Trending

പ്രഭാത വാർത്തകൾ

2025  ഒക്ടോബർ 26  ഞായർ 
1201  തുലാം 9  തൃക്കേട്ട 
1447  ജ : അവ്വൽ 4

◾ ഒരു കപ്പ് ചായയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഒരു ജിബി ഡാറ്റ ലഭിക്കുമെന്ന് ഒരു 'ചായക്കാരന്‍' ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ യുവാക്കള്‍ക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കി സംസ്ഥാനത്തെ പലരും നല്ല പണം സമ്പാദിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. റാലിയില്‍ പങ്കെടുത്തവരോട് അവരുടെ സ്മാര്‍ട്ട്ഫോണുകളുടെ ഫ്‌ലാഷ്ലൈറ്റുകള്‍ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട മോദി ഓരോ വ്യക്തിയുടെയും കയ്യില്‍ വെളിച്ചമുള്ളപ്പോള്‍, ആര്‍ക്കെങ്കിലും ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ റാന്തല്‍ വേണോ എന്ന് ചോദിച്ച് ആര്‍ജെഡിയെ പരിഹസിക്കുകയും ചെയ്തു.

◾ ഇടുക്കി അടിമാലിയില്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് സിമന്റെ സ്ലാബുകള്‍ക്കടിയില്‍പ്പെട്ട ദമ്പതിമാരെ രക്ഷിച്ചു. കൂമ്പാറയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ബിജുവിനേയും സന്ധ്യയെയും ആണ് രക്ഷാപ്രവത്തകര്‍ ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചത്. ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. ഇവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവരും കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള ബിജുവിനെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

◾ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് കുറച്ചു ദിവസങ്ങളായി മണ്ണിടിച്ചില്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടായിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് താമസിച്ചിരുന്ന 22 കുടുംബങ്ങളെ അടിമാലി ഗവണ്‍മെന്റ് സ്‌കൂളില്‍ തുറന്ന ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ദേശീയപാതയ്ക്ക് സമീപം അപകടാവസ്ഥയിലുണ്ടായിരുന്ന വലിയൊരു മണ്‍കൂന താഴേക്ക് പതിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ബിജുവും സന്ധ്യയും തറവാട്ട് വീട്ടിലേക്ക് മാറിയിട്ടും രേഖകള്‍ എടുക്കാന്‍ വേണ്ടിയാണ് വീട്ടിലേക്ക് എത്തിയത്. ബിജുവും സന്ധ്യയുംം വീടിന്റെ ഹാളില്‍ നില്‍ക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് കരുതുന്നത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു.

◾  പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് തുടര്‍ന്ന് സിപിഐ. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും വിഷയം വിശദമായി ചര്‍ച്ച ചെയ്തുവെന്നും സിപിഎം ഇതില്‍ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാട് ആണെങ്കില്‍ എങ്ങനെ കരാര്‍ ഒപ്പിട്ടുവെന്നും ഡി രാജ ചോദിച്ചു.
◾  കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായപിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് സിപിഐ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സമരക്കാര്‍ ബാരിക്കേഡ് തള്ളിമറിക്കാന്‍ ശ്രമിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

◾  പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. കേന്ദ്ര സഹായം ഔദാര്യമല്ലെന്നും നമുക്ക് കിട്ടേണ്ട പണം കിട്ടണമെന്നും വിദ്യാഭ്യാസ മേഖലയില്‍ പണം കിട്ടാന്‍ വേണ്ടി ഒപ്പിട്ടതില്‍ തെറ്റില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. മുന്നണിയില്‍ നിന്നു കൊണ്ട് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ശരിയായ രീതിയല്ലെന്നും നിലപാട് എല്‍ഡിഎഫില്‍ അറിയിക്കും എന്നും തോമസ് കെ തോമസ് വ്യക്തമാക്കി.

