Trending

അതിരൂക്ഷമായ കാട്ടുപന്നിശല്യം;പഞ്ചായത്ത്‌ ഭരണ സമിതിയുടെ അനങ്ങാപ്പാറ നയത്തിനെതിരെ:എസ്ഡിപിഐ

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലുടനീളം  കാട്ടുപന്നി ശല്യം അതി രൂക്ഷമായ തുടരുകയാണ്.മരച്ചീനി, ചേമ്പ്,ചേന, വാഴ തുടങ്ങിയ ഇട വിളകൾ മാത്രമല്ല മൂന്നും നാലും വർഷം പ്രായമായ കവുങ്ങിൻ തൈകളും തെങ്ങിൻ തൈകളും അടക്കം പന്നിക്കൂട്ടം കുത്തി മറിച്ചിടുകയാണ്. പ്രതികൂല  സാഹചര്യത്തിലും നാടിന്റെ ഭക്ഷ്യവ്യവസ്ഥ പരിപാലിക്കാൻ  വേണ്ടി കഠിനാധ്വാനം ചെയ്യുന്ന കർഷകരെ നിത്യ ദുരിതത്തിൽ ആക്കുകയാണ് ഈ വന്യജീവി വിളയാട്ടം.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പറക്കുന്ന്, കണ്ടിയിൽ, ഒഴലക്കുന്നു, പന്നൂർ തുടങ്ങിയ വാർഡുകളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചതായി കർഷകർ സങ്കടപ്പെടുന്നു. പുലിവല്ത്തിൽ മജീദ് മാസ്റ്റർ, മലയിൽ അബൂബക്കർ, റൈഹാനത്ത് പറക്കുന്നുമ്മൽ, ചീടിക്കുളങ്ങര സുബൈർ, കൂമുൾ കണ്ടി അസീസ്, സി. കെ മുഹമ്മദ്‌ എന്നിവർ കാര്യമായ വിള നാശമുണ്ടായവരിൽ ചിലർ മാത്രം. വളരെ ആശയോടെ വലിയ തുക ചിലവഴിച്ചു ശാസ്ത്രീയ രീതിയിൽ വെച്ചു പിടിപ്പിച്ച കാപ്പിതൈകൾ ഒന്നടങ്കം നശിപ്പിക്കപ്പെട്ടതായി മജീദ് മാസ്റ്റർ പറഞ്ഞു.

പകൽ സമയങ്ങളിൽ പോലും പലപ്പോഴായി പന്നികൾ പുറത്തിറങ്ങുന്നത് മൂലം ജനങ്ങളുടെ സ്വൈര്യ ജീവിതം പോലും ഭീഷണി യിലായിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതു ജനങ്ങളും കർഷകരും ഏറെക്കാലമായി മുറവിളി കൂട്ടിയിട്ടും കേട്ടഭാവം നടിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയെ എസ്ഡിപിഐ  കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി ശക്തമായി അപലപിച്ചു. 

പഞ്ചായത്തിൽ തങ്ങൾക്ക് ഒരു ബദൽ ഇല്ല എന്ന എന്ന അഹങ്കാരമാണ് എല്ലാ ജീവൽ പ്രശ്നങ്ങളോടും  ഉത്തരം ധിക്കാര മനോഭാവം പ്രകടിപ്പിക്കാൻ യുഡിഎഫ് ഭരണസമിതിയെ പ്രേരിപ്പിക്കുന്നതെങ്കിൽ ആസന്നമായ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകാൻ ജനങ്ങൾ തയ്യാറാവുമെന്ന് പാർട്ടി ഓർമിപ്പിച്ചു. 

എസ്ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് കൊന്തളത്ത് റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോൻട്ടി അബൂബക്കർ സ്വാഗതവും വി എം വിനീത്  നന്ദിയും പറഞ്ഞു.അബ്ദുല്ല കത്തറമ്മൽ, വി എം നാസർ, എം കെ റസാക്ക്, പി പി മൂസ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right