2025 | ഡിസംബർ 20 | ശനി
1201 | ധനു 5 | മൂലം
◾ ചിരിയുടെയും ചിന്തയുടെയും പുതിയ ഭാഷ്യം മലയാള സിനിമയ്ക്ക് ചമച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസായിരുന്നു.ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്ന് തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 8.30-ഓടെ മരണം സ്ഥിരീകരിച്ചു.
◾ അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയില്‍. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകള്‍. മലയാളത്തിന്റെ പ്രിയ്യപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബഹുമുഖ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ടൗണ്‍ഹാളിലേക്ക്ഒഴുകിയെത്തി. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും അടങ്ങുന്ന ചലച്ചിത്ര താരങ്ങള്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ ടൗണ്‍ഹാളില്‍ എത്തി.
◾ 1956 ഏപ്രില്‍ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. കതിരൂര്‍ ഗവ സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്എസ് കോളജിലും പഠിച്ച ശ്രീനിവാസന്‍ പിന്നീട് മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടി. 1977-ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 1984ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു.
◾ മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ലെന്നും തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
◾ സരസമായ ഭാഷയിലൂടെ സമൂഹത്തിലെ യഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞ കഴിവുറ്റ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു. കാലത്തിനു മുമ്പേ നടന്നയാളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ സിനിമയിലെ ഉദ്ധരണികള്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹത്തെ കാണാന്‍ ഇരിക്കുമ്പോളാണ് അപ്രതീക്ഷിത വിയോഗമെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും മോഹന്‍ലാല്‍. സിനിമ ജീവിതത്തില്‍ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഇന്നസെന്റ് എന്നിവരുമായി ഉണ്ടായിരുന്നത്. നടന്‍ എന്ന നിലയില്‍ അല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധമെന്നും ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
◾ രണ്ടാഴ്ച്ച കൂടുമ്പോള്‍ ശ്രീനിവാസന്റെ വീട്ടില്‍ പോകാറുണ്ടെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടില്‍ തുടരുമായിരുന്നെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കാലിന് സര്‍ജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യന്‍ അന്തിക്കാടിന് വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല.
◾ സംവിധായകന്‍ എന്ന നിലയിലുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സാധാരണ മനുഷ്യന്റെ ജീവിതം വളരെ അര്‍ത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളില്‍ അവതരിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള കോംബോയെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ഒട്ടേറെ സമയങ്ങളുണ്ടായെന്നും അഭിനയത്തില്‍ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസനെന്നും മന്ത്രി സജി ചെറിയാന്‍ അനുസ്മരിച്ചു.
◾ സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാല്‍ 10 ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാല്‍ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു. ശ്രീനിവാസന്റെ അടുത്ത് പോവാന്‍ ഭയമായിരുന്നു അത്രയും ഷാര്‍പ്പായിരുന്നു ശ്രീനിവാസനെന്നും ശ്രീനിവാസനെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും 43 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസനെന്നും മുകേഷ് പറഞ്ഞു.
◾ ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ രജനീകാന്ത്. സുഹൃത്ത് ശ്രീനിവാസന്‍ വിടവാങ്ങിയെന്നത് ഞെട്ടിക്കുന്നുവെന്നും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്റെ ക്ലാസ്മേറ്റായിരുന്നു അദ്ദേഹമെന്നും വളരെ നല്ല നടനും അതിലുപരി വളരെ നല്ല മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു എന്നും രജനീകാന്ത് പറഞ്ഞു. രജനീകാന്തും ശ്രീനിവാസനും ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിറ്റിയൂട്ടിലെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്നു.
◾ ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉര്‍വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസന്‍. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചുവെന്നും ഉര്‍വശി അനുസ്മരിച്ചു.
◾ ശ്രീനിവാസന് അന്ത്യാഞ്ലി അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍, സംവിധായകരില്‍, നടന്മാരില്‍ ഒരാള്‍ക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, ഇതിഹാസത്തിന് നിത്യശാന്തി നേരുന്നുവെന്ന് പൃഥ്വിരാജ് സാമൂഹിക മാധ്യങ്ങളില്‍ കുറിച്ചു.
