2025 | നവംബർ 3 | തിങ്കൾ
1201 | തുലാം 17 | ഉത്രട്ടാതി
◾ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജിയടക്കം ആവശ്യപ്പെടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ തീരുമാനമെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഒരുവര്‍ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടാനാണ് തീരുമാനം. നവംബര്‍ പത്താം തീയതി പ്രശാന്തിന്റെ പ്രസിഡന്റ് പദവിയിലുള്ള കാലാവധി അവസാനിരിക്കെയാണ് സിപിഎം നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. വൈകാതെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. ഇത് ഗവര്‍ണര്‍ ഒപ്പിട്ടാല്‍ അടുത്ത ജൂണ്‍ വരെ പ്രശാന്തിന് പ്രസിഡന്റായി തുടരാനാകും.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസുവിന്റെ പിഎ സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് വാസുവിനെ എസ് ഐടി ചോദ്യം ചെയ്തിരിക്കുന്നത്. അതേ സമയം, ശബരിമല സ്വര്‍ണ്ണക്കര്‍വച്ചാ കേസില്‍ അറസ്റ്റിലായ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.
◾ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു നല്‍കും.
◾ വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും പെണ്‍കുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. കസ്റ്റഡിയിലുളള പ്രതി സുരേഷ് പെണ്‍കുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയില്‍വേ പൊലീസും സ്ഥിരീകരിച്ചു. ഇയാള്‍ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനില്‍ കയറിയത്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും സ്ഥിരീകരണമുണ്ട്.
◾ വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് 19കാരി ശ്രീക്കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. സഹയാത്രികരായിരുന്ന 2 പേരാണ് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി. ജനറല്‍ കംപാര്‍ട്ട്മെന്റിലുണ്ടായിരുന്ന രണ്ട് പുരുഷന്‍മാരാണ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്പാനൂരുള്ള കേരള റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തുകയും ഈ പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
◾ വര്‍ക്കല ട്രെയിന്‍ അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി യാത്ര ചെയ്തിരുന്ന കേരള എക്സ്പ്രസില്‍ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തല്‍. ട്രെയിനില്‍ ആര്‍പിഎഫിന്റെയോ കേരള റെയില്‍വേ പൊലീസിന്റെയോ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ക്രൈം പാറ്റേണ്‍ അനുസരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നതെന്നാണ് ആര്‍പിഎഫിന്റെ വിശദീകരണം.
◾ വര്‍ക്കലയില്‍ മദ്യ ലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടി അപകടനില തരണം ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ചു.
◾ വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു. കുട്ടിക്ക് മികച്ച ചികിത്സ നല്‍കണമെന്നു പറഞ്ഞ അമ്മ ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും ചോദിച്ചു.
◾ വര്‍ക്കലയില്‍ ട്രെയിനില്‍ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇപ്പോഴും ട്രെയിനില്‍ സുരക്ഷയില്ലെന്നും അവര്‍ പറഞ്ഞു. സൗമ്യ കൊല്ലപ്പെട്ടപ്പോള്‍ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയില്‍ കമ്പാര്‍ട്ടുമെന്റുകളില്‍ പരിശോധനകള്‍ നടന്നുവെന്നും സൗമ്യക്ക് സംഭവിച്ചത് വേറെ ആര്‍ക്കും സംഭവിക്കരുതെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
◾ ട്രെയിനിലെ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വര്‍ക്കലയില്‍ ട്രെയിനില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
◾ മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ് അര്‍ജന്റീന ഫുട്ബാള്‍ ടീമിന്റെ മെയില്‍ വന്നുവെന്നും വരുന്ന മാര്‍ച്ചില്‍ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നല്‍കിയെന്നും വി അബ്ദു റഹ്‌മാന്‍ പറഞ്ഞു. നവംബറില്‍ കളി നടക്കേണ്ടത് ആയിരുന്നുവെന്നും സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.
