Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 6 | ശനി 
1201 | വൃശ്ചികം 20 |  മകയിരം , തിരുവാതിര 

◾പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞ് ഹൈക്കോടതി. ആദ്യ കേസിലെ അറസ്റ്റ് തത്ക്കാലത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൂര്‍ണമായും വാദം കേള്‍ക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുതെന്നും കോടതിക്ക് മുന്‍വിധിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധം ആണെന്ന് രാഹുല്‍ ഹര്‍ജിയില്‍ അംഗീകരിക്കുന്നു എന്ന കാര്യവും കോടതി പരാമര്‍ശിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍പാകെ വന്നിട്ടുള്ള അപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് കെ.ബാബു നിര്‍ദേശിച്ചത്. അറസ്റ്റ് തടഞ്ഞതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും വിശദമായി വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. 15 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

◾  ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയെ വിവാദവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. അഡീ.സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടുന്നതിനുവേണ്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. അതേസമയം, രണ്ടാമത്തെ കേസില്‍ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. രാഹുലിനെ കണ്ടെത്തിയാല്‍ ഈ കേസ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ കഴിയും.

◾  ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് 23 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയത്. ആദ്യകേസില്‍ അറസ്റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ പൊലീസ് നടത്തുമ്പോഴാണ് രാഹുല്‍ ജാമ്യഹര്‍ജി നല്‍കിയത്. 

◾  പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മനപൂര്‍വ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലീസിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോണ്‍ഗ്രസാണെന്നും അയാളുടെ മാത്രം കഴിവിന്റെ ഭാഗമായല്ല ഒളിവിലിരിക്കുന്നതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ടെന്നും രാഹുല്‍ എവിടെയാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനറിയാമെന്നും അക്കാര്യംപോലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



◾  രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ 10 ദിവസം ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായെന്ന് വിവരം. പൊലീസിന്റെ കണ്ണു വെട്ടിക്കാന്‍ പല വഴികളാണ് എംഎല്‍എ തേടിയത്. ഓരോ പോയിന്റിലും രാഹുലിന് സഹായമെത്തിക്കാന്‍ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒളിവ് ജീവിതത്തിനിടെ രാഹുല്‍ കാറുകളും മൊബൈല്‍ നമ്പറുകളും മാറ്റിയത് നിരവധി തവണയാണെന്നാണ് നിഗമനം.

◾  തിരുവനന്തപുരം കോര്‍പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ്  പരാതി നല്‍കിയത്.

◾  തൃശൂര്‍ കോര്‍പറേഷന്‍ ഭരണം മികച്ചതാണെന്നും വലിയ മുന്നേറ്റങ്ങള്‍ നഗരത്തില്‍ നടത്താനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ കൂമ്പാരമായിരുന്ന തൃശൂരിനെ സീറോ വേസ്റ്റ് കോര്‍പ്പറേഷന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തി. ആകാശപാത, വഞ്ചിക്കുളത്തെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റിയത്, പീച്ചി കുടിവെള്ള പദ്ധതി, ഒല്ലൂര്‍ ജല സംഭരണി തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്നതാണ്. ആരോഗ്യ മേഖലയിലും വളര്‍ച്ചയും ഫലപ്രദമായ ഇടപെടലുമുണ്ടായിയെന്നും കോര്‍പ്പറേഷന്‍ നടത്തിയത് നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

◾  കൊല്ലം കൊട്ടിയത്ത് നിര്‍മ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ ജില്ലാ കളക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍, പ്രോജക്ട് ഹെഡ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. എന്‍എച്ച്എഐ അധികൃതരില്‍ നിന്നും കളക്ടര്‍ വിശദീകരണം തേടും.  അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടന്‍ സ്ഥലം സന്ദര്‍ശിക്കും.

