2025 | ഒക്ടോബർ 22 | ബുധൻ
1201 | തുലാം 5 | ചോതി
◾ ശബരിമലയില്‍ അയ്യനെ തൊഴുത് രാഷ്ട്രപതി ദ്രൗപതി മുര്‍മു . ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടുനിറച്ചതിനു പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. സന്നിധാനത്തെത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
◾ ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് പോയി. രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.
◾ ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കി. സുരക്ഷിതമായിത്തന്നെ ആയിരുന്നു ഇറങ്ങിയത്. എന്നാല്‍ ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ താഴ്ന്നു പോയത്. നിലക്കലില്‍ ഇറങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റര്‍ വന്നിറങ്ങാനുള്ള ഹെലിപാഡ് നിര്‍മാണം പൂര്‍ത്തിയായത്. അതുകൊണ്ട് കോണ്‍ക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. കോണ്‍ക്രീറ്റ് ഇട്ട് 12 മണിക്കൂര്‍ തികയും മുമ്പ് ഹെലികോപ്റ്റര്‍ ഇറക്കിയതിനാലാണ് ടയറുകള്‍ താഴ്ന്നു പോയത്. അതേസമയം രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്നും നിശ്ചയിച്ചതില്‍നിന്ന് അഞ്ചടി മാറിയാണ് ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്തതെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
◾ ശബരിമല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചുവെന്നും രേഖകളില്‍ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. രേഖകള്‍ കൈമാറുന്നതില്‍ ബോര്‍ഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കുന്നു. കവര്‍ച്ച മറയ്ക്കാന്‍ ഇപ്പോഴത്തെ ബോര്‍ഡും ശ്രമിച്ചെന്ന നിഗമനത്തിലേക്കാണ് കോടതി എത്തിയിരിക്കുന്നത്.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഉദ്യോഗസ്ഥര്‍ ഒന്നും അറിയിച്ചിട്ടില്ലെന്നും 2025 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്റ് നിര്‍ദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണെന്നും ഇത് തിരുത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് പ്രതികരിച്ചു.
◾ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണ കുടിശ്ശിക തീര്‍ത്ത് തന്നില്ലെങ്കില്‍ സ്റ്റോക്ക് തിരിച്ചെടുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിതരണക്കാര്‍ വ്യക്തമാക്കി. നിയമവഴികള്‍ അടക്കം പരിശോധിക്കാന്‍ വിതരണക്കാരുടെ യോഗം തീരുമാനിച്ചു. 159 കോടി രൂപയാണ് ഹൃദയ ശസ്ത്രക്രിയ വിതരണക്കാര്‍ക്ക് മാത്രം ആരോഗ്യവകുപ്പ് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്നത്. ആവര്‍ത്തിച്ച് മുന്നറിപ്പുകള്‍ നല്‍കിയിട്ടും സമയപരിധി നീട്ടി നല്‍കിയിട്ടും ഇതില്‍ 30 കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കാന്‍ തയാറായത്.
◾ കേരളത്തില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാല്‍ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്നും ഫണ്ടും നയവും തമ്മില്‍ ബന്ധമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് ബിനോയ് വിശ്വം നിര്‍ദേശം നല്‍കിയതായാണ് വിവരം.
◾ സി പി ഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരാണ് സി പി ഐയെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചോദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സതീശന്‍, നാണം കെട്ട് എന്തിനാണ് ഇങ്ങനെ എല്‍ ഡി എഫില്‍ നില്‍ക്കുന്നതെന്നും ചോദിച്ചു. എന്‍ ഡി എയില്‍ നിന്നും എല്‍ ഡി എഫില്‍ നിന്നും നിരവധിപാര്‍ട്ടികള്‍ യു ഡി എഫിലേക്ക് വരാനായി കാത്തു നില്‍ക്കുന്നുണ്ടെന്നും എന്നാല്‍ നിലവില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
◾ പിഎം ശ്രീയില്‍ ചേര്‍ന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാറിന് സ്വീകരിക്കാനാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്തെന്നാല്‍ എന്‍ഇപി അംഗീകരിക്കണമെന്നാണ് പിഎം ശ്രീ പദ്ധതിയുടെ മാര്‍ഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ . എന്‍ഇപി സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന വ്യവസ്ഥ പിഎം ശ്രീയുടെ ധാരണാപത്രത്തിലുമുണ്ട്. ഫണ്ട് വേണം, പക്ഷേ നയം നടപ്പാക്കില്ലെന്നതാണ് വിദ്യാഭ്യാസമന്ത്രിയും സിപിഎം നേതാക്കളും ആവര്‍ത്തിക്കുന്നത്.
