Trending

പ്രഭാത വാർത്തകൾ

2025  ഒക്ടോബർ 22  ബുധൻ 
1201  തുലാം 5  ചോതി 
1447  റ : ആഖിർ 29
    
◾  ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് സൂചന. ദേവസ്വം ബോര്‍ഡിന്റെ മിനുട്സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കട്ടിളയിലും ദ്വാരപാലക ശില്‍പത്തിലും മാത്രമായി അന്വേഷണം ഒതുങ്ങരുതെന്നും എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണസംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. സംഘടിത കൊള്ളതന്നെയാണ് ശബരിമലയില്‍ നടന്നതെന്നാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്.

◾  ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തട്ടിയെടുത്തിട്ടും തിരികെയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചില്ലെന്ന് വിലയിരുത്തി ഹൈക്കോടതി. കട്ടിളയില്‍ നിന്ന് 409 ഗ്രാം സ്വര്‍ണം ഉരുക്കിയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്നും കോടതിയുടെ നിരീക്ഷണത്തില്‍ പറയുന്നു. കൊണ്ടുപോയ ദ്വാരപാലക ശില്‍പം തന്നെയാണോ തിരികെ കൊണ്ടുവന്നതെന്ന കാര്യത്തിലും കോടതിക്ക് സംശയമുണ്ട്. കേസിലെ ക്രമിനല്‍ ഗൂഢാലോചന അന്വേഷിക്കാനും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

◾  ശബരിമല ദര്‍ശനം ഉള്‍പ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ഇന്ന് രാവിലെ 9.20 ഓടുകൂടി തിരുവനന്തപുരത്തുനിന്ന് ശബരിമലയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കുമെന്നാണ് വിവരം.

◾  നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ആശങ്കയറിയിച്ച് ബിജെപി സംഘം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ് ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടത്. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.

◾  പുനസംഘടനയെ ചൊല്ലിയുള്ള അതൃപ്തിക്കിടെ നാളെ ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗമാണ് മാറ്റിയത്. കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കാത്തതില്‍ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത എട്ടു ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും അദ്ദേഹം പുനസംഘടനാ ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിരുന്നു.

◾  കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ റൂറല്‍ എസ് പി ബൈജു, താമരശ്ശേരി എസ് എച്ച് ഒ എന്നിവരടക്കം 16 ഓളം  പൊലീസുകാര്‍ക്കും 27 നാട്ടുകാര്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസിന്റേയും യൂത്ത് ലീഗിന്റേയും നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

◾  താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂര്‍, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓര്‍ങ്ങാട്ടൂര്‍, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.

◾  താമരശ്ശേരി ഫ്രഷ് കട്ടിന് മുന്നില്‍ നടന്നത് ആസൂത്രിത അക്രമം എന്ന് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി നടത്തിയ ആസൂതരിത അക്രമമാണ് ഫ്രഷ് കട്ടിന് മുന്നില്‍ നടന്നതെന്നും അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി ഐ ജി വ്യക്തമാക്കി. ഫ്രഷ് കട്ടിലെ ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടതെന്നും തീ അണക്കാന്‍ പോയ ഫയര്‍ഫോഴ്സ് എന്‍ജിനുകളെ പോലും തടഞ്ഞുവച്ചുവെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായതെന്നും കര്‍ശനമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. 

◾  ആയിരക്കണക്കിന് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായ എല്ലാ നിയമവും കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രത്തിന് എതിരായ പ്രതിഷേധം അടിച്ചമര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമാധാനത്തോടെ അമ്പായത്തോട്ടെ ഫ്രഷ് കട്ടിന് മുമ്പില്‍ സമരം ചെയ്തവരെ ക്രൂരമായി നേരിട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും കൊടുവള്ളി എം.എല്‍.എ ഡോ.എം.കെ മുനീര്‍. കിലോമീറ്ററുകള്‍ ചുറ്റളവില്‍ ദുര്‍ഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കാനാണ് അധികൃതരും പൊലീസും ശ്രമിച്ചതെന്നും ആയിരക്കണക്കിന് ജനങ്ങളെ ബന്ധികളാക്കി കുത്തക മാലിന്യ കേന്ദ്രത്തെ സംരക്ഷിക്കാമെന്നത് വ്യാമോഹമാണെന്നും ഫ്രഷ് കട്ട് അടച്ചുപൂട്ടുക മാത്രമാണ് സമാധാനത്തിനുള്ള പോംവഴിയെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

