Trending

സായാഹ്ന വാർത്തകൾ

2025 | നവംബർ 8 | ശനി 
1201 | തുലാം 22 |  മകീര്യം 

◾  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍. വേണുവിനെ തറയില്‍ കിടത്തി ചികിത്സിച്ചതിനെ ഡോ. ഹാരിസ് വിമര്‍ശിച്ചു.  ധാരാളം മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ലെന്നും പ്രാകൃതമായ ചികിത്സാ നിലവാരമാണെന്നും നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ ശക്തിപ്പെടുത്തണമെന്നും ഒരിക്കല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ വളരെ വിഷമകരമായ അവസ്ഥയുണ്ടായെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

◾  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശി വേണു മരിച്ചതുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരണം കൊലപാതകമാണെന്നും കൊലക്കുറ്റത്തിന് നടപടി എടുക്കണമെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി.എസ്. ശിവകുമാര്‍ പറഞ്ഞു.

◾  എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് ഉദ്ഘാടനം ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. 8.41-ഓടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരതിന്റെ സാധാരണ സര്‍വീസ് ഈ മാസം 11-ന് തുടങ്ങും.   

◾  വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയില്‍വേ. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയില്‍വേ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാര്‍ഥികള്‍ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്.

◾  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ പ്രതിരോധത്തില്‍ നില്‍ക്കെയാണ് കൂടുതല്‍ സ്വീകാര്യനായ മുന്‍ ചീഫ് സെക്രട്ടറിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.

◾  തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

◾  തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍  പങ്കുവെച്ച് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ. ഡിപിആര്‍ ഒന്നരമാസത്തിനുള്ളില്‍ തയ്യാറാക്കുമെന്ന് ബെഹ്റ വ്യക്തമാക്കി. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കും. 6 മാസത്തിനുള്ളില്‍ നിര്‍മാണത്തിലേക്ക് കടക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

◾  സ്‌കൂളുകളിലെ ഏകീകൃത പ്രാര്‍ത്ഥന വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഏകീകരണം ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി നടത്തിയത് പ്രഖ്യാപനമല്ല, നിര്‍ദേശം മാത്രമാണെന്നും വ്യക്തമാക്കി. ഏകീകരണം വേണോയെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും മതനിരപേക്ഷ സമൂഹത്തില്‍ മാറ്റം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വന്ദേമാതരം പരിഗണിക്കുന്നതില്‍ മന്ത്രി വിയോജിപ്പ് അറിയിച്ചു. ദേശീയ ഗാനം, എന്‍എസ്എസ് ഗീതം പോലെ പൊതുഗീതങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

◾  നടി ഗൗരി ജി. കിഷനോട് ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യമുയര്‍ത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക്. നടിക്ക് മനോവിഷമമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കാര്‍ത്തിക്കിന്റെ പ്രതികരണം. അതേസമയം, തന്റെ ചോദ്യത്തെ കാര്‍ത്തിക് ന്യായീകരിച്ചു.

◾  കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. 36 ലക്ഷത്തോളം എന്യുമറേഷന്‍ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയോളം ആളുകള്‍ പൂരിപ്പിച്ച് തിരികെ നല്‍കിയെന്നും 13% ത്തോളം എന്യുമറേഷന്‍ ഫോമാണ് ഇതുവരെ വിതരണം ചെയ്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

◾  കരിപ്പൂര്‍ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി യാത്രക്കാരന്‍ പിടിയിലായി. തൃശൂര്‍ സ്വദേശിയാണ് വിമാനത്താവളത്തില്‍ വെച്ച് ഡിആര്‍ഐയുടെ പിടിയിലായത്. ഇയാളില്‍ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു. മസ്‌കത്തില്‍ നിന്നാണ് ഇയാള്‍ എത്തിയത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്നാണ് ജസ്ന റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ ഇവര്‍ റീല്‍സ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയില്‍ പരാതിയായി എത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

◾  തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍.  കേരളത്തിലേക്ക് വരുന്ന 110 സ്വകാര്യ ബസുകള്‍ നിര്‍ത്തി വച്ച് ഉടമകള്‍. കേരള ഗതാഗത വകുപ്പ് തമിഴ് നാട്ടില്‍ നിന്നും വരുന്ന ബസുകള്‍ക്ക് മേല്‍ ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുന്നുവെന്നാണ് പരാതി. കേരളത്തിലെ പരിശോധനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

◾  പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ മോഷണം മറ്റൊരു തട്ടിപ്പെന്ന സംശയത്തില്‍ പൊലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. മാര്‍ച്ചില്‍ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞിരുന്നില്ല. 20 കോടിയുടെ വസ്തുക്കള്‍ വീട്ടില്‍ നിന്ന് മോഷണം പോയെന്നാണ് മോന്‍സന്റെ പരാതി.

