*പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് എത്തും; വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും*
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജനുവരി 23) തലസ്ഥാനത്തെത്തും. വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്‌ളാഗ് ഓഫ് കർമ്മങ്ങൾ എന്നിവ അദ്ദേഹം നിർവഹിക്കും.ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
*വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു*
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (22) ചികിത്സയിലിരിക്കെ മരിച്ചു. ശ്വാസകോശത്തിന്‍റെ പ്രവർത്തനം നിലച്ചതിനെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി മരിച്ചു. ശ്വാസകോശത്തിന്‍റെ പ്രവർത്തനം നിലച്ചുവെന്നും പിന്നാലെ ഹൃദസസ്തംഭനവും ഉണ്ടായി എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡാനൺ എന്ന അപൂർവ ജനിതക രോഗമായിരുന്നു ദുർഗ എന്ന 22കാരിക്ക് ഉണ്ടായിരുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു ദുർഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. ഡിസംബർ 22 ന് ആയിരുന്നു ശസ്ത്രക്രിയ.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 ) ഹൃദയമായിരുന്നു ദുർഗക്കായി മാറ്റിവച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
*മൊറാദാബാദിൽ ദുരഭിമാനക്കൊല; കമിതാക്കളെ കുഴിച്ചുമൂടി, സഹോദരങ്ങൾ അറസ്റ്റിൽ*
മൊറാദാബാദ്: യുപിയിലെ മൊറാദാബാദിൽനിന്ന് മൂന്നുദിവസമായി കാണാതായ കമിതാക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.
അധ്യാപികയായ കാജലിന്റെയും കാമുകൻ അർമാന്റെയും മൃതദേഹങ്ങളാണ് നീം കരോളി ബാബ ക്ഷേത്രത്തിനു സമീപം ഗഗൻ നദിക്കരയിലെ കുഴയിൽനിന്ന് കണ്ടെടുത്തത്. ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം.
ഉമ്രി സബ്ജിപുരിലെ കാജലിന്റെ വസതിയിൽ അർമാനെയും കാജലിനെയും പിടികൂടി തടങ്കലിൽവച്ചശേഷം കൊലപ്പെടുത്തി മറവുചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ കാജലിന്റെ സഹോദരങ്ങൾ മൊഴി നല്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
*ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും ഉയർത്തിക്കാട്ടി കേരളത്തിന്‍റെ നിശ്ചലദൃശ്യം*
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിലേക്കുള്ള കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒരുങ്ങുന്നു. ഡൽഹി കന്റോണ്‍മെന്റിലെ രാഷ്ട്രീയ രംഗശാലയിൽ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിന്‍റെ നിശ്ചലദൃശ്യവും അന്തിമ മിനുക്കുപണിയിലാണ്.
സംസ്ഥാനത്തിന്റെ സ്വന്തം വാട്ടർ മെട്രോയുടെയും തനത് കാർഷികവൃത്തിയുടെയും കേരളത്തിനുമാത്രം സ്വന്തമായ നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരതാനേട്ടവും പ്രമേയമാക്കിയാണു നിശ്ചലദൃശ്യം.
ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ സരസു എന്ന 73 കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയെയാണ് നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന നേട്ടത്തിന്റെ പ്രതീകമായി കേരളം നിശ്ചലദൃശ്യത്തിൽ അവതരിപ്പിക്കുന്നത്. മടിയിലൊരു ലാപ്ടോപ്പും കൈയിൽ ഫോണും ചെവിയിൽ ഇയർഫോണുമായി ഇരിക്കുന്ന സരസുവിന്റെ രൂപമാണ് നിശ്ചലചിത്രത്തിന്റെ പ്രധാന ആകർഷണം.
ഇതിനോടൊപ്പമാണ് കൊച്ചി കായലിലൊഴുകി നീങ്ങുന്ന വാട്ടർ മെട്രോയും അതിനുപിന്നിലെ ടെർമിനലും. ഹരിത കർമസേനയിലെ അംഗങ്ങളുൾപ്പെടെയുള്ളവരെ മെട്രോയിൽ യാത്രക്കാരായി നിശ്ചലചിത്രത്തിൽ ചിത്രീകരിക്കുന്നുമുണ്ട്.
കൂടാതെ കേരളത്തിന്‍റെ കാർഷിക പൈതൃകം വരച്ചുകാട്ടി ഇഞ്ചി, കറുവപ്പട്ട, തേങ്ങ, ചക്ക, ജാതിക്ക, ഗ്രാന്പൂ എന്നിവയുടെ വലിയ രൂപങ്ങളും നിശ്ചലചിത്രത്തിലൊരുങ്ങുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്‍റെ നിശ്ചലദൃശ്യം ഇന്ത്യാ ഗേറ്റിനു മുന്നിലൂടെ ഒഴുകിനീങ്ങുന്പോൾ ദൃശ്യത്തിന്റെ ഇരുവശവും നാടോടിനർത്തകരും അണിനിരക്കും.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് നിശ്ചലദൃശ്യത്തിന്റെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് റോയ് ജോസഫ് എന്ന കലാകാരനാണ്.2023നുശേഷം ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് കേന്ദ്രാനുമതി ലഭിക്കുന്നത്.
*ജാർഖണ്ഡിൽ 15 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന അനിൽ ദായും പിടിയിൽ*
ചായ്ബാസ: തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മുതിർന്ന നേതാവ് അനൽ ദാ ഉൾപ്പെടെ 15 മാവോയിസ്റ്റുകളെ ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ബും ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു. സിആർപിഎഫ് കോബ്ര യൂണിറ്റിന്റെ കിരിബുരു സ്റ്റേഷൻ പരിധിയിയിലെ സാരന്ത വനമേഖലയിലുള്ള കുംദിയിൽ സിആർപിഎഫ് കോബ്ര യൂണിറ്റിലെ 1500 ഓളം സേനാംഗങ്ങൾ നടത്തിയ സൈനികനീക്കത്തിലാണ് മാവോയിസ്റ്റുകളെ തുടച്ചുനീക്കിയത്.
പാർഥിം മാജി എന്ന അനൽ ദാ ഉൾപ്പെടെ 15 മാവോയിസ്റ്റുകളെ മൃതദേഹം കണ്ടെത്തിയതായി സൈന്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കളുടെ വലിയശേഖരവും കണ്ടെത്തി. ഇന്നലെ രാവിലെ ആറുമണിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ രാത്രിവരെ തുടർന്നു.