◾  സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തിലെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ടും 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി. അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമുള്‍പ്പെടെയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

◾  കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ഏഴു മുതല്‍ മറ്റന്നാള്‍ രാവിലെ 6 വരെയാണ് നിരോധനം. ജില്ലയില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികള്‍, റോഡ് നിര്‍മ്മാണം എന്നിവയും നിര്‍ത്തിവെച്ചു. സാഹസിക വിനോദങ്ങള്‍ക്കും ജല വിനോദങ്ങള്‍ക്കും നിരോധനമുണ്ട്.

◾  സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കായിക മേള ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐഎം വിജയനും മന്ത്രി വി ശിവന്‍ കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. കായിക മേളയില്‍ തീം സോങും അവതരിപ്പിച്ചു. ഇതാദ്യമായാണ് സ്‌കൂള്‍ കായിക മേളയില്‍ തീം സോങ് അവതരിപ്പിക്കുന്നത്. കായിക മേളയില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാടിന് രണ്ടാം സ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു.

◾  സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരങ്ങള്‍ ഇന്‍ക്ലൂസീവ് ക്രിക്കറ്റ് വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റി. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിയത്. പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലേക്കും മാറ്റിയിട്ടുണ്ട്.

◾  പിഎം-ശ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ അവഗണിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം ദേശീയ തലത്തിലോ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലോ ഉണ്ടാകില്ലെന്ന് ബേബി പറഞ്ഞു. പിഎം-ശ്രീ സ്‌കൂള്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനെ സിപിഐ എതിര്‍ത്തുവരുന്ന സാഹചര്യത്തിലാണ് ബേബിയുടെ പ്രതികരണം.

◾  സമുദായത്തോട് രാഷ്ട്രിയ പാര്‍ട്ടികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ച് കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അവഗണനകള്‍ക്ക് മറുപടി നല്‍കാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തു വരുന്നത്. മറ്റുള്ളവര്‍ക്ക് ആവശ്യത്തിലേറെ കൊടുത്തിട്ട് സഭയെ പരിഗണിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാനുയാനുള്ള ബുദ്ധി കത്തോലിക്കര്‍ക്ക് ഉണ്ടെന്നും എന്നാല്‍ ഏതേലും രാഷ്ട്രീയ കക്ഷിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് സഭ, വിശ്വാസികളില്‍ സമ്മര്‍ദം ചെലുത്താറില്ലെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു.

◾  പട്ടികവര്‍ഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ ബാരക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന അമ്മയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ 18 ന് രാവിലെ എസ്.എ.പി. ക്യാമ്പില്‍ മരിച്ച വിതുര സ്വദേശി ആനന്ദിന്റെ അമ്മ ചന്ദ്രിക സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

◾  കൊല്ലത്ത് നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ പി ആര്‍ ലഗേഷ് ആണ് മരിച്ചത്. 62 വയസ്സായിരുന്നു. കൊല്ലം അഞ്ചാലുമൂട്ടില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് ലഗേഷ് വേദിയില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

◾  പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സി.വി.ധനരാജ് വധക്കേസിലെ പ്രതികളുടെ ചിത്രം കോടതി നടപടികള്‍ക്കിടയില്‍ പകര്‍ത്തിയതിന് പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും  സി പി എം വനിതാ നേതാവുമായ കെ.പി.ജ്യോതിക്കെതിരെ നടപടി. കോടതി വരാന്തയില്‍ നിന്ന് ജനല്‍ ചില്ലുകള്‍ക്കിടയിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രതികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഉടനെ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയക്കാര്‍ക്ക് ധാര്‍ഷ്ഠ്യമുണ്ടെന്നും അത് ഇവിടെ കാണിക്കരുതെന്നും തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്ത് പറഞ്ഞു.

◾  കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സംഭവത്തില്‍ സി പി എം വനിതാ നേതാവ് ജ്യോതി മാപ്പപേക്ഷ എഴുതി നല്‍കും. വിഷയത്തില്‍ സിപിഎം വനിതാ നേതാവ് ജ്യോതിയെ കോടതി താക്കീത് ചെയ്തു. താക്കീത് നല്‍കിയതിനൊപ്പം അഞ്ച് മണി വരെ കോടതിയില്‍ നില്‍ക്കാനും 1000 രൂപയും പിഴയും അടക്കാനും കോടതി ഉത്തരവിട്ടു.