◾ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയില്‍ നിന്നും മാറ്റിയത് അറിയിക്കാത്തതിലും റസൂല്‍ പൂക്കുട്ടി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ ക്ഷണിക്കാത്തതിലും വിഷമമുണ്ടെന്ന് നടന്‍ പ്രേം കുമാര്‍. ആശാ സമരം എത്രയും വേഗം പരിഹരിക്കണമെന്നും നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും താന്‍ അഭിപ്രായം പറഞ്ഞിരുന്നുവെന്നും അത് എന്റെ അഭിപ്രായമാണെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാന്‍ കഴിയാത്തത് വേറെ ചില തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ആണെന്നും പ്രേം കുമാര്‍ വിശദീകരിച്ചു.
◾ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഏതെങ്കിലും തര്‍ക്കങ്ങളുടെ പുറത്തല്ല മാറ്റമെന്നും പ്രേംകുമാറിനെ അറിയിക്കാന്‍ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും പ്രേംകുമാര്‍ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ആശാ സമരത്തെ പ്രകീര്‍ത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ വിതരണത്തിനായി 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ വര്‍ഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആര്‍ടിസിയ്ക്ക് നല്‍കി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെന്‍ഷന്‍ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി .
◾ നെല്ല് സംഭരണ പ്രതിസന്ധിയില്‍ പ്രതികരിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കര്‍ഷകരുടെ വികാരം ന്യായമാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ വികാരത്തിനൊപ്പമാണ്. വിഷയത്തില്‍ മില്ലുടമകളെ വിമര്‍ശിച്ച മന്ത്രി നെല്ല് വില കുറച്ചുകിട്ടാനുള്ള മില്ലുടമകളുടെ തന്ത്രമാണെന്നും വിമര്‍ശിച്ചു.
◾ കേരളത്തിലെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. കളമശ്ശേരി മണ്ഡലത്തില്‍ മന്ത്രി നടപ്പിലാക്കുന്ന 'സ്‌കില്ലിംഗ് കളമശ്ശേരി യൂത്ത്' പദ്ധതിയുടെ ഭാഗമായാണ് വര്‍ക്ക് നിയര്‍ ഹോം യാഥാര്‍ഥ്യമായത്. വീടിനടുത്ത് തന്നെ പ്രൊഫഷണല്‍ ആംബിയന്‍സ്, ലാപ്‌ടോപ്പ്, വൈഫൈ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു കെട്ടിടത്തിനുള്ളില്‍ ഒരുക്കി സമാധാനപരമായ തൊഴില്‍ സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് വര്‍ക്ക് നിയര്‍ ഹോം.
◾ താമരശ്ശേരിയിലെ ഫ്രഷ് കട്ടിനെതിരായ ലീഗ് പ്രതിഷേധ സംഗമത്തില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. ശുദ്ധവായു നശിപ്പിക്കുന്നതിലും വലുത് അല്ല ഒരു ബിസിനസെന്നും ബലം പ്രയോഗിച്ചു ഒന്നും നടത്താന്‍ ആകില്ലെന്നും ജനങ്ങളെ ദുരിതത്തില്‍ ആക്കിയിട്ടല്ല മാലിന്യ സംസ്‌കരണം നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോഴിക്കോട് മാലിന്യ സംസ്‌കരണം കുത്തക ആക്കിയതാണ് പ്രശ്നമെന്നും ജനങ്ങളെ അടിച്ചമര്‍ത്തി ഫ്രഷ് കട്ട് തുറക്കാം എന്ന് കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ബിജെപി ധാരണയെന്നും ആ ധൈര്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി. ശബരിനാഥനെ ഇറക്കിയാലും കോര്‍പ്പറേഷന്‍ പിടിക്കാന്‍ ആവില്ലെന്നും , വി.ഡി സതീശന്‍ തന്നെ മത്സരിച്ചാലും എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും കഴിഞ്ഞവര്‍ഷത്തേക്കാള്‍ ദയനീയ പ്രകടനമാകും യുഡിഎഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എക്സൈറ്റഡ് ആണെന്ന് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍. ജില്ലയുടെ മുന്നേറ്റമാണ് ആഗ്രഹമെന്നും എല്ലാം പാര്‍ട്ടി നല്‍കിയതാണെന്നും ശബരീനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പാര്‍ട്ടിക്കാരനാണെന്നും ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പര്‍ സെല്ലുകള്‍ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ സ്വാഗതം ചെയ്ത് ബിജെപി. വര്‍ഗീസിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയത്തെ സ്വാഗതം ചെയ്യുന്നയാളാണ് മേയര്‍. ഇടതു മുന്നണി അഞ്ച് കൊല്ലം മേയറെ കൂച്ചുവിലങ്ങിടുകയായിരുന്നു. ബിജെപിയിലേക്ക് എത്തിയാല്‍ മേയര്‍ക്ക് പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് അര്‍ഹമായ പരിഗണന നല്‍കുമെന്നും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കി.
