2025 | നവംബർ 4 | ചൊവ്വ
1201 | തുലാം 18 | രേവതി
◾ ഇപി ജയരാജന്റെ ഇതാണെന്റെ ജീവിതമെന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് ഇപി ജയരാജനെതിരെ പാര്‍ട്ടിയില്‍ അതൃപ്തിയുള്ളത്. സംഘടനയ്ക്കുള്ളില്‍ പി ജയരാജന്‍ ഇപിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളടക്കം ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. അതേസമയം പുസത്ക പ്രകാശന ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടി, പിഎസ് ശ്രീധരന്‍പിള്ള, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ ഇതര പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്തെങ്കിലും പി ജയരാജനും എംവി ഗോവിന്ദനുമടക്കമുള്ളവര്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, പി ജയരാജനനെ ഇപിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലടക്കമുള്ള അതൃപ്തിയും ഇപി ആത്മകഥയില്‍ തുറന്നുപറയുന്നുണ്ട്.
◾ ഇപി ജയരാജന്‍ ബിജെപിയില്‍ വരാന്‍ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് എ പി അബ്ദുള്ളക്കുട്ടി. ജയരാജന്‍ വേണ്ടെന്ന് സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചുവെന്നും അതിന്റെ ഭാഗമായി തന്നെയാണ് ജാവ്ദേകര്‍ ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പി ജയരാജന്‍ ആത്മകഥ എഴുതിയാല്‍ ഇപിയുടെ കഥ മുഴുവന്‍ പുറത്തുവരുമെന്നും ഇപി പുസ്തകം എഴുതിയത് തന്നെ എം വി ഗോവിന്ദനെ ലക്ഷ്യംവച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. ഈ മാസം മുതല്‍ ആശമാര്‍ക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് ആശമാര്‍ക്ക് ലഭിച്ചത്. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
◾ കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ എന്നും സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് ആവശ്യത്തിനുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ ഇന്നലെ രാത്രി തന്നെ എത്തിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ വിവരിച്ചു.
◾ സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ക്ക് ഒരേ സമയം രണ്ട് ജോലി ചെയ്യേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. എസ്സ് ഐ ആര്‍ ചുമതലയുള്ള ബി എല്‍ ഒ മാരെ മറ്റു ജോലികളില്‍ നിന്നൊഴിവാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആദ്യം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഈ ഒഴിവാക്കല്‍ ബാധകം അല്ലെന്ന് കാട്ടി വീണ്ടും ഉത്തരവ് ഇറക്കി. ബി എല്‍ ഒ മാരെ മറ്റു ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
◾ മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും അപമര്യാദ കാണിച്ച ഡ്രൈവര്‍മാര്‍ക്കും ഒത്താശ ചെയ്ത പൊലീസുകാര്‍ക്കും എതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ വരവുചെലവു കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയില്‍ അവതരിപ്പിക്കുകയോ ചെയ്യാത്ത കിഫ്ബി ഒരു വെള്ളാനയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തിയ കിഫ്ബിയുടെ വിവിധ ഇടപാടുകള്‍ സംശയാസ്പദമാണ്. കിഫ്ബിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേനയുള്ള ധനവിനിയോഗവും കരാര്‍ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.
◾ സ്വകാര്യ ബസുകളുടെ ഹോണ്‍ അടിക്കും മരണപ്പാച്ചിലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുടെ ഹോണ്‍ അടി പൊതു ശല്യം ആണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദേശത്ത് ഒക്കെ ആണേല്‍ ഈ ഹോണ്‍ അടി കേട്ട് ദേഷ്യം വരുന്നവര്‍ തോക്ക് എടുത്ത് വെടി വെച്ച് കളയുമെന്നും ഗണേഷ് പറഞ്ഞു. ആദ്യമെത്താന്‍ ഉള്ള മരണപ്പാച്ചിലാണ് സ്വകാര്യ ബസുകള്‍ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
◾ കലൂര്‍ സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് സ്പോണ്‍സറുമായി പുതിയ തൃകക്ഷി കരാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ കായികവകുപ്പും ജിസിഡിഎയും. സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചിരുന്നു. കരാര്‍ ഉണ്ടെന്ന അവകാശവാദങ്ങളില്‍ വ്യക്തത വരുത്താന്‍ മാധ്യമപ്രവര്‍ത്തകരടക്കം വിവരാവകാശനിയമപ്രകാരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
◾ 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ കുട്ടികളുടെ കാറ്റഗറിയിലെ അവാര്‍ഡുകള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. പുരസ്‌കാരത്തിന് അര്‍ഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തലെന്നും അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു.
