2025 | നവംബർ 7 | വെള്ളി
1201 | തുലാം 21 | രോഹിണി
◾ റോഡുകളില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ ഫയലില്‍ സ്വീകരിച്ച കേസിലാണ് നിര്‍ണായക ഉത്തരവ്. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്ന് കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. ഇതിന് സര്‍ക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണമെന്നും മൃഗങ്ങളെ കണ്ടെത്താന്‍ പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ഓഫീസുകള്‍, സ്പോര്‍ട്സ് കോംപ്ലക്സുള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നടപടി സ്വീകരിക്കണമെന്നും സൂപ്രീംകോടതി ഉത്തരവിലുണ്ട്. നടപ്പിലാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാര്‍ സുപ്രീംകോടതിയെ അറിയിക്കണമെന്നും പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടര്‍ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണമെന്നും ഇതിനായുള്ള നടപടികള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അടക്കം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
◾ നവംബര്‍ 13 ന് സമ്പൂര്‍ണ്ണ പണിമുടക്ക് നടത്തുമെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. അത്യാഹിത സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സമാധാനപരമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്നും സംഘടന അറിയിച്ചു. ആദ്യഘട്ടത്തില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടു പോയതെന്നും എന്നാല്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതാണെന്നും കെ.ജി.എം.സി.ടി.എ പറയുന്നു.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടര്‍മാര്‍. എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയെന്നുമാണ് ഡോക്ടര്‍മാരുടെ അവകാശ വാദം. തിരുവനന്തപുരം മെഡി. കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ് ആണ് മാധ്യമങ്ങളോട് സംസാരിച്ചത്.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ ഹൃദ്രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിസ്റ്റം തകര്‍ത്ത അവസാനത്തെ ഇരയെന്നും ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ലെന്നും സതീശന്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നൂറ് കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ വീഴ്ച ആവര്‍ത്തിച്ച് കുടുംബം. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും അവര്‍ പറഞ്ഞു.
◾ ശബരിമലയില്‍ വിലപ്പെട്ട വസ്തുക്കള്‍ അന്യാധീനപ്പെടാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്ന് തിരുവാഭരണ കമ്മീഷണര്‍ 2019ല്‍ നല്‍കിയ മുന്നറിയിപ്പ് ദേവസ്വം ബോര്‍ഡ് അവഗണിച്ചുവെന്ന് വിവരം. ദേവസ്വം ക്ഷേത്രങ്ങളില്‍ ഒന്നും നിയമപരമായി നടക്കുന്നില്ലെന്നും അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍ 2019 സെപ്തംബര്‍ രണ്ടിന് ബോര്‍ഡിന് നല്‍കിയ കത്താണ് പുറത്തുവന്നത്.
◾ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശബരിമല സ്വര്‍ണകൊള്ളയില്‍ പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി ആവര്‍ത്തിച്ചതെന്നും മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റേത് രാഷ്ട്രീയ നിയമനമായിരുന്നുവെന്നും വാസു പ്രതിയാകുന്നത്തോടെ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വാസുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അറസ്റ്റിലേക്ക് നീങ്ങുന്നില്ലെന്നും അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്നും സതീശന്‍ ആരോപിച്ചു.
◾ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാന്‍ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് തൃശ്ശൂര്‍ മേയര്‍എം.കെ. വര്‍ഗീസ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെയ്ത നല്ലകാര്യങ്ങള്‍ താന്‍ പറയുമെന്നും ഇപ്പോള്‍ സ്വതന്ത്രനായാണ് നില്‍ക്കുന്നതെന്നും ആര്‍ക്കാണ് തന്നെ ആവശ്യം എന്നതിനനുസരിച്ച് മൂന്നു മാസത്തിന് ശേഷം തീരുമാനമെടുക്കുമെന്നും എം.കെ. വര്‍ഗീസ് പറഞ്ഞു.
