◾ അവള്‍ക്കൊപ്പം നിന്നവര്‍ക്ക് നിരാശ, അവനൊപ്പം നിന്നവര്‍ക്ക് ആവേശം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. നിലവില്‍ ജാമ്യത്തിലുള്ള ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാല്‍, തന്നെ കേസില്‍പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്.
◾ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടെ വിധി പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പറഞ്ഞു. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്നാണ് കോടതി വിധിയില്‍ പറഞ്ഞത്.
◾ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാരെന്നും അദ്ദേഹം അറിയിച്ചു.
◾ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇപ്പോള്‍ വന്ന കോടതി വിധി തൃപ്തികരമല്ലെന്നും കേസ് അന്വേഷിച്ച പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗൗരവകരമായ വീഴ്ചയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേസമയം, പി.ടി തോമസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായത് കൊണ്ടാണ് കേസില്‍ ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് ആശ്വാസമെന്നും പി ടി തോമസിനെ ഈ നിമിഷം പ്രത്യേകം ഓര്‍ക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കേസ് തന്നെ ഇല്ലാതായിപോയേനെ എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു
◾ കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നെന്ന് കോടതിയില്‍ നിന്നിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം തുടങ്ങിയത് 'അമ്മ'യുടെ യോഗത്തില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗത്തിനു ശേഷമെന്നും ദിലീപ് പറഞ്ഞു. ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു, ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയില്‍ തകര്‍ന്നു വീണു, തന്നെ പ്രതിയാക്കാനാണ് യഥാര്‍ത്ഥ ഗൂഢാലോചന നടന്നത്, തന്റെ ജീവിതം, കരിയര്‍ അങ്ങനെയെല്ലാം തകര്‍ത്തെന്നും ദിലീപ് പറഞ്ഞു.അതേസമയം തന്നെ പിന്തുണച്ചവര്‍ക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളില്‍ വാദിച്ച അഭിഭാഷകര്‍ക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറഞ്ഞു.
◾ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകര്‍. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചു. കോടതി മുറിക്കുള്ളില്‍ അഭിഭാഷകര്‍ ദിലീപിനെ കെട്ടിപ്പിടിച്ചു.
◾ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കൂടാതെ വെറുതെ വിട്ടത് മൂന്ന് പ്രതികളെ കൂടി. കേസില്‍ ദിലീപടക്കം നാല് പേരെ വെറുതെ വിടുകയും ആറ് പേരെ ശിക്ഷിക്കുകയും ചെയ്തു. മൊത്തം 10 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഏഴാം പ്രതി ചാര്‍ലി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനില്‍ കുമാര്‍, പത്താം പ്രതി ശരത്.ജി. നായര്‍ എന്നിവരാണ് കുറ്റവിമുക്തരായത്.
◾ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിജീവിക്കൊപ്പമാണ് സര്‍ക്കാരെന്നും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറെന്നാണ് സിപിഎം നിലപാടെന്നും ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണെന്നും വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
◾ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. 'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.
◾ കോടതിയില്‍ നിന്നുണ്ടായത് എന്ത് നീതിയെന്ന് നടി പാര്‍വതി തിരുവോത്ത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.
◾ സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉള്‍പ്പെടെ ഒരാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയായിരുന്നെന്ന് നിര്‍മാതാവ് സുരേഷ്‌കുമാര്‍. ദിലീപിനെ ജയിലില്‍ പോയി കണ്ടപ്പോഴും താനിത് പറഞ്ഞതാണെന്നും ഇതിനൊക്കെ ആര് ഉത്തരം പറയുമെന്നും സുരേഷ്‌കുമാര്‍ ചോദിച്ചു. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോളെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
◾ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രതികരണം. രാഹുലിന്റെ ഭാര്യ ദീപയാണ് രാഹുല്‍ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുല്‍ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
◾ നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍. മുന്‍പ് ഒരു വേദിയില്‍ അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് അറിയിച്ചുകൊണ്ട് താന്‍ ഉയര്‍ത്തിയ അവള്‍ക്കൊപ്പം എന്ന് എഴുതിയ ബാനറിന്റെ ചിത്രമാണ് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എപ്പോഴും, മുന്‍പത്തേതിലും ശക്തമായി, ഇപ്പോള്‍ എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട് റിമ.