◾ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പരിഗണനയ്ക്കായി കുട്ടികളുടെ കാറ്റഗറിയില്‍ അപേക്ഷിച്ചത് 6 സിനിമകള്‍. ഇതില്‍ അന്തിമ റൗണ്ടില്‍ എത്തിയത് 2 ചിത്രങ്ങള്‍ മാത്രമാണ്. സ്‌കൂള്‍ ചലേ ഹം, ഇരുനിറം എന്നീ 2 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുമ്പാകെ എത്തിയത്. രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണില്‍ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍. അതിനാലാണ് കുട്ടികളുടെ മികച്ച ചിത്രങ്ങള്‍ക്കോ ബാലതാരങ്ങള്‍ക്കോ അവാര്‍ഡ് നല്‍കാതിരുന്നത് എന്നുള്ളതാണ് ജൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
◾ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കുട്ടികളുടെ കാറ്റഗറി അവഗണിക്കപ്പെട്ടതില്‍ നിരാശയെന്ന് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ സിനിമയുടെ സംവിധായകന്‍ വിനേഷ്. കുട്ടികളുടെ സിനിമകള്‍ക്ക് പ്രോത്സാഹനം ഇല്ലെങ്കില്‍ സിനിമകള്‍ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. ഇത്തവണ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരത്തില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുട്ടികളുടെ ചിത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് സിനിമ മേഖലയിലുള്ളവര്‍ ചിന്തിക്കണമെന്നുമായിരുന്നു ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് ഇന്നലെ പ്രതികരിച്ചത്.
◾ 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങള്‍ക്ക് പുരസ്‌കാരം നല്‍കാത്തതില്‍ ജൂറി ചെയര്‍മാനെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ. കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയേണ്ടത് അവാര്‍ഡ് നിഷേധിച്ച് കൊണ്ടല്ലെന്നും ദേവനന്ദ പറഞ്ഞു.
◾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന 'ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഡ്രൈവ്' എല്ലാ ജില്ലകളിലും ആരംഭിച്ചു. 40 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റുവരവുള്ള, ചരക്കുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സില്‍ സേവനം കൂടി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ 20 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകാരും നിയമപ്രകാരം നിര്‍ബന്ധമായും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.
◾ ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് 2024 ല്‍ ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമര്‍ശമുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാനായി നല്‍കാനിറക്കിയ ഉത്തരവിലാണ് പരാമര്‍ശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികള്‍ മെയിന്റനന്‍സിന് നല്‍കാമെന്നാണ് ഉത്തരവിലുള്ളത്. 2024ല്‍ ദേവസ്വം സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്ത് വന്നിട്ടുള്ളത്.
◾ കെഎസ് ശബരീനാഥന്‍ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. കൊല്ലം കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.
◾ തിരുവനന്തപുരത്തും കോഴിക്കോടും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കോഴിക്കോട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശമുള്ളത്. ഈ തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
◾ പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി സുപ്രീംകോടതി. അതേസമയം കേസുമായി ബന്ധപ്പെട്ട് വിചാരണനടപടികള്‍ തുടരാമെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
◾ കണ്ണൂരില്‍ റബ്ബര്‍ തോട്ടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നടുവില്‍ സ്വദേശി കെ വി ഗോപിനാഥനാഥന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെതുടര്‍ന്ന് കുടിയാന്മല പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
◾ സിറോ മലബാര്‍ സഭാ നേതൃത്വം ഇന്ന് പ്രധാനമന്ത്രിയെ കാണും. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൂടിക്കാഴ്ച. ഫരീദാബാദിനെ അതിരൂപതയാക്കി ഉയര്‍ത്തിയതിനുശേഷമുള്ള സൗഹൃദ സന്ദര്‍ശനമെന്നാണ് സഭാ നേതൃത്വം വിശദീകരിക്കുന്നത്.
◾ പത്തു മില്ലി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷ് (32)നെയാണ് ഇക്കഴിഞ്ഞ 25-ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരാഴ്ചയോളം ധനേഷ് റിമാന്റില്‍ കിടന്നു.കഴിഞ്ഞ ദിവസം ധനേഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ളഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും പകരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.
◾ തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ പ്രതിയുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.