◾ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന്റെ സസ്പെന്‍ഷന്‍ ഒഴിവാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ജോസ് ഫ്രാങ്ക്ളിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും ജോസ് ഫ്രാങ്ക്ളിനെ തിരികെ എടുക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ വി എസ് ശിവകുമാറും നെയ്യാറ്റിന്‍കര സനലും ഇന്നലെ കെപിസിസി പ്രസിഡന്റുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രാജി.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ മുന്നണികളുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. എ ഷഫീഖ്. സംസ്ഥാനതലത്തില്‍ സഖ്യമില്ലെങ്കിലും പ്രാദേശികമായി മുന്നണികളുമായി സഖ്യമുണ്ടാക്കുമെന്നും ഷഫീഖ് പറഞ്ഞു. യുഡിഎഫുമായും എല്‍ഡിഎഫുമായും സഖ്യമുണ്ടാക്കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി നിശ്ചയിച്ച സീറ്റുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട് ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനം. പഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കുമെന്നും പറഞ്ഞ ഗോപിനാഥ് സിപിഎം ആത്മമിത്രമെന്നും സിപിഎമ്മിലേക്കുള്ള ക്ഷണം ഇപ്പോഴുമുണ്ടെന്നും താന്‍ ഇതുവരെ അത് തള്ളിക്കളഞ്ഞിട്ടില്ലെന്നും പറഞ്ഞു.
◾ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കൊല്ലം ഡിസിസി. തലച്ചിറ വാര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബ്ദുള്‍ അസീസിനെ നീക്കിയിട്ടുണ്ട്. കെ ബി ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിന്റിന്റെ ആഹ്വാനം.
◾ യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എക്സൈസ്. ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ, സമീര്‍ താഹിര്‍ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രം പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയിലായത്.
◾ കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
◾ പാലക്കാട് കണ്ണാടി സ്‌കൂളില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലുള്ള പ്രധാന അധ്യാപികയെ തിരിച്ചെടുത്ത നടപടിയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം. നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ എങ്കിലും സസ്പെന്‍ഷന്‍ തുടരണം എന്നാണ് ആവശ്യം. അധ്യാപികക്ക് അനുകൂലമായി മൊഴി നല്‍കാന്‍ കുട്ടികളെ പ്രേരിപ്പിച്ചതായി അറിയാന്‍ സാധിച്ചു എന്നും കുടുംബം പറയുന്നു.
◾ കോഴിക്കോട് കോടഞ്ചേരി മുണ്ടൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഫാമിലെ പന്നികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ ഇരുപത് പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധിച്ചപ്പോഴാണ് രോഗബാധ തിരിച്ചറിഞ്ഞത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നിമാംസം വില്‍ക്കുന്നതിന് ജില്ലാ ഭരണ കൂടം നിരോധനമേര്‍പ്പെടുത്തി.
◾ കണ്ണൂരില്‍ ബോട്ടിന് തീപിടിച്ചു. അഴീക്കല്‍ ഹാര്‍ബറിലാണ് സംഭവം. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ടാണിത്. കടലില്‍ വച്ച് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരുമാണ് തീപിടിച്ചയുടന്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.
◾ പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയില്‍. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്. തെരുവുനായ ആക്രമണത്തെതുടര്‍ന്ന് പേവിഷ ബാധയേറ്റ് മരിച്ച ഇരകള്‍ക്ക് ധനസഹായം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്നത്തിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും റാബീസ് വാക്സീന്‍ ലഭ്യത ഉറപ്പാക്കണമെന്നുമാണ് ആവശ്യം.
◾ വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ പിശകുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ട് ആയുധമാക്കി ബിജെപി. രാഹുല്‍ ഗാന്ധിയേക്കാള്‍ ഒരാള്‍ക്ക് എങ്ങനെ മണ്ടനാകാനാകുമെന്ന് അമിത് മാളവ്യ പ്രതികരിച്ചു. രാജകുമാരനോട് ആരാണ് സത്യം പറഞ്ഞു കൊടുക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. 22 തവണ വോട്ടര്‍ പട്ടികയില്‍ വന്ന ബ്രസീലിയന്‍ യുവതി ഇതുവരെ ഇന്ത്യയില്‍ വന്നിട്ടില്ലെന്നും ബ്രസീല്‍ വിട്ട് പോയിട്ടില്ലെന്നും താന്‍ മോഡല്‍ അല്ലെന്നും ഹെയര്‍ ഡ്രസ്സര്‍ ആണെന്നും ലാരിസ്സ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞിരുന്നു.