◾  കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയകളുടെ പേരില്‍ യുവതിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുരത്ത്. ആഭിചാരത്തിനിടെ മദ്യം നല്‍കിയെന്നും ബീഡി വലിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തി. ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരമെന്ന് യുവതി പറയുന്നു. യുവതിയുടെ അച്ഛന്റെ പരാതിയിലാണ് മണര്‍കാട് പൊലീസ് കേസെടുത്തത്.

ഇടുക്കി ജില്ലയില്‍ രണ്ട് കാത്ത് ലാബുകള്‍ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി മെഡിക്കല്‍ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയത്.
  
◾  മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ചെന്നൈ ആസ്ഥാനമായ സവിതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്റ് ടെക്നിക്കല്‍ സയന്‍സസിന്റേതാണ് ആദരം. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, മാര്‍ക്കറ്റ് ഫെഡ് എം.ഡി, കാര്‍ഷികോല്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സ്വാമി സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.

◾  പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ തമിഴ്നാട്ടിലുണ്ടെന്ന് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരില്‍ നിന്ന് ബാലമുരുകന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ബാലമുരുകന്‍ രക്ഷപ്പെട്ടത്.

◾  നെല്ല് സംഭരിക്കാന്‍ തയാറാണെന്ന് 31 സഹകരണ സംഘങ്ങള്‍ അറിയിച്ചതായി മന്ത്രി വി എന്‍ വാസവന്‍. സഹകരണ ബാങ്കുകള്‍ വഴി നെല്ല് സംഭരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ നടത്തിയ മന്ത്രിസഭാ ഉപസമിതി യോഗം പൂര്‍ത്തിയായി. ഇതിനുശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു. ഉപസമിതി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സംഘങ്ങള്‍ സ്വാഗതം ചെയ്തതായും മന്ത്രി അറിയിച്ചു.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു.മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖയാണ് പുറത്ത് വന്നത്. ക്രിയാറ്റിന്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം.

◾  പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സര്‍ക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി പാലക്കാട്ട് വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്നവും തോന്നുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുലിനെ തടയില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

◾  മറ്റൊരാളില്‍നിന്നു വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രീമിയം അടച്ചിട്ടുള്ളതിനാല്‍ വാഹന ഉടമസ്ഥത മാറിയത് ഇന്‍ഷുറന്‍സ് ബാധ്യതയെ ബാധിക്കില്ല.

◾  ദേശീയഗാനമായ വന്ദേമാതരത്തിന് 150 വര്‍ഷം തികയുന്ന വേളയില്‍ അത് ചൊല്ലാന്‍ സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്ര പ്രസിഡന്റ് അബു ആസ്മി വിസമ്മതിച്ചത് വലിയ വിവാദത്തില്‍. ആസ്മിയുടെ മുംബൈയിലെ വസതിക്ക് പുറത്ത് നിരവധി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി, മുദ്രാവാക്യം വിളിച്ചു. മതവിശ്വാസികളായ, അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മറ്റൊരാളെ ആരാധിക്കാന്‍ കഴിയില്ലെന്നും ആസ്മി പറഞ്ഞിരുന്നു.

◾  ആര്‍ജെഡിയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ജെഡി കുഞ്ഞുങ്ങളുടെ മനസ്സില്‍ വിഷംനിറയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സീതാമഢിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

◾  ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇരുകൈകളിലും മഷിപ്പാടുമായി എല്‍ജെപി എംപി ശാംഭവി ചൗധരി. എംപിയുടെ ഇരുകൈകളിലെയും മഷിപ്പാടുകള്‍ നിമിഷനേരംകൊണ്ടാണ് വിവാദത്തിന് വഴിതെളിച്ചത്. ശാംഭവി ഇരട്ട വോട്ട് രേഖപ്പെടുത്തിയെന്ന് ചിലര്‍ ആരോപണമുന്നയിച്ചപ്പോള്‍ പോളിങ് ബൂത്തിലുണ്ടായ കൈപ്പിഴയാകാം കാരണമെന്നായിരുന്നു എതിര്‍പക്ഷക്കാരുടെ വാദം.