◾ പി എം ശ്രീ പദ്ധതിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേന്ദ്ര ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ബി ജെ പിയുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ വീട്ടില്‍ നിന്നല്ല കേന്ദ്ര ഫണ്ട് നല്‍കുന്നതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പാണ് പി എം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഒമാനിലെ പ്രവാസി സംഗമം 24ന് മസ്‌കറ്റില്‍. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഒമാനിലെ പരിപാടികളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങും മലയാളം മിഷനും ലോക കേരള സഭയുമാണ് സംഘാടകര്‍. മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ വില്‍സണ്‍ ജോര്‍ജ്, വ്യവസായികളായ എം എ യൂസഫലി, ഗര്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവരും ഒമാനിലെ പരിപാടികളില്‍ പങ്കെടുക്കും.
◾ തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പേ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലേയും 25 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതെന്ന് ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം.ജേക്കബ് വ്യക്തമാക്കി. മാങ്ങയാണ് തെരഞ്ഞെടുപ്പ് ചിഹ്നം.
◾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞുനിര്‍ത്തി നിവേദനം നല്‍കാന്‍ ശ്രമിച്ചയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റി. കേന്ദ്ര മന്ത്രിയുടെ വാഹനം പെട്ടെന്ന് തടഞ്ഞതോടെ പ്രവര്‍ത്തകരിലൊരാള്‍ നിവേദനം നല്‍കാനെത്തിയ ആളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി എത്തിയത്. കയ്യില്‍ നിവേദനം ഉണ്ടായിരുന്നെങ്കിലും ഒന്നും എഴുതിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി.
◾ വയനാട്ടില്‍ ആദിവാസി വിഭാഗക്കാരായ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 127 പെണ്‍കുട്ടികള്‍ ജൂലൈ മുതല്‍ താമസിക്കുന്നത് സ്‌കൂളിലെ മൂന്ന് ക്ലാസുമുറികളില്‍. എല്ലാവര്‍ക്കും കൂടി ഉപയോഗിക്കാന്‍ ആകെ ഒറ്റ ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്. മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിലാണ് മനുഷ്യത്വമില്ലാത്ത ഈ നടപടി. എന്നാല്‍ ഹോസ്റ്റല്‍ അപകടാവസ്ഥയിലായത് കൊണ്ടാണ് കുട്ടികളെ ക്ലാസ് മുറികളിലേക്ക് മാറ്റേണ്ടിവന്നതെന്നും സ്‌കൂള്‍ ആറളത്തേക്ക് മാറ്റാനുള്ള നടപടിയിലാണെന്നും സൂപ്രണ്ട് പറഞ്ഞു.
◾ പാലക്കാട് പെരിങ്ങോട്ടുകുര്‍ശ്ശിയില്‍ സിപിഎം നേതാക്കള്‍ കടയില്‍ അതിക്രമിച്ചു കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്ത് ചന്ദ്രനാണ് മര്‍ദ്ദനമേറ്റത്. സിപിഎം ലോക്കല്‍ സെക്രട്ടറി സതീഷ്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മര്‍ദ്ദനം നടത്തിയതെന്നാണ് ആരോപണം. സതീഷ്, സജിത ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കോട്ടായി പൊലീസ് കേസെടുത്തിട്ടുണ്ട്.
◾ താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ് എടുത്തു. പ്രതികളെ പിടികൂടാന്‍ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
◾ കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മുഖം മറച്ചാണ് ആക്രമികള്‍ സ്ഥലത്തെത്തിയത്. ഭീതിപെടുത്തുന്ന ആക്രമണമാണ് നടന്നതെന്ന് താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികള്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ എത്തിയ ആംബുലന്‍സ് കടത്തിവിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
◾ കഴിഞ്ഞ ദിവസം സമാപിച്ച വയനാട് ജില്ല സ്‌കൂള്‍ കായികമേളയിലെ പോള്‍വോള്‍ട്ടില്‍ പോളിന് പകരം മുള ഉപയോഗിച്ച് വലിയ ഉയരം ചാടി ഒന്നാമതെത്തിയ പത്താംക്ലാസുകാരന്‍ അഭിനവിന് ഇനി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വന്തം പോളുമായി മത്സരിക്കാം. മന്ത്രി ഒആര്‍ കേളുവിന്റെ വകയായി താരത്തിന് പുതിയ പോള്‍ സമ്മാനിച്ചാണ് തലസ്ഥാനത്തേക്ക് യാത്രയാക്കിയത്.