      

◾  കൊല്ലത്ത് തകര്‍ന്ന സര്‍വീസ് റോഡ് ഡിസംബര്‍ എട്ടിനുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്ന് ഉറപ്പ് നല്‍കി ദേശീയപാത അതോറിറ്റി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക്ക് വാര്‍ഡന്‍മാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളില്‍ സംയുക്ത സംഘം പരിശോധന നടത്തും. ഇതിന് ശേഷം എന്‍എച്ച്എഐയുടെ വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.

◾  തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിനാല്‍ തൃശ്ശൂര്‍ എറണാകുളം ജില്ലയിലെ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തിരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്. ഡിസംബര്‍ 11-നാണ് തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ്. ഇവിടെ ഡിസംബര്‍ ഒന്‍പതാം തീയതി വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ.

◾  പാലക്കാട് മലമ്പുഴയില്‍ നവോദയ സ്‌കൂളിന് സമീപം വീണ്ടും പുലിയിറങ്ങിയ സാഹചര്യത്തില്‍ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികള്‍ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. പിന്നാലെ വനം, ആര്‍ആര്‍ടി സംഘങ്ങളുടെ മുഴുവന്‍ സമയ നിരീക്ഷണവും ക്യാമറയും സ്ഥാപിച്ചിരുന്നു. വനംവകുപ്പിന്റെ ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. സിസിടിവിയില്‍ നിന്നു പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചെന്നാണു സൂചന.

◾  കോട്ടയം തലയോലപറമ്പില്‍ ഗ്യാസ് സിലണ്ടര്‍ കയറ്റിയ ലോറി കത്തിക്കാന്‍ ശ്രമം. വെട്ടിക്കാട്ട് മുക്കില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് യുവാവ് തീ വെച്ചത്. പുലര്‍ച്ചെയാണ് സംഭവം. ഒരു ഗ്യാസ് സിലിണ്ടര്‍ കത്തി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടപ്ലാമറ്റം സ്വദേശിയായ യുവവാണ് തീ കത്തിച്ചത്. ഇയാള്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്.

◾  കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാനെ ഇടപ്പളളിയില്‍ നിന്നും പിടികൂടി. ഒരു മാസം മുന്‍പാണ് ജയിലിലേക്ക് കൊണ്ടുപോകും വഴി കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ തമിഴ്നാട് പൊലീസിന്റെ കൈയ്യില്‍ നിന്നും രക്ഷപെട്ടത്. ജയില്‍ ചാടിയ ബാല മുരുകന്‍ കഴിഞ്ഞ മാസം 23ന് ഇമ്രാനൊപ്പം തെങ്കാശിയിലെത്തി വീട്ടുമയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്നിരുന്നു. മോഷണത്തിന് ശേഷം ഇരുവരും രക്ഷപ്പെട്ടു. ഇമ്രാന്‍ കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി സിറ്റി ഡാന്‍സാഫ് ഇയാള്‍ ഇടപ്പളളിയില്‍ താമസിച്ചിരുന്ന വാടക വീട് വളഞ്ഞ് ഇമ്രാനെ പിടികൂടുകയായിരുന്നു.

◾  ഇന്‍ഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും സ്ഥിതി പൂര്‍വസ്ഥിതിയില്‍ ആകുന്നത് വരെ മുന്‍ നിശ്ചയിച്ച നിരക്കുകളില്‍ തുടരണം എന്നാണ് ആവശ്യം.

◾  ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ ഇന്നും നാളെയും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. പ്രധാന ദീര്‍ഘദൂര റൂട്ടുകളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. 30 സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരുക്കാനാണ് ആലോചന. അടിയന്തര നടപടിയുടെ ഭാഗമായി 37 ട്രെയിനുകളില്‍ 116 അധിക കോച്ചുകള്‍ വര്‍ധിപ്പിച്ചു. ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം.

◾  ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി ഈ മാസം 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. പ്രതിസന്ധിക്ക് പിന്നാലെ ഇന്നും സര്‍വീസുകള്‍ മുടങ്ങുമെന്ന് ഇന്‍ഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകള്‍ ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കി.