സാരന്ത വനമേഖലയിൽ ചൊവ്വാഴ്‌ച മുതൽ നക്സൽ വിരുദ്ധനടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അനൽദായും സംഘവും വനമേഖലയിൽ ഉണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെത്തുടർന്നാണ് പരിശോധന തുടങ്ങിയത്. ഗിരിദിഹിലെ പിർതാൻഡിൽ കഴിഞ്ഞിരുന്ന അനൽ ദാ 1987 മുതൽ വിധ്വംസക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നയാളാണ്.
ജാർഖണ്ഡിൽ മാവോയിസ്റ്റുകളുടെ അവസാന രണ്ട് ശക്തികേന്ദ്രങ്ങളായാണ് സാരന്തയെയും കൽഹാനെയും സുരക്ഷാസേന വിലയിരുത്തുന്നത്. നേരത്തെ ബുദ പഹാഡ്, ഛത്ര, ലത്തേഹാർ, ഗുംല, ലോഹർദാഗ, റാഞ്ചി, പരസ്നാഥ് എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ആധിപത്യം സുരക്ഷാസേന അവസാനിപ്പിച്ചിരുന്നു.
ഈവർഷം മാർച്ച് 21 നകം മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് രാജ്യത്തെ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പലതവണ ആവർത്തിച്ചിരുന്നു. 2001 മുതൽ 2025 വരെ ജാർഖണ്ഡിൽ 11,000 മാവോയിസ്റ്റുകളാണ് പിടിയിലായത്. 250 ലേറെപ്പേർ കൊല്ലപ്പെട്ടു. 350 ഓളം പേർ സുരക്ഷാസേനയ്ക്കു മുന്‍പാകെ കീഴടങ്ങി എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
*വിസിലടിച്ച് വിജയ്, ടോർച്ചുമായി കമൽഹാസൻ; ഇരുവർക്കും തെരഞ്ഞെടുപ്പ് ചിഹ്നമായി*
ന്യൂഡൽഹി: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് ചിഹ്നമായി. വിസിൽ ആണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.
വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിലാകും ടിവികെ സ്ഥാനാർഥികൾ മത്സരിക്കുക. ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 11-നാണ് ടിവികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും പരിഗണനയ്ക്കായി പാർട്ടി സമർപ്പിച്ചിരുന്നു.
കമൽഹാസന്‍റെ മക്കൾ നീതി മയ്യത്തിനും (എംഎൻഎം) തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോർച്ചാണ് എംഎൻഎമ്മിന്‍റെ ചിഹ്നം.
*കോളജ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ*
അഹമ്മദാബാദ്: ഗുജറാത്തിൽ കോളജ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ജീവനൊടുക്കി. ഗാന്ധിനഗറിലെ സെക്ടർ -7 ലെ ജെഎം ചൗധരി കോളജിലെ ഒന്നാം വർഷ ബിഎ വിദ്യാർഥിനി ശിവാനി അഹിർ(19) ആണ് തൂങ്ങി മരിച്ചത്.
പത്താൻ ജില്ലക്കാരിയാണ് ശിവാനി അഹിർ. ബുധനാഴ്ച വൈകുന്നേരം കോളജ് കാമ്പസിലെ ഹോസ്റ്റലിൽ നിന്ന് ശിവാനിയെ കാണാതായിരുന്നു. തുടർന്ന് കോളജ് അധികൃതരും പോലീസും തിരച്ചിൽ നടത്തുകയും വിവരം ശിവാനിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
തുടരന്വേഷണത്തിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ ശിവാനിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയാണ് ശിവാനി മരിച്ചത്.
സംഭവത്തിൽ ഗാന്ധിനഗർ സെക്ടർ 7 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും ഗാന്ധിനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിവ്യ പ്രകാശ് ഗോഹിൽ പറഞ്ഞു.
*"രണ്ട് മണിക്കൂറിനുള്ളില്‍ മോദിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കണം; ബിജെപിയോട് തിരുവനന്തപുരം കോർപറേഷൻ*
തിരുവനന്തപുരം: ഹൈക്കോടതി നിർദേശം ലംഘിച്ച് തിരുവനന്തപുരം നഗരത്തിൽ ബിജെപി അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ഉടനടി മാറ്റണമെന്ന് കോർപറേഷന്റെ നിർദേശം. വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാഗതമേകി ബിജെപി നഗരത്തിൽ നിരവധിയിടങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ഇവയെല്ലാം നീക്കം ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റിനോട് കോർപേറഷൻ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടു.
നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കംചെയ്യുമെന്ന് മേയർ വി വി രാജേഷ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇത് വകവെക്കാതെയാണ് നടപ്പാതകളടക്കം കയ്യേറി ബിജെപി ബോർഡുകൾ സ്ഥാപിച്ചത്.
രണ്ട് മണിക്കൂറിനുള്ളിൽ ബോർഡുകളും കൊടിതോരണങ്ങളും നീക്കംചെയ്തില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും കോർപറേഷൻ ബിജെപിക്ക് മുന്നറിയിപ്പ് നൽകി."
*"ഇസ്ലാമിക രാഷ്ട്രമെന്ന ചിന്ത തന്നെ അപകടകരം'; ജമാഅത്തെ ഇസ്ലാമിയെ തള്ളി എം കെ മുനീർ*
കോഴിക്കോട്: മതരാഷ്ട്രവാദം ഉപേക്ഷിക്കാനാകില്ലെന്ന് ആവർത്തിച്ച് പറയുന്ന ജമാഅത്തെ ഇസ്ലാമിയെ തള്ളി മുതിർന്ന മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. മതേതര രാജ്യത്ത് ഇസ്ലാമിക രാഷ്ട്രമെന്ന സങ്കൽപം സാധ്യമല്ലെന്നും, അങ്ങനെ ചിന്തിക്കുന്നത് തന്നെ അപകടകരമാണെന്നും മുനീർ പറഞ്ഞു. മതരാഷ്ട്രമെന്ന സങ്കൽപ്പം മുസ്ലിംലീഗിന് ആലോചിക്കാനാകില്ല. അത്തരം ആശയങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതാണെന്നും മുനീർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കളും ന്യായീകരിക്കുമ്പോഴാണ് മുനീർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സംസ്ഥാന ഷൂറ കൗൺസിൽ അംഗം ശൈഖ് മുഹമ്മദ് കാരകുന്നാണ് ഇസ്ലാമിക് റിപ്പബ്ലിക്കിനെ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറയില്ലെന്ന് പരസ്യമായി വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫിന് വലിയ തിരിച്ചടിയാണ് കാരകുന്നിന്റെ വെളിപ്പെടുത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ സഖ്യം ആവർത്തിക്കുമെന്നാണ് കോൺഗ്രസ്- ലീഗ് നേതാക്കൾ അറിയിച്ചത്."