◾  പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയതിന് സിപിഎം പുറത്താക്കിയ എളവളളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് പ്രസിഡണ്ട് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ജിയോ ഫോക്‌സ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ജിയോ ഫോക്‌സിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചത്.

◾  കൊല്ലത്ത് അമിതമായി അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. സംഭവത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പില്‍ നിന്ന് നല്‍കിയ അയണ്‍ ഗുളികകള്‍ കുട്ടികള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

◾  തിരുവനന്തപുരത്തെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ തമ്മിലടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. ഹോട്ടലിനുള്ളിലും നടുറോഡിലും കൂട്ടയടി ഉണ്ടായിട്ടും ആരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ റോഡില്‍ തമ്മിലടിച്ചതിന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

◾  നവി മുബൈ വാഷിയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നുപേര്‍ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശികള്‍. മൂന്ന് മലയാളികളടക്കം നാലുപേരാണ് തീപിടിത്തത്തില്‍ മരിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

◾  ഇടുക്കി ഗവണ്‍മെന്റ് കോളേജിലെ അസൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തിയതായി ആരോപണം. 'ഞങ്ങടെ സര്‍ക്കാരിന് ഇടുക്കിയില്‍ നഴ്സിങ് കോളേജ് കൊണ്ടുവരാന്‍ അറിയാമെങ്കില്‍, ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ കുട്ടികള്‍ തയ്യാറായില്ലെങ്കില്‍, കോളജ് ഇവിടെ നിന്ന് മാറ്റാനും അറിയാം' എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

◾  തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അന്‍വര്‍. നിലമ്പൂര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് ഇന്നലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

◾  സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ തല്‍ക്കാലം പ്രതിസന്ധിയിലാകില്ല. ഉപകരണങ്ങളുടെ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാരിന് പത്ത് ദിവസം കൂടി വിതരണക്കാര്‍ സമയം നല്‍കിയിട്ടുണ്ട്. ഇതോടെ താല്‍ക്കാലിക ആശ്വാസം ആയിരിക്കുകയാണ്. ഉപകരണങ്ങള്‍ തിരിച്ചെടുക്കരുത് എന്ന ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനക്ക് പിന്നാലെയാണ് വിതരണക്കാരുടെ തീരുമാനം.

◾  മലക്കപ്പാറയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സിന് നേരെ അതിരപ്പള്ളിയില്‍ കാട്ടുകൊമ്പന്‍ കബാലിയുടെ പരാക്രമം. ഇന്നലെ രാത്രിയാണ് കബാലി പരാക്രമം കാണിച്ചത്. കബാലിയുടെ ആക്രമണത്തില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കബാലിയെ റോഡില്‍നിന്ന് നീക്കിയത്.

◾  കേരളത്തിലെ നാട്ടാനകള്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കതുക. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂര്‍ ദേശം പൂരാഘോഷകമ്മിറ്റി പകല്‍ പൂര എഴുന്നെള്ളപ്പിന് മാത്രം ആനയെ ഏക്കത്തിനെടുത്തത് 13.50 ലക്ഷം രൂപക്കാണ്. കഴിഞ്ഞ വര്‍ഷം ചാലിശ്ശേരി പൂരത്തിന് 13,33,333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ കൊങ്ങണൂര്‍ ദേശം മറികടന്നിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് അക്കികാവ് പൂരം.

◾  തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കടലൂര്‍, ചെങ്കല്‍പ്പെട്ട്, വിഴുപ്പുറം, കള്ളക്കുറിച്ചി, മയിലാടുതുറൈ, തിരുവാരൂര്‍ തുടങ്ങിയ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

◾  കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഒമ്പതു വയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതില്‍ നടപടി. വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. വീരേഷ് ഹിരാമത്ത് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രധാന അധ്യാപകന്‍ മര്‍ദിച്ചതിന് പിന്നാലെ ഒമ്പത് വയസ്സുകാരന്‍ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