◾ എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും കാലാതിവര്‍ത്തിയാകാന്‍ കഴിഞ്ഞ കലാകാരനാണ് ശ്രീനിവാസനെന്ന് നടി മഞ്ജു വാര്യര്‍. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി കരയിപ്പിക്കുകയാണെന്ന് മഞ്ജു കുറിച്ചു. ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കുമെന്നും മഞ്ജു എഴുതി.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി കൊച്ചി ഇ ഡി യൂണിറ്റ് ഡല്‍ഹിയിലെ ഇ ഡി ഡയറക്ടറേറ്റിന് കത്തയച്ചു. അനുമതി ലഭിച്ചാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു. കേസിന്റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും എസ് ഐ ടി യില്‍ നിന്ന് ഇഡിക്ക് ലഭിച്ചു.
◾ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറിന്റെ കടുംപിടുത്തങ്ങള്‍ക്ക് വഴങ്ങിയതില്‍ വിമര്‍ശനം ഉയരുന്നതിനിടെ മുഖ്യമന്ത്രിക്ക് പ്രതിരോധവുമായി സിപിഎം. ഗവര്‍ണര്‍ ആണ് സമവായത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചത് എന്നാണ് സിപിഎം വിശദീകരണം. ഇക്കാര്യത്തില്‍ ലോക്ഭവന്‍ ഓഫിസിന്റെ മറുപടി ആണ് ഇനി അറിയേണ്ടത്.ഗവര്‍ണര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടാലും അനുനയം എന്തിന് എന്ന് ചോദ്യമാണ് ഉയരുന്നത്.
◾ വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംരംഭകത്വ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങ് (പിസിഡബ്ല്യു) എന്ന പേരില്‍ സംരംഭക സഹായ പദ്ധതി ആരംഭിക്കുന്നു. ഓണ്‍ലൈനിലൂടെയോ വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസുകളിലൂടെയോ പ്രൊഫഷണല്‍ ബിസിനസ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
◾ ദുബായില്‍ നിന്നും നാട്ടില്‍ മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്നും ഒരു സംഘം ആളുകള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. പിന്നീട് കാറില്‍ കയറ്റി മര്‍ദിക്കുകയും മൊബൈല്‍ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം ആറംഗ സംഘം യുവാവിനെ വഴിയില്‍ തള്ളുകയും ചെയ്തു. കാസര്‍കോട് കിഴക്കേക്കര തവയ്ക്കല്‍ മന്‍സിലില്‍ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ട് പോയത്.
◾ കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയില്‍ ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. നന്ദ ഹര്‍ഷന്‍ (6) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവത്തില്‍ കേസെടുത്തു.
◾ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അമല്‍ (21),അഖില്‍ (19) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ചെമ്പൂരില്‍ വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു.
◾ അസമിലെ നാഗോണ്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ച ട്രെയിനിടിച്ച് എട്ട് ആനകള്‍ ചരിഞ്ഞു. ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു.
◾ ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ജാഗ്രത തുടരുന്നു. വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിക്ക് നേരെ വെടിവച്ച രണ്ടു പേര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടന്നുവെന്ന് ബംഗ്ലാദേശ് പൊലീസ് പറഞ്ഞതോടെയാണ് പ്രതിഷേധങ്ങളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. ഇന്ത്യ അക്രമികളെ പിടികൂടണം, കൈമാറണം എന്നെല്ലാമാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ അനുകൂല നിലപാടെടുക്കുന്നു എന്ന് ആരോപിച്ച് രണ്ട് പത്രങ്ങളുടെ ഓഫീസിന് കലാപകാരികള്‍ തീയിടുകയും ചെയ്തു. കടുത്ത ഇന്ത്യാ വിരുദ്ധനും നിലവിലെ ഭരണാധികാരി മുഹമ്മദ് യൂനസിന്റെ വലംകൈയുമായിരുന്ന ഹാദിയെ കഴിഞ്ഞ വെള്ളിയാഴ്ച്ച ധാക്കയില്‍ വെച്ചാണ് മുഖംമൂടിധാരികള്‍ വെടിവെച്ചത്.