*"വിദേശത്ത് കടക്കാൻ ശ്രമം: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകളുടെ ഭർത്താവ് പിടിയിൽ*
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കസ്റ്റഡിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽവെച്ചാണ് ഇയാളെ പിടികൂടിയത്.
കമലേശ്വരം ശാന്തി നഗർ രണ്ടാംതെരുവിൽ സോമനന്ദനത്തിൽ ഗ്രീമ എസ് രാജ് (30), അമ്മ സജിത രാജീവ് (55) എന്നിവരെയാണ് ബുധൻ പകൽ 12ന് വീട്ടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടത്. ഹാളിലെ സോഫയിലാണ് ഇരുവരുടെയും മൃതദേഹം കിടന്നിരുന്നത്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. അസ്വഭാവിക മരണത്തിനാണ് പൂന്തുറ പൊലീസ് കേസെടുത്തത്.
ആത്മഹത്യാക്കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്റെയും മകളുടേയും ആത്മഹത്യയ്ക്ക് കാരണം ഗ്രീമയുടെ ഭർത്താവ് ബി എം ഉണ്ണികൃഷ്ണൻ ആണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ആറ് വർഷത്തോളമായി മാനസിക പീഡനവും അവഗണനയും നേരിടുകയാണ്. മകളെ ഉപയോഗിച്ച ഉടുപ്പുപോലെയാണ് എറിഞ്ഞു കളയുന്നത്. പിരിയാൻ തക്ക കാരണങ്ങൾ ഇല്ല. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യെന്നും കുറിപ്പിൽ പറയുന്നു.
2019ൽ വിവാഹിതയായ ഗ്രീമ ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. വാട്‌സാപ് ഗ്രൂപ്പുകളിലും അടുത്ത സുഹൃത്തുക്കൾക്കും ആത്മഹത്യാക്കുറിപ്പ് അയച്ചിരുന്നു. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് മൃതദേഹങ്ങൾ കണ്ടത്. ഗ്രീമയുടെ അച്ഛൻ കഴിഞ്ഞ ഒക്ടോബറിൽ മരിച്ചു. "
*📡ഇന്നത്തെ പ്രധാന വാർത്തകൾ*
*യുദ്ധം അവസാനിപ്പിക്കാൻ നീക്കവുമായി ട്രംപ്; ത്രിരാഷ്ട്ര ചർച്ചയ്ക്ക് ഇന്ന് തുടക്കം*
ദാവോസ്: യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ചർച്ച ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി യുഎഇയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, യുഎസ്, റഷ്യ
രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്.
യുഎസ് - യുക്രെയ്ൻ പ്രതിനിധികൾ നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം.
*തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്*
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്നിന്നുമാണ് ട്രംപ് പിന്മാറിയത്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നയതന്ത്രപരമായ ചുവടുമാറ്റം.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറിൽ തീരുമാനമായില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ നികുതി 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
*കൈക്കൂലി വാങ്ങവെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ*
അങ്കമാലി: ലേബർ ലൈസൻസ് പുതുക്കി നൽകാൻ കൈക്കൂലി വാങ്ങവെ അങ്കമാലി ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ സൂരജ് നാരായണൻ പിടിയിലായി. പരാതിയെത്തുടർന്ന് വിജിലൻസ് എറണാകുളം യൂണിറ്റ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ അങ്കമാലിയിലെ ഒരു വ്യാപാര സ്ഥാപനത്തിലായിരുന്നു പരിശോധന. ഇവിടെ ഒരു തൊഴിലാളിയിൽനിന്ന് ഇയാൾ 1500 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
*നിയമസഭാ തെരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും*
കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും. വർഷങ്ങളായി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നതിനാല്‍ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. ഇത് പാർട്ടിയെ ദുര്‍ബലമാക്കി.
അതിനാൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഗ്രഹമെന്നും റിപ്പോര്‍ട്ടുണ്ട്. ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മറ്റ് സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സഖ്യത്തില്‍ പാര്‍ട്ടിക്ക് വളരാന്‍ കഴിയില്ലെന്നും ദീര്‍ഘകാലമായി മത്സരിക്കാത്ത മേഖലകളില്‍ കോണ്‍ഗ്രസ് തകരുമെന്നും ബംഗാളിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം പാര്‍ട്ടി അടിത്തറ കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കണമെന്നാണ് നേതാക്കളുടെ പക്ഷം.
*ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കാൻ റെയിൽവേ തീരുമാനം*
പരവൂർ: പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ചെലവ് ചുരുക്കാനും ലക്ഷ്യമിട്ട് ഡീസൽ പൂർണമായും ഒഴിവാക്കി ഇലക്ട്രിക് എൻജിനുകളിലേക്കു മാറാൻ ഒരുങ്ങി റെയിൽവേ. രാജ്യത്ത് അവശേഷിക്കുന്ന 2500 ഓളം ഡീസൽ ലോക്കോമോട്ടീവുകൾകൂടി സർവീസിൽനിന്ന് ഒഴിവാക്കാനാണ് റെയിൽ മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്ത് 70,117 റൂട്ട് കിലോമീറ്ററിൽ വൈദ്യുതീകരിക്കാൻ ഇനി വെറും 405 റൂട്ട് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് റെയിൽവേ പുതിയ പദ്ധതി ആലോചിക്കുന്നത്. നിലവിൽ ദീർഘദൂര ചരക്ക് സേവനങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഡീസൽ ലോക്കോമോട്ടീവുകളെയാണ് പൂർണമായും ആശ്രയിക്കുന്നത്. എന്നാൽ, ദീർഘദൂര യാത്രാ സർവീസുകൾ പ്രധാനമായും കേബിളുകളിൽനിന്ന് വൈദ്യുതി ഉപയോഗിക്കുന്ന ഇലക്ട്രിക് ട്രെയിനുകളിലേക്ക് മാറിയിട്ടുണ്ട്.
റെയിൽവേ യാർഡിലെ ആവശ്യങ്ങൾക്കും കോച്ചുകൾ പലയിടങ്ങളിലേക്കും മാറ്റുന്നതിനും കുറഞ്ഞ ദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന ഡീസൽ ലോക്കോമോട്ടീവുകൾ ഒഴിവാക്കുകയാണ് ആദ്യനടപടിയെന്ന് റെയിൽ മന്ത്രാലയം വ്യക്തമാക്കുന്നു. റെയിൽ പാത വൈദ്യുതീകരണം പൂർത്തിയാകാത്തതിനാലും ചില മേഖലകളിൽ വൈദ്യുതീകരണം ഭാഗികമായതിനാലും മാത്രമാണ് ഡീസൽ എൻജിൻ ഉപയോഗിക്കേണ്ടി വരുന്നത്.
ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി ബാറ്ററിയുള്ള എൻജിനുകളും റെയിൽവേ ഉപയോഗിക്കുന്നുണ്ട്. 700 കുതിരശക്തിയുള്ള ഡീസൽ എൻജിൻ മാറ്റി ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററി വിജയകരമായി ഘടിപ്പിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ കോൺകോഡ് കൺട്രോൾ സിസ്റ്റംസ് അറിയിച്ചിരുന്നു. ആറ് വർഷം മുമ്പാണ് ലിഥിയം അയേൺ ബാറ്ററി ഘടിപ്പിച്ച ലോക്കോമോട്ടീവുകൾ ഉപയോഗിക്കാൻ റെയിൽവേ തുടങ്ങിയത്.
അത്തരം 10 റെയിൽവേ എൻജിനുകൾ നിർമിക്കാൻ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
3100 കുതിരശക്തിയുള്ള ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് പ്രൊപൽഷൻ സിസ്റ്റം വികസിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണൽ തെർമൽ പവർ കോർപറേഷന് വൈദ്യുതി പ്ലാന്റിലേക്ക് കൽക്കരി എത്തിക്കാനാണ് ഈ ഹൈഡ്രജൻ എൻജിനുകൾ ഉപയോഗിക്കുക.
*ബിഎസ്എൻഎൽ 5ജി ടവറിന്റെ പേരിൽ തട്ടിപ്പ്*
പരവൂർ: ബിഎസ്എൻഎൽ 5ജി ടവറിന്റെ പേരിൽ രാജ്യത്ത് തട്ടിപ്പ് വ്യാപകം. ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ബിഎസ്എൻഎൽ 5ജി ടവർ സ്ഥാപിക്കുന്നതിന് താങ്കളുടെ പേരിലുള്ള ഭൂമി തെരഞ്ഞെടുത്തു എന്ന കത്തിലൂടെയുള്ള അറിയിപ്പാണ് തട്ടിപ്പിന്റെ തുടക്കം. ഇതിന് ഒരു എൻഒസി സമർപ്പിക്കണം എന്നതായിരിക്കും മറ്റൊരു നിർദേശം.
ഭാരത് ദൂർ സഞ്ചാർ മന്ത്രാലയം നടത്തിയ ഓൺലൈൻ സാറ്റ്ലൈറ്റ് സർവേ വഴിയാണ് ടവർ സ്ഥാപിക്കാൻ സ്ഥലം തെരഞ്ഞെടുത്തത് എന്ന വിവരവും ഇതിൽ ഉണ്ടാകും. കരാർ നടപടികൾ ഉറപ്പിക്കുന്നതിനായി എഗ്രിമെന്റ് ചാർജ് ഇനത്തിൽ 2,500 രൂപ ഉടൻ അടയ്ക്കണമെന്നും വാർത്താവിനിമയ മന്ത്രാലയത്തിന്റെ പേരിൽ വരുന്ന എൻഒസി സംബന്ധിച്ച അറിയിപ്പിൽ ഉണ്ടാകും.
ഇത്തരത്തിൽ ടവർ സ്ഥാപിക്കുന്ന രീതി ബിഎസ്എൻഎല്ലിനില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബിഎസ്എൻഎൽ രാജ്യത്തുടനീളം 5ജി സേവനങ്ങൾ അതിവേഗം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി നിലവിലെ 4ജി ടവറുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് അധികൃതർ അടുത്തിടെ അറിയിച്ചിരുന്നു.
ഇതിന്റെ മറവിലാണ് എതിർപ്പില്ലാ രേഖകൾ ആവശ്യപ്പെട്ടുള്ള വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, ഇതു സൂക്ഷ്മമായി പരിശോധിച്ചാൽതന്നെ സംഗതി തട്ടിപ്പാണെന്ന് മനസിലാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അറിയിപ്പിൽ നിരവധി അക്ഷരത്തെറ്റുകളും അപാകതകളും കണ്ടെത്താനാകും.
അറിയിപ്പിൽ ഭാരത് ദൂർ സഞ്ചാർ മന്ത്രാലയ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ ഹിന്ദിയിലുള്ള പേരാണ് സന്ദേശത്തിൽ ഇംഗ്ലീഷിൽ എഴുതി ചേർത്തിയിട്ടുള്ളത് - ഔദ്യോഗിക രേഖകളിലൊന്നും ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങളൊന്നും ഉണ്ടാകില്ലന്നും അധികൃതർ പറഞ്ഞു.
മാത്രമല്ല, ടെലികോം കമ്പനികൾ ഓൺലൈൻ സാറ്റലൈറ്റ് സർവേയുടെ അടിസ്ഥാനത്തിൽ മാത്രം ഏതെങ്കിലും സ്ഥലം ടവർ സ്ഥാപിക്കാനായി തെരഞ്ഞെടുക്കുകയുമില്ല. എഗ്രിമെന്റ് ചാർജായി 2500 രൂപ നൽകണമെന്ന വാദം തന്നെ തെറ്റാണെന്ന് അധികൃതർ പറയുന്നു. ടവറുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ഉടമയ്ക്കാണ് മൊബൈൽ കമ്പനികൾ വാടക നൽകുക. ഇതിനു സ്ഥലം ഉടമ മറ്റു സാമ്പത്തിക ബാധ്യതകൾ വഹിക്കേണ്ട സാഹചര്യവും ഇല്ല. മാത്രമല്ല എൻഒസിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഉദ്യോഗസ്ഥന്റേതെന്ന പേരിൽ ഒരു മൊബൈൽ നമ്പരും നൽകിയിട്ടുണ്ട്. ഇതിൽ ഉദ്യോഗസ്ഥന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പേരുതന്നെ വ്യാജമാണന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സാധാരണ സർക്കാർ കത്തുകളിൽ വ്യക്തികളുടെ മൊബൈൽ നമ്പരുകൾ നൽകാറില്ലന്നും അധികൃതർ വ്യക്തമാക്കി. കത്തിൽ ഡിജിറ്റൽ ഇന്ത്യ, ബിഎസ്എൻഎൽ എന്നിവയുടെ ലോഗോകൾ വിശ്വാസ്യതയ്ക്കായി നൽകിയിട്ടുണ്ട്. ഇതു തട്ടിപ്പാണെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ അറിയിപ്പുകൾക്ക് ഒപ്പം നൽകിയിരിക്കുന്ന നമ്പരിലേക്ക് വിളിക്കുകയോ പണം അയക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
*"ഭിന്നശേഷി നിയമനം ; 450 പേർക്ക് ഇന്ന്
നിയമന ശുപാർശ കൈമാറും*
തിരുവനന്തപുരം
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട റാങ്ക് ലിസ്റ്റിലുൾപ്പെട്ട 450 ഓളം ഉദ്യോഗാർഥികൾക്ക് വെള്ളിയാഴ്‌ച നിയമനശുപാർശ കൈമാറുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എൻഎസ്‌എസ് മാനേജ്‌മെന്റിന് നൽകിയ ആനുകൂല്യം മറ്റ് മാനേജ്‌മെന്റുകൾക്കും നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവിനായി നടപടി സ്വീകരിച്ചു. വിഷയത്തിൽ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമന നടപടി സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന, ജില്ലാ സമിതികളും രൂപീകരിച്ച് ഉത്തരവിറക്കിയിരുന്നു.
