2025 | ഒക്ടോബർ 21 | ചൊവ്വ
1201 | തുലാം 4 | ചിത്തിര
◾ശ്രീരാമന്‍ നല്‍കിയ ഉപദേശത്തിന്റെ നിലവിലെ ഉദാഹരണമാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുള്ള പ്രധാനമന്ത്രിയുടെ കത്തിലാണ് ഈ പരാമര്‍ശം. ഭാരതം ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരെ പ്രതികാരം ചെയ്തുവെന്നും മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഇത്തവണ വെളിച്ചമെത്തിയെന്നും മോദി കത്തില്‍ പറയുന്നു. ജിഎസ്ടി പരിഷ്‌കരണം ജനങ്ങള്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കിയെന്നും സ്വദേശി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മോദി കത്തില്‍ കൂട്ടിച്ചേര്‍ത്തു.
◾ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ ഗൂഡാലോചന പുറത്ത് വരണമെന്ന് ഹൈക്കോടതി. അടച്ചിട്ട കോടതി മുറിയില്‍ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചത്. അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ സര്‍ക്കാരിനെയും,ദേവസ്വം ബോര്‍ഡിനെയും,ദേവസ്വം വിജിലന്‍സിനെയും മാത്രം എതിര്‍കക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ സംഘം കോടതിയില്‍ നല്‍കുന്ന രസഹ്യസ്വഭാവമുള്ള രേഖകള്‍ കേസിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കമുള്ള വ്യക്തികള്‍ക്ക് ലഭിക്കാനുള്ള വഴിയാണ് കോടതി ഇതോടെ അടച്ചതെന്നും റിപ്പോര്‍ട്ടുകള്‍.
◾സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച വയോധിക മരിച്ചു. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
◾അമീബിക്ക് മസ്തിഷ്‌ക ജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്തിയില്ല എന്ന് റിപ്പോര്‍ട്ട്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണമാകുന്നുണ്ടോ എന്നറിയാന്‍ പഠനം നടക്കുന്നുണ്ടോ എന്നതില്‍ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകളാണ് ഈ മാസം മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
◾മഴ കനത്തതോടെ മലപ്പുറം ജില്ലയിലെ കാളികാവ് മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. കാളികാവ് ഗ്രാമപഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയില്‍, കല്ലംകുന്ന് എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നതായി സ്ഥിരീകരിച്ചത്. ഒരു കിലോമീറ്ററിനുള്ളില്‍ ഒമ്പത് പേര്‍ക്ക് രോഗബാധയുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.പുറ്റംകുന്നിലെ അഞ്ചു കുട്ടികള്‍ക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികള്‍ക്കും കല്ലംകുന്നിലെ ഒരു കുട്ടിക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ കുറൂപൊയിലിലെ ഒരാള്‍ക്കും രോഗം ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളിലും നാട്ടുവൈദ്യ ചികിത്സക്ക് വിധേയരായവരും വേറെയുമുണ്ട്.
◾നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ തിരുവനന്തപുരം സ്വദേശികളായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. സുന്ദര്‍ ബാലകൃഷ്ണന്‍, ഭാര്യ പൂജ രാജന്‍, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ' എന്നിവരാണ് മരിച്ച മലയാളികള്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
◾കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതില്‍ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തി. കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം മാര്‍ക്കറ്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഒരു വിഭാഗം വ്യാപാരികള്‍ മാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവര്‍ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
◾കോഴിക്കോട് കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ലത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമുണ്ടെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും പ്രതിഷേധങ്ങള്‍ക്കിടെ പുതിയ മാര്‍ക്കറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ കോണ്‍ഗ്രസ് -ലീഗ് അംഗങ്ങള്‍ ആരുമില്ലെന്നും സ്ഥലം എംപിയും പരിപാടിയില്‍ ഇല്ലെന്നും എല്ലാകാര്യത്തെയും എതിര്‍ക്കുന്നത് ആണോ പ്രതിപക്ഷമെന്നും നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
◾ഗതാഗത മന്ത്രിയുടെ ഉത്തരവ് പ്രകാരം കൊച്ചി നഗരത്തില്‍ എയര്‍ ഹോണുകള്‍ കൂട്ടത്തോടെ നശിപ്പിച്ച റോഡ് റോളറിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. എയര്‍ ഹോണ്‍ പൊളിക്കാന്‍ ഉപയോഗിച്ച റോഡ് റോളറിന് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് റോളറിന്റെ ഉടമ ഒരാഴ്ചയ്ക്കകം പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കി.
