Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 24 | ബുധൻ 
1201 | ധനു 9 | തിരുവോണം 

◾  ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ഉത്തരേന്ത്യയിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് ക്രിസ്ത്യന്‍ മതനേതാക്കളും പ്രതിപക്ഷവും. ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരാണെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. ഇന്ത്യ മതബഹുലതയുള്ള നാടാണ്. ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ അനുവദിക്കരുത്. എല്ലാവര്‍ക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിര്‍ബന്ധിതമാകരുത് എന്നേയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ഭരണഘടന സംരക്ഷിച്ചുകൊണ്ട് തന്നെ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ക്കെതിരെ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയും രംഗത്തെത്തി. ഒരു വശത്ത് കേക്കുമായി വരുമ്പോള്‍ മറുവശത്ത് അക്രമ സംഭവങ്ങളുണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവെന്നവരാണെന്ന് കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു.

◾  ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയുണ്ടായ അക്രമത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായെ ആശങ്ക അറിയിച്ച് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഇന്നലെ ദില്ലിയില്‍ ക്രിസ്മസ് വിരുന്ന് നടത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെയും സിബിസിഐ ആശങ്ക അറിയിച്ചിരുന്നു.എല്ലാ ക്രിസ്മസ് സീസണിലും ഇത് ആവര്‍ത്തിക്കുകയാണെന്നും ദേശവിരുദ്ധരാണ് ഇതിന് പിന്നിലെന്നും സിബിസിഐ വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ് പ്രതികരിച്ചു

◾  കേക്കുമായി വീടുകളില്‍ എത്തുന്ന ചിലര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാറിന്റെ ജനാധിപത്യ വിരുദ്ധ ചെയ്തികളെ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്രൈസ്തവ ദേവാലയത്തില്‍ പ്രധാനമന്ത്രി മോദി പ്രാര്‍ഥിച്ചിട്ട് മാത്രം കാര്യമില്ലെന്നും അക്രമം നിര്‍ത്താന്‍ അനുയായികളോട് പറയണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

◾  കരോള്‍ സംഘത്തിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോള്‍ നടത്തും. ആര്‍എസ്എസിന് തടയാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ആര്‍എസ്എസ്- ബിജെപി നീക്കമെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു.



◾  പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഒരാഴ്ചയ്ക്കുള്ളില്‍ ചീഫ് സെക്രട്ടറി ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയിലെന്നാണ് സൂചന. ഒളിവിലുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

◾  അട്ടപ്പാടി പാലൂരില്‍ ആദിവാസി യുവാവിനെ പച്ചമരുന്നിന്റെ വേര് മോഷിട്ടിച്ചെന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പാലൂര്‍ സ്വദേശി മണികണ്ഠന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തലയോട് പൊട്ടിയതിനെ തുടര്‍ന്ന് മണികണ്ഠന്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. പൊലീസ് നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആദിവാസികളില്‍ നിന്ന് കാട്ടിലെ വേരുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്ഠനെ മര്‍ദിച്ചതെന്നാണ് വിവരം.

◾  മലപ്പുറത്ത് പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആറ് മാസത്തിലൊരിക്കല്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ച് വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്കി. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും പ്രതിപക്ഷം പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

◾  തൊടുപുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ കലഹം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തൊടുപുഴയില്‍ പ്രതിഷേധ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. റബ്ബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്സണിനെ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ലിറ്റി ജോസിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് 'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍' എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.



◾  മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകഞ്ഞ് എറണാകുളത്തെ കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ നടത്തിയ പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദീപ്തി മേരി വര്‍ഗീസ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കെപിസിസി വിഷയത്തില്‍ ഇടപെടില്ലെന്നാണ് സൂചന.

◾  കൊച്ചി മേയര്‍ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വര്‍ഗീസ്. ഇനി മേയര്‍ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൊച്ചി മേയര്‍ ആകാം എന്ന് കരുതിയല്ല താന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ടെന്നും കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാല്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടുവെന്നും രാഷ്ട്രീയപ്രവര്‍ത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകും എന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

◾  കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് ഉണ്ടായത് എന്നായിരുന്നു അജയ് തറയിലിന്റെ വിമര്‍ശനം. കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്. ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി പെരുമാറിയെന്നും അജയ് തറയില്‍ വിമര്‍ശിച്ചു.

