Trending

സായാഹ്ന വാർത്തകൾ

2025 | നവംബർ 18 | ചൊവ്വ 
1201 | വൃശ്ചികം 2 |  ചോതി 

◾  ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. തീര്‍ഥാടകര്‍ ബാരിക്കേഡിനു പുറത്തിറങ്ങി സന്നിധാനത്തേക്ക് ഒഴുകിയത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് കാഴ്ചക്കാരായി മാറി. സന്നിധാനത്ത് തിക്കിലും തിരക്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എഡിജിപി എസ്. ശ്രീജിത്തിനു കത്ത് നല്‍കി. സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസറെ അദ്ദേഹം വിളിച്ചു വരുത്തി.

◾  ശബരിമലയില്‍ ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 12 മണിക്കൂറിലധികം നീളുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്കു കൂടുന്നത് നിയന്ത്രിക്കാന്‍ പമ്പ മുതല്‍ ഉണ്ടാകേണ്ട ക്രമീകരണം നിലയ്ക്കല്‍ മുതല്‍ ആരംഭിക്കാനാണ് നീക്കം. തിക്കിലും തിരക്കിലും കുടിക്കാന്‍ വെള്ളവും ഭക്ഷണവുമില്ലാതെ തീര്‍ഥാടകര്‍ വലയുകയാണ്. തീര്‍ഥാടന ഒരുക്കങ്ങളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പൊലീസും അനാസ്ഥ കാട്ടിയെന്നാണ് ആക്ഷേപം. ദര്‍ശനം നടത്താന്‍ കഴിയാതെ ആയിരങ്ങളാണ് മലയിറങ്ങുന്നത്. സന്നിധാനത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ വന്ന തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്.

◾  ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പൊലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

◾  നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ച് നിലയ്ക്കലിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ കഴിയാതെ തീര്‍ത്ഥാടകര്‍ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളില്‍ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അതാണ് തീര്‍ത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണമെന്നാണ് ആക്ഷേപം. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാന്‍ സാധാരണയായി ഉണ്ടാകാറുള്ള എന്‍ഡിആര്‍എഫ്, ആര്‍എഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്.

◾  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികള്‍ വ്യാജമാണോ എന്ന് അറിയുന്നതില്‍ നിര്‍ണായകമാണ്. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്.

◾  ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

◾  ചെങ്കോട്ടയിലെ കാര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം വിരല്‍ചൂണ്ടുന്നത് ഡോക്ടര്‍മാരടക്കം 10 പേരടങ്ങുന്ന ഒരു ഭീകര സംഘത്തിലേക്ക്. ഈ പത്തുപേരും പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൊഡ്യൂളിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരന്‍ ഹന്‍ജുല്ല എന്ന ഉമര്‍-ബിന്‍-ഖത്താബും ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍നിന്നുള്ള ഒരു ഇസ്ലാമിക പുരോഹിതനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വാഗെയുമാണ് ഈ മൊഡ്യൂളിന്റെ തലവന്‍മാരെന്നാണ് റിപ്പോര്‍ട്ട്.

◾  കേരളത്തില്‍ എസ്ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകള്‍ വിതരണം ചെയ്തതായും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎല്‍ ഒമാര്‍ക്ക് സൗകര്യം ഒരുക്കും. ക്യാമ്പുകള്‍ അടക്കം ജില്ലാ ഭരണകൂടങ്ങള്‍ സജ്ജമാക്കും. എന്യൂമറേഷന്‍ ഫോമുകള്‍ ശേഖരിക്കുന്നതിനായി കൂടുതല്‍ ഏജന്റുമാരെ നിര്‍ദേശിക്കണമെന്നും ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കണമെന്നും പാര്‍ട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

◾  ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്നും ചില ബി എല്‍ ഒ മാര്‍ ജോലി പൂര്‍ത്തിയാക്കിയെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  നിര്‍ദ്ദേശം നല്‍കി. അതേസമയം കേരളത്തില്‍ എസ് ഐ ആര്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹര്‍ജി നല്‍കിയത്.

