Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 17 | ബുധൻ 
1201 | ധനു 2  |  വിശാഖം 

◾  തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച 'പോറ്റിയേ കേറ്റിയേ...' എന്ന പാരഡി പാട്ടില്‍ അന്വേഷണം. അന്വേഷണത്തിനായി സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. എഡിജിപി എച്ച്. വെങ്കിടേഷ്പരാതി സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന് കൈമാറി. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി എച്ച് വെങ്കിടേഷിന് പോലീസ് മേധാവി പരാതി കൈമാറി.

◾  കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കുറ്റകൃത്യത്തേയും കുറ്റവാളികളെയും ഏതെങ്കിലും ഗാനത്തിന്റെ രാഗത്തിലോ സ്വരത്തിലോ താളത്തിലോ അപലപിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല.' പോറ്റിയേ,കേറ്റിയേ' എന്ന ഗാനത്തിന്റെ പേരില്‍ കേസെടുക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

◾  ശബരിമല സ്വര്‍ണക്കൊള്ളയില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സ്വര്‍ണക്കൊള്ള വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് മുന്‍ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ വിഡി സതീശന്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. സ്വര്‍ണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്ന് സഭയ്ക്ക് അകത്തും പുറത്തും വിഡി സതീശന്‍ പറഞ്ഞിരുന്നു. അതേസമയം കടകംപള്ളി സുരേന്ദ്രന് എതിരായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും കടകംപള്ളിക്ക് എതിരെ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

◾  ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റില്‍. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി.


◾  ഡിണ്ടിഗല്‍- ശബരി റെയില്‍ പാതയില്‍ സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. അങ്കമാലി- ശബരിമല പാതയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ പാത നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. സഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

◾  കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അനുമതി നിഷേധിച്ച 19-ല്‍ 15 സിനിമകളുടെ വിലക്ക് പിന്‍വലിച്ച് കേന്ദ്രം. നാലു സിനിമകള്‍ക്കുള്ള വിലക്ക് തുടരും. 'ബീഫ്', 'ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍', 'പലസ്തീന്‍ 36' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചു. അതേസമയം അഞ്ച് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചത് വിദേശകാര്യമന്ത്രാലയമാണെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. സിനിമ നിര്‍മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

◾  കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍ എത്തിയ സാഹചര്യം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാന്‍ തീരുമാനിച്ച കാര്യം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

◾  കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓര്‍ക്കേണ്ടതില്ല എന്ന ചിന്താഗതിയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ കിട്ടിയ സ്വീകരണത്തില്‍ സന്തോഷമെന്നും സര്‍ക്കാരുമായി സഹകരിച്ച് പോകുമെന്നും  തനിക്ക് എതിരായ ആരോപണങ്ങളില്‍ വിഷമം തോന്നുന്നുവെന്നും സിസ തോമസ് പറഞ്ഞു.  അപാകതകള്‍ എല്ലാം പരിഹരിച്ച് പോവും സിസ തോമസ് എന്ന വ്യക്തിയല്ല വലുത്. കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



◾  ജോസ് കെ മാണിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പി ജെ ജോസഫ്. മുന്നണി വികസനം അജണ്ടയില്‍ ഇല്ലെന്നും അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്നും ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്റെ  ലക്ഷ്യമെന്നും മുന്നണി വികസനം ആദ്യം ചര്‍ച്ച ചെയ്യേണ്ടത് യുഡിഎഫിലാണെന്നും ഇതുവരെ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള വാക്പോര് തുടരുന്നു. 'പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവി'യെന്ന ജോസഫ് വിഭാഗത്തിനെതിരായ ജോസ് കെ മാണിയുടെ പ്രസ്താവനയില്‍ തിരിച്ചടിച്ച് മോന്‍സ് ജോസഫ്. പരുന്തിന്റെ മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമാണെന്ന് മോന്‍സ് ജോസഫ് മറുപടി നല്‍കി. പരുന്തിന്റെ മുകളില്‍ നിന്ന് താഴെ വീണു ചതഞ്ഞരഞ്ഞ് പോയവരാണ് ജോസ് കെ മാണിയും കൂട്ടരും. ജോസ് കെ മാണി ഇല്ലാതെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടിയത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത് യുഡിഎഫ് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.

