2025 | ഒക്ടോബർ 28 | ചൊവ്വ
1201 | തുലാം 11 | പൂരാടം
◾ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോള്‍ തൃശൂര്‍ ജില്ലാ രണ്ടാമതായത് 149 പോയിന്റുകള്‍ നേടിയാണ്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.
◾ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കായിക മേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 100 മീറ്ററില്‍ റെക്കോര്‍ഡ് നേടിയ സിഎച്ച്എസ് കാല്‍വരി മൗണ്ട് സ്‌കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോര്‍ഡ് നേടിയ ചാരമംഗലം ഗവണ്‍മെന്റ് ഡിവിഎച്ച്എസ്എസ് സ്‌കൂളിലെ അതുല്‍ ടി.എമ്മിനെയുമാണ് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുക.
◾ സംസ്ഥാന സ്‌കൂള്‍ കായിക മേള ഇന്ന് സമാപിക്കാനിരിക്കെ വീണ്ടും പ്രായ തട്ടിപ്പ് പരാതി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ്റ് ജോസഫ്സ് സ്‌കൂളിലെ മറുനാടന്‍ താരത്തിനെതിരെയാണ് പരാതി. സബ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് സ്വര്‍ണം നേടിയ താരത്തിനു പ്രായം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മൂക്കന്നൂര്‍ എസ്എച്ച്ഒഎച്ച്എസ് സ്‌കൂളാണ് പരാതി നല്‍കിയത്. അതേസമയം കായികമേളയിലെ പ്രായത്തട്ടിപ്പ് പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രായത്തട്ടിപ്പ് നടത്തുന്നവര്‍ ചെയ്യുന്നത് ചതിയാണെന്നും തട്ടിപ്പുകാരെ ഇനി ഒരു മേളയിലും മത്സരിപ്പിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.
◾ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിന് തുടക്കമിട്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്‌ഐആര്‍ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതല്‍ ശക്തമാവുകയാണിവിടെയെന്നും തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്‌ഐആറിലൂടെ കേന്ദ്ര ഭരണാധികാരികള്‍ നടത്തുന്നത് എന്ന വിമര്‍ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ കേരളത്തില്‍ എസ്ഐആര്‍ പ്രയാസമാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പ്രതികരിച്ചു. വോട്ടവകാശമുള്ള ആരും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്നും പ്രവാസികള്‍ പുറത്താകുമെന്ന ആശങ്ക ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ എസ് ഐ ആറുമായി സഹകരിക്കണമെന്നും തെരഞ്ഞെടുപ്പിനെ എസ് ഐ ആര്‍ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കാന്‍ പറ്റുന്ന ഗവണ്‍മെന്റാണ് ഇതെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സര്‍ക്കാരിന് പരിമിതിയുണ്ടെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്റെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎം ശ്രീ വിഷയത്തില്‍ സിപിഐയുമായി ഇടഞ്ഞുനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമര്‍ശമെന്നതാണ് ശ്രദ്ധേയം.
◾ ഉഭയകക്ഷിബന്ധം വഷളാകുന്നതിനിടെ സിപിഐ മന്ത്രിമാര്‍ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകള്‍ ഇല്ലെന്ന പേരില്‍ മുഖ്യമന്ത്രി നിമിഷ നേരം കൊണ്ട് പിരിച്ചുവിട്ടത്. സിപിഐയുടെ കൈവശമുളള ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പാമായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസില്‍ യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി ആര്‍ അനില്‍, കൃഷിമന്ത്രി പി പ്രസാദ് എന്നിവര്‍ക്കുപുറമേ ധനമന്ത്രി കെ എന്‍ ബാലഗോപാലും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു. അതേസമയം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വീണ്ടും യോഗം ചേരാന്‍ തീരുമാനമായി. മില്ലുടമകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
◾ മെസ്സിയുടെ കളിക്കെന്ന പേരില്‍ കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നതില്‍ ജിസിഡിഎയുടെ നടപടിക്രമങ്ങളില്‍ സുതാര്യത ഇല്ലെന്ന് ഉമതോമസ് എംഎല്‍എ. സ്റ്റേഡിത്തിന് ബലക്ഷയം ഉള്ളതാണെന്നും അതു പരിഹരിക്കാനുള്ള നടപടികള്‍ ആണോ സ്വീകരിച്ചതെന്നതില്‍ വ്യക്തത വേണമെന്നും ജിസിഡിഎയുടെ ജനറല്‍ കൗണ്‍സില്‍ മെമ്പറാണ് താനെന്നും തന്നെ ഒരു യോഗത്തിലും വിളിച്ചിട്ടില്ല എന്നും എം എല്‍ എ പറഞ്ഞു.
