Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 23 | ചൊവ്വ 
1201 | ധനു 8 | തിരുവോണം 

◾  സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 1,01,600 രൂപ. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 12,700 രൂപ നല്‍കണം. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ കാരണമായത്.

◾  കേരളത്തിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള തീവ്ര പരിഷ്‌കരണ നടപടികളുടെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വോട്ടര്‍മാരുടെ വിവരങ്ങള്‍ കുറ്റമറ്റതാക്കുന്നതിനാണ് ഈ നടപടി. 2026 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് ഈ പുതുക്കല്‍ നടക്കുന്നത്. വീടുതോറുമുള്ള പരിശോധനയിലൂടെ അര്‍ഹരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, മരണപ്പെട്ടവര്‍, താമസം മാറിയവര്‍ തുടങ്ങിയവരെ ഒഴിവാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രക്രിയയാണിത്.

◾  ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ 8 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡിലും കോട്ടയത്ത് മൂന്നു വാര്‍ഡുകളിലുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. ആലപ്പുഴയില്‍ നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേളൂര്‍ എന്നീ വാര്‍ഡുകളിലാണ് രോഗബാധ.

◾  ശബരിമലയിലെ മണ്ഡലപൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഘോഷയാത്ര 26-ന് വൈകിട്ട് ശരംകുത്തിയിലെത്തും. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുന്ന തങ്കയങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലാണ് ഇക്കുറി മണ്ഡലപൂജ ചടങ്ങ്.



◾  ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കേരളാ ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണത്തിന്റെ കാലപഴക്കം നിര്‍ണയിക്കുന്നതിനുള്ള എഫ് എസ് എല്‍ റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. നിലവില്‍ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

◾  ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ ഉദ്യോഗസ്ഥര്‍ ഇടപെടല്‍ തുടരുകയാണെങ്കില്‍ അവരുടെ പേരുകള്‍ പരസ്യമായി വെളിപ്പെടുത്താന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

◾  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും.  സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്.



◾  യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റ് തിരികെ പിടിക്കണമെന്ന ആവശ്യമുയര്‍ത്തി തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഗുരുവായൂര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് വേണമെന്നും, സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നുമാണ് പ്രാദേശക തലത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രതികരിച്ചു.

◾  കൊച്ചി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ക്ലെയിമും ഉന്നയിക്കില്ലെന്ന് ആവര്‍ത്തിച്ച് ദീപ്തി മേരി വര്‍ഗീസ്. കൊച്ചി മേയറുടെ കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുക്കുമെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. അതൊരു പൊളിറ്റിക്കല്‍ ഡിസിഷന്‍ ആയിരിക്കും. എന്തുതന്നെയായാലും താന്‍ അനുസരിക്കുമെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും ദീപ്തി  പറഞ്ഞു.

◾  പാലാ നഗരസഭ ഭരണം പിടിക്കാന്‍ എല്‍ഡിഎഫ്. മൂന്ന് കൗണ്‍സിലര്‍മാറുള്ള പുളിക്കകണ്ടം കുടുംബവുമായി എല്‍ഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തി. മന്ത്രി വി എന്‍ വാസവന്‍, സിപിഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കള്‍ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ കൗണ്‍സിലേഴ്സ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.

◾  ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ നല്‍കിയ ജാമ്യ ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും സ്പോണ്‍സര്‍ എന്ന നിലയില്‍ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ഗോവര്‍ദ്ധന്‍ ഹര്‍ജിയില്‍ പറയുന്നത്.