◾  ഓഫീസ് സമയത്തിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും ശ്രദ്ധിക്കുന്നതില്‍ നിന്ന് ജീവനക്കാര്‍ക്ക് വിട്ടുനില്‍ക്കാന്‍ അനുമതി നല്‍കുന്ന ഒരു പ്രൈവറ്റ് മെമ്പര്‍ ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. എന്‍സിപി എംപി സുപ്രിയ സുലെയാണ് തൊഴിലാളി ക്ഷേമ  'റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍' അവതരിപ്പിച്ചത്. കോണ്‍ഗ്രസ് എം.പി കാദിയം കാവ്യ അവതരിപ്പിച്ചത്  ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ജോലിസ്ഥലത്ത് സൗകര്യങ്ങളും പിന്തുണയും നല്‍കാന്‍ ലക്ഷ്യമിടുന്ന മെന്‍സ്ട്രുവല്‍ ബെനിഫിറ്റ്‌സ് ബില്ലാണ്. മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള ബില്ലാണ് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ അവതരിപ്പിച്ചത്. വധശിക്ഷ നിര്‍ത്തലാക്കാനുള്ള ബില്ലാണ് ഡിഎംകെ എംപി കനിമൊഴി കരുണാനിധി അവതരിപ്പിച്ചത്. പ്രൈവറ്റ് മെമ്പര്‍ ബില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആവശ്യമുള്ള വിഷയങ്ങളില്‍ എംപിമാര്‍ക്ക് ബില്ലുകള്‍ അവതരിപ്പിക്കാനുള്ളതാണ്. എങ്കിലും, മിക്ക കേസുകളിലും സര്‍ക്കാരിന്റെ പ്രതികരണത്തിന് ശേഷം ഇത്തരം ബില്ലുകള്‍ പിന്‍വലിക്കുകയാണ് പതിവ്.

◾  റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിലേക്കുള്ള ക്ഷണം സ്വീകരിച്ച് അതില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരേ പാര്‍ട്ടിയില്‍നിന്ന് രൂക്ഷ വിമര്‍ശനം. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയേയും രാജ്യസഭാ പ്രതിപക്ഷ നേതാവായ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും ക്ഷണിക്കാതിരുന്ന വിരുന്നിലാണ് തരൂര്‍ പങ്കെടുത്തത്. ക്ഷണം തരൂര്‍ സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയാണ് തരൂര്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

◾  കേരളത്തില്‍ റെയില്‍വേ വികസനത്തിന് തടസ്സമാകുന്നത് കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള പോരാട്ടമാണെന്ന് ആരോപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ 127 റെയില്‍വേ മേല്‍പ്പാലങ്ങളില്‍ 105 -ഉം വൈകിയതിന് കാരണം കേരളത്തിന്റെ നിലപാടായിരുന്നെന്നും മന്ത്രി വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ വെള്ളിയാഴ്ച നടന്ന റെയില്‍വേ വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

◾  പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെല്‍ദംഗയില്‍ ഇന്നു നടക്കുന്ന ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സൗദിയില്‍ നിന്നുള്ള പുരോഹിതന്മാരെത്തുമെന്നും 40000 പേര്‍ക്കുള്ള ഭക്ഷണവും ഒരുക്കിയെന്നും ടിഎംസി എംഎല്‍എ ഹുമയൂണ്‍ കബീര്‍. പ്രദേശത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. സംഭവം വിവാദമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കബീറിനെ പുറത്താക്കിയതായി ടിഎംസി അറിയിച്ചിരുന്നു.