◾പിഎം ശ്രീ പദ്ധതിക്കെതിരെ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ സിപിഐ എതിര്‍പ്പ് ഉന്നയിക്കും. ചര്‍ച്ച കൂടാതെ തീരുമാനം എടുത്തതില്‍ സിപിഐയ്ക്ക് അമര്‍ഷമുണ്ട്. അതേസമയം എതിര്‍ത്താലും മുന്നോട്ട് പോകാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഫണ്ട് പ്രധാനമെന്ന നിലപാടിലാണ് സിപിഎം. പിഎം ശ്രീയില്‍ ചേരാതെ തമിഴ്നാട് എസ്എസ്ഐ ഫണ്ട് നേടിയെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. മറ്റ് കേന്ദ്ര പദ്ധതികളുമായി സഹകരിക്കുമ്പോള്‍ പിഎം ശ്രീയില്‍ നിന്ന് മാത്രമായി മാറി നില്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പദ്ധതി സഹകരണം എന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യായം.
◾രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെയും നാളെ രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയും 23ന് രാവിലെ 6 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
◾സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും 6-6 - 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു ഇതുവരെ പകല്‍ 6 മണിക്കൂര്‍ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താല്‍, ഓവര്‍ടൈം അലവന്‍സ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
◾ഹാല്‍ സിനിമ വിവാദത്തില്‍ ചിത്രം കാണാന്‍ കേരള ഹൈക്കോടതി. ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജസ്റ്റിസ് വി ജി അരുണ്‍ ചിത്രം കാണാന്‍ എത്തും. കക്ഷിച്ചേര്‍ന്ന കാത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധിയും സെന്‍സര്‍ ബോര്‍ഡിന്റെ പ്രതിനിധികളും സിനിമ കാണാന്‍ എത്തും. കാക്കനാടുള്ള സ്റ്റുഡിയോയില്‍ വച്ചാണ് സിനിമ കാണുക. ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഹാല്‍ സിനിമയിലെ 'ധ്വജപ്രണാമം, സംഘം കാവലുണ്ട്' എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.
◾പാലക്കാട് തൃപ്പാളൂരില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ കൈവരികള്‍ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂര്‍ ശിവക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച തൂക്കുപാലത്തിന്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപണ്‍ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകള്‍, ഉള്‍പ്പെടെ ഉള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയത്. ഉടന്‍ തന്നെ വിഷയം പരിഹരിക്കാം എന്ന ഉറപ്പാണ് നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
◾ആലപ്പുഴ തുറവൂരില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനിടെ യുവാക്കള്‍ സംഘം ചേര്‍ന്ന് പൊലീസിനെ വളയുകയായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹസീര്‍ഷ, ചേര്‍ത്തല സ്റ്റേഷനിലെ സിപിഒ സനല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾തലസ്ഥാനത്ത് ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടി നടന്നത്.ലഹരി കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയുമെല്ലാം പാര്‍ട്ടിയില്‍ പങ്കെടുത്തു. സംഭവത്തില്‍ തിരുവനന്തപുരം പാളയത്തെ സൗത്ത് പാര്‍ക്ക് ഹോട്ടലിന് പൊലീസ് നോട്ടീസ് നല്‍കി. അടിപിടിയില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കും.
◾അട്ടപ്പാടിയില്‍ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേര്‍ കിട്ടാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ കൃഷ്ണസ്വാമി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ ഉപരോധിക്കും. റവന്യൂ ഉദ്യോഗസ്ഥരാണ് കൃഷ്ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ആരോപണം. അതേസമയം ഇന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ജില്ലാകലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും അറിയിച്ചു.