*ഗർഭത്തിന്റെ 37 ആഴ്ചകൾ പൂർത്തിയാകുന്നതിനു മുൻപു ജനിച്ച കുഞ്ഞിനെയാണ് മാസം തികയാതെയുള്ള കുഞ്ഞ് എന്നു  വിളിക്കുന്നത്*. 24- 25 ആഴ്‌ചയ്‌ക്കു ശേഷം ജനിക്കുകയും, 500-600 ഗ്രാമിനു മുകളിൽ ഭാരവുമുള്ള കുഞ്ഞുങ്ങൾക്ക് ഉചിതമായ പരിചരണവും ചികിത്സയും നൽകിയാൽ ഒരു സാധാരണ കുട്ടിയായി വളരും.ഇത്തരം കുട്ടികളെ ചികിൽസിക്കുന്ന വിഭമാണ് നിയോനാറ്റോളജി. പ്രായപൂർത്തിയാകാത്തതും വലുപ്പവും അനുസരിച്ച്, കുഞ്ഞിന് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രം (RDS / HMD) എന്നു വിളിക്കുന്ന ചില ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇതിന് ഏതെങ്കിലും തരത്തിലുള്ള ശ്വസന പിന്തുണ - ട്യൂബ് ഉള്ളിലേക്കു കടത്തിയുള്ള ശ്വസന സഹായിയോ സി–പാപ് (CPAP) പോലെ മാസ്ക് ഉപയോഗിച്ചുള്ള ശ്വസനസഹായിയോ ആവശ്യമാണ്.  തികയാത്ത കുഞ്ഞുങ്ങളുെട ശ്വാസോച്ഛ്വാസം ഇടയ്ക്കിടെ നിന്നു പോകുന്നത് (Apnea) സാധാരണമാണ്.ശരീരത്തിന്റെ ഊഷ്മാവ് നില നിര്‍ത്താൻ റേഡിയന്റ് വാമറിനോ ഇൻകുബേറ്ററിനോ കീഴിലാണു കുഞ്ഞിനെ പരിപാലിക്കുന്നത്. പല ശിശുക്കൾക്കും, പ്രത്യേകിച്ച് മാസം തികയാത്ത കുഞ്ഞുങ്ങൾക്കു മഞ്ഞപ്പിത്തം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനായി പ്രത്യേക ലൈറ്റുകൾക്കു കീഴിൽ ചികിത്സ ആവശ്യമായി വരാം.ഇതു കൂടാതെ കുട്ടിയുടെ കണ്ണ്, തലച്ചോറിന്റെയും ഹൃദയത്തിന്റെയും അൾട്രാസൗണ്ട് സ്കാൻ, തൈറോയിഡ്‌, മറ്റ് മറ്റ് ഉപാപചയ തകരാറുകൾ എന്നിവയും ഈ സമയങ്ങളിൽ പരിശോധിക്കണം.*മാസം തികയാത്ത ശിശുക്കളുടെ വളർച്ചക്കും വികാസത്തിനും, നേരത്തെയുള്ള ഇടപെടൽ (Early intervention) ഫിസിക്കൽ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, വികസന വിലയിരുത്തലുകൾ എന്നിവ പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ അമല ആശുപത്രിയിൽ നവജാതശിശു വിദഗ്‌ദത്തന്റെ നേതൃതത്തിൽ നിയോനാറ്റോളജി പൂർണ്ണ സജ്‌ജമാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 -2304000* .

◾  കൊച്ചി ഉദയംപേരൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടര്‍മാര്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസര്‍ ഡോ.ബി.മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും , ഡോ.ദിദിയ കെ.തോമസുമാണ് ആ ഡോക്ടര്‍മാര്‍. ബൈക്ക് അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശിയായ ലിനുവിന് ശ്വാസമെടുക്കാന്‍ കഴിയാത്ത വിധം പരിക്കേറ്റിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡോക്ടര്‍മാരായ ഇവര്‍ നാട്ടുകാര്‍ സംഘടിപ്പിച്ച് നല്‍കിയ ബ്ലെയിഡും സ്ട്രോയും ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരികെ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ലിനുവിനെ ആംബുലന്‍സില്‍ ആശുപത്രിയിലും എത്തിച്ചു.

