Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 27 | ശനി 
1201 | ധനു 12 | പൂരുരുട്ടാതി 

◾  ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും നില്‍ക്കുന്ന എഐ നിര്‍മിത ചിത്രം സാമൂഹിക മാധ്യമത്തില്‍പങ്കുവെച്ചതിന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കലാപത്തിന് ആഹ്വാനം നടത്തി എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ചേവായൂര്‍ പൊലീസ് സ്വമേധയാ എടുത്ത കേസിലായിരുന്നു അറസ്റ്റ്. സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചുിരുന്നു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഉച്ചയ്ക്കു 12 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി സുബ്രഹ്‌മണ്യനെ വിട്ടയക്കുകയായിരുന്നു.

◾  പൊലീസ് നാടകം കളിക്കുന്നുവെന്നും അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തില്‍ പതിനായിരങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും അറസ്റ്റ് ചെയ്ത് വിട്ടയച്ച എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണെന്നും സുബ്രഹ്‌മണ്യന്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.

◾  എന്‍ സുബ്രഹ്‌മണ്യനെതിരായ കേസില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഏകാധിപതി ആയ ഭരണാധികാരിയെ ആണ് കേരളത്തില്‍ കാണുന്നതെന്നും എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണെന്നും സതീശന്‍ പറഞ്ഞു. പോലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ സിപിഎം നേതാവിനെ ഒരു മാസം ജയിലില്‍ കിടക്കുന്നതിന് മുമ്പ് പരോളിലിറക്കിയെന്നും മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സതീശന്‍ പറഞ്ഞു.

◾  എന്‍ സുബ്രഹ്‌മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എത്രയോ ചിത്രങ്ങള്‍ ആരൊക്കെ പങ്കുവെക്കുന്നുവെന്നും മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി, നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പഠിക്കുകയാണെന്നും സുബ്രഹ്‌മണ്യന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



◾  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായി എസ്ഐടി ചോദ്യം ചെയ്ത ഡി മണി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു. കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണെന്നും ചെറിയ ബിസിനസ് മാത്രമാണ് തനിക്കുള്ളതെന്നും തന്നെ വേട്ടയാടരുതെന്നും മണി പറഞ്ഞു. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ലെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു ചെറിയ ആളാണ് താന്‍ എന്നുമാണ് മണി മാധ്യമങ്ങളോട് പറഞ്ഞത്.

◾  എറണാകുളത്ത് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തീരുന്നില്ല. ഏറ്റവും ഒടുവില്‍ ഉമ തോമസ് എം എല്‍ എയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലിയാണ് ഉമ തോമസും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസ് എം എല്‍ എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡണ്ടിന്റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നല്‍കി.

◾  മേയര്‍ പദവി ലഭിക്കാത്തതില്‍ അതൃപ്തി തുടര്‍ന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. താന്‍ അപമാനിതയായെന്ന വികാരമാണ് ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചത്. ശ്രീലേഖയെ അനുനയിപ്പിക്കാന്‍ പല ശ്രമങ്ങളും നേതാക്കള്‍ നടത്തിയെങ്കിലും ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് വിവരം. എങ്കിലും സമവായ ശ്രമം തുടരുകയാണ് നേതാക്കള്‍. പുതിയ മേയര്‍ക്കുള്ള ആശംസ പോസ്റ്റ് പോലും പങ്കുവെക്കാതെയാണ് ശ്രീലേഖയുടെ പ്രതിഷേധം.

◾  സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്‍മാരുയെും ഉപാദ്ധ്യക്ഷന്‍മാരുടേയും തെരഞ്ഞെടുപ്പ് ഇന്ന്. 941 പഞ്ചായത്തുകള്‍, 152 ബ്ലോക്കു പഞ്ചായത്തുകള്‍,14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാര്‍ നിര്‍ണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും.