സെക്കൻഡറിതലംവരെയുള്ള ഭിന്നശേഷി നിയമനത്തിനായി ജില്ലാ സമിതികളുടെ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയായി. ജില്ലാതല സമിതി വഴിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഈ വർഷം ഒരിക്കൽകൂടി നടത്തും.
വിവിധ വിദ്യാഭ്യാസ ഓഫീസുകളിൽ തീർപ്പാക്കാൻ അവശേഷിക്കുന്ന നിയമനാംഗീകാര ഫയലുകൾ തീർപ്പാക്കാൻ സംസ്ഥാന അദാലത്ത് 23, 27, 29 തീയതികളിൽ മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു."
*"പോറ്റിയെ ജയിലിൽ കേറ്റിയത് ഇടതുപക്ഷം : കെ കെ ശൈലജ*
തിരുവനന്തപുരം
പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ ജയിലിൽ കയറ്റിയത് ഇടതുപക്ഷമാണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ പറഞ്ഞു. അതു മറച്ചുവച്ച്, ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. ശബരിമലയിലെ യഥാർഥപ്രശ്‌നം എന്താണ് എന്ന് നിയമസഭയ്‌ക്ക് അകത്ത് ചർച്ച ചെയ്യണമായിരുന്നു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാകുമെന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ടാണ് നോട്ടീസ് അവതരിപ്പിക്കാതെ സഭ സ്‌തംഭിപ്പിക്കാൻ ശ്രമിച്ചത്.
പ്രതിപക്ഷം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പതിനേഴ് അടിയന്തര പ്രമേയങ്ങൾക്ക് ചർച്ചയ്‌ക്ക് അനുമതി നൽകിയ സർക്കാരാണിത്. നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ വന്നാൽ അതിന് എന്താണ് പരിഹാരമെന്ന് ചർച്ചയിലൂടെ അറിയിക്കുന്ന സർക്കാരാണിത്. കഴിഞ്ഞ പത്തു വർഷക്കാലം സർക്കാർ നടപ്പാക്കിയ വികസന വേലിയേറ്റത്തിൽ പ്രതിപക്ഷത്തിന് നില തെറ്റുകയാണ്. ജനങ്ങളുടെ മുന്നിൽ അവർക്ക് പറയാനൊന്നുമില്ല.
"സാധാരണക്കാർക്ക് പ്രവേശനം ലഭിക്കാൻ പ്രയാസമുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ അവർക്കൊപ്പം പോറ്റിയും സ്വർണം വാങ്ങിയ ആളും കോൺഗ്രസ് നേതാക്കളൊന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സോണിയ ഗാന്ധിക്ക് ബ്രേസ്‌ലെറ്റ് അണിയിച്ചുനൽകുന്ന തരത്തിലുള്ള ഈ ബന്ധത്തെക്കുറിച്ച് എന്തുകൊണ്ടാണ് പ്രതിപക്ഷം മിണ്ടാത്തത്. ഗവർണർ ബില്ലുകൾ ഒപ്പിടാതെ കെട്ടിവച്ചിരിക്കുന്നതിനെതിരെപോലും പ്രതിപക്ഷം ശബ്ദമുയർത്തുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസന പ്രവർത്തനങ്ങൾ നടത്താനും സഹകരിക്കുന്നതിനുപകരം ബഹളമുണ്ടാക്കി സഭ തടസ്സപ്പെടുത്തുന്നത് ജനാധിപത്യപരമല്ല.
ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും അവരെ സംരക്ഷിക്കില്ലെന്നും കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും നിയമസഭയ്‌ക്കുമുന്നിൽ മാധ്യമങ്ങളോട് കെ കെ ശൈലജ പറഞ്ഞു."
*
*"പട്ടയ വ്യവസ്ഥ ലംഘനം ക്രമീകരിക്കൽ ; സോഫ്‌റ്റ്‌വെയർ ഇന്നുമുതൽ*
തിരുവനന്തപുരം
പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങൾ ക്രമീകരിച്ച് നൽകാനുള്ള സോഫ്‌റ്റ്‌വെയർ സജ്ജമായതായി റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുജനങ്ങൾക്ക് www.klarc.kerala.gov.in എന്ന പോർട്ടലിലൂടെ വെള്ളിയാഴ്‌ച മുതൽ അപേക്ഷിക്കാം.
കേരള ലാൻഡ് അസൈൻമെന്റ് (റഗുലറൈസേഷൻ ഓഫ് കോൺട്രവെൻഷൻസ്) ചട്ടങ്ങൾ 2025 പ്രകാരമുള്ള പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങളാണ് ക്രമീകരിച്ചുനൽകുക. പോർട്ടലിൽ അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കാനുള്ള വീഡിയോയുമുണ്ട്. താമസത്തിനുള്ള കെട്ടിടങ്ങളുടെയും 3000 ചതുരശ്ര അടി വരെയുളള വാണിജ്യ കെട്ടിടങ്ങളുടെയും നിർമിതികൾ ക്രമീകരിക്കാനുള്ള ഫോറം എ, പൊതുഇടങ്ങൾ, പൊതു കെട്ടിടങ്ങൾ, എയ്‌ഡഡ് സ്‌കൂൾ കെട്ടിടങ്ങൾ എന്നിവയ്‌ക്കായുള്ള ഫോറം ബി, ഇവയിൽ ഉൾപ്പെടാത്തവയ്‌ക്കായുള്ള ഫോറം ഡി എന്നിവയും ലഭ്യമാണ്. ഭൂമിയുള്ള ജില്ല, താലൂക്ക്, വില്ലേജ്, തണ്ടപ്പേര് എന്നിവ രേഖപ്പെടുത്തണം. ചെലാൻ അടയ്‌ക്കേണ്ടതും ഓൺലൈനിലാണ്.
