2025 നവംബർ 14 വെള്ളി
1201 തുലാം 28 പൂരം
◾ ബീഹാറില്‍ എന്‍ഡിഎയുടെ തേരോട്ടം. ആര്‍ജെഡിയും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിന് അപ്പുറത്തേക്ക് എന്‍ഡിഎയുടെ വന്‍കുതിപ്പ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ 200 ല്‍ അധികം സീറ്റുമായാണ് എന്‍ഡിഎയുടെ മുന്നേറ്റം. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വലിയ തകര്‍ച്ചയാണ് ഉണ്ടായത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ചയാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.
◾ ബിഹാറിലെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായാലും പടക്കം പൊട്ടിക്കരുത് എന്നും ആഘോഷങ്ങള്‍ ലളിതമായി നടത്തണമെന്നും എല്ലാ നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി ബിജെപി നേതൃത്വം. അടുത്തിടെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. അതേസമയം നിരത്തുകള്‍ കൈയേറിയുള്ള എല്ലാ ആഘോഷങ്ങള്‍ക്കും ഇന്നത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം . ഈ മാസം 16 വരെ പാറ്റ്ന നഗരത്തില്‍ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
◾ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ മുഖമായ തേജ്വസി യാദവ് പിന്നില്‍. രാഘവ്പൂര്‍ മണ്ഡലത്തില്‍ ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാറാണ് മുന്നില്‍ നില്‍ക്കുന്നത്. ഹാട്രിക് വിജയം തേടിയാണ് ഇത്തവണ തേജസ്വി മത്സരത്തിനിറങ്ങിയത് എന്നാല്‍, അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. തേജസ്വി കൂടെ പിന്നിലായത് പ്രതിപക്ഷത്തിന് കനത്ത് ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.
◾ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ബിഹാറില്‍ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ബിഹാര്‍ തീരുമാനിച്ചുവെന്നും ബിഹാറിലെ യുവജനങ്ങള്‍ ബുദ്ധിശാലികളാണെന്നും കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സര്‍ക്കാരിനെ ബിഹാര്‍ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതല്‍ വ്യക്തമായിരുന്നുവെന്നും നമ്മള്‍ ബിഹാര്‍ നേടിയെന്നും ഇനി ബംഗാളിന്റെ ഊഴമാണെന്നും മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
◾ ബിഹാറില്‍ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ വ്യക്തമാക്കി. എന്‍ഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞുവെന്നും ഇത്തവണ എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോ എന്നത് പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഇത് മോദിയുടെയും നിതീഷിന്റെയം നേതൃത്വത്തിന്റെ വിജയമാണെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെത് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്നും അനില്‍ ആന്റണി പരിഹസിച്ചു.
◾ ബിഹാറിലെ കോണ്‍ഗ്രസിന്റെ പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും എവിടെയാണ് തെറ്റു പറ്റിയതെന്ന് പരിശോധിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരുകളെ തടയാനും കഴിയില്ല. പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
◾ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം വലിയ തിരിച്ചടി നേരിടുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. വോട്ടര്‍ പട്ടികകളിലെ പൊരുത്തക്കേടുകളെ കുറിച്ച് ഉന്നയിച്ച നിരവധി ആക്ഷേപങ്ങള്‍ അവഗണിക്കപ്പെട്ടു എന്നും ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി-ജെഡി(യു) അല്ല എസ്ഐആര്‍ ആണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾ സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍. ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവ് പൂര്‍ത്തിയാകുന്നത് വരെയുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു റവാഡ ചന്ദ്ര ശേഖര്‍.
◾ ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷമായി മാറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ പരാമര്‍ശങ്ങള്‍ ബോധ്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചുവെന്നും രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍ എന്നും ഹസന്‍ വിമര്‍ശിച്ചു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചതെന്നും മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നതെന്നും നെഹ്റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന്‍ ഇത്രയും പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിലും മുസ്ലീം ലീഗില്‍ തര്‍ക്കം. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വേങ്ങരയില്‍ ചേര്‍ന്ന ലീഗ് യോഗത്തില്‍ കയ്യാങ്കളി. ഇതോടെ 20-ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായ പറമ്പില്‍ ഖാദറിന് വേണ്ടി ഒരു വിഭാഗവും മുന്‍വാര്‍ഡ് മെമ്പറായ സി പി ഖാദറിനുവേണ്ടി ഒരു വിഭാഗവും രംഗത്തുവന്നതോടെയാണ് രംഗം വഷളായത്.
