◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാസ്ഥയില്‍ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
◾ ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാപിഴവും അനാസ്ഥയും തുടര്‍ച്ചയായി ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആരോഗ്യമന്ത്രിക്ക് എങ്ങനെയാണ് ഒരു ജാള്യതയുമില്ലാതെ ആ കസേരയില്‍ ഇരിക്കാന്‍ സാധിക്കുന്നതെന്നും രാജിവച്ച് ഉത്തരവാദിത്തബോധമുള്ള ആരെയെങ്കിലും മന്ത്രി സ്ഥാനം ഏല്‍പ്പിക്കുന്നതാണ് സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും നല്ലതെന്നും വേണുവിന്റെ ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പി.എസ്. പ്രശാന്തിന്റെ കാലാവധി നീട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമല സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം ബോര്‍ഡിനെതിരേ ഹൈക്കോടതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് ഈ നീക്കം. ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി വരുമെന്ന കാര്യത്തില്‍ തീരുമാനമായി. ടികെ ദേവകുമാര്‍ പ്രസിഡന്റായേക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലുണ്ടാകും. വിളപ്പില്‍ രാധാകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഐയുടെ പ്രതിനിധിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഉടക്കിട്ടേക്കുമെന്ന ഭയത്താല്‍ നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് തീരുമാനം.
◾ ശബരിമല സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രധാനമന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കും. ഇതിനായി ഒരു കോടി അയ്യപ്പ ഭക്തരുടെ ഒപ്പ് ശേഖരിക്കുമെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. 25 കേന്ദ്രങ്ങളില്‍ അയ്യപ്പ സംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല ഇതിന് പിറകിലുള്ളതെന്നും എന്‍ വാസു പ്രസിഡന്റ് ആയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്പര്യം കൊണ്ടാണെന്നും എന്ത് കൊണ്ടാണ് എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും എംടി രമേശ് ചോദിച്ചു.
◾ സംസ്ഥാനത്ത് നാലര വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. നെടുമങ്ങാട് കെ.വി.എസ്.എം ഗവ. കോളേജില്‍ പുതിയ ഹിസ്റ്ററി ബ്ലോക്കിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
◾ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത തുക നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 19 കോടിയാണ് നഷ്ടപ്പെടുത്തിയതെന്നും പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ ആരോപണം.
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രകടനം. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. ഉദ്ഘാടകനായ ഷാഫി പറമ്പില്‍ എംപി വേദി വിട്ടതിന് പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്.
◾ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്. ഗണേഷ്‌കുമാറിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിപ്പിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസ് പരസ്യമായി ആഹ്വാനം ചെയ്തു. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുള്‍ അസീസ് പ്രസംഗത്തില്‍ പറഞ്ഞു.
◾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റാപ്പര്‍ വേടന് നല്‍കിയതില്‍ പ്രതികരിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വേടന് അവാര്‍ഡ് നല്‍കിയതിനെക്കുറിച്ച് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിച്ച ജൂറിയോട് ചോദിക്കേണ്ടതാണെന്നും താന്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. വിമര്‍ശനവും സുദര്‍ശനവുമൊക്കെയുണ്ടാവുമെന്നും അത് അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പഴയ രചനകള്‍ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും സംസ്ഥാന ചലച്ചിത്ര ജൂറി അംഗം ഗായത്രി അശോകന്‍ പറഞ്ഞു.
◾ രാഹുല്‍ ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂവെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണ്‍. ഹരിയാണയില്‍ വോട്ട് കൊള്ള ആരോപിച്ച് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി. ഗോപാലകൃഷ്ണന്റെ പഴയ വീഡിയോദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂ, വേറൊന്നുമില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ കുവൈത്തിലെത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷന്‍, കല കുവൈത്ത് ഭാരവാഹികളും ചേര്‍ന്ന് ഔദ്യോഗിക സ്വീകരണം നല്‍കി. ഇന്ന് കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള പ്രധാന കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടക്കും. നാളെ വൈകീട്ട് 4.30ന് നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ നേരിട്ട് അഭിസംബോധന ചെയ്യും.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് ജില്ലയിലടക്കം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് പുതിയ തീരുമാനം.
◾ പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഷാജിയെ സ്വീകരിച്ചു. ടിപി ഷാജിക്കൊപ്പമുള്ള വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
◾ തിരുവല്ലയില്‍ പ്രണയപ്പകയില്‍ 19 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിന്‍ റെജി മാത്യുവിനെ പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2019 മാര്‍ച്ച് 12ന് തിരുവല്ലയില്‍ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്.
