2025 | നവംബർ 19 | ബുധൻ
1201 | വൃശ്ചികം 3 | ചോതി
◾ ശബരിമലയില്‍ ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി. സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചത്. മണ്ഡലം മകരവിളക്ക് സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. സെക്ടറുകളുടെ വിസ്തീര്‍ണ്ണം അനുസരിച്ച് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാനെന്നും അല്ലാതെ, വരുന്നവരെ എല്ലാം തിക്കിലും തിരക്കിലേക്കും കയറ്റി വിടുന്നത് തെറ്റായ സമീപനമെന്നും കോടതി പറഞ്ഞു.
◾ ശബരിമലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവര്‍ത്തിക്കില്ലെന്നും സന്നിധാനത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഏകോപനത്തില്‍ ചെറിയ പ്രശ്നം ഉണ്ടാകുകയായിരുന്നു. ആദ്യ ദിനം ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങള്‍ പൊതു നന്മ കരുതി കര്‍ശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്ത ദിവസങ്ങളില്‍ മാത്രം ഭക്തര്‍ ശബരിമലയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങള്‍ പ്രായോഗിക തലത്തില്‍ വന്നില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു.
◾ ശബരിമല തീര്‍ത്ഥാടന കാലത്തെ സര്‍ക്കാര്‍ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അയ്യപ്പഭക്തര്‍ മല കയറാതെ തിരികെ പോകുന്നുവെന്നും യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തിയവര്‍ തന്നെ സ്വര്‍ണക്കൊള്ള നടത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
◾ ശബരിമലയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനായി വേണ്ടത്ര പൊലീസില്ല. ദേവസ്വം മന്ത്രിയെ കാണാനില്ല. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റാന്‍ മാത്രമാണ് താല്‍പ്പര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
◾ ശബരിമലയില്‍ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടകരെ ഫോണില്‍ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയില്‍ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനല്‍കി. ഇന്നലെ ഉച്ചയ്ക്ക് പമ്പയില്‍ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാല്‍, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നും തീര്‍ത്ഥാടകര്‍ വ്യക്തമാക്കിയിരുന്നു.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്ഐടി അപേക്ഷ നല്‍കും. അതേസമയം, ശബരിമലയില്‍ നിന്നും ശേഖരിച്ച സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനക്കായി എസ്ഐടി ഇന്ന് കോടതിയില്‍ ഹാജരാക്കും.
◾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ വരുന്ന റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസ്സിസ്റ്റന്റ് ഡയറക്ടര്‍, ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസര്‍ എന്നിവരുടെ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. രാവിലെ പത്തര മുതല്‍ 'ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്' എന്ന പേരില്‍ സംസ്ഥാന തലത്തില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
◾ എസ് ഐ ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഒന്നിച്ചായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ലീഗ് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയെ അറിയിച്ചതോടെയാണ് അടിയന്തരമായി വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
◾ എസ്ഐആറിലെ പുരോഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തുവെന്നും 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ കമ്മീഷന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. എല്ലാ സഹായവും കുടുംബത്തിനുണ്ടാകുമെന്നും അറിയിച്ചു.
◾ തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് അവധി.
◾ ആലപ്പുഴയില്‍ ബിഎല്‍ഓമാര്‍ക്ക് കടുത്ത സമ്മര്‍ദം. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടര്‍ അലക്സ് വര്‍ഗീസ് പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. ബിഎല്‍ഓമാര്‍ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ കളക്ടറുടെ വിമര്‍ശനം. ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി. അതേ സമയം സമ്മര്‍ദത്തിലാക്കരുതെന്ന് വാട്സപ്പ് ഗ്രൂപ്പില്‍ ബിഎല്‍ഓമാര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രചരിക്കുന്ന ഓഡിയോ എസ്ഐആര്‍ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നല്‍കിയതാണെന്നാണ് കളക്ടറുടെ വിശദീകരണം.
◾ പയ്യന്നൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യയില്‍ സിപിഎം ഭീഷണി വ്യക്തമാക്കുന്ന കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ കത്ത് പുറത്ത്. കോണ്‍ഗ്രസ് ബിഎല്‍എ വൈശാഖ് ജില്ലാ കളക്ടര്‍ക്ക് അയച്ച പരാതിയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ആത്മഹത്യ സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്നും വിശദമായ റിപ്പോര്‍ട്ടിനു ശേഷമെ കാര്യങ്ങളില്‍ വ്യക്തതയുണ്ടാവുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ കൊലവിളി പരാര്‍ശം നടത്തിയ ടീന ജോസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും, ജനാധിപത്യ സമൂഹത്തില്‍, ഒരു പൗരന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ശിവന്‍കുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
◾ കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയും സംവിധായകനുമായ വി.എം. വിനു വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വി.എം. വിനുവിന് മത്സരിക്കാനാകില്ല.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുനമ്പം സമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പിന്‍മാറി. വഖഫ് വിഷയത്തില്‍ പരിഹാരമാകാത്ത സാഹചര്യത്തില്‍ ഒരു മുന്നണിയുടെ ഭാഗമായി മല്‍സരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് സമര സമിതിയില്‍ അഭിപ്രായമുയര്‍ന്നതോടെയാണ് പിന്‍മാറ്റം.