◾ വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആര്‍ജെഡിയും രണ്ട് വീതം സീറ്റു കളിലും എന്‍സിപിയും കേരള കോണ്‍ഗ്രസ് എമ്മും ഓരോ സീറ്റുകളിലും മത്സരിക്കും. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കണിയാംപറ്റ ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയാണ് സീറ്റ് ധാരണ പൂര്‍ത്തിയാക്കിയത്.
◾ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ തലസ്ഥാനത്ത് നിന്നും തന്റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റുന്നതിനായി അനുമതി തേടി സിപിഎം നേതൃത്വത്തെ സമീപിച്ചു. ഇനി നിയമസഭയിലോ, പാര്‍ലമെന്റിലേക്കോ പരിഗണിക്കാനാണ് തിരുമാനമെന്നതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവും കുടുംബവും കോഴിക്കോട് ആയതിനാല്‍ അവിടേക്ക് മാറാന്‍ താല്‍പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി സിപിഎം. കണ്ണൂര്‍ ആന്തൂര്‍ നഗരസഭ ആറാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ജബ്ബാര്‍ ഇബ്രാഹിമിനെയാണ് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് മാറ്റിയത്. ജബ്ബാറിന് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ഉണ്ടായിരുന്നതായി സിപിഎം പറയുന്നു. ഇതേ തുടര്‍ന്ന് ജബ്ബാര്‍ ഇബ്രാഹിമിന് പകരം വി പ്രേമരാജനെ സ്ഥാനാര്‍ത്ഥിയാക്കി.
◾ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗര്‍ഭ പവര്‍ഹൗസ് പൂര്‍ണ്ണമായും ഷട്ട് ഡൗണ്‍ ചെയ്തുള്ള അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. പെന്‍സ്റ്റോക്കിലെയും പ്രഷര്‍ ടണലിലെയും ജലം പൂര്‍ണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തിയതായി മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളില്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താണ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയത്.
◾ തിരുവനന്തപുരം ജില്ലയിലെ കരമന സ്റ്റേഷനില്‍ നിന്നും പെറ്റിത്തുക റൈറ്റര്‍ തട്ടിയെടുത്തതായി കണ്ടെത്തല്‍. 20,000രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. റൈറ്റര്‍ ഷിജി വിന്‍സന്റിനെ കമ്മിഷണര്‍ സസ്പെന്റ് ചെയ്തിരിക്കുകയാണ്. മൂന്നു വര്‍ഷമായി കരമന സ്റ്റേഷനില്‍ റൈറ്റര്‍ ആയിരുന്നു ഷിജി വിന്‍സെന്റ്. സ്റ്റേഷനില്‍ വിശദമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾ ആലപ്പുഴ അരൂര്‍ തുറവൂര്‍ ഉയരപ്പാതനിര്‍മ്മാണ മേഖലയിലെ ഗര്‍ഡര്‍ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം. എന്‍എച്ച്എഐ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങളായ എ കെ ശ്രീവാസ്തവ, എസ് എച്ച് അശോക് കുമാര്‍ മാത്തൂര്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. വിദഗ്ധ സമിതി നാളെ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എന്‍എച്ച്എഐയുടെ തുടര്‍ നടപടികള്‍.
◾ വര്‍ക്കലയില്‍ ട്രെയിന്‍ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട കേസിലെ പ്രതി സുരേഷ് കുമാറിനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു. എന്നാല്‍ കേസിലെ മുഖ്യസാക്ഷികളില്‍ ഒരാളായ ട്രെയിന്‍ യാത്രക്കാരനെ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
◾ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം ഇരുപത്തിയൊന്നാണ് നാമനിര്‍ദേശ പത്രിക നല്‍കാനുളള അവസാന തീയതി. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക നല്‍കാം. വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം.
◾ തൃശൂര്‍ കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ രാത്രി റോഡരികില്‍ ഇരുന്നിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ അകാരണമായി മര്‍ദിച്ച കുന്നംകുളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വൈശാഖിനെ സ്ഥലം മാറ്റി. തൃശൂര്‍ ഒല്ലൂരിലേക്കാണ് സ്ഥലം മാറ്റിയത്.