◾ മതപരിവര്‍ത്തന പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ജര്‍മ്മന്‍ ദമ്പതികളടക്കം ആറ് പേരെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കരണ്‍പൂരില്‍ നിന്ന് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഘം എന്നാരോപിച്ചാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ജര്‍മ്മന്‍ ദമ്പതികള്‍ വര്‍ക് വിസയില്‍ ഇന്ത്യയിലെത്തിയതാണെന്ന് പൊലീസ് പറയുന്നു. ഭാരതീയ ന്യായ സഹിത, രാജസ്ഥാന്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം, വിദേശി നിയമം സെക്ഷന്‍ 14 എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
◾ തമിഴ്നാട്ടിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഒരു കോടിയോളം വോട്ടര്‍മാരെ നീക്കിയത് ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ പ്രതികരിച്ചു.ഇന്ന് മുതല്‍ ബൂത്ത് തലത്തില്‍ പാര്‍ട്ടി പരിശോധന നടത്തും.ഒരു വോട്ടറെ എങ്കിലും അനര്‍ഹമായി ഒഴിവാക്കിയാല്‍ കോടതിയെ സമീപിക്കും എന്ന് ഡിഎംകെ വ്യക്തമാക്കി.66 ലക്ഷം പേരുടെ മേല്‍വിലാസം കണ്ടെത്താനായില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് എംപി പി.ചിദംബരം പറഞ്ഞു.അതേ സമയം കരട് വോട്ടര്‍ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി.
◾ തടവില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി. തോഷാഖാന അഴിമതിക്കേസിലാണ് ഇരുവരേയും ശിക്ഷിച്ചത്. 2021-ല്‍ ഇമ്രാന്‍ ഖാന്‍ പ്രസിഡന്റായിരിക്കേ, സൗദി അറേബ്യ സര്‍ക്കാരില്‍നിന്ന് ദമ്പതിമാര്‍ക്ക് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിലെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടതാണ് തോഷാഖാന കേസ്.
◾ സിറിയയില്‍ അമേരിക്കന്‍ സേനയ്ക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സൈനിക നീക്കം. 'ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്നലെയയാണ് ആരംഭിച്ചത്. ഡിസംബര്‍ 13-ന് സിറിയയിലെ പാല്‍മിറയിലുണ്ടായ ക്രൂരമായ ആക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ സൈനിക നടപടിയെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
◾ റഷ്യയുടെ ചാരക്കപ്പല്‍ പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി യുക്രൈന്‍. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 2000 കിലോ മീറ്റര്‍ അകെല വച്ചാണ് ആക്രമണം നടന്നത്. മെഡിറ്ററേനിയന്‍ കടലില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കര്‍ കപ്പല്‍ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈന്‍ നിരീക്ഷിക്കുന്നത്. നാല് വര്‍ഷം മുന്‍പ് റഷ്യ യുക്രൈന്‍ അധിനിവേശം പൂര്‍ണ തോതില്‍ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.
◾ 2026-ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. അതേസമയം വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലും ജയ്സ്വാളും ടീമിലിടം നേടിയില്ല. ഇന്ത്യന്‍ ടീം : സൂര്യകുമാര്‍, യാദവ് അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്.
◾ സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നത് തിരിച്ചടിയായത് ആഭരണ വിപണിക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്. 802.8 ടണില്‍നിന്ന് 650-700 ടണിലേക്കാണ് ആഭരണ വില്‍പന ഇടിയാന്‍ സാധ്യത. ഒരു പവന്‍ സ്വര്‍ണത്തിന് 98,400 രൂപയാണ് ഇന്നത്തെ വില. ജനുവരി മുതല്‍ സ്വര്‍ണ വിലയില്‍ 65 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അതേസമയം, വില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തര വിപണിയിലെ ഉപഭോക്താക്കള്‍ക്ക് പ്രിയം 22 കാരറ്റുള്ള സ്വര്‍ണാഭരണം തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിങ് നല്‍കിയിട്ടുണ്ടെങ്കിലും 18, 14, ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ സമയമെടുക്കും. സ്വര്‍ണ നാണയങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നു. ഏറ്റവും അധികം ഡിമാന്‍ഡുണ്ടായിരുന്നത് ചെറിയ തുകയുടെ ആഭരണങ്ങള്‍ക്കായിരുന്നു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ഷോപ്പിങ്ങില്‍ വന്‍ കുറവാണ് നേരിടുന്നത്.