◾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും പീഡനത്തിന് ഒത്താശചെയ്ത കുട്ടിയുടെ അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്. മഞ്ചേരി അതിവേഗ പ്രത്യേക കോടതിയാണ് പോക്‌സോ കേസില്‍ പ്രതികളെ ശിക്ഷിച്ചത്. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ രണ്ടാനച്ഛന്‍ പാലക്കാട് സ്വദേശിയാണ്. അമ്മ തിരുവനന്തപുരം സ്വദേശിനിയും. 2019-ലാണ് യുവതി കുട്ടിയുമായി രണ്ടാംഭര്‍ത്താവിനൊപ്പം താമസം ആരംഭിച്ചത്. അന്നുമുതല്‍ രണ്ടാനച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം.
◾ കോയമ്പത്തൂര്‍ നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്‌പ്പെടുത്തി തമിഴ്‌നാട് പോലീസ്. സതീഷ്, ഗുണ, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായതെന്നും മൂന്ന് പ്രതികളെയും വെടിവെച്ചാണ് കീഴ്‌പ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. കാലിന് വെടിയേറ്റ ന്ന് പ്രതികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎ വിദ്യാര്‍ഥിനിയായ 21-കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
◾ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്. സംഭവത്തില്‍ തമിഴ്നാട് ബന്ദല്‍കുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കും. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. ഇതുകൂടാതെ കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടു. ഇതെല്ലാം പൊലീസിന്റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍.
◾ നാല് പതിറ്റാണ്ടിലേറെ കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ വംശജനായ സുബ്രഹ്‌മണ്യം വേദമിനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതികള്‍. ഇത് സംബന്ധിച്ച് യുഎസ് കോടതികള്‍ ഇമിഗ്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെയാണ് സുബ്രഹ്‌മണ്യം കുറ്റവിമുക്തനാക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ കേസ് പുനഃപരിശോധിക്കണോ എന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അപ്പീല്‍സ് തീരുമാനിക്കുന്നത് വരെ നാടുകടത്തല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് ഉത്തരവ്.
◾ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ലേഖനമെഴുതിയതിന് പിന്നാലെ പ്രശംസയും ഒപ്പം മുന്നറിയിപ്പുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല. തരൂര്‍ അപകടത്തെ ഭയക്കാതെ കളിക്കുന്നയാള്‍ ആയി മാറിയെന്ന് പൂനാവാല പ്രശംസിച്ചു. എനിക്കെന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ എന്നായിരുന്നു ഗാന്ധി കുടുംബത്തെ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് പൂനാവാലയുടെ പ്രതികരണം.
◾ ഇസ്രായേല്‍ സൈന്യത്തിലെ ഉന്നത നിയമോപദേഷ്ടാവായിരുന്ന മേജര്‍ ജനറല്‍ യിഫാത്ത് ടോമര്‍ യെരുശല്‍മി അറസ്റ്റില്‍. കഴിഞ്ഞ ആഴ്ച വരെ ഇസ്രായേല്‍ സൈന്യത്തിലെ ഉന്നത നിയമോപദേഷ്ടാവായിരുന്ന യിഫാത്ത് ടോമര്‍ യെരുശല്‍മിയുടെ പെട്ടെന്നുള്ള രാജിയും ഹ്രസ്വമായ തിരോധാനവും ടെല്‍ അവീവ് ബീച്ചില്‍ അവരെ കണ്ടെത്തിയതിലേക്ക് നയിച്ച തീവ്രമായ തിരച്ചിലും ഉള്‍പ്പെട്ട സംഭവങ്ങളുടെ പരമ്പര രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു വിവാദത്തിനാണ് കാരണമായിട്ടുള്ളത്.
◾ ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്നവസാനിക്കാനിരിക്കെ ഏറ്റവും പുതിയ സര്‍വെ ഫലം പുറത്ത്. എന്‍ ഡി എ സഖ്യത്തിന് മഹാ വിജയം പ്രവചിക്കുന്നതാണ് ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിന്റെ സര്‍വെ ഫലം. 153 മുതല്‍ 160 സീറ്റ് വരെ നേടി എന്‍ ഡി എ അധികാരം തുടരുമെന്നാണ് പ്രവചനം. തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും നടത്തുന്ന വമ്പന്‍ പ്രചരണങ്ങളൊന്നും ബിഹാര്‍ ജനതയുടെ മനം കവരില്ലെന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്.