◾  മദീനയിലെ പ്രവാചക പള്ളിയിലെ 'റൗദ സന്ദര്‍ശന'ത്തില്‍ നിയന്ത്രണവും സമയ പുനഃക്രമീകരണവും ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മാത്രമായിരിക്കും സന്ദര്‍ശനാനുമതി. അതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ 'നുസ്‌ക്' ആപ്പില്‍ നിന്ന് പെര്‍മിറ്റ് എടുക്കണം. ഇത് 365 ദിവസത്തിനിടയില്‍ ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ അനുവദിക്കൂ. കൂടാതെ സ്ത്രീപുരുഷന്മാര്‍ക്ക് േൈവവ്വറ സന്ദര്‍ശനത്തിനുള്ള സമയക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

◾  സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തിയില്‍ കനത്ത വെടിവെപ്പ് നടത്തിയതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാന്‍ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ചാമന്‍ അതിര്‍ത്തിയില്‍ അഫ്ഗാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വക്താവും ആരോപിച്ചു.

◾  സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് 120 മില്യണ്‍ യൂറോ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. നിയമവിരുദ്ധവും ഹാനികരവുമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഡിജിറ്റല്‍ സര്‍വീസസ് ആക്ട്  പ്രകാരം രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് എക്‌സിനെതിരെയുള്ള നടപടി.

◾  അമേരിക്കന്‍ സിനിമാ നിര്‍മാണ കമ്പനി വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്സ് ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 27.75 ഡോളര്‍ പണമായി നല്‍കും. നെറ്റ്ഫ്ളിക്സില്‍ ഓഹരിയും ലഭിക്കും. കരാറിന്റെ മൊത്തം ഓഹരി മൂല്യം 72 ബില്യണ്‍ (7200 കോടി) ഡോളറാണ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സിനിമ, ടെലിവിഷന്‍ സ്റ്റുഡിയോകളും എച്ച്ബിഒ, എച്ച്ബിഒ മാക്‌സ് എന്നീ ചാനലുകളുമടക്കം നെറ്റ്ഫ്‌ലിക്‌സിന്റെ ഭാഗമാവും. അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാവുന്ന ഏറ്റെടുക്കലോടെ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പക്കലുള്ള ലോകപ്രശസ്ത സിനിമാ, സിരീസ് ടൈറ്റിലുകളൊക്കെയും നെറ്റ്ഫ്‌ലിക്‌സിലൂടെ ലഭ്യമാവും. നിരവധി ഹിറ്റ് ഷോകളുടെ ലൈബ്രറിയും, വാര്‍ണര്‍ ബ്രദേഴ്സിന്റെ കാലിഫോര്‍ണിയയിലെ ബര്‍ബാങ്കിലുള്ള വിശാലമായ സ്റ്റുഡിയോകളും, 'ഹാരി പോട്ടര്‍', 'ഫ്രണ്ട്സ്' എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ ചലച്ചിത്ര, ടിവി ആര്‍ക്കൈവും നെറ്റ്ഫ്‌ലിക്‌സിന് സ്വന്തമാകും.

◾  ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. കോള്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളില്‍ വോയ്സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. കോളിങ്, കോള്‍ മാനേജ്മെന്റ് എന്നിവ കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. പുതുതായി ഒരു കോള്‍ ടാബും കൊണ്ടുവരുന്നുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് ലഭ്യമാണ്. ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോള്‍ സ്‌ക്രീനില്‍ നിന്ന് നേരിട്ട് വോയ്‌സ് സന്ദേശം അയയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. വിളിക്കുന്ന വ്യക്തി കോള്‍ എടുക്കുന്നില്ലെങ്കില്‍, വാട്സ്ആപ്പ് ഇപ്പോള്‍ 'റെക്കോര്‍ഡ് വോയ്സ് മെസേജ്' ഓപ്ഷന്‍ നല്‍കും. മിസ്ഡ് കോള്‍ അലേര്‍ട്ടിനൊപ്പം ഒരു ചെറിയ ഓഡിയോ റെക്കോര്‍ഡുചെയ്ത് സ്വീകര്‍ത്താവിന്റെ ചാറ്റിലേക്ക് അയയ്ക്കാന്‍ കഴിയും. വിഡിയോ കോളുകള്‍ക്കും സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.