◾ മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്. സ്ഥലത്തെത്തിയ പൊലീസും ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയില്‍ പറഞ്ഞിരുന്നു. ഊബര്‍ ടാക്സി വിളിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മൂന്നാറിലെ ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്.
◾ ഇടുക്കി മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവമാണെന്നും അദ്ദേഹം പറഞ്ഞു
◾ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിലിനെ കണ്ണൂര്‍ കുന്നോത്ത്പറമ്പ് ഡിവൈഎഫ്ഐ സമ്മേളനത്തിലെ അനുശോചന പ്രമേയത്തില്‍ രക്തസാക്ഷിയാക്കി. കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ പാനൂര്‍ മുളിയാംന്തോടിലെ ഷെറില്‍ കൊല്ലപ്പെട്ടത്. ഷെറിലിന് സംഘടനയുമായി ബന്ധമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ അന്നത്തെ നിലപാട്. ഇതേ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആക്കിയിരുന്നു.
◾ സൈബര്‍ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള പൊലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരന്‍ അറസ്റ്റില്‍. ഊരമ്പ്, ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പൊലീസിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കരയിലെ ഒരു ദേശസാല്‍ക്കരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഇയാള്‍ അന്തര്‍ദേശീയ തലത്തില്‍ ഉള്‍പ്പെടെ തട്ടിപ്പ് നടത്തി പ്രതിമാസം സമ്പാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപയായിരുന്നു.
◾ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. ഇയാള്‍ ആശുപത്രി വിട്ടു. കൊച്ചിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ രണ്ടാം വകഭേദമാണ് സ്ഥിരീകരിച്ചതെന്നും ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
◾ കണ്ണൂരില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ കോണിപ്പടിയില്‍ വീണ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇയാള്‍ ആശുപത്രിയിലെ കോണിപ്പടിയില്‍ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
◾ തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് വെള്ളിയാഴ്ചയെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. അതേസമയം പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
◾ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സംവിധാനമായ വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ് നീളാന്‍ സാധ്യത. ഫര്‍ണിഷിംഗിലെയും നിര്‍മ്മാണ നിലവാരത്തിലെയും പ്രശ്‌നങ്ങളാണ് ഈ കാലതാമസത്തിന് കാരണമായി റെയില്‍വേ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്.
◾ ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരെയും പരിവര്‍ത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവം ,വര്‍ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമെന്ന് സിറോ മലബാര്‍ സഭ കുറ്റപ്പെടുത്തി. ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്‍മാരാക്കി മാറ്റുന്ന നടപടിയാണിതെന്നും വിഭജനത്തിന് ശേഷം രാജ്യം കണ്ട വിഭജനപരമായ അതിര്‍ത്തിയാണിതെന്നും സഭ വ്യക്തമാക്കി.
