Trending

സായാഹ്ന വാർത്തകൾ.

2025 | ഒക്ടോബർ 31 | വെള്ളി 
1201 | തുലാം 14 | അവിട്ടം 

◾  അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണെന്നും സര്‍ക്കാര്‍ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം നാളെ നടത്താനൊരുങ്ങുന്ന വേളയിലാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നതെന്നും ഇങ്ങനെ ലക്ഷക്കണക്കിനു പേര്‍ കേരളത്തിലുണ്ടെന്നും ഇവരില്‍ ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കിയതെന്നും സതീശന്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷം പരമദരിദ്ര കുടുംബങ്ങളുണ്ടെന്നാണെന്നും എന്നാല്‍ സര്‍ക്കാര്‍ പട്ടികയിലുള്ളത് 64,000 അതിദരിദ്രരാണെന്നും പരമ ദരിദ്രരും അതിദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

◾  അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നാണ് അവകാശവാദമെന്നും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നല്ലെന്നും മന്ത്രി വിശദീകരിച്ചു. ഇത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനം അല്ലെന്നും ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണെന്നും വിശദ മാര്‍ഗ്ഗരേഖ പുറത്തിറക്കിയതാണെന്നും അത് വായിച്ചിരുന്നെങ്കില്‍ ചോദ്യങ്ങള്‍ ഉന്നയിക്കില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു.അതേസമയം ക്രെഡിറ്റ് മോദിക്ക് ആണെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യ മുഴുവന്‍ അതിദരിദ്രര്‍ ഇല്ലാത്ത രാജ്യമാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം എന്ന് എംബി രാജേഷ് പറഞ്ഞു.

◾  അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ സൗജന്യ റേഷന്‍ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ് എന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ്. ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാല്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാര്‍ഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കില്‍ സൗജന്യ റേഷനായ അരിയും ഗോതമ്പും നല്‍കാനാവില്ല. ഖ്യാതി നേടാനുള്ള കേരള സര്‍ക്കാരിന്റെ കള്ളക്കളിയില്‍ ദരിദ്രര്‍ പട്ടിണിയിലാവുകയാണ് എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

◾  ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയില്‍ സിപിഎം നേതാവ് ജി സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജി സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ജി സുധാകരന് അവാര്‍ഡ് നല്‍കുക എന്ന് പറഞ്ഞാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം വി ഡി സതീശന്‍ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു ജി സുധാകരന്റെ മറുപടി. കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്നമെന്നും ജി സുധാകരന്‍ ചോദിച്ചു.

◾  ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പടെ ക്ഷേമ പെന്‍ഷന്‍ വിതരണം നവംബര്‍ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. ലോട്ടറി അടിച്ചിട്ടല്ല സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണമെന്നും ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരിന് ആത്മ വിശ്വാസമുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾  സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. വര്‍ധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

◾  പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചതില്‍ സിപിഐയില്‍ നടപടി. കണ്ണൂര്‍ ജില്ലയിലെ രണ്ട് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗര്‍ കെ വിയോടുമാണ് വിശദീകരണം തേടിയത്.

◾  പിഎം ശ്രീ പദ്ധതിയിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കത്തിലൂടെ കേന്ദ്രത്തെ അറിയിക്കും. മന്ത്രിസഭ തീരുമാനം എന്ന നിലക്കാണ് ചീഫ് സെക്രട്ടറി കത്ത് അയക്കുക. അതേസമയം, പി എം ശ്രീയില്‍ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.

◾  പിഎം ശ്രീ വിഷയത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടി ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടര്‍ നടപടികള്‍ എല്ലാം മരവിപ്പിച്ചെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തില്‍ താന്‍ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നല്‍കുമെന്ന് അന്ന് താന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

◾  നാലര വര്‍ഷം ഭരിച്ചിട്ട് ഇപ്പോഴാണോ ആയമാര്‍ക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് തോന്നിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പാവപ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എഴുപത് വയസിലധികം പ്രായമുള്ളവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാന്‍ യോജന പദ്ധതിയില്‍ കേരളം ഒപ്പു വെക്കണമെന്നും പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ പിഎം ശ്രീ അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

◾  തെരുവുനായ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. സുപ്രീംകോടതി നോട്ടീസിന് മറുപടി നല്‍കാത്ത കേരളം അടക്കം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് സെക്രട്ടറിമാരെ ഓണ്‍ലൈനായി ഹാജരാകാന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആവശ്യം തള്ളിയാണ് കോടതി നിര്‍ദ്ദേശം.

