2025 | ഒക്ടോബർ 25 | ശനി
1201 | തുലാം 8 | അനിഴം
◾ അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരണം. മത്സരത്തിന്റെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്.
◾ അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് നേതാവ് വി.ഡി സതീശന്‍. 'മെസ്സി ചതിച്ചാശാനേ' എന്നായിരുന്നു സതീശന്റെ പരിഹാസം. താന്‍ ഇത് പണ്ടേ പറഞ്ഞിട്ടുള്ളതാണെന്നും ഇനി മെസ്സി ചതിച്ചെന്ന് മന്ത്രി വന്ന് പറയട്ടെ എന്നും സതീശന്‍ പറഞ്ഞു. മെസ്സി വന്നാല്‍ നല്ല കാര്യം എന്നേ താന്‍ ഇപ്പോഴും പറയുന്നുള്ളൂവെന്ന് പറഞ്ഞ സതീശന്‍ മെസ്സി വരുന്നത് രാഷ്ട്രീയ പ്രചരണമാക്കി മാറ്റുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്നും ചൂണ്ടിക്കാട്ടി.
◾ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അതിനായുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അര്‍ജന്റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം ഇനി നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കല്‍ വരുമെന്ന് പറഞ്ഞ മന്ത്രി നമ്മുടെ നാട്ടിലെ ചിലര്‍ ഇ-മെയില്‍ അയച്ച് അര്‍ജന്റീനയുടെ വരവ് മുടക്കാന്‍ നോക്കിയെന്നും ആരോപിച്ചു.
◾ മെസിയെയും സംഘത്തെയും കൊണ്ടുവരാനെന്ന പേരില്‍ കായിക മന്ത്രി അബ്ദു റഹ്‌മാനും സംഘവും നടത്തിയ സ്പെയിന്‍ സന്ദര്‍ശനം എന്തിനായിരുന്നുവെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ഖജനാവില്‍ നിന്ന് പൊടിച്ച 13 ലക്ഷത്തിന് ആര് സമാധാനം പറയുമെന്നും കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും എല്ലാം സംഘമായി നടത്തിയത് വിനോദയാത്രയായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു.
◾ മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തില്‍ ഉലഞ്ഞ് എല്‍ഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്. ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തിയെടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം.
◾ പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന് പിന്നാലെ സിപിഐയെ അനുനയിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി നേരിട്ടെത്തി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തി. പിഎംശ്രീയുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
◾ കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ കരാറില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. കരാറില്‍ ഒപ്പുവെക്കുന്ന കാര്യം സിപിഎം മന്ത്രിമാരും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. സിപിഎം മന്ത്രിമാര്‍ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സിപിഎം നേതാക്കളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ സംഘടനകള്‍. സിപിഎം-ബിജെപി ഡീല്‍ ഉയര്‍ത്തിക്കാട്ടി കെ.എസ്.യു പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച്ച പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ വസതിയിലേക്ക് കെ.എസ്.യു നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
◾ ആത്മാഭിമാനമുണ്ടെങ്കില്‍ ഇനിയെങ്കിലും സിപി.ഐ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്. ജന്മി-കുടിയാന്‍ ബന്ധത്തില്‍ നിന്നും അവര്‍ മോചിതരാകണമെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയില്‍ സി.പി.ഐ തുടര്‍ന്നാല്‍ അണികള്‍ ഒന്നൊന്നായി മുടിനാരുകള്‍ പോലെ കൊഴിഞ്ഞു പോകും എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
◾ പി എം ശ്രീ പദ്ധതി വിവാദത്തില്‍ ഇടതു ബുദ്ധിജീവികളുടെ മൗനത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ പ്രിയനന്ദന്‍. ഭരണകൂടം വഴിതെറ്റുമ്പോള്‍ അതിനെ തിരുത്താന്‍ ധൈര്യം കാണിക്കാതെ രാഷ്ട്രീയ സൗകര്യങ്ങള്‍ക്കായി മൗനം പാലിക്കുന്ന ബുദ്ധിജീവികള്‍ സ്വന്തം വാല് മറച്ചുവെക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണ് എണ്ണപ്പെടുന്നതെന്നും ബുദ്ധിജീവികള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരെന്നും പ്രിയനന്ദനന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന് ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയ സ്വര്‍ണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നാണ് അന്വേഷണ സംഘം സ്വര്‍ണം വീണ്ടടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വര്‍ണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.
