2025 | നവംബർ 11 | ചൊവ്വ
1201 | തുലാം 25 | പൂയം
◾ ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ചാവേര്‍ ആക്രമണമെന്നും ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നും ഡല്‍ഹി പൊലീസ്. സ്ഫോടനത്തില്‍ യുഎപിഎ വകുപ്പ് ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. സ്ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റാണെന്നാണ് സൂചന. ട്രാഫിക്ക് സിഗ്നല്‍ കാരണം വണ്ടി നിര്‍ത്തേണ്ടി വന്നതോടെ മാര്‍ക്കറ്റിന് സമീപത്തേക്ക് കാര്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
◾ ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പിടിയിലായ ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് എന്നാണ് സൂചന. ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തന്റെ കൂട്ടാളിയുമായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായെന്നും തുടര്‍ന്നാണ് തുടര്‍ന്നാണ് സ്ഫോടനത്തിന് പദ്ധതിയിട്ടതെന്നും അന്വേഷണവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
◾ ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഐ20 കാര്‍ ദില്ലിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ദില്ലി പൊലീസ്. ഫരീദാബാദ് ഭാഗത്ത് നിന്ന് ബദര്‍പൂര്‍ ടോള്‍ ബൂത്തിലൂടെ ദില്ലിയിലേക്ക് കടന്ന കാര്‍ 8.30 ഓടെ ഓഖ്ല പെട്രോള്‍ പമ്പിലെത്തി. ഈ ഭാഗത്ത് കുറച്ചു നേരം നിന്ന ശേഷം വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം സെന്‍ട്രല്‍ ഓള്‍ഡ് ദില്ലിയിലൂടെ കറങ്ങി മൂന്നരയോടെ റെഡ് ഫോര്‍ട്ട് പാര്‍ക്കിംഗിലെത്തി. ആറരയോടെയാണ് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാര്‍ പുറത്തേക്ക് കടക്കുന്നത്. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്.
◾ ഡല്‍ഹി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഉറപ്പ് നല്‍കി. അതേസമയം ഉത്തരരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.
◾ ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത. നിലവില്‍ വിവിധ ജില്ലകളില്‍ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിലും വയനാട് കളക്ടറേറ്റിലും പോലീസ് പരിശോധന നടത്തി വരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങള്‍ പരിശോധിക്കുകയാണ്. കൊച്ചിയില്‍ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു.
◾ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ സുരക്ഷ ശക്തമാക്കിയെന്ന് വിവരം. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കില്‍ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ഫീല്‍ഡുകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
◾ ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത് നാല് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെയെന്ന് റിപ്പോര്‍ട്ട്. മൂന്ന് തോക്കുകളും ജൈവായുധമായ റിസിന്‍ നിര്‍മ്മിക്കാനുള്ള സാമഗ്രികളുമായി ഗുജറാത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകള്‍ പതിച്ചതിന് ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ ഡോക്ടറെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയില്‍ ആയുധങ്ങളുമായി വനിതാ ഡോക്ടറും പിടിയിലായിരുന്നു. ഇവര്‍ക്ക് ഡല്‍ഹി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.
◾ ഡല്‍ഹി ചെങ്കോട്ടയിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. അതേസമയം, സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അര്‍ഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ സഹായം കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്. ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
◾ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ജഗതി വാര്‍ഡിലെ ഇടതു സ്ഥാനാര്‍ത്ഥി പൂജപ്പുര രാധാകൃഷ്ണന്‍. തന്നെ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ പൂജപ്പുര രാധാകൃഷ്ണനെ ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നും എകെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് എകെ ആന്റണി അനുഗ്രഹിക്കാത്തതെന്നാണ് പൂജപ്പുര രാധാകൃഷ്ണന്റെ മറുപടി.
◾ വിഴിഞ്ഞം വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോവളം എംഎല്‍എ എം. വിന്‍സന്റിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാന്‍ ഹുസൈന്‍ രാജിവെച്ചു. വിമര്‍ശിക്കുന്നവരെ വെട്ടിയൊതുക്കുന്നുവെന്നും, കോവളത്തെ പാര്‍ട്ടിയെ വിന്‍സെന്റ് ദുര്‍ബലമാക്കിയെന്നും രാജിക്കത്തില്‍ ഹിസാന്‍ ഹുസൈന്‍ തുറന്നടിച്ചു.