◾ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയില്‍ തെളിവെടുപ്പ്. അഞ്ചംഗ കമ്മീഷന്‍ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഉള്‍പ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുക്കുന്നുണ്ട്. ഓഗസ്റ്റ് 21 നായിരുന്നു മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എക്സിക്യൂട്ടീവില്‍ അന്ന് തീരുമാനമായിരുന്നു.
◾ മലപ്പുറം കോട്ടക്കലില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബിനാണ് നായയുടെ കടിയേറ്റേത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതര്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
◾ പാലക്കാട് കാഞ്ഞിരപ്പുഴയില്‍ വാക്കോടന്‍ അംബികയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളര്‍ത്തുനായയെ പുലി റാഞ്ചിക്കൊണ്ടുപോയി. വീടിന് തൊട്ടടുത്ത് നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെയാണ് വീട്ടുകാര്‍ അറിഞ്ഞത്. വളര്‍ത്തുനായയെ എല്ലായിടത്തും അന്വേഷിച്ചിട്ടും കാണാതെ വന്നപ്പോഴാണ് വീട്ടുകാര്‍ സിസിടിവി പരിശോധിച്ചത്. വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന വളര്‍ത്തുനായയെ കടിച്ചെടുത്ത് പുലി ഇരുട്ടിലേക്ക് മറയുന്നത് ദൃശ്യങ്ങളില്‍ കാണാം.
◾ ഗുരുവായൂരില്‍ വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശി മുസ്തഫയെ (47) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണിയെതുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കൊള്ളപ്പലശിക്കാര്‍ ഭൂമി ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
◾ പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിയോഗം. ദില്ലിയില്‍ വച്ചായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ എത്തിയതായിരുന്നു റിഷഭ്. സംഗീതസംവിധായകന്‍ കൂടിയായിരുന്ന റിഷഭ് ടണ്ടന്‍ ഫക്കീര്‍ എന്ന പേരിലാണ് സംഗീതലോകത്ത് അറിയപ്പെട്ടിരുന്നത്.
◾ കര്‍ണാടകയിലെ പുത്തൂരില്‍ അനധികൃത കന്നുകാലികടത്തിനിടെ മലയാളിയായ ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു. കാസര്‍കോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിന് തുടര്‍ന്നാണ് പിന്തുടര്‍ന്നെത്തിയ പുത്തൂര്‍ റൂറല്‍ പൊലീസ് സംഘം അബ്ദുള്ളയുടെ കാലില്‍ വെടിയുതിര്‍ത്തത്.
◾ മുന്‍ പഞ്ചാബ് ഡിജിപി ആയിരുന്ന മുഹമ്മദ് മുസ്തഫ, ഭാര്യയും മുന്‍ മന്ത്രിയും ആയിരുന്ന റസിയ സുല്‍ത്താന എന്നിവര്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ മകന്‍ അഖില്‍ അഖ്തര്‍ അഞ്ച് ദിവസം മുന്‍പാണ് മരിച്ചത്. മരണത്തിന് പിന്നാലെ അഖില്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്ന വീഡിയോകള്‍ പുറത്ത് വന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ ഭാര്യയുമായി പിതാവിന് അവിഹിത ബന്ധമുണ്ടെന്നും തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടെന്നുമടക്കം ഞെട്ടിക്കുന്ന ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. എന്നാല്‍, തനിക്കും കുടുംബത്തിനുമെതിരേയുള്ള ആരോപണങ്ങള്‍ മുസ്തഫ നിഷേധിച്ചു. മകന്‍ കഴിഞ്ഞ 18 വര്‍ഷമായി മയക്കുമരുന്നിന് അടിമയാണെന്നും വരും ദിവസങ്ങളില്‍ സത്യം ജനങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
◾ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീണ്ടും ഇന്ത്യന്‍ എംബസി തുറന്നതിനെ സ്വാഗതം ചെയ്ത് താലിബാന്‍. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് താലിബാന്‍ പ്രതിരോധമന്ത്രി മുല്ല യാക്കൂബ് അഫ്ഗാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ പ്രചാരണം യാക്കൂബ് തള്ളി. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ടെക്നിക്കല്‍ മിഷനെയാണ് ഇന്ത്യ എംബസിയായി ഉയര്‍ത്തിയത്.