◾  തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ നടത്തുന്നത് ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടിയെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റിസ്. തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കമെന്ന് എന്‍സിഎംജെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

◾  വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക.

◾  കണ്ണൂര്‍ പിണറായിയില്‍ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പൊലീസ് എഫ്ഐആറില്‍  പറയുന്നു. ബോംബ് കൈകാര്യം ചെയ്യുന്നതിനിടയാണ് സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റത്. ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകനായ വിപിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലുത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം.

◾  പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നത് ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുണ്ടാക്കിയ പടക്കം പൊട്ടിയാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. സംഭവം ബോംബ് സ്‌ഫോടനമാണെന്ന് വ്യാഖാനിച്ച് കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

◾  ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ അപകടത്തില്‍പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്. മലയിറങ്ങിയ ശേഷം ദീര്‍ഘദൂര യാത്രയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കില്‍ ആവശ്യമായ ഉറക്കവും വിശ്രമവും എടുത്ത് യാത്ര തുടരുക, മടക്കയാത്ര ഇടവേളകളായി വിഭജിക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം.

◾  കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം. ദീപ്തി മേരി വര്‍ഗീസ്, ഷൈനി മാത്യു, വി കെ മിനിമോള്‍ എന്നീ മൂന്നു പേരിലൊരാളാവും കൊച്ചിയുടെ പുതിയ മേയര്‍.

◾  തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാക്കി ബിഡിജെഎസ്. ബിജെപി യുടെ നിസ്സഹകരണമാണ് ബിഡിജെഎസിന്റെ ദയനീയ പരാജയത്തിന് കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 23ന് നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തില്‍ മുന്നണിമാറ്റമടക്കം ചര്‍ച്ചയാകും. മുന്നൂറോളം സീറ്റുകളില്‍ മത്സരിച്ചെങ്കിലും അഞ്ചു സീറ്റില്‍ മാത്രമാണ് ബിഡിജെഎസ് വിജയിച്ചത്.

◾  ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് സിപിഎം നേതാവ് എളമരം കരീം. പൊളിറ്റിക്കല്‍ ഇസ്ലാം എന്നുള്ളതാണ് അവരുടെ രാഷ്ട്രീയം. അത് മറ്റു സമുദായിക സംഘടനകള്‍ക്കുള്ളതല്ല. ആര്‍എസ്എസ് ഹിന്ദുത്വ വര്‍ഗീയത ഉയര്‍ത്തുന്നത് പോലെ തന്നെ മുസ്ലീങ്ങള്‍ക്ക് ഇടയില്‍ ഇസ്ലാമിക രാഷ്ട്രം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി അവര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ അങ്ങേയറ്റം അപല്‍കരമാണെന്നും എളമരം കരീം പറഞ്ഞു.

◾  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇന്ന് കേസ് എടുത്തേക്കും.കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചത്.വീഡിയോ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണം എന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

◾  കണ്ണൂര്‍ പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. മൈസൂരില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് വാഹനം തകര്‍ത്തത് അടക്കം കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

◾  കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ  ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍.

◾  കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. എസ് സി വിഭാഗത്തില്‍പ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ഉണ്ണി വേങ്ങേരി പരാതിയില്‍ ആരോപിക്കുന്നത്.

◾  കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ  പൊലീസുകാരന് സസ്പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു വരവെ ആയിരുന്നു  സംഭവം. നവംബര്‍ ആറാം തീയതി് പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ്  അതിക്രമത്തിന് ഇരയായത്.

