Trending

സായാഹ്ന വാർത്തകൾ.

2025 | നവംബർ 15 | ശനി 
1201 | തുലാം 29 | ഉത്രം 

◾ ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധന സമയത്ത് പോലീസ് സ്റ്റേഷനിലുണ്ടായിരുന്നതായി സൂചനയുണ്ട്. പോലീസുകാരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. 13 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ മുസമ്മില്‍ ഷക്കീല്‍ ഹരിയാണയിലെ ഫരീദാബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് മുസമ്മില്‍ ഷക്കീലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഇവയുടെ പരിശോധനക്കിടെയായിരുന്നു അപകടം.

◾ ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സ്ഫോടനത്തില്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ രണ്ട് വീഡിയോഗ്രാഫര്‍മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കളുടെ പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.

◾ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പ്രസിഡന്റായുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. മുന്‍മന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ചുമതലയേറ്റു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വര്‍ഷത്തേക്കാണ് കെ ജയകുമാറിന്റെ കാലാവധി. പ്രസിഡന്റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി.

◾ ശബരിമല സ്വര്‍ണക്കൊളള പോലെയുള്ള സംഭവ വികാസങ്ങള്‍ ഇനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാര്‍. ഇനി വിശ്വാസം വ്രണപ്പെടില്ലെന്നും ഭക്തര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്ത്. ശബരിമലയിലെ സ്വര്‍ണകൊള്ള ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും 2025ല്‍ വീണ്ടും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ കോടതിയെ അറിയിക്കാതിരുന്നതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു. മനസ്സാക്ഷിക്ക് മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സത്യസന്ധമായും സുതാര്യമായും ആണ് എല്ലാം ചെയ്തിട്ടുള്ളതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

◾ തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാര്‍ത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും, ജില്ലാ പഞ്ചായത്തില്‍ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ പരമാവധി 75,000 രൂപയും, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാര്‍ത്ഥിയോ, തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്.

◾ ശശി തരൂര്‍ ബിജെപിയുമായി അടുക്കുന്നു എന്ന് അഭിപ്രായമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തോട് യോജിക്കുന്നുവെന്നും കഴിവുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

◾ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്‍. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കോഴിക്കോടേക്ക് താമസം മാറ്റുന്നത് നന്നായെന്നും അങ്ങനെയെങ്കിലും പാര്‍ട്ടിക്ക് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് കരുതിക്കാണും എന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇത് തീര്‍ത്തും അപക്വമായിപ്പോയെന്ന് എംവി ജയരാജന്‍ കുറ്റപ്പെടുത്തി.

◾ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എന്‍വി ബാബുരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചയെന്ന് ആരോപിച്ചാണ് രാജി. എരഞ്ഞിപ്പാലം വാര്‍ഡില്‍ കെപിസിസി സ്ഥാനാര്‍ഥി നിര്‍ണയ മാര്‍ഗരേഖ അട്ടിമറിച്ചുവെന്നും വാര്‍ഡ് കമ്മിറ്റി നല്‍കിയ പേരുകള്‍ പരിഗണിച്ചില്ലെന്നും എന്‍വി ബാബുരാജ് വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു.

◾ തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി രാജിവച്ചു. കോര്‍പ്പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചത്. എന്‍സിപിയില്‍ ചേരുമെന്നും ഒല്ലൂര്‍ ഡിവിഷനില്‍ എന്‍സിപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു.

◾ തൃശൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ചാണ്ടിയും, കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഷോമി ഫ്രാന്‍സിസും രാജിവച്ചു.

◾ മലപ്പുറം തിരൂരങ്ങാടി നഗരസഭയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വീട് ഉള്‍പ്പെടുന്ന 25-ാം ഡിവിഷനിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കാലൊടി സുലൈഖയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം. വിമതയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് സുലൈഖയെ നീക്കിയിരുന്നു. തിരൂരങ്ങാടി മുന്‍സിപ്പല്‍ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി, എസ്ടിയു ജില്ലാ ജോയിന്റ് സെക്രട്ടിറ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ ഭാരവാഹിത്വത്തില്‍ നിന്നാണ് സുലൈഖയെ മാറ്റിയത്.

◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുട്ടടയില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു. സിപിഎം നല്‍കിയ പരാതി ശരിവെച്ചാണ് കമ്മിഷന്റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം. അതേസമയം നടപടിക്കെതിരെ അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

◾ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ടാണ് ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹാല്‍ സിനിമയുടെ സംവിധായകന്‍ റഫീഖ് വീര. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം അടക്കം ഒഴിവാക്കാമെന്ന് കക്ഷികളായ തങ്ങള്‍ കോടതിയെ അറിയിച്ചിട്ടില്ലെന്നും ഇത് അഭിഭാഷകന് സംഭവിച്ച പിഴവ് ആണെന്നും സംവിധായകന്‍ റഫീക് വീര പറഞ്ഞു. ഹൈക്കോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

◾ കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനില്‍ എത്തിയ പൊലീസുകാരന്റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത്.

◾ ആലപ്പുഴ അരൂര്‍ തുറവൂര്‍ ഉയരപ്പാതനിര്‍മ്മാണ മേഖലയിലെ ഗര്‍ഡര്‍ അപകടത്തില്‍ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിര്‍ദേശം നല്‍കി. നിര്‍മ്മാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. ഐആര്‍സി മാനദണ്ഡങ്ങള്‍ നിര്‍മാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ കരാര്‍ കമ്പനിയെ നിര്‍മാണ ചുമതലയില്‍ നിന്ന് ഒഴിവാക്കും.

◾ ആലപ്പുഴ അരൂര്‍ തുറവൂര്‍ ഉയരപ്പാതനിര്‍മ്മാണ മേഖലയിലെ ഗര്‍ഡര്‍ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം. എന്‍എച്ച്എഐ നിയോഗിച്ച വിദഗ്ധ സംഘം ഗര്‍ഡര്‍ തകര്‍ന്ന് വീണ ഇടം സന്ദര്‍ശിച്ചു. വിദഗ്ധ സമിതി അംഗങ്ങളായ എ കെ ശ്രീവാസ്തവ, എസ് എച്ച് അശോക് കുമാര്‍ മാത്തൂര്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. വിദഗ്ധ സമിതി നാളെ റിപ്പോര്‍ട്ട് നല്‍കും.

◾ കണ്ണൂര്‍ പാലത്തായിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ശിക്ഷ വിധിക്കും. ശിക്ഷവിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

◾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും സിപിഎമ്മും. മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിജെപിയും വ്യക്തമാക്കിയെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യങ്ങളോട് മുഖംതിരിച്ചു. സമയബന്ധിതമായി എസ്ഐആര്‍ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

◾ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയ തകര്‍പ്പന്‍ വിജയം വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിജയത്തെ അദ്ദേഹം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, ഇന്നു മുതല്‍ ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

◾ ബിഹാറിന് ശേഷം ഇനി ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാള്‍ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ശക്തമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷ് അടക്കം മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

◾ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫലം കൃത്യമായി വിശകലനം ചെയ്യുമെന്നും വലിയ തട്ടിപ്പുകള്‍ നടന്നുവെന്നും അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു

◾ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടിയതിനുപിന്നാലെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ അഭിനന്ദിച്ചും ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ചും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഖ്യാതി അതിന്റെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഈ രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മിഷനെ ആവശ്യമുണ്ടെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

◾ ബിഹാറിലെ വന്‍ വിജയത്തിന് പിന്നാലെ വിമത നേതാക്കള്‍ക്കെതിരെ നടപടിയുമായി ബിജെപി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്‍.കെ. സിങ്ങിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

◾ കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാന്‍ കൂട്ടത്തോടെ വ്യാജ അപേക്ഷകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ആദ്യ അറസ്റ്റ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബാപ്പി ആദിയ (27) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

◾ കൊല്‍ക്കത്തയിലെ എസ്ര സ്ട്രീറ്റില്‍ വന്‍ തീപിടിത്തം. മുന്നൂറോളം കടകള്‍ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കൊല്‍ക്കത്ത സെന്‍ട്രല്‍ ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജി പ്രതികരിച്ചു.ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു.

◾ ഡല്‍ഹി ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ഷഹീന്‍ ഷാഹിദ് ദുബായിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം. പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ച ഇയാള്‍, കൂട്ടാളികള്‍ പദ്ധതിക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ദുബായിലേക്ക് കടക്കാന്‍ ഒരുങ്ങുകയായിരുന്നുവെന്നാണ് വിവരം.

◾ ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പത്താന്‍കോട്ടില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി പിടിയില്‍. റയീസ് അഹമ്മദ് എന്ന സര്‍ജനാണ് പിടിയിലായത്. ഇയാള്‍ പലതവണ അല്‍ഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. ഹരിയാനയില്‍ നൂഹിലടക്കം വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കി.