◾ ഇതുവരെ മൊബൈലില്‍ സ്‌ക്രോള്‍ ചെയ്തിരുന്ന റീല്‍സ് ഉടന്‍ തന്നെ ടിവി സ്‌ക്രീനുകളിലും കാണാന്‍ കഴിയും. മെറ്റാ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം കമ്പനി റീല്‍സ് കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു. തുടക്കത്തില്‍ ആമസോണ്‍ ഫയര്‍ ടിവിയില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കളെ വലിയ സ്‌ക്രീനില്‍ റീല്‍സ് കാണാന്‍ അനുവദിക്കും. ഈ പുതിയ ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്ന് ഒരുമിച്ച് റീല്‍സ് കാണുന്ന അനുഭവം ആസ്വദിക്കാന്‍ കഴിയും. ടിവികളിലേക്ക് റീലുകള്‍ കൊണ്ടുവരുന്നതിലൂടെ ടെലിവിഷന്‍ മേഖലയില്‍ വലിയതോതില്‍ ആധിപത്യം പുലര്‍ത്തുന്ന യൂട്യൂബിനോട് മികച്ച രീതിയില്‍ മത്സരിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കഴിയും. വീഡിയോ തംബ്‌നെയിലുകള്‍ ഹോം സ്‌ക്രീനില്‍ തിരശ്ചീനമായ ഒരു ലേഔട്ടില്‍ ദൃശ്യമാകും. ഏതെങ്കിലും തംബ്‌നെയിലില്‍ ക്ലിക്ക് ചെയ്താല്‍ പൂര്‍ണ്ണ പോര്‍ട്രെയ്റ്റ് വീഡിയോ തുറക്കും. അതില്‍ അടിക്കുറിപ്പുകളും മറ്റ് വിവരങ്ങളും ഉണ്ടാകും. മൊബൈല്‍ ഫോണിന് സമാനമായി, അടുത്ത റീല്‍ കാണുന്നതിന് ഒരു സൈ്വപ്പ്-അപ്പ് ഓപ്ഷന്‍ ഉണ്ട്. ഇത് സുഗമമായ ഉപയോക്തൃ അനുഭവവും എളുപ്പത്തിലുള്ള നാവിഗേഷനും ഉറപ്പാക്കുന്നു. ഇന്‍സ്റ്റാഗ്രാം ടിവി ആപ്പില്‍ ഒരേസമയം അഞ്ച് വ്യത്യസ്ത അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാന്‍ കഴിയും.
◾ അഖില്‍ സത്യന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം 'സര്‍വ്വം മായ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രീതി മുകുന്ദന്റെ മനോഹര ചുവടു വയ്പ്പുകളുമായി പുറത്തിറങ്ങിയ ഗാനം ഏറെ ആകര്‍ഷകമാണ്. നിവിന്‍ പോളിയും ഈ ആഘോഷ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിന് ശേഷം ജസ്റ്റിന്‍ പ്രഭാകരനാണ് 'സര്‍വ്വം മായ'യിലും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'യ്ക്കുണ്ട്. ചിത്രം 2025 ഡിസംബര്‍ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾ 'പീക്കി ബ്ലൈന്‍ഡേഴ്സ്' ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്. കിലിയന്‍ മര്‍ഫി നായകനാകുന്ന 'പീക്കി ബ്ലൈന്‍ഡേഴ്സ്' സിനിമയുടെ ടൈറ്റിലും റിലീസ് തിയതിയും പ്രഖ്യാപിച്ചു. 'പീക്കി ബ്ലൈന്‍ഡേഴ്സ്: ദ് ഇമ്മോര്‍ട്ടല്‍ മാന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് ആറിന് തിയറ്റര്‍ റിലീസ് ആയി എത്തും. തിയറ്റര്‍ റിലീസിനുശേഷം മാര്‍ച്ച് 20ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ലോകമെമ്പാടും സ്ട്രീം ചെയ്യും. ടോം ഹാര്‍പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തോമസ് ഷെല്‍ബിയായി കിലിയന്‍ തിരിച്ചെത്തുന്നു. റെബേക്ക ഫെര്‍ഗസന്‍, ടിം റോത്ത്, ബാരി കിയോഗന്‍, സ്റ്റീഫന്‍ ഗ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 2013ലായിരുന്നു നെറ്റ്ഫ്ലിക്സില്‍ പീക്കി ബ്ലൈന്‍ഡേഴ്സിന്റെ ആദ്യ സീസണ്‍ പ്രത്യക്ഷപ്പെടുന്നത്. ടോം ഹാര്‍പ്പറായിരുന്നു സംവിധാനം. ആറ് സീസണോടുകൂടി 2022ല്‍ സീരിസിന് സമാപനമായി. ഇന്നത്തെ തലമുറയും ഏറ്റെടുത്ത സീരിസ് പിന്നീടൊരു കള്‍ട് ക്ലാസിക് ആയി മാറി. തോമസ് ഷെല്‍ബിയുടെ സ്വാഗും ലുക്കും ഇപ്പോഴും ആരാധകര്‍ അനുകരിക്കാറുണ്ട്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് കിലിയന്‍ മര്‍ഫി. സ്റ്റീവ് നൈറ്റാണ് തിരക്കഥ.