◾  പേരാമ്പ്ര മര്‍ദ്ദനത്തില്‍ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പില്‍ എംപി. കുറ്റം ചെയ്തവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും തുടര്‍നടപടികള്‍ പാര്‍ട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ അഭിലാഷ് ഡേവിഡാണ്  തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി കൃഷ്ണന്‍ കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം, രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

◾  സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം ആശ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവര്‍ത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്.

◾  കേരളത്തിന് സീ പ്ലെയിന്‍ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷന്‍ വകുപ്പില്‍ നിന്നും കേരളത്തിന് 48 റൂട്ടുകള്‍ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഇന്ത്യ വണ്‍ എയര്‍, മെഹൈര്‍, പിഎച്ച്എല്‍, സ്പൈസ് ജെറ്റ് എന്നീ എയര്‍ലൈന്‍സിനാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ടെന്നും ഇതിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾  ഗാലറി തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താല്‍ക്കാലിക ഗാലറിയാണ് തകര്‍ന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഗാലറി തകര്‍ന്നത്. എന്‍സിസി- എന്‍എസ്എസ് വിദ്യാര്‍ഥികള്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

◾  300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ സൈ ഗണ്ടില്‍ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

◾  വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമല്‍ സൂരജാണ് (33) അപകടത്തില്‍ മരിച്ചത്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയിലെ കോസ്മെറ്റോളജി വിഭാഗം ഡോക്ടറാണ്. ഒറ്റപ്പാലം അനുഗ്രഹയില്‍ ഡോ. സി.വി.ഷണ്‍മുഖന്‍ - ടി.കെ.അനിത ദമ്പതികളുടെ മകനാണ് സൂരജ്. കാര്‍ തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനാല്‍ ആണെന്നാണ് പ്രാഥമിക നിഗമനം.

◾  തിരുവനന്തപുരം തമ്പാനൂര്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെല്‍ഹിക്ക് വീടൊരുങ്ങി. കോര്‍പ്പറേഷന്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് പത്ത് ലക്ഷം രൂപ ചെലവിട്ട് വീട് നിര്‍മിച്ചത്. ജില്ലാ പഞ്ചായത്താണ് സ്ഥലം കണ്ടെത്തിയത്.

◾  സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഇന്ന് തുറക്കില്ല. ഉപാധികളോടെ തുറന്ന്  പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവില്‍ പറയുന്നത്. അതേ സമയം ഫാക്ടറി തുറക്കുകയാണെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി.

◾  ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ രണ്ടാം പ്രതിയും മുന്‍ എക്സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ റാന്നി കോടതിയില്‍ ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും.

◾  ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. മ്യൂണിക്കില്‍ ഇന്ത്യ മെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ്.

◾  ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ വലിയ വാഗ്ദാനങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

◾  ഇന്ത്യാ വിഭജനം മുതല്‍ എസ്ഐആര്‍ വരെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ പാര്‍ട്ടികളെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന് കാശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹമെന്നും കോണ്‍ഗ്രസും നെഹ്റുവും എതിരുനിന്നത് രാജ്യത്ത് തീവ്രവാദം വളര്‍ത്താന്‍ ഇടയാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഭാരതീയ ഐക്യ ദിനാഘോഷത്തിനിടെയായിരുന്നു പ്രതികരണം. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ 150-ാം ജന്‍മദിനം ദേശീയ ഐക്യദിനമായാണ് കൊണ്ടാടുന്നത്.

◾  രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമാണെന്നും ഖര്‍ഗെ പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി ജീവന്‍ നല്‍കി. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ദാറിന്റെ ഓര്‍മ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും സര്‍ദാറിനെ കോണ്‍ഗ്രസ് മറന്നു എന്ന് പറയാന്‍ സംഘപരിവാറിന് അവകാശമില്ലെന്നും ഖര്‍ഗെ പറഞ്ഞു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്കുപ്പെടെ ഖര്‍ഗെ മറുപടി നല്‍കിയത്.

◾  ബിഹാര്‍ റാലിയിലെ പ്രധാനമന്ത്രിയുടെ തമിഴ്നാട് പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മോദി പദവി മറന്ന് സംസാരിക്കരുതന്നും മുഴുവന്‍ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണ് എന്ന് ഓര്‍മിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ജനക്ഷേമത്തില്‍ ആകണം മോദി ശ്രദ്ധിക്കേണ്ടത് എന്നും സ്റ്റാലിന്‍ പറഞ്ഞു. ബിഹാറില്‍ നിന്നുള്ളവരെ തമിഴ്‌നാട്ടില്‍ ഉപദ്രവിക്കുന്നു എന്നായിരുന്നു മോദി നടത്തിയ പ്രസംഗത്തിലെ ആരോപണം.