◾ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പൊതുസ്ഥലത്ത് വെച്ച് മര്‍ദിച്ച ഡിഎസ്പിക്ക് സസ്പെന്‍ഷന്‍. ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറായ അസര്‍ ഖാനെ മര്‍ദിച്ച ഡിഎസ്പി സുനില്‍ സിങിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ജമ്മു കശ്മീരിലെ ഗാന്ധിനഗറില്‍ ട്രാഫിക് ബ്ലോക്കില്‍ വെച്ചാണ് അസര്‍ ഖാനെ സുനില്‍ സിങ് മര്‍ദിച്ചത്.അസര്‍ ഖാന്‍ തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന വാഹനം വാനില്‍ ഇടിച്ച് ഗാന്ധിനഗറില്‍ വന്‍ ട്രാഫിക് കുരുക്കുണ്ടായി. ഇതേ തുടര്‍ന്നായിരുന്നു മര്‍ദ്ദനം

◾ യുഎസ് കോണ്‍ഗ്രസ് അംഗം മാര്‍ജറി ടെയ്‌ലര്‍ ഗ്രീനിനെ തള്ളി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാര്‍ജറിക്കുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. തീവ്ര വലതുപക്ഷ നിലപാടുള്ള മാര്‍ജറിയെ വെളിവില്ലാത്തവിഡ്ഢിയാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

◾ ബീഫ്, തക്കാളി, വാഴപ്പഴം തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ തീരുവ പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പലചരക്ക് സാധനങ്ങളുടെ ഉയര്‍ന്ന വിലയെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ വന്‍ ഇറക്കുമതി തീരുവകള്‍ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം.

◾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ രണ്ടാംദിനം ഇന്ത്യ 189-ന് പുറത്ത്. ആതിഥേയര്‍ക്ക്30 റണ്‍സിന്റെ ലീഡാണുള്ളത്. 39 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി സിമണ്‍ ഹാര്‍മര്‍ നാലും മാര്‍ക്കോ ജാന്‍സന്‍ മൂന്നും വിക്കറ്റുകള്‍ നേടി.

◾ ഐപിഎല്‍ 2026-ന് മുന്നോടിയായുള്ള താരങ്ങളുടെ കൈമാറ്റപ്പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിലേക്കും പകരമായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നതുമാണ് ഏറ്റവും ശ്രദ്ധേയമായകൈമാറ്റം. കരാറിന്റെ ഭാഗമായി ജഡേജ ലീഗ് ഫീ 18 കോടി രൂപയില്‍നിന്ന് 14 കോടി രൂപയാക്കി കുറച്ചു. അതേസമയം സഞ്ജു സാംസണ്‍, നിലവിലെ മാച്ച് ഫീയായ 18 കോടി രൂപയ്ക്ക് തന്നെയാണ് സിഎസ്‌കെയിലെത്തിയത്. മുഹമ്മദ് ഷമി സണ്‍ റൈസേഴ്‌സ് ഹൈദരാബാദില്‍നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയത് നിലവിലെ മാച്ച് ഫീയായ 10 കോടി രൂപയ്ക്ക് തന്നെയാണ്.

◾ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയിലുമെത്തി. ഈ മാസം 13ന് രേഖപ്പെടുത്തിയ പവന് 94,320 രൂപയാണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന വില. കഴിഞ്ഞ ദിവസം രണ്ട് തവണയായി 1,160 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ പവന് 2,600 രൂപ കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 9,430 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,345 രൂപയും 9 കാരറ്റിന് 4,740 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 170 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 99,250 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താണിത്.

◾ ചാറ്റ് ജി.പി.ടി, പെര്‍പ്ലെക്‌സിറ്റി പോലുള്ള എ.ഐ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ബദലുമായി ഇന്ത്യ. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സൗജന്യ എ.ഐ ആന്‍സര്‍ എഞ്ചിനായ കൈവെക്‌സ് പുറത്തിറക്കി ശതകോടീശ്വരന്‍ പേള്‍ കപൂര്‍. ആദ്യ ഘട്ടത്തില്‍ വെബ്ബില്‍ മാത്രമാണ് സേവനങ്ങള്‍ ലഭിക്കുക. പതിയെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുമെന്നും കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കി. സാധാരണ എ.ഐ മോഡലുകളെപ്പോലെയല്ല കൈവെക്‌സിന്റെ പ്രവര്‍ത്തനം. സ്വന്തമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഗവേഷണം നടത്തി ഉത്തരം നല്‍കാന്‍ ഈ മോഡലിന് കഴിയും. ഊഹങ്ങളെ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം കൃത്യമായി ഉത്തരം നല്‍കാനുള്ള കഴിവാണ് കൈവെക്‌സിനെ വ്യത്യസ്തമാക്കുന്നതെന്നും കമ്പനി പറയുന്നു. മലയാളം ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്.