*പട്ടയം വരുമാനപരിധി
2.5 ലക്ഷം*
നഗരങ്ങളിലും ഗ്രാമങ്ങളിലും പട്ടയ വിതരണത്തിന് നിലവിലുണ്ടായിരുന്ന വരുമാന പരിധി 2.5 ലക്ഷമാക്കിയതായും മന്ത്രി അറിയിച്ചു. മുനിസിപ്പൽ, കോർപറേഷൻ പരിധിയിൽ രണ്ടര ലക്ഷമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് പഞ്ചായത്തിലെ ഭൂമി പതിവിനായുള്ള 65ലെ ഭൂപതിവ് ചട്ടം ഭേദഗതി വരുത്തി ഒരുലക്ഷം രൂപയിൽനിന്ന് 2.5 ലക്ഷമാക്കുന്നത്.
*സുവീഥി പോർട്ടൽ*
ഫ്ലഡ് റോഡുകളുടെ നിർമാണ അനുമതി മുതൽ ബിൽ വിതരണംവരെയുള്ള എല്ലാ പ്രവൃത്തികൾക്കുമായി സുവീഥി പോർട്ടൽ ദുരന്തനിവാരണ വകുപ്പ് സജ്ജീകരിച്ചു. ജനപ്രതിനിധികൾക്ക് പ്രകൃതി ദുരന്തത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് ഇതുവഴി
അപേക്ഷിക്കാം. അനുമതി മുതൽ അന്തിമ ബിൽ സമർപ്പണംവരെയുള്ള പുരോഗതിയും നിരീക്ഷിക്കാം.
*"ബംഗ്ലാദേശ് ഉറപ്പിച്ചു, ട്വന്റി 20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ല; പകരം സ്കോട്ട്‌ലൻഡ്*
ന്യഡൽഹി: ഇന്ത്യ വേദിയായ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്. ഇന്ത്യയിലെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) തള്ളിയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയിൽതന്നെ മത്സരങ്ങൾ കളിക്കണമെന്നും, തയ്യാറല്ലെങ്കിൽ പകരം സ്കോട്ട്ലൻഡിനെ പരിഗണിക്കുമെന്നുമാണ് ഐസിസി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ തീരുമാനം.
യുവജന-കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും ദേശീയ ടീം അംഗങ്ങളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഈ അന്തിമ തീരുമാനമെടുത്തത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബുധനാഴ്ച ബിസിബിക്ക് 24 മണിക്കൂർ സമയപരിധി ഐസിസി നൽകിയിരുന്നു.
ടൂർണമെന്റ് കളിക്കാൻ തങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും എന്നാൽ അത് ഇന്ത്യയിലാകരുതെന്നും ബിസിബി വ്യക്തമാക്കി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഐസിസിയുമായി ചർച്ചകൾ തുടരുമെന്നും ബോർഡ് അറിയിച്ചു.
*പകരക്കാർ സ്കോട്ട്‌ലൻഡ്*
നിലവിലെ സാഹചര്യത്തിൽ, ലോകകപ്പിൽ ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സി-യിൽ സ്കോട്ട്‌ലൻഡ് കളിക്കാനാണ് സാധ്യത. റാങ്കിംഗിൽ മുന്നിലുള്ളതിനാലാണ് സ്കോട്ട്‌ലൻഡിന് അവസരം ലഭിക്കുക.
*പ്രശ്നങ്ങളുടെ തുടക്കം ഐപിഎൽ*
പേസ് ബൗളറായ മുസ്‌തഫിസുർ റഹ്‌മാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതാണ് പ്രശ്‌നത്തിന് തുടക്കം. ബംഗ്ലാദേശിലെ രാഷ്‌ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇൗ തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കൊൽക്കത്ത ടീമിന് നൽകിയ നിർദേശം ബംഗ്ലാദേശിനെ ചൊടിപ്പിച്ചു.
"കടുത്ത തീരുമാനം എടുക്കുമ്പോൾ കളിക്കാരുടെ ഭാവി പരിഗണിക്കണമെന്ന് മുൻ താരം തമീം ഇഖ്‌ബാൽ പറഞ്ഞതും വിവാദമായി. തമീം ഇന്ത്യൻ ഏജന്റാണെന്ന് പ്രതികരിച്ച ക്രിക്കറ്റ്‌ബോർഡ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ നജ്‌മുൾ ഇസ്ലാമിനെ കളിക്കാരുടെ പ്രതിഷേധത്തെതുടർന്ന് പുറത്താക്കേണ്ടിവന്നു. ബംഗ്ലാദേശ് ലീഗ് ബഹിഷ്‌കരിക്കുമെന്ന് കളിക്കാർ പ്രഖ്യാപിച്ചതോടെയാണ് നടപടി."
*"മണിപ്പൂരിൽ വീണ്ടും അസ്വസ്ഥത,ഗോത്ര വനിതയെ വിവാഹം ചെയ്തയാളെ തട്ടിക്കൊണ്ട് പോയി വെടിവെച്ച് കൊന്നു*
ഇംഫാൽ:മണിപ്പൂരിൽ വീണ്ടും അസ്വസ്ഥതയുണര്‍ത്തി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ യുവാവിനെ വെടിവെച്ച് കൊന്നു. മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെ ബുധനാഴ്ച തുയിബോംഗ് പ്രദേശത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നത്ജാങ് ഗ്രാമത്തിന് സമീപം വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു.
മെയ്തി സമുദായത്തിൽപ്പെട്ടവ്യക്തിയാണെങ്കിലു ഇദ്ദേഹം ചുരാചന്ദ്പൂർ ജില്ലയിൽ കുക്കി വനിതയെ വിവാഹം ചെയ്ത് ജീവിതം നയിച്ചു വരികയായിരുന്നു. കാക്കിംഗ് ജില്ലയിലെ കാക്കി ഖുനൗവിൽ നിന്നുള്ള വ്യക്തിയാണ് മെയ്തി വിഭാഗക്കാരനായ സിംഗ്. ചുരാചന്ദ്പൂരിൽ സ്ഥിര താമസമാക്കി കുക്കി വനിതയായ ചിങ്നു ഹാവോകിപ്പിനെ വിവാഹം കഴിച്ചു. ജിൻമിൻതാങ് എന്ന ഗോത്ര നാമവും സ്വീകരിച്ചിരുന്നു. ഗോത്ര വര്‍ഗ്ഗങ്ങൾക്കിടയിൽ ഇത്തരത്തിൽ ദത്തെടുക്കലുകൾ അനുവദിക്കപ്പെടാറുണ്ട്.