◾  പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളില്‍ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന 'റേച്ചല്‍'. ഡിസംബര്‍ 12നാണ് സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഈനാശു എന്ന കഥാപാത്രമായെത്തുന്ന വിനീത് തട്ടില്‍, തെരേസയായി എത്തുന്ന രാധിക രാധാകൃഷ്ണന്‍ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 'റേച്ചല്‍' 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും നിക്കോളാസായി റോഷന്‍ ബഷീറും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

◾  കല്ല്യാണി പ്രിയദര്‍ശനെ നായികയാക്കി മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' തീയേറ്ററുകളില്‍ 100 ദിവസങ്ങള്‍ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തില്‍ വളരെ അപൂര്‍വമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആര്‍ മള്‍ട്ടിപ്ളെക്സ് സ്‌ക്രീനുകളില്‍ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആര്‍ ഫോറം മാള്‍, പിവിആര്‍ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്‌സി എന്നിവിടങ്ങളില്‍ ആണ് ചിത്രം 100 ദിവസം പ്രദര്‍ശിപ്പിച്ചത്. കൊവിഡ് കാലഘട്ടത്തിന് ശേഷം ഒന്നില്‍ അധികം സ്‌ക്രീനുകളില്‍ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ലോക. തീയേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ്. ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍. ഒക്ടോബര്‍ 31 നു ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണമാണ്.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ സ്‌പോര്‍ട്ടി മോഡലായ പള്‍സര്‍ എന്‍160 ന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ പുറത്തിറക്കി. മറ്റു വേരിയന്റുകളില്‍ കാണുന്ന ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, സ്പ്ലിറ്റ് സീറ്റ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും സിംഗിള്‍-പീസ് സീറ്റുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. റൈഡിങ് പ്രതലത്തില്‍ മികച്ച ഷോക്ക് അബ്‌സോര്‍പ്ഷന്‍ നല്‍കും. ഈ പുതിയ വേരിയന്റിന് 1.24 ലക്ഷം രൂപയാണ്. പേള്‍ മെറ്റാലിക് വൈറ്റ്, റേസിങ് റെഡ്, പോളാര്‍ സ്‌കൈ ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ വേരിയന്റ് ലഭ്യമാകും. ഈ പതിപ്പിലെ ഗ്രാഫിക്‌സും മറ്റ് എല്ലാ വേരിയന്റുകളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ്. 15.7 ബിഎച്പി പവറും 14.65 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 164.82 സിസി, സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

◾  ലൗ ജിഹാദ, ക്രിസ്ത്യന്‍ സംസ്ഥാനം, ജനസംഖ്യാ ജിഹാദ്, ന്യൂനപക്ഷപ്രീണനം, കൊറോണാ ജിഹാദ, നിര്‍ബ്ബന്ധിതമതപരിവര്‍ത്തനം. ആഴമളക്കാനാവാത്ത പരാതിക്കിണറില്‍നിന്നും 'സിദ്ധാന്തങ്ങള്‍' പൊന്തിവന്നുകൊണ്ടിരുന്നു. ഹിന്ദു വലതുപക്ഷത്തെ മുന്‍നിരനേതാക്കള്‍ അവയുടെ ഉച്ചഭാഷിണികളായി. സാധാരണക്കാരായ ഇന്ത്യക്കാരുടെ ചോരകുടിച്ച് അതു കൊഴുത്തു. ഇന്ത്യയില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാനുള്ള ഗൂഢാലോചന നടക്കുന്നു എന്ന 'സിദ്ധാന്തം' വളരെപ്പെട്ടെന്നാണ് പ്രചുരപ്രചാരം നേടിയത്. അവയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടായിരുന്നോ? ഭൂരിപക്ഷപ്രീണനത്തിനായി അഴിച്ചുവിടുന്ന പ്രചാരണങ്ങളുടെ ഉള്ളറകളിലേക്കു വെളിച്ചംവീശുന്ന വസ്തുതാന്വേഷണം. 'ലൗ ജിഹാദും മറ്റു കെട്ടുകഥകളും'. പരിഭാഷ - രമാ മേനോന്‍. മാതൃഭൂമി. വില 246 രൂപ.