◾  കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചത് സംബന്ധിച്ച വിവാദങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. സിപിഐ ഉയര്‍ത്തിയ വിഷയങ്ങളും ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

◾  പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസര്‍ക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീഷണശാലകളാക്കി കേരളത്തിലെ സ്‌കൂളുകളെ പിണറായി സര്‍ക്കാര്‍ മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങള്‍ക്ക് സംസ്ഥാന താല്‍പര്യത്തേക്കാള്‍ മുന്‍ഗണന നല്‍കിയത് കൊണ്ടുമാത്രമാണ് കേരളവും അതീവരഹസ്യമായി പിഎം ശ്രീയുടെ ഭാഗമായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
◾  പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി. 1.98 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ് ചെലവഴിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍ കേവലം 1500 കോടിക്കു വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്ത് പരിഹാസ്യരാവുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന അതിനിഷ്ഠൂരമായ നിലപാടാണ് ഇതെന്നും ഇതിനെതിരെ സാര്‍വത്രികമായ പ്രചാരണം നടത്തപ്പെടുകയും ജനത്തെ ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

◾  പിഎംശ്രീയില്‍ ഒപ്പ് വെച്ചതോടെ കേരളം ശരിയായ നിലപാട് സ്വീകരിച്ചുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ലഭിക്കേണ്ട നല്ല കാര്യമാണ് കഴിഞ്ഞ നാല് വര്‍ഷം ഇടതുപക്ഷം തടസപ്പെടുത്തിയതെന്നും പദ്ധതി നടപ്പാക്കാന്‍ വൈകിപ്പിച്ചതിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്ഐആര്‍ നടപ്പിലാക്കുമെന്നും ഇനിയിവിടെ പൗരത്വ രജിസ്റ്ററും സിഎഎയും നടപ്പാകുമെന്നും സവര്‍ക്കറെയും ഹെഡ്ഗേവാറിനെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കുമെന്നും സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

◾  കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

◾  കേരളത്തെ ഗ്ലോബല്‍ സ്‌കില്‍ ഹബ്ബാക്കി വികസിപ്പിക്കുമെന്നും ഇതിനായി സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദേശീയ, സംസ്ഥാന തലത്തില്‍ പുരസ്‌ക്കാരങ്ങള്‍ നേടിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അനുമോദിക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം നിശാഗന്ധിയില്‍ സംഘടിപ്പിച്ച 'മെറിടോറിയ 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾  ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. ചെന്നൈയിലെ ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങള്‍.

◾  കലുങ്ക് സഭയ്ക്കു പകരം പഴയ സംവാദ പരിപാടിയായ 'എസ്ജി കോഫി ടൈംസ്' വീണ്ടും ആരംഭിക്കാന്‍ സുരേഷ് ഗോപി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്ന പരിപാടി ആയിരുന്നു ഇത്.

◾  സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് താരത്തെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയത്. ബാര്‍ബറായ അച്ഛന്‍ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസ്സിലാക്കിയ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിനെ വീട് നിര്‍മ്മിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു.

◾  ലത്തീന്‍ സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോണ്‍സിഞ്ഞോര്‍ ആന്റണി കാട്ടിപ്പറമ്പിലിനെയാണ് ബിഷപ്പായി വത്തിക്കാന്‍ പ്രഖ്യാപിച്ചത്.

◾  പാലക്കാട്ടെ റോഡ് ഉദ്ഘാടനത്തിനു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം പാലക്കാട് നഗരസഭ ചെയര്‍പേഴ്സണും. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഇതിനു മുന്നേ കെഎസ്ആര്‍ടിസി ബസ്സിന്റെ ഉദ്ഘാടനത്തിനും മറ്റൊരു റോഡ് ഉദ്ഘാടനത്തിനും എംഎല്‍എ പങ്കെടുത്തിരുന്നു.

◾  വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന യുവാവിനെ രാജസ്ഥാനില്‍ നിന്നും വയനാട് സൈബര്‍ ക്രൈം പൊലീസ് പിടികൂടി. രാജസ്ഥാന്‍ ബികനീര്‍ സ്വദേശിയായ ശ്രീരാം ബിഷ്‌ണോയിയെ (28) ആണ് വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഐ.ടി ജീവനക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്.

