍ കുതിപ്പിലേക്കാണ് ഉയരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്ന ആംഫി തിയറ്റര്‍, വനിതാ ഹോസ്റ്റല്‍ എന്നിവയടങ്ങുന്ന പുതിയ സൗകര്യങ്ങള്‍ ക്യാമ്പസിന്റെ ലൈവ്-വര്‍ക്ക്-പ്ലേ ഇക്കോസിസ്റ്റം കൂടുതല്‍ ശക്തമാക്കും. ജീവനക്കാരുടെ ക്ഷേമം, ഉൽപ്പാദനക്ഷമത, മനുഷ്യവിഭവശേഷി നിലനിര്‍ത്തല്‍ എന്നിവയെ പരിസ്ഥിതി സൗഹൃദവും മനോഹരവുമായ പശ്ചാത്തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സൗകര്യങ്ങള്‍. ക്യാമ്പസിലെ വനിതാ ഹോസ്റ്റലിന്റെയും ഓപ്പണ്‍ എയര്‍ തിയറ്ററിന്റെയും നിര്‍മാണം ഫെബ്രുവരി അവസാനം പൂര്‍ത്തിയാകും. 2015ല്‍ ഐടി സെസ് ക്യാമ്പസായി സ്ഥാപിതമായ കൊല്ലം ടെക്നോപാര്‍ക്കില്‍ സുഗമമായ വൈദ്യുതി, ജലവിതരണം, മലിനജല സംസ്കരണ സംവിധാനങ്ങള്‍, റോഡ് ശൃംഖലകള്‍, ഹൈ-സ്പീഡ് ഡാറ്റ കണക്ടിവിറ്റി എന്നിവ ഉള്‍പ്പെടുന്ന ശക്തമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. ടികെഎം കോളേജ് ഓഫ് എൻജിനിയറിങ്, കോളേജ് ഓഫ് എൻജിനിയറിങ് പെരുമണ്‍ എന്നിവ ഉള്‍പ്പെടെ ബിടെക്, അനുബന്ധ കോഴ്സുകള്‍ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകള്‍ സമീപത്തുള്ളതിനാല്‍ ക്യാമ്പസിന് ശക്തമായ അക്കാദമിക് ഇക്കോസിസ്റ്റം ലഭ്യമാണ്. ചെറുകിട, ഇടത്തരം ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത കേരളത്തിന്റെ അടുത്ത തലമുറ ഐടി ഹബ്ബാണിത്. അഷ്ടമുടിക്കായലിന്റെ ശാന്തമായ പശ്ചാത്തലത്തില്‍
സ്ഥിതിചെയ്യുന്ന ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയ ക്യാമ്പസ് പ്ലഗ്- ആന്‍ഡ്- പ്ലേ ഓഫീസ് സൗകര്യങ്ങള്‍ നല്‍കുന്നു. കൊല്ലം നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ കുണ്ടറയില്‍ സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്ക് ഉയര്‍ന്ന ഉൽപ്പാദനക്ഷമതയുള്ള വര്‍ക്ക് സ്‌പെയ്‌സുകളും വര്‍ക്കേഷന്‍ ശൈലിയിലുള്ള അന്തരീക്ഷവും സംയോജിപ്പിച്ച് പരമ്പരാഗത ഐടി ക്യാമ്പസ്എന്ന സങ്കൽപ്പത്തെ മാറ്റിമറിക്കുന്നു. റാംസര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ജലാശയ പ്രദേശത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ലേക്ക്ഫ്രണ്ട് ഇന്റഗ്രേറ്റഡ് ഐടി സിറ്റിയായി വിഭാവനം ചെയ്തിരിക്കുന്ന ക്യാമ്പസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും മികച്ച വിപുലീകരണം സാധ്യമാക്കുന്നു. ഒരു ലക്ഷം ചതുരശ്രയടിയോളം വരുന്ന അഷ്ടമുടി ബില്‍ഡിങ്ങിൽ വാം-ഷെല്‍, പ്ലഗ്- ആന്‍ഡ്- പ്ലേ ഓഫീസ് സ്‌പെയ്‌സ് എന്നിവ ലഭ്യമാണ്. എട്ടുമുതല്‍ 25 സീറ്റ് വരെയുള്ള മൊഡ്യൂളുകള്‍ വഴി സ്ഥാപനങ്ങള്‍ക്ക് വേഗത്തില്‍ പ്രവര്‍ത്തനം സാധ്യമാകുന്നു. 80,000ത്തിൽ അധികം ഐടി പ്രൊഫഷണലുകളുള്ള വിശാലമായ ഐടി വര്‍ക്ക്ഫോഴ്സ് പ്രത്യേകതയാണ്."