◾  കൊച്ചി ഉദയംപേരൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ജീവന്‍ നടുറോഡില്‍ തിരികെ പിടിച്ച ഡോക്ടര്‍മാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിനിമാ കഥയെ വെല്ലുന്ന നടുറോഡിലെ ആ ശസ്ത്രക്രിയ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് വി ഡി സതീശന്‍ കുറിച്ചു. പ്രിയപ്പെട്ട ഡോക്ടര്‍മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  മതത്തിന്റെ പേരിലുള്ള അസഹിഷ്ണുത പെരുകുന്ന കാലത്ത് മനുഷ്യര്‍ തമ്മില്‍ ഉണ്ടാവേണ്ട പരസ്പരവിശ്വാസത്തെക്കുറിച്ച് സംസാരിച്ച് മമ്മൂട്ടി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നമ്മള്‍ ഇവിടെ പലപ്പോഴും നമ്മുടെ മതേതരത്വം അല്ലെങ്കില്‍ മതസഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് ഇപ്പോള്‍ സംസ്‌കാരത്തെപ്പറ്റി ഏറ്റവും കൂടുതല്‍ പറയുന്നത്. പക്ഷേ മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതമെന്ന് അദ്ദേഹം പറഞ്ഞു.

◾  വെര്‍ച്വല്‍ അറസ്റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസില്‍ രാജ്യത്ത് 22 സ്ഥലങ്ങളില്‍ തിരുവനന്തപുരം സി ബി ഐ യൂണിറ്റ് എസ് പിയുടെ നേതൃത്വത്തില്‍ റെയ്ഡ്. രാജസ്ഥാന്‍, മഹാരാഷ്ട, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. തൃശൂര്‍ സ്വദേശിയില്‍ നിന്നാണ് ഒന്നര കോടി തട്ടിയത്. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.മൂന്ന് ദിവസം കൊണ്ടാണ് തൃശൂര്‍ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്.

◾  ട്രെയിനുകളുടെ പേരും കാറ്റഗറിയും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി റെയില്‍വേക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഗൗരീശപട്ടം വാര്‍ഡ് കൗണ്‍സിലര്‍ സി പാര്‍വ്വതി. ചെന്നൈ മെയില്‍' എന്ന് പേരുള്ള ട്രെയിനില്‍ മെയില്‍/എക്സ്പ്രസ് ടിക്കറ്റുമായി യാത്ര ചെയ്തതിന് സൂപ്പര്‍ഫാസ്റ്റിലാണ് യാത്ര ചെയ്തതെന്ന് കാട്ടി ഫൈന്‍ ഈടാക്കിയ റെയില്‍വേ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് താനെന്ന് പാര്‍വ്വതി വ്യക്തമാക്കി.

◾  കോണ്‍ക്രീറ്റ് റോഡിന് നടുവിലൂടെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. ചമ്പക്കുളം പഞ്ചായത്തിലെ തെക്കേക്കര വളയത്തില്‍ച്ചിറ റോഡിലാണ് കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് തകര്‍ത്തത്. മങ്കൊമ്പ്-ചമ്പക്കുളം റോഡില്‍നിന്നു റോഡിന്റെ വശത്തുകൂടി പൈപ്പ് സ്ഥാപിച്ചുവന്ന ശേഷം, കോണ്‍ക്രീറ്റ് റോഡ് തുടങ്ങുന്ന ഇടത്ത് എത്തിയപ്പോള്‍ റോഡിന്റെ നടുഭാഗത്ത് വെട്ടിപ്പൊളിക്കുകയായിരുന്നു. പൈപ്പ് സ്ഥാപിച്ചശേഷം വീണ്ടും കോണ്‍ക്രീറ്റ് ചെയ്യുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഭാവിയില്‍ അറ്റകുറ്റപ്പണി വന്നാല്‍ വീണ്ടും റോഡ് പൊളിക്കേണ്ടി വരുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

◾  വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മര്‍ദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ചിലര്‍ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. നേരത്തെ കേസില്‍ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

◾  രാമന്തളിയിലെ കൂട്ടമരണത്തില്‍ കലാധരന്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകള്‍ നല്‍കി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലെ ഉള്ളടക്കം. കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാന്‍ കോടതി വിധി ഉണ്ടായി. തുടര്‍ന്ന് രണ്ടും ആറും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം കലാധരനും അമ്മയും വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം.