◾ ലോണ്‍ തട്ടിപ്പ് കേസില്‍ റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനില്‍ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. ദില്ലി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടി. സംഭവത്തില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
◾ പാകിസ്ഥാനും ചൈനയും ആണവായുധങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ അത് പുറത്തുപറയുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയും ഉത്തരകൊറിയയും അവരുടെ ആണവായുധങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 33 വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷം ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് താന്‍ നല്‍കിയ ഉത്തരവിനെ ന്യായീകരിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നെന്നും, വ്യാപാരത്തിലൂടെയും തീരുവകളിലൂടെയും താന്‍ അത് തടഞ്ഞുവെന്നും താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് പരാമര്‍ശിച്ച് ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. സൈബര്‍ ആക്രമണങ്ങള്‍ മുതല്‍ ബഹിരാകാശ യുദ്ധം വരെയുള്ള ഭീഷണികളുടെ സങ്കീര്‍ണ്ണവും അതിവേഗം വികസിക്കുന്നതുമായ പുതിയ കാലത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഭാവിയിലെ വെല്ലുവിളികളെ സ്ഥിരതയില്ലായ്മ, അനിശ്ചിതത്വം, സങ്കീര്‍ണ്ണത, അവ്യക്തത എന്നിവയാല്‍ അടയാളപ്പെടുത്തുമെന്നും , ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കും എനിക്കും വ്യക്തമായ ധാരണയില്ലെന്നും നാളെ എന്താണ് താന്‍ ചെയ്യുക എന്ന് ട്രംപിന് തന്നെ അറിയില്ലെന്നും ട്രംപ് ഇന്ന് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയാമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
◾ അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ രണ്ടാം മാസത്തിലേക്ക് കടന്നു. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലാണ്. അവശ്യ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. ആരോഗ്യ പരിരരക്ഷ, സബ്സിഡി ഉള്‍പ്പെടാതെയുള്ള ധന അനുമതി ബില്ല് പാസ്സാക്കാതെ ഡെമോക്രാറ്റുകളുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് ട്രംപിന്റെ നിലപാട്.
◾ ഗാസയില്‍ മരണപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ അടങ്ങിയ ശവപ്പെട്ടികള്‍ ഹമാസ് കൈമാറിയതായി ഇസ്രയേല്‍ സൈന്യം. ഗാസ മുനമ്പിലെ റെഡ് ക്രോസ് മുഖേനയാണ് ഇസ്രയേലിന് ഹമാസ് ശവപ്പെട്ടികള്‍ കൈമാറിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി കൊണ്ടുപോയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ ധാരണയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ആരംഭിച്ച ബന്ദികളുടെ കൈമാറ്റത്തിന്റെ ഭാഗമായാണ് നടപടി.
◾ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ടെന്നും ആണ്‍കുട്ടികളുടെ വിജയങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തില്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ഈ ലോകകപ്പ് വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ ആദ്യ ലോകകപ്പ് വിജയത്തിനൊപ്പം ഇന്ത്യന്‍ വനിതാ ടീമിന് സമ്മാനത്തുകയായി കിട്ടിയത് 39.78 കോടി രൂപ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി കിട്ടിയത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതം കിട്ടും. അതേസമയം ബിസിസിഐയുടെ വക ഇന്ത്യന്‍ ടീമിന് 51 കോടി രൂപ സമ്മാനമായി നല്‍കും.
