താമരശ്ശേരി: ഫ്രഷ് കട്ട് സമരത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ വ്യാപക പരിശോധന നടത്തുന്ന നടപടിയില്‍ പൊലീസുകാർ അറിയാൻ ബോർഡ് സ്ഥാപിച്ച് പഞ്ചായത്ത് മെമ്പറുടെ മക്കള്‍. മെമ്പറായ ഷംസിദ ഷാഫിയുടെ മക്കളാണ് പ്രദേശത്ത് ബോർഡ് സ്ഥാപിച്ചത്. 'പൊലീസിന്റെ ശ്രദ്ധയ്ക്ക്- അയല്‍വാസികളെ ബുദ്ധിമുട്ടിക്കരുത്, മെമ്പറുടെ വീട് വലതുവശത്ത് ആദ്യത്തേത്'- എന്നാണ് ബോർഡ്.
ഉമ്മയെ അന്വേഷിച്ച് പ്രദേശത്താകെ തിരച്ചില്‍ നടത്തുന്ന പൊലീസ് നടപടിയില്‍ പൊറുതിമുട്ടിയാണ് ഷംസിദയുടെ മക്കള്‍ ഇത്തരമൊരു ബോർഡ് വച്ചതെന്ന് താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവി പറയുന്നു. ബോർഡുകളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സൗദാ ബീവി ഇക്കാര്യം വ്യക്തമാക്കുന്നത്. കർമ എന്നത് ബൂമറാങ് പോലെയാണെന്നും ഇന്നല്ലെങ്കില്‍ നാളെ, ദുർഗന്ധം വമിക്കുന്ന നിങ്ങളുടെ ക്രൂരത, തലയില്‍ ഇടിത്തീയായി പതിക്കാതിരിക്കില്ലെന്നും സൗദാ ബീവി ചൂണ്ടിക്കാട്ടി.
ഷംസിദ ഷാഫി 10 ദിവസമായി ഒളിവിലാണെന്നും എവിടെയാണെന്ന് അറിയില്ലെന്നും സൗദാ ബീവി പറയുന്നു. 'ഉറ്റവരെ കാണാതെ, ജന്മം നല്‍കിയ കുഞ്ഞുങ്ങള്‍ക്ക് മുത്തം കൊടുക്കാനാകാതെ, തന്നെ തെരഞ്ഞെടുത്ത ജനങ്ങളുടെ ക്ഷേമാന്വേഷണങ്ങള്‍ നടത്താൻ കഴിയാതെ അവള്‍ അങ്ങകലെയാണ്. കാക്കിയിട്ട നരാധമൻമാരെ ഭയന്ന് എങ്ങോട്ടോ പലായനം ചെയ്ത പ്രിയപ്പെട്ട ഷംസിദ'- സൗദാ ബീവി തുടർന്നു.
'ശുദ്ധവായു ശ്വസിച്ച്, ശുദ്ധജലം കുടിച്ച്, മാലിന്യം കലരാത്ത ഒരു പിടിമണ്ണില്‍ കിടന്നുറങ്ങിയ ഒരു ഭൂതകാലം അന്നാട്ടുകാർക്കുണ്ടായിരുന്നു. പരിമിതമായ അവരുടെ മോഹങ്ങള്‍ക്ക് മീതെയാണ് ഫ്രഷ് കട്ടിന്റെ ദുർഗന്ധക്കാറ്റ് ആഞ്ഞു വീശിയത്. അങ്ങനെയാണ് അവരുടെ സ്വപ്‌നങ്ങള്‍ നിറം മങ്ങിയത്. അവരുടെ ഒപ്പം നിന്നതാണ് അവള്‍ ചെയ്ത തെറ്റ്'- സൗദാ ബീവി വ്യക്തമാക്കി.
സമര മുഖത്ത് ഉറച്ചുനിന്നതിനും ഒരു ജനപ്രതിനിധിഎങ്ങനെയായിരിക്കണമെന്ന് തെളിയിച്ചതിനും ഒരു ജനതയുടെ വിശ്വാസം കാത്തുസൂക്ഷിച്ചതിനും കരളുറപ്പിനും ഷംസിദയെ ഓർത്ത് അഭിമാനിക്കുന്നതായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. സമരത്തിന് പിന്നാലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർ പ്രദേശത്തെ വീടുകളില്‍ കയറി രാത്രിയും പരിശോധന നടത്തുന്നത് വിവാദമായിരുന്നു.
Tags:
THAMARASSERY