◾  കടലില്‍ കുളിക്കുന്നതിനിടെ കാണാതായ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ ചുഴിയില്‍ പെട്ട പത്താം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. നീണ്ടകര പുത്തന്‍തുറ ചെറുകരയില്‍ രഞ്ജിത്തിന്റെയും പ്രിയങ്കയുടെയും മകന്‍ അമല്‍ജിത്ത് (15) ആണ് മരിച്ചത്.ഈ മാസം 20ന് വൈകിട്ട് 6 മണിക്ക് ബേക്കറി ജങ്ഷന് സമീപം കടലില്‍ കുളിക്കാന്‍ എത്തിയതായിരുന്നു അമല്‍ജിത്തും സഹോദരന്‍ സൂര്യജിത്തും. കുളിക്കുന്നതിനിടെ ചുഴിയില്‍ പെട്ട സഹോദരന്‍ സൂര്യജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമല്‍ജിത്തിനെ കാണാതായത്.

◾  രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും ബിജെപി സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ആയുധമാക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അഞ്ച് ദിവസത്തെ ജര്‍മ്മനി സന്ദര്‍ശനത്തിനിടെ ബെര്‍ലിനിലെ ഹെര്‍ട്ടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വിദേശമണ്ണില്‍ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രാഹുലിനെതിരെ രംഗത്തെത്തി.

◾  ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്നും രാഷ്ട്രീയഹത്യയ്ക്ക് അവസരം നല്‍കില്ലെന്നും നിയമപരമായ സര്‍ക്കാരും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ളപ്പോഴേ മടങ്ങൂ എന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അതേസമയം ദില്ലിക്കു പുറമെ അഗര്‍ത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സര്‍വ്വീസും ബംഗ്ളദേശ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വീസ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതായി ബംഗ്ളദേശ് അറിയിച്ചത്.

◾  ബംഗ്ലാദേശില്‍ ജെന്‍സി പ്രക്ഷോഭ നായകന്‍ ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു യുവ നേതാവിന് കൂടി വെടിയേറ്റു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (NCP) നേതാവായ മുഹമ്മദ് മൊട്ടാലിബ് സിക്ദറിനാണ് തലക്ക് വെടിയേറ്റത്. 42കാരനായ ഇദ്ദേഹം അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്.

◾  ബെംഗളൂരുവില്‍ നിന്നുള്ള മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച് ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു.  കണ്ണൂരിലേക്കും കൊല്ലത്തേക്കുമാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്.ബംഗളുരുവില്‍ നിന്ന് നാളെ പുറപ്പെടുന്ന ട്രെയിന്‍ മറ്റന്നാള്‍ കണ്ണൂരില്‍ എത്തും.

◾  എന്‍ഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗം അനുമതി നല്‍കിയതോടെ, നിലവില്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലായ സദാനന്ദ് ദതെ മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും. മഹാരാഷ്ട്രയില്‍ പുതിയ പൊലീസ് മേധാവിയായി ഇദ്ദേഹം വൈകാതെ ചുമതലയേല്‍ക്കും എന്നാണ് വിവരം. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല ഡിസംബര്‍ 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

◾  ഹരിയാനയിലെ സോനിപ്പത്തില്‍ സിഎസ്ഐആര്‍-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് രണ്ട് വിഷയങ്ങളുടെ ചോദ്യപേപ്പര്‍ 37 വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവരെ പിടികൂടിയത് ലൈഫ് സയന്‍സ് ,കെമിക്കല്‍ സയന്‍സ് പരീക്ഷകളുടെ പേപ്പറാണ് ചോര്‍ന്നത്.