*"50 എംബിബിഎസ് സീറ്റിന് അനുമതി*
*ആശ്രാമം ഇഎസ്‌ഐ ആശുപത്രി ഇനി മെഡിക്കൽ കോളേജ്*
കൊല്ലം
അന്പത് എംബിബിഎസ് സീറ്റോടെ ആശ്രാമം ഇഎസ്‌ഐ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാൻ ഇഎസ്‌ഐ കോർപറേഷന്റെ അനുമതി. രാജ്യത്ത് 10 മെഡിക്കൽ കോളേജിനാണ് 50 സീറ്റിൽ പ്രവേശനത്തിന് അനുമതി. ഇഎസ്‌ഐ കോർപറേഷനുകീഴിൽ 220 കിടക്കയുള്ള 10 ആശുപത്രി അപ്‌ഗ്രേഡ് ചെയ്‌ത് മെഡിക്കൽ കോളേജാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 20 ശതമാനം സീറ്റ് ഇഎസ്‌ഐ ഗുണഭോക്താക്കളുടെ മക്കൾക്കാണ്. അസൻഗസാൾ (പശ്ചിമബംഗാൾ), അന്തർവ (ഒഡിഷ), ബിബ്‌വേ വാഡി (മഹാരാഷ്ട്രട്ര), മഡ്‌ഗോവ (ഗോവ ), വിശാഖപട്ടണം (ആന്ധ്രപ്രദേശ്), പാണ്ടുനഗർ (ഉത്തർപ്രദേശ് ), നാഗ്‌പുർ (മഹാരാഷ്ട്ര), സൂററ്റ് (ഗുജറാത്ത്), മാനസർ (ഹരിയാന) എന്നിവയാണ് മറ്റ് മെഡിക്കൽകോളേജുകൾ. നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി ലഭിച്ചാൽ ഇക്കൊല്ലം പ്രവേശന നടപടി ആരംഭിക്കാനാകും. സംസ്ഥാന ആരോഗ്യവകുപ്പിന്റെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്, ആരോഗ്യസർവകലാശാലയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചാൽ നാഷണൽ മെഡിക്കൽ കമീഷൻ വെബ്‌സൈറ്റിൽ അംഗീകാരത്തിനുള്ള അപേക്ഷ സമർപ്പിക്കാനാകുമെന്ന് ആശ്രാമം ഇഎസ്‌ഐ ആശുപത്രി സൂപ്രണ്ട് പ്രേംലാൽ പറഞ്ഞു. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചെന്നൈ കെ കെ നഗർ ഇഎസ്‌ഐ ആശുപത്രി ഡീൻ സൗമ്യസന്പത്തിന് ആശ്രാമത്തിന്റെ മെന്റർ ചുമതല നൽകിയിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. നാഷണൽ മെഡിക്കൽ കമീഷൻ മാനദണ്ഡപ്രകാരം മെഡിക്കൽ കോളേജിന് 20 ഏക്കർ സ്ഥലം വേണ്ടിവരുമെന്നായിരുന്നു നേരത്തെയുള്ള മാനദണ്ഡം. എന്നാൽ
പുതുക്കിയ മാനദണ്ഡത്തിൽ ഇതിന് ഇളവുണ്ട്. ഏഴ് ഏക്കറോളം സ്ഥലമാണ് ആശ്രാമത്ത് ഇഎസ്‌ഐക്ക് നിലവിലുള്ളത്. ആശുപത്രി, സബ് റീജണൽ ഓഫീസ്, ക്വാർട്ടേഴ്‌സ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. സബ് റീജണൽ ഓഫീസ് കെട്ടിടം മെഡിക്കൽ കോളേജിന്റെ അഡ്‌മിനിസ്‌ടേറ്റീവ് ഓഫീസാക്കി മാറ്റുന്നതിന്റെ സാധ്യത പരിഗണനയിലാണ്. മുന്പ് പാരിപ്പള്ളിയിൽ ഇഎസ്‌ഐ മെഡിക്കൽ കോളേജ് കോർപറേഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയെത്തുടർന്ന് പിന്നീട് ഇത് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു."