◾  സ്‌കൂള്‍ കെട്ടിടത്തിന് മുന്നില്‍ വെറും നിലത്ത് പേപ്പറില്‍ ഉച്ച ഭക്ഷണം വിളമ്പിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ ഹുല്ലാപൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. അധ്യാപകരുടെ സാന്നിധ്യം പോലുമില്ലാത്ത സാഹചര്യത്തിലാണ് പേപ്പറിലെ ഉച്ചഭക്ഷണ വിളമ്പല്‍.  

◾  ദില്ലി വിമാനത്താവളത്തിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെങ്കിലും ചില വിമാനങ്ങള്‍ വൈകുന്നത് തുടരുന്നു. എന്നാല്‍ ഭൂരിഭാഗം വിമാനങ്ങളും കൃത്യ സമയം പാലിക്കുന്നുണ്ടെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ഇന്നലെ 800 വിമാനങ്ങളാണ് തകരാര്‍ കാരണം വൈകിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും, യാത്രക്കാര്‍ വിമാന കമ്പനികളുമായി പരമാവധി സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഇന്നും ദില്ലി വിമാനത്താവള അധികൃതര്‍ ആവര്‍ത്തിച്ചു

◾  ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്വാരയിലെ കേരന്‍ സെക്ടറില്‍ ശനിയാഴ്ചയാണ് സംഭവം. നുഴഞ്ഞുകയറ്റം സംബന്ധിച്ച്.ഏജന്‍സികളില്‍നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷന്‍. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു.

◾  അഞ്ച് ഇന്ത്യക്കാരെ മാലിയില്‍ തട്ടിക്കൊണ്ട് പോയി. മാലിയിലെ കോബ്രിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെയാണ് തോക്കിന്‍ മുനയില്‍ തട്ടിക്കൊണ്ട് പോയത്. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷാ അധികൃതരും തട്ടിക്കൊണ്ട് പോകല്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആയുധധാരികളായ സംഘം ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. സായുധ തീവ്രവാദ ജിഹാദി സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം.

◾  ചൈന തങ്ങളുടെ മിസൈല്‍ ഉത്പാദന കേന്ദ്രങ്ങള്‍ 2020 മുതല്‍ വന്‍തോതില്‍ വികസിപ്പിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. യു എസ് സൈന്യത്തെ പ്രതിരോധിക്കാനും മേഖലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നും സി എന്‍ എന്‍. പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  സിറിയന്‍ പ്രസിഡന്റ്  അഹമ്മദ് അല് ഷറയ്ക്കുമേല്‍ ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഖത്താബിന് മേലുള്ള ഉപരോധവും പിന്‍വലിച്ചു. ഇരുവരേയും അമേരിക്ക ആഗോള ഭീകരരായി പ്രഖ്യാപിച്ചിരുന്നു. അടുത്ത ആഴ്ച വൈറ്റ്ഹൗസില്‍ അഹമ്മദ് അല് ഷറയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ട്രംപിന്റെ നടപടി. യുഎന്‍ രക്ഷാസമിതിയും വ്യാഴാഴ്ച ഇരുവരുടെയും ഉപരോധം പിന്‍വലിച്ചിരുന്നു.

◾  അമേരിക്കയില്‍ അടച്ചുപൂട്ടല്‍ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സര്‍വീസുകള്‍ താളംതെറ്റി. 1,200ല്‍ അധികം വിമാന സര്‍വീസുകള്‍ ഇന്നലെ മാത്രം നിര്‍ത്തലാക്കി. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടമായി അവധിയെടുത്തതോടെയാണ് സര്‍വീസുകള്‍ താറുമാറായത്. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ അവധിയില്‍ പ്രവേശിച്ചത്.

◾  മെക്‌സിക്കോയിലെ ഇസ്രയേലിന്റെ അംബാസഡര്‍ ഈനത്ത് ക്രാന്‍സ് നെയ്ഗറിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഈ ഗൂഢാലോചന യുഎസ്, ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ മെക്‌സിക്കോ അധികൃതര്‍ തകര്‍ത്തുവെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂണഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആയിരുന്നു ഇതിന് പിന്നിലെന്നും യുഎസ്, ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി.