◾ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധി എവിടെയെന്ന പരിഹാസവുമായി ജെഡിയു. ഹൈഡ്രജന്‍ ബോംബിനെ കുറിച്ച് മിണ്ടാട്ടമില്ലെന്നും വോട്ടര്‍പട്ടിക പരിഷ്‌ക്കരണം പ്രചാരണമാക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും ബിഹാറില്‍ അക്കാര്യം ഇപ്പോള്‍ വിഷയമേയല്ലെന്നും ജെഡിയു ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ എംപി പറഞ്ഞു. അതേസമയം ബീഹാറില്‍ മഹാസഖ്യത്തിലെ തര്‍ക്കം തീര്‍ക്കാന്‍ കെ സി വേണുഗോപാല്‍ തേജസ്വി യാദവുമായി സംസാരിച്ചു.
◾ മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച് തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റക്ക് വാര്‍ത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ടും തേജസ്വി യാദവിനെ കണ്ടു.വാര്‍ത്താ സമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവര്‍ത്തിച്ചാണ് മഹസഖ്യത്തിന്റെ മുഖം താന്‍ തന്നെയെന്ന് തേജസ്വിയാദവ് അവകാശപ്പെട്ടത്.
◾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത് ഷായുടെ 61-ാം ജന്മദിനമാണ് ഇന്ന്. പൊതുസേവനത്തിലുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും കഠിനാധ്വാനവും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണെന്നും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഓരോ ഇന്ത്യക്കാരനും സുരക്ഷിതത്വവും അന്തസ്സും നിറഞ്ഞ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അദ്ദേഹം പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.
◾ ദില്ലിയില്‍ വായുമലിനീകരണ തോതില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. കഴിഞ്ഞ ദിവസത്തെ സംബന്ധിച്ച് മലിനീകരണ തോതില്‍ കുറവ് വന്നിട്ടുണ്ടെന്നും മലിനീകരണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുണ്ടെന്നും രേഖ ഗുപ്ത അറിയിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയിലെ വായുമലിനീകരണ തോത് കുത്തനെ ഉയര്‍ന്നിരുന്നു. നഗരത്തില്‍ ശരാശരി വായുഗുണനിലവാരം 350 ആണ് രേഖപ്പെടുത്തിയത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ഇന്നലെയും സംസാരിച്ചെന്നും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് മോദി ഉറപ്പുനല്‍കിയെന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ നിലപാട് യുക്രെയ്‌നിലെ സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ താന്‍ സമാധാനം സ്ഥാപിക്കാന്‍ ഇടപെട്ടെന്ന അവകാശവാദവും അദ്ദേഹം വീണ്ടും ഉന്നയിച്ചു.
◾ ഇന്ത്യ - റഷ്യ ബന്ധത്തില്‍ എതിര്‍പ്പ് തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡണ്ട് വിളിച്ചത് ദീപാവലി ആശംസകള്‍ അറിയിക്കാനാണെന്ന് പ്രധാനമന്ത്രി എക്സിലൂടെ വെളിപ്പെടുത്തി. റഷ്യയില്‍ നിന്ന് 'ഒത്തിരി എണ്ണ' ഇനി ഇന്ത്യ വാങ്ങില്ലെന്ന ഉറപ്പ് മോദി നല്‍കിയെന്ന ട്രംപിന്റെ പുതിയ അവകാശവാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
◾ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലെ കെമിക്കല്‍ പ്ലാന്റ് ആക്രമിച്ചതായി യുക്രൈന്റെ അവകാശവാദം. ബ്രിട്ടീഷ് നിര്‍മിത ദീര്‍ഘദൂര മിസൈലായ 'സ്റ്റോം ഷാഡോ' മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് യുക്രൈന്‍ അറിയിച്ചത്.
◾ ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിക്കായി സ്പേസ് എക്‌സ് വിക്ഷേപിച്ച ഉപഗ്രങ്ങളുടെ എണ്ണം പതിനായിരം പിന്നിട്ടു. 28 സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ഒക്ടോബര്‍ 19-ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നതോടെയാണ് സ്‌പേസ് എക്‌സ് പ്രധാന നാഴികക്കല്ലുകള്‍ പിന്നിട്ടത്.
◾ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 310 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,660 രൂപയിലെത്തി. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. റെക്കോഡ് വിലയിലെത്തിയ ശേഷം സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് പ്രധാന കാരണം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,470 രൂപയും 9 കാരറ്റിന് 4,820 രൂപയുമാണ് വില. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 175 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയ് ഔണ്‍സിന് 4,300 ഡോളറിന് മുകളിലുണ്ടായിരുന്ന സ്വര്‍ണം നിലവില്‍ 4,120 ഡോളറെന്ന നിരക്കിലാണ്. 2020 ഓഗസ്റ്റിന് ശേഷം ഒരു ദിവസം ഉണ്ടായ ഏറ്റവും വലിയ ഇടിവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഡോളര്‍ സൂചിക 0.4 ശതമാനം ഉയര്‍ന്നതും വില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വില കുത്തനെ ഇടിഞ്ഞെങ്കിലും പണിക്കൂലി കണക്കാക്കിയാല്‍ ആഭരണത്തിന്റെ വില ഇപ്പോഴും ഒരു ലക്ഷം രൂപക്ക് മുകളില്‍ തന്നെയാണ്.