◾ കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളുമായി യു.എസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം. 4-6 ബില്യന്‍ ഡോളര്‍ (ഏകദേശം 35,000-52,800 കോടി രൂപ) വരെ നിക്ഷേപിക്കാനാണ് ടില്‍മാന്‍ ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് ശ്രമിക്കുന്നതെന്ന് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെ വി.ഐ ഓഹരികള്‍ അഞ്ച് ശതമാനം വരെ കുതിച്ചു. സ്‌പെക്ട്രം അനുവദിച്ചതിന് കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള അഡ്ജസ്റ്റ്ഡ് ഗ്രോസ് റെവന്യൂ കുടിശിക അടക്കമുള്ള വി.ഐയുടെ ബാധ്യതയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയാല്‍ മാത്രമേ ഏറ്റെടുക്കല്‍ സാധ്യമാകൂ എന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. കുടിശികയില്‍ ചില ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിക്ഷേപക്കരാര്‍ നടന്നാല്‍ വി.ഐയുടെ പ്രൊമോട്ടര്‍ സ്ഥാനം ടി.ജി.എച്ച് ഏറ്റെടുക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പും യു.കെയിലെ വോഡഫോണുമാണ് നിലവിലെ പ്രൊമോട്ടര്‍മാര്‍. 49 ശതമാനം ഓഹരി വിഹിതമുള്ള കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ നിക്ഷേപക സ്ഥാനത്ത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു കമ്പനി നിക്ഷേപം നടത്തുന്നതോടെ സര്‍ക്കാരിനും കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
◾ സ്മാര്‍ട്ട്ഫോണുകളിലെ ജി.പി.എസ് ചിപ്പുകള്‍ക്ക് ലൊക്കേഷനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് പഠനം. ഐ.ഐ.ടി ഡല്‍ഹിയിലെ എം.ടെക് വിദ്യാര്‍ഥിയായ സോഹം നാഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസര്‍ സ്മൃതി ആര്‍. സാരംഗി എന്നിവര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി ഇരിക്കുകയാണോ, നില്‍ക്കുകയാണോ, കിടക്കുകയാണോ, വിമാനത്തിലാണോ, പാര്‍ക്കിലാണോ, തിരക്കേറിയ സ്ഥലത്താണോ എന്നെല്ലാം ജി.പി.എസ് മുഖേന ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ക്ക് വിലയിരുത്താന്‍ കഴിയും. ആന്‍ഡ്രോകോണ്‍ എന്ന ഒരു സംവിധാനത്തിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. കൃത്യമായ ലൊക്കേഷന്‍ അനുമതികളുള്ള ഏതൊരു ആപ്പിനും ഉപയോക്തൃ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വസനീയമായ ആപ്പുകള്‍ക്ക് മാത്രമേ ലൊക്കേഷന്‍ അനുമതികള്‍ നല്‍കാവൂ എന്നതിന്റെ പ്രാധാന്യമാണ് പഠനം കാണിക്കുന്നത് എന്നും ഡല്‍ഹി ഐ.ഐ.ടിയിലെ ഗവേഷകര്‍ പറയുന്നു.
◾ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് കമ്പനിയായ ഡ്യുക്കാട്ടി തങ്ങളുടെ ശക്തമായ നേക്കഡ് സ്പോര്‍ട്സ് ബൈക്കായ സ്ട്രീറ്റ്ഫൈറ്റര്‍ വി4 ന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍ വി4 ന് കൂടുതല്‍ ആക്രമണാത്മക രൂപം മാത്രമല്ല, അതിന്റെ എഞ്ചിനും ഇലക്ട്രോണിക് സംവിധാനങ്ങളും മുമ്പത്തേക്കാള്‍ കൂടുതല്‍ നൂതനമാണ്. കമ്പനിയുടെ പാനിഗേല്‍ വി4ല്‍ കാണുന്ന അതേ 1,103 സിസി ഡെസ്മോസെഡിസി സ്ട്രാഡെയ്ല്‍ വി4 എഞ്ചിനാണ് പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍ വി4ന്റെയും ഹൃദയം. ഈ എഞ്ചിന്‍ ഇപ്പോള്‍ യൂറോ 5+ അനുസൃതമാണ്. അതായത് പരിസ്ഥിതിക്ക് സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമാണ്. ഈ എഞ്ചിന്‍ 214ബിഎച്പി കരുത്തും 120എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടുതല്‍ പവര്‍ വേണമെങ്കില്‍, ഡ്യുക്കാട്ടി ഒരു ഫുള്‍-സിസ്റ്റം അക്രപോവിക് എക്‌സ്‌ഹോസ്റ്റിന്റെ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഇത് ഔട്ട്പുട്ട് 226എച്പി ആയി വര്‍ദ്ധിപ്പിക്കുന്നു. പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര്‍ വി4 ഇപ്പോള്‍ ഇന്ത്യയില്‍ 32.38 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങി. നിലവിലുള്ള മോഡലിനേക്കാള്‍ ഏകദേശം 2.67 ലക്ഷം വില കൂടുതലാണ് ഇതിന്.