◾  കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത തൃശൂരിലെ അവിണിശ്ശേരിയില്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്. ബിജെപി പത്ത് വര്‍ഷം ഭരിച്ച് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 10 വര്‍ഷത്തിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്ത പഞ്ചായത്താണിത്.

◾  പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തില്‍ അസാധാരണ പ്രതിസന്ധി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഭൂരിഭാഗം അംഗങ്ങളും വിട്ടുനിന്നതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നു. വെങ്ങോല പഞ്ചായത്തിലെ കക്ഷി നിലയില്‍ മുന്‍തൂക്കം യുഡിഎഫിനാണ്, ഒന്‍പത് അംഗങ്ങള്‍. എന്നാല്‍ പഞ്ചായത്ത് അധ്യക്ഷ പദത്തിലേക്ക് ജയിക്കാന്‍ മറ്റ് കക്ഷികളുടെ സഹായമോ, വോട്ടെടുപ്പിലെ പങ്കാളിത്തമോ ആവശ്യമാണ്. ഇത് ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

◾  കുമരകം പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ യുഡിഎഫിന് വിജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രന്‍ എപി ഗോപിക്ക് ബിജെപി അംഗവും വോട്ട് ചെയ്തതാണ് അട്ടിമറിക്ക് കാരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ യുഡിഎഫിനും മറുവശത്ത് എല്‍ഡിഎഫിനും 8 വീതം വോട്ടാണ് കിട്ടിയത്. ഇതോടെ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചു. നറുക്കെടുപ്പില്‍ എപി ഗോപിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

◾  എല്‍ഡിഎഫ് പിടിച്ചെടുത്ത കല്‍പ്പറ്റ മൂപ്പൈനാട് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു.യുഡിഎഫിലെ സുധയാണ് മൂപ്പൈനാട് പഞ്ചായത്തില്‍ പ്രസിഡന്റ്. യുഡിഎഫില്‍ നിന്ന് 25 വര്‍ഷത്തിനുശേഷം എല്‍ഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് മൂപ്പൈനാട്. എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെയാണ് ഇവിടെ നറുക്കെടുപ്പ് നടത്തേണ്ടി വന്നത്. നറുക്ക് യുഡിഎഫിന് വീണതോട് എട്ട് അംഗങ്ങളുള്ള യുഡിഎഫ് പഞ്ചായത്ത് ഭരിക്കും.

◾  പത്തനംതിട്ട കോട്ടാങ്ങലില്‍ എസ്ഡിപിഐ പിന്തുണയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി കെ.വി. ശ്രീദേവി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാജിവെച്ചു. എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണം നടത്തേണ്ടതില്ലെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ ശ്രീദേവി രാജിക്കത്ത് നല്‍കിയത്.

◾  കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കരട് പട്ടിക വന്നതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗം ഇന്ന് ചേര്‍ന്നു. കണ്ടെത്താനായില്ലെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി 24.08 ലക്ഷം പേരെ ഒഴിവാക്കിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. പകുതിയിലധികം പേരെ കണ്ടെത്താനായെന്നാണ് സി പി എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടയുള്ള പാര്‍ട്ടികളുടെ വാദം. ഒഴിവാക്കപ്പെട്ടവര്‍ പുതിയ വോട്ടര്‍മാരെന്ന നിലയില്‍ അപേക്ഷ നല്‍കണമെന്നതിലും എതിര്‍പ്പുണ്ട്.

◾  ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജ. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

◾  ആലപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ അപകടം. അപടത്തില്‍ പരിക്കേറ്റ യുവാവിനെ പൊലിസ് വഴിയില്‍ ഉപേക്ഷിച്ചെന്ന് പരാതി. ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനില്‍ രാജേന്ദ്രന്‍, രാഹുല്‍ എന്നിവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് പരാതി. പരിക്കേറ്റ അനില്‍ രാജേന്ദ്രന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്തിയില്ലെന്നും സിപിഒ ബിജുമോനെ ബൈക്കിലുള്ളവര്‍ ഇടിച്ചിട്ടെന്നും പൊലീസ് പറഞ്ഞു.