◾ ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കാവസാക്കി തങ്ങളുടെ പുതിയ സൂപ്പര്‍നേക്കഡ് മോട്ടോര്‍സൈക്കിളായ ഇസെഡ്1100 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.അതിന്റെ എക്സ്-ഷോറൂം വില 12.79 ലക്ഷം രൂപ ആണ്. വളരെക്കാലമായി നിര്‍ത്തലാക്കിയ ഇസെഡ്1000 ന് പകരമായി വരുന്ന ഈ മോഡല്‍, ബ്രാന്‍ഡിന്റെ വ്യാപാരമുദ്രയായ സുഗോമി ഡിസൈന്‍ ഫിലോസഫി നിലനിര്‍ത്തിക്കൊണ്ട് വലിയ എഞ്ചിന്‍, ആധുനിക സാങ്കേതികവിദ്യ, ആധുനിക മെക്കാനിക്കലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. നിന്‍ജ 1100എസ്എക്സില്‍ നിന്ന് കടമെടുത്ത 1,099 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 9,000 ആര്‍പിഎമ്മില്‍ 136 ബിഎച്പി കരുത്തും 7,600 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് ദിശകളിലേക്കും ക്ലച്ച്ലെസ് ഷിഫ്റ്റിംഗിനായി കാവസാക്കിയുടെ ക്വിക്ക് ഷിഫ്റ്റര്‍ സിസ്റ്റം ഉള്‍പ്പെടുന്ന ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.

◾ വിഷാദ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ചുവന്ന പഴങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. തക്കാളി, തണ്ണിമത്തന്‍ പോലുള്ള ചുവന്ന പഴങ്ങളില്‍ കാണപ്പെടുന്ന പ്രത്യേകതരം ആന്റിഓക്സിഡന്റ് ആയ ലൈക്കോപീന്‍ വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു. ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് ആണ് പഴങ്ങള്‍ക്ക് ചുവന്ന നിറം നല്‍കുന്നത്. ഇവ തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണത്തില്‍ ലൈക്കോപീന്‍ പതിവായി നല്‍കിയ എലികള്‍ കൂടുതല്‍ സാമൂഹികവും സംവേദനാത്മകവുമായി മാറിയതായി കണ്ടെത്തി. വിഷാദം പൊതുവെ മാനസികാവസ്ഥ മോശമാക്കുന്നതിനാല്‍ സാമൂഹിക പെരുമാറ്റത്തിലെ പുരോഗതി പ്രതീക്ഷ നല്‍കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ വിഷാദത്തിലാകുമ്പോള്‍ തലച്ചോറിലെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ദുര്‍ബലമാകുന്നു. ഇത് തലച്ചോറിലെ വൈകാരിക പ്രോസസ്സിംഗ്, മെമ്മറി എന്നിവയുമായി ബന്ധപ്പെട്ട ഭാഗമായ ഹിപ്പോകാമ്പസിനെയും ബാധിക്കുന്നു. ലൈക്കോപീന്‍ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയെന്നും ഗവേഷകര്‍ പറഞ്ഞു. തലച്ചോറിലെ കോശങ്ങളുടെ നിലനില്‍പ്പിനും ആശയവിനിമയത്തിനും അത്യാവശ്യമായ ബ്രെയിന്‍-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ അളവ് ലൈക്കോപീന്‍ വര്‍ധിപ്പിച്ചുവെന്ന് പഠനം വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ കൂടുതല്‍ പരീക്ഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം പഠനത്തില്‍ മനുഷ്യര്‍ക്ക് ലൈക്കോപീന്‍ വളരെ ഉയര്‍ന്ന അളവില്‍ ആവശ്യമാണ്. (ശരാശരി മുതിര്‍ന്ന ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 110 മില്ലിഗ്രാം).

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.69, പൗണ്ട് - 117.09, യൂറോ - 103.07, സ്വിസ് ഫ്രാങ്ക് - 111.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.97, ബഹറിന്‍ ദിനാര്‍ - 235.30, കുവൈത്ത് ദിനാര്‍ -289.22, ഒമാനി റിയാല്‍ - 230.70, സൗദി റിയാല്‍ - 23.66, യു.എ.ഇ ദിര്‍ഹം - 24.14, ഖത്തര്‍ റിയാല്‍ - 24.36, കനേഡിയന്‍ ഡോളര്‍ - 63.25.
Previous Post Next Post
3/TECH/col-right