◾  ദീപാവലി ബോണസ് നിഷേധിച്ചതിനെത്തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ കനത്ത നഷ്ടം. തൊഴിലാളികള്‍ സമരം ചെയ്യുകയും ഗേറ്റുകള്‍ തുറന്നിടുകയും ചെയ്തതോടെ, ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോള്‍ പ്ലാസയിലൂടെ ആയിരക്കണക്കിന് വാഹനങ്ങള്‍ സൗജന്യമായി കടന്നുപോയി. കേന്ദ്ര സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഞായറാഴ്ച രാത്രി ജീവനക്കാര്‍ ടോള്‍ ബൂത്തിന്റെ ബൂം ബാരിയറുകള്‍ തുറന്നുകൊടുത്ത് ധര്‍ണ്ണ ആരംഭിക്കുകയായിരുന്നു.

◾  ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സീറ്റ് വിഭജനത്തില്‍ തീരുമാനമാകാതെ മഹാഗഡ്ബന്ധന്‍. സഖ്യകാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഓരോ പാര്‍ട്ടികളും വെവ്വേറെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിനാല്‍ 12 മണ്ഡലങ്ങളില്‍ സഖ്യത്തിലെ പാര്‍ട്ടികള്‍ നേരിട്ട് മത്സരിക്കേണ്ട അവസ്ഥയിലായി. ആറ് സീറ്റുകളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുമ്പോള്‍, സിപിഐയും കോണ്‍ഗ്രസും നാല് മണ്ഡലങ്ങളില്‍ പരസ്പരം ഏറ്റുമുട്ടും.

◾  കൊല്‍ക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രധാന പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ പതിനൊന്ന് വയസുകാരി സുരഞ്ജന സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോര്‍ഡിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം ഇന്നലെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ രണ്ടാനമ്മയേയും അച്ഛനേയും ആക്രമിച്ചു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേര്‍ന്ന് കുട്ടിയെ കയ്യേറ്റം ചെയ്തിരുന്നതായാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്.

◾  അഫ്ഗാനിസ്താനിലെ താലിബാന്‍ ഭണകൂടവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി നിലവിലെ കാബൂളിലെ ഇന്ത്യയുടെ ടെക്‌നിക്കല്‍ മിഷനെ എംബസിയായി.ഉയര്‍ത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് ചര്‍ച്ചയായിരുന്നു.

◾  എച്ച് 1 ബി വിസ ഫീസ് പരിഷ്‌കരണ നടപടിയില്‍ കൈപൊള്ളിയ ട്രംപ് ഭരണകൂടത്തിന് മനംമാറ്റം. എച്ച് 1 ബി വിസയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഭീമമായ ഫീസ് വര്‍ധനയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി ട്രംപ് ഭരണകൂടം തന്നെ അറിയിച്ചു. കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ്, അതുവരെ എച്ച് 1 ബി വിസ സ്വന്തമാക്കിയവര്‍ക്ക് ബാധകമാകില്ലെന്നാണ് പുതിയ അറിയിപ്പ്.

◾  ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. ജപ്പാന്റെ ഇരുമ്പ് വനിതയെന്ന് അറിയപ്പെടുന്ന 64കാരി ഇന്നലെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ആവശ്യമായ നിര്‍ണായക വോട്ടെടുപ്പ് വിജയിച്ചത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായാണ് സനേ തകായിച്ചി സ്വയം വിശേഷിപ്പിക്കുന്നത്. ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ശ്രമത്തിലാണ് സനേ തകായിച്ചി എത്തുന്നത്. അഞ്ച് വര്‍ഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി.

◾  റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാന്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള പരിഹാരത്തിന് യു.എസ് സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിച്ച് യുക്രൈന്‍. കിഴക്കന്‍ യുക്രെയ്നിലെ തന്ത്രപ്രധാനമായ ഡോണ്‍ബാസ് മേഖല റഷ്യക്ക് വിട്ടുകൊടുക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് യുക്രൈന്‍ ഉദ്യോഗസ്ഥരുടെ ആരോപണം.