തീവ്രവാദികൾ ഭാര്യയോടൊപ്പമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. ഭാര്യയെ പിന്നീട് മോചിപ്പിച്ചു. നേപ്പാളിൽ ജോലി ചെയ്യുന്ന മയാങ്ലംബം ഋഷികാന്ത സിംഗ് കലാപത്തിന് ശേഷം ഭാര്യയെ കാണാൻ എത്തിയതായിരുന്നു. കാലപത്തിന് ശേഷം അവരുടെ ഗ്രാമത്തിലേക്ക് എത്താൻ കഴിയാത്ത നിസ്സഹായതയിലായിരുന്നു. കുക്കി സംഘടകളിൽ നിന്നും അനുമതി സംഘടിപ്പിച്ചാണ് തിരികെ എത്തിയത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്യുന്നു. പക്ഷെ തീവ്രവാദ ഗ്രൂപ്പുകൾ ക്രമേണ വിവരം അറിഞ്ഞെത്തി.
കൊലപാതകത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.ആയുധധാരികൾ വെടിവയ്ക്കുന്നതിന് മുമ്പ് സിംഗ് കൈകൾ കൂപ്പി ജീവനുവേണ്ടി യാചിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ്.
"ഒരു ഫോൺ കോൾ ലഭിച്ചതിനെത്തുടർന്ന് നാറ്റ്ജാങ് ഗ്രാമത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പുലർച്ചെ1.30ഓടെ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലേക്ക് കൊണ്ടുവന്നു.
ഇത്തരം സംഭവങ്ങൾ സംഘര്‍ഷഭരിതമായ മണിപ്പൂരിൽ വീണ്ടും അസ്വസ്ഥത വര്‍ധിപ്പിക്കയാണ്.തട്ടിക്കൊണ്ടുപോയവർ സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO)കരാറിൽ ഒപ്പുവെക്കാത്ത യുണൈറ്റഡ് കുക്കി നാഷണൽ ആർമി(UNKA)അംഗങ്ങളാണെന്ന്പൊലീസ് സംശയിക്കുന്നു.
2023മെയ് മാസത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുക്കികളും മെയ്തികളും പരസ്പരം തങ്ങളുടെ ഗ്രമമല്ലാത്ത പ്രദേശങ്ങളിലേക്ക് പോകാറില്ല. ഇംഫാൽ താഴ് വരയും ചുറ്റുമുള്ള ഗോത്ര വര്‍ഗ്ഗങ്ങൾ താമസിക്കുന്ന പര്‍വ്വത പ്രദേശങ്ങളും തികച്ചും വിഭജിക്കപ്പെട്ട സാഹചര്യം തുടരുന്നു.
മണിപ്പൂര്‍ കലാപത്തിൽ260-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ഗോത്രങ്ങളെല്ലാം പരസ്പരം ദൂരസ്ഥലങ്ങളിലായി വിഭജിക്കപ്പെട്ട അവസ്ഥയാണ്.തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട ഒരു കോടതി വിധിക്ക് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് സംസ്ഥാനം വഴുതിയത്. ഇതിനിടെ സംസ്ഥാനത്തെ ബിജെപി ഭരണ കൂടത്തിന്റെ വിഭജന തന്ത്രങ്ങളുടെ ഭാഗമായുള്ള നീക്കങ്ങൾ കലാപത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
സംഘര്‍ഷത്തിന് അറുതിവരുത്തുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. പക്ഷേ, മെയ്തെ കുക്കി സോ തുടങ്ങിയ ഗോത്ര വിഭാഗങ്ങളെ പരസ്പരം പോരടിപ്പിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത് മറികടക്കുന്നത് വെല്ലുവിളിയായി. നേരത്തെ ഒത്തിണക്കത്തോടെ കഴിഞ്ഞ ഗോത്രങ്ങളാണ് പരസ്പരം തീരാത്ത പ്രതികാരത്തോടെ ഏറ്റുമുട്ടുന്നത്. ഫെബ്രുവരിയിൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിന് കീഴിൽ എത്തിയിട്ട് ഒരു വർഷം പൂർത്തിയാകും."
*"തന്ത്രിയെ ‘രക്ഷിക്കാൻ’ ഇഡി*
കൊച്ചി
ശബരിമല സ്വർണമോഷണക്കേസിലെ കള്ളപ്പണം ഇടപാട് സംബന്ധിച്ച അന്വേഷണത്തിലെ ആദ്യഘട്ട ചോദ്യംചെയ്യലിൽനിന്ന് തന്ത്രി കണ്‌ഠര് രാജീവരെ ഒഴിവാക്കാൻ ഇഡി. അടുത്തയാഴ്‌ചമുതൽ കേസിലെ പ്രതികളെ ചോദ്യംചെയ്യാനാണ് നീക്കം. തൽക്കാലം തന്ത്രിയെ ഒഴിവാക്കാനുള്ള നിർദേശം ഡൽഹിയിലെ ഇഡി ആസ്ഥാനത്തുനിന്ന് അന്വേഷകസംഘത്തിന് ലഭിച്ചതായാണ് വിവരം. ഉണ്ണിക്കൃഷ്‌ണൻ പോറ്റി, ജ്വല്ലറി ഉടമ ഗോവർധൻ, ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരെയാണ് ആദ്യഘട്ടത്തിൽ ചോദ്യംചെയ്യുക.
കേസിൽ കേരളത്തിലും പുറത്തുമായി ചൊവ്വാഴ്‌ച ഇഡി നടത്തിയ പരിശോധനയിലും തന്ത്രിയെ ഒഴിവാക്കി. പ്രധാന പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ പ്രധാന പങ്കാളിയായ തന്ത്രിയെ കേസിൽനിന്ന് ഒഴിവാക്കുകയാണ് ഇഡി ലക്ഷ്യമെന്ന് വെളിപ്പെടുന്നതാണ് ഇൗ നടപടി. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പപാളിയിലെയും സ്വർണംമോഷ്ടിച്ച കേസിൽ അറസ്റ്റിലായ തന്ത്രി മുഖ്യകണ്ണിയാണെന്ന് എസ്‌ഐടി കണ്ടെത്തിയെങ്കിലും ഇഡി ഇക്കാര്യം പരിഗണിച്ചിട്ടില്ല.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതായും ചെന്നൈയിലെ സ്ഥാപനത്തിൽനിന്ന് സ്വർണക്കട്ടി പിടിച്ചെടുത്തതായും ഇഡി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പ്രതികളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലും തന്ത്രിയെ ഒഴിവാക്കി. മുരാരി ബാബുവിന്റെയും 2019ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെയും സാന്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്.