◾  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ജോലി സമ്മര്‍ദ്ദമെന്ന ബിഎല്‍ഒമാരുടെ വ്യാപക പരാതിക്കിടെ ഈ മാസം 26നകം എന്യൂമറേഷന്‍ ഫോം ആപ്പില്‍ അപ്ലോഡ് ചെയ്യണമെന്ന് മലപ്പുറം കളക്ടറുടെ ഉത്തരവ്. 26 ന് മുമ്പായി ഫോം സ്വീകരിച്ച് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കണം. ഫോം വിതരണം ചെയ്ത് പൂരിപ്പിച്ച് വാങ്ങി എന്‍ട്രി ചെയ്യുന്നതിന് ഡിസംബര്‍ 4 വരെ സമയമുണ്ടായിരിക്കെയാണ് പുതുക്കിയ നിര്‍ദേശം.

◾  സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്‌കൂളിനെ താക്കീത് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 21കാരിയെ വ്യാജരേഖയുണ്ടാക്കി മത്സരിപ്പിച്ചതിലാണ് നടപടി. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹിയറിങ്ങില്‍ കൃത്യമായ പ്രവേശന രേഖകള്‍ സ്‌കൂള്‍ അധികൃതര്‍ ഹാജരാക്കാന്‍ തയ്യാറായിട്ടില്ല. യുപി സ്വദേശിയായ കുട്ടിയെ കുറിച്ച് കായികമേളക്ക് ശേഷം വിവരമില്ലെന്നാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

◾  പിവി അന്‍വര്‍ തദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. യുഡിഎഫ് പ്രവേശനം അന്‍വറിന്റെ നിലനില്‍പ്പിനും ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാല്‍ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാര്‍ത്ഥികളെ അന്‍വര്‍ പിന്‍വലിക്കുമെന്നും പാണക്കാട് സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. അസോസിയേറ്റ് മെമ്പറായിട്ടാകുമോ പ്രവേശനമെന്ന് മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാലക്കാട് പൊട്ടിത്തെറി. പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ കുറ്റപ്പെടുത്തി. സംഘടന പിടിക്കാന്‍ കൃഷ്ണകുമാര്‍ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയെന്നും സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ അറിഞ്ഞത് ഇന്നലെ വൈകിട്ട് 3നാണെന്നും സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.  ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന്‍ കൂട്ടിച്ചേര്‍ത്തു

◾  കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ സംവിധായകന്‍ വിഎം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം തെറ്റെന്ന് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വിഎം വിനുവിന് വോട്ടില്ലെന്ന് വിവരം പുറത്തുവന്നു.

◾  വയനാട്ടിലെ സിപ് ലൈന്‍ അപകടമെന്ന തരത്തില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച സംഭവത്തില്‍ അറസ്റ്റ്. ആലപ്പുഴ സ്വദേശി അഷ്‌കര്‍ അലിയാണ് പിടിയിലായത്. വയനാട് സൈബര്‍ സെല്‍ സി ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് അഷ്‌കര്‍ എന്ന് പൊലീസ് പറഞ്ഞു. വയനാട്ടില്‍ സിപ് ലൈന്‍ തകര്‍ന്ന് അപകടമുണ്ടായി എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു.

◾  സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വേണുവിന്റെ മരണത്തിന് ശേഷവും സഹായിക്കാന്‍ ആരുമില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു. കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന്റെ അനാസ്ഥ മാത്രമാണ് മരണ കാരണം. വേണുവിന്റെ മരണമൊഴിക്ക് വിലയുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം, ആരോഗ്യവകുപ്പ് സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും.

◾  ഫുട്‌ബോള്‍ മത്സരത്തിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തമ്പാനൂര്‍ അരിസ്റ്റോ തോപ്പില്‍ താമസിക്കുന്ന നെട്ടയം സ്വദേശി അലനെ (18) പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ടു പേരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതികളായ സന്ദീപ്, അഖില്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഘര്‍ഷത്തിനിടെയെത്തിയ പ്രതികള്‍ അലനെ ഹെല്‍മറ്റ് കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഇടതു നെഞ്ചില്‍ കുത്തുകയായിരുന്നു. മൂര്‍ച്ചയുള്ള നീണ്ട ആയുധം ഉപയോഗിച്ചാണ് കുത്തിയത്.  ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറിയതാണ് മരണകാരണമായത്.