◾  ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. കോട്ടയം മീനച്ചിലില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അയല്‍വാസിക്ക് കോടതി 20 വര്‍ഷം കഠിന തടവ് വിധിച്ചു. വള്ളിച്ചിറ സ്വദേശി ടി ജി സജിയെയാണ് ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

◾  അങ്കണവാടികളിലെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന 'പോഷകബാല്യം' പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ വനിതാ-ശിശു വികസന ഡയറക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അങ്കണവാടികള്‍ പാലിക്കുന്നതായി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. തിരുവനന്തപുരം അര്‍ബന്‍ മൂന്നിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ കൃത്യമായ അളവില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന പരാതിയിലാണ് നടപടി.

◾  സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖന് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു എന്‍ വി വൈശാഖന്‍. വൈശാഖന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പിന്നീട് പാര്‍ട്ടി കണ്ടെത്തി. തുടര്‍ന്നാണ് വൈശാഖനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

◾  രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിലൂടെ അതിക്രമിച്ച് കയറിയ യുവാക്കള്‍ക്കെതിരേ പോലീസ് നടപടി. കേരള പോലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിയമലംഘനവും അതിന്റെ പ്രത്യാഘാതങ്ങളും വ്യക്തമാക്കുന്ന ഒരു ട്രോള്‍ രൂപേണെയാണ് പോലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.

◾  വൈത്തിരി ലക്കിടിയില്‍ വാഹന പരിശോധനയില്‍ 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായില്‍ മുഹമ്മദ് ശിഹാബ് വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മല്‍ ശാക്കിറ എകെ (30)എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു.

◾  സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു.പൂര്‍ത്തിയാക്കിയ 7 നിര്‍മ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം ഒക്ടോബര്‍ 26ന് ഞായറാഴ്ച ഉച്ചക്കുശേഷം 2.30ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുo.

◾  ബെംഗളൂരുവില്‍ നിന്ന് എഴുപത്തിയഞ്ച് ലക്ഷം രൂപയുമായി തൃശൂര്‍ മണ്ണുത്തിയില്‍ ബസ്സില്‍ നന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമ എടപ്പാള്‍ സ്വദേശി മുബാറകിന്റെ പക്കല്‍നിന്നും നിന്ന് ഒരു സംഘം പണം തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയാണ് കവര്‍ച്ച നടന്നത്. ബസ് വിറ്റ് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതെന്നാണ് മുബാറക്ക് പൊലീസിന് നല്‍കിയ മൊഴി. ബസിറങ്ങി മെഡിക്കല്‍ സ്റ്റോറിന്റെ വരാന്തയില്‍ ബാഗ് വെച്ച് ചായ കുടിക്കാന്‍ തുടങ്ങിയ ഉടനെയായിരുന്നു കവര്‍ച്ച. ബാഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാന്‍ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറില്‍ കയറി രക്ഷപെട്ടു.

◾  ആന്ധ്രാ, തെക്കന്‍ ഒഡിഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. നാളെ രാവിലെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന മോന്ത ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കി.മീ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

◾  ഝാര്‍ഖണ്ഡില്‍ ഏഴ് വയസ്സുകാരനായ തലാസീമിയ രോഗിക്ക് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദം. രോഗിയുടെ രക്തം നല്‍കിയെന്ന കുട്ടിയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. കുട്ടിക്ക് ചികിത്സയുടെ ഭാഗമായി ഇതിനോടകം 25 യൂണിറ്റോളം രക്തം നല്‍കിയിട്ടുണ്ട്. ബ്ലഡ് ബാങ്കില്‍ നിന്ന് ലഭിച്ച രക്തം വഴി കുട്ടിക്ക് എച്ച്ഐവി ബാധിച്ചുവെന്ന് കുടുംബം വെള്ളിയാഴ്ച ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

◾  മഹാരാഷ്ട്രയില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് രണ്ട് വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. 32 വയസ്സുകാരനായ പിതാവ് രാഹുല്‍ ചവാന്‍ അറസ്റ്റിലായി. ഇയാള്‍ കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

◾  സാമ്പത്തിക പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പില്‍ എല്‍ഐസി 33,000 കോടി രൂപ നിക്ഷേപിച്ചത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും  മോദി സര്‍ക്കാര്‍ നടത്തിയ 'മൊബൈല്‍ ഫോണ്‍ ബാങ്കിങ്' ആണെന്നും കോണ്‍ഗ്രസ്. അദാനി ഗ്രൂപ്പിനെ സഹായിക്കാനായി കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം.