◾  കൊച്ചി മേയറെ തീരുമാനിച്ച നടപടിയില്‍ അതൃപ്തി പരസ്യമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷ്. കെപിസിസി ജനറല്‍ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിന്റെ വിലപോലും കൊടുത്തില്ലെന്നും മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ പ്രതിഫലിച്ചുവെന്നും മേയറെയും ഡെപ്യൂട്ടി മേയറെയും തീരുമാനിക്കാന്‍ നിയോഗിച്ച കോര്‍ കമ്മിറ്റി അംഗമായ എം ആര്‍ അഭിലാഷ് ആരോപിച്ചു. മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡന്റും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾  കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ തഴഞ്ഞ ദീപ്തി മേരി വര്‍ഗീസിനെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരസ്യപ്രതികരണവുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യുകുഴല്‍നാടന്‍. ദീപ്തി മേരി വര്‍ഗീസിന്റെ അധ്വാനം പാര്‍ട്ടി പരിഗണിക്കുമെന്നാണ് കരുതിയതെന്നും അതുണ്ടാകാത്തത് കൊണ്ടാണ് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നും കുഴല്‍നാടന്‍ പറഞ്ഞു.

◾  തിരുവനന്തപുരത്തെ മേയറെ ബിജെപി ഇന്ന് തീരുമാനിക്കും. വി വി രാജേഷാണോ ആര്‍ ശ്രീലേഖയാണോ എന്നതില്‍ ആകാംക്ഷ തുടരുകയാണ്. മറ്റൊരു സര്‍പ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ബിജെപിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മേയര്‍ ആരാകുമെന്നതില്‍ സസ്പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

◾  യുഡിഎഫ് വമ്പന്‍ നേട്ടം കൊയ്ത കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്ക് സമവായത്തിലെത്താന്‍ കഴിയാതെ നേതൃത്വം. ജില്ലാ പഞ്ചായത്തിലും കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലും ഒന്നിലധികം പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ ടേമില്‍ കേരള കോണ്‍ഗ്രസിന് നല്‍കുന്ന പഞ്ചായത്തുകള്‍ സംബന്ധിച്ചും ധാരണയായിട്ടില്ല.

◾  ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കം. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം മാത്രം നല്‍കാമെന്നാണ് മുസ്ലിം ലീഗ് നിലപാട്. ചെയര്‍പേഴ്സണ്‍ സ്ഥാനം ഇല്ലെങ്കില്‍ ഭരണത്തിന്റെ ഭാഗമാകാനില്ലെന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ്. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും രണ്ട് പാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല.

◾  സമസ്തയില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുതെന്നും ആര്‍ക്കൊക്കെ പദവി നല്‍കണം, ആരയൊക്കെ ചേര്‍ക്കണം എന്നൊന്നും രാഷ്ടീയക്കാര്‍ സമസ്ത നേതൃത്വത്തോട് പറയരുതെന്നും അതൊക്കെ തീരുമാനിക്കാന്‍ യോഗ്യരായ നേതൃത്വം സമസ്തക്കുണ്ടെന്നും മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. സമസ്ത ജാഥയില്‍ മലപ്പുറം തിരൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയില്‍ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂര്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും പറഞ്ഞു.

◾  നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവുമായി ഡോ. ശശി തരൂര്‍ എം.പി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം കുമരിച്ചന്തയില്‍ നിര്‍മ്മിക്കുന്ന വെഹിക്കുലര്‍ അണ്ടര്‍പാസിന്റെ വിസ്തീര്‍ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. പദ്ധതിയുടെ തുടക്കത്തില്‍ 20 മീറ്റര്‍ വീതിയുള്ള ഒരൊറ്റ സ്പാന്‍ മാത്രമുള്ള അണ്ടര്‍പാസ് ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 30 മീറ്റര്‍ വീതമുള്ള 3 സ്പാനുകള്‍ എന്ന പുതിയ നിര്‍ദ്ദേശത്തിന് എന്‍.എച്ച്.എ.ഐ അംഗീകാരം നല്‍കുകയായിരുന്നു.