◾ പഞ്ച്ഗൂരില്‍ പാകിസ്ഥാന്‍ സുരക്ഷാ സേന തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡിപ്പിച്ച യുവതി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പഞ്ച്ഗൂരില്‍ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ പാക് സുരക്ഷാ സേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി പീഡിപ്പിച്ച് ഗുരുതരാവസ്ഥയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
◾ കാലിഫോര്‍ണിയയില്‍ ഒരു മാസം മുമ്പ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടത്തില്‍ പ്രതിയായ ഇന്ത്യന്‍ യുവാവ് മദ്യലഹരിയിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ ജഷന്‍പ്രീത് സിംഗ് മദ്യലഹരിയിലായിരുന്നില്ലെന്ന് യു.എസ്. അധികൃതരാണ് വ്യക്തമാക്കിയത്. നേരത്തെ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു അറിയിച്ചിരുന്നത്.
◾ വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശവുമായി മുന്‍ ക്യാപ്റ്റന്‍ ശാന്താ രംഗസ്വാമി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ കരുതി 36കാരിയായ ഹര്‍മന്‍പ്രീത് സ്ഥാനമൊഴിഞ്ഞ് വൈസ് ക്യാപ്റ്റനായ 29കാരി സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കണമെന്നും ശാന്താ രംഗസ്വാമി പിടിഐയോട് പറഞ്ഞു. ക്യാപ്റ്റന്‍സിയുടെ ഭാരം ഒഴിയുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാനും ടീമിനായി കൂടുതല്‍ സംഭാവന ചെയ്യാനും ഹര്‍മനാവുമെന്നും അവര്‍ വ്യക്തമാക്കി.
◾ ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വമ്പന്‍ കുതിപ്പ്. വിവിധ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതിനുള്ള താരങ്ങളുടെ കരാര്‍ തുകയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍ 127 റണ്‍സ് നേടി ടീമിനെ ഫൈനലിലെത്തിച്ച പ്രകടനത്തിലൂടെ ലോക ശ്രദ്ധ നേടിയ ജെമീമ റോഡ്രിഗസ് 75 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെയാണ് ഇപ്പോള്‍ ബ്രാന്‍ഡ് സഹകരണത്തിനായി ഈടാക്കുന്ന തുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയാണ്. ഒരു ബ്രാന്‍ഡില്‍ നിന്നുമാത്രം രണ്ടു കോടിയോളം രൂപയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
◾ സംസ്ഥാനത്തെ സ്വര്‍ണം, വെള്ളി വില കുറഞ്ഞു. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് പ്രധാന കാരണം. അമേരിക്കന്‍ ഫെഡ് റിസര്‍വ് ഇക്കൊല്ലം ഒരു തവണ കൂടി പലിശ കുറച്ചേക്കില്ലെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായി. കേരളത്തില്‍ ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം. പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,230 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,190 രൂപയും 9 കാരറ്റ് 4,665 രൂപയുമാണ്. വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 158 രൂപയായി. അമേരിക്കന്‍ ഡോളര്‍ സൂചിക 0.20 ശതമാനം ഉയര്‍ന്ന് 100.05 എന്ന നിലയിലെത്തിയിരുന്നു. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറില്‍ താഴെയെത്തി. കഴിഞ്ഞ മാസം 4,300 ഡോളര്‍ വരെ എത്തിയിരുന്നു.
◾ ഗൂഗ്ള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ജാഗ്രത മുന്നറിയിപ്പുമായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷ നിയന്ത്രണങ്ങള്‍ മറികടന്ന് നുഴഞ്ഞ് കയറാനും വിവരങ്ങള്‍ ചോര്‍ത്താനും സൈബര്‍ ആക്രമണം നടത്താനും സാധിക്കുന്ന രീതിയില്‍ ബ്രൗസറില്‍ സുരക്ഷ പാളിച്ചകളുണ്ടെന്ന് വ്യക്തമാക്കിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ലിനക്സ്, വിന്‍ഡോസ്, മാക് ഒഎസ് എന്നിവയിലെ ക്രോം ഉപയോക്താക്കള്‍ക്ക് ബ്രൗസറിന്റെ ഇനിപ്പറയുന്ന പതിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിനക്സ് 142.0.7444.59ന് മുമ്പുള്ള ഗൂഗ്ള്‍ ക്രോം പതിപ്പുകള്‍, വിന്‍ഡോസ്, മാക് 142.0.7444.59/60 ന് മുമ്പുള്ള ഗൂഗ്ള്‍ ക്രോം പതിപ്പുകള്‍, മാക് 142.0.7444.60ന് മുമ്പുള്ള ഗൂഗ്ള്‍ ക്രോം പതിപ്പുകള്‍. സുരക്ഷ പാളിച്ചകള്‍ പരിഹരിച്ച് ബ്രൗസറിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്തിട്ടുണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. വിന്‍ഡോസിലും മാകോസിലും അപ്‌ഡേറ്റ് ചെയ്യാന്‍: ക്രോം ബ്രൗസറിന്റെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിലേക്ക് പോകുക. >സെറ്റിങ്സ് > എബൗട്ട് > അപ്‌ഡേറ്റ് ക്രോം.