◾  നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് അന്ധയായ യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്. മധ്യപ്രദേശ് ജബല്‍പൂരിലെ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയാണ് പോലീസിന് മുന്നില്‍വച്ച് യുവതിയെ ആക്രമിച്ചത്. മോശമായ പദപ്രയോഗങ്ങളും ബിജെപി നേതാവ് നടത്തി.  നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അജ്ഞതയും ക്രൂരതയുമാണ് ബിജെപിയില്‍ വളരാനുള്ള ഉപായമെന്നും ഇത്തരക്കാര്‍ സമൂഹത്തിന് അപമാനമെന്നും സുപ്രിയ ശ്രീനേറ്റ പറഞ്ഞു.

◾  ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ നല്ല കാര്യങ്ങള്‍ ബിഹാറില്‍ നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ലെന്നായിരുന്നു പ്രതികരണം. ബിഹാറില്‍ മുമ്പ് കേട്ടതിനേക്കാള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു എന്നും തരൂര്‍ വിശദീകരിക്കുന്നു. പ്രഥമ നളന്ദ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ബിഹാറിലെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.

◾  ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാണാന്‍ വിസമ്മതിച്ച ബാര്‍മര്‍ കലക്ടര്‍ ടീന ദാബിക്കെതിരെ പ്രതിഷേധം. കലക്ടര്‍ 'റീല്‍ സ്റ്റാര്‍' ആണെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. മാധ്യമ ശ്രദ്ധ ലഭിക്കുന്ന പരിപാടികളില്‍ മാത്രമേ കലക്ടര്‍ക്ക് താത്പര്യമുളളൂവെന്നും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലെന്നുമാണ് വിമര്‍ശനം. രാജസ്ഥാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിച്ചത്.

◾  ദില്ലി വിമാനത്താവളത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദര്‍ സെജ്വാളിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ഡിസംബര്‍ 19 ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ അങ്കിത് ദിവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. സംഭവം വിവാദമായതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിയായ പൈലറ്റിനെ സര്‍വീസില്‍ നിന്നും ഉടന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

◾  ദക്ഷിണ കൊറിയന്‍ സ്റ്റാര്‍ട്ടപ്പായ ഇന്നോസ്‌പേസിന്റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം. ഡിസംബര്‍ 22-ന് ബ്രസീലിലെ അല്‍കാടാര വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലിഫ്റ്റോഫ് ചെയ്ത ഹന്‍ബിറ്റ്-നാനോ റോക്കറ്റ് കുതിപ്പ് തുടങ്ങി ഏകദേശം ഒരു മിനിറ്റിന് ശേഷം അഗ്നിഗോളമാവുകയായിരുന്നു എന്ന് സ്‌പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.  വിക്ഷേപണം പരാജയമായതോടെ, ഒരു റോക്കറ്റ് സ്വന്തമായി വികസിപ്പിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്നോസ്‌പേസിന്റെ ശ്രമം നീളുകയാണ്.

◾  അമേരിക്കയില്‍ വീണ്ടും വിമാനാപകടം. പൊള്ളലേറ്റ രോഗിയുമായി ടെക്‌സസിലേക്ക് വരികയായിരുന്ന മെക്‌സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

◾  ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ്. ഈ കരാര്‍ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാന്‍ഡിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ഒമ്പത് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസംബര്‍ 22 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും ചേര്‍ന്ന് കരാര്‍ പൂര്‍ത്തിയായ വിവരം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

◾  അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ പാകിസ്ഥാന്‍ താരങ്ങളോട് മോശമായി പെരുമാറിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി ഐസിസിയെ സമീപിക്കും. മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റം മാന്യതക്ക് നിരക്കുന്നതായിരുന്നില്ലെന്ന് പാക് ടീം പരിശീലകനായിരുന്ന മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യന്‍ താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ ഐസിസിയെ സമീപിക്കുമെന്ന് നഖ്വി പറഞ്ഞത്. 