◾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ മൂന്ന് തലമുറകളിലായി 35 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനം എന്ന ചരിത്ര നാഴികക്കല്ല് ആഘോഷിക്കുന്നു. 1999 ഡിസംബറില്‍ പുറത്തിറക്കിയ മാരുതി വാഗണ്‍ആര്‍, ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടപ്പോള്‍ ആള്‍ട്ടോ, സ്വിഫ്റ്റ് എന്നിവയോടൊപ്പം ചേര്‍ന്നു. നിലവില്‍ ഹരിയാനയിലെ ഗുഡ്ഗാവിലും മനേസറിലുമുള്ള കമ്പനിയുടെ പ്ലാന്റുകളിലാണ് ഇത് നിര്‍മ്മിക്കുന്നത്. നിലവില്‍, ജപ്പാന്‍, ഇന്ത്യ, യൂറോപ്പ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 75-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും മാരുതി വാഗണ്‍ആര്‍ വില്‍ക്കുന്നു. 2025 ഓഗസ്റ്റില്‍, സുസുക്കി വാഗണ്‍ആര്‍ ഒരു കോടി യൂണിറ്റുകളുടെ സഞ്ചിത വില്‍പ്പന മറികടന്നു. മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് റെട്രോ ഫിറ്റ്മെന്റ് കിറ്റായി സ്വിവല്‍ സീറ്റ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. പുതിയ വാഗണ്‍ആര്‍ മോഡലുകളില്‍ സീറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാം അല്ലെങ്കില്‍ നിലവിലുള്ള വാഹനങ്ങളില്‍ റീട്രോഫിറ്റ് ചെയ്യാം. കാറിന്റെ ഘടനയിലോ കോര്‍ പ്രവര്‍ത്തനത്തിലോ മാറ്റം വരുത്താതെയാണ് ഇന്‍സ്റ്റാളേഷന്‍ നടത്തുന്നത്. സ്വിവല്‍ സീറ്റിന് മൂന്ന് വര്‍ഷത്തെ വാറന്റിയുണ്ട്.
◾ ഏകാന്തതയുടെതുരുത്തുകളില്‍ നിന്നും കൂട്ടായ്മയുടെ തീരത്തേക്കു വഴി കാട്ടാനുള്ളവയാണു പ്രത്യയശാസ്ത്രങ്ങളെല്ലാം. എന്നാല്‍ പലപ്പോഴും അവ മനുഷ്യനെ ഏകാധിപത്യത്തിന്റെ ആല്‍ക്കട്രാസ് ദ്വീപിലെത്തിക്കുകയാണെന്ന യാഥാര്‍ഥ്യം തുറന്നു കാട്ടുകയാണു. രണനീതിയെന്ന നോവല്‍. ആദിയും ആമിയും അനന്തന്‍ നമ്പ്യാരും കുഞ്ഞിമൊയ്തീനുമൊക്കെ നമുക്കു ചുറ്റുമുള്ള പരിചിത മുഖങ്ങളാണ്. അവരുടെ മോഹങ്ങളും സ്വപ്നങ്ങളും വേദനകളുമൊക്കെ നാം എപ്പോഴെങ്കിലുമൊക്കെ പങ്കിട്ടിട്ടുള്ള അനുഭവങ്ങളുമായിരിക്കണം. രണനീതി പ്രത്യേകിച്ച് ആരുടേയും കഥയല്ല, എന്നാല്‍ എല്ലാവരുടേതുമാണുതാനും. 'രണനീതി'.
