Trending

എസ്ഐആര്‍ കരട് പട്ടിക ; 24,08,503 പേർ പുറത്ത്, പരാതികൾ നൽകേണ്ടത് ജനുവരി 22 വരെ.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടര്‍ പട്ടികയിൽ നിന്ന് 24,08,503 പേരെയാണ് ഒഴിവാക്കിയത്. 

6.49 ലക്ഷം പേരാണ് മരിച്ചവർ. കണ്ടെത്താൻ കഴിയാത്തവർ 6.45 ലക്ഷം. താമസം മാറിയവർ 8.16 ലക്ഷം. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം. മറ്റുള്ളവർ 1.60 ലക്ഷം. എന്നിങ്ങനെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ കണക്കുകൾ.

കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. 

ഒഴിവാക്കപ്പെട്ടവരിൽ പേര് ചേർക്കേണ്ടവർ ഫോം പൂരിപ്പിച്ച് നൽകണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മുതൽ ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും നൽകാം. പരാതികൾ ഫെബ്രുവരി 14-നകം തീർപ്പാക്കും. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 21ന് ആണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

കരട് പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.ceo.kerala.gov.in/  ഹോം പേജിലെ 'Search your name in E-roll' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

​തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച കോപ്പി വഴിയും വോട്ടർമാർക്ക് കരട് പട്ടിക പരിശോധിക്കാവുന്നതാണ്.

https://voters.eci.gov.in/download-eroll?stateCode=S11 -എന്ന ലിങ്ക് വഴി വിവരങ്ങൾ നൽകി ബൂത്ത് തല പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പരിശോധന നടത്താം. ജില്ല, അസംബ്ലി എന്നിവ നൽകിയ ശേഷം, നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്ത് ലിസ്റ്റ് തെരഞ്ഞെടുത്ത ശേഷം കാപ്ച നൽകി ഡൗൺലോഡ് ചെയ്യാം.

നീക്കം ചെയ്ത പട്ടിക പരിശോധിക്കാം.
​കരട് പട്ടികയിൽ നിന്നും നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ പരിശോധിക്കാൻ https://order.ceo.kerala.gov.in/sir/search/index ലിങ്ക് വഴി സാധ്യമാവും. ബി.എൽ.ഒമാർ നൽകിയ നീക്കിവയുടെ പേരും കാരണവും (മീറ്റിങ് മിനുട്സ്), എപിക് നമ്പർ നൽകി ​പരിശോധിക്കൽ തുങ്ങിയ സൗകര്യവും ഉണ്ട്.

പേരില്ലെങ്കിൽ എന്തു ചെയ്യാം

കരട് പട്ടികയിൽ പേരില്ലെങ്കിൽ ആശങ്കപ്പെടാനില്ല. പേര് ചേർക്കാൻ ഇനിയും സമയമുണ്ട്.

കരട്​ പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ഡിസംബർ 23 ചൊവ്വാഴ്ച മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ്​ ഇതിനുള്ള സമയം. കരട് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിലുള്ളവർക്ക്​ ഡിക്ലറേഷനും ഫോം 6 ഉം നൽകാം. ഇതേ സമയപരിധിയിൽ തന്നെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച്​ നൽകിയവരിൽ മതിയായ വിവരങ്ങൾ നൽകാത്തവർക്ക്​ ഇ.ആർ.ഒമാർ നോട്ടീസ്​ നൽകും. മൂന്ന് തലത്തിലുള്ള ഹിയറിങ് പൂർത്തിയാക്കി ശേഷം മാത്രമാവും ഒരു വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാൻ ഫോം 6 A, ഒഴിവാക്കാൻ ഫോം 7, ​സ്ഥലംമാറ്റത്തിന് ഫോം 8 എന്നിവ വഴി ഇനി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എല്ലാ ഫോമുകളും ഓൺലൈനിലും, ബി.എൽ.ഒ മാർ വശവും ലഭിക്കും. അപേക്ഷകളോടൊപ്പം ഡിക്ലറേഷൻ ഫോമും സമർപ്പിക്കണം. ഹിയറിങ് ഉൾപ്പെടെ തുടർ നടപടികൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇ.ആർ.ഒ മാരുടെ തീരുമാനത്തിനെതിതെ 15ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർ മുമ്പാകെ അപ്പീൽ നൽകാം. ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലും അപ്പീൽ നൽകാം. 
Previous Post Next Post
3/TECH/col-right