◾ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കടവത്തൂര്‍ സ്വദേശി കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി അതിവേഗ പോക്സോ കോടതി. പ്രതിക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
◾ വിശാഖപട്ടണത്ത് വന്‍തോതില്‍ ബീഫ് പിടിച്ചെടുത്ത സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും സഖ്യകക്ഷികളും മൗനം പാലിക്കുന്നതിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് അമ്പാട്ടി റാംബാബു രംഗത്തെത്തി. ഒക്ടോബര്‍ 3 ന് വിശാഖപട്ടണത്തിലെ കോള്‍ഡ് സ്റ്റോറേജ് സൗകര്യത്തില്‍ നിന്നാണ് ഏകദേശം രണ്ട് ലക്ഷം കിലോ ബീഫ് പിടിച്ചെടുത്തതെന്നും ഈ സംഭവം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ടിഡിപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തില്‍ ചാവേറായ ഭീകരന്‍ ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അതേസമയം ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചുവെന്നും യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറില്‍ പിടിയിലായ ആദില്‍ റാത്തറുടെ സഹോദരന്‍ മുസാഫറാണ് എന്നുമാണ് വിവരം. ശ്രീനഗറില്‍ പിടിയിലായ ആദില്‍ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്.
◾ ജമ്മു കശ്മീരിലെ സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ പിടിയിലായി. സുരക്ഷാ സേനയുടെ പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറില്‍ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേര്‍ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടി.
◾ ഇന്ത്യന്‍ സൈന്യത്തിനായി അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി എത്തിയ ചരക്കുവിമാനത്തിന് തുര്‍ക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോര്‍ട്ട്. എട്ട് ദിവസം ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളത്തില്‍ തങ്ങിയ വിമാനം ഒടുവില്‍ യുഎസിലേക്ക് പറന്നു. ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിന് പിന്നീട് തുര്‍ക്കി വ്യോമപാത നിഷേധിച്ചുവെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
◾ ചൈനീസ് ബഹിരാകാശ നിലയമായ ടിയാംഗോങ്ങില്‍ ഡോക്ക് ചെയ്ത ഷെന്‍സോ 20 ലെ ബഹിരാകാശ സഞ്ചാരികളുടെ മടക്കം ഷെന്‍സോ 21 പേടകത്തിലായിരിക്കുമെന്ന് അറിയിപ്പ്. ഷെന്‍സോ 20 പേടകത്തില്‍ ബഹിരാകാശ മാലിന്യമിടിച്ച് തകരാര്‍ സംഭവിച്ചതോടെയാണ് ബഹിരാകാശ സഞ്ചാരികളുടെ മടക്കം സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തത്.
◾ തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത പ്രസംഗം ഉള്‍പ്പെടുത്തിയതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് മാപ്പ് പറഞ്ഞ് ബിബിസി. എന്നാല്‍, അപകീര്‍ത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതിന്റെ പേരില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സമീര്‍ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയില്‍ അറിയിച്ചു.
◾ വ്യാപാരക്കരാറിലേക്ക് എത്തിയതോടെ നാല് രാജ്യങ്ങളില്‍ നിന്നുള്ള ചില ഉത്പ്പന്നങ്ങളുടെ താരിഫില്‍ ഇളവ് വരുത്തി അമേരിക്ക. അര്‍ജന്റീന, ഇക്വഡോര്‍, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇറക്കുമതി ചെയ്യുന്ന ചില ഭക്ഷ്യവസ്തുക്കളുടെ താരിഫ് നീക്കാനുള്ള തീരുമാനം. ഈ രാജ്യങ്ങളുമായുണ്ടാക്കിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ യു.എസ്. കമ്പനികള്‍ക്ക് രാജ്യങ്ങളിലെ വിപണികളില്‍ കൂടുതല്‍ വ്യാപാരം ചെയ്യാനുമാകും. ഈ നാല് രാജ്യങ്ങളുമായുള്ള മിക്ക കരാറുകളും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അന്തിമമായേക്കും.