◾ കാര്‍ഷിക സര്‍വകലാശാലയില്‍ ഉയര്‍ന്ന ഫീസിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ടിസി വാങ്ങിയ പോയ വിഷയത്തില്‍ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക സര്‍വകലാശാല അധികൃതരുമായി സംസാരിച്ചുവെന്നും വിദ്യാര്‍ത്ഥിയെ തിരികെ എടുക്കാന്‍ കോളേജ് മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു. ഫീസ് ഘടനയില്‍ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
◾ ശബരിമല സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് രേഖകള്‍ നല്‍കാത്ത ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍. 1999 ല്‍ വിജയ് മല്യ സ്വര്‍ണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭ്യമാക്കണമെന്നും ശബരിമലയിലെ മരാമത്ത് രേഖകള്‍ ഉള്‍പ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി സാവകാശം നല്‍കാന്‍ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നല്‍കി.
◾ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിടുതല്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന് എല്ലാ ജയില്‍ സൂപ്രണ്ടുമാര്‍ക്കും കത്തയച്ചു. പ്രതികളെ ജയിലില്‍ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോള്‍ ആണോ എന്ന് കത്തില്‍ പറയുന്നില്ല. അതേസമയം, പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്ന് ജയില്‍ എഡിജിപി ബല്‍റാംകുമാര്‍ ഉപധ്യായ വ്യക്തമാക്കി.
◾ ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് ജയിലിനുള്ളിലും ലഹരി വില്പനയെന്ന് ജയില്‍ സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും കിര്‍മാണി മനോജും ലഹരിവില്പനയുടെ കണ്ണികളാണെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. ജയിലില്‍ കൊടി സുനി നിരന്തരം അച്ചടക്കലംഘനം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് നല്‍കിയ ജാമ്യപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. പ്രതികള്‍ക്ക് നേരെ പകരം വീട്ടലിന് സാഹചര്യമുണ്ടെന്നും സഞ്ജിത്തിനെ പിന്തുണയ്ക്കുന്നവര്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് വര്‍ഗീയസംഘര്‍ഷത്തിന് വഴിവെക്കുമെന്നുമാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. പ്രതികള്‍ പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയ വിവരവും സംസ്ഥാനം കോടതിയെ അറിയിച്ചു.
◾ ലുലു മാളില്‍ ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ ലൈസന്‍സ് മുഖേന കെട്ടിട ഉടമയ്ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
◾ പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പന്‍ കൊണാര്‍ക്ക് കണ്ണന്‍ ചരിഞ്ഞു. തൃശൂര്‍ തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊണാര്‍ക്ക് കണ്ണന്‍ ചരിഞ്ഞത്. ഏറെനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുന്‍പ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു കൊമ്പന്‍. കുന്നംകുളം സ്വദേശി കൊണാര്‍ക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന.
◾ പാലക്കാട്ട് ചിറ്റൂരില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. പ്രതിയായ ഹരിദാസന്‍ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ നിന്ന് 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്.
◾ രാഹുല്‍ ഗാന്ധിയുമായുള്ള സൗഹൃദം രാഷ്ട്രീയത്തിന് അപ്പുറം ഉള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. രാഹുല്‍ തന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം വാക്കുകള്‍ക്കതീതമാണ്. മറ്റൊരു നേതാവിനെയും താന്‍ സഹോദരന്‍ എന്ന് വിളിക്കാറില്ല. ഫോണില്‍ പോലും രാഹുല്‍ സഹോദരന്‍ എന്നാണ് വിളിക്കുന്നത്. ആശയവ്യക്തതയുള്ള ബന്ധം ആയി തങ്ങളുടെ സൗഹൃദം വളര്‍ന്നുകഴിഞ്ഞുവെന്നും സ്റ്റാലിന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് മുന്‍ എംഎല്‍എയുടെ കൊച്ചുമകന്റെ വിവാഹച്ചടങ്ങില്‍ വെച്ചായിരുന്നു സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
◾ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. കാലില്‍ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞു. കരൂരില്‍ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നു പറഞ്ഞ വിജയ് കരൂരിലെ വീട്ടിലേക്ക് എത്താത്തതില്‍ ക്ഷമ ചോദിച്ചു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞതിനാലാണ് കരൂരില്‍ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതെന്ന് വിജയ് വിശദീകരണം നല്‍കി.