◾  സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നേരിയ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സീസ്മിക് മോണിറ്ററിങ് നെറ്റ്വര്‍ക്കിന്റെ സ്റ്റേഷനുകളില്‍ സൗദി സമയം പുലര്‍ച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

◾  പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പടക്കം വേണ്ടെന്ന് കര്‍ണാടക. നവവത്സരാഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക പൊലീസ് ഉത്തരവിറക്കി. ഗോവയിലെ നിശാ പബ്ബ് തീപിടുത്തത്തിന്റെ  പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ഇതുള്‍പ്പെടെ പത്തൊമ്പത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

◾  സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിപ്പിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,330 രൂപയായി. പവന്‍ വില 480 രൂപ ഉയര്‍ന്ന് 98,640 രൂപയാണ്. ഇന്നലെ പവന് 1,120 രൂപ കുറഞ്ഞത് വലിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇന്നത്തെ വര്‍ധനയോടെ വീണ്ടും മുകളിലേക്കെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്. 18 കാരറ്റിന് ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 10,140 രൂപയായി. 14 കാരറ്റിന് 7,895 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,095 രൂപയുമാണ് വില. വെള്ളി വിലയും ഇന്ന് വന്‍ കുതിപ്പിലാണ്. കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് 208 രൂപയായി. സര്‍വകാല റെക്കോഡാണിത്.  ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി വിലകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,01,652 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകാം.

◾  ക്രിസ്മസ്-പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഹാപ്പി ന്യൂ ഇയര്‍ 2026 എന്ന് പേരിട്ടിരിക്കുന്ന മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 3,599 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന പ്ലാനാണ് ഹീറോ വാര്‍ഷിക റീചാര്‍ജ്. പ്ലാനിന് 365 ദിവസം കാലാവധി ഉണ്ട്. പ്രതിദിനം 2.5 ജിബി അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ നേട്ടങ്ങള്‍ക്കൊപ്പം 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു. 28 ദിവസം കാലാവധിയുള്ള പ്രതിമാസ പ്ലാനാണ് ജിയോ സൂപ്പര്‍ സെലിബ്രേഷന്‍ പ്ലാന്‍. പ്രതിദിനം 2 ജിബി അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ആക്സസ്, പരിധിയില്ലാത്ത വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൊബൈല്‍ റീചാര്‍ജ് പോലെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ആക്‌സസും ലഭിക്കും. 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്സ്‌ക്രിപ്ഷനാണ് മറ്റൊരു ആകര്‍ഷണം. വെറും 103 രൂപയ്ക്ക് 28 ദിവസം കാലാവധിയുള്ള പ്ലാനാണിത്. 5 ജിബി ഡാറ്റയാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ചില ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസും ലഭിക്കും.

◾  മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം 'വൃഷഭ'യുടെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. യുദ്ധം മാത്രമല്ല മുണ്ടുമടക്കിയുളള താരത്തിന്റെ ഇടിയും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. ഒരു അച്ഛന്‍ - മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. രണ്ടുകാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. രാജാ വിജയേന്ദ്ര വൃഷഭയായും പുതിയ കാലഘട്ടത്തിലെ ബിസിനസുകാരനായും മോഹല്‍ലാല്‍ എത്തുന്നു. മോഹന്‍ലാലിനൊപ്പം മകനായി തെലുങ്ക് നടന്‍ റോഷന്‍ മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

◾  ആക്ഷന്‍ ഹീറോ അരുണ്‍ വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'രെട്ട തല'. ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ക്രിസ് തിരുകുമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സ്ട്രൈറ്റ് ലൈന്‍ സിനിമാസ്, രാജശ്രീ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്യുന്നത്.