◾  ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്ഐടി സംഘം ബെല്ലാരിയില്‍. ഗോവര്‍ധന്റെ റൊഡ്ഡം ജ്വല്ലറിയില്‍ സംഘം പരിശോധന നടത്തി. ഗോവര്‍ധനെ പ്രത്യേക സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയില്‍ എത്തുന്നത്. നേരത്തെ പരിശോധനയില്‍ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. അതേ സമയം, സ്വര്‍ണ്ണക്കടത്തില്‍ ഡി മണിയെ പൊലീസ് ചോദ്യം ചെയ്യും. എസ്ഐടി സംഘം ഇന്ന് രാവിലെ ചെന്നൈയിലെത്തിയിരുന്നു. ഡി. മണി എന്നത് യഥാര്‍ത്ഥ പേരല്ല എന്നാണ് പൊലീസ് പറയുന്നത്.

◾  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ ഇരുവരും അംഗങ്ങളായിരുന്നു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിനെ തുര്‍ന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യ നീക്കം.

◾  സസ്പെന്‍ഷനിലുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവില്‍ പത്തനംതിട്ട ആറന്മുള സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു. സേനയിലെ അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടുന്നത്. പത്തനംതിട്ട എസ്പി ആണ് നടപടി സ്വീകരിച്ചത്.

◾  ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയാകും.

◾  ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ക്രിസ്മസ് ട്രീക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്. ഗുരുവായൂര്‍ ഈസ്റ്റ് ഗേറ്റിന് സമീപമുള്ള എ.കെ.ജി മെമ്മോറിയല്‍ ഗേറ്റിലാണ് മുനിസിപ്പാലിറ്റി ക്രിസ്മസ് ട്രീ സ്ഥാപിച്ചത്. ഒഴിഞ്ഞ മദ്യക്കുപ്പി കൊണ്ട് ക്രിസ്മസ് ട്രീ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്തെത്തി. ക്രിസ്മസ് ആഘോഷത്തിനായി മദ്യക്കുപ്പികള്‍ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ആരോപിച്ച് മറ്റ് പാര്‍ട്ടി നേതാക്കളും പിന്നീട് പ്രതിഷേധത്തില്‍ പങ്കെടുത്തു.

◾  നിര്‍മ്മാണത്തിലിരുന്ന എന്‍ എച്ച് 66 റോഡില്‍ കൂറ്റന്‍ വിള്ളല്‍ വീണതിന് പിന്നാലെ എംസി റോഡും തകര്‍ച്ചയിലേക്ക്. റോഡാകെ വിണ്ടു കീറാന്‍ തുടങ്ങി. റോഡിന് ബലക്ഷയം വ്യാപകമെന്നാണ് റിപ്പോര്‍ട്ട്. സര്‍വേ നടത്തി റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അറ്റകുറ്റപ്പണി ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിപി എഞ്ചിനീയറിങ് വിഭാഗം സര്‍ക്കാരിന് കത്ത് നല്‍കി.

◾  ട്രെയിന്‍ യാത്രയ്ക്കിടയില്‍ സിപിഎം നേതാവ് പി കെ ശ്രീമതിയുടെ ബാഗ് കവര്‍ന്നു. ബാഗില്‍ ഉണ്ടായ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും മൊബൈല്‍ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷന്റെ ബിഹാര്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊല്‍ക്കത്തയില്‍ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിന്‍ യാത്ര നടത്തിയപ്പോഴാണ് കവര്‍ച്ച നടന്നത്.

◾  ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷന്‍ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.

◾  തിരുവനന്തപുരത്ത് വര്‍ക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനില്‍ വന്ദേഭാരത് ഓട്ടോയില്‍ ഇടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയില്‍ ഇടിച്ചത്. ഒരു മണിക്കൂറിനു ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ ഡ്രൈവര്‍. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. സുധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

◾  നെടുമങ്ങാട് പത്താം കല്ലിന് സമീപം പിക് അപ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകനും മരിച്ചു. അരുവിക്കര തമ്പുരാന്‍പാറ സ്വദേശി പ്രേമകുമാരി (54), മകന്‍ ഹരികൃഷ്ണന്‍ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ പിക്ക് അപ് റോങ്ങ് സൈഡിലേക്ക് കയറി ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

◾  ഊട്ടിയില്‍ അതിശൈത്യം. തലൈകുണ്ട പ്രദേശത്ത് താപനില -1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഊട്ടിയിലെ മറ്റ് ചില പ്രദേശങ്ങളില്‍ -0.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പ്രദേശത്ത് താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ കഠിനമായ തണുപ്പ് ബാധിച്ചിട്ടുണ്ട്. ഈ പ്രദേശത്തുകൂടിയുള്ള യാത്രയും അങ്ങേയറ്റം ദുഷ്‌കരമായി മാറി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാമരാജ് സാഗര്‍ അണക്കെട്ടിന് സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

◾  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55 നു  ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. എല്‍വിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കന്‍ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.