◾  വയനാട് വന്യജീവി സങ്കേതത്തിലെ വന്യജീവി പരിചരണ കേന്ദ്രത്തില്‍ പരിചരിച്ചിരുന്ന കടുവ ചത്തു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റെയ്ഞ്ചില്‍ തിരുനെല്ലി സ്റ്റേഷന് കീഴിലെ തിരുനെല്ലിക്കടുത്തുള്ള പനവല്ലി പ്രദേശത്ത് നിരന്തരമായി വളര്‍ത്തു മൃഗങ്ങളെ പിടിച്ചതിനെ തുടര്‍ന്നാണ് 2023 സെപ്തംബര്‍ 26ന് പിടികൂടിയത്.  ഇര തേടാനുള്ള ശേഷി നഷ്ടപ്പെട്ട മൃഗത്തെ ബത്തേരിയിലെത്തിച്ച് ഹോസ്‌പൈസ് സെന്ററില്‍ തീവ്രപരിചരണം നല്‍കി വരികയായിരുന്നു.

◾  ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. റെയില്‍വേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. റെയില്‍വെ ട്രാക്കില്‍ വെച്ച് ട്രെയിന്‍ ഇടിച്ചശേഷം കാല്‍ ഭാഗം ട്രെയിനില്‍ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

◾  അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ആള്‍ സുപ്രീംകോടതിയില്‍ അപ്പീര്‍ നല്‍കി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ഇയാള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. പുകവലിക്കുന്ന ചിത്രം കവര്‍ പേജില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി'എന്ന പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.  പുസ്തകത്തില്‍ പുകവലി ചിത്രം ഉപയോഗിച്ചത് പ്രതീകാത്മകമായിട്ടാണെന്നും പുറം ചട്ടയില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രസാധകരമായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചിരുന്നു. എന്നാല്‍ പുസ്തകത്തിന് പിന്നിലെ മുന്നറിയിപ്പ് നിയമപരമായ മുന്നറിയിപ്പല്ല എന്നാണ് ഹര്‍ജിക്കാരന്റെ വാദം.

◾  ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നതായി ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ബിഹാറില്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിട്ടും ജന്‍ സുരാജ് പാര്‍ട്ടി പരാജയപ്പെട്ടു. തിരിച്ചടി അംഗീകരിക്കുന്നു. ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിയാതെ പോയത് വലിയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

◾  മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മ (43) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലില്‍ മാദ്വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്വി ഹിദ്മ. സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലില്‍ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു.

◾  സൗദി അറേബ്യയിലെ മദീനക്ക് സമീപം ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് ഹൈദരാബാദില്‍ നിന്നും തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 42 തീര്‍ത്ഥാടകര്‍ മരിച്ച സംഭവത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

◾  ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നും ഹര്‍ജിയിലുണ്ട്. ശതമാന കണക്ക് അല്ലാതെ എത്ര പേര്‍ വോട്ട് ചെയ്തെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ലെന്നും, ഫോം 20 പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും  ക്രമക്കേടുകളില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും  സത്യപ്രതിജ്ഞ ചടങ്ങുകള്‍ തടയണമെന്നും ഹര്‍ജിയില്‍  പറഞ്ഞിട്ടുണ്ട്.

◾  ബിഹാര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.അഖിലേഷ് യാദവിനെ നേതാവാക്കണമെന്നും ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിനാവില്ലെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും ലഖ്‌നൗ സെന്‍ട്രല്‍ എം എല്‍എയുമായ രവിദാസ് മെഹ്റോത്ര പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു.

◾  ബെംഗ്ളൂരു വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. ടെര്‍മിനല്‍ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വടിവാള്‍ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവര്‍മാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു. കേസില്‍ ടാക്സി ഡ്രൈവര്‍ സുഹൈല്‍ അറസ്റ്റിലായി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.

◾  ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസിന് ഓണററി ഓസ്‌കര്‍ നല്‍കി അക്കാദമി. സിനിമയിലെ ടോം ക്രൂസിന്റെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് അക്കാദമി ഓണററി ഓസ്‌കര്‍ നല്‍കിയിരിക്കുന്നത്. ഞായറാഴ്ച നടന്ന ഗവര്‍ണേഴ്‌സ് അവാര്‍ഡ്‌സില്‍ വച്ചാണ് ടോം ക്രൂസിന് പുരസ്‌കാരം നല്‍കിയത്. നേരത്തെ മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നെങ്കിലും താരത്തിന് പുരസ്‌കാരം ലഭിച്ചിരുന്നില്ല.