◾ ശബരിമല സ്വര്‍ണ കൊള്ളയില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ പങ്ക് എസ്ഐടി കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയോട് സര്‍ക്കാര്‍ ചെയ്തത് ദ്രോഹമെന്നും മറ്റേതെങ്കിലും മതത്തിന്റെ പള്ളിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ രാപ്പകല്‍ ഉപരോധ സമരത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
◾ ശബരിമല സ്വര്‍ണകവര്‍ച്ച കേസുമായി ബന്ധമില്ലെന്ന് സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍. വാതില്‍ പാളിയില്‍ സ്വര്‍ണം പൂശി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പോറ്റി സമീപിച്ചതെന്നും ഗോവര്‍ധന്‍ പറഞ്ഞു. അയ്യപ്പ ഭക്തനായതിനാല്‍ സമ്മതിച്ചു. വിഷയത്തില്‍ എസ്ഐടി കേരളത്തിലേക്ക് വിളിപ്പിച്ചിരുന്നെന്നും അറിയാവുന്ന കാര്യങ്ങള്‍ എല്ലാം വെളിപ്പെടുത്തിയെന്നും ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ പറഞ്ഞു. എസ്ഐടി ബെല്ലാരിയില്‍ എത്തിയ കാര്യവും ഗോവര്‍ധന്‍ സ്ഥിരീകരിച്ചു.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരുണ്ടെങ്കില്‍ അന്വേഷണത്തില്‍ കണ്ടെത്തുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
◾ ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുവശത്തേക്കുമുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഒരു ഓട്ടോ കടന്ന് വന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രവര്‍ത്തകര്‍ ഓട്ടോ തടഞ്ഞു. പിന്നാലെ ഓട്ടോ ഡ്രൈവറും പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
◾ സംസ്ഥാന കോണ്‍ഗ്രസില്‍ സതീശനിസം അവസാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. താനും തന്റെ പാര്‍ട്ടിയും എന്ത് വില കൊടുത്തും അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കുമെന്നും യുഡിഎഫിനൊപ്പം നില്‍ക്കാന്‍ ഒരു ഉപാധിയും വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി പിഎം ശ്രീ പദ്ധതിയില്‍ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കേരളത്തില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ മുതല്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്ഐആര്‍ തുടങ്ങും. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം എസ്ഐആര്‍ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടന്‍ തയ്യാറാകും. അടുത്ത ദിവസങ്ങളില്‍ സമയക്രമം പ്രഖ്യാപിക്കും. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്.
◾ കുണ്ടറ സിപിഐയില്‍ വന്‍ പൊട്ടിത്തെറി. വിഭാഗീയ പ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐയില്‍ നിന്ന് രാജിവെച്ച നേതാക്കള്‍ ഉള്‍പ്പെടെ 325 പേര്‍ ഉടന്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തെ പോലും ധിക്കരിക്കുന്ന ജില്ലാ സെക്രട്ടറി പി എസ് സുപാലിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടാണ് വിമതരുടെ നീക്കം.
◾ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക അനുവദിച്ചത്. ഈവര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിരുന്നത്.
◾ വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ പരിപാടിയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്റെ പേരും ചിത്രവും. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് ജി സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാലുചിറ പാലം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലാണ് ജി സുധാകരന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
◾ പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് മര്‍ദ്ദനം ഏറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം രംഗത്ത്. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറയണമെന്ന് പേരാമ്പ്ര സിപിഒ വിഷ്ണു വത്സന്റെ അമ്മ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ വീട്ടു പടിക്കല്‍ സമരം നടത്തുമെന്ന പറഞ്ഞ കുടുംബം സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പെടുത്തിയതിന് പോലീസില്‍ പരാതി നല്‍കി.
◾ മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണായ കമ്മിറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവരാണ് അംഗങ്ങള്‍. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹര്‍ജികള്‍ ജില്ലാ നിയമസേവന അതോറിറ്റിയുടെ പരിഗണനയിലുണ്ട്.
◾ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി. കണ്ണൂര്‍ പെരിങ്ങോം സ്വദേശി റോസമ്മയെ ആണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്. 2013 ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം പുലര്‍ച്ചെയാണ് ഭര്‍ത്താവ് ചാക്കോച്ചനെ ഭാര്യയായ റോസമ്മ തലക്കടിച്ച് കൊലചെയ്തത്. പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞിമോനെ (60)യാണ് ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്നത്.