◾ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മിഡ് സൈസ് എസ്യുവി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് വില്‍പനക്കെത്തിയത്. രണ്ടു മാസം കൊണ്ട് 30,000 ബുക്കിങുകള്‍ ലഭിച്ചുവെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ആകെ ബുക്കിങിന്റെ 38% സിഎന്‍ജി മോഡലിനാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച്ച മുതല്‍ വിക്ടോറിസ് എസ് യുവിയുടെ ഷോറൂമുകളിലേക്കെത്തുകയും ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു. ഇതുവരെ 30,000ത്തിലേറെ ബുക്കിങുകള്‍ വിക്ടോറിസിന് ലഭിച്ചു കഴിഞ്ഞു. ഇതില്‍ 53 ശതമാനവും നാച്ചുറലി അസ്പയേഡ് പെട്രോള്‍ വകഭേദങ്ങള്‍ക്കാണ്. ആകെ ബുക്കിങിന്റെ 38% സിഎന്‍ജി നേടിയിട്ടുണ്ട്. ഇത് ഏകദേശം 11,000 യൂണിറ്റുകള്‍ വരും. അണ്ടര്‍ബോഡി സിഎന്‍ജി ടാങ്കും അഡാസ് സുരക്ഷാ ഫീച്ചറുകളുമെല്ലാം വിക്ടോറിസിന്റെ സിഎന്‍ജി മോഡലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചുവെന്നു വേണം കരുതാന്‍. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് വിക്ടോറിസിനായി ആളെ കൂട്ടുന്ന മറ്റൊരു പ്രധാന ഘടകം. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ പല പ്രധാന നഗരങ്ങളിലും വിക്ടോറിസിനായി ബുക്ക് ചെയ്ത് രണ്ടു മാസം വരെ കാത്തിരിക്കേണ്ട നിലയുണ്ട്.
◾ അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ ഒരു കലവറയാണ് പാഷന്‍ ഫ്രൂട്ട്. ഇതില്‍ 76 ശതമാനവും ജലാംശമാണ്. 100 ഗ്രാം പാഷന്‍ ഫ്രൂട്ടെടുത്താല്‍ അതില്‍ 10.4 ഗ്രാം നാരുകളാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ബെസ്റ്റാണ്. കൂടാതെ മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാല്‍ ഇതു പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം. ഇന്‍സുലിന്‍ സംവേദന ക്ഷമത മെച്ചപ്പെടുത്താന്‍ കഴിയുന്ന പിസിയാറ്റനോള്‍ എന്ന ഒരു സംയുക്തം പാഷന്‍ ഫ്രൂട്ടിലുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും. വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, കരോട്ടിന്‍, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ് പാഷന്‍ ഫ്രൂട്ട്. കൂടാതെ ഇവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രോ?ഗപ്രതിരോധ ശേഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പാഷന്‍ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിന്‍ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. എന്നാലും ചിലരില്‍ പാഷന്‍ ഫ്രൂട്ട് അലര്‍ജി ഉണ്ടാക്കാം. ഇതില്‍ ധാരാളമായി ഓക്സലേറ്ററുകള്‍ ഉണ്ട്. ഇത് വൃക്ക രോഗസാധ്യതയുള്ളവരില്‍ വൃക്കയില്‍ കല്ലുണ്ടാകാനിടയാക്കാം. പാഷന്‍ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതില്‍ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകള്‍ ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.61, പൗണ്ട് - 116.10, യൂറോ - 102.10, സ്വിസ് ഫ്രാങ്ക് - 109.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.70, ബഹറിന്‍ ദിനാര്‍ - 235.04, കുവൈത്ത് ദിനാര്‍ -288.39, ഒമാനി റിയാല്‍ - 230.47, സൗദി റിയാല്‍ - 23.63, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.34, കനേഡിയന്‍ ഡോളര്‍ - 63.02.
Tags:
KERALA