◾  അല്‍ബേനിയന്‍ - ഗ്രീക്ക് അതിര്‍ത്തിയിലെ ഒരു സള്‍ഫര്‍ ഗുഹയില്‍ ലോകത്തിലെ ഏറ്റവും വലിയ ചിലന്തി കോളനി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വിഷവാതകം നിറഞ്ഞതും സൂര്യപ്രകാശമില്ലാത്തതുമായ കഠിനമായ ആവാസവ്യവസ്ഥയിലാണ് ഒരു ലക്ഷത്തോളം ചിലന്തികള്‍ ജീവിക്കുന്നത്.

◾  മുന്‍ സെലക്ടര്‍ അടക്കം ദേശീയ ടീം മാനേജ്മെന്റിലെ അംഗങ്ങള്‍ക്കെതിരായ വനിതാ ക്രിക്കറ്റ് താരത്തിന്റെ ലൈംഗികപീഡന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. വനിതാ താരത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി ബിസിബി അറിയിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

◾  ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ രണ്ടാം പാദഫലം പുറത്തുവിട്ടു. ഈ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 1,197 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ പത്ത് ശതമാനം വര്‍ധന. കമ്പനിയുടെ പ്രവര്‍ത്തന ലാഭവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വര്‍ധിച്ച് 263 കോടി രൂപയിലെത്തി. ലാഭം മുന്‍വര്‍ഷം സമാനപാദത്തിലെ 106 കോടി രൂപയില്‍ നിന്ന് 121 കോടി രൂപയായി ഉയര്‍ന്നു. ജൂണില്‍ അവസാനിച്ച ആദ്യപാദത്തിലെ ലാഭം 94 കോടി രൂപയായിരുന്നു. ആസ്റ്ററിന്റെ കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു. 620 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. ഇത് മുന്‍ പാദത്തേക്കാള്‍ 12 ശതമാനം കൂടുതലാണ്. ഇന്‍പേഷ്യന്റ് വോളിയത്തില്‍ 13 ശതമാനവും മെഡിക്കല്‍ വാല്യൂ ട്രാവല്‍ വരുമാനത്തില്‍ 67 ശതമാനവും വര്‍ധനവുണ്ടായതാണ് ഈ വളര്‍ച്ചക്ക് കാരണം. കേരളത്തിന്റെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധിച്ചു. മാര്‍ജിനുകള്‍ ഒരു വര്‍ഷം മുന്‍പുള്ള 25 ശതമാനത്തില്‍ നിന്ന് 26.8 ശതമാനമായി ഉയര്‍ന്നു.

◾  വാട്സ്ആപ്പിന് വളരെ ഭീഷണിയായാണ് സോഹോയുടെ  മെസേജിങ് ആപ്പായ അറാട്ടൈ രംഗപ്രവേശം നടത്തിയത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും എല്ലാം വളരെ മികച്ച കാഴ്ച വെച്ചപ്പോള്‍ വാട്സ്ആപ്പിനോടൊപ്പമെങ്കിലും ഉയര്‍ന്ന് വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇപ്പോള്‍ അറാട്ടൈ ചിത്രത്തിലേ ഇല്ല എന്ന അവസ്ഥയാണ്. വാട്സ് ആപ്പിനെ മലര്‍ത്തിയടിക്കുമോ എന്ന് ചോദിച്ചവര്‍ ഇപ്പോള്‍ എന്നാലും ഇത് എന്ത് പറ്റി എന്ന ചോദ്യത്തിലാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മികച്ച ആപ്പുകളുടെ പട്ടികയില്‍ ആദ്യത്തെ നൂറിനും പുറത്താണ് അറാട്ടൈയുടെ സ്ഥാനം. രാജ്യത്തെ വാട്സ് ആപ്പിന്റെ ആധിപത്യത്തെയാണ് ഇത് കാണിക്കുന്നത്. ഒക്ടോബറില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അറാട്ടൈ നവംബര്‍ നാലിലെ കണക്കനുസരിച്ച് അറാട്ടൈ ഗൂഗ്ള്‍ പ്ലേയില്‍ 105-ാം സ്ഥാനത്തും ഇന്ത്യയിലെ ആപ്പ് സ്റ്റോറില്‍ 123-ാം സ്ഥാനത്തുമാണ്. ആപ്പുകളും ഗെയിമുകളും ഉള്‍പ്പെടുന്ന സംയോജിത റാങ്കിങില്‍ ആപ്പ് സ്റ്റോറില്‍  128-ാം സ്ഥാനത്തും ഗൂഗ്ള്‍ പ്ലേയില്‍ 150-ാം സ്ഥാനത്തും എത്തി. 2025 ഒക്ടോബറില്‍ ആപ്പിന് ഡൗണ്‍ലോഡുകള്‍ 13.8 ദശലക്ഷമായി ഉയര്‍ന്നു, സെപ്റ്റംബറില്‍ ഇത് 2.63 ദശലക്ഷമായിരുന്നു. എന്നാല്‍ നവംബറില്‍ ഡൗണ്‍ലോഡുകള്‍ വെറും 195,519 ആയി കുറഞ്ഞു.  