◾ ടിവികെ അധ്യക്ഷന്‍ വിജയ് കരൂരില്‍ എത്താത്തതില്‍ പ്രതിഷേധിച്ച് 20 ലക്ഷം രൂപ തിരിച്ചുനല്‍കി വീട്ടമ്മ. ദുരന്തത്തില്‍ മരിച്ച രമേശിന്റെ ഭാര്യ സാംഗവി ആണ് ടിവികെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം തിരിച്ചയച്ചത്. മഹാബലിപുരത്തെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും സാംഗവി പറഞ്ഞു. വിജയ്ക്കെതിരെ തിരുച്ചിറപ്പള്ളിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മരിച്ച ടിവികെ പ്രവര്‍ത്തകരുടെ കുടുംബത്തെ അവഗണിച്ചെന്നാണ് പരാതി.
◾ ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നത തുടരുന്നു. ബിജെപി നിലപാട് തള്ളി ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി രംഗത്തെത്തി. നിതീഷ് തന്നെയാണ് എന്‍ഡിഎയുടെ മുഖമെന്നും നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും നിതീഷിന്റെ സദ്ഭരണവും, മോദിയുടെ നേതൃത്വവും എന്‍ഡിഎക്ക് വന്‍ഭൂരിപക്ഷം നല്‍കുമെന്നും ജിതന്റാം മാഞ്ചി പറഞ്ഞു.
◾ ദില്ലിയിലെ 20കാരിയുടെ ആസിഡ് ആക്രമണ പരാതി നാടകമെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ വഴിത്തിരിവായി. പ്രതികള്‍ എന്ന് പെണ്‍കുട്ടി പറഞ്ഞ മൂന്ന് പേരും ആക്രമണം നടന്ന സമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.
◾ സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കേസ് എടുക്കാന്‍ വിചാരണക്കോടതിയുടെ നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലേ പൊലീസിന് കേസെടുക്കാനാവു എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.
◾ മോന്ത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റി ശക്തിയാര്‍ജിച്ചു. ഇതേതുടര്‍ന്ന് ആന്ധ്രാ തീരത്ത് കടല്‍ക്ഷോഭവും ശക്തമായി. നിലവില്‍ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയാണ് മോന്‍ത. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍കരുതലെന്ന നിലയില്‍ ആന്ധ്രയിലെ തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റി.
◾ ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിന് വഴിയൊരുക്കി കൊണ്ട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി കൈകോര്‍ത്തു. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ വിമാനമായ എസ്ജെ-100 ആണ് നിര്‍മിക്കുക. ഇതൊരു ഗെയിം ചേഞ്ചറാകുമെന്ന് ധാരണാപത്രം ഒപ്പിട്ട ശേഷം എച്ച്എഎല്‍ പ്രസ്താവനയില്‍ അറിയിച്ചു.
◾ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായെത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരില്‍ 50 പേരും. 'ഡോങ്കി റൂട്ട്' എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം.
◾ തീവ്രവാദ സംഘടനായ അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ടെക്കിയെ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പൂനെയിലെ കൊണ്ട്വ ഏരിയയില്‍ താമസിക്കുന്ന സുബൈര്‍ ഹംഗാര്‍ഗേക്കര്‍ എന്ന യുവാവിനെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പങ്കുണ്ടെന്നാണ് വിവരം. പ്രത്യേക യുഎപിഎ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 4 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
◾ ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോണ്‍ കമ്പനി ഏകദേശം 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പിരിച്ചുവിടല്‍ ഇന്ന് ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ പിരിച്ചുവിടുന്നത് ചെറിയ ശതമാനത്തെ മാത്രമാണ്. എന്നാല്‍, ഏകദേശം 3,50,000 വരുന്ന കോര്‍പ്പറേറ്റ് ജീവനക്കാരുടെ കണക്കുകളെടുക്കുകയാണെങ്കില്‍ ഇത് ഏകദേശം 10 ശതമാനത്തോളം വരും.
◾ യുഎസ് സര്‍ക്കാരിന്റെ അടച്ച് പൂട്ടല്‍ 27ാം ദിവസം പിന്നിട്ട ഇന്നലെ അമേരിക്കയില്‍ ഉടനീളം വൈകിയത് 3370 വിമാനങ്ങള്‍. ശമ്പളം അടക്കമുള്ളവ ലഭിക്കാതെ വന്നതോടെ അവശ്യ തൊഴിലാളികള്‍ ജോലിക്ക് എത്താതെ വന്നതോടെയാണ് ഇത്. ഞായറാഴ്ച 8700 വിമാനങ്ങളാണ് അമേരിക്കയിലുടനീളം വൈകിയത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ അടക്കം ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ല.