◾ തൃശ്ശൂര്‍ മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-നാണ് സംഭവം. സംഭവത്തില്‍ ഒല്ലൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
◾ വിദ്യാലയങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന ഭരണകര്‍ത്താക്കള്‍ ചോദ്യംചെയ്യപ്പെടണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് കാസര്‍കോട് മുതല്‍ നടത്തിയ അവകാശസംരക്ഷണ യാത്രയുടെ സമാപനം സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് ടേം എന്ന നിബന്ധനയില്‍ ഇളവുനല്‍കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തില്‍ യൂത്ത് ലീഗിന് അമര്‍ഷം. മൂന്നു തവണ ജനപ്രതിനിധികളായിട്ടുണ്ടെങ്കിലും പ്രധാന നേതാക്കള്‍ക്ക് അത്യാവശ്യമെങ്കില്‍ ഒരു തവണ കൂടി ഇളവു നല്‍കാമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇത് 2020-ല്‍.നടപ്പാക്കിയ തീരുമാനത്തില്‍ വെള്ളംചേര്‍ക്കലാണെന്നാണ് യൂത്ത് ലീഗിന്റെ വിമര്‍ശനം.
◾ മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായി ആത്മഹത്യചെയ്ത വനിതാ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കൈവെള്ളയിലെഴുതിയ ആത്മഹത്യാക്കുറിപ്പിന് പുറമേയാണ് ഡോക്ടര്‍ എഴുതിവെച്ച നാലുപേജുള്ള കുറിപ്പും കണ്ടെടുത്തത്. പോലീസ് സബ് ഇന്‍സ്‌പെക്ടറായ ഗോപാല്‍ ബദ്‌നെ വിവിധ കേസുകളില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായി നിര്‍ബന്ധിച്ചെന്നും എന്നാല്‍, ഇതിന് വിസമ്മതിച്ചപ്പോള്‍ ഉപദ്രവിച്ചെന്നുമാണ് കുറിപ്പിലെ ആരോപണം.
◾ ഫ്ലൈ ഓവറില്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. വീഡിയോ എടുക്കുന്നതിനെ ചൊല്ലി യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ സല്‍മാന്‍ (22) എന്ന യുവാവാണ് മരിച്ചത്. ദില്ലിയിലെ ഭല്‍സ്വ ഫ്ലൈ ഓവറില്‍ ഒക്ടോബര്‍ 23 ന് രാത്രിയാണ് സംഭവം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾ ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍. അപകടത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 19 പേരും ബൈക്ക് യാത്രികനും മരിച്ചു.
◾ ജമ്മുകശ്മീരില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ചില പാര്‍ട്ടികളിലെ എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ബിജെപി ഒരു സീറ്റില്‍ വിജയിക്കാന്‍ കാരണം ഈ കൂറുമാറ്റമാണെന്ന് ആരോപിച്ച ഒമര്‍ അബ്ദുള്ള, നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് ആരും കൂറുമാറിയില്ലെന്നും അവകാശപ്പെട്ടു. വെള്ളിയാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് നേടിയെങ്കിലും ഒരു സീറ്റില്‍ ബിജെപി അപ്രതീക്ഷിത ജയം നേടി.
◾ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്മി നാരായണ്‍ സിങ് എന്ന പപ്പു സിങ് (54) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അശോക് സിങിന്റെ അനന്തരവനാണ് ഇദ്ദേഹം. പ്രയാഗ്രാജിലെ ഹോട്ടലിന് സമീപത്ത് വച്ചാണ് പപ്പു സിങ് ആക്രമിക്കപ്പെട്ടത്.
◾ ബെംഗളുരുവിലെ യുവ ഡോക്ടര്‍ കൃതിക റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃതികയെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവായ പ്രതി, കാമുകിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പൊലീസ് വീണ്ടെടുത്തതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി കാമുകിക്ക് അയച്ച ശേഷം ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ വാട്സാപ്പില്‍ നിന്ന് പൊലീസ് ഇത് കണ്ടെടുത്തതോടെ നില്‍ക്കക്കള്ളിയില്ലാതെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
◾ സിങ്കപ്പൂരിലെ റാഫിള്‍സ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നഴ്സിനെ ലൈംഗികാതിക്രമ കേസില്‍ കോടതി ശിക്ഷിച്ചു. എലിപ്പെ ശിവ നാഗു എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് വര്‍ഷവും രണ്ട് മാസവും തടവുശിക്ഷയ്ക്ക് പുറമെ, കരിമ്പിന്‍ തണ്ട് കൊണ്ട് രണ്ട് അടിയുമാണ് ശിക്ഷ. ലൈംഗികാതിക്രമം നടത്തിയെന്ന് സമ്മതിച്ച സാഹചര്യത്തിലാണിത്.