◾ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആടിസ്റ്റ് ഭാഗ്യലക്ഷ്മി. മരണം വരെ അവള്‍ക്ക് ഒപ്പമാണ്. അതിജീവിത നീതി നിഷേധത്തിന്റ ഷോക്കിലാണെന്നും, താര സംഘടനയായ അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളില്‍ അത് കാണാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
◾ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തകയായ കെ അജിത. വിധി നീതി നിഷേധമാണെന്നും മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ അജിത പറഞ്ഞു. ദിലീപ് ജയിലില്‍ കിടന്നതു തന്നെ വലിയ കാര്യം. മേല്‍ക്കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. പ്രോസിക്യൂഷന്‍ ശക്തമായി ഇടപെട്ടു. പൊലീസിന്റെ അന്വേഷണവും തൃപ്തികരമായിരുന്നുവെന്നും കെ അജിത പറഞ്ഞു
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസില്‍ പരാതിക്കാരി മൊഴി നല്‍കി. രക്ഷപ്പെടാന്‍ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാമത്തെ കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
◾ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴു ജില്ലകള്‍ നാളെ വിധിയെഴുതും. ഇന്ന് രാവിലെ 9 മണി മുതല്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു തുടങ്ങി. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്.
◾ അതിരപ്പിള്ളി പീലാര്‍മുഴി കുടിവെള്ള ടാങ്കിന് സമീപത്തുവെച്ച് 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. തെക്കൂടന്‍ സുബ്രന്‍ ആണ് മരിച്ചത്. ചായ കുടിക്കാനായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചത്. ഏറെ നാളായി പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണെന്നാണ് വിവരം.
◾ ജമ്മു കശ്മീരിലെ ഡോഡയില്‍ ഠത്രി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഭലാരാ വനമേഖലയില്‍ ഞായറാഴ്ച നടത്തിയ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ നീക്കത്തില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ഡോഡ സന്ദീപ് മേത്തയുടെ മേല്‍നോട്ടത്തിലാണ് ഓപ്പറേഷന്‍ നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു എസ്എല്‍ആര്‍ റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തു.
◾ ലോക്സഭയില്‍ ഇന്ന് വന്ദേമാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചര്‍ച്ച. 10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ചൊവ്വാഴ്ച വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും ലോക്സഭയില്‍ ചര്‍ച്ച നടക്കും. ഇരു ചര്‍ച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു.
◾ തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നടന്‍ വിജയ്യുടെ ടി വി കെ പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസുകാരനെ കടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമം. ധര്‍മപുരിയില്‍ റിക്രിയേഷന്‍ സെന്ററിന്റെയും സമീപത്തെ മദ്യവില്‍പ്പന ശാലയുടെയും മറവില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവാണ് പൊലീസുകാരനെ കടിക്കാന്‍ ശ്രമിച്ചത്.
◾ തമിഴ്‌നാട് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍, നഗര, ജലവിതരണ മന്ത്രിയും ഡിഎംകെ നേതാവുമായ കെഎന്‍ നെഹ്‌റുവിനെതിരെ 1020 കോടി രൂപയുടെ അഴിമതി എന്ന് ഇഡി ആരോപണം. ടെണ്ടറുകളില്‍ വ്യാപകമായി ക്രമക്കേട് കണ്ടെത്തി. കരാര്‍ തുകയില്‍ 10 ശതമാനം മന്ത്രിക്ക് കൈമാറിയെന്നും ഏപ്രിലിലെ റെയ്ഡില്‍ നിര്‍ണായക തെളിവുകള്‍ കിട്ടിയെന്നും ഇഡി വ്യക്തമാക്കി.
◾ ഹൈദരാബാദിലെ പ്രൈമറി റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലങ്കാന റൈസിംഗ് ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണ് രേവന്ത് റെഡ്ഡിയുടെ ഈ നീക്കം. നഗരത്തിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിനോട് ചേര്‍ന്നുള്ള പ്രൈമറി റോഡിന് 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ' എന്ന് പേരിടും. യുഎസിന് പുറത്ത് സിറ്റിംഗ് പ്രസിഡന്റിനെ ആദരിക്കുന്ന സംഭവം ആഗോളതലത്തില്‍ ആദ്യത്തേതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
◾ ഏഴാം ദിനവും ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ റദാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. വിമാന സര്‍വീസുകള്‍ വൈകിയതില്‍ ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഇന്‍ഡിഗോ സിഇഒയ്ക്ക് സമയം നീട്ടി നല്‍കി. ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നല്‍കാനാണ് ഡിജിസിഎ നിര്‍ദേശം.