രണ്ട് എഫ്‌ഐആറുകളാണ് കേസിൽ എസ്‌ഐടി രജിസ്‌റ്റർ ചെയ്‌തത്. ആദ്യത്തേതിൽ 15 പ്രതികളും രണ്ടാമത്തേതിൽ 13 പ്രതികളുമുണ്ട്. തന്ത്രി കുടുംബാംഗം കണ്‌ഠര് രാജീവര് അടക്കം 12 പ്രതികളാണ് നിലവിൽ അറസ്‌റ്റിലായത്.
*"തന്ത്രിക്ക് കർണാടകത്തിൽ
ബിനാമി നിക്ഷേപമെന്ന് സൂചന*
ശബരിമല സ്വർണമോഷണക്കേസിൽ ജയിലിലായ തന്ത്രി കണ്‌ഠര് രാജീവർക്ക് കർണാടകത്തിൽ കോടികളുടെ ബിനാമി നിക്ഷേപമെന്ന് സൂചന. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനുമായുള്ള ദീർഘനാളത്തെ വ്യക്തിബന്ധം വൻ സാന്പത്തിക ഇടപാടുകളിലേക്ക് വളർന്നതിന്റെയും മറ്റ് വ്യവസായമേഖലകളിൽ തന്ത്രി പണം മുടക്കിയതിന്റെയും തെളിവുകൾ പ്രത്യേക അന്വേഷകസംഘത്തിന് (എസ്‌ഐടി) ലഭിച്ചിട്ടുണ്ട്.
തന്ത്രിയുടെ സാന്പത്തിക ഇടപാടുകളിൽ ഇടനിലക്കാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ്. ഉണ്ണിക്കൃഷ്‌ണൻപോറ്റിയും ഗോവർധനുമായി ചേർന്ന് കർണാടക കേന്ദ്രമാക്കി തന്ത്രി നടത്തിയ സാന്പത്തിക ഇടപാടുകളുടെ തെളിവുകൾ നേരത്തെ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ നടത്തുന്നത് ഇഡിയാണ്. രാജീവര് തന്ത്രിസ്ഥാനം വഹിച്ചിരുന്ന ബംഗളൂരു ശ്രീരാമപുര ക്ഷേത്രത്തിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി മേൽശാന്തിയായിരുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ 2019 മെയ് 18ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കൈമാറിയതും തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നപ്പോഴാണ്. ശബരിമല സ്‌പോൺസർഷിപ്പിനെന്ന പേരിൽ വൻതോതിൽ പണവും സ്വർണവും വാങ്ങുന്നതിന് തന്ത്രിയുമായുള്ള അടുപ്പം പോറ്റിക്ക് സഹായകമായി.
കേസിൽ 13–ാം പ്രതിയായ തന്ത്രിക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഉണ്ണിക്കൃഷ്‌ണൻ പോറ്റി നടത്തിയ എല്ലാ തട്ടിപ്പും തന്ത്രിക്ക് അറിയാമായിരുന്നുവെന്നും എസ്‌ഐടി കരുതുന്നു."
*ഹോംബൗണ്ട് ഓസ്‌കറിന് പുറത്ത്*
ലൊസ് ആഞ്ചലസ്: 2026-ലെ ഓസ്‌കർ പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ഹോംബൗണ്ട് അന്തിമപട്ടികയില്‍നിന്ന് പുറത്ത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിച്ച ഹോംബൗണ്ട് അന്തിമ നാമനിർദേശ പട്ടികയിൽ ഇടംപിടിച്ചില്ല.
കോവിഡ് അടച്ചിടല്‍കാലത്ത് തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ രണ്ട് സുഹൃത്തുക്കളുടെ കഥപറഞ്ഞ സിനിമ നിരവധി ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.2002-ൽ അമീർ ഖാന്റെ ലഗാൻ ആണ് ഈ വിഭാഗത്തിൽ അവസാനമായി നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം.
ദ സീക്രട്ട് ഏജന്റ് (ബ്രസീൽ), ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് (ഫ്രാൻസ്), സെന്റിമെന്റൽ വാല്യൂ (നോർവേ), സിറാത് (സ്‌പെയിൻ), ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ് (ടുണീഷ്യ) എന്നിവയാണ് അന്താരാഷ്‌ട്ര ചിത്രങ്ങളുടെ മത്സരവിഭാഗത്തിന്റെ അന്തിമ പട്ടികയില്‍ ഇത്തവണ ഇടംനേടിയത്.
റയൻ കൂഗ്ലർ സംവിധാനംചെയ്‌ത സിന്നേഴ്സ് മികച്ച ചിത്രം, മികച്ച സംവിധായകൻ ഉള്‍പ്പെടെ 16 നാമനിര്‍ദേശംനേടി."
*"ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; മമ്മൂട്ടി-അടൂർ കൂട്ടുകെട്ടിൽ പുതിയ ചിത്രം*
കൊച്ചി: മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രമെത്തുന്നു. 32 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും ചേർന്ന് സിനിമയൊരുക്കുന്നത്. മമ്മൂട്ടികമ്പനിയുടെ എട്ടാമത്തെ നിർമാണ സംരംഭമായാകും ചിത്രം പുറത്തിറങ്ങുക. നാളെ രാവിലെ 10.30ന് ചിത്രത്തിന്റെ പൂജ നടക്കും. ചടങ്ങിൽ പേരും പ്രഖ്യാപിക്കും. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് മമ്മൂട്ടി ഇക്കാര്യങ്ങൾ അറിയിച്ചത്. ഒരു കാലഘട്ടം വീണ്ടും നടക്കുന്നു എന്ന കുറിപ്പോടെ ദുൽഖർ സൽമാന്റെ വേഫർ ഫിലിംസും ഇതേ പോസ്റ്ററുകൾ പങ്കുവച്ചിട്ടുണ്ട്.
1987ൽ പുറത്തിറങ്ങിയ 'അനന്തര'മാണ് ഇരുവരും ഒരുമക്കുന്ന ആദ്യ ചിത്രം. സൈക്കോളജിക്കൽ ഡ്രാമ വിഭാഗത്തിലിറങ്ങിയ ചിത്രത്തിന്റെ രചന, സംവിധാനം നിർമാണം എന്നിവ നിർവഹിച്ചത് അടൂർ ഗോപൊലകൃഷ്ണൻ തന്നെയായിരുന്നു. പിന്നീട് ബഷീറിന്റെ 'മതിലുകൾ' എന്ന നോവൽ അതേ പേരിൽ സിനിമയായപ്പോൾ നായകനായി കരുതി വച്ചതും മമ്മൂട്ടിയെ തന്നെ. 1994ൽ റിലീസായ വിധേയനാണ് അവസാനമായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച ചിത്രം."
ശുഭദിനം.
Tags:
KERALA