◾  ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ നിരക്ക് പ്രകാരം, ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിനപ്പുറമുള്ള യാത്രകളില്‍ യാത്രക്കാര്‍ക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നല്‍കണം. ഭൂരിഭാഗം ട്രെയിന്‍ യാത്രികരും ശരാശരി സഞ്ചരിക്കുന്നത് 154 കിലോമീറ്റര്‍ ദൂരം മാത്രമാണെന്നും ടിക്കറ്റ് വര്‍ധന ഭൂരിഭാഗം പേരെയും ബാധിക്കില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം.

◾  ഉന്നാവ് പീഡനക്കേസ് പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചു. കര്‍ശന ഉപാധികളോടെയാണ് കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുബ്രഹ്ണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ആരോഗ്യകാരണങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി സെന്‍ഗര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജാമ്യം.

◾  ക്രിസ്ത്യന്‍ പള്ളിയിലെ പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ലക്ഷ്യമിട്ട് അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാരോപിച്ച് സത്യനിഷ്ഠ ആര്യ എന്ന വ്യക്തിക്കെതിരെ കോറമംഗല പൊലീസ് സ്റ്റേഷനില്‍ പരാതി. പ്രതി മനഃപൂര്‍വം പള്ളിയില്‍ പ്രവേശിച്ച് പരിപാടി തടസ്സപ്പെടുത്തുകയും പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

◾  പാകിസ്ഥാന്‍ സൈനിക മേധാവി സയ്യിദ് അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മെഡല്‍ ഓഫ് എക്സലന്റ് അവാര്‍ഡ് നല്‍കിയത്. സൗദി അറേബ്യയുടെ പരമോന്നത ദേശീയ ബഹുമതിയാണ് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ ഓഫ് എക്സലന്റ് ക്ലാസ്. അസിം മുനീറിന്റെ സൗദി സന്ദര്‍ശനവേളയിലാണ് പുരസ്‌കാരം നല്‍കിയത്.

◾  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന എപ്സ്റ്റീന്‍ ഫയലിലെ പരാമര്‍ശം തള്ളി നീതിന്യായ വകുപ്പ്. സ്ഥിരീകരിക്കാന്‍ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനില്‍ ഉള്‍പ്പെട്ടത്. ഈ ആരോപണം ശരിയല്ലെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയത്. ട്രംപ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാമര്‍ശം. ചൊവ്വാഴ്ചയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇതില്‍ ഫെഡറല്‍ അന്വേഷണ സംഘങ്ങള്‍ക്ക് നല്‍കിയ മൊഴികളും ഉള്‍പ്പെട്ടിരുന്നു. ഇതിലാണ് ട്രംപിനെതിരായ ആരോപണം ഉള്‍പ്പെടുന്നത്.

◾  വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരേ റെക്കോഡ് സ്‌കോര്‍ കുറിച്ച് ബിഹാര്‍. അമ്പത് ഓവറില്‍ ബീഹാര്‍ നേടിയത് 574 റണ്‍സാണ്.  ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. വൈഭവ് സൂര്യവംശി 84 പന്തില്‍ 190 റണ്‍സെടുത്തപ്പോള്‍ ആയുഷ് ആനന്ദ് ലോഹാരുക 56 പന്തില്‍ 116 റണ്‍സെടുത്തു. പിന്നാലെ വന്ന ക്യാപ്റ്റന്‍ സക്കിബുള്‍ ഗാനി 40 പന്തില്‍ 128 റണ്‍സ് എടുത്താണ് റെക്കോര്‍ഡ് സ്‌കോര്‍ സൃഷ്ടിച്ചത്.

