2025 ഡിസംബർ 7 ഞായർ
1201 വൃശ്ചികം 21 പുണർതം
1447 ജ : ആഖിർ 16
◾ വടക്കന്‍ ഗോവയിലെ അര്‍പോറ ഗ്രാമത്തിലെ ഒരു നിശാക്ലബ്ബില്‍ ഇന്നലെ അര്‍ദ്ധരാത്രി ഉണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാര്‍ പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രാദേശിക എംഎല്‍എ മൈക്കല്‍ ലോബോയും ഉടന്‍ സ്ഥലത്തെത്തി.
◾ കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനബോട്ടുകള്‍ കെട്ടിയിട്ടിരുന്നിടത്ത് വന്‍ തീപിടിത്തം. പതിനഞ്ചോളം ബോട്ടുകള്‍ കത്തിനശിച്ചു. ആളപായമില്ല. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവില്‍ ക്ഷേത്രത്തിനടുത്തായാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അഗ്‌നിബാധ ഉണ്ടായത്. കാരണം വ്യക്തമായിട്ടില്ല.
◾ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ തമിഴ്നാട് വാല്‍പ്പാറയില്‍ പുലി കടിച്ചു കൊന്നു. വാല്‍പ്പാറ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ അസം സ്വദേശി രാജ്ബുള്‍ അലിയുടെയും ഷാജിത ബീഗത്തിന്റേയും മകനായ സൈഫുള്‍ അലാം ആണ് കൊല്ലപ്പെട്ടത്. അയ്യര്‍പാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. തേയിലതോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. വാല്‍പ്പാറയില്‍ 8 മാസത്തിനിടെ മൂന്നു കുട്ടികളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള സമയം ഇനിയും നീട്ടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ച നീട്ടിയതു പോരെന്ന് സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞു. ഇനിയും ഫോം സ്വീകരിക്കാത്ത 20.75 ലക്ഷം പേരെക്കുറിച്ചുള്ള പരിശോധന നടത്താന്‍ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ആവശ്യത്തിന് സമയമുണ്ടെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.
◾ കൊല്ലം കൊട്ടിയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ന്നതില്‍ നടപടിയുമായി കേന്ദ്രം. കരാര്‍ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനെ ഒരു മാസത്തേക്ക് അടിയന്തര വിലക്ക് കല്‍പ്പിച്ച കേന്ദ്രം, കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി. വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. നിര്‍മ്മാണത്തിലെ വീഴ്ചയില്‍ സംസ്ഥാനത്തിനും ഉത്തരവാദിത്തമുണ്ടെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തോട് സര്‍ക്കാരിന്റെ പെടലിക്ക് ഇടാന്‍ നോക്കണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
◾ ദേശീയപാത തകര്‍ന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തകര്‍ന്നു വീഴുമ്പോള്‍ തള്ളിപ്പറഞ്ഞാല്‍ പോരെന്നും ദേശീയപാതയുടെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
◾ കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കായി ഞങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് വേണ്ടി തന്നെയാണ് പണം ചിലവഴിച്ചത്. അത് റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ്. കിഫ്ബി പ്രവര്‍ത്തിക്കുന്നതില്‍ റിസര്‍വ്വ് ബാങ്കിന് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസിലെ എഫ്ഐആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വര്‍ വാദിച്ചിരുന്നു. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
◾ രാഹുല്‍ ഈശ്വറിന്റെ ജാമ്യം തള്ളിയ കോടതി വിധിയില്‍ സുപ്രധാന നിരീക്ഷണങ്ങള്‍. പരാതിക്കാരിയെ വീഡിയോയിലൂടെ ലൈംഗികമായി അതിക്ഷേപിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും ഏതെങ്കിലും ഒരു വാക്കോ വാചകമോ എടുത്ത് മാത്രമല്ല ഇക്കാര്യം പരിഗണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.കസ്റ്റഡിയില്‍ കഴിയുമ്പോഴും പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സമാനമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പ്രതി ജയിലില്‍ തന്നെ കിടക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം നിഷേധിച്ചത്.