◾ ആലപ്പുഴയില്‍ പാര്‍ട്ടി വിട്ട സിപിഎം നേതാവ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം മുന്‍ എല്‍സി സെക്രട്ടറി പി അരവിന്ദനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായത്. 17 വര്‍ഷം സിപിഎം തുറവൂര്‍ പഞ്ചായത്തംഗമായിരുന്നു അരവിന്ദന്‍. തുറവൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡിലാണ് അരവിന്ദന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.
◾ കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിമതനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്. പയ്യന്നൂര്‍ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനില്‍ കോണ്‍ഗ്രസ് എസിലെ പി. ജയനാണ് എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. എന്നാല്‍ വൈശാഖിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി വ്യക്തമാക്കി.
◾ പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. പാലക്കാട് പിരായിരിയിലാണ് സംഭവം. വാര്‍ഡിലെ നിലവിലെ മെമ്പറായ ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡന്റായ സാദിഖ് ബാഷയും തമ്മിലായിരുന്നു സംഘര്‍ഷം. ശിവപ്രസാദിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
◾ കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം വിനുവിന് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്ലാന്‍ ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേഷനിലെ പ്രചാരണം ഇനി നടക്കുക വിനുവിന്റെ നേതൃത്വത്തിലായിരിക്കുമെന്നും കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.
◾ കോഴിക്കോട് കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്‍. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ വിഎം വിനുവിന്റെ വീട്ടില്‍ പോയി സമ്മര്‍ദം ചെലുത്തി സ്ഥാനാര്‍ത്ഥിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും പി മോഹനന്‍ പറഞ്ഞു.
◾ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം. ചിറയിന്‍കീഴ് പതിനാറാം വാര്‍ഡ് പുതുക്കരി വയലില്‍ വീട്ടില്‍ ടിന്റു ജി വിജയന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന ഇവര്‍ പുറത്തെ ശബ്ദം കേട്ട് ഉണരുകയായിരുന്നു. ടിന്റു ജി വിജയന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്.
◾ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയുടെ മരണത്തില്‍ അച്ഛന്‍, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയെടുത്ത് പൊലീസ്. ആനന്ദിന് തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. മത്സരിക്കാനുള്ള താല്‍പര്യം പാര്‍ട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നാണ് സുഹൃത്തിന്റെ മൊഴി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഭാര്യയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
◾ വര്‍ക്കലയ്ക്കടുത്ത് ട്രെയിനില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിക്ക് റെയില്‍വേയില്‍ ജോലിയും മതിയായ നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവ് കേരള സര്‍ക്കാരാണ് വഹിക്കുന്നത്.
◾ വിയ്യൂര്‍ ജയിലില്‍ തടവുകാരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദനമെറ്റ പി.എം മനോജിനെ നാളെ നേരിട്ട് ഹാജരാക്കണം എന്ന് എന്‍ഐഎ കോടതി നിര്‍ദ്ദേശിച്ചു. മറ്റൊരു പ്രതി അസറുദ്ധീന് വിദ്ഗദ ചികിത്സ നല്‍കാനും കോടതി ഉത്തരവിട്ടു. മനോജിനെ വീഡിയോ കോണ്‍ഫറസിലൂടെ ഹാജരാക്കിയിരുന്നു. തന്റെ ദേഹത്തുള്ള പരിക്കുകള്‍ മനോജ് കാണിച്ചു കൊടുത്തു. തുടര്‍ന്നാണ് കോടതി നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
◾ വടകരയില്‍ മീന്‍മാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റ്. വടകര പുതുപ്പണം മാങ്ങില്‍ കയ്യില്‍ താമസിക്കുന്ന തോട്ടുങ്കല്‍ നൗഷാദി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
◾ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് നവംബര്‍ 22 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.