◾  സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ തുടരുന്നു. ഇന്നലെ ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ട സ്വര്‍ണവിലയില്‍ ഇന്ന് ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. പവന് 280 രൂപ വര്‍ധിച്ച് 1,01,880 രൂപയാണ് ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. ഗ്രാമിന് 30 രൂപ കൂടി 10,470 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8,155 രൂപയിലെത്തി. വെളളി വില ഗ്രാമിന് 228 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ചരിത്രപരമായ കുതിപ്പ് തുടരുകയാണ്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,520 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 71 ശതമാനത്തിലധികം വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,10,338 രൂപയാകും.

◾  പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററിയോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിക്കുള്ളില്‍ ഈ ഫോണിന് 'ഫോക്സ്വാഗണ്‍' എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 പ്രോസസറാണ് ഇതിന് കരുത്ത് പകരുക. വണ്‍പ്ലസ് നോര്‍ഡ് 6 അല്ലെങ്കില്‍ വണ്‍പ്ലസ് ടര്‍ബോ എന്ന പേരില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന. അടുത്ത മാസം ആദ്യം ചൈനയില്‍ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നിലവില്‍ വണ്‍പ്ലസ് നോര്‍ഡ് 5 ന് കരുത്തുപകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 പ്രോസസറാണ്. ഇതിനേക്കാള്‍ കരുത്തുറ്റ പ്രോസസറാണ് പുതിയ ഫോണില്‍ പ്രതീക്ഷിക്കുന്നത്. 9,000 എംഎഎച്ച് ബാറ്ററി പായ്‌ക്കോടെ വരുന്ന ഫോണ്‍ 80വാട്ട് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.ഡ്യുവല്‍ റിയല്‍ കാമറ ആയിരിക്കാം ഫോണ്‍ വാഗ്ദാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

◾  രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'മൈസ' ടീസര്‍ എത്തി. നടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന കഥാപാത്രമാകും സിനിമയിലേത്. വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സഹനിര്‍മാണം സായി ഗോപ, ബാനര്‍ ആണ്‍ഫോര്‍മുല ഫിലിംസ്, ജേക്സ് ബിജോയ് ആണ് സംഗീതം. അണ്‍ഫോര്‍മുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. 'പുഷ്പ 2: ദി റൂള്‍', 'ഛാവ', 'സികന്ദര്‍', 'കുബേര' തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ.

◾  വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്ന 'സിഗ്മ' എന്ന സിനിമയുടെ ടീസര്‍ എത്തി. സന്ദീഷ് കിഷനാണ് നായകനായെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ. സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ 24-ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ആക്ഷന്‍ ത്രില്ലറാകും ചിത്രം. കൃഷ്ണന്‍ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമന്‍ എസ്, എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു. ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. ഇതില്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ട്.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹാരിയറും സഫാരിയും അവതരിപ്പിച്ചു. പുതിയ ടിജിഡിഐ പെട്രോള്‍ എന്‍ജിനാണ് ഇരുവാഹനത്തിനും കരുത്തുപകരുക. പുതിയ ഫിയര്‍ലെസ് അള്‍ട്രാ വേരിയന്റും ചേര്‍ത്തുകൊണ്ട് ഹാരിയര്‍ നിര വിപുലീകരിച്ചിരിക്കുകയാണ് ടാറ്റ. ടോപ്പ് സ്‌പെക്ക് ട്രിം ആയി അവതരിപ്പിച്ച ഈ വേരിയന്റ് റെഡ് ഡാര്‍ക്ക് എഡിഷനിലും ലഭ്യമാകും. ഇത് സ്പോര്‍ട്ടിയര്‍ ലുക്ക് നല്‍കും. ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള വലിയ 14.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഹൈലൈറ്റ്. ഹാരിയറിന്റെയും സഫാരിയുടെയും പെട്രോള്‍ പതിപ്പുകള്‍ക്ക് കരുത്ത് പകരുന്നത് ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ടിജിഡിഐ എന്‍ജിനാണ്. ഇത് 168 ബിഎച്പി കരുത്തും 280 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ എന്‍ജിന്‍ വാഗ്ദാനം ചെയ്യും.