◾  ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ കടുത്ത ആശങ്ക അറിയിച്ചും മുന്നറിയിപ്പ് നല്‍കിയും ഇന്ത്യ. ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ തുടരുന്ന അതിക്രമങ്ങള്‍ ആശങ്കാജനകമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അടുത്തിടെ നടന്ന ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അങ്ങേയറ്റം ഖേദകരമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ഇന്ത്യക്കെതിരെ ബംഗ്ലാദേശില്‍ തെറ്റായ പ്രചാരണം നടക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

◾  ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയില്‍. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ദില്ലി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐ വാദം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്.

◾  ജയിലിന് പുറത്തിറങ്ങിയാല്‍ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് പ്രതിയായ മുന്‍ ബിജെപി എം എല്‍ എ കുല്‍ദീപ് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മ. പ്രതി പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ തന്റെ കുടുംബത്തിന്റെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്നും പുറത്തിറങ്ങാന്‍ പോലും പേടിയാണെന്നും അതിജീവിതയുടെ അമ്മ  പ്രതികരിച്ചു.

◾  കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിനും സ്വന്തം വീടിന് തീയിടാന്‍ ശ്രമിച്ചതിനും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.  ടെക്‌സസ് സര്‍വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി മനോജ് സായ് ലെല്ലയാണ് അറസ്റ്റിലായത്. മനോജ് തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കുടുംബാംഗങ്ങളാണ് പൊലീസിനെ അറിയിച്ചത്.

◾  രാജസ്ഥാനിലെ ചോമുവില്‍ സംഘര്‍ഷം. 110 പേര്‍ അറസ്റ്റില്‍. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ കൈയേറ്റം നീക്കാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിഞ്ഞവരെയാണ് പിടികൂടിയത്. പ്രദേശത്ത് കനത്ത ജാഗ്രത തുടരുന്നു.

◾  ആം ആദ്മി പാര്‍ട്ടിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് കൂറുമാറിയതോടെ ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ വാശിയേറി. ഭരണകക്ഷിയായ എഎപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ബിജെപിക്കും നിലവില്‍ 18 അംഗങ്ങളുടെ പിന്തുണയായി. ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

◾  അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇന്നലെ മാത്രം ആയിരത്തിലധികം വിമാന സര്‍വീസുകളാണ് വിവിധ വിമാനക്കമ്പനികള്‍  റദ്ദാക്കിയത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറന്‍ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

◾  യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഇന്ന് പുലര്‍ച്ചെ റഷ്യയുടെ വന്‍ സൈനിക ആക്രമണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണെന്നും യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ കീവിനെ ലക്ഷ്യം വെക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള നിര്‍ണ്ണായക ചര്‍ച്ചയ്ക്കായി യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെയാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.  

◾  14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഓസീസ് മണ്ണില്‍ ഇംഗ്ലണ്ടിന് ടെസ്റ്റ് വിജയം. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ബാറ്റര്‍മാരുടെ ശവപ്പറമ്പായ പിച്ചില്‍ രണ്ട് ദിവസത്തിനുള്ളില്‍ വീണത് 36 വിക്കറ്റുകളാണ്.