◾ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് വ്യക്തമാക്കി കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍. ബിജെപിയില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന പരിസ്ഥിതി ഗീതം എഴുതിയ വ്യക്തിയാണ് ഇഞ്ചക്കാട് ബാലചന്ദ്രന്‍.
◾ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പാലക്കാട് മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെവി ഷണ്‍മുഖനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തില്‍ ആര്‍ എസ് എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍.
◾ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മനസു തുറന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍. പ്രകാശ് ജാവദേക്കറിനേ കണ്ടത് അഞ്ചു മിനുട്ട് മാത്രമാണെന്നും കുറെ മുന്‍പ് നടന്ന സംഭവം വിവാദമായതത് തെരഞ്ഞെടുപ്പ് സമയത്താണെന്നും ഇപി ജയരാജന്‍ പറഞ്ഞു.
◾ ഡിസംബര്‍ 8 മുതല്‍ 12 വരെ നടത്തുവാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ മാസം 09, 11 തീയതികളിലും വോട്ടെണ്ണല്‍ ഡിസംബര്‍ 13 നും നടത്തുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025 ഡിസംബര്‍ 8 മുതല്‍ 12 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി വച്ചത്.
◾ ആലപ്പുഴ മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് നാളെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
◾ പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കര്‍ ജോയല്‍ വി. ജോസിന്റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റില്‍. അഹമ്മദാബാദ് സ്വദേശിയായ ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍ (37) ആണ് അറസ്റ്റിലായത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റ റിക്കാര്‍ഡുകളും ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ഇവര്‍ നടത്തിയത്. കേസിലെ മുഖ്യ പ്രതി അടൂര്‍ സ്വദേശി ജോയല്‍ റിമാന്‍ഡിലാണ്.
◾ തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീ പിടിച്ച് അപകടം. നിര്‍മ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്. പേരയം താളിക്കുന്നില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആന്‍ ഫയര്‍ വര്‍ക്സിന്റെ പടക്ക നിര്‍മ്മാണ യൂണിറ്റിനാണ് തീപിടിച്ചത്. ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്.
◾ ദേശീയപാത നിര്‍മ്മാണം നടക്കുന്ന കൊല്ലം ബൈപ്പാസില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി മുഹമ്മദ് ജുബ്രായില്‍ ( 42 ) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയില്‍ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണ ജോലികള്‍ ചെയ്യവേ മണ്ണിനടിയില്‍ അകപ്പെട്ടുവെന്നാണ് സംശയിക്കുന്നത്.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ട് നല്ല നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എന്‍ഡിഎസ്എ) ചെയര്‍മാന്‍ അനില്‍ ജെയിന്‍. അണക്കെട്ട് പരിശോധിച്ച നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതുച്ചേരിയില്‍ മുതിര്‍ന്ന സിപിഐ നേതാവിനെ പുറത്താക്കി. നിര്‍വാഹകസമിതി അംഗം കെ സേതു സെല്‍വത്തെ ആണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പുതുച്ചേരിയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് ആണ് സേതു സെല്‍വം. ഭൂമിതര്‍ക്കം പരിഹരിക്കാന്‍ ഫ്രഞ്ച് പൗരനില്‍ നിന്ന് 15 ലക്ഷം രൂപ കോഴ വാങ്ങിയതിനാണ് നടപടി.
◾ തമിഴ്നാട് വിരുദുനഗറിലെ ക്ഷേത്രത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊന്നു. രാജപാളയം ദേവദാനത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ ആണ് സംഭവം. രാവിലെ പൂജയ്ക്കായി എത്തിയ പൂജാരിമാര്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ഉള്ള കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ ബിഹാറില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണിവരെ തുടരും. ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.
◾ സൈന്യത്തെ പിന്തുണച്ച് ടിക് ടോക്കില്‍ വീഡിയോ ചെയ്തെന്ന് ആരോപിച്ച് മാലിയില്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ കലാപകാരികള്‍ വെടിവെച്ച് കൊന്നു. മാലി സൈന്യത്തെ സഹായിച്ചെന്ന് ആരോപിച്ചാണ് വടക്കന്‍ ടിംബക്റ്റു മേഖലയിലെ ടോങ്ക സ്വദേശിയായ മറിയം സിസെ എന്ന ടിക് ടോക്കറെ കലാപകാരികള്‍ പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ വെടിവെച്ച് കൊന്നത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ എട്ടിന് ഭൂട്ടാനിലേക്ക് യാത്ര തിരിച്ചു. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്യേ വാങ്ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാന മന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ഇത് കൂടാതെ 1020 മെഗാവാട്ട് പുനത്സാങ്ചു-കക ജലവൈദ്യുത പദ്ധതിയും ഉദ്ഘാടനം ചെയ്യും.