◾  പണാധിപത്യത്തിന്റെ വര്‍ത്തമാനകാലത്ത് കൊള്ളപ്പലിശക്കാരുടെ കൈക്കരുത്തില്‍ വീണ് പിടയുന്ന പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍. അവിടെ മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. സത്യസന്ധതയും സ്‌നേഹവും നഷ്ടപ്പെടുന്നു. വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ കുരുങ്ങിപ്പോകുന്ന ജീവിതങ്ങളുടെ ഒടുങ്ങാത്ത കണ്ണീരൊപ്പാന്‍, ഒരു യുവാവ് നടത്തുന്ന അതിസാഹസികവും ആസൂത്രിതവുമായ കരുനീക്കങ്ങള്‍. കഴുകന്‍കണ്ണുകളുമായി ചുറ്റിത്തിരിയുന്ന ധനാര്‍ത്തിയുടെ ആള്‍രൂപങ്ങള്‍ ആത്യന്തികമായി നാശത്തിലേക്ക് മാത്രമാണ് എത്തിപ്പെടുക എന്ന് ബോദ്ധ്യപ്പെടുത്തുമ്പോള്‍, എഴുത്തുകാരന്‍ ഒരു സാമൂഹികദൗത്യം കൂടി നിറവേറ്റുകയാണ്. 'ലോക്കര്‍'. നിഖില്‍ ഡേവിസ്. ഗ്രീന്‍ ബുക്സ്. വില 119 രൂപ.

◾  ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷ നാളുകളില്‍ ആരോഗ്യം മറന്ന് രുചിയൂറുന്ന വിഭവങ്ങള്‍ വയറു നിറയെ ആസ്വദിക്കും. ഈ ആഴ്ചകളില്‍ മദ്യപാനത്തിനും നിയന്ത്രണമുണ്ടാകില്ല. ഡിസംബര്‍ 25നും ജനുവരി 1നും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദിനചര്യകളെല്ലാം താറുമാറാകും. ആളുകള്‍ കഴിക്കുന്ന മരുന്ന് പോലും മറക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായ ഭക്ഷണം, ഉറക്കക്കുറവ്, വ്യായാമ മുടങ്ങുക അങ്ങനെ, പതിവ് രീതികളെല്ലാം തന്നെ ഈ ദിവസങ്ങളില്‍ തകിടം മറിയും. ശരീരം എന്തെങ്കിലും സൂചനകള്‍ തന്നാലും ആരോഗ്യം പുതുവര്‍ഷം പിറന്നതിന് ശേഷം ശ്രദ്ധിക്കാം എന്ന മട്ടിലായിരിക്കും എല്ലാവരുടെയും ചിന്ത. അനാരോഗ്യകരമായ ഭക്ഷണരീതിയും പുകവലിയും മദ്യപാനവും ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. നെഞ്ചില്‍ അസ്വസ്ഥത തോന്നുക, ശ്വാസംമുട്ടല്‍, തലകറക്കം, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, കാഴ്ച്ച മങ്ങല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവരും സമ്മര്‍ദം അനുഭവിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഘോഷദിവസങ്ങളിലും ഹൃദയാരോഗ്യം ഉറപ്പുവരുത്താന്‍ ചില കാര്യങ്ങളും അവര്‍ നിര്‍ദേശിക്കുന്നുണ്ട്. ശാരീരീക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കണം, ഇതിനായി സമയം കണ്ടെത്തുക. പ്രൊസസ്ഡ് ജ്യൂസും എയറേറ്റഡ് പാനീയങ്ങളും കുറച്ച് വെള്ളം നന്നായി കുടിക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദം, ഷൂഗര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൃത്യമായി തുടര്‍ന്നുപോരുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ മെയിന്‍ കോഴ്‌സ് തുടങ്ങുന്നതിന് മുമ്പ് സാലഡ് കഴിക്കുക. മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദവും പ്രമേഹവും അനാരോഗ്യകരമായ തലത്തിലേക്ക് ഉയര്‍ത്തുമെന്നതിനാല്‍ ഇവ ഒഴിവാക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.76, പൗണ്ട് - 121.27, യൂറോ - 105.85, സ്വിസ് ഫ്രാങ്ക് - 113.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.21, ബഹറിന്‍ ദിനാര്‍ - 238.05, കുവൈത്ത് ദിനാര്‍ -292.27, ഒമാനി റിയാല്‍ - 233.49, സൗദി റിയാല്‍ - 23.93, യു.എ.ഇ ദിര്‍ഹം - 24.36, ഖത്തര്‍ റിയാല്‍ - 24.58, കനേഡിയന്‍ ഡോളര്‍ - 65.61.
Previous Post Next Post
3/TECH/col-right