◾പാലക്കാട് ക്ഷേത്ര കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്ര കുളത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണംപറ്റ ഇല്ലിക്കോട്ടില്‍ ദീപക്ക് (22) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവര്‍ക്കറായ ദീപയുടെയും പരേതനായ രാമദാസന്റെ മകനാണ് ദീപക്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
◾പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന് ആവര്‍ത്തിച്ച് തമിഴ്നാട്. ദ്വിഭാഷാ നയത്തില്‍ വെള്ളം ചേര്‍ത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആര്‍ടിഇ സീറ്റുകളിലെ വിഹിതത്തില്‍ കേന്ദ്രം വഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ചെറുത്തുനില്‍പ്പ്. സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടതല്ലെന്ന നിലപാടില്‍ തമിഴ്നാടും എം.കെ.സ്റ്റാലിനും ഉറച്ച് നില്‍ക്കുകയാണ്.
◾വാഹനങ്ങള്‍ക്കുള്ളിലെ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായി സുരക്ഷാ അവബോധ കാമ്പയിന്‍ ആരംഭിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അപകടങ്ങളൊഴിവാക്കാനും സുരക്ഷിതരാകാനും ഡ്രൈവര്‍മാര്‍ക്കായി ആഭ്യന്തര മന്ത്രാലയം സുപ്രധാന നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
◾ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ച് കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് വെടിവച്ച് കൊന്നു. ഷെയ്ഖ് റിയാസ് എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദ് ആശുപത്രിയില്‍ ആണ് സംഭവം. റിയാസിനെ പിടികൂടാന്‍ ഏറെക്കാലമായി അന്വേഷണത്തിലായിരുന്നു തെലങ്കാന പൊലീസ്. കഴിഞ്ഞ ഞായറാഴ്ച ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രമോദ് കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. പ്രമോദിനെ റിയാസ് കുത്തിക്കൊല്ലുകയായിരുന്നു. പിന്നാലെ റിയാസിനെ പൊലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ തോക്ക് തട്ടിയെടുത്ത് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച റിയാസിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
◾ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണ തോത് കുത്തനെ കൂടി. നഗരത്തില്‍ ശരാശരി വായുഗുണനിലവാരം മൂന്നൂറ്റി അന്‍പത് രേഖപ്പെടുത്തി. കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ നടപടി തുടങ്ങി. നിയന്ത്രണങ്ങള്‍ മറികടന്ന് വ്യാപകമായി പടക്കം പൊട്ടിച്ചതും, അയല്‍ സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് വ്യാപകമായതുമാണ് മലിനീകരണ തോത് കുത്തനെ കൂട്ടിയത്.
◾ഗാസയിലെ പലസ്തീന്‍ ദമ്പതികള്‍ തങ്ങളുടെ നവജാത ശിശുവിന് സിംഗപ്പൂര്‍ എന്ന് പേരിട്ടു. ഇസ്രായേല്‍-ഹമാസ് യുദ്ധകാലത്ത് സിംഗപ്പൂര്‍ നല്‍കിയ സഹായത്തിന് ആദരസൂചകമായിട്ടാണ് രാജ്യത്തിന്റെ പേരിട്ടത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ലവ് എയ്ഡ് സിംഗപ്പൂരിന്റെ പ്രാദേശിക സൂപ്പ് കിച്ചണിലാണ് കുഞ്ഞിന്റെ പിതാവ് ജോലി ചെയ്തിരുന്നത്.
◾പുണെയിലെ പ്രശസ്തമായ ശനിവാര്‍വാഡ കോട്ടയില്‍ മുസ്ലീം സ്ത്രീകള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബിജെപി രാജ്യസഭാ എംപി മേധ കുല്‍ക്കര്‍ണി ശുദ്ധീകരണം നടത്തിയ നടപടി വിവാദത്തില്‍. ശുദ്ധീകരണ' സംഭവത്തെ പ്രതിപക്ഷമായ മഹാവികാസ് അഘാഡി അപലപിച്ചു. ശനിവാര്‍വാഡയില്‍ മുസ്ലീം സ്ത്രീകള്‍ നമസ്‌കരിക്കുന്നത് കണ്ട് ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധീകരണത്തിനായി അവിടെ ഗോമൂത്രം തളിക്കുകയായിരുന്നു.