◾ വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. വിമാന ടിക്കറ്റ് നിരക്കുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അമിതമായി ഈടാക്കരുതെന്നുമുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ചുകൊണ്ടാണ് പുതിയ നിരക്കുകള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടര്‍ന്ന് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
◾ 30 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ടും ഭാര്യ ശ്വേതാംബരി ഭട്ടും അറസ്റ്റില്‍. രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ഉദയ്പൂര്‍ പൊലീസ് മുംബൈയില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുംബൈയിലെ യാരി റോഡ് ഭാഗത്തുള്ള വിക്രം ഭട്ടിന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.
◾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാന്‍ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങള്‍ വീണ്ടും ശ്രമം നടത്തും. തിരുനെല്ലി ക്ഷേത്രം പണം ആവശ്യപ്പെട്ട് ഇന്ന് ബാങ്കുകളെയും സൊസൈറ്റികളെയും സമീപിക്കും. ക്ഷേത്രത്തിലെ പണം ദൈവത്തിന്റേതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
◾ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ജ്വാലാപൂര്‍ പ്രദേശത്ത് ബജ്‌റംഗ്ദള്‍ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതായി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം. പൊലീസും ജില്ലാ അധികൃതരും ഉടന്‍ തന്നെ സ്ഥലത്തെത്തി. കല്ലെറിഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
◾ കംബോഡിയയുടെ അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്തി തായ്ലന്‍ഡ്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് വ്യോമാക്രമണം നടത്തിയത്. സംഘര്‍ഷത്തില്‍ ഒരു തായ് സൈനികന്‍ കൊല്ലപ്പെട്ടു. തായ് സൈന്യം കംബോഡിയന്‍ സൈന്യത്തെ ആക്രമിച്ചതായി കംബോഡിയന്‍ സൈന്യം സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും കംബോഡിയ ആരോപിച്ചു.
◾ ഫാക്ട്-ചെക്കിംഗ്, കണ്ടന്റ് മോഡറേഷന്‍, നിയമ പാലനം, ഓണ്‍ലൈന്‍ സുരക്ഷാ ജോലികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വിസ അപേക്ഷകള്‍ നിരസിക്കാന്‍ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ഈ പുതിയ വിസ നിയന്ത്രണങ്ങള്‍ ടെക് മേഖലയിലെ വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ, കാര്യമായി ബാധിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെമ്മോയില്‍ നിന്ന് വ്യക്തമാക്കുന്നത്.
◾ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ് നേരിട്ടതോടെ വീണ്ടും 90ന് മുകളില്‍ എത്തിയിരിക്കുകയാണ് രൂപ. ഒരു ഡോളര്‍ വാങ്ങാന്‍ 90.11 രൂപ നല്‍കണം. എണ്ണവില വര്‍ധനയും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇതിന് പുറമേ ഇറക്കുമതിക്കാരുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും ഡോളര്‍ ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 89.95 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആറുമാസത്തിനിടെ വീണ്ടും മുഖ്യ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായതാണ് വെള്ളിയാഴ്ച രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. സ്വര്‍ണവിലയിലെ ചാഞ്ചാട്ടവും സെസ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പവന് 95,000നും 96,000നും ഇടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം തുടരുന്നത്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 95,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 11,955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
◾ കാരണമില്ലാതെ വാട്സാപ്പ് തനിയെ ലോഗ് ഔട്ട് ആവുകയോ നിങ്ങളുടെ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന മെസേജ് ലഭിക്കുകയോ ചെയ്താല്‍ അതിനര്‍ഥം നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഡിവൈസില്‍ വാട്സാപ്പ് ലോഗിന്‍ ചെയ്തിട്ടുണ്ടെന്നാണ്. നിങ്ങളറിയാതെ സ്വന്തം അക്കൗണ്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ പോയാല്‍. അസാധാരണമായി ബാറ്ററി ചാര്‍ജ് കുറയുകയോ ഫോണ്‍ ചൂടാവുകയോ ചെയ്താല്‍. നമ്മളറിയാതെ സംശയാസ്പദമായ കോണ്‍ടാക്ട് നമ്പറോ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളോ വാട്സാപ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്നര്‍ത്ഥം. ഇങ്ങനെയുണ്ടായാല്‍ ആദ്യം ഹാക്കിങ് ഒഴിവാക്കാന്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക. അനധികൃത ലോഗിന്‍ ഒഴിവാക്കാന്‍ 6 ഡിജിറ്റ് പിന്‍ നല്‍കുക. സ്വന്തം ഫോണിലല്ലാതെ മറ്റ് ഡിവൈസുകളില്‍ ലോഗിന്‍ ചെയ്താല്‍ ആവശ്യം കഴിഞ്ഞയുടന്‍ ലോഗൗട്ട് ചെയ്യുക. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ വാട്സാപ്പ് ഡിലീറ്റ് ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക. ഔട്ട് ഡേറ്റഡ് ആയ സോഫ്റ്റ് വെയര്‍ വാട്സാപ്പ് ഹാക്ക് ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഗൂഗ്ള്‍ പ്ലേ പ്രൊട്ടക്ട്, ഐ ഫോണ്‍ ബില്‍റ്റ് ഇന്‍ സെക്യൂരിറ്റി പോലുള്ള ആന്റി വൈറസ് ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാം. മെസേജുകള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക.