◾  സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചെറുകാരറ്റുകളുടെ വിലയും വര്‍ധിക്കുകയാണ്. 18 കാരറ്റിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 10,640 രൂപയും 14 കാരറ്റിന് 8,290 രൂപയും ഒമ്പത് കാരറ്റിന് 5,345 രൂപയുമായി. വെള്ളി വിലയും കുതിക്കുകയാണ്. ഇന്ന് ഗ്രാം വില ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് 250 രൂപയിലെത്തി. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

◾  വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ഗോസ്റ്റ്പെയറിങ് എന്ന ഉയര്‍ന്ന തീവ്രതയുള്ള സൈബര്‍ ഭീഷണിയെക്കുറിച്ചാണ് പുതിയ മുന്നറിയിപ്പ്. പാസ്വേഡോ സിം കാര്‍ഡോ ഇല്ലാതെ തന്നെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രിക്കാന്‍ കഴിയുന്ന വാട്സ്ആപ്പ് തട്ടിപ്പാണിത്. വാട്സ്ആപ്പിന്റെ ഡിവൈസ്-ലിങ്കിങ് ഫീച്ചര്‍ ദുരുപയോഗം ചെയ്ത്, പെയറിങ് കോഡുകള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സിഇആര്‍ടി-ഇന്‍ പറഞ്ഞു. വാട്സ്ആപ്പ് അക്കൗണ്ട് വാട്‌സ്ആപ്പ് വെബിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്നു. ഈ തട്ടിപ്പിന് ഇരയായവര്‍ക്ക്, തങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വേറെ ഏതെങ്കിലും ഡിവൈസില്‍ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയില്ല. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഫോട്ടോ കാണുന്നതിന് അവരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യുന്നു. ഇങ്ങനെയാണ് ഹാക്കേഴ്‌സിന് ഇരയുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ആക്സസ് ലഭിക്കുന്നത്.

◾  വിജയ് ചിത്രം 'ജനനായകനി'ലെ ഓരോ അപ്‌ഡേറ്റിനും വമ്പന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഇപ്പോഴിതാ ജനനായകനില്‍ അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ വിജയ് ആലപിച്ച മെലഡി ഗാനം 'ചെല്ല മകളേ' റിലീസായി ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് . വിവേകാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിക്കും രണ്ടാം ഗാനമായ ഒരു പേരെ വരലാര് എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനം ഗാനം പ്രേക്ഷകരിലെക്കെത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകന്‍ 2026 ജനുവരി 9ന്, പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാല്‍ 'ജന നായകന്‍' ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പന്‍ റിലീസാണ്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ എന്നിവരെത്തുന്നു.

◾  പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബ്' നായികമാരില്‍ ഒരാളായ മാളവിക മോഹനന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഭൈരവി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവ സാന്നിധ്യമായിരിക്കുകയാണ് ഇപ്പോള്‍ മാളവിക. ജനുവരി 9നാണ് 'രാജാസാബ്' വേള്‍ഡ് വൈഡ് റിലീസ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലര്‍ സൂചന നല്‍കിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തും.

◾  പോര്‍ഷെ കെയ്ന്‍ ഉള്‍പ്പെടെ ധാരാളം ആഡംബര വാഹനങ്ങള്‍ ഗാരിജിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയിരിക്കുന്നത് ബി എം ഡബ്ള്യു വിന്റെ 2 സീറ്റര്‍ കണ്‍വെര്‍ട്ടബിള്‍ മോഡലായ ഇസെഡ്4 ആണ്. ഒരു കോടി രൂപയോളമാണ് ഈ വാഹനത്തിനു ഇന്ത്യയില്‍ എക്സ് ഷോറൂം വില വരുന്നത്. പുത്തന്‍ വാഹനം സ്വന്തമാക്കിയ വിവരങ്ങള്‍ യുസ്വേന്ദ്ര ചെഹല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മൂന്നു വേരിയന്റുകളില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഇസെഡ്4 ന്റെ ഏതു വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. തണ്ടര്‍ നൈറ്റ് മെറ്റാലിക് ഫിനിഷാണ് വാഹനത്തിനായി ചാഹല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 3.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ദ4 നു കരുത്തേകുന്നത്. 340 ബി എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടതിന്. 8 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുകളാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കും.