◾ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ കലാക്രമണത്തില്‍ എഴു വള്ളങ്ങള്‍ തകര്‍ന്നു. ഇന്നലെ വൈകീട്ട് മീന്‍പിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തില്‍ നശിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു കടലേറ്റം.
◾ കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കായി 1.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉള്‍പ്പടെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തെരുവ് വിളക്കുകള്‍ തെളിയാത്തതും ആവശ്യമായ സിസിടിവികളിലില്ലാത്തതും വിനോദ സഞ്ചാരികള്‍ക്ക് പോലും പലപ്പോഴും ഭീഷണിയായിരുന്നു.
◾ ഏഴിമല നാവിക അക്കാദമിയുടെ ഭാഗമായുള്ള ഐഎന്‍എസ് സാമോറിന്റെ കമാന്‍ഡിങ് ഓഫീസര്‍ ശ്രീകുമാര്‍ കെ. പിള്ളയെ കൈക്കൂലി കേസില്‍ നാവികസേനാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാരില്‍നിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
◾ വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാര്‍ മദ്യലഹരിയിലായിരുവെന്നതിന് ഡിജിറ്റല്‍ തെളിവും പുറത്ത്. ട്രെയിന്‍ കയറുന്നതിന് മുമ്പ് പ്രതിയും ബന്ധുവും ചേര്‍ന്ന് മദ്യപിച്ചതായി ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിലെ പ്രധാന സാക്ഷിയെ അന്വേഷിക്കുകയാണ് പൊലീസ്. ട്രെയിനില്‍ നിന്നും പിടിച്ചുതള്ളിയ രണ്ടാമത്തെ പെണ്‍കുട്ടിയെ സഹായിച്ച സാക്ഷിയെ തേടിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
◾ വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചാലക്കുടി കോടശേരി നായരങ്ങാടി സ്വദേശി തെക്കിനിയത്ത് വീട്ടില്‍ ബിബിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
◾ എറണാകുളം അങ്കമാലി കറുക്കുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനം.
◾ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തമിഴ്നാട് വിരുതനഗര്‍ ജില്ലയിലെ ബന്ദല്‍ക്കുടി സ്റ്റേഷനിലെ എസ് ഐ നാഗരാജന്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ മൂന്നിന് രാത്രിയാണ് ഇയാള്‍ പൊലീസിന്റെ കയ്യില്‍ നിന്ന് ചാടിപ്പോയത്.
◾ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ തമിഴ്നാട് ഭരിക്കുന്ന പാര്‍ട്ടിയായ ഡിഎംകെ. തമിഴ് വോട്ടുകള്‍ കൂടുതലുള്ള പീരുമേട്, ദേവികുളം എന്നീ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുക. ഇടുക്കിയിലെ അതിര്‍ത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം.
◾ ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് 6 വരെയാണ് പോളിങ്. 1314 സ്ഥാനാര്‍ഥികളാണ് 3.75 കോടി വോട്ടര്‍മാരുടെ പിന്തുണ തേടി മത്സര രംഗത്തുള്ളത്. ഇന്ത്യ സംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് അടക്കമുള്ള സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.
◾ പരീക്ഷണയോട്ടത്തിനിടെ മുംബൈ മോണോറെയില്‍ ട്രെയിന്‍ പാളം തെറ്റി ബീമിലിടിച്ചു. ബുധനാഴ്ച രാവിലെ വഡാല ഡിപ്പോയിലായിരുന്നു സംഭവം. അപകടത്തില്‍ ട്രെയിന്‍ ക്യാപ്റ്റന്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല.
◾ ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ആരോപണത്തില്‍ രേഖാമൂലം പരാതി നല്‍കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഇന്നലെയാണ് ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് നടന്നുവെന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ വന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രാഹുല്‍ രാഗത്തെത്തിയത്.
◾ രാഹുല്‍ ഗാന്ധി നടത്തിയ ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി ആരോപണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാനയിലെ വോട്ടര്‍. രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച 'സ്വീറ്റി' യഥാര്‍ത്ഥ വോട്ടറെന്ന് റിപ്പോര്‍ട്ട്. 2012 ല്‍ കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ടു ചെയ്തു എന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നതെങ്ങനെ എന്നറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു.
◾ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ട് കൊള്ള ആരോപണത്തില്‍ പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ പ്രതികരണവുമായി രംഗത്ത്. ബ്രസീലിയന്‍ മോഡല്‍ ലാരിസ്സയാണ് തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വീഡിയോ സന്ദേശവുമായി ഇപ്പോള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയന്‍ മോഡലിന്റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സില്‍ പങ്കുവെച്ചത്. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയില്‍ ലാരിസ്സ പറയുന്നത്. തന്റെ പഴയ ഫോട്ടോയാണതെന്നും ഇതെന്ത് ഭ്രാന്താണെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോയില്‍ ലാരിസ്സ ചോദിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ്സ.