◾  ആറ് വ്യത്യസ്ത ഇനം നായകളെ വളര്‍ത്തുന്നത് നിരോധിച്ചുകൊണ്ട് ഛണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉത്തരവിറക്കി. അമേരിക്കന്‍ ബുള്‍ഡോഗ്, അമേരിക്കന്‍ പിറ്റ്ബുള്‍, ബുള്‍ ടെറിയര്‍, കെയ്ന്‍ കോര്‍സോ, ഡോഗോ അര്‍ജന്റീനോ, റോട്ട്വീലര്‍ എന്നിവയെ വളര്‍ത്തുന്നതാണ് നിരോധിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.

◾  സ്‌കൂളിലെ നോട്ടീസ് ബോര്‍ഡില്‍ നിന്ന് പിന്‍ എടുത്ത് വിഴുങ്ങിയ ഏഴാം ക്ലാസുകാരന്‍ മരിച്ചു. ഒഡിഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ദരിങ്ബാദിയിലാണ് സംഭവം. ഫുല്‍ബാനിയിലെ ആദര്‍ശ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി തുഷാര്‍ മിശ്രയാണ് മരിച്ചത്. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

◾  ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകക്കേസില്‍ അറസ്റ്റിലായ 11 പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷെട്ടിയെ 2025 മെയ് ഒന്നിനാണ് ഏഴ് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. സമൂഹത്തില്‍ ഭയം വളര്‍ത്തുന്നതിനും ഭീകരത പടര്‍ത്തുന്നതിനും പൊതുജനങ്ങളുടെ മുന്നില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് എന്‍ഐഎ പറഞ്ഞു.

◾  കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള വിത്തുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുതിയൊരു വിത്ത് നിയമം അവതരിപ്പിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍. വ്യാജ വിത്തുകള്‍ക്കും കീടനാശിനികള്‍ക്കും എതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ കര്‍ശനമായ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

◾  അഹമ്മദാബാദിലെ അപകടവും ഇന്ത്യ-പാക് സംഘര്‍ഷവും മൂലം പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യ 10,000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു. ഉടമകളായ ടാറ്റ സണ്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരെയാണ് സമീപിച്ചത്. പാക്‌സ്താന്റെ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ മൂലം 4,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

◾  റാംപൂര്‍ സിആര്‍പിഎഫ് ക്യാമ്പ് ഭീകരാക്രമണക്കേസിലെ നാല് പ്രതികളുടെ വധശിക്ഷ റദ്ദാക്കി അലഹബാദ് കോടതി. കേസിലെ പ്രതികളായ രണ്ട് പാക് പൗരന്മാര്‍ ഉള്‍പ്പെടെ നാല് പേരെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. 2007 ഡിസംബര്‍ 31 ന് രാത്രി റാംപൂര്‍ ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ വിചാരണ കോടതി ശിക്ഷിച്ച പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.

◾  പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും യു.എസും തമ്മില്‍ ദീര്‍ഘകാല പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്.

◾  അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുകയും സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി. തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കയറ്റുമതി ചെയ്യുകയാണ് പാകിസ്ഥാന്‍ എന്ന് ഹഖാനി ആരോപിച്ചു. ഫയര്‍ഫൈറ്റിംഗ് ഡയറക്ടറേറ്റിന്റെ പരിശീലന സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു.

◾  നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് തീവ്ര ഓര്‍ത്തഡോക്സ് ജൂത വിഭാഗം ജറുസലേമില്‍ റാലി നടത്തി. ഇസ്രായേലിന്റെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നൊഴിവാക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന നിയമം നിര്‍മിക്കാത്തതിനെതിരെയാണ് പ്രതിഷേധം നടന്നത്.