◾ റഷ്യന്‍ സൈന്യത്തിന് സഹായം നല്‍കിയെന്ന് ആരോപിച്ച് മൂന്ന് ഇന്ത്യന്‍ കമ്പനികളടക്കം 45 കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന 19ാം പാക്കേജിന്റെ ഭാഗമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. വിഷയത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
◾ പുതിയ നൃത്തശാല പണിയാന്‍ വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടമാണ് പൂര്‍ണമായും തകര്‍ത്തത്.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ കൂടിയും ഉച്ചയ്ക്ക് താഴ്ന്നും കളിച്ച സ്വര്‍ണത്തിന് ഇന്ന് ഗംഭീര മുന്നേറ്റം. ഗ്രാം വില ഒറ്റയടിക്ക് 115 രൂപയും പവന്‍ വില 920 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 11,515 രൂപയും പവന്‍ വില 92,120 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9,470 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,380 രൂപയും ഒമ്പത് കാരറ്റിന് 4,730 രൂപയുമാണ് വില. ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് നടന്നതും ഇ.ടി.എഫുകളുടെ വില്‍പ്പന ഉയര്‍ന്നതും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവിന് വഴിയൊരുക്കിയിരുന്നു. ഒക്ടോബര്‍ 17ന് പവന് 97,360 രൂപ വരെ എത്തി റെക്കോഡിട്ട ശേഷമായിരുന്നു ഈ ഇടിവ്. യു.എസ് ചൈന വ്യാപാര സംഘര്‍ഷത്തിന് അയവു വരുമെന്ന സൂചനകളാണ് സ്വര്‍ണത്തില്‍ ലാഭമെടുപ്പ് ഉണ്ടാക്കിയത്. രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 4,154 ഡോളര്‍ വരെ എത്തിയ ശേഷം 4,112.10 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതാണ് കേരളത്തിലും വില വര്‍ധനയ്ക്ക് ഇടയാക്കിയത്. കേരളത്തില്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 165 രൂപയിലാണ് വ്യാപാരം.
◾ പാക്കേജുകളുടെ വിതരണം വേഗത്തിലാക്കാനും ഫോണിനെ ആശ്രയിക്കുന്നത് കുറക്കാനുമായി ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് എ.ഐ സ്മാര്‍ട്ട് ഗ്ലാസ് നല്‍കാനൊരുങ്ങി ആമസോണ്‍. ഡെലിവറികള്‍ വേഗത്തിലും മികച്ച രീതിയിലും പൂര്‍ണമായും ഹാന്‍ഡ്‌സ്-ഫ്രീ ആയും ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാന്‍ എ.ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍ തങ്ങള്‍ പരീക്ഷണത്തിലാണ്. ഫോണ്‍ പുറത്തെടുക്കാതെ തന്നെ പാക്കേജുകള്‍ സ്‌കാന്‍ ചെയ്യാനും ഉപഭോക്താവിനടുത്തേക്കുള്ള വഴി മനസ്സിലാക്കാനും ഡെലിവറി ചെയ്തതിന്റെ തെളിവുകള്‍ രേഖപ്പെടുത്താനും ഈ ഗ്ലാസുകള്‍ സഹായിക്കും. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം ഫ്ലാറ്റ് നമ്പര്‍ കണ്ടെത്തുന്നതും എളുപ്പമാകും. മുന്നറിയിപ്പ് ബട്ടണും മാറ്റാനാകുന്ന ബാറ്ററിയും കണ്‍ട്രോളറുകളും ഘടിപ്പിച്ചിട്ടുള്ള ഡെലിവറി വെസ്റ്റ് ഗ്ലാസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ വടക്കേ അമേരിക്കയിലെ ഡെലിവറി പ്രവര്‍ത്തനങ്ങളില്‍ എ.ഐ ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്.