◾ ഈ മാസം 13ന് രാജ്യത്തുടനീളം മഴ ലഭിക്കുന്നതിനായി സല്‍മാന്‍ രാജാവ് സൗദി ജനതയോട് ഇസ്തിസ്‌ക പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം ചെയ്തു. വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും കാലഘട്ടങ്ങളില്‍ ദൈവിക കരുണയും മഴയും തേടുന്നതിനായാണ് ഇസ്തിസ്‌ക പ്രാര്‍ത്ഥന നടത്തുക.
◾ ഹംഗേറിയന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഡേവിഡ് സൊളോയ്ക്ക് ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ്. സൊളോയ് എഴുതിയ ഫ്ലെഷ് എന്ന നോവലിനാണ് പുരസ്‌കാരം. ഇന്ത്യന്‍ എഴുത്തുകാരി കിരണ്‍ ദേശായി ഉള്‍പ്പെടെ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ആറുപേരില്‍ നിന്നാണ് ജൂറി ഡേവിഡ് സൊളോയെ തെരഞ്ഞെടുത്തത്.
◾ ചെറിയ ഇടവേളക്ക് ശേഷം സ്വര്‍ണം പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 225 രൂപ വര്‍ധിച്ച് 11,575 രൂപയിലെത്തി. പവന്‍ വില 1,800 രൂപ വര്‍ധിച്ച് 92,600 രൂപയായി. രണ്ട് ദിവസത്തിനിടെ പവന്‍ വില വര്‍ധിച്ചത് 3,120 രൂപയാണ്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 185 രൂപ വര്‍ധിച്ച് 9,525 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച് 7,420 രൂപയിലെത്തി. 9 കാരറ്റ് ഗ്രാമിന് 90 രൂപ കൂടി 4,775 രൂപയയായി. വെള്ളി വിലയിലും ഇന്ന് കാര്യമായ വര്‍ധനയുണ്ട്. ഗ്രാമിന് 6 രൂപ വര്‍ധിച്ച് 163 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ ട്രോയ് ഔണ്‍സിന് 4,143 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 1,00,200 രൂപയെങ്കിലും നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും പണിക്കൂലിയിലും മാറ്റമുണ്ടാകും.
◾ ഇന്ത്യയുടെ സ്വന്തം കാര്‍ഡ് നെറ്റ്വര്‍ക്കായ റുപേ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ റുപേയുടെ വിപണി വിഹിതം 18 ശതമാനമായി വര്‍ദ്ധിച്ചു. ഈ നേട്ടത്തിന് പ്രധാനമായും കാരണം യുപിഐ പ്ലാറ്റ്‌ഫോമുമായി റുപേ കാര്‍ഡുകളെ സംയോജിപ്പിച്ചതാണ്. റുപേ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ രാജ്യത്തിനകത്താണ് പ്രോസസ് ചെയ്യുന്നത്. ഇത് മറ്റ് അന്താരാഷ്ട്ര കാര്‍ഡ് നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഒരു ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ആയതിനാല്‍, റുപേ കാര്‍ഡുകള്‍ക്ക് ആഭ്യന്തര ഇടപാടുകള്‍ക്ക് താരതമ്യേന കുറഞ്ഞ പ്രോസസ്സിംഗ് ഫീസാണ് ഈടാക്കുന്നത്. ഇത് ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണകരമാണ്. വിവിധ ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റുപേ കാര്‍ഡുകള്‍ ഇന്ന് രാജ്യത്തുടനീളമുള്ള എ.ടി.എമ്മുകളിലും പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും വ്യാപകമായി സ്വീകരിക്കപ്പെടുന്നു.