◾ ഹരിയാനയിലെ ഒരു ബൂത്തില്‍ ഒരാള്‍ 223 തവണ വോട്ടു ചെയ്തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച സ്ത്രീ വോട്ടു ചെയ്തത് ഒരു തവണ മാത്രമെന്ന് റിപ്പോര്‍ട്ട്. 75കാരിയായ ചരണ്‍ജീത് കൗറിന്റെ ചിത്രം 223 തവണ വരുന്നതാണ് രാഹുല്‍ ചൂണ്ടികാണിച്ചത്. എന്നാല്‍ രാഹുലിന്റെ ആരോപണം തള്ളിയ വയോധിക താന്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ തന്റെ ചിത്രം ആവര്‍ത്തിച്ച് വരുന്നത് പത്തു കൊല്ലമായുള്ള പ്രശ്നമാണെന്നും കൗര്‍ വ്യക്തമാക്കി.
◾ ബിഹാറിലെ കനത്ത പോളിംഗ് ബിഹാര്‍ രാഷ്ട്രീയം മാറുമെന്നതിന്റെ കൃത്യമായ തെളിവാണെന്ന് ജന്‍സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍. ആദ്യ ഘട്ട വോട്ടെടുപ്പിലെ ഉയര്‍ന്ന പോളിങ് സംസ്ഥാനത്തെ ജനങ്ങളില്‍ ഉണ്ടായ ഭരണ വിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ ഇന്ത്യ സഖ്യവും എന്‍ഡിഎയും വന്‍ വിജയം നേടുമെന്ന അവകാശവാദങ്ങളുമായി രംഗത്തെത്തി.
◾ അഹമ്മദാബാദ് വിമാന അപകടത്തില്‍ പൈലറ്റുമാരെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോര്‍ട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.
◾ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ദരാമയ്യയെ കോണ്‍ഗ്രസ് ഹൈക്കമാന്റ് മാറ്റുകയാണില്‍ പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് ദളിത് സംഘടനകള്‍ കര്‍ണാടകയിലെ മന്ത്രിമാരായ മഹാദേവപ്പയുടെയും സതീഷ് ജര്‍കിഹോളിയുടെയും വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയെന്നും ഇത് പരിശോധിക്കുമെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയായ സതീഷ് ജെര്‍കിഹോളി പ്രതികരിച്ചു.
◾ മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ വന്‍ തീപിടിത്തം. സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ 9 മണി കഴിഞ്ഞാണ് സംഭവം. ആദ്യം വലിയ പൊട്ടിത്തെറി ശബ്ദമാണ് കേട്ടത്. പിന്നാലെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. രാവിലെ ആയതിനാല്‍ ജീവനക്കാര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ അപകടം ഒഴിവായി. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം.
◾ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ നൂറിലേറെ വിമാനങ്ങള്‍ വൈകി. ഇന്ന് രാവിലെ മുതലാണ് പ്രശ്നങ്ങള്‍ നേരിട്ടത്.
◾ സൗദിയില്‍ പെട്രോള്‍ പമ്പുകളില്‍ വണ്ടിയുടെ എന്‍ജിന്‍ ഓഫാക്കാത്തവര്‍ക്കും ക്യൂ പാലിക്കാത്തവര്‍ക്കും ഇന്ധനം നല്‍കുന്നത് ഊര്‍ജ മന്ത്രാലയം വിലക്കി. സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സുഗമമായ സേവനം ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
◾ ഫിലിപ്പീന്‍സില്‍ 114 പേരുടെ മരണത്തിന് ഇടയാക്കുകയും കനത്ത നാശം വിതക്കുകയും ചെയ്തതിന് പിന്നാലെ വിയറ്റ്നാമിലും ആഞ്ഞടിച്ച് കല്‍മേഗി ചുഴലിക്കാറ്റ്. മണിക്കൂറില്‍ 149 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. സാഹചര്യം നേരിടാന്‍ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു.