◾  കൂടുതല്‍ പലസ്തീനികളുമായുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ സ്വീകരിക്കാനില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. ഗാസയില്‍ നിന്ന് യാത്രാ രേഖകളോ ഒന്നുമില്ലാതെ 153 പലസ്തീനുകാര്‍ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രതികരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജൊഹനാസ്ബര്‍ഗിലെ ഒ ആര്‍ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഫ്രാന്‍സിന്റെ വിമാനത്തിലാണ് 153 പലസ്തീന്‍ സ്വദേശികളെത്തിയത്.

◾  എഫ് -35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദിക്ക് വില്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. സൗദി അറേബ്യക്ക് എഫ്-35 പോര്‍വിമാനങ്ങള്‍ വില്‍ക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഞങ്ങള്‍ എഫ് 35 വിമാനങ്ങള്‍ വില്‍ക്കും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

◾  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാം വില 160 രൂപ കുറഞ്ഞ് 11,335 രൂപയിലെത്തി. പവന്‍ വില 1,280 രൂപ കുറഞ്ഞ് 90,680 രൂപയുമായി. അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ സ്വര്‍ണ വിലയില്‍ 3,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് കുറിച്ച റെക്കോഡ് വിലയില്‍ നിന്ന് പവന്‍ വില 6,680 രൂപയും കുറഞ്ഞു. നവംബര്‍ 13ന് ശേഷം തുടര്‍ച്ചയായ വിലയിടിവ് കാണിക്കുന്ന സ്വര്‍ണ വില ഇന്നലെ ഉച്ചയ്ക്ക് ശേഷം നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും വീണ്ടും ഇടിയുകയായിരുന്നു. രാജ്യാന്തര വിലയിലുണ്ടായ വീഴ്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ 4,106.85 ഡോളറിലായിരുന്ന ഔണ്‍സ് സ്വര്‍ണ വില നിലവില്‍ 4,011.08 ഡോളറിലാണ്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 130 രൂപ കുറഞ്ഞ് 9,325 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,265 രൂപയും ഒമ്പത് കാരറ്റിന് 4,685 രൂപയുമാണ് വില. മറ്റൊരു വിഭാഗം 18 കാരറ്റിന് 130 രൂപ കുറച്ച് 9,370 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 163 രൂപയിലാണ് വ്യാപാരം. ചില കടകളില്‍ ഇത് 165 രൂപയുമാണ്.

◾  ഓപണ്‍ എ.ഐ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ജി.പി.ടി 5.1 പുറത്തിറക്കി. ജി.പി.ടി 5.1 ഇന്‍സ്റ്റന്റ്, ജി.പി.ടി 5.1 തിങ്കിങ് എന്നിങ്ങനെ രണ്ട് ഇന്റലിജന്റ് മോഡുകളാണ് ഇതിന്റെ സവിശേഷത. നിലവില്‍ ഇത് പരീക്ഷണത്തിലാണ്. ജി.പി.ടി 5.1 ഇന്‍സ്റ്റന്റ് വേഗതയേറിയതും കൂടുതല്‍ സ്വാഭാവികവുമായ വിവരങ്ങളുമാണ് പങ്കുവെക്കുന്നതെങ്കില്‍ ജി.പി.ടി 5.1 തിങ്കിങ് സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചോദ്യങ്ങളുടെ സങ്കീര്‍ണത എത്രത്തോളമാണെന്ന് ഈ രണ്ട് മോഡലുകള്‍ക്കും അളക്കാന്‍ കഴിയും. ചോദ്യങ്ങളുടെ സ്വഭാവങ്ങള്‍ക്കനുസരിച്ച് അവ മറുപടി നല്‍കുന്നു. പ്രൊഫഷനല്‍, ഫ്രണ്ട്‌ലി, കാന്‍ഡിഡ്, ക്വിര്‍ക്കി, എഫിഷ്യന്റ്, നെര്‍ഡി, സിനിക്കല്‍ എന്നിങ്ങനെ എട്ട് പേഴ്‌സണാലിറ്റി മോഡുകളും ഇതുകൂടാതെ പുതിയ എ.ഐ മോഡലിനുണ്ടാവും. ചാറ്റ് ജി.പി.ടിയുടെ പ്ലസ്, പ്രോ, ബിസിനസ് വരിക്കാര്‍ക്ക് ജി.പി.ടി 5.1 ലഭ്യമാകും. ഓരോ അഞ്ച് മണിക്കൂറിലും പത്ത് മെസേജുകള്‍ എന്ന രീതിയില്‍ ചാറ്റ് ജി.പി.ടി സൗജന്യ ഉപയോക്താക്കള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