◾  ഐപിഒകള്‍ വഴി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച മാസമായി ഈ ഒക്ടോബര്‍ മാറിയിരിക്കുകയാണ്. ഈ മാസം 14 ഐപിഒകളിലായി 46,000 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. രണ്ട് മെഗാ ഐപിഒകളാണ് റെക്കോഡിലേക്ക് എത്താന്‍ സഹായിച്ചത്. ടാറ്റ ക്യാപിറ്റല്‍സിന്റെ ഐപിഒ 15,512 കോടി രൂപയുടേതായിരുന്നു. എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ സമാഹരിച്ചത് 11,607 കോടി രൂപയും. ഇന്ന് (ഒക്ടോബര്‍ 31) ലെന്‍സ്‌കാര്‍ട്ട് സെല്യൂഷന്‍സ് ഐപിഒ കൂടി എത്തുന്നുണ്ട്. 7,278 കോടി രൂപയുടേതാണ് ഇത്. 2024 ഒക്ടോബറിലെ റെക്കോഡാണ് ഈ മാസം മറികടന്നത്. കഴിഞ്ഞ വര്‍ഷം 6 ഐപിഒകള്‍ ചേര്‍ന്ന് 38,690 കോടി രൂപ സമാഹരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചതില്‍ മൂന്നാംസ്ഥാനത്തുള്ളത് 2021 നവംബര്‍ മാസമാണ്. അന്ന് 9 ഐപിഒകളില്‍ നിന്നായി 35,665 കോടി രൂപയാണ് സമാഹരിച്ചത്. 8 ഐപിഒകളില്‍ നിന്നായി 31,145 കോടി രൂപ സമാഹരിച്ച 2024 നവംബറാണ് നാലാംസ്ഥാനത്ത്. 2022 മെയ് മാസം 8 ഐപിഒകളില്‍ നിന്നായി 29,510 കോടി രൂപ കളക്ട് ചെയ്തു. 2025ല്‍ ഇതുവരെ 89 ഐപിഒകളാണ് നടന്നത്. ആകെ സമാഹരിച്ചത് 1.38 ലക്ഷം കോടി രൂപയാണ്. 2024ല്‍ ഐപിഒ വഴി 1.6 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഈ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ.

◾  ചാറ്റ് ബാക്കപ്പുകള്‍ക്ക് പാസ്‌കീ എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് കൂടുതല്‍ സുരക്ഷ നല്‍കാനുള്ള സൗകര്യം നടപ്പിലാക്കി വാട്‌സ്ആപ്പ്. പുതിയ സംവിധാനം വരുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ബാക്കപ്പ് ആക്സസ് ചെയ്യുന്നതിന് ആറ് അക്ക പിന്‍ കോഡോ 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിക്കേണ്ടി വരില്ല. അതായത് നമ്മുടെ ഫോണിലെ സുരക്ഷാ സംവിധാനങ്ങളായ ഫിംഗര്‍പ്രിന്റ് (വിരലടയാളം), ഫേസ് ഐഡി, സ്‌ക്രീന്‍ ലോക്ക് പിന്‍ എന്നിവ ഉപയോഗിച്ച് ചാറ്റ് ബാക്കപ്പുകള്‍ക്ക് സുരക്ഷയൊരുക്കും. ഇത് ആപ്പിളിന്റെ ഐക്ലൗഡിലും ഗൂഗിള്‍ ഡ്രൈവിലും ബാക്കപ്പ് ചെയ്യുന്ന ചാറ്റുകള്‍ക്ക് ഒരുപോലെ ബാധകമാണ്. ആദ്യം വാട്‌സ്ആപ്പിലെ സെറ്റിംഗ്‌സിലെത്തി ചാറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഇവിടെ ചാറ്റ് ബാക്കപ്പ് എന്നൊരു ഓപ്ഷന്‍ കാണാന്‍ കഴിയും. ഇതില്‍ നിന്നും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പിലെത്തി പാസ്‌കീ എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്യാവുന്നതാണ്. ഇത് എനേബിള്‍ ചെയ്താല്‍ ചാറ്റ് ബാക്കപ്പിനെ വാട്‌സ്ആപ്പ് തന്നെ ഓട്ടോമാറ്റിക്കായി ഫോണിന്റെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. പിന്നീട് ബാക്കപ്പ് ഡാറ്റ തുറക്കാന്‍ ഫോണിലെ ഫിംഗര്‍ പ്രിന്റോ ഫേസ് ഐഡിയോ മതിയാകും.