◾ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍. ആശുപത്രി സെല്ലില്‍ കഴിയുന്ന രാഹുല്‍ വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്‍കി. ഇന്നലെ ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വറിന്റെ പിന്മാറ്റം. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു.
◾ കേരളത്തില്‍ വലിയ ഭൂരിപക്ഷം നേടി എല്‍ഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു. ബിജെപി പ്രചാരണത്തിന് തൃശൂരില്‍ എത്തിയതായിരുന്നു ഖുശ്ബു. എല്ലാവര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ടെന്നും അബ്ദുല്‍ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങള്‍ കാണുന്നത് നല്ലതാണെന്നും പറഞ്ഞ ഖുശ്ബു ഭൂരിപക്ഷം നേടി എല്‍ഡിഎഫ് വിജയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നും പരിഹസിച്ചു.
◾ നിലമ്പൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കുറത്തിയാര്‍ പൊയില്‍ സ്വദേശി മുഹമ്മദ് ഷാഹുല്‍, പുളിക്കലോടി സ്വദേശികളായ സുബൈര്‍ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് പ്രതികള്‍ കാര്‍ കത്തിച്ചത്. വീടിന് സമീപം വെച്ച് ബൈക്കില്‍ വന്ന് നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
◾ ശബരിമലയില്‍ ഇതുവരെ എത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്നലെ ഉച്ചവരെ ദര്‍ശനം നടത്തിയത് അര ലക്ഷത്തില്‍ അധികം ഭക്തരാണ്. അവധി ദിവസമായതിനാല്‍ ഇന്നലെ കൂടുതല്‍ വിശ്വാസികള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ് ദര്‍ശനം നടത്തിയത്.
◾ പാലക്കാട് തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. ഇന്നലെ വൈകിട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം. കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം വ്യവസായിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇന്നോവ കാറിലാണ് കൊണ്ടുപോയത്. സംഭവത്തില്‍ ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
◾ വയനാട് മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. എക്സൈസ് വെള്ളിയാഴ്ച രാത്രിയില്‍ അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശി സി കെ മുനീര്‍ ആണ് പണവുമായി പിടിയലായത്. അതിര്‍ത്തിയില്‍ നടന്ന പരിശോധനയില്‍ ആണ് ചുവന്ന ഹ്യൂണ്ടായി കാറില്‍ നിന്ന് പണം കണ്ടെടുത്തത്.
◾ ക്ഷേത്രത്തിന് ദാനം നല്‍കിയ ഭൂമി ദേവസ്വം ഉദ്യോഗസ്ഥന്‍ കൈക്കലാക്കിയെന്ന് പരാതി. കൊച്ചിന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍കുമാറിനെതിരെ നെട്ടിശ്ശേരി സ്വദേശിയാണ് പരാതി നല്‍കിയത്. ഇഷ്ടദാനമായി പെരിങ്ങോട്ടുകുറിശി സ്വദേശിനി എഴുതി നല്‍കിയ 70 സെന്റ് സ്ഥലം ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തെന്നും ക്ഷേത്രത്തിലേക്ക് ഭൂമി എഴുതി വെച്ച കാര്യം ബോര്‍ഡിനെ അറിയിച്ചിരുന്നില്ലെന്നും വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
◾ സിപിഎമ്മിനൊപ്പം ചേര്‍ന്നാല്‍ മതേതര പാര്‍ട്ടിയെന്നും കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വര്‍ഗീയ പാര്‍ട്ടിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നയം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നാലു പതിറ്റാണ്ടിലധികം ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ കയ്യിട്ട് നടന്ന സിപിഎമ്മാണ് യുഡിഎഫിനെ വിമര്‍ശിക്കുന്നതെന്നും ലീഗിന്റെ പിന്നാലെ നടന്നപ്പോള്‍ 'ലീഗ് വര്‍ഗീയ ശക്തിയല്ല മതേതര പാര്‍ട്ടിയാണ്' എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ലീഗിനെ തള്ളിപ്പറയുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
◾ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി സൈബര്‍ സെല്‍. ദൃശ്യങ്ങള്‍ വില്‍പനയ്ക്ക് വെച്ച ഐപി അഡ്രസ്സുകളും, പണം നല്‍കി ദൃശ്യങ്ങള്‍ വാങ്ങിയവരുടെ ഐപി അഡ്രസ്സുകളും സൈബര്‍ സെല്‍ ട്രേസ് ചെയ്തു. തിരുവനന്തപുരത്തെ കൈരളി തിയേറ്റര്‍ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസമാണ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്.