◾  സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ഗ്രാമിന് 220 രൂപ വര്‍ധിച്ച് 12,700 രൂപയിലെത്തിയപ്പോള്‍ പവന്‍ വില 1,01,600 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 180 രൂപ കൂടി 10,400 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ വര്‍ധിച്ച് 8,130 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,497 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. യു.എസ്-വെനസ്വേല തര്‍ക്കം, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചു. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ വരുത്തിയ കുറവും സ്വര്‍ണത്തിന് കരുത്തായി. ആഗോള വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതും കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ദ്ധിക്കാന്‍ കാരണമായി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് വരും ദിവസങ്ങളിലും വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,10,035 രൂപയാകും. ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.

◾  എ.ഐ ഇമേജുകളും വിഡിയോയും തിരിച്ചറിയാന്‍ ലളിതമായ വഴിയൊരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍ ജെമിനി. പരിശോധിക്കേണ്ട ചിത്രം/വിഡിയോ നേരിട്ട് ആപ്പില്‍ അപ് ലോഡ് ചെയ്ത് ഇത് എ.ഐ ജനറേറ്റഡ് ആണോ എന്ന് നേരിട്ട് ചോദിക്കുകയേ വേണ്ടൂ. ആപ് സപ്പോര്‍ട്ട് ചെയ്യുന്ന വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്താം. വിഡിയോ പരമാവധി 100 എം.ബി സൈസിലുള്ളതും ഒന്നര മിനിറ്റില്‍ കുറവ് ദൈര്‍ഘ്യമുള്ളതുമാകണം. ചിത്രത്തിന്റെ പിക്സലുകളില്‍ ചേര്‍ത്ത സിന്ത് ഐ.ഡി എന്ന ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് വഴിയാണ് പരിശോധന സാധ്യമാകുന്നത്. മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവിധം ചെറിയ രീതിയില്‍ ക്രോപ്പിങ്, ഫില്‍ട്ടറിങ്, കംപ്രഷന്‍, ഫ്രെയിം റേറ്റ് ചേഞ്ചിങ് നടത്തിയാണ് സിന്ത് ഐ.ഡി വാട്ടര്‍മാര്‍ക്ക് ചെയ്യുന്നത്. ഗൂഗ്ള്‍ ജെമിനി, ഇമാജെന്‍, ലിറിയ, വിയോ തുടങ്ങിയ എ.ഐ മോഡലുകളെല്ലാം ഈ വാട്ടര്‍മാര്‍ക്കോടെയാണ് പുറത്തിറങ്ങുന്നത്. 2023 മുതല്‍ 200 കോടി നിര്‍മിതബുദ്ധി ചിത്രങ്ങളിലാണ് ഗൂഗ്ള്‍ ഇങ്ങനെ വാട്ടര്‍മാര്‍ക്ക് ചെയ്തിട്ടുള്ളത്. ഗൂഗിളിന്റെ എ.ഐ വിഭാഗമായ ഡീപ് മൈന്‍ഡ് ആണ് ഈ ഫീച്ചര്‍ വികസിപ്പിച്ചത്. വിഡിയോയുടെ ഏത് ഭാഗത്താണ് സിന്ത് ഐ.ഡിയുള്ളതെന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ജെമിനി ചൂണ്ടിക്കാണിക്കും. സിന്ത് ഐ.ഡി ഇല്ലെങ്കില്‍ അതും വ്യക്തമാക്കും.

◾  ഷെയ്ന്‍ നിഗം നായകനായി എത്തുന്ന 'ഹാല്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു റാപ്പറുടെ ജീവിതമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. നായകന്റെ പ്രണയം, അവന്‍ രചിക്കുന്ന ഒരു റാപ്പിനെ തുടര്‍ന്ന് നേരിടുന്ന വെല്ലുവിളികള്‍, അതില്‍ നിന്നുയരുന്ന സംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ന്നൊരു റൊമാന്റിക് ത്രില്ലര്‍ അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക. വീരയാണ് സംവിധാനം. ഡിസംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ജെ വി ജെ പ്രൊഡക്ഷന്‍സ് ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിഷാദ് കോയ നിര്‍വഹിക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് നന്ദഗോപന്‍ വിയാണ്.