◾ യൂറോപ്പിലെ ഐസ്ലന്‍ഡിലെ റേകവിക് സര്‍വകലാശാല ഗവേഷകര്‍ സമീപകാലത്ത് നടത്തിയ ഒരു പഠനത്തില്‍ ആഴ്ചയില്‍ ഒന്നോ-രണ്ടോ തവണ പോലും ഒരു മണിക്കൂര്‍ വീതം വ്യായാമം ചെയ്യുന്നത് സുഖകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. വ്യായാമം ഉറക്കം കിട്ടാന്‍ സഹായിക്കുന്നുവെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ടെങ്കിലും വ്യായാമം എത്രത്തോളം ഗുണം ചെയ്യുമെന്നതു സംബന്ധിച്ച് പഠനങ്ങള്‍ വന്നിട്ടില്ല. അതിനുള്ള ഉത്തരം കണ്ടെത്തുകയായിരുന്നു ഗവേഷകര്‍. ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 4,399 പേരുടെ ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി സ്വീകരിച്ചത്. 10 വര്‍ഷത്തോളം നീണ്ട പഠനകാലയളവില്‍ ഇവരുടെ വ്യായാമ ശീലം, ഉറക്കക്കുറവ്, ഉറക്കത്തിന്റെ ദൈര്‍ഘ്യം, പകല്‍സമയത്തെ ഉറക്കം തുടങ്ങിയവ പരിശോധിച്ചു. ആഴ്ചയില്‍ ഒരു മണിക്കൂറോ അതിലധികമോ വീതം മൂന്നു പ്രാവശ്യം വ്യായാമം ചെയ്യുന്നവര്‍ നല്ല ശാരീരിക പ്രവര്‍ത്തനം ഉള്ളവരാണെന്ന് വ്യക്തമാക്കി. പഠനത്തില്‍ പങ്കാളികളായവരില്‍ 25 ശതമാനം പേര്‍ വ്യായാമത്തില്‍ സജീവമായവരും 18 ശതമാനം പേര്‍ പിന്നീട് സജീവമായവരും 20 ശതമാനം പേര്‍ തീരെ വ്യായാമം ഇല്ലാത്തവരുമായിരുന്നു. തുടര്‍ന്നാണ് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നന്നായി വ്യായാമം ചെയ്യുന്നവരില്‍ രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ വൈകുന്ന അവസ്ഥ 42 ശതമാനം കുറവും ഇന്‍സോംനിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് 22 ശതമാനം കുറവുമായിരിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. വ്യായാമം ശീലമാക്കിയിട്ടുള്ളവരില്‍ ആറുമുതല്‍ ഒമ്പതുമണിക്കൂര്‍ വരെ ഉറക്കം ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.77, പൗണ്ട് - 116.56, യൂറോ - 102.33, സ്വിസ് ഫ്രാങ്ക് - 110.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.17, ബഹറിന്‍ ദിനാര്‍ - 235.47, കുവൈത്ത് ദിനാര്‍ -289.07, ഒമാനി റിയാല്‍ - 230.87, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.17, ഖത്തര്‍ റിയാല്‍ - 24.27, കനേഡിയന്‍ ഡോളര്‍ - 63.32.
➖➖➖➖➖➖➖➖
Tags:
KERALA