Trending

സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ രാത്രി പൊലീസ് റെയ്ഡ്; നടപടിയിൽ വ്യാപക പ്രതിഷേധം.

കോടഞ്ചേരി:  ഫ്രഷ് കട്ട് ഫാക്ടറിയിലെ സംഘർഷത്തിനു ശേഷം രാത്രി നോർത്ത് സോൺ ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പത്തിലേറെ ജീപ്പുകളിലും ഒരു ബസിലും എത്തിയ പൊലീസ് സംഘം കരിമ്പാലക്കുന്ന് പ്രദേശങ്ങളിൽ റെയ്ഡ് നടത്തി. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ രാത്രി അസമയത്ത് നൂറുകണക്കിന് പൊലീസുകാരെ കൂട്ടി അനാവശ്യ റെയ്ഡുകൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആകില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു. ജനാധിപത്യ രീതിയിൽ തികച്ചും സമാധാനപരമായി നടത്തുന്ന സമരങ്ങളെ പ്രകോപിപ്പിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ  ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടയിലുണ്ടായ  സംഘർഷത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ പ്ലാന്റിന്റെ മലിനീകരണത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമാധാനപരമായി നടന്നുവരുന്ന സമരം സംഘർഷത്തിലേക്കെത്താനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച് സർക്കാരിനെതിരെ തിരിച്ചു വിടാനുള്ള ശ്രമമാണ് യുഡിഎഫും എസ്ഡിപിഐയും നടത്തുന്നത്.  രാഷ്ട്രീയ പ്രേരിതമായി ഇന്ന് നടത്തുന്ന ഹർത്താലിൽ എൽഡിഎഫ് പങ്കെടുക്കില്ലെന്നും നേതാക്കൾ അറിയിച്ചു.

ജനങ്ങളുടെ സ്വൈരജീവിതത്തിനു മേൽ  ദുരിതം വിതച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴിമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തെ  അടിച്ചൊതുക്കാനും ചോരയിൽ മുക്കി ഇല്ലാതാക്കാനുമാണ് പൊലീസ് ശ്രമിച്ചതെന്നു താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ജനാധിപത്യ രീതിയിൽ പോരാടുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ ക്രൂരമായി മർദിച്ചു പരുക്കേൽപിച്ച പൊലീസ് നടപടി അങ്ങേയറ്റം അപലപനീയവും  പ്രതിഷേധാർഹവുമാണ്. ഇന്നലെ സമാധാനപരമായി നടന്ന റോഡ് ഉപരോധ സമരം സംഘർഷത്തിലേക്ക് എത്തിച്ചത് കമ്പനി അധികൃതരും പൊലീസും ചേർന്നാണ്.

സമരക്കാർക്കിടയിലേക്ക് മാലിന്യമടങ്ങിയ വാഹനം കൊണ്ടു പോകുന്നതിന് പൊലീസ് സൗകര്യം ചെയ്തു കൊടുത്തതിന്റെ പിറകിൽ ഗൂഢാലോചനയുണ്ട്. കമ്പനി അധികൃതരുടെ താൽപര്യം സംരക്ഷിക്കാനാണു പൊലീസ് ശ്രമിച്ചത്. പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ല.    ജനകീയ സമരത്തെ അടിച്ചൊതുക്കാനുള്ള പൊലീസ് നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.   പ്രസിഡന്റ് പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ.കെ.കൗസർ, ജെ.ടി.അബ്ദുറഹിമാൻ, പി.ടി.മുഹമ്മദ്‌ ബാപ്പു, എൻ.പി.മുഹമ്മദലി, പി.പി.ഗഫൂർ, എം.മുഹമ്മദ്, എം.പി.സെയ്ത്, എ.പി.ഹംസ, എ.കെ.അബാസ്, മുഹമ്മദ് കുട്ടി തച്ചറക്കൽ, സുബൈർ വെഴുപ്പൂർ, ഷംസീർ എടവലം, ഷൗക്കത്ത് നോനി എന്നിവർ പ്രസംഗിച്ചു.

 ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന സമരത്തിൽ ഉണ്ടായ പൊലീസ് നടപടിയിൽ ബിജെപി കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് പ്രതിഷേധിച്ചു. ദുരന്ത ബാധിതർ നടത്തിയ സമരത്തെ അടിച്ചമർത്താൻ പൊലീസും ഭരണകൂടവും നടത്തിയ ശ്രമമാണ് എല്ലാ അനിഷ്ട സംഭവങ്ങൾക്കും കാരണം. സമരം നടക്കുന്നിടത്തേക്ക് ഫ്രഷ് കട്ടിന്റെ മാലിന്യം വഹിച്ചുകൊണ്ടുള്ള വാഹനം കടത്തി വിടാനുള്ള പൊലീസിന്റെ അകമ്പടി തികച്ചും ബാലിശമാണ്. ദുരിതബാധിതരായ ഇരകൾക്കൊപ്പം നിൽക്കേണ്ട പൊലീസും ഭരണകൂടവും അനിഷ്ട സംഭവങ്ങൾ ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ഫ്രഷ് കട്ട് വിരുദ്ധ സമര നേതാക്കളെയും ജനങ്ങളെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്ന്   യൂത്ത് കോൺഗ്രസ്‌ താമരശ്ശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. നിയമം കാറ്റിൽ പറത്തി ജനങ്ങളെ ദുരിതത്തിലാക്കിയ ഫ്രഷ് കട്ട് കമ്പനിക്ക്  ഒരു നിമിഷം പ്രവർത്തിക്കാൻ അവകാശമില്ല. പൊലീസ് അതിക്രമത്തിൽ  ഉന്നത തല അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. എം.പി.സി.ജംഷിദ് അധ്യക്ഷത വഹിച്ചു. വി.ആർ.കാവ്യാ, ഷമീർ ഓമശ്ശേരി, ജ്യോതി ജി.നായർ,രാജേഷ് കോരങ്ങാട്, അഷ്‌കർ അറക്കൽ, അഭിനന്ദ്, സൂരജ്, ഷറഫലി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right