◾ ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 90,000ല്‍ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 65 രൂപ കുറഞ്ഞ് ഗ്രാമിന് 9,230 രൂപയായി. വെള്ളിവിലയിലും ഇറക്കം പ്രകടമാണ്, 5 രൂപ കുറഞ്ഞ് 155ലെത്തി. ഇന്നലെ രണ്ടു തവണയായി 1720 രൂപയാണ് കുറഞ്ഞത്. കനത്ത ഇടിവിന് ശേഷം ശനിയാഴ്ച ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില തിരിച്ചുകയറുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ഇന്നലെ ഉണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നതാണ് വിപണി കണ്ടത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
◾ ഓണ്‍ലൈന്‍ വിജ്ഞാനകോശ രംഗത്ത് പതിറ്റാണ്ടുകളായി ആധിപത്യം സ്ഥാപിച്ചിട്ടുള്ള വിക്കിപീഡിയക്ക് വെല്ലുവിളിയുമായി ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിപീഡിയ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്സ്എഐ വികസിപ്പിച്ച ഗ്രോക് എന്ന സംഭാഷണ മോഡലിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോക്കിപീഡിയ, നിലവിലെ ലോകത്തിലെ ഏറ്റവും വലിയ റഫറന്‍സ് വെബ്‌സൈറ്റായ വിക്കിപീഡിയയ്ക്ക് ബദലാണ് എന്ന അവകാശവാദവുമായാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സന്നദ്ധരായ എഡിറ്റര്‍മാരാണ് വിക്കിപീഡിയയിലെ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഇത് മനുഷ്യന്റെ കൂട്ടായ അറിവിനെ ആശ്രയിക്കുന്നു. എന്നാല്‍ ഗ്രോക്കിപീഡിയ പൂര്‍ണ്ണമായും എഐ ഓട്ടോമേറ്റഡ് ആണ്. എക്സ്എഐ യുടെ ഗ്രോക് മോഡലാണ് ഇതിലെ വിവരങ്ങള്‍ സൃഷ്ടിക്കുകയും കാലികമാക്കുകയും ചെയ്യുന്നത്. ഗ്രോക്കിപീഡിയയ്ക്ക്, വിക്കിപീഡിയയേക്കാള്‍ കൂടുതല്‍ വേഗത്തില്‍ വിവരങ്ങള്‍ കണ്ടെത്താനും പുതിയ സംഭവവികാസങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾ ബ്രൊക്കോളിയെ പ്രമേഹ രോഗികളുടെ ഡയറ്റില്‍ വിശ്വസിച്ച് ഉള്‍പ്പെടുത്താമെന്ന് വിദഗ്ധര്‍. ബ്രൊക്കോളി ടൈപ്പ് ടു പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബ്രൊക്കോളിയില്‍ ധാരാളം ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനുമുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പോഷകഗുണത്തിനൊപ്പം പച്ചക്കറികളില്‍ ശരീരത്തിന് ദോഷകരമായ ധാരാളം ബാക്ടീരിയകളും അടങ്ങിയിട്ടുണ്ടാവും. ഇത് പല രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. അതുകൊണ്ട് പച്ചക്കറികള്‍ തൊലിപൊളിക്കുന്നതിനും അരിയുന്നതിനും മുമ്പ് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കണം. ബ്രൊക്കോളിയുടെ തണ്ടില്‍ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറി തയ്യാറാക്കുമ്പോഴും പച്ചക്കറികള്‍ മിക്‌സ് ചെയ്ത് സാലഡ് തയ്യാറാക്കുമ്പോഴുമെല്ലാം തണ്ട് ചേര്‍ക്കാം. അധികം വേവിച്ചാല്‍ ബ്രൊക്കോളിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റെസിപ്പിയില്‍ ചേര്‍ക്കുന്നതിന് മുമ്പ് വളരെ കുറച്ചുസമയം മാത്രമെടുത്ത് ബ്രൊക്കോളി ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് നല്ലത്. പാചകം ചെയ്യുമ്പോള്‍ ബ്രൊക്കോളിയുടെ നിറവും രുചിയും പോഷകങ്ങളും കേടുകൂടാതെ സൂക്ഷിക്കാം. ബ്രൊക്കോളി ഫൈബര്‍ കണ്ടന്റ് കൂടിയ ഭക്ഷണമാണ്. അത് ശരീരത്തിന് വളരെ നല്ലതാണെങ്കിലും അമിതമായാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.25, പൗണ്ട് - 117.58, യൂറോ - 102.86, സ്വിസ് ഫ്രാങ്ക് - 111.10, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.79, ബഹറിന്‍ ദിനാര്‍ - 234.07, കുവൈത്ത് ദിനാര്‍ -287.69, ഒമാനി റിയാല്‍ - 229.47, സൗദി റിയാല്‍ - 23.53, യു.എ.ഇ ദിര്‍ഹം - 24.02, ഖത്തര്‍ റിയാല്‍ - 24.23, കനേഡിയന്‍ ഡോളര്‍ - 63.04.
➖➖➖➖➖➖➖➖
Tags:
KERALA