◾ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് 159 റണ്‍സിന് അവസാനിച്ചു. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു കളഞ്ഞത്.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 93,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 11,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്നലെ വിപണിയില്‍ കണ്ടത്. ഇന്നലെ രാവിലെ പവന് 1680 രൂപ വര്‍ധിച്ച് വില 93,720 എത്തി. വൈകുന്നേരത്തോടെ ഇത് 94,320 എത്തി 95,000 കടക്കുമെന്ന സൂചന നല്‍കിയെങ്കിലും ഇന്ന് വില തിരിച്ചിറങ്ങുകയായിരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 55 രൂപ കുറഞ്ഞ് 9,640 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,510 രൂപയിലുമെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,845 രൂപയിലാണ് 9 കാരറ്റ് സ്വര്‍ണത്തിന്റെ വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 172 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം.ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
◾ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി സുരക്ഷിതമായും സ്വകാര്യമായും അവതരിപ്പിക്കാന്‍ കഴിയുന്ന 'ഡിജിറ്റല്‍ ഐഡി' എന്ന പുതിയ സവിശേഷത ആപ്പിള്‍ അവതരിപ്പിച്ചു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ആപ്പിള്‍ വാലറ്റില്‍ ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാനും അത് ഐഫോണോ ആപ്പിള്‍ വാച്ചോ ഉപയോഗിച്ച് എളുപ്പത്തില്‍ അവതരിപ്പിക്കാനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. നിലവില്‍ യുഎസ് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാന്‍ സാധിക്കുക. ഭാവിയില്‍ ഈ സവിശേഷത വ്യാപകമായി കമ്പനി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. യുഎസിലെ 250-ല്‍ അധികം വിമാനത്താവളങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ചെക്ക്‌പോസ്റ്റുകളില്‍ ആഭ്യന്തര യാത്രകള്‍ക്കുള്ള തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഈ ഡിജിറ്റല്‍ ഐഡി ഉപയോഗിക്കാന്‍ കഴിയും. ഒരു ഐഡന്റിറ്റി റീഡറിന് അടുത്ത് ഐഫോണ്‍ പിടിക്കുകയും, ആവശ്യപ്പെടുന്ന വിവരങ്ങള്‍ പരിശോധിച്ച് ഫെയ്‌സ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി ഉപയോഗിച്ച് അംഗീകാരം നല്‍കുകയും ചെയ്താല്‍ മതി. ഇത് മോഷണം, ഡ്യുപ്ലിക്കേഷന്‍ തുടങ്ങിയവയില്‍ നിന്ന് രേഖകള്‍ക്ക് സംരക്ഷണം നല്‍കുന്നു.
◾ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളില്‍ ഒരാളായ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന 'റിവോള്‍വര്‍ റീറ്റ' എന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തുവന്നു. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തില്‍ വൈവിധ്യമാര്‍ന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്ലര്‍ വ്യക്തമാക്കുന്നു. സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോള്‍വര്‍ റിറ്റ'. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോണ്‍ റോള്‍ഡന്‍ ആണ്. റിവോള്‍വര്‍ റിറ്റയില്‍, കീര്‍ത്തിക്കൊപ്പം രാധിക ശരത്കുമാര്‍, റെഡിന്‍ കിംഗ്സ്ലി, മിമി ഗോപി, സെന്‍ട്രയന്‍, സൂപ്പര്‍ സുബ്ബരായന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നവംബര്‍ 28-ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു.
◾ അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ രചിച്ചു സംവിധാനം ചെയ്ത 'മഫ്തി പൊലീസ്' ട്രെയ്‌ലര്‍ പുറത്തുവിട്ടു. 2025 നവംബര്‍ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആര്‍ട്സിന്റെ ബാനറില്‍ ജി അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ആയൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊപ്പം വൈകാരിക തീവ്രമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തിന്റെ മികവായി മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 'ബ്ലഡ് വില്‍ ഹാവ് ബ്ലഡ്' എന്ന ടാഗ്ലൈനോടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാര്‍, ജി.കെ. റെഡ്ഡി, പി.എല്‍. തേനപ്പന്‍, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂര്‍ത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റര്‍ രാഹുല്‍, ഒ.എ.കെ. സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