◾ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് എസ് യു വികളാണെങ്കിലും സെഡാനുകളോട് പ്രിയമുള്ളവര്‍ കുറവല്ല. രാജ്യത്ത് ഈ സെഗ്മെന്റിലെ വില്‍പന കണക്കുകളില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍. 2453 യൂണിറ്റ് വെര്‍ടുസാണ് കഴിഞ്ഞ മാസത്തില്‍ മാത്രം കമ്പനി രാജ്യത്തെ നിരത്തിലെത്തിച്ചിരിക്കുന്നത്. വിപണിയിലെത്തിയിട്ടു മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട വെര്‍ടുസ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്റെ പട്ടികയില്‍ ഏറെക്കാലമായി പ്രഥമ സ്ഥാനത്ത് തന്നെയാണ്. അതില്‍ ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വില്‍പന നടന്നിരിക്കുന്നതും കഴിഞ്ഞ മാസം തന്നെയാണ്. പ്രീമിയം സെഡാനുകളുടെ വിപണി വിഹിതത്തില്‍ വെര്‍ടുസിന്റെ പങ്ക് നാല്‍പത് ശതമാനമാണ്. 1.5 ലീറ്റര്‍ ടിഎസ്‌ഐ, 1 ലീറ്റര്‍ ടിഎസ്‌ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട് വെര്‍ടുസില്‍. മൂന്നു സിലിണ്ടര്‍ 1 ലീറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് പവര്‍. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.
◾ ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹ സാധ്യത വരെ വര്‍ധിപ്പിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദീര്‍ഘ നേരമുള്ള ഇരിപ്പ് കൊണ്ടുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളറിയാം. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴുള്ള സമ്മര്‍ദം കുറയ്ക്കാന്‍ 20-20-20 ഹാക്ക് സഹായിക്കും. അതായത്, 20 മിനിറ്റ് ഇടവേളയില്‍ 20 അടി അകലെയുള്ള ഏതെങ്കിലും വസ്തു 20 സെക്കന്റ് നോക്കുക. ഇത് തലവേദന, കണ്ണുകടച്ചില്‍, കണ്ണിലെ വരള്‍ച്ച എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ജോലി ചെയ്യുന്നതിനിടെ അര മണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോള്‍ ചെറിയൊരു ബ്രേക്ക് എടുക്കാം. എഴുന്നേറ്റ് നിന്ന് ശരീരം ഒന്ന് സ്ട്രേച്ച് ചെയ്യാം. രണ്ട് മൂന്ന് മിനിറ്റത്തേക്ക് നടക്കുക. ഇരിക്കുമ്പോള്‍ നട്ടെല്ല് വളച്ച് കൂനിക്കൂടി ഇരിക്കാതെ കാല് നിലത്ത് വച്ച് കസേരയില്‍ പുറംഭാഗം നിവര്‍ന്നിരിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ കാരണമാകും. ഇത് തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ഓഫീസിലേക്ക് പോകുമ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം, പടികള്‍ കയറുന്നത് ശരീരത്തിന് വ്യായാമം കിട്ടാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. സമ്മര്‍ദം ഒഴിവാക്കാന്‍ ധ്യാനം, ശ്വസന വ്യായാമങ്ങള്‍, ജേണലിങ് പോലുള്ളവ സഹായിക്കും. മണിക്കൂറുകളോളം കംപ്യൂട്ടറിന് മുന്നില്‍ ജോലി ചെയ്ത ശേഷം വീണ്ടും മൊബൈല്‍ സ്‌ക്രീന്‍ അല്ലെങ്കില്‍ ടിവിയില്‍ നോക്കിയിരിക്കുന്നത് കണ്ണിന് സമ്മര്‍ദം കൂട്ടും. ഇത് ഒഴിവാക്കുക. ഇടയ്ക്കിടെ കോഫി കുടിക്കുക, മധുരപാനീയങ്ങള്‍, സോഡ എന്നിവ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ആരോഗ്യം തകരാറിലാവാന്‍ അധികം സമയം വേണ്ട. വെള്ളം, മോര്, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവ കുടിക്കുന്നതാണ് നല്ലത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.58, പൗണ്ട് - 116.28, യൂറോ - 102.42, സ്വിസ് ഫ്രാങ്ക് - 110.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.78, ബഹറിന്‍ ദിനാര്‍ - 234.94, കുവൈത്ത് ദിനാര്‍ -288.37, ഒമാനി റിയാല്‍ - 230.36, സൗദി റിയാല്‍ - 23.62, യു.എ.ഇ ദിര്‍ഹം - 24.15, ഖത്തര്‍ റിയാല്‍ - 24.33, കനേഡിയന്‍ ഡോളര്‍ - 63.14.
Tags:
KERALA
.jpeg)