രവി നായര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 133 രൂപ.
◾ ചില മത്സ്യങ്ങള്‍ അല്ലെങ്കില്‍ ബീഫ് കഴിച്ച അടുത്ത ദിവസം കൈ വിരലുകളില്‍ വീക്കം അല്ലെങ്കില്‍ സന്ധികളില്‍ വേദന തോന്നുന്നത് രക്തത്തില്‍ യൂറിക് ആസിഡ് ഉയര്‍ന്ന അളവിലുണ്ടെന്നതിന്റെ പ്രാഥമിക സൂചനയാണിത്. ശരീരത്തില്‍ യാതൊരു തരത്തിലും ആവശ്യമില്ലാത്ത വസ്തുവാണ് യൂറിക് ആസിഡ്. ദഹനത്തിനിടെ ഹീമോഗ്ലോബിന്‍ മെറ്റബോളിസം, പ്യൂരിന്‍ മെറ്റബോളിസം തുടങ്ങിയ പ്രക്രിയകള്‍ക്കൊടുവില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. ഇത് രക്തത്തില്‍ നേരിട്ട് ലയിക്കില്ല. യൂറിക് ആസിഡിന്റെ അളവു നിയന്ത്രിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ചുവന്ന മാംസം അഥവാ റെഡ് മീറ്റില്‍ ധാരാളം പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് സന്ധിവാതത്തിനുള്ള സാധ്യതയും സന്ധി വീക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൊഞ്ച്, മത്തി, കക്കയിറച്ചി പോലുള്ള കടല്‍ വിഭവങ്ങള്‍ യൂറിക് ആസിഡിന്റെ അളവില്‍ വര്‍ധനവുണ്ടാക്കാം. പകരം, സാല്‍മണ്‍ പോലുള്ള കുറഞ്ഞ അളവില്‍ പ്യൂരിന്‍ അടങ്ങിയ മത്സ്യങ്ങള്‍ സുരക്ഷിതമാണ്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ സന്ധികളില്‍ വീക്കം വര്‍ധിപ്പിക്കുകയും മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. സന്ധിവാത രോഗികള്‍ ബിയര്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് നല്ലത്. ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും വലിയ അളവില്‍ പയറുകള്‍ കഴിക്കുന്നത് സെന്‍സിറ്റീവ് ആയ വ്യക്തികളില്‍ യൂറിക് ആസിഡ് അളവു വഷളാകാന്‍ കാരണമാകാം. പഞ്ചസാര പാനീയങ്ങളില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡ് ഉത്പാദനം നേരിട്ട് വര്‍ധിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മോളിക്യുലാര്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഹൈപ്പര്‍യൂറിസെമിയയ്ക്ക് പ്രധാന കാരണമായി പഞ്ചസാര പാനീയങ്ങളെ എടുത്തുകാണിക്കുന്നു. കൊഴുപ്പ് കൂടിയ പാല്‍, ക്രീം, ചീസ് എന്നിവ വീക്കം വര്‍ധിപ്പിക്കും, അതിനാല്‍ ഇവ പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.58, പൗണ്ട് - 119.83, യൂറോ - 104.88, സ്വിസ് ഫ്രാങ്ക് - 112.76, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.22, ബഹറിന്‍ ദിനാര്‍ - 237.46, കുവൈത്ത് ദിനാര്‍ -290.69, ഒമാനി റിയാല്‍ - 232.83, സൗദി റിയാല്‍ - 23.87, യു.എ.ഇ ദിര്‍ഹം - 24.39, ഖത്തര്‍ റിയാല്‍ - 24.59, കനേഡിയന്‍ ഡോളര്‍ - 64.92.
➖➖➖➖➖➖➖➖
Tags:
KERALA