◾  നരേന്ദ്ര മോദി ഭീകരാക്രമണങ്ങളില്‍ നിന്ന് ഇന്ത്യയെ സുരക്ഷിതമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാക്കിസ്ഥാന്‍ എല്ലാ ദിവസവും ഇന്ത്യയെ ആക്രമിച്ചുവെന്നും വോട്ട് ബാങ്കിനോടുള്ള അത്യാഗ്രഹത്താല്‍ സോണിയ, മന്‍മോഹന്‍, ലാലു സര്‍ക്കാരുകള്‍ മൗനം പാലിച്ചുവെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  ദില്ലിയില്‍ വായുഗുണനിലവാരത്തില്‍ നേരിയ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ദില്ലിയിലെ ശരാശരി വായുഗുണനിലവാര സൂചികയില്‍ 100 പോയിന്റിന്റെ കുറവുണ്ടായി. ശരാശരി എക്യുഐ 260 ആണ് ഇന്ന് രേഖപ്പെടുത്തിയത്. വായുമലിനീകരണം കുറയ്ക്കാന്‍ ദില്ലിയിലെ പൊതു ഇടങ്ങളിലും കെട്ടിടങ്ങളിലും സ്പ്രിങ്ക്ളറുകള്‍ സ്ഥാപിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് കുറഞ്ഞതും വായുമലിനീകരണം കുറച്ചു.

◾  കരീബിയനിലേക്ക് അമേരിക്കയുടെ അത്യാധുനിക വിമാന വാഹിനി കപ്പല്‍ കൂടിയെത്തുന്നു. വെള്ളിയാഴ്ച പെന്റഗണ്‍ ആണ് ഇക്കാര്യം വിശദമാക്കിയത്. മയക്കുമരുന്ന് കാര്‍ട്ടലുകളുമായി ട്രംപ് നേരിട്ട് ഏറ്റുമുട്ടല്‍ ആരംഭിച്ച ശേഷം വലിയ രീതിയിലുള്ള സൈനിക വിന്യാസമാണ് കരീബിയന്‍ തീരത്ത് അമേരിക്ക നടത്തുന്നത്. ലഹരിമരുന്നുകളുമായി എത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ചെറു കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നേരെ സൈന്യത്തിന്റെ മാരകായുധങ്ങള്‍ പ്രയോഗിക്കാനാണ് കരീബിയന്‍ തീരത്ത് ട്രംപിന്റെ നീക്കം.

◾  മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ അമേരിക്ക വില കൊടുത്ത് വാങ്ങിയെന്ന് ദീര്‍ഘകാലം അമേരിക്കന്‍ ചാര സംഘടനയായ സിഐഎയില്‍ പ്രവര്‍ത്തിച്ച ജോണ്‍ കിരിയാകു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുത്തിലാണ് ഇദ്ദേഹം വന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് മുഷാറഫ് നല്‍കിയെന്നും ബേനസീര്‍ ഭൂട്ടോ വിദേശത്ത് ആഡംബര ജീവിതം നയിച്ചുവെന്നുമടക്കം വെളിപ്പെടുത്തലുകള്‍ ഇദ്ദേഹം ഉയര്‍ത്തി.

◾  അഫ്ഗാനിസ്ഥാനുമായി ഇസ്താംബുളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒരു ഉടമ്പടിയില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ അത് തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നതായും എന്നാല്‍ ഒരു ധാരണയിലെത്താന്‍ സാധിക്കാത്തത് തുറന്ന യുദ്ധം എന്നാണ് അര്‍ഥമാക്കുന്നതെന്നും ഖ്വാജ ആസിഫ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'യുദ്ധക്കുറ്റവാളി' എന്ന് വിളിച്ചതിന് ന്യായീകരണവുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. ദീപാവലി ദിനത്തില്‍ അമേരിക്കന്‍ ഹിന്ദു വോട്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മംദാനി ന്യായീകരിച്ചത്. താന്‍ വളര്‍ന്നത് ബഹുസ്വരതയെ ആഘോഷിക്കുന്ന ഒരു ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.