◾ ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. കഴിഞ്ഞ തവണ കേസില്‍ പ്രോസിക്യൂഷന്‍ വാദിച്ച മീരാന്‍ ഹൈദര്‍ ഗൂഢാലോചന കുറ്റത്തില്‍ തന്നെ ഉള്‍പ്പെടുത്താനാവില്ലെന്ന് ഉമര്‍ ഖാലിദ് വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ മീരാന്‍ ഹൈദറില്ലെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകനായ സിദ്ധാര്‍ഥ് അഗര്‍വാള്‍ ചൂണ്ടികാട്ടി.
◾ ഗുരുനാനാക് ദേവിന്റെ 'പ്രകാശ് പൂര്‍ബ്' ആഘോഷങ്ങള്‍ക്കായി ഏകദേശം 2,000 സിഖ് തീര്‍ത്ഥാടകരെ അട്ടാരി-വാഗ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടത്തി വിട്ടപ്പോള്‍ ഹിന്ദുക്കളെ തടഞ്ഞതായി റിപ്പോര്‍ട്ട്. പാക് അധികൃതര്‍ ഹിന്ദു തീര്‍ത്ഥാടകരെ തടഞ്ഞുനിര്‍ത്തി തിരികെ പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
◾ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിരവധി ഇന്ത്യന്‍ വംശജര്‍ക്കും മിന്നും വിജയം. മലയാളിയായ റോബിന്‍ ഇലക്കാട്ട് മൂന്നാം തവണയും ടെക്സസിലെ മിസ്സോറി സിറ്റിയുടെ സാരഥിയാകും. വന്‍ ജനപിന്തുണയോടെയാണ് റോബിന്‍ ജയിച്ചു കയറിയത്. വിര്‍ജീനിയയിലെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറും ജനിച്ചത് ഇന്ത്യയിലാണ്.
◾ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവേളയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എട്ടു യുദ്ധവിമാനങ്ങളാണ് സംഘര്‍ഷവേളയില്‍ വെടിവെച്ചുവീഴ്ത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഏഴ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചുവീഴ്ത്തിയെന്നായിരുന്നു .ട്രംപിന്റെ വാദം.
◾ കടബാധ്യതകളെ തുടര്‍ന്ന് പാപ്പരത്ത നടപടി നേരിടുന്ന എജ്യുക്കേഷന്‍ ടെക്നോളജി കമ്പനിയായ ബൈജൂസിന്റെ മാതൃകമ്പനിയെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് മണിപ്പാല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ്. ഡോ. രഞ്ജന്‍ പൈ നയിക്കുന്ന എംഇഎംജി നേരത്തേ ബൈജൂസിന് കീഴിലെ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ 58% ഓഹരികള്‍ ഏറ്റെടുത്തിരുന്നു. നിലവില്‍ തിങ്ക് ആന്‍ഡ് ലേണിന്റെ കൈവശമുള്ള ആകാശിന്റെ 25% ഓഹരികള്‍ കൂടി സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഡോ. രഞ്ജന്‍ പൈയുടെ പുതിയ നീക്കം. തിങ്ക് ആന്‍ഡ് ലേണിന്റെ ഓഹരികള്‍ വിറ്റഴിച്ച് വായ്പാത്തുക വീണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ട റസൊല്യൂഷന്‍ പ്രഫഷണല്‍ ശൈലേന്ദ്ര അജ്മേറ, ഓഹരികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ അനുവദിച്ച സമയം നവംബര്‍ 13 വരെയാണ്. ഇതിനകം മണിപ്പാല്‍ എജ്യുക്കേഷന്‍ മാത്രമേ താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളൂ എന്നാണ് സൂചനകള്‍. നിലവില്‍ റസൊല്യൂഷന്‍ പ്രഫഷണല്‍ മുഖേനയുള്ള ഓഹരി വില്‍പനയില്‍ തിങ്ക് ആന്‍ഡ് ലേണിന്റെ മുഴുവന്‍ ഓഹരികള്‍ക്കോ ആകാശ്, മറ്റ് ഉപസ്ഥാപനങ്ങളായ ജിയോജിബ്ര, വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ തുടങ്ങിയവയ്ക്കായോ അപേക്ഷിക്കാം. ഇതില്‍ ആകാശിന്റെ പൂര്‍ണ നിയന്ത്രണം സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഡോ.രഞ്ജന്‍ പൈയുടെ നീക്കങ്ങള്‍.