◾ ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്സല്‍ ബെന്‍ ആണ് മരിച്ചത്. ഇനയ തെഹ്‌സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്‌കൂള്‍ കൊമ്പൗണ്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. ബസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നില്‍ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിനെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
◾ ചെങ്കോട്ടയ്ക്ക് സമീപത്തെ പൊതു പാര്‍ക്കിങ് സ്ഥലത്തുവെച്ചാണ് ചെങ്കോട്ട സ്ഫോടനത്തിലെ ചാവേറായ ഉമര്‍ മുഹമ്മദ്‌സ്‌ഫോടകവസ്തുക്കള്‍ കൂട്ടിയോജിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. സുനെഹ്രിമസ്ജിദിന് സമീപമുള്ള പാര്‍ക്കിങ്ങില്‍ ചെലവഴിച്ച മൂന്ന് മണിക്കൂറിലാണ് ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ കൂട്ടിയോജിപ്പിച്ചതെന്നാണ് നിഗമനം.
◾ ചെങ്കോട്ട സ്ഫോടനക്കേസില്‍ ഡോ. ഉമര്‍ ഉന്‍ നബിയെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന അമീര്‍ റഷീദ് അലിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് പ്രതിക്കായി കോടതി നിയോഗിച്ച അഭിഭാഷക സ്മൃതി ചതുര്‍വേദിയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാര്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവര്‍ വെളിപ്പെടുത്തി.
◾ ദില്ലിയിലെ ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും അവരുടെ സഹായം സംഘത്തിനു ലഭിച്ചതായും അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഉമര്‍ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്.
◾ തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. ചേരന്‍കോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിര്‍ത്തി കഴുത്തിനു കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി മുനിരാജന്‍ അറസ്റ്റിലായിട്ടുണ്ട്.
◾ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 43 നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ചൊവ്വാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രസ്താവനകള്‍ നടത്തിയതിനാണ് നേതാക്കള്‍ക്ക് അച്ചടക്ക സമിതി നോട്ടീസ് അയച്ചതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
◾ രണ്ട് പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളായ വിന്‍സോ, ഗെയിംസ്‌ക്രാഫ്റ്റ് എന്നിവയ്ക്കെതിരെ ശക്തമായ നടപടി ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗെയിമര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ബെംഗളൂരുവും ദില്ലിയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ രണ്ട് ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്
◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് ഇന്ത്യ നയതന്ത്ര ചാനല്‍ വഴി അറിയിക്കും. ബംഗ്ളദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ ബം?ഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
◾ തീവ്രവാദക്കേസിലെ പ്രതിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീന്‍ അബ്ദുള്‍ ഖാദിര്‍ ജിലാനിയെ (40) മൂന്ന് സഹതടവുകാര്‍ ആക്രമിച്ചു. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ചൊവ്വാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച ഉന്നതതല ഭീകരാക്രമണ ഗൂഢാലോചനയില്‍ കുറ്റാരോപിതനായ ജിലാനിയെയും മറ്റ് രണ്ട് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
◾ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പാകിസ്ഥാന്‍ യുവാവിനെ വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യന്‍ സിഖ് സ്ത്രീയെ ഉപദ്രവിക്കുന്നത് നിര്‍ത്താന്‍ പൊലീസിനോട് പാകിസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഗുരുനാനക് ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഈ മാസം ആദ്യം വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തിയ 2,000 സിഖ് തീര്‍ഥാടകരില്‍ ഒരാളാണ് 48-കാരിയായ സരബ്ജിത് കൗര്‍. നവംബര്‍ 13-ന് തീര്‍ത്ഥാടകര്‍ മടങ്ങിയെങ്കിലും സരബ്ജിത് കൗറിനെ കാണാതാവുകയായിരുന്നു.
◾ ദക്ഷിണാഫ്രിക്കയില്‍ ഈ ആഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിക്കായി മോദി വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ഈജിപ്തില്‍ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും ആസിയാന്‍ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് മോദി വിട്ടുനില്‍ക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
◾ അയല്‍രാജ്യമായ ലെബനനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഐന്‍ എല്‍-ഹില്‍വേയിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം ലെബനനില്‍ ഇസ്രായേലി നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു നടന്നത്.
◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് നാളെ (നവംബര്‍ 20) പ്രാബല്യത്തില്‍ വരുംവിധം കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ( എം.സി.എല്‍.ആര്‍) ആണ് 0.05 ശതമാനം കുറച്ചത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.20 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമാകും. ഒരുമാസക്കാലവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.65ല്‍ നിന്ന് 8.60 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ളവയുടേത് 9.605 ശതമാനത്തില്‍ നിന്ന് 9.55 ശതമാനത്തിലേക്കും കുറച്ചു. ആറുമാസ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.60 ശതമാനമാണ്. നേരത്തെ ഇത് 9.65 ശതമാനമായിരുന്നു. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.70ല്‍ നിന്ന് 9.65 ശതമാനത്തിലേക്കും കുറച്ചിട്ടുണ്ട്. സ്വര്‍ണപ്പണയം, ബിസിനസ് വായ്പകള്‍, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ തുടങ്ങിയവയുടെ പലിശ നിരക്കാണ് ഇതുപ്രകാരം കുറയുക.
