തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി നാളുകള്‍ ബാക്കിനില്‍ക്കേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി. ഇന്നും നാളെയുമാണ് (നവംബര്‍ 2025 4,5 തീയതികളില്‍) പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം. ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പ്രവാസികള്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയും. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്.
പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാത്രമല്ല അനര്‍ഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബര്‍ 4,5 തീയതികളില്‍ അപേക്ഷിക്കാം.
അപേക്ഷ നല്‍കേണ്ടത് ഇവിടെ
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ https://sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കയറിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനായുള്ള കംപ്യൂട്ടര്‍ ജനറേറ്റഡ് നോട്ടിസ് ലഭിക്കും. ഈ നോട്ടിസില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ അവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍ 14ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുകയും ചെയ്യും.
സംശയ നിവാരണത്തിന് ഇലക്ടറല്‍ ഓഫിസര്‍മാര്‍
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ടറല്‍ ഓഫിസര്‍മാരുമായാണ് ബന്ധപ്പെടേണ്ടത്. ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പല്‍ കൗണ്‍സിലുകളിലും അതാത് സെക്രട്ടറിമാരും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അതത് അഡീഷനല്‍ സെക്രട്ടറിമാരും ആണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍.
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഈ ആഴ്ച
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഈ ആഴ്ചയുണ്ടാവുമെന്നാണ് സൂചന. നവംബര്‍ അഞ്ചിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിസംബര്‍ 5-നും 15-നും ഇടയില്‍ രണ്ട് ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്.
Tags:
KERALA