◾ബീഹാറിലെ സഖ്യത്തില്‍ കല്ലുകടിക്കിടയാക്കിയത് ആര്‍ജെഡിയുടെ പിടിവാശിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കോണ്‍ഗ്രസിന് നല്കിയ ചില സീറ്റുകളിലും ആര്‍ജെഡി പേരുകള്‍ നിര്‍ദ്ദേശിച്ചു. സൗഹൃദ മത്സരം ചില സ്ഥലങ്ങളില്‍ നല്ലതെന്ന് ആര്‍ജെഡി അറിയിച്ചു. വ്യാഴാഴ്ച സഖ്യനേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. ബിഹാറില്‍ ആകെ 243 മണ്ഡലങ്ങളാണുള്ളതെങ്കിലും മഹാസഖ്യത്തിന് 249 സ്ഥാനാര്‍ത്ഥികളുണ്ട്. ധാരണ തെറ്റിച്ചുള്ള പ്രഖ്യാപനമാണ് മണ്ഡലങ്ങളുടെ എണ്ണത്തിനപ്പുറം സ്ഥാനാര്‍ത്ഥികള്‍ക്ക് വഴിവച്ചത്.
◾ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് ജെ എംഎം. മത്സരിക്കാനില്ലെന്ന് ഹേമന്ത് സോറന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ആര്‍ജെഡി ഗൂഢാലോചനയില്‍ പുറത്താകുന്നുവെന്നും സോറന്‍ പറഞ്ഞു. മഹാസഖ്യത്തോട് ഇടഞ്ഞ് 6 സീറ്റുകളില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പ്രത്യാഘാതം ദേശീയ തലത്തിലുണ്ടാകുമെന്ന മുന്നറിയിപ്പും ജെ എംഎം നല്‍കി
◾അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. സെനറ്റില്‍ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. സര്‍ക്കാര്‍ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വരുന്നത് ഇത് തുടര്‍ച്ചയായി പതിനൊന്നാം തവണയാണ്. അതേസമയം, 20 മില്യന്‍ ജനങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഇളവുകള്‍ അനിവാര്യമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി പ്രതികരിച്ചു. ധനാനുമതി ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രതികരിച്ചു.
◾ട്രംപ് ഭരണകൂടത്തിലെ യുഎസ് പ്രസിഡന്റ് ഓഫീസ് ഓഫ് സ്പെഷ്യല്‍ കൗണ്‍സിലിന്റെ തലവനായി നാമനിര്‍ദേശം ചെയ്യപ്പെട്ട പോള്‍ ഇന്‍ഗ്രാസിയയുടെ ചാറ്റ് ചോര്‍ന്നു. കടുത്ത വംശീയതയും നാസി അനുകൂല മനോഭാവവും വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തായത്. വ്യാഴാഴ്ച സെനറ്റിന്റെ വാദം കേള്‍ക്കാനിരിക്കെയാണ് ഇന്‍ഗ്രാസിയയുടെ ചാറ്റ് ചോര്‍ന്നത്.ചൈനക്കാരനെയോ ഇന്ത്യക്കാരനെയോ ഒരിക്കലും വിശ്വസിക്കരുതെന്നും, ആഫ്രിക്ക മുഴുവന്‍ ഒരു വൃത്തികെട്ട കുഴിയാണെന്നും അത് എല്ലായ്പ്പോഴും അങ്ങനെയായിരിക്കുമെന്നും ഇയാളുടെ ചാറ്റിലുണ്ട്.
◾രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,710 രൂപയിലെത്തി. പവന് 1,520 രൂപ കൂടി 97,360 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവിലയാണിത്. ഈ മാസം 17നും സമാന വില രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,300 ഡോളറും കടന്ന് കുതിച്ചതോടെയാണ് മാറ്റം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,800 രൂപയും 9 കാരറ്റിന് 5,030 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 180 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ വാങ്ങാന്‍ ഇതുപോര. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,05,350 രൂപയെങ്കിലുമാകും. ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച് വിലയിലും കാര്യമായ മാറ്റമുണ്ടാകും.