◾  വിജയ് ദേവരകൊണ്ട നായകനാകുന്ന 'റൗഡി ജനാര്‍ദന' സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസര്‍ റിലീസ് ചെയ്തു.  ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം രവി കിരണ്‍ കോല സംവിധാനം ചെയ്യുന്നു. ടീസര്‍ പുറത്തായതോടെ വലിയ ട്രോളുകളും വിമര്‍ശനങ്ങളുമാണ് മലയാളം ടീസറിനു ലഭിക്കുന്നത്. ചില അസഭ്യ ഡയലോഗുകളും ടീസറിലുണ്ട്. സിനിമകളില്‍ ബീപ്പ് ചെയ്യുന്ന ചീത്ത വാക്കുകള്‍ ടീസറില്‍ എങ്ങനെ വന്നുവെന്ന സംശയത്തിലാണ് പ്രേക്ഷകര്‍. വിജയ് ദേവരകൊണ്ടയുടെ ശബ്ദത്തിനോട് സാമ്യമായ രീതിയിലാണ് ടീസറിലെ കഥാപാത്രത്തിന്റെ ഡബ്ബിങും. ഇനി ഇത് എഐ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതാണോ എന്നും ചോദ്യം ഉയരുന്നുണ്ട്. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷന്‍ ഡ്രാമയാകും. ക്രിസ്റ്റോ സേവ്യറിന്റെ ശക്തമായ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ദൃശ്യവിസ്മയങ്ങളും ഗ്ലിംപ്സിന് കൂടുതല്‍ തീവ്രത നല്‍കുന്നു. സുപ്രീം സുന്ദറിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്. കീര്‍ത്തി സുരേഷ് നായികയായി മികച്ച  താരനിര അണിനിരക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറില്‍ ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും.

◾  ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സെലേറിയോ. മികച്ച മൈലേജ്, കുറഞ്ഞ വില, വിശ്വസനീയമായ ബ്രാന്‍ഡ് തുടങ്ങിയ കാരണത്താല്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്കിടയില്‍ ഇത് പ്രിയങ്കരമാണ്. എങ്കിലും ഈ കാറിന്റെ സുരക്ഷയെക്കുറിച്ച് ഗ്ലോബല്‍ എന്‍സിഎപി ഇപ്പോള്‍ പ്രധാനപ്പെട്ട ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. ക്രാഷ് ടെസ്റ്റില്‍ ഡ്രൈവറുടെ നെഞ്ചിന്റെ സംരക്ഷണം ദുര്‍ബലമാണെന്ന് കണ്ടെത്തി. ഡാഷ്‌ബോര്‍ഡിന് പിന്നിലെ കര്‍ക്കശമായ ഘടനയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നതിനാല്‍ കാല്‍മുട്ട് സംരക്ഷണം പരിമിതമായിരുന്നു. ഏറ്റവും വലിയ പോരായ്മ അസ്ഥിരമായ ബോഡിഷെല്‍ ആയിരുന്നു. കുട്ടികളുടെ സുരക്ഷയില്‍ മാരുതി സെലേറിയോയുടെ പ്രകടനം കൂടുതല്‍ നിരാശാജനകമായിരുന്നു. 18 മാസത്തിനും മൂന്ന് വയസിനും ഇടയിലുള്ള കുട്ടികളുടെ മുന്‍വശത്തുള്ള അപകടങ്ങളില്‍ സംരക്ഷണം കുറവായിരുന്നു. മുതിര്‍ന്ന കുട്ടികളുടെ തലയ്ക്ക് ശരിയായ നിയന്ത്രണമില്ല. ആറ് എയര്‍ബാഗുകള്‍ ഉണ്ട്, പക്ഷേ ഘടന വളരെ ദുര്‍ബലമാണ്. സുരക്ഷാ റേറ്റിംഗുകള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ എയര്‍ബാഗുകള്‍ മാത്രം പോരാ എന്ന് ഗ്ലോബല്‍ എന്‍സിഎപി വ്യക്തമായി പറയുന്നു.