◾ മസ്‌കിന് ഒരുലക്ഷം കോടി ഡോളര്‍ അഥവാ ഒരു ട്രില്യന്‍ വേതനപ്പാക്കേജ് നല്‍കാനുള്ള നിര്‍ദേശത്തിന് ടെസ്ല ഓഹരി ഉടമകളുടെ യോഗത്തില്‍ അംഗീകാരം. ബ്ലൂംബെര്‍ഗ് പട്ടികയിലെ നിലവിലെ കണക്കുകള്‍ പ്രകാരം 461 ബില്യന്‍ ഡോളര്‍ അഥവാ 40 ലക്ഷം കോടി രൂപ ആണ് മസ്‌കിന്റെ ആസ്തി. തൊട്ടു പിന്നാലെയുള്ള ഓറക്കിള്‍ മേധാവി ലാറി എലിസണിന്റെ ആസ്തി 303 ബില്യന്‍ ഡോളര്‍ അഥവാ 26.8 ലക്ഷം കോടി രൂപ ആണ്.
◾ അമേരിക്കയില്‍ ഷട്ട് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം അന്താരാഷ്ട്ര സര്‍വീസുകളെ ഒഴിവാക്കി 10 ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണു സര്‍ക്കാര്‍ തീരുമാനം. എയര്‍പോര്‍ട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയര്‍പോര്‍ട്ടുകളെ പ്രതികൂലമായി ബാധിക്കും.
◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി. ഒരു പവന്‍ 89,480 രൂപയും. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്, വില 9,195 രൂപ. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,160 രൂപ. വ്യാഴാഴ്ച സ്വര്‍ണവില ഔണ്‍സിന് 4,020 ഡോളര്‍ വരെ കയറിയെങ്കിലും തലേദിവസത്തെ ക്ലോസിംഗിനു തൊട്ടടുത്തു വന്ന് അവസാനിച്ചു. ഡോളര്‍ സൂചിക താഴ്ന്നതും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇടിഞ്ഞതും സ്വര്‍ണത്തിനു താങ്ങായില്ല. യുഎസ് സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ഭയം മറ്റ് വിപണികളിലേക്കും നിക്ഷേപകരിലേക്കും വ്യാപിക്കുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ വിലയില്‍ പ്രതിഫലിക്കും. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് കുറഞ്ഞത് 95,800 രൂപയെങ്കിലും വേണ്ടി വരും.
◾ വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യത്തിനായി മെറ്റ പ്ലാറ്റ്ഫോമുകള്‍ക്ക് പങ്കിടുന്നതില്‍ മെറ്റക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി. മെറ്റക്ക് കോംപറ്റീഷന്‍ കമീഷന്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണല്‍ നീക്കിയത്. എന്നാല്‍ പിഴയായി സി.സി.ഐ ചുമത്തിയ 213.14 കോടി രൂപ ട്രൈബ്യൂണല്‍ പിന്‍വലിച്ചിട്ടില്ല. 2024 നവംബറിലാണ് സി.സി.ഐ മെറ്റക്ക് അഞ്ച് വര്‍ഷത്തേക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതും പിഴ ചുമത്തിയതും. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മെറ്റയുടെ ഉപ കമ്പനികളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവെക്കുന്നതിനായി സ്വകാര്യത നയം 2021ല്‍ വാട്‌സാപ്പ് പുതുക്കിയിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് സേവനം ലഭ്യമാകില്ല എന്ന അവസ്ഥ എത്തിയിരുന്നു. ഇതില്‍ വാട്സ്ആപ്പ് തങ്ങളുടെ ആധിപത്യസ്ഥാനം ദുരുപയോഗം ചെയ്തുവെന്നായിരുന്നു കമീഷന്റെ വിലയിരുത്തല്‍. എന്നാല്‍ 2021ലെ പുതുക്കിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ മാറ്റിയിട്ടില്ലെന്നും അവ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് മെറ്റ വക്താവ് അറിയിച്ചു.