*പാർട്ടി ഫണ്ടും രക്തസാക്ഷി ഫണ്ടും വെട്ടിച്ചു; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ്*
കണ്ണൂര്‍: സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി എംഎൽഎ നടത്തിയ ഫണ്ട് വെട്ടിപ്പുകളുടെ കഥകൾ തുറന്നടിച്ച് മുതിർന്ന നേതാവ്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞികൃഷ്ണനാണ് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരെ ഒരു ചാനൽ അഭിമുഖത്തിൽ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.
ടി.ഐ. മധുസൂദനൻ പയ്യന്നൂർ ഏരിയാ സെക്രട്ടറിയായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് ഫണ്ട്, രക്തസാക്ഷി ഫണ്ട്, കെട്ടിട നിർമാണ ഫണ്ട് എന്നിവയിലും സഹകരണ സ്ഥാപനത്തിന് സ്ഥലം വാങ്ങിയതിലും തട്ടിപ്പ് നടത്തിയെന്നാണ് ചാനൽ അഭിമുഖത്തിൽ വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്.
രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള നിക്ഷേപം, വീട് നിർമാണം, കേസ് നടത്തിപ്പ് എന്നിവയ്ക്കായി ഒരുകോടിയോളം രൂപ പിരിച്ചിരുന്നു. ഇതില്‍ 34.5 ലക്ഷം രൂപ വീട് നിർമാണത്തിനായി ചെലവാക്കിയപ്പോൾ അഞ്ചു ലക്ഷം രൂപ ഏരിയാ സെക്രട്ടറി വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി. ഇക്കാര്യം വിവാദമായതോടെയാണ് രക്തസാക്ഷിയുടെ കടബാധ്യത തീർക്കാൻ തയാറായതെന്ന് പറയുന്നു.
ബാക്കി തുക പാർട്ടി ഓഫീസ് നിർമാണത്തിന് ചെലവായെന്ന് പറഞ്ഞ് ഒതുക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 20 പേരിൽനിന്ന് 23 ലക്ഷം രൂപ പിരിച്ചെടുത്തെങ്കിലും എട്ടു പേരിൽനിന്ന് സമാഹരിച്ച തുകയുടെ കണക്ക് രേഖപ്പെടുത്തിയില്ലെന്നാണ് മറ്റൊരു ആരോപണം.
റിയൽ എസ്റ്റേറ്റുകാരനുമായി ചേർന്നായിരുന്നു പിരിവ് നടത്തിയതെന്നും കുറ്റപ്പെടുത്തുന്നു. ഓഫീസ് നിർമാണത്തിന്റെ പേരിൽ 70 ലക്ഷത്തിന്റെയും വെട്ടിപ്പ് നടത്തുകയുണ്ടായി. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ടി.ഐ. മധുസൂദനൻ ചെയ്തതെന്നും കുഞ്ഞികൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.
പാർട്ടിക്കുള്ളിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തി. സാന്പത്തിക വെട്ടിപ്പ് നടന്നിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നത് വൈകിയതാണെന്ന് പറഞ്ഞ് തട്ടിപ്പിന് വെള്ളപൂശുകയായിരുന്നുവെന്നും അഭിമുഖത്തിൽ തുറന്നടിക്കുന്നുണ്ട്.
*സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹം: ഫോറന്‍സിക് പരിശോധനാ ലാബ് മാറ്റി*
കൊച്ചി: കുവൈറ്റില്‍നിന്ന് നാടുകടത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധന രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബിലേക്കു മാറ്റി. കളമശേരി എച്ച്എംടി പരിസരത്തുനിന്ന് ജീര്‍ണിച്ച നിലയില്‍ കിട്ടിയ മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലാണു ലാബ് മാറ്റിയത്.
ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ രണ്ടാഴ്ചകൂടി സമയമെടുക്കുമെന്നതിനാല്‍ ഹര്‍ജി ഫെബ്രുവരി ആറിനു പരിഗണിക്കാനായി ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
*മോദിയുടെ അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ*
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന യോഗത്തിൽ വേദിയിലുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി നഗരസഭാ കൗൺസിലർ ആർ. ശ്രീലേഖ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം.
‘പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പോലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെന്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ താൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് താൻ അവിടെ തന്നെ നിന്നത്. ആരും വെറുതെ തെറ്റിദ്ധരിക്കേണ്ട. താൻ എപ്പോഴും ബിജെപിക്കൊപ്പം', എന്ന് പറഞ്ഞാണ് ശ്രീലേഖ പ്രതികരണം അവസാനിപ്പിച്ചത്.
*ഇന്നത്തെ പ്രധാന വാർത്തകൾ*
*"27 കമ്പനികളുമായി താൽപ്പര്യപത്രം ഒപ്പിട്ടു,
ലോക സാമ്പത്തിക ഫോറത്തിൽനിന്ന് കേരളം
നിക്ഷേപം സമാഹരിക്കുന്നത് ആദ്യം*
*നിക്ഷേപമെത്തും
1.18 ലക്ഷം കോടി ; ലോക സാമ്പത്തികഫോറത്തിൽ തിളങ്ങി കേരളം*
വെബ് ഡെസ്ക്
തിരുവനന്തപുരം
ദാവോസിൽ നടന്ന ലോക സാമ്പത്തികഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപ്പര്യപത്രം ഒപ്പുവച്ച് കേരളം. അമേരിക്ക, യുകെ, ജർമനി, സ്‌പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ കമ്പനികളുമായാണ് 14 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള താൽപ്പര്യപത്രങ്ങൾ ഒപ്പുവച്ചത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽനിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ 27 കമ്പനികളുമായാണ് താൽപ്പര്യപത്രം ഒപ്പിട്ടത്. 67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം ചർച്ച നടത്തി. കൊച്ചിയിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഒപ്പിട്ട താൽപ്പര്യപത്രങ്ങളിൽ 24 ശതമാനം നിർമാണ ഘട്ടത്തിലാണ്.
ഇഎസ്ജി(എൻവിയോൺമെന്റൽ, സോഷ്യൽ ആൻഡ് ഗവർണൻസ്) നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത പ്രധാന കമ്പനികളുടെ സിഇഒമാരുമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം ചർച്ച നടത്തി. 22 സിഇഒമാർ പങ്കെടുത്തു. നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്താൻ കേരള ഈവനിങ്ങും സംഘടിപ്പിച്ചു. പ്രധാന കമ്പനികൾ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ എന്നിവയ്‌ക്ക് മുന്നിൽ കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തി.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി വിഷ്‌ണുരാജ്, ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവരും സംഘത്തിലുണ്ട്.
*പ്രധാന നിക്ഷേപങ്ങൾ*
രാംകി ഇൻഫ്രാസ്ട്രക്ചർ–6000 കോടി (ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ് റ്റൈനബിലിറ്റി–1000 കോടി (മാലിന്യ സംസ്‌കരണം), ഇൻസ്റ്റ പേ സിനർജീസ്–100 കോടി (സാമ്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ്–1000 കോടി (റിന്യൂവബിൾ എനർജി), ആക്‌മെ ഗ്രൂപ്പ്– 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി-–1000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ്–1000 കോടി (ഡാറ്റ സെന്റർ), ഡെൽറ്റ എനർജി–1600 കോടി (ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ്–10,000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ–1300 കോടി, കാനിസ് ഇന്റർനാഷണൽ–2500 കോടി (എയ്റോസ്പേസ് ആൻഡ് എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി–1000 കോടി (റിന്യൂവബിൾ എനർജി)."
ശുഭദിനം.
Tags:
KERALA