◾  ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ടാറ്റ ട്രസ്റ്റ്‌സില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമെറിറ്റസ് വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍നിയമിച്ച് ടാറ്റ ട്രസ്റ്റ്‌സ്. ട്രസ്റ്റ്‌സിലെ ആഭ്യന്തര ഭിന്നതകള്‍ക്കിടെ, മെഹ്ലി മിസ്ത്രിക്കും പുനര്‍നിയമനം നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്ടോബര്‍ 23 ന് കാലാവധി അവസാനിക്കാനിരിക്കേയാണ് വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍നിയമിച്ചത്. ടാറ്റ ട്രസ്റ്റ്‌സില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രത്തന്‍ ടാറ്റയുടെ മരണത്തെത്തുടര്‍ന്ന് ചെയര്‍മാനായി ചുമതലയേറ്റ നോയല്‍ ടാറ്റയുമായി ഒരു വിഭാഗം യോജിക്കുമ്പോള്‍ മറുവിഭാഗം മുന്‍ മേധാവിയുടെ വിശ്വസ്തരായി തുടരുന്നതാണ് ഭിന്നതകള്‍ക്ക് കാരണം. ഒക്ടോബര്‍ 28നാണ് മെഹ്ലി മിസ്ത്രിയുടെ കാലാവധി അവസാനിക്കുന്നത്. 156 വര്‍ഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ ടാറ്റ ട്രസ്റ്റ്‌സിന് 66 ശതമാനം ഓഹരികളുണ്ട്. ടാറ്റ ട്രസ്റ്റ്‌സിന് കീഴില്‍ 30 ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 400 കമ്പനികള്‍ ഉള്‍പ്പെടുന്നു.

◾  പ്രദീപ് രംഗനാഥന്‍ - മമിത ബൈജു കൂട്ടുകെട്ടില്‍ ദീപാവലി റിലീസായി എത്തിയ 'ഡ്യൂഡ്' ആഗോള കളക്ഷന്‍ 100 കോടിയിലേക്ക് കുതിക്കുന്നു. 17ന് തിയേറ്ററുകളിലെത്തിയ ചിത്രം 4 ദിനം കൊണ്ട് 83 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ഇതോടെ 'ഡ്യൂഡ്'. ആദ്യ ദിനം വേള്‍ഡ് വൈഡ് കളക്ഷന്‍ 22 കോടിയാണ് ചിത്രം നേടിയത്.  കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോര്‍ത്തിണക്കിയൊരു ചിത്രമാണ് 'ഡ്യൂഡ്'. ചിത്രത്തില്‍ അഗന്‍ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറല്‍ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ മന്ത്രി അതിയമാന്‍ അഴഗപ്പന്‍ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തില്‍ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്. കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീര്‍ത്തീശ്വരന്‍.

◾  മലയാള സിനിമയില്‍ പുത്തന്‍ ചരിത്രം സൃഷ്ടിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്രയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. 'ചിറാ പുഞ്ചി ഈ മഴയത്ത്' എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ഹനാന്‍ ഷാ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 'നീയേ പുഞ്ചിരി..' എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സുഹൈല്‍ കോയ ആണ് രചന. ഇംഗ്ലീഷ് വരികള്‍ എഴുതി ആലപിച്ചിരിക്കുന്നത് റയാന്‍ ആണ്. അരുണ്‍ ഡൊമനിക് സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു. ആദ്യദിനം മുതല്‍ പോസിറ്റീവ് റിവ്യൂ ലഭിച്ച ലോക, പിന്നീട് 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. നിലവില്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ 'ലോക' മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 5 മില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡും 'ലോക' സ്വന്തമാക്കിയിരുന്നു.