◾  ഗാസയിലെമുന്‍ ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ മൃതദേഹം കത്തിച്ച് സംസ്‌കരിക്കാന്‍ സുരക്ഷാ കാബിനറ്റിനോട് നിര്‍ദ്ദേശിച്ചതായി ഇസ്രയേലി ഗതാഗത മന്ത്രി മിരി റെഗേവ്. ഇസ്രയേലി വെബ്‌സൈറ്റായ കോള്‍ ബരാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റെഗേവ് ഇത് പറഞ്ഞത്.

◾  വരാനിരിക്കുന്ന ഏഷ്യന്‍ പര്യടനത്തിനിടെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. കിമ്മുമായി വലിയ ബന്ധമുണ്ടെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യമുണ്ടെന്നും എയര്‍ ഫോഴ്സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.

◾  2028-ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നും, വീണ്ടും പ്രസിഡന്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും  കമലാ  ഹാരിസ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച കമലാ ഹാരിസ് ട്രംപ് ഒരു ഫാസിസ്റ്റിനെപ്പോലെ പെരുമാറുമെന്നും ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരായിരിക്കും ഉണ്ടാകുകയെന്നും താന്‍ പ്രചാരണ വേളയില്‍ നടത്തിയ പ്രവചനങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

◾  ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തെ ബിസിസിഐ ശക്തമായി അപലപിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്നും സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുമെന്നും ബിസിസിഐ അറിയിച്ചു. സംഭവത്തില്‍ ഒരാളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

◾  പരമ്പര തൂത്തുവരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ആശ്വാസ ജയംനേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 46.4 ഓവറില്‍ 236 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 121 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും 74 റണ്‍സെടുത്ത വിരാട് കോലിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്.  

◾  നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ കരുതല്‍ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ പുതിയ ഡേറ്റ. സെപ്റ്റംബര്‍ അവസാനവാരം 200 കിലോഗ്രാം സ്വര്‍ണമാണ് ആര്‍.ബി.ഐ കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തത്. സെപ്റ്റംബര്‍ 26 വരെയുള്ള ആകെ കരുതല്‍ ശേഖരത്തിന്റെ മൂല്യം 95 ബില്യണ്‍ ഡോളര്‍ (8.34 ലക്ഷം കോടി രൂപ) ആണ്. കഴിഞ്ഞ ആറ് മാസത്തില്‍ മാത്രം 600 കിലോഗ്രാം സ്വര്‍ണം ആര്‍.ബി.ഐ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 541.30 കിലോഗ്രാം സ്വര്‍ണമാണ് കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തത് എന്നിരിക്കെയാണിത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നോക്കിയാല്‍ റിസര്‍വ് ബാങ്കിന്റെ ട്രഷറി സെക്യൂരിറ്റീസ് നിക്ഷേപം ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 219 ബില്യണ്‍ ഡോളറിലാണ്. അതേസമയം, സെപ്റ്റംബര്‍ 26 വരെയുള്ള കണക്കുപ്രകാരം റിസര്‍വ് ബാങ്കിന്റെ വിദേശ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് 13.6 ശതമാനം ഉയര്‍ന്നു. ഒരു വര്‍ഷത്തിനു മുന്‍പുള്ളതിനേക്കാള്‍ 9.3 ശതമാനം ഉയര്‍ച്ചയാണിത്. ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ മൊത്തം വിദേശ നാണയ കരുതല്‍ ശേഖരം 698 ബില്യണ്‍ ആണ്.