◾ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും സെമികണ്ടക്ടര്‍ നിര്‍മാണരംഗത്ത് ലോകത്തെ ഏറ്റവും മുന്‍നിര സ്ഥാപനവുമായ എന്‍വിഡിയ വന്‍ ദൗത്യവുമായി ഇന്ത്യയിലേക്ക്. നിര്‍മിത ബുദ്ധിയില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന 15 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.32 ലക്ഷം കോടി രൂപ) പദ്ധതിക്ക് നേരത്തേ ഗൂഗിള്‍ പച്ചക്കൊടി വീശിയിരുന്നു. അദാനിയുമായി ചേര്‍ന്ന് വിശാഖപട്ടണത്ത് എഐ ഹബ് ആണ് ഗൂഗിള്‍ ഒരുക്കുന്നത്. ഇതിനു പിന്നാലെയാണ്, ഇപ്പോള്‍ 2 ബില്യന്‍ ഡോളറിന്റെ (ഏകദേശം 18,000 കോടി രൂപ) ദൗത്യവുമായി എന്‍വിഡിയ എത്തുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായ ഇന്ത്യയില്‍ എഐയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അമേരിക്കന്‍ ഭീമന്മാരുടെ കടന്നുവരവ്. സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരുടെ കൂട്ടായ്മയായ ഇന്ത്യ ഡീപ് ടെക് അലയന്‍സുമായി ചേര്‍ന്ന് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ട്രെയിനിങ്, മെന്റര്‍ സഹായം നല്‍കുകയാണ് എന്‍വിഡിയ ചെയ്യുക. എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങ് അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തും.
◾ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയിലര്‍ എത്തി. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ടി.കെ. മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പൊലീസ് ഓഫിസര്‍ ആയാണ് റാണ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണിത്.
◾ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ 'ഡീയസ് ഈറെ' എന്ന ചിത്രം ഇതിനോടകം ചിത്രം 50 കോടി കളക്ഷനാണ് ബോക്സോഫീസില്‍ നിന്ന് നേടിയത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി പടമായി മാറി ഡീയസ് ഈറെ. ഇതിന് മുന്‍പ് പ്രണവ് നായകനായെത്തിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പ്രണവിന് മുന്‍പ് ഹാട്രിക് 50 കോടി സ്വന്തമാക്കിയ ഒരാള്‍ കൂടിയുണ്ട്, സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ. ഈ വര്‍ഷമിറങ്ങിയ മൂന്ന് സിനിമകളും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയാണ് മോഹന്‍ലാല്‍ ചരിത്രമെഴുതിയത്. അതില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റും ഉള്‍പ്പെടുന്നുണ്ട്. 260 കോടിയോളം നേടി എംപുരാന്‍ റെക്കോര്‍ഡ് ഇട്ടപ്പോള്‍ തുടരും കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി നേടി ഇന്‍ഡസ്ട്രിയില്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഈ രണ്ട് സിനിമകളുടെയും വിജയം ഹൃദയപൂര്‍വത്തിലൂടെയും മോഹന്‍ലാല്‍ ആവര്‍ത്തിച്ചു.
◾ ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ അംഗങ്ങള്‍ക്കെല്ലാം സിയാറ സമ്മാനിക്കാന്‍ ടാറ്റ മോട്ടോഴ്സ്. ഉടന്‍ വിപണിയിലെത്തുന്ന സിയാറയുടെ ഉയര്‍ന്ന മോഡല്‍ ടീം അംഗങ്ങള്‍ക്ക് നല്‍കുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇതോടെ ടാറ്റ സിയാറയുടെ ആദ്യ ബാച്ചിന്റെ ഉടമകളായി മാറും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. നവംബര്‍ 25ന് പുതിയ സിയാറയെ ടാറ്റ പുറത്തിറക്കും. ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ് ലേയൗട്ടുമായി എത്തുന്ന ആദ്യത്തെ വാഹനമാണ് സിയാറ. പഴയ സിയാറയുടെ മൊത്തത്തിലുള്ള ലുക്കുമായാണ് പുതിയ ടാറ്റ സിയാറയുടെ വരവ്. പഴയ സിയാറക്ക് ആര്‍15 ടയറുകളായിരുന്നെങ്കില്‍ പുതിയ സിയാറയില്‍ കൂടുതല്‍ വലിയ 19 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്. ഐസിഇ മോഡലില്‍ മൂന്ന് പവര്‍ട്രെയിനാണ് സാധ്യത. 1.5 ലീറ്റര്‍ എന്‍ജിനില്‍ നാച്ചുറലി അസ്പയേഡ്, ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കാവുന്നത്. പിന്നീട് ടര്‍ബോ പെട്രോള്‍ എന്‍ജിനും അവതരിപ്പിക്കാനിടയുണ്ട്. ടാറ്റ സിയാറയുടെ ഇവി പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്.