◾ ഒരു ഫുള്‍ ടാങ്ക് ഡീസല്‍ ഉപയോഗിച്ച് 2831 കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് തീര്‍ത്തിരിക്കുകയാണ് സ്‌കോഡ സൂപ്പര്‍ബ്. ഇന്ധനം റീഫില്‍ ചെയ്യാതെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചെന്ന ഗിന്നസ് റെക്കോര്‍ഡാണ് സ്‌കോഡയ്ക്ക് ലഭിച്ചിരിക്കുന്നത്. 2025ലെ യൂറോപ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പ് ജേതാവായ മിക്കോ മാര്‍സിക്കിയുടെ ഡ്രൈവിങ്ങിലൂടെയാണ് ഈ ഗിന്നസ് നേട്ടം. 148 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലീറ്റര്‍ ഫോര്‍സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള വാഹനമാണ് റെക്കോഡ് ഓട്ടത്തില്‍ ഉപയോഗിച്ചത്. 100 കിലോമീറ്ററിന് 2.61 ലീറ്റര്‍ ഇന്ധനമാണ് ഉപയോഗിച്ചത്. അതായത് ഒരു ലീറ്റര്‍ ഡീസലില്‍ ഏകദേശം 38 കിലോമീറ്ററായിരുന്നു ഈ വാഹനത്തിന് ലഭിച്ച മൈലേജ്. ഉപയോഗിച്ച കാര്‍ ഫ്രണ്ട്-വീല്‍-ഡ്രൈവ് മോഡലായിരുന്നു. പോളണ്ടിലെ ലോഡ്സില്‍ നിന്നും, ജര്‍മനി, പാരിസ് എന്നിവിടങ്ങളിലേക്കും അവിടെ നിന്നും നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ജര്‍മനി എന്നിങ്ങനെയായിരുന്നു യാത്ര. പോളണ്ടില്‍ തന്നെ യാത്ര അവസാനിപ്പിച്ചു. വാഹനത്തിന്റെ ശരാശരി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററായിരുന്നു.
◾ രാത്രി ബ്രൈറ്റ് ലൈറ്റുകളുടെ അമിത ഉപയോഗം ഹൃദയാഘാതം ഉള്‍പ്പെടെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് ജാമ നെറ്റ്വര്‍ക്കില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അധികമാരും സംസാരിക്കാത്ത ഒരു വിഷയമാണ് വെളിച്ച മലിനീകരണം. ആവശ്യത്തിലധികം വെളിച്ചം നമ്മെ മാനസികവും ശാരീരികവുമായും ബാധിക്കുന്നു. നമ്മുടെ ശരീരത്തിനൊരു താളമുണ്ട്. രാത്രി ഉറങ്ങാനും പകല്‍ ഉണരാനും ഈ താളം അതായത്, സര്‍ക്കാഡിയല്‍ റിഥം നമ്മെ സഹായിക്കുന്നു. രാത്രി ഇരുട്ട് വീഴുന്നതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന. സൂര്യനുദിക്കുമ്പോഴുള്ള വെളിച്ചം ഉണരാനും. എന്നാല്‍ രാത്രിയിലും വെളിച്ചം കാണുന്നത് ഈ താളത്തെ തടസപ്പെടുത്താനും ഉറക്കരീതികളെയും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെയും ഉള്‍പ്പെടെ തകിടംമറിക്കാനും കാരണമാകും. ഇപ്പോഴിതാ, ഈ സര്‍ക്കാഡിയന്‍ താളം മാത്രമല്ല, ഹൃദയാരോഗ്യത്തിനും രാത്രിയിലെ വെളിച്ചം വില്ലനാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരവീക്കം, വര്‍ധിച്ച ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. ഇത് ക്രമേണ ഹൃദ്രോഗങ്ങളിലേക്കും നയിക്കാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍, അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് പതിവായി ഉപയോഗിക്കുന്നവരില്‍ കൊറോണറി ആര്‍ട്ടറി രോഗം ഉണ്ടാകാനുള്ള സാധ്യത 32 ശതമാനവും ഹൃദയാഘാത സാധ്യത 56 ശതമാനവും സ്‌ട്രോക്ക് സാധ്യത 30 ശതമാനവും കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.82, പൗണ്ട് - 116.95, യൂറോ - 102.10, സ്വിസ് ഫ്രാങ്ക് - 110.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.19, ബഹറിന്‍ ദിനാര്‍ - 232.98, കുവൈത്ത് ദിനാര്‍ -286.89, ഒമാനി റിയാല്‍ - 228.44, സൗദി റിയാല്‍ - 23.42, യു.എ.ഇ ദിര്‍ഹം - 23.91, ഖത്തര്‍ റിയാല്‍ - 24.12, കനേഡിയന്‍ ഡോളര്‍ - 62.76.
➖➖➖➖➖➖➖➖
Tags:
KERALA