◾  നൈരന്തര്യ ബോധമാര്‍ന്ന ജീവിതക്കാഴ്ച്ചകളാണ് ഈ കഥാപുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. കഥ കഥാകാരനിലേക്ക് സ്വാഭാവികമായി വന്നെത്തുന്നു. ജീവിതത്തെ പല മാനത്തോടെ വീക്ഷിക്കുന്ന എഴുത്തുകാരന് പ്രമേയമോ ഭാഷയോ ആവിഷ്‌കാരമോ പ്രശ്നമാകുന്നില്ല. സ്വാഭാവികതയിലൂന്നി കലാത്മക ലാവണ്യത്തില്‍ ശ്രദ്ധിച്ച് രചിക്കപ്പെട്ട കഥകള്‍. 'കഥയുടെ കണ്ണ് സീതയുടേയും'. മോഹന്‍ കര്‍ത്ത. കൈരളി ബുക്സ്. വില 275 രൂപ.

◾  ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്ക് പ്രകാരം, ലോകമെമ്പാടുമായി ഏതാണ്ട് 64 ദശലക്ഷത്തോളം ആളുകള്‍ ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.  ലോകത്തില്‍ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കില്‍, കേരളത്തില്‍ അത് 60 ആണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുന്നത് ശ്രദ്ധിക്കണം. ഇത് ഒരുപക്ഷെ കൊഴുപ്പ് കൂടുന്നതു കൊണ്ടാകണമെന്നില്ല, ദ്രാവകം കോശങ്ങളില്‍ തങ്ങി നില്‍ക്കുന്നതിന്റെ സൂചനയാകാം. ഇത് കുടലുകളെ ബാധിക്കുകയും വിശപ്പ് കുറയാനും കുറച്ചു ഭക്ഷണം കഴിച്ചാലുടന്‍ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. കാലുകളിലെ വീക്കം മറ്റൊരു പ്രധാന ലക്ഷണമാണ്. പ്രാരംഭ ഘട്ടത്തില്‍ ഇത് വൈകുന്നേരങ്ങളിലോ രാത്രികാലങ്ങളിലോ ആകാം പ്രത്യക്ഷപ്പെടുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മാറുകയും ചെയ്യാം. ഹൃദയത്തിന്റെ ആരോഗ്യം മോശമാകുന്നതോടെ വീക്കം ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. ഇത് ഒരിക്കലും അവഗണിക്കരുത്. ശ്വാസകോശത്തില്‍ ദ്രാവകം കെട്ടിനില്‍ക്കുന്നതു മൂലം ശ്വാസതടസം, ചുമ, കിടക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകാം. രാത്രിയില്‍ മൂത്രമൊഴിക്കുന്നത് വര്‍ധിക്കുന്നതിന് കാരണമാകുന്ന നാട്രിയൂററ്റിക് പെപ്റ്റൈഡ് ഹൃദയസ്തംഭനത്തിന്റെ മറ്റൊരു സൂചനയാകാം. ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടല്‍ സംബന്ധമായ പ്രശ്നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കാം. ഹൃദയം മന്ദഗതിയിലാകുമ്പോള്‍, കുടലിലെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമായി നടക്കാതെ വരുമ്പോള്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇത് ഓര്‍മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ വൈജ്ഞാനിക പ്രശ്നങ്ങള്‍ക്ക് കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.60, പൗണ്ട് - 121.02, യൂറോ - 105.59, സ്വിസ് ഫ്രാങ്ക് - 113.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.91, ബഹറിന്‍ ദിനാര്‍ - 237.69, കുവൈത്ത് ദിനാര്‍ -291.83, ഒമാനി റിയാല്‍ - 233.09, സൗദി റിയാല്‍ - 23.89, യു.എ.ഇ ദിര്‍ഹം - 24.45, ഖത്തര്‍ റിയാല്‍ - 24.60, കനേഡിയന്‍ ഡോളര്‍ - 65.38.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right