◾  ജപ്പാന്‍ മോട്ടര്‍ ഷോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച ലാന്‍ഡ് ക്രൂസര്‍ എഫ്ജെയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലുമെത്തും. 2028 ല്‍ പുതിയ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ വാഹമായിരിക്കും ലാന്‍ഡ് ക്രൂസര്‍ എഫ്ജെ. 2028 ഓഗസ്റ്റില്‍ പുതിയ ലാന്‍ഡ് ക്രൂസറിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കും. വര്‍ഷം 89000 യൂണിറ്റ് വരെ നിര്‍മിക്കാനാണ് ടൊയോട്ട ലക്ഷ്യം വയ്ക്കുന്നത് അതില്‍ 40000 യൂണിറ്റ് വരെ മിഡില്‍ ഈസ്റ്റ് അടക്കമുള്ള വിപണികളിലേയ്ക്ക് കയറ്റുമതി ചെയ്യും. ടൊയോട്ടയുടെ ഐഎംവി ലാഡര്‍ ഫ്രെിം ഷാസിയിലാണ് വാഹനത്തിന് നിര്‍മാണം. ഡീസല്‍ എന്‍ജിന്‍ മോഡലുണ്ടാകില്ലെ പകരം 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും സ്ട്രോങ് ഹൈബ്രിഡ് ഓപ്ഷനുമായിരിക്കും പുതിയ വാഹനത്തിന്. ഹൈബ്രിഡിനെ കൂടാതെ പ്ലഗ് ഇന്‍ ഹൈബ്രിഡ് ഓപ്ഷനും നാലു വീല്‍ ഡ്രൈവ് മോഡലുമുണ്ടാകും. ഹൈലക്സ് ചാമ്പില്‍ വരുന്ന അതേ 2.7 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്. ഈ യൂണിറ്റ് 161 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഇതില്‍ പാര്‍ട്ട്-ടൈം ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ആറ് സ്പീഡ് ട്രാന്‍സ്മിഷനുമാണ് ടൊയോട്ട വാഗ്ദാനം ചെയ്തിരിക്കുന്നത്.

◾  നിരന്തരമായ പൗഡര്‍ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രകൃതിയിലെ ചില പാറകളില്‍ കാണുന്ന ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് എന്ന പ്രകൃതിദത്ത ധാതുവായ 'ടാല്‍ക്' ആണ് ടാല്‍ക്കം പൗഡറുകളിലെ പ്രധാന ചേരുവ. ഇവ വളരെ പെട്ടെന്ന് ഈര്‍പ്പം വലിച്ചെടുക്കുകയും ചര്‍മം മിനുസമുള്ളതാക്കുകയും ചെയ്യും. ഇവ ശുദ്ധീകരിച്ചാണ് കോസ്മെറ്റിക് ഉപയോഗത്തിനായി എടുക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും നടക്കാറില്ല, ഇതില്‍ ആസ്ബറ്റോസ് എന്ന മറ്റൊരു ധാതുവിന്റെ സാന്നിധ്യം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ടാല്‍ക്കം പൗഡറിന്റെ നിരന്തര ഉപയോഗം അണ്ഡാശയ അര്‍ബുദം, മെസോതെലിയോമ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുന്നു. ലേബലില്‍ 'ടാല്‍ക്-ഫ്രീ' അല്ലെങ്കില്‍ 'ആസ്ബറ്റോസ്-ഫ്രീ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ടാല്‍ക്കിന് പകരം കോണ്‍സ്റ്റാര്‍ച്ച് അടങ്ങിയ പൗഡറുകള്‍ ചര്‍മത്തിന് കുറച്ചു കൂടി സുരക്ഷിതമാണ്. സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ സുഗന്ധദ്രവ്യങ്ങള്‍ ചേരാത്തവ തിരഞ്ഞെടുക്കാം. കുഞ്ഞുങ്ങള്‍ക്ക് പരമാവധി പൗഡര്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക. ബാരിയര്‍ ക്രീമുകള്‍ ഉപയോഗിക്കാം. ഇത്തരം നേര്‍ത്ത പൊടി ശ്വസിക്കുന്നത് ചിലരില്‍ അക്യൂട്ട് ബ്രോങ്കോസ്പാസ്ം, കെമിക്കല്‍ ന്യൂമോണൈറ്റിസ് അല്ലെങ്കില്‍ ശ്വസന ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. കുഞ്ഞുങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായതായി രേഖപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് ഉടനടി ദോഷം സംഭവിക്കണമെന്നില്ലെങ്കിലും, ആവര്‍ത്തിച്ചുള്ള ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.75, പൗണ്ട് - 116.66, യൂറോ - 102.67, സ്വിസ് ഫ്രാങ്ക് - 110.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.06, ബഹറിന്‍ ദിനാര്‍ - 235.48, കുവൈത്ത് ദിനാര്‍ -289.16, ഒമാനി റിയാല്‍ - 230.83, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.13, ഖത്തര്‍ റിയാല്‍ - 24.30, കനേഡിയന്‍ ഡോളര്‍ - 63.40.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right