◾ കാര്‍ത്തി നായകനാകുന്ന 'വാ വാത്തിയാര്‍' ട്രെയിലര്‍ എത്തി. നളന്‍ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി ഷെട്ടി നായികയായി അഭിനയിക്കുന്നു, സത്യരാജ്, ആനന്ദ് രാജ്, രാജ്കിരണ്‍, കരുണാകരന്‍, ജി.എം. സുന്ദര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൂര്യയുടെ 'കങ്കുവ' എന്ന ചിത്രം നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്. സംഗീതം സന്തോഷ് നാരായണന്‍. 'കാതലും കടന്തു പോവും' എന്ന ചിത്രം കഴിഞ്ഞ് എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നളന്‍ കുമാരസാമി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തില്‍ കടുത്ത എംജിആര്‍ ആരാധകനായിട്ടാണ് കാര്‍ത്തി എത്തുന്നത്. എംജിആറിനെ തമിഴ്‌നാട്ടില്‍ ആരാധനയോടെ വിളിക്കുന്ന പേരുകളില്‍ ഒന്നാണ് 'വാത്തിയാര്‍'.
◾ ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര്‍ സംവിധാനം ചെയ്യുന്ന 'എ പ്രഗ്നന്റ് വിഡോ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ആയി. മധ്യപ്രദേശില്‍ നടക്കുന്ന ഏഴാമത് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ ചിത്രത്തില്‍ റ്റ്വിങ്കിള്‍ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ള ഒരു ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷ്ണ, അഖില, സജിലാല്‍ നായര്‍, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രന്‍ പാവറട്ടി, അരവിന്ദ് സുബ്രഹ്‌മണ്യം, എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ, സംഭാഷണം രാജേഷ് തില്ലങ്കേരി.
◾ പുതിയൊരു അതിഥിയെ കൂടി ഗാരിജിലേക്കെത്തിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ സിനിമായാത്രകള്‍ക്കു കൂട്ടായി ടൊയോട്ടയുടെ വെല്‍ഫെയര്‍ എന്ന എം പി വി ആണ് നടന്‍ സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ഹായ്, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിനു 1.19 കോടി രൂപ മുതല്‍ 1.29 കോടി രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. 4995 എം എം നീളവും 1850 എം എം വീതിയും 1950 എം എം ഉയരവുമുള്ള വാഹനത്തിന്റെ വീല്‍ ബേസ് 3000 എം എം ആണ്. 19 ഇഞ്ച് അലോയ് വീലുകളാണ്. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2 .5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്പാദിപ്പിക്കുമിത്. ഇ - സി വി റ്റി ഗിയര്‍ ബോക്‌സും നല്‍കിയിട്ടുണ്ട്.