◾ തുടര്‍ച്ചയായ മൂന്നാം തവണും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി ഡിസയര്‍. മാരുതി സുസുക്കി ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ ആകെ 18 മോഡലുകളാണ് വില്‍ക്കുന്നത്. കഴിഞ്ഞ മാസം, അതായത് ഒക്ടോബറില്‍ കമ്പനിക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഡിസയര്‍. ആകെ (1,76,318) യൂണിറ്റുകള്‍ വിറ്റു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 63.73% വളര്‍ച്ചയുണ്ടായി. മറ്റു മോഡലുകളില്‍ കഴിഞ്ഞ മാസം വിറ്റ കണക്കും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസവും നോക്കാം. എര്‍ട്ടിഗ (20,087) 6.93% വളര്‍ച്ച. വാഗണ്‍ആര്‍ (18,970) 36.26% വളര്‍ച്ച. ഫ്രോങ്ക്സ് (17,003) 3.56% വളര്‍ച്ച. ബലേനോ (16,873) 4.92% വളര്‍ച്ച. സ്വിഫ്റ്റ് (15,542) 11.39% ഇടിവ്. ഈക്കോ (13,537) 16.17% വളര്‍ച്ച. വിക്ടോറിസ് (13,496) യൂണിറ്റുകള്‍ വിറ്റു. ബ്രെസ്സ (12,072) 27.12% കുറവ്. ഗ്രാന്‍ഡ് വിറ്റാര (14,083) 26.09% ഇടിവ്. ആള്‍ട്ടോ കെ10 (6,210) 27.35% ഇടിവ്. എക്സ്എല്‍6 (3,611) 9.92% വളര്‍ച്ച. എസ്-പ്രസ്സോ (2,857) 33.57% വളര്‍ച്ച. ഇഗ്നിസ് (2,645) 0.68% ഇടിവ്. സെലേറിയോ (1,322) 56.57% ഇടിവ്. ജിംനി (592) 51.11% ഇടിവ്. ഇന്‍വിക്റ്റോ (301) 1.69% വളര്‍ച്ച. സിയാസ് 2025 ഒക്ടോബറില്‍ (0) യൂണിറ്റുകള്‍ വിറ്റു. 100% ഇടിവ്.
◾ പെണ്‍ജീവിതങ്ങളുടെ വൈകാരികവും വൈചാരികവുമായ ലോകത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഏഴു കഥകള്‍. ആണധികാരത്തിന്റെ താന്‍പോരിമകള്‍ക്കു മുന്നില്‍ പുറംലോകത്ത് പലപ്പോഴും തോറ്റുകൊടുക്കേണ്ടിവരുമ്പോഴും അകംലോകത്ത് തോറ്റുകൊടുക്കാത്തവരാണ് ഇതിലെ പെണ്‍ജീവിതങ്ങള്‍. ആത്മബലംകൊണ്ട് ആണത്തങ്ങളുടെ അധികാരമാളങ്ങളില്‍നിന്നും ഇറങ്ങിപ്പോകുന്ന പെണ്‍തുറസ്സുകള്‍. 'ഇരുള്‍ വസിക്കും മാളം'. സോക്രട്ടീസ് കെ. വാലത്ത്. എച്ച് & സി ബുക്സ്. വില : 150 രൂപ.
◾ കീടാണുക്കളെയും അലര്‍ജനുകളെയും നശിപ്പിക്കാന്‍ ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരികള്‍ ചൂടുള്ള വെള്ളത്തില്‍ കഴുകണം. സെന്‍സിറ്റീവ് ആയ ചര്‍മക്കാരാണെങ്കില്‍ വളരെ ജെന്റില്‍ ആയതും സുഗന്ധമില്ലാത്തതുമായ സോപ്പു പൊടി ഉപയോഗിക്കാം. തലയിണയുറകളും പുതപ്പും കിടക്കക്കവറുകളും എല്ലാം പതിവായി കഴുകാന്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കിടക്കവിരി മാറ്റുന്നത് നല്ല ഉറക്കം ലഭിക്കാനും ഗന്ധമകറ്റാനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കും. ഒരു ദിവസം ശരാശരി ആറ് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഒരാള്‍ കിടക്ക ഉപയോഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങള്‍, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതും ബെഡ്ഷീറ്റില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇവയില്‍ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകാം. കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കില്‍ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റില്‍ പറ്റിപ്പിടിച്ചെന്ന് വരാം. ഇത്തരം ബെഡ്ഷീറ്റുകളില്‍ ന്യുമോണിയ, ഗൊണോറിയ, അപ്പെന്‍ഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങി നില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. നമ്മുടെ ശരീരത്തില്‍ പ്രതിദിനം 40,000 മൃതകോശങ്ങള്‍ പുറന്തള്ളുന്നുണ്ട്. അതില്‍ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.76, പൗണ്ട് - 116.53, യൂറോ - 103.23, സ്വിസ് ഫ്രാങ്ക് - 112.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.91, ബഹറിന്‍ ദിനാര്‍ - 235.37, കുവൈത്ത് ദിനാര്‍ -289.34, ഒമാനി റിയാല്‍ - 230.82, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.18, ഖത്തര്‍ റിയാല്‍ - 24.38, കനേഡിയന്‍ ഡോളര്‍ - 63.22.
Tags:
KERALA