◾ മലപ്പുറം പൊന്നാനിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ പൊലീസ് പിടിയിലായി. 20-ല്‍ അധികം സര്‍വകലാശാലകളുടെ നൂറോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും പൊലീസ് പിടിച്ചെടുത്തു. പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തിന്റെ ഉടമ പോത്തനൂര്‍ സ്വദേശി ഇര്‍ഷാദിനെയും സഹായി പുറത്തൂര്‍ സ്വദേശി രാഹുലിനേയും പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചു കൊടുത്തിരുന്ന തിരുവനന്തപുരം സ്വദേശിയായ ജസീമിനെ ബെംഗളൂരുവിലെ ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു.
◾ പ്രിന്റിങ്ങ് മെഷീനില്‍ സാരി കുടുങ്ങി തലയിടിച്ച് വീണ് ജീവനക്കാരിക്ക് ദാരുണാന്ത്യം. വര്‍ക്കല ചെറുകുന്നം സ്വദേശി മീനഭവനില്‍ മീനയാണ് (51) മരിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിങ് പ്രസ്സിലാണ് അപകടം നടന്നത്. മീന 20 വര്‍ഷമായി പ്രസ്സിലെ ജീവനക്കാരിയാണ്.
◾ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയുമായ അക്ഷയ് ചന്ദ്രനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
◾ ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യത്തുടനീളം എണ്ണൂറിലധികം സര്‍വീസുകള്‍ തടസപ്പെട്ടതോടെ ഇന്നലേയും വിമാന യാത്രക്കാര്‍ വലഞ്ഞു. ഇന്‍ഡിഗോയുടെ നിരുത്തരവാദിത്തപരമായ രീതിയെ വിമര്‍ശിച്ച് കേന്ദ്രവും രംഗത്തെത്തി. അതിനിടെ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ കാല താമസമില്ലാതെ മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
◾ ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ ഈടാക്കാവു എന്ന് ഇതില്‍ പറയുന്നു. 1000 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 12,000 രൂപയേ ഈടാക്കാനാകു. ഉത്തരവ് ലംഘിച്ചാല്‍ കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്നും ഈ രീതി വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മാറുന്നതുവരെ തുടരുമെന്നും വ്യേമയാന മന്ത്ര്ാലയം വ്യക്തമാക്കി.
◾ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇന്‍ഡിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബേഴ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡിജിസിഎ. 24 മണിക്കൂറിനകം മറുപടി നല്‍കണം എന്നും പ്രതിസന്ധിയില്‍ സിഇഒക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും നോട്ടീസ് വിശദമാക്കുന്നുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ പരാജയപ്പെട്ടാല്‍ എയര്‍ക്രാഫ്റ്റ് നിയമങ്ങളനുസരിച്ച് ശിക്ഷാനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പീറ്റര്‍ എല്‍ബേഴ്‌സിന് ഡിജിസിഎ നല്‍കിയിട്ടുണ്ട്.