◾ ആദം ഡാനൗണ്‍ എന്ന പലസ്തീനിയന്‍ അറബ്കുട്ടിയുടെ ബാല്യകൗമാരകാലത്തെ കഥയോടെയാണ് നോവല്‍ തുടങ്ങുന്നത്. പലസ്തീന്‍ വംശജനായാണ് ജനിച്ചതെങ്കിലും ചെറുപ്പത്തില്‍തന്നെ ഒരു ജൂതകുടുംബത്തിന്റെ തണലില്‍ വിദ്യാഭ്യാസം തുടരുന്ന ആദമിന് സ്വന്തം പൗരത്വംതന്നെ ദുരൂഹമായ സാഹചര്യത്തില്‍, ജീവിതം സങ്കീര്‍ണ്ണമാകുകയാണ്. അറബ് - ജൂതബന്ധങ്ങളെ ആഴത്തില്‍ തൊട്ടറിയുന്ന ഈ നോവലിന്റെ പശ്ചാത്തലം കാര്‍മല്‍ പര്‍വ്വതനിരകളുടെ താഴ്വാരത്തിലുള്ള വടക്കന്‍ ഇസ്രായേലിന്റെ പ്രമുഖനഗരമായ ഹായ്ഫയിലാണ്. ഇവിടെ പലസ്തീന്‍ അറബികളും ജൂതന്മാരും സഹവര്‍ത്തിത്വത്തോടെ വസിച്ചിരുന്ന ഒരു കാലത്തിന്റെയും ഇന്നത്തെ വര്‍ത്തമാനകാല സംഘര്‍ഷങ്ങളുടെയും കഥ പറയുന്ന ഈ നോവല്‍ അനാവരണം ചെയ്യപ്പെടുന്നത് സ്റ്റെല്ലാമാരിസ് എന്ന കാര്‍മലൈറ്റ് മൊണാസ്ട്രിയുടെ പശ്ചാത്തലത്തിലാണ്. 'ചേരിയിലെ കുട്ടികള്‍ സ്റ്റെല്ലാമാരിസ്'. ഏലിയാസ് ഖൗറി. പരിഭാഷ - സുരേഷ് എ.ജി. ഗ്രീന്‍ ബുക്സ്. വില 513 രൂപ.
◾ രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ്സ് കട്ടന്‍ കാപ്പി കുടിച്ചാല്‍ ഉള്ള ഗുണങ്ങള്‍ അനവധിയാണ്. പെട്ടെന്ന് ഊര്‍ജം ലഭിക്കും. ഇതില്‍ ധാരാളമായി കഫീന്‍ അടങ്ങിയിട്ടുള്ളതിനാലാണിത്. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കും. ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കാപ്പി കുടിക്കുന്നത് കരള്‍രോഗം വരാനുള്ള സാധ്യത കുറയ്ക്കും. പതിവായി കട്ടന്‍കാപ്പി കുടിക്കുന്നവര്‍ക്ക് മലാശയ അര്‍ബുദം, കരളിലെ അര്‍ബുദം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ഇവ വരാനുള്ള സാധ്യത കുറവാണ്. കട്ടന്‍കാപ്പിയില്‍ അടങ്ങിയ ശക്തിയേറിയ ആന്റിഓക്സിഡന്റുകള്‍ ചിലയിനം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പതിവായി കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുന്നു. ഓര്‍മക്കുറവും മറവിരോഗവും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ട ഓര്‍മക്കുറവ് സാവധാനത്തിലാകാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കട്ടന്‍കാപ്പി കുടിക്കുന്നതിലൂടെ സാധിക്കും. ആന്റിഓക്സിഡന്റുകള്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കും. ഹൃദ്രോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നാണിത്. പതിവായി കട്ടന്‍ കാപ്പി കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും. ഉദരത്തിലെ ആസിഡുകളെ വര്‍ധിപ്പിക്കുക വഴി ദഹനം മെച്ചപ്പെടുത്താം. വെറും വയറ്റില്‍ കട്ടന്‍കാപ്പി കുടിക്കുന്നതു വഴി ശരീരത്തിലെ വിഷാംശങ്ങളെയും ഉപദ്രവകാരികളായ ബാക്ടീരിയകളെയും പുറന്തള്ളാന്‍ സാധിക്കും. വിഷാദ സാധ്യത കുറയ്ക്കാനും കട്ടന്‍കാപ്പിയുടെ പതിവായ ഉപയോഗം സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.16, പൗണ്ട് - 120.12, യൂറോ - 105.07, സ്വിസ് ഫ്രാങ്ക് - 112.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.85, ബഹറിന്‍ ദിനാര്‍ - 239.16, കുവൈത്ത് ദിനാര്‍ -293.71, ഒമാനി റിയാല്‍ - 234.49, സൗദി റിയാല്‍ - 24.02, യു.എ.ഇ ദിര്‍ഹം - 24.55, ഖത്തര്‍ റിയാല്‍ - 24.75, കനേഡിയന്‍ ഡോളര്‍ - 65.25.
➖➖➖➖➖➖➖➖
Tags:
KERALA