◾  അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഭീമനായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി വീണ്ടും വലിയ തോതിലുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. ഇത്തവണ എഫ്-സീരീസ് സൂപ്പര്‍ ഡ്യൂട്ടി ട്രക്കുകളും ഫോര്‍ഡ് മസ്റ്റാങ്ങും ഉള്‍പ്പെടെ മൊത്തം 625,000 വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. റിയര്‍വ്യൂ ക്യാമറ ഡിസ്‌പ്ലേയിലെ തകരാറും സീറ്റ് ബെല്‍റ്റുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നം ഉള്‍പ്പെടെ രണ്ട് പ്രധാന സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമാണ് തിരിച്ചുവിളിക്കല്‍. റിയര്‍വ്യൂ ക്യാമറ പ്രശ്‌നം കാരണം എഫ്250, എഫ്350, എഫ്450 മോഡലുകള്‍ ഉള്‍പ്പെടെ ഏകദേശം 291,901 ഫോര്‍ഡ് സൂപ്പര്‍ ഡ്യൂട്ടി ട്രക്കുകളെ തിരിച്ചുവിളിക്കല്‍ ബാധിക്കുന്നു. ഈ വാഹനങ്ങള്‍ 2020 നും 2022 നും ഇടയില്‍ നിര്‍മ്മിച്ചവയാണ്. ഏകദേശം 332,778 ഫോര്‍ഡ് മസ്റ്റാങ്ങുകളില്‍ സീറ്റ് ബെല്‍റ്റ് സിസ്റ്റവുമായി ബന്ധപ്പെട്ട തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2025 ഒക്ടോബര്‍ 20 മുതല്‍ എല്ലാ ബാധിത ഉപഭോക്താക്കള്‍ക്കും കമ്പനി ആദ്യ അറിയിപ്പ് കത്ത് അയയ്ക്കും. അന്തിമ അറ്റകുറ്റപ്പണി അപ്‌ഡേറ്റ് 2026 മാര്‍ച്ചോടെ പുറത്തിറങ്ങും. ഉപഭോക്താക്കള്‍ക്ക് ഫോര്‍ഡ് കസ്റ്റമര്‍ സര്‍വീസുമായി (18664367332) ബന്ധപ്പെടാം.

◾  ട്രാന്‍സ്പ്ലാന്റ് ചെയ്ത കിഡ്‌നിയുമായി മൂന്നു ദശാബ്ദത്തിലധികം ജീവിതം നയിക്കാനും നിരവധി മാരകരോഗങ്ങളെ ആത്മബലത്തോടെ നേരിടാനും അവയെ ആജ്ഞാനുവര്‍ത്തികളാക്കി വരുതിയില്‍ നിര്‍ത്താനും ഡോ. എം.പി. രവീന്ദ്രനാഥന് കഴിഞ്ഞു. രത്‌നം ശിവരാമന്‍ എന്ന സഹോദരിയില്‍നിന്നു കിഡ്‌നി സ്വീകരിച്ച്, സ്വജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. വേണ്ടത്ര ശ്രദ്ധയും മുന്‍കരുതലുമുണ്ടെങ്കില്‍ കിഡ്‌നിരോഗം എന്ന ഭീകരനെ, ഫലപ്രദമായി നേരിടാനും കീഴടക്കുവാനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും ആര്‍ക്കും കഴിയും എന്ന സന്ദേശംകൂടിയാണ് അദ്ദേഹം ലോകത്തിനു സമ്മാനിക്കുന്നത്. കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ഹാര്‍ട്ട് അറ്റാക്ക്, ചെറുതും വലുതുമായ മറ്റനവധി രോഗങ്ങള്‍ ഇവയെ അസാമാന്യധീരതയോടെ അതിജീവിച്ച്, എണ്‍പതു പിന്നിട്ട മലയാളിയായ ഒരമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റിന്റെ അസാധാരണമായ ജീവിതകഥ. 'രോഗങ്ങളുടെ രഥോത്സവം'. ഡോ. എം.പി. രവീന്ദ്രനാഥന്‍. മാതൃഭൂമി. വില 187 രൂപ.