◾  ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ടാറ്റ സിയേറ എസ്യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്‌സ്.ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് ടാറ്റ പുറത്തിറക്കിയ സിയേറ ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയിട്ടേയുള്ളൂ. അതിനിടെയാണ് ലോകജേതാക്കളായതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ചൂടന്‍ സമ്മാനമായി ക്രിക്കറ്റ് ടീമിന് സിയേറ ലഭിക്കുന്നത്. താക്കോല്‍ വിതരണ ചടങ്ങ് ഔദ്യോഗികമായി നടക്കുക ജനുവരിയിലാണ്. അതേസമയം വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിനിധികള്‍ക്കും സിയേറക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ചിത്രത്തില്‍ ടാറ്റ സണ്‍സ് ആന്റ് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ മോട്ടോഴ്‌സ് എംഡി ശൈലേഷ് ചന്ദ്ര എന്നിവരും ഉണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയിലെ ഐതിഹാസിക മോഡലാണ് ടാറ്റയുടെ സിയേറ. കാബിനിലെ ആഡംബര ഫീച്ചറുകളുടെ കാര്യത്തിലും സിയേറ ഒട്ടും പിന്നിലല്ല. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ടാറ്റ സിയേറയിലുള്ളത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍. 11.49 ലക്ഷം രൂപ മുതല്‍  21.29 ലക്ഷം രൂപ വരെയാണ് ടാറ്റ സിയേറയുടെ എക്‌സ് ഷോറൂം വില.

◾  ഹരികൃഷ്ണന്റെ എല്ലാ കഥകളിലും യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ഇരുണ്ട ഭാവനകളുടെ കാടുകയറ്റം ഏറിയും കുറഞ്ഞും കാണാം. അത് വെറുതേ വേണ്ടാത്ത പണിക്ക് നില്‍ക്കുന്നൊരു കാടുകയറ്റമല്ല, വായനക്കാരെ തട്ടിയുണര്‍ത്തുന്ന കാടുകയറ്റങ്ങളാണ്. ആ കയറ്റങ്ങളിലെ നിലവിളിയും ഭയവും നിശ്വാസവും മാഞ്ഞുപോകലും വായനക്കാരനും അനുഭവിക്കുന്നു. 'അശ്വഗന്ധി'. ഹരികൃഷ്ണന്‍ തച്ചാടന്‍. ഡിസി ബുക്സ്. വില 199 രൂപ.

◾  പഞ്ചസാരയുടെ അമിത ഉപയോഗം പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് നമ്മള്‍ പറയാറ്. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മര്‍ദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയിലേക്കും നയിക്കുന്നുണ്ട്. പഞ്ചസാരയില്‍ കാര്യമായ പോഷകഗുണങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വര്‍ധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. ഇത് പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇന്‍സുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പഞ്ചസാരയുടെ ഉയര്‍ന്ന ഉപഭോഗം രക്തസമ്മര്‍ദം, ഫാറ്റി ലിവര്‍, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ കൊളസ്ട്രോള്‍ നില വര്‍ധിപ്പിക്കുന്നു. കൂടാതെ ആതെറോസ്‌ക്ലെറോസിസ് സാധ്യതയും വര്‍ധിപ്പിക്കുന്നു. പഞ്ചസാരയുടെ അമിത ഉപഭോഗം ചര്‍മത്തിന്റെ വാര്‍ദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷന്‍ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചര്‍മ്മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകള്‍ക്കും തൂങ്ങലിനും കാരണമാകും. ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂണ്‍ അവസ്ഥകള്‍ക്കും കാരണമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.33, പൗണ്ട് - 120.29, യൂറോ - 105.78, സ്വിസ് ഫ്രാങ്ക് - 113.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.76, ബഹറിന്‍ ദിനാര്‍ - 239.61, കുവൈത്ത് ദിനാര്‍ -294.40, ഒമാനി റിയാല്‍ - 234.95, സൗദി റിയാല്‍ - 24.08, യു.എ.ഇ ദിര്‍ഹം - 24.77, ഖത്തര്‍ റിയാല്‍ - 24.74, കനേഡിയന്‍ ഡോളര്‍ - 65.56.
Previous Post Next Post
3/TECH/col-right