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ മോഡലായ എലിവേറ്റിന്റെ പുതിയ ശ്രേണിയിലുള്ള പ്രീമിയം വേര്‍ഷന്‍ പുറത്തിറക്കി. എലിവേറ്റ് എഡിവി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വേര്‍ഷന്‍ സ്പോര്‍ട്ടിയര്‍ ലുക്കിലാണ് വിപണിയില്‍ എത്തുന്നത്. മാനുവലിന് 15.29 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. സിവിടി ഡ്യുവല്‍-ടോണ്‍ പതിപ്പിന് 16.66 ലക്ഷം രൂപ വില വരും. ഗ്ലോസി ബ്ലാക്ക് ആല്‍ഫ-ബോള്‍ഡ് പ്ലസ് ഫ്രണ്ട് ഗ്രില്‍, ഓറഞ്ച് നിറത്തിലുള്ള ഹുഡ് ഡെക്കല്‍, കറുത്ത റൂഫ് റെയിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഓറഞ്ച് ഹൈലൈറ്റുകളുള്ള കറുത്ത അലോയ് വീലുകള്‍ തുടങ്ങിയ എക്സ്‌ക്ലൂസീവ് സ്‌റ്റൈലിങ് അപ്ഗ്രേഡുകളോടെയാണ് എഡിവി പതിപ്പ്. 1.5 ലിറ്റര്‍ എന്‍ജിന്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. സുരക്ഷയുടെ ഭാഗമായി എലിവേറ്റ് എഡിവി പതിപ്പില്‍ കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന ഹോണ്ട സെന്‍സിങ് അഡാസ് സ്യൂട്ടും സജ്ജീകരിച്ചിരിക്കുന്നു.
◾ വൃക്കകളുടെ സംരക്ഷണത്തിന് ഏറ്റവും എളുപ്പത്തില്‍ ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒന്നാണ് പെരുംജീരകം. ഭക്ഷണത്തിന്റെ രുചിയും മണവും മെച്ചപ്പെടുത്തുന്ന ഇവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. പെരുംജീരകത്തില്‍ സ്വാഭാവിക ഡൈയൂററ്റിക് ശരീരത്തില്‍ ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ശരീരത്തിലെ അനാവശ്യ ദ്രാവകങ്ങളെയും വിഷവസ്തുക്കളെയും പുറന്തള്ളുകയും മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വൃക്കകളുടെ ആരോഗ്യത്തെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് വീക്കം. തുടര്‍ച്ചയായുണ്ടാവുന്ന വീക്കം വൃക്കയുടെ തകരാറിന് കാരണമാകും. ഇത് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങളെ വഷളാക്കും. ഇതിനെ തടയുന്ന അനിതോള്‍, ഫ്‌ലേവോനോയ്ഡുകള്‍ എന്നിവ പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വൃക്കയിലെ വീക്കം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പെരുംജീരകത്തില്‍ അടങ്ങിയ ആന്റി-ഓക്സിഡന്റുകള്‍ വൃക്കയുടെ ഓക്‌സിഡേറ്റീവ് നാശത്തെ കുറയ്ക്കുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാര, മോശം കൊളസ്‌ട്രോള്‍, ദോഷകരമായ ഓക്സിഡേറ്റീവ് സ്‌ട്രെസ് മാര്‍ക്കറുകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഭക്ഷണം കഴിച്ചശേഷം കുറച്ച് പെരുംജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ പെരുംജീരകം സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.69, പൗണ്ട് - 116.32, യൂറോ - 102.34, സ്വിസ് ഫ്രാങ്ക് - 109.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.51, ബഹറിന്‍ ദിനാര്‍ - 235.27, കുവൈത്ത് ദിനാര്‍ -288.88, ഒമാനി റിയാല്‍ - 230.66, സൗദി റിയാല്‍ - 23.65, യു.എ.ഇ ദിര്‍ഹം - 24.13, ഖത്തര്‍ റിയാല്‍ - 24.36, കനേഡിയന്‍ ഡോളര്‍ - 62.84.
Tags:
KERALA