◾ ''മാങ്ങാട് രത്നാകരന്റെ രണ്ടുമിനിറ്റ് നുഡില്‍സിനു മുന്നിലാണു നമ്മള്‍. ഇതിലെ ഒരു രചനയുടെയും രുചിനുണയാന്‍ രണ്ടുമിനിറ്റില്‍ കൂടുതല്‍ വേണ്ട... ഒരു സംഗതി കൈയില്‍ കിട്ടിയാല്‍ അതു ഭയങ്കര ഇഫക്ടോടെ പറഞ്ഞു ഫലിപ്പിക്കാന്‍ രത്നാകരനുള്ള കഴിവ് അപാരമാണ്... ഗംഭീരം രത്നാകരലു, ഞങ്ങള്‍ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.'' -തോമസ് ജേക്കബ്. ഇന്ത്യന്‍ സാഹിത്യത്തിലെയും ധര്‍മശാസ്ത്രത്തിലെയും ഒരു വിശേഷശാഖയാണു സുഭാഷിതങ്ങള്‍. ആകാശവാണിയിലൂടെയും നമ്മുടെ കാതുകള്‍ സുഭാഷിതങ്ങള്‍ കേട്ടു തഴമ്പിച്ചു. സുഭാഷിതങ്ങള്‍ എന്ന ഈ പുസ്തകത്തിലെ സുഭാഷിതങ്ങളുടെ വരവ് മറ്റൊരു വഴിക്കാണ്. പേരു പക്ഷേ, അതുതന്നെ, സുഭാഷിതങ്ങള്‍. 'സുഭാഷിതങ്ങള്‍'. മാങ്ങാട് രത്നാകരന്‍. എച്ച് & സി ബുക്സ്. വില 210 രൂപ.
◾ ഡിയോഡറന്റുകളുടെ പതിവു ഉപയോഗം സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വാദം തെറ്റാണെന്ന് വിശദീകരിക്കുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. സാദ്വിക് രഘുറാം. ഡിയോഡറന്റുകളില്‍ പലപ്പോഴും അലുമിനിയം, പാരബെന്‍സ് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തില്‍ പ്രയോഗിക്കുമ്പോള്‍, വിയര്‍പ്പ് നാളങ്ങളെ താല്‍ക്കാലികമായി തടയാന്‍ സഹായിക്കുന്നു. ചില തിയറികള്‍ പ്രകാരം, ഡിയോഡറന്റുകള്‍ കക്ഷത്തിനടിയില്‍, അതായത് സ്തനകലകള്‍ക്ക് സമീപം പ്രയോഗിക്കുമ്പോള്‍ അത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇത് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കാമോ എന്നാണ് ആളുകളുടെ ആശങ്ക. ഇത് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്തിട്ടുള്ളതാണ്. അതില്‍ ഡിയോഡറന്റ് ഉപയോഗത്തെ സ്തനാര്‍ബുദവുമായോ മറ്റേതെങ്കിലും തരത്തിലുള്ള കാന്‍സറുമായോ ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. അപകട സാധ്യത വെറും തിയറിയായി മാത്രം നിലനില്‍ക്കുന്നതാണ്. ദിവസവും ഡിയോഡറന്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. അനാവശ്യമായി വിഷമിക്കുന്നത് സമ്മര്‍ദം വര്‍ധിപ്പിക്കും. വൃത്തിയും ആത്മവിശ്വാസവും അറിവും നിലനിര്‍ത്തുകയെന്നതാണ് പ്രധാനം. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഏതൊരു ഉല്‍പന്നമാണെങ്കിലും അതിന്റെ ചേരുവയില്‍ ജാഗ്രത പുലര്‍ത്തുകയെന്നത് പ്രധാനമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.61, പൗണ്ട് - 115.81, യൂറോ - 102.02, സ്വിസ് ഫ്രാങ്ക് - 109.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.68, ബഹറിന്‍ ദിനാര്‍ - 235.06, കുവൈത്ത് ദിനാര്‍ -288.49, ഒമാനി റിയാല്‍ - 230.46, സൗദി റിയാല്‍ - 23.63, യു.എ.ഇ ദിര്‍ഹം - 24.11, ഖത്തര്‍ റിയാല്‍ - 24.34, കനേഡിയന്‍ ഡോളര്‍ - 62.85.
➖➖➖➖➖➖➖➖
Tags:
KERALA