◾ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം വന്‍ വിജയമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നും ഓര്‍മ്മിക്കപ്പെടുന്ന സന്ദര്‍ശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
◾ തമിഴക വെട്രി കഴകം പുതുച്ചേരിയില്‍ നടത്തുന്ന പൊതുയോഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നല്‍കിയത്. അതേസമയം, പൊതുയോഗം നടത്തുന്നതിന് പൊലീസ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയില്‍ പറയുന്നു. പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ 5000 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്
◾ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബാബറി മസ്ജിദിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന പള്ളിക്ക് ഇന്നലെ തറക്കല്ലിട്ടു. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തിലാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗം ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച തറക്കല്ലിട്ടത്. ശിലാസ്ഥാപന ചടങ്ങ് പ്രഖ്യാപിച്ച കബീര്‍, പുരോഹിതന്മാര്‍ക്കൊപ്പം റിബണ്‍ മുറിച്ച് കര്‍മം നിര്‍വഹിച്ചു. രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ അവിടെ ഒത്തുകൂടിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
◾ മുംബൈക്ക് സമീപത്തെ സിയോണില്‍ ഏകദേശം 4 ഏക്കര്‍ സ്ഥലം വിഎച്ച്പിക്ക് അനുവദിക്കാനുള്ള നിര്‍ദേശത്തിന് മഹായുതി സര്‍ക്കാര്‍ അംഗീകാരം നല്‍കി. ബിഎംസിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സംസ്ഥാനത്തിന്റെ അംഗീകാരത്തോടെ വിഎച്ച്പിക്ക് അനുവദിച്ചു. ഒക്ടോബറിലാണ് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള നഗരവികസന വകുപ്പിന് ബിഎംസിയുടെ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.
◾ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ താമസം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സാഹചര്യങ്ങളാണ് മുന്‍ ബംഗ്ലാദേശ് നേതാവിനെ ഇന്ത്യയില്‍ എത്തിച്ചതെന്നും മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് ഇന്ത്യയുടെ നയമെന്നും ശനിയാഴ്ച ജയശങ്കര്‍ പറഞ്ഞു.
◾ പാക്കിസ്ഥാന്‍ വ്യേമാതിര്‍ത്തിക്ക് തൊട്ടടുത്ത്, അറബിക്കടലിനു മുകളില്‍ വമ്പന്‍ വ്യോമാഭ്യാസം നടത്താന്‍ തീരുമാനിച്ച് ഇന്ത്യന്‍ വ്യോമസേന. ഈ വരുന്ന ഡിസംബര്‍ 10, 11 തീയതികളിലായിരിക്കും പാക്കിസ്ഥാനെ വിറപ്പിക്കുന്ന വ്യോമാഭ്യാസം നടക്കുക. കറാച്ചിയില്‍ നിന്ന് വെറും 200 നോട്ടിക്കല്‍ മൈലും പാക്കിസ്ഥാന്‍ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ നിന്ന് ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുമാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത്.
◾ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ലോകത്ത് ഇന്ത്യ തിളങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുവരികയാണെന്നും രാജ്യം എന്നതിനാണ് മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾ പാക് സൈന്യവും താലിബാനും അതിര്‍ത്തിയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ 5 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയായ ഡ്യൂറന്‍ഡ് ലൈനിലെ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന് കാരണം.
◾ ഇന്ത്യയെയും റഷ്യയെയും കൂടുതല്‍ അടുപ്പിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെയാണ് മൈക്കിള്‍ റൂബിന്റെ പരിഹാസം.
◾ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈന്‍ - അമേരിക്ക ചര്‍ച്ച ഫ്ലോറിഡയില്‍ പുരോഗമിക്കുന്നതിനിടെ കീവിന് നേരെ രൂക്ഷമായ വ്യോമക്രമണം നടത്തി റഷ്യ. 653 ഡ്രോണുകളും 51 മിസൈലുകളുമാണ് ഒറ്റ രാത്രിയില്‍ റഷ്യ കീവിന് നേരെ പ്രയോഗിച്ചത്. കീവിന് തെക്ക് പടിഞ്ഞാറുള്ള ഫാസ്റ്റീവ് നഗരത്തില്‍ സാരമായ നാശനഷ്ടം ആക്രമണത്തില്‍ ഉണ്ടായതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ ശക്തമായി ബ്രിട്ടന്‍, ജര്‍മനി അടക്കമുള്ള രാജ്യങ്ങളെ ഉപയോഗിച്ച് മോസ്‌കോയ്ക്ക് എതിരായി സമ്മര്‍ദ്ദം ശക്തമാക്കുന്നുവെന്നാണ് വിശദമാക്കുന്നത്.