◾  അമല്‍ കെ ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ആഘോഷം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഒരു ക്യാംപസിലെ ആഘോഷത്തിമിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ഗെറ്റപ്പുകളുമായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. നരേന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്സ് ജോര്‍ജ്, ജോണി ആന്റണി, ബോബി കുര്യന്‍, ഷാജു ശ്രീധര്‍, റോസ്മിന്‍ എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. സി എന്‍ ഗ്ലോബല്‍ മൂവി മേക്കേഴ്സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഡോ. ലിസ്സി കെ ഫെര്‍ണാണ്ടസ്, ഡോ. പ്രിന്‍സ് പ്രോസി ആസ്ട്രിയ എന്നിവരും സംഘവുമാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഒരു ക്യാമ്പസിനെ കേന്ദ്രീകരിച്ച് അവിടുത്തെ രസക്കുട്ടുകളും ഒപ്പം യുവതലമുറയ്ക്കുള്ള ശക്തമായ ചില സന്ദേശങ്ങളും നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. രണ്‍ജി പണിക്കര്‍, ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദര്‍ശന്‍, മഖ്ബൂല്‍ സല്‍മാന്‍, അജ്ഞലി ജോസ്, ഡോ. ലിസ്സി കെ ഫെര്‍ണാണ്ടസ്, റുഷിന്‍ ഷാജി കൈലാസ്, നിഖില്‍ രണ്‍ജി പണിക്കര്‍, ജെന്‍സ് ജോസഫ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

◾  മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന 'അതിഭീകര കാമുകന്‍' സിനിമയിലെ ആദ്യ ഗാനമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പ്രേമവതി...' ഗാനം തരംഗമാകുന്നു. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നിരിക്കുകയാണ്. അടുത്തിടെ സിദ്ധ് ആലപിച്ച 'മിന്നല്‍വള...' സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 100 മില്ല്യണ്‍ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബില്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 'പ്രേമവതി' മണിക്കൂറുകള്‍ കൊണ്ട് അരലക്ഷത്തിനടുത്ത് കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഹെയ്കാര്‍ത്തി എഴുതിയ പ്രണയം ചാലിച്ച വരികള്‍ക്ക് ബിബിന്‍ അശോകാണ് മനോഹരമായ ഈണം നല്‍കിയിരിക്കുന്നത്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നവംബര്‍ 14നാണ് സിനിമയുടെ റിലീസ്. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

◾  ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ജിംനികള്‍ കയറ്റി അയച്ച് ചരിത്രം കുറിച്ച് മാരുതി സുസുക്കി. ഇന്ത്യന്‍ വിപണിയില്‍ 2023 ല്‍ പുറത്തിറങ്ങിയ അഞ്ച് ഡോര്‍ 4ഃ4 ജിംനിയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചത്. ഇതോടെ ഫ്രോങ്സിന് ശേഷം ഏറ്റവും കുടുതല്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ നിര്‍മിത സുസുക്കി വാഹനവും ജിംനിയായി മാറി. ജൂലൈ 2023 മുതല്‍ സെപ്റ്റംബര്‍ 2025 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം യൂണിറ്റുകള്‍ ജപ്പാന്‍ അടക്കം 100 രാജ്യങ്ങളിലെക്ക് കയറ്റി അയച്ചപ്പോള്‍ ജിംനിയുടെ 27812 യൂണിറ്റുകളാണ് ഇന്ത്യയില്‍ മാത്രം വിറ്റത്. ജിംനി നോമാഡ് എന്ന പേരില്‍ ജപ്പാനീസ് വിപണിയില്‍ ജനുവരിയില്‍ പുറത്തിറങ്ങിയ വാഹനത്തിന് ഇതിനകം തന്നെ 50000 ബുക്കിങ്ങുകള്‍ ലഭിച്ചു. ജപ്പാനില്‍ കൂടാതെ മെക്സിക്കോ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലെ തുടങ്ങിയ രാജ്യങ്ങളിലാണ് ജിംനി ഏറ്റവും അധികം വില്‍ക്കുന്നത്.