◾ ജിയോ അണ്‍ലിമിറ്റഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി 3-യുടെ അധിക സേവനം സൗജന്യമായി. നിലവില്‍ ജിയോ അണ്‍ലിമിറ്റഡ് 5 ജി ഉപഭോക്താക്കള്‍ക്ക് 18 മാസത്തേക്കാണ് പ്ലാന്‍ സൗജന്യമായി ലഭിക്കുക. ജിയോ ജെമിനി പ്രോ പ്ലാനിന്റെ പുതുക്കിയ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഓഫറില്‍ രണ്ട് മാറ്റങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് മാത്രം എന്ന നിലയില്‍ നടപ്പാക്കിയിരുന്ന ഓഫര്‍ യോഗ്യരായ എല്ലാ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകളിലേക്കും വ്യാപിപ്പിച്ചു. ഗൂഗിള്‍ ജെമിനിയുടെ ഏറ്റവും പുതിയ അപ്‌ഡേഷനായ ജെമിനി 3 സേവനവും ലഭിക്കും. നവംബര്‍ 18 നാണ് ഗൂഗിള്‍ ജെമിനി 3 പുറത്തിറക്കിയത്. പുതിയ പ്ലാനിലൂടെ എല്ലാ ജിയോ അണ്‍ലിമിറ്റഡ് 5 ജി തിരഞ്ഞെടുത്തവര്‍ക്കും 35100 രൂപ വിലമതിക്കുന്ന ജെമിനി പ്രോ പ്ലാന്‍ 18 മാസത്തേക്ക് സൗജന്യമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു. മൈ ജിയോ ആപ്പിലെ ക്ലൈം നൈ എന്ന ഒപ്ഷന്‍ ഉപയോഗിച്ച് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.
◾ പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്ക് 9.5 കോടി രൂപയുടെ റോള്‍സ് റോയ്സ് സമ്മാനിച്ച് വിഘ്നേഷ് ശിവന്‍. റോള്‍സ് റോയ്സിന്റെ ഇലക്ട്രിക് കാര്‍ സ്പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് സമ്മാനം. പുതിയ വാഹനത്തിനൊപ്പം നയന്‍താരയും മക്കളായ ഉയിരും ഉലകും വിഘ്നേഷും നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് റോള്‍സ് റോയ്സ്, സ്പെക്ടര്‍ ബ്ലാക് ബാഡ്ജിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ആഡംബര സൗകര്യങ്ങളില്‍ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്പെക്ടറില്‍ 102 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് മാറ്റങ്ങളൊന്നുമില്ലെങ്കിലും സ്പെക്ടര്‍ ബ്ലാക് ബാഡ്ജിന് കരുത്തു കുടുതലുണ്ട്. 530 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന സ്പെക്ടറിന്റെ കരുത്ത് 585 എച്ച്പിയും ടോര്‍ക്ക് 900 എന്‍എമ്മുമാണെങ്കില്‍. സ്പെക്ടര്‍ ബ്ലാക് ബാഡ്ജിന് 659 ബിഎച്ച്പി കരുത്തും 1075 എന്‍എം ടോര്‍ക്കുമുണ്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്‌പെക്ടറില്‍. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 34 മിനിറ്റില്‍ 10 ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
◾ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട അയേണ്‍ അടങ്ങിയ ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ പരിചയപ്പെടാം. 100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 4 മില്ലിഗ്രാം അയേണ്‍ ലഭിക്കും. അതിനാല്‍ ഇരുമ്പിന്റെ കുറവുള്ളവര്‍ക്ക് മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 100 ഗ്രാം ചീരയില്‍ 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും മറ്റ് ധാതുക്കളും അടങ്ങിയതാണ് ചീര. ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 8.8 മില്ലിഗ്രാം അയേണ്‍ വരെ ലഭിക്കും. കറുത്ത എള്ളിലും ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. ഇരുമ്പിന്റെ നല്ലൊരു ഉറവിടമാണ് ശര്‍ക്കര. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബീറ്റ്റൂട്ട് കഴിക്കുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. മഖാന കഴിക്കുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.51, പൗണ്ട് - 116.25, യൂറോ - 102.48, സ്വിസ് ഫ്രാങ്ക് - 110.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.39, ബഹറിന്‍ ദിനാര്‍ - 234.76, കുവൈത്ത് ദിനാര്‍ -288.21, ഒമാനി റിയാല്‍ - 230.20, സൗദി റിയാല്‍ - 23.60, യു.എ.ഇ ദിര്‍ഹം - 24.12, ഖത്തര്‍ റിയാല്‍ - 24.27, കനേഡിയന്‍ ഡോളര്‍ - 63.21.
Tags:
KERALA