◾  ശരീരത്തിന് ഊര്‍ജ്ജം പകര്‍ന്ന് ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്ന പാനീയങ്ങളാണ് ചായയും കാപ്പിയും. കാപ്പിയിലും ചായയിലും അടങ്ങിയ കഫീന്‍ ആണ് നമ്മള്‍ക്ക് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നത്. എന്നാല്‍ കഫീന്‍ അമിതമാകുന്നത് ഉറക്കപ്രശ്നങ്ങള്‍ മുതല്‍ ഉത്കണ്ഠ വരെ വര്‍ധിപ്പിച്ചേക്കാം. കാപ്പിയെ അപേക്ഷിച്ച് ചായയില്‍ കഫീന്റെ അളവു കുറവാണ്. മാത്രമല്ല, ചായയില്‍ അടങ്ങിയ എല്‍-തിയനൈന്‍ എന്ന സസ്യസംയുക്തം മനസിനെ ശാന്തമാക്കാന്‍ സഹായിക്കും. അതേസമയം കാപ്പിയില്‍ കഫീന്‍ കൂടുതലായതു കൊണ്ട് തന്നെ, അവ അമിതമായാല്‍ ശരീരത്തില്‍ സ്ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കൂടാനും ഉറക്കമില്ലായ്മ വര്‍ധിക്കാനും കാരണമാകുന്നു. മാത്രമല്ല, കാപ്പി കുടിക്കുമ്പോള്‍ കാല്‍സ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കാം. ഭക്ഷണത്തിന് ശേഷമുള്ള കാപ്പി കുടി ഇരുമ്പിന്റെ ആഗിരണവും കുറയ്ക്കാം. പാലൊഴിക്കാത്ത കട്ടന്‍ ചായയില്‍ ടാന്നിന്നുകള്‍ അടങ്ങിയിട്ടുണ്ട്. അതും ഇരുമ്പിന്റെ ആഗിരണത്തിന് തടസമാകാം. കാപ്പിയെ അപേക്ഷിച്ച് ചായയാണ് അല്‍പം സുരക്ഷിതമെങ്കിലും രണ്ടും മിതമായ അളവില്‍ കുടിക്കുന്നതാണ് നല്ലത്. മുതിര്‍ന്ന ഒരു വ്യക്തിക്ക് പ്രതിദിനം 300 മുതല്‍ 400 മില്ലിഗ്രാം വരെ കഫീന്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല. ഇത് ഏകദേശം 3 മുതല്‍ 4 കപ്പ് കാപ്പിക്കും 6 മുതല്‍ 8 കപ്പ് ചായ വരെ ചായ കുടിക്കുന്നതിനും തുല്യമാണ്. അതേസമയം, ശരീരത്തിലെ കഫീന്റെ അളവ് സന്തുലിതമാക്കാന്‍ പകല്‍ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. രാത്രിയില്‍ കഫീന്‍ പൂര്‍ണമായും ഒഴിവാക്കണം. ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, അമിത ചിന്തകള്‍, വയറുവേദന എന്നിവ ഉണ്ടെങ്കിലും കഫീന്‍ ഒഴിവാക്കുന്നതാണ് നല്ലത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.96, പൗണ്ട് - 119.92, യൂറോ - 104.55, സ്വിസ് ഫ്രാങ്ക് - 111.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.67, ബഹറിന്‍ ദിനാര്‍ - 239.19, കുവൈത്ത് ദിനാര്‍ -293.65, ഒമാനി റിയാല്‍ - 234.44, സൗദി റിയാല്‍ - 23.98, യു.എ.ഇ ദിര്‍ഹം - 24.49, ഖത്തര്‍ റിയാല്‍ - 24.71, കനേഡിയന്‍ ഡോളര്‍ - 65.04.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right