◾ തെക്കന്‍ സുഡാനിലെ നഴ്‌സറി സ്‌കൂളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 43 കുട്ടികള്‍ ഉള്‍പ്പെടെ 79 പേര്‍ കൊല്ലപ്പെട്ടു. കോര്‍ഡോഫാന്‍ സംസ്ഥാനത്തെ കലോജിയിലാണ് സംഭവം. സുഡാനില്‍ വിമതസൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
◾ യശസ്വി ജയ്സ്വാളിന്റെ കന്നി ഏകദിന സെഞ്ചുറിയുടെയും മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 116 റണ്‍സുമായി ജയ്സ്വളും 65 റണ്‍സുമായി കോലിയും പുറത്താകാതെ നിന്നപ്പോള്‍ 75 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
◾ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗതാഗത, ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ സ്‌പേസ് എക്‌സ് ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. ഈ ഓഹരി വില്‍പ്പന സ്‌പേസ് എക്‌സിനെ 750 ബില്യണ്‍ ഡോളറിനും 800 ബില്യണ്‍ ഡോളറിനും ഇടയില്‍ വിപണി മൂല്യമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാക്കി മാറ്റും. ഇത് 500 ബില്യണ്‍ ഡോളര്‍ മൂല്യം നേടി റെക്കോര്‍ഡ് സ്ഥാപിച്ച ഓപ്പണ്‍ എഐയെ മറികടക്കും. ഓഹരിയൊന്നിന് 400 ഡോളറില്‍ കൂടുതലാണ് നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വില. ഈ നീക്കം ജീവനക്കാര്‍ക്കും ആദ്യകാല നിക്ഷേപകര്‍ക്കും അവരുടെ ഓഹരികള്‍ വില്‍ക്കാന്‍ അവസരം നല്‍കുന്നു. സ്‌പേസ് എക്‌സിന്റെ ഇന്‍സൈഡര്‍ ഓഹരി വില്‍പ്പനയുടെ വിശദാംശങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് ടെക്‌സാസിലെ സ്റ്റാര്‍ബേസ് ഹബില്‍ ചര്‍ച്ച ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌പേസ് എക്‌സ് 2026-ന്റെ രണ്ടാം പകുതിയിലാണ് ഐ.പി.ഒ ലക്ഷ്യമിടുന്നത്.
◾ ഉണ്ണി മുകുന്ദനെയും അപര്‍ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 'ലൂക്ക' 'മാരിവില്ലിന്‍ ഗോപുരം' യ്ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് സൂരജ് എസ്. കുറുപ്പാണ്. മധു അമ്പാട്ട് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കിരണ്‍ ദാസ് ആണ് എഡിറ്റിങ്. ജൂഡ് ആന്തണി ജോസഫ്, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, സഞ്ജു മധു, സോഹന്‍ സീനുലാല്‍, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
◾ ശ്രീനാഥ് ഭാസി നായകനായി എത്തിയ 'പൊങ്കാല' ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ഏറ്റവും പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന 'പൊങ്കാല' സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ചിത്രത്തില്‍ യാമി സോനാ, ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
◾ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ഫോര്‍ വീലര്‍ നിരയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് ടിയാഗോ ഇവി. വര്‍ഷാവസാന കിഴിവ് കാരണം ഈ മാസം, ഈ ഇലക്ട്രിക് കാര്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ടിയാഗോ ഇവി എംആര്‍, എല്‍ആര്‍ വകഭേദങ്ങള്‍ 1.65 ലക്ഷം രൂപ വരെ മൊത്തം കിഴിവോടെ വാങ്ങാം. ഇതില്‍ ഗ്രീന്‍ ബോണസ്, എക്സ്ചേഞ്ച് ഓഫര്‍, ലോയല്‍റ്റി സ്‌കീം എന്നിവ ഉള്‍പ്പെടുന്നു. ബ്രാന്‍ഡ് 'ഗ്രീന്‍ ബോണസ്' എന്നാണ് ക്യാഷ് ഡിസ്‌കൗണ്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ടാറ്റ ടിയാഗോ ഇവിയുടെ നാല് വകഭേദങ്ങളുടെ വില 7.99 ലക്ഷം മുതല്‍ 11.14 ലക്ഷം രൂപ വരെയാണ് എല്ലാ വകഭേദങ്ങളിലും കിഴിവ് ലഭ്യമാകും. അതായത് ഈ കാര്‍ ഈ മാസം വെറും 6.49 ലക്ഷം രൂപയ്ക്ക് വാങ്ങാം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ ഇത് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടും. അതേസമയം, ഒറ്റ ചാര്‍ജില്‍ 275 കിലോമീറ്റര്‍ റേഞ്ച് ഇത് നല്‍കുന്നു.