◾  കഴിഞ്ഞ മാസത്തെ വില്‍പന കണക്കില്‍ ഹാരിയര്‍ എസ്യുവിയ്ക്കും വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ടാറ്റ. ഒക്ടോബറില്‍ ഹാരിയറിന്റെ 4483 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2024 ഒക്ടോബറില്‍ 1947 യൂണിറ്റുകള്‍ മാത്രം വിറ്റ സ്ഥാനത്താണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 130 ശതമാനത്തിന്റെ വര്‍ധനവ്. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ മാരുതിയില്‍ നിന്നും ഒന്നാംസ്ഥാനം കയ്യടക്കി. ഹാരിയര്‍ കൂടി മുന്നേറ്റം തുടരുമ്പോള്‍ ടാറ്റയ്ക്കിത് ഇരട്ടിമധുരത്തിന്റെ കാലമാണ്. ഫിയര്‍ലെസ്, പ്യുവര്‍, അഡ്വഞ്ചര്‍ തുടങ്ങി വിവിധ പെര്‍സോണകളില്‍ ഹാരിയര്‍ ലഭിക്കും. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കുന്ന 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വാഹനത്തിനു കരുത്തേകുന്നു. ഇത് മിഡ് റേഞ്ച് ലോങ് ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു. ഇക്കോ, സിറ്റി, സ്പോര്‍ട്സ് ഡ്രൈവ് മോഡുകളും നോര്‍മല്‍, വെറ്റ്, റഫ് ടെറൈന്‍ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സുകള്‍. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഹാരിയറിന് ഫുള്‍ മാര്‍ക്കാണ്. ഏഴ് എയര്‍ബാഗുകള്‍, ഇഎസ്സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുണ്ട്.

◾  മഗ്നീഷ്യവും സിങ്കും നിറയെ ആന്റിഓക്സിഡന്റുകളും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഓപ്ഷനാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ അടങ്ങിയ മഗ്നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറച്ചുകൊണ്ട് ആരോഗ്യകരമായ കൊളസ്ട്രോള്‍ നിലനിര്‍ത്താനും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതില്‍ അടങ്ങിയ സിങ്ക് സഹായിക്കും. കൂടാതെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും ശരീരവീക്കം കുറച്ച്, രക്തക്കുഴലുകള്‍ തകരാറിലാകുന്നത് തടയാനും സഹായിക്കുന്നതാണ്. മാഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് മത്തങ്ങ വിത്തുകള്‍. ഇതില്‍ അടങ്ങിയ പ്രോട്ടീനും നാരുകളും കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരമായി നിലനിര്‍ത്തുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു. പോഷകഗുണങ്ങള്‍ നിരവധി ഉണ്ടെന്ന് പറയുമ്പോഴും മിതത്വം പാലിക്കുക എന്നത് പ്രധാനമാണ്. സോഡിയത്തിന്റെ അളവു കൂടുതല്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ മത്തങ്ങ വിത്തുകള്‍ ഒഴിവാക്കണം. ദഹനപ്രശ്നമുള്ളപ്പോഴും മത്തങ്ങ വിത്തുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നട്സിനോടും വിത്തുകളോടും അലര്‍ജി ഉള്ളവര്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. മത്തങ്ങ വിത്തുകള്‍ക്ക് കലോറി കൂടുതലാണ്. അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദം ഉള്ളവരിലും രക്തം കട്ടിയാക്കല്‍ മരുന്നുകള്‍ കഴിക്കുന്നവരിലും മത്തങ്ങ വിത്തുകള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.59, പൗണ്ട് - 116.70, യൂറോ - 102.81, സ്വിസ് ഫ്രാങ്ക് - 111.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.56, ബഹറിന്‍ ദിനാര്‍ - 234.98, കുവൈത്ത് ദിനാര്‍ -288.79, ഒമാനി റിയാല്‍ - 230.42, സൗദി റിയാല്‍ - 23.62, യു.എ.ഇ ദിര്‍ഹം - 24.12, ഖത്തര്‍ റിയാല്‍ - 24.29, കനേഡിയന്‍ ഡോളര്‍ - 63.11.
Previous Post Next Post
3/TECH/col-right