കോഴിക്കോട് : പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസനലക്ഷ്യങ്ങള്‍ നേടുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ഫലപ്രദമായി അത് നടപ്പാക്കിയതിന് ഉദാഹരണമാണ് കോഴിക്കോട് കോര്‍പറേഷന്‍ ന്യൂ പാളയം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് മാര്‍ക്കറ്റെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ കല്ലുത്താന്‍കടവില്‍ കോര്‍പറേഷന്‍ നിര്‍മിച്ച ന്യൂ പാളയം മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ വികസനം നടപ്പാക്കുന്നത് ആരെയും കുടിയൊഴിപ്പിച്ചുകൊണ്ടല്ല, മറിച്ച് ഏവരെയും പുരനധിവസിപ്പിച്ചുകൊണ്ടാണ് എന്ന സര്‍ക്കാര്‍ നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നതുകൂടിയാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ പങ്കാളിത്തം നടപ്പാക്കുന്നത്. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സ്വാകാര്യ പങ്കാളിത്തത്തിലേക്ക് എത്തുന്നത്. ന്യു പാളയം മാര്‍ക്കറ്റിന്റെ കാര്യത്തില്‍ സ്ഥലം കോര്‍പറേഷന്‍ നല്‍കുകയും നിര്‍മാണത്തിനാവശ്യമായ തുക സ്വകാര്യ പങ്കാളിത്തത്തിലൂടെ സമാഹരിക്കുകയുമാണുണ്ടായത്. ന്യായമായ രീതിയല്‍ പണം സമ്പാദിച്ചവര്‍ പൊതുതാത്പര്യത്തിനായി ചെലവിടുന്നതും അതിലേക്കായി നിക്ഷേപിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം, സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ക്കാണ് അതിന്റെ ഗുണം അനുഭവിക്കാനാകുന്നത്.
മാര്‍ക്കറ്റിലെ തൊഴിലാളികള്‍, കടയുടമകള്‍, മാര്‍ക്കറ്റ് സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍, ചരക്കുവാഹനങ്ങള്‍, അവിടെ എത്തുന്ന ജനങ്ങള്‍ ഇവരെല്ലാം ഗുണഭോക്താക്കളാണ്. കൈയ്യിലുള്ള പണം സമൂഹത്തിന്റെ നന്മയ്ക്കും നാടിന്റെ വികസനത്തിനും സാമൂഹിക മാറ്റത്തിനുമായി വിനിയോഗിക്കുന്നത് മാതൃകയായി സ്വീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ക്കറ്റ് നിലകൊള്ളുന്ന സ്ഥലത്ത് താമസിച്ചിരുന്ന കുടുംബങ്ങള്‍ ആരും കുടിയില്ലാത്തവരായി മാറിയിട്ടില്ല. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി അവരെയെല്ലാം ഫ്‌ളാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാനായി എന്നത് തികച്ചും മാതൃകാപരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്‍ തീര്‍ത്ത മാതൃക മറ്റ് സ്ഥാപങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ പാളയം മാര്‍ക്കറ്റ് സമുച്ചയത്തിലെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 70,000 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ സംസ്ഥാനത്ത് നടത്തിയതായി മന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ 0.5 ശതമാനം തുക തദ്ദേശസ്ഥാപനങ്ങള്‍ക്കായി ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
ഹോള്‍സെയില്‍ ആന്‍ഡ് ഓപ്പണ്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോട് നഗരവികസനത്തിന്റെ ഭാഗമായി 1000 കോടിയിലധികം രൂപ ചെലവഴിച്ച് നഗരത്തില്‍ 12 പുതിയ ഡിസൈന്‍ഡ് റോഡുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. മാര്‍ക്കറ്റിലെ ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പാലം നിര്‍മിക്കാന്‍ പൊതുമരാമത്ത് എന്‍ഒസി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മാര്‍ക്കറ്റിലെ കടകളുടെ താക്കോല്‍ദാന ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജീവന്‍, അക്ബര്‍, ദീപു എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് താക്കോള്‍ ഏറ്റുവാങ്ങി. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഡോ. എസ് ജയശ്രീ, പി സി രാജന്‍, പി കെ നാസര്‍, പി ദിവാകരന്‍, കൃഷ്ണകുമാരി, സി രേഖ, ഒ പി ഷിജിന, കൗണ്‍സിലര്‍മാരായ ഒ സദാശിവന്‍, എന്‍ സി മോയിന്‍ കുട്ടി, എസ് എം തുഷാര, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍ പേഴ്‌സണ്‍ എം മെഹബൂബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി നിഖില്‍, മുന്‍ മേയര്‍മാരായ ടി പി ദാസന്‍, ഒ രാജഗോപാല്‍, എം എം പത്മവതി, കാഡ്‌കോ ചെയര്‍മാന്‍ കെ സി മുജീബ് റഹ്മാന്‍, എം ഡി അലി മാനൊടികയില്‍, വൈസ് ചെയര്‍മാന്‍ ദീപക് ഇല്ലത്തുകണ്ടി, സെക്രട്ടറി കെ യു ബിനി, അഡി. സെക്രട്ടറി എന്‍ കെ ഹരീഷ്, മറ്റ് ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കല്ലുത്താന്‍ കടവിലെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാര്‍ക്കറ്റ് നിര്‍മിച്ചത്. കോര്‍പറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്തിയത് കല്ലുത്താന്‍ കടവ് ഏരിയ ഡവലപ്‌മെന്റ് കമ്പനി (കാഡ്‌കോ) ആണ്. 2009-ല്‍ തറക്കല്ലിട്ട പദ്ധതിക്ക് കോര്‍പറേഷന്‍ 30 കോടി രൂപ ചെലവില്‍ സ്ഥലം നല്‍കി. 100 കോടി രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആറ് ബ്ലോക്കുകളായി നിര്‍മിച്ച മാര്‍ക്കറ്റില്‍ പ്രധാന ബ്ലോക്കിന്റെ മുകള്‍ ഭാഗത്തുള്‍പ്പെടെ അഞ്ഞൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 310 പഴം – പച്ചക്കറി കടകള്‍ക്ക് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത – അരയിടത്തുപാലം ബൈപാസില്‍ നിന്നു നേരിട്ടു വാഹനങ്ങള്‍ക്ക് കയറാം. കെട്ടിടത്തിനു മുകളിലേക്ക് ഓട്ടോ, ഗുഡ്‌സ് വാഹനങ്ങള്‍ക്ക് കയറാന്‍ മൂന്ന് റാംപുകള്‍ ഉണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസന്‍സുള്ള 153 കച്ചവടക്കാര്‍ക്ക് ന്യൂ മാര്‍ക്കറ്റില്‍ മുറികളും ഒരുക്കി.
Tags:
KOZHIKODE