◾  പുത്തന്‍ വാഹനം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ടയാണ് ദുല്‍ഖര്‍ ഗാരിജിലേക്കെത്തിച്ചത്. പെട്ര കോപ്പര്‍ കളറാണ് വാഹനത്തിന്. 3.50 കോടി രൂപയാണ് ഈ ആഡംബര വാഹനത്തിന്റെ ഓണ്‍റോഡ് വില. ലാന്‍ഡ് റോവറിന്റെ ഏറ്റവും ഫാന്‍ബേസുള്ള വാഹനമാണ് ഡിഫന്‍ഡര്‍ എസ്.യു.വി. 4ഃ4 സംവിധാനം അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഓഫ് റോഡ് മോഡല്‍. കൊച്ചിയിലെ മുത്തൂറ്റ് ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വീകരിച്ചത്. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 635 പി.എസ്. പവറും 800 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് . നാല് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ഈ എസ്.യു.വിയുടെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

◾  ആപ്പിളുകളില്‍ ഏതാണ് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമെന്ന് ചോദിച്ചാല്‍, പഞ്ചസാരയുടെ അളവും ആന്റിഓക്‌സിഡന്റുകളും നാരുകളുമാണ് ഗ്രീന്‍ ആപ്പിളിന്റെയും ചുവന്ന ആപ്പിളിന്റെയും പോഷകഗുണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത്. ഗ്രീന്‍ ആപ്പിളുകള്‍ക്ക് മധുരത്തെക്കാള്‍ പുളിയാണ് മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ ഇവയ്ക്ക് ഗ്ലൈസെമിക സൂചികയും കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ഗ്രീന്‍ ആപ്പിള്‍ ഒരു നല്ല ചോയിസ് ആണ്. നാരുകളുടെ അളവിലും ചുവന്ന ആപ്പിളിനെക്കാള്‍ ഗ്രീന്‍ ആപ്പിള്‍ തന്നെയാണ് മുന്നില്‍. ഇത് മലബന്ധം കുറയ്ക്കാനും കുടലിലെ നല്ല ബക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇവയില്‍ ആന്റി-ഇന്‍ഫ്ലമേറ്റിറി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്നും ശരീരവീക്കത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. മധുരമുള്ള നല്ല ചുവന്ന ആപ്പിളില്‍ ആന്തോസയാനി എന്ന ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ തൊലിയിലാണ് ഇവ ഉള്ളത്. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരവീക്കം തടയുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. ഇവ രണ്ടും കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ പഞ്ചസാരയുടെ അളവു കുറവായതുകൊണ്ടും നാരുകളുടെ അളവു കൂടുതലായതു കൊണ്ടും ചുവന്ന ആപ്പിളുകളെക്കാള്‍ അല്‍പം മികച്ചത് ഗ്രീന്‍ ആപ്പിള്‍ ആണ്. എന്നാല്‍ ചുവന്ന ആപ്പിള്‍ ഗ്രീന്‍ ആപ്പിളിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീബയോക്ടിക് ആണ്. കൂടാതെ ഇവ രണ്ടിലും അടങ്ങിയ വിറ്റാമിന്‍ സി, പൊട്ടാസ്യം പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഏതു തരം ആപ്പിള്‍ ആണെങ്കിലും തൊലിയോടെ കഴിക്കാന്‍ ശ്രമിക്കുക. കാരണം ആപ്പിളിന്റെ തൊലിയിലാണ് ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.64, പൗണ്ട് - 116.59, യൂറോ - 102.55, സ്വിസ് ഫ്രാങ്ക് - 109.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.59, ബഹറിന്‍ ദിനാര്‍ - 235.28, കുവൈത്ത് ദിനാര്‍ -289.00, ഒമാനി റിയാല്‍ - 230.66, സൗദി റിയാല്‍ - 23.65, യു.എ.ഇ ദിര്‍ഹം - 24.35, ഖത്തര്‍ റിയാല്‍ - 24.35, കനേഡിയന്‍ ഡോളര്‍ - 63.13.
Previous Post Next Post
3/TECH/col-right