◾ ഇസ്താംബുളില്‍ ജീവിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്സ് സമുദായം അറിയപ്പെടുന്നത് റം എന്ന വിളിപ്പേരിലാണ്. ഇതിലെ ഒരു പ്രമുഖ അംഗമായ ഫെനീസ് പാലിയോ ഗോസ് എന്ന എഴുപത്തിയാറുകാരന്‍ ജീവിതം ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്നു കരുതുന്നു. അമേരിക്കയില്‍നിന്നുമെത്തുന്ന ഡാ എന്ന സുന്ദരിയായ ചെറുപ്പക്കാരി, ഫെനീസിന്റെ മനസ്സില്‍ പഴയ പ്രണയകാലത്തെ ഓര്‍മ്മകളുണര്‍ത്തുന്നു. വംശഹത്യ തകര്‍ത്ത തീക്ഷ്ണാനുരാഗത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടപ്പെടുമ്പോഴും സ്വകാമനകളെ സാക്ഷാത്കരിക്കാനുള്ള ഫെനീസിന്റെ തത്രപ്പാടുകളുടെ വിവരണം കൗതുകകരമാണ്. ഡബ്ലിന്‍ ലിറ്റററി അവാര്‍ഡിനും റണ്‍സിമാന്‍ അവാര്‍ഡിനും ലിസ്റ്റ് ചെയ്യപ്പെട്ട കൃതി. 'ഡാഫ്നെയ്ക്ക് ഒരു രുചിക്കൂട്ട്'. പരിഭാഷ - ഇ. മാധവന്‍. ഗ്രീന്‍ ബുക്സ്. വില 494 രൂപ.
◾ കൊളസ്ട്രോള്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമം ഇല്ലാത്തതുമൊക്കെ ശരീരത്തില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. മാത്രമല്ല, കൊഴുപ്പുള്ള ഭക്ഷണം, പുകവലി, മദ്യപാനം തുടങ്ങിയവ കൊളസ്ട്രോളിന്റെ അളവു വര്‍ധിപ്പിക്കാം. എന്നാല്‍ വളരെ ചെറിയ മാറ്റങ്ങളിലൂടെ കൊളസ്ട്രോള്‍ നില ആരോഗ്യകരമായി നിയന്ത്രിക്കാന്‍ സാധിക്കാം. ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് രക്തക്കുഴലുകളില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്. എണ്ണമയമുള്ള ഭക്ഷണം കൊളസ്‌ട്രോള്‍ കൂടുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നാണ് ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. കൊളസ്ട്രോള്‍ ഉയരുന്നതിനുള്ള പ്രധാന കാരണവും ഇതാണ്. ട്രൈഗ്ലിസറൈഡ് കണികകള്‍ സിരകളില്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ ചൂടുവെള്ളം സഹായിക്കും.
➖➖➖➖➖➖➖➖
Tags:
KERALA