◾  ജിന്നുസുന്ദരി നൂറയും സുല്‍ത്താനും തമ്മിലുള്ള അഭൗമമായ പ്രണയത്തിന്റെ പുസ്തകം. നൂറയെ ഇഷ്ടപ്പെടുംതോറും ജിന്നുലോകങ്ങളുടെ ചുരുളുകളും അറിയാരഹസ്യങ്ങളും അവനു മുന്നില്‍ തുറന്നുവന്നു. സ്‌നേഹിക്കാന്‍ ഇത്രമാത്രം കൊതിക്കുന്ന ജീവിവര്‍ഗ്ഗമില്ലെന്ന് സുല്‍ത്താനപ്പോള്‍ ബോദ്ധ്യമായി. നൂറ അവനു കഥകള്‍ പറഞ്ഞുകൊടുത്തു; ആയിരത്തിയൊന്നു രാവിലും അവസാനിക്കാത്ത ജിന്നുകഥകള്‍. പോകുംതോറും പുതിയ പുതിയ വിസ്മയങ്ങളുടെ തിരയടിക്കുന്ന അല്‍മ ദി യെമ്മയിലേക്കും ജിന്നുകളുടെ നിഗൂഢതകള്‍ നിറഞ്ഞ വിചിത്രലോകങ്ങളിലേക്കും അവളവനെ കൊണ്ടുപോയി. യാത്ര അവസാനിച്ചത് പക്ഷേ... ദൃശ്യമായ മനുഷ്യലോകത്തെയും അദൃശ്യമായ ഭൂതലോകത്തെയും കൂട്ടിയിണക്കുന്ന നോവല്‍. 'നൂറ: ജിന്നിന്റെ പ്രണയ പുസ്തകം'. ശംസുദ്ദീന്‍ മുബാറക്. മാതൃഭൂമി. വില 314 രൂപ.

◾  ഭക്ഷണത്തിന് രുചിയും മണവും വര്‍ധിപ്പിക്കുന്നതിനൊപ്പം പെരുജീരകത്തിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ദഹനം മെച്ചെപ്പെടുത്തുന്നുവെന്നതാണ്. ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ പണ്ഡിതന്‍ ഹോജയെ സംവാദത്തിന് വെല്ലുവിളിച്ചു. ഹോജ ക്ഷണം സ്വീകരിച്ച് തിയതിയും സമയവും കുറിച്ചു. പണ്ഡിതന്‍ സമയത്തിന് എത്തിയെങ്കിലും ഹോജയുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ദേഷ്യം വന്ന അദ്ദേഹം വാതിലില്‍ പമ്പരവിഢ്ഢി എന്നെഴുതിവെച്ച ശേഷം സ്ഥലംവിട്ടു.  വീട്ടില്‍ തിരിച്ചെത്തി വാതിലിലെ എഴുത്തുകണ്ടപ്പോഴാണ് സംവാദത്തിന്റെ കാര്യം ഓര്‍മ്മവന്നത്.   ഉടനെ അദ്ദേഹം പണ്ഡിതന്റെ വീട്ടിലെത്തി തന്റെ അസാന്നിധ്യത്തിന് ക്ഷമ ചോദിച്ചു.  എന്നിട്ട് പറഞ്ഞു:  താങ്കളുടെ പേര് വാതിലില്‍ എഴുതിവെച്ചതു നന്നായി ഇല്ലെങ്കില്‍ താങ്കള്‍ വന്നിരുന്നു എന്ന് മനസ്സിലാകില്ലായിരുന്നു.  ഹോജ തിരികെ നടന്നു.. പാണ്ഡിത്യമല്ല പെരുമാറ്റമാണ് പ്രധാനം.  അറിവുളളവരെല്ലാം ആത്മപ്രകാശമുളളവരാകണമെന്നില്ല.   തങ്ങളുടെ ബിരുദങ്ങളുടേയും നേട്ടങ്ങളുടേയും മുകളില്‍ സ്വന്തം ഈഗോയുടെ കൂടാരം പണിയുന്നവരാണ് പലരും.  ഒരറിവും അധികമല്ല.  അറിവുനേടുന്നവരെല്ലാം ആദരമര്‍ഹിക്കുന്നുണ്ട്.  പക്ഷേ, എത്ര ഉയരത്തിലെത്തിയാലും വേരുകള്‍ മണ്ണില്‍ തന്നെയുണ്ടാകണം. അവിടെ നിന്നാണ് വെള്ളവും വളവും വലിച്ചെടുക്കുന്നത്. പടര്‍ന്ന് പന്തലിക്കുന്നതും. ആളുകളോട് ഇടപഴകാനുളള അറിവാണ് അടിസ്ഥാന അറിവ്.  ആ അറിവിനെ നമുക്ക് അലങ്കാരമാക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right