◾വിന്‍ഡോസിനും മാകിനും ലഭ്യമായ മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് ഡിസംബര്‍ 15 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രഖ്യാപനം. പകരം സന്ദേശങ്ങള്‍ ഫേസ്ബുക്കിന്റെ വെബ്‌സൈറ്റ് മുഖേന മാത്രം ലഭിക്കുന്ന വിധത്തില്‍ റീഡയറക്ട് ചെയ്യും. നിലവില്‍ മെസഞ്ചര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഷട്ട്ഡൗണ്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇന്‍-ആപ്പ് അറിയിപ്പ് ലഭിക്കും. പിന്നീട് 60 ദിവസംകൂടി ആപ്പ് ഉപയോഗിക്കുന്നത് തുടരാം. ഈ കാലയളവിനുശേഷം ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മെറ്റ ശുപാര്‍ശ ചെയ്യും. ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കാന്‍ മെറ്റ നടപടി സ്വീകരിക്കുന്നുണ്ട്. മെസഞ്ചറില്‍ ഇതുവരെ സുരക്ഷിതമായ സ്റ്റോറേജ് ഓണാക്കിയിട്ടില്ലാത്ത ഉപയോക്താക്കള്‍ അതിനായി ഡെസ്‌ക്ടോപ് ആപ്പില്‍ പിന്‍ സജ്ജീകരിക്കാം. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ മെസഞ്ചര്‍ മാത്രമായി ഉപയോഗിക്കുന്നവര്‍ക്ക് ഡെസ്‌ക്ടോപ് ആപ്പ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം മെസഞ്ചര്‍ ഡോട്ട് കോമില്‍ ലോഗിന്‍ ചെയ്ത് അക്കൗണ്ട് ഉപയോഗിക്കുന്നത് തുടരാം. ചാറ്റ് ചെയ്യുന്നത് തുടരാന്‍ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കേണ്ടതില്ല.
◾സെപ്റ്റംബര്‍ മധ്യത്തില്‍ പുറത്തിറങ്ങിയ മാരുതി വിക്ടോറിസ് മിഡ്‌സൈസ് എസ്യുവിക്ക് ആദ്യ വില വര്‍ധനവ് ലഭിച്ചു. എങ്കിലും, വില പരിഷ്‌കരണം ഉയര്‍ന്ന ശ്രേണിയിലുള്ള ഇസെഡ്എക്സ്ഐ+ (ഒ) എംടി, എടി വേരിയന്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ രണ്ട് വകഭേദങ്ങള്‍ക്കും 15,000 രൂപ വില വര്‍ദ്ധിച്ചു. ഈ വര്‍ദ്ധനവ് ഉടനടി പ്രാബല്യത്തില്‍ വന്നു. തുടക്കത്തില്‍, വിക്ടോറിസ് നിര ആറ് ട്രിം ലെവലുകളില്‍ അവതരിപ്പിച്ചു. 10.50 ലക്ഷം രൂപ മുതല്‍ 19.99 രൂപ വരെയായിരുന്നു എക്സ്-ഷോറൂം വില. ഇവ ആമുഖ വിലകളായിരുന്നു. ഒരു നിശ്ചിത കാലയളവിനുശേഷം ഈ വിലകള്‍ വര്‍ദ്ധിക്കും. വില വര്‍ധനവിന് മുമ്പ്, വിക്ടോറിസ് ഇസെഡ്എക്സ്+ (ഒ) മാനുവലിന് 15.82 ലക്ഷം രൂപയും, ഓട്ടോമാറ്റിക്കിന് 17.77 ലക്ഷം രൂപയും, ഓട്ടോമാറ്റിക് ഓള്‍വീല്‍ഡ്രൈവ് വേരിയന്റിന് 19.22 ലക്ഷം രൂപയും, സ്ട്രോങ് ഹൈബ്രിഡ് ഇ-സിവിടി വേരിയന്റുകള്‍ക്ക് 19.99 ലക്ഷം രൂപയുമാണ് വിലയിട്ടിരുന്നത്. മാരുതി സുസുക്കി മിഡ്‌സൈസ് എസ്യുവിക്ക് 27,707 രൂപ മുതല്‍ ആരംഭിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും വാഗ്ദാനം ചെയ്യുന്നു.
◾എന്തെങ്കിലും ഒരു അസ്ഥസ്വത തോന്നിയാല്‍ കണ്ണുകള്‍ വെള്ളമൊഴിച്ചു കഴുകുന