◾ ടെക് ഭീമനായ ആപ്പിളിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി, ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളര്‍ എന്ന ചരിത്രപരമായ നാഴികക്കല്ലിനടുത്തെത്തി. പുതിയ ഐഫോണ്‍ 17 സീരീസിന്റെ മികച്ച പ്രകടനമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം. ഓഹരികള്‍ തിങ്കളാഴ്ച 4.2 ശതമാനം ഉയര്‍ന്ന് 262.9 ഡോളറിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 3.9 ട്രില്യണ്‍ ഡോളറായി. ഇതോടെ എഐചിപ്പ് ഭീമനായ എന്‍വിഡിയയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മൂല്യവത്തായ കമ്പനിയായി ആപ്പിള്‍ മാറി. ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ കണക്കനുസരിച്ച്, പുതിയ ഐഫോണ്‍ 17 സീരീസ്, യുഎസിലും ചൈനയിലും വിപണിയിലിറങ്ങിയ ആദ്യ പത്തുദിവസത്തിനുള്ളില്‍ ഐഫോണ്‍ 16 സീരീസിനേക്കാള്‍ 14 ശതമാനം അധികം വിറ്റഴിച്ചു. ഒക്ടോബര്‍ 30 ന് വിപണി സമയത്തിന് ശേഷമാണ് ആപ്പിള്‍ ത്രൈമാസ വരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഐഫോണ്‍ 17-ന്റെ തകര്‍പ്പന്‍ വിജയം ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് വീണ്ടും ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ നിരയിലേക്ക് പുതിയൊരു കൂട്ടിച്ചേര്‍ക്കലുമായി പുതിയ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയുടെ ചിത്രം പുറത്തുവിട്ടു. താരതമ്യേന ഒതുക്കമുള്ള ഈ എസ്യുവി 2025 ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 2026 മധ്യത്തില്‍ ജപ്പാനില്‍ പുതിയ മോഡല്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ടൊയോട്ടയുടെ ഐഎംവി സീരീസില്‍ നിന്ന് പരിഷ്‌കരിച്ച ഒരു പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചതാണ് ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ. യാത്ര സുഗമമാക്കുന്നതിന് 70 സീരീസിന് സമാനമായ വീല്‍ ആര്‍ട്ടിക്കുലേഷനും 5.5 മീറ്റര്‍ ടേണിങ് റേഡിയസുമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ലാന്‍ഡ് ക്രൂയിസര്‍ 250 നേക്കാള്‍ 270എംഎം കുറവാണ് പുതിയ വാഹനത്തിന്റെ വീല്‍ബേസിന്. 6എടി ഗിയര്‍ബോക്സും 4ഡബ്ളിയുഡി സിസ്റ്റവും ജോടിയാക്കിയ 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് 160ബിഎച്ച്പിയും 246എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കരുത്തുള്ളതാണ് ഈ എന്‍ജിന്‍. 4,575എംഎം നീളവും 1,855എംഎം വീതിയും 1,960എംഎം ഉയരവും വാഹനത്തിന് ഉണ്ട്. ഫൈവ് സീറ്റര്‍ ലേഔട്ടുമായാണ് വാഹനം വിപണിയില്‍ എത്തുക.
◾ അടിമുടി ആരോഗ്യഗുണങ്ങളുമായി തല ഉയര്‍ത്തി നിന്നാലും ചെമ്പരത്തിക്ക് ആരും വേണ്ടത്ര വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴിഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോഗിക്കുന്നത് തലയിലെ താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകള്‍ നീക്കാനും ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചര്‍മരോഗങ്ങള്‍ക്കും ഉരദാരോഗ്യത്തിനും ചെമ്പരത്തി ബെസ്റ്റാണ്. ആന്തോസയാനിന്‍ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നല്‍കുന്നത്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ഇവ ഫ്രീ-റാഡിക്കല്‍ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ ഡി ചര്‍മസംരക്ഷണത്തിന് ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇവ ചര്‍മത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും. കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാന്‍ സഹായിക്കുന്നു.
➖➖➖➖➖➖➖➖
Tags:
KERALA