◾  സഞ്ചാരങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരു സൗഹൃദക്കൂട്ടം നടത്തിയ അപൂര്‍വ്വ സാഹസിക യാത്രകളുടെ അനുഭവക്കുറിപ്പാണിത്. നേപ്പാള്‍, മലാനാ, കിന്നൗര്‍, ജോധ്പൂര്‍, കാശ്മീര്‍, മേഘാലയ, ഗുവാഹത്തി, കൊല്‍ക്കത്ത, ജയ്‌സാല്‍മീര്‍, ലേ ലഡാക്ക്, സ്പിതി, ഡല്‍ഹി എന്നിവിടങ്ങളിലൂടെ ഒരു സഞ്ചാരം. ചുരുങ്ങിയ ചെലവില്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ടൂവീലറിലും ട്രെയിനിലും ബസ്സിലും മറ്റുമായി നടത്തിയ യാത്രകളാണ് ഭൂരിഭാഗവും. യാത്രയില്‍ വെല്ലുവിളികള്‍ ധാരാളമുണ്ടണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്നെത്തിയ കരുതലുകള്‍ പലയിടത്തും കരുത്തായി. ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു ത്യാഗം സഹിച്ചും യാത്രചെയ്യാന്‍ തയ്യാറായതിന്റെ നേര്‍സാക്ഷ്യം. 'മരുഭൂമികളും താഴ്വകളും നിശബ്ദമല്ല'. എമില്‍ജോയ്. ഡിസി ബുക്സ്. വില 361 രൂപ.

◾  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിനെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ബ്ലഡ് ഷുഗര്‍ അളവ് നിയന്ത്രിക്കാന്‍ ദിവസവും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങളറിയാം. രാവിലെ ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് ഇത് സഹായിക്കും. കൂടാതെ ഈ ശീലം ഊര്‍ജനില കൂട്ടാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. പ്രോട്ടീനും നാരുകളും കൂടുതലുള്ള ഭക്ഷണം കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് പ്രമേഹമുള്ളവര്‍ക്ക് സഹായകരമാകും. കാര്‍ബ് കൊണ്ട് ദിവസം ആരംഭിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. കഫീന്‍ അഡ്രിനാലിന്‍ പോലുള്ള ഹോര്‍മോണുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് കരളിനെ ഗ്ലൂക്കോസ് പുറത്തുവിടാന്‍ ഉത്തേജിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രഭാത ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിനുള്ള വേഗമേറിയതും ഫലപ്രദവുമായ ഒരു മാര്‍ഗമാണ്. സ്ട്രെച്ചിംഗ്, യോഗ അല്ലെങ്കില്‍ വേഗത്തിലുള്ള നടത്തം എന്നിവ ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനുള്ള എളുപ്പവഴി ഭക്ഷണത്തിനു ശേഷം 10 മുതല്‍ 20 മിനിറ്റ് വരെ നടക്കുക എന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു, കാരണം ഭക്ഷണത്തിന് ശേഷം കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജത്തിനായി ഉപയോഗിക്കാന്‍ ഇത് സഹായിക്കുന്നു. സോഡ, മധുരമുള്ള കാപ്പി തുടങ്ങിയ പഞ്ചസാര കൂടുതലുള്ള പാനീയങ്ങള്‍ക്ക് പകരം ഹെര്‍ബല്‍ ടീ, വെള്ളം തുടങ്ങിയ മധുരമില്ലാത്ത പാനീയങ്ങള്‍ തിരഞ്ഞെടുക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.81, പൗണ്ട് - 121.20, യൂറോ - 105.79, സ്വിസ് ഫ്രാങ്ക് - 113.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.22, ബഹറിന്‍ ദിനാര്‍ - 238.26, കുവൈത്ത് ദിനാര്‍ -292.58, ഒമാനി റിയാല്‍ - 233.72, സൗദി റിയാല്‍ - 23.97, യു.എ.ഇ ദിര്‍ഹം - 24.44, ഖത്തര്‍ റിയാല്‍ - 24.66, കനേഡിയന്‍ ഡോളര്‍ - 65.63.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right