◾  എസി മുറിയില്‍ കിടന്നുറങ്ങുവരാണോ? എങ്കില്‍ മുറിയില്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതുന്നത് നല്ലതാണെന്ന് വിദഗ്ധര്‍. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ പിന്നീട് അലട്ടാതിരിക്കാന്‍ ഇത് പ്രധാനമാണ്. മുറിയിലെ താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടി നീക്കിയാണ് എസി പ്രവര്‍ത്തിക്കുന്നത്. അതായത്, തണുത്ത വരണ്ട വായു. ഇത് ചര്‍മപ്രശ്നങ്ങള്‍ മുതല്‍ ശ്വാസകോശ ആരോഗ്യത്തെ വരെ ബാധിക്കാം. ദീര്‍ഘനേരം എസിക്കുള്ളില്‍ ഇരിക്കുന്നത് ചര്‍മവും ചുണ്ടുകളും വരണ്ടതാകാനും കണ്ണുകള്‍ക്ക് ചൊറിച്ചില്‍, മൂക്കിന് അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. സൈനസ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗാവസ്ഥ വഷളാക്കാനും ഇത് ഇടയാക്കും. എന്നാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഇതിനെല്ലാം ഉള്ള പരിഹാരമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വെള്ളം പ്രകൃതിദത്ത ഹ്യുമിഡിഫയറാണ്. വെള്ളം തുറന്നു വെയ്ക്കുമ്പോള്‍ അത് അന്തരീക്ഷത്തിലേക്ക് ക്രമേണ ബാഷ്പീകരിച്ചു പോവുകയും വായുവിനെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു. മാത്രമല്ല വായു സഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും മെച്ചപ്പെട്ട ഉറക്കം കിട്ടാനും സഹായിക്കും. എസി മുറിയുടെ ഒരു കോണില്‍ തുറന്ന ബക്കറ്റില്‍ വെള്ളം വെയ്ക്കുന്നതാണ് ഉത്തമം. അതിലേക്ക് അല്‍പം എസെന്‍ഷ്യല്‍ ഓയില്‍ അല്ലെങ്കില്‍ നാരങ്ങയുടെ തൊലി ചേര്‍ക്കുക. ഇത് മുറിക്ക് ഒരു ഫ്രഷായ മണം നല്‍കുന്നു. വെള്ളം ദിവസവും മാറാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കൊതുകു പെരുകാനോ വെള്ളം കെട്ടിനിന്ന് ദുര്‍ഗന്ധം ഉണ്ടാക്കാനോ കാരണമാകും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകൊണ്ടിരുന്നപ്പോള്‍  9 ന്റെ ഒരു ഗുണനപ്പട്ടിക ബോര്‍ഡില്‍ എഴുതി. അവസാന വരി എഴുതിയപ്പോള്‍ അദ്ദേഹം 9 x 10 = 91 എന്നാണ് എഴുതിയത്. അവസാനത്തെ വരി വായിച്ച വിദ്യാര്‍ത്ഥികള്‍ പരിഹാസത്തോടെ അദ്ദേഹത്തെ നോക്കി ചിരിച്ച് ബഹളം വച്ചു. പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്കുവരെ 9 × 10 ന്റെ ഉത്തരം 90 ആണെന്ന് അറിയാമെന്നിരിക്കെ പ്രതിഭാശാലിയായ ഐന്‍സ്റ്റീന്‍  ഈ നിസ്സാരമായ ഗുണനക്രിയ തെറ്റിച്ചിരിക്കുന്നു. ബഹളം അടങ്ങാന്‍ ഐന്‍സ്റ്റീന്‍ ക്ഷമയോടെ കാത്തുനിന്നു. എന്നിട്ട് അവരോട് പറഞ്ഞു:  'തന്നിട്ടുള്ള പത്ത് ചോദ്യങ്ങളില്‍ ഒമ്പതെണ്ണത്തിന്റെയും, അതായത് ഭൂരിഭാഗത്തിന്റെയും ഉത്തരം ഞാനെഴുതിയത് ശരിയായിരുന്നുവെങ്കിലും  ആരും  അതിനെന്നെ അനുമോദിച്ചില്ല. എന്നാല്‍  ഒരു ചെറിയ തെറ്റ് വരുത്തിയപ്പോള്‍ നിങ്ങളെല്ലാവരും ആര്‍ത്തു ചിരിച്ചു...'   'ഇതിനൊരു വലിയ അര്‍ത്ഥമുണ്ട്: ഒരാള്‍ തൊടുന്നതെല്ലാം പൊന്നാക്കിയാലും എപ്പോഴെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാല്‍ ജനങ്ങള്‍ അത് മാത്രമേ മനസ്സില്‍ പതിപ്പിച്ചു വയ്ക്കൂ... എന്നിട്ട് മറ്റു നേട്ടങ്ങളെയെല്ലാം മറന്ന് ഈ ചെറിയ തെറ്റിനെ നോക്കി പരിഹസിച്ചു ചിരിച്ചുകൊണ്ടേയിരിക്കും. തെറ്റുകള്‍ മാത്രം ഓര്‍ത്തു വയ്ക്കുന്നവരാണ് ജനങ്ങള്‍. അതുകൊണ്ട് ഇത്തരം വിമര്‍ശനങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസം  തകര്‍ക്കാന്‍ അനുവദിക്കരുത്.  സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പരിശ്രമങ്ങളില്‍ നിന്ന്  ഇവ നിങ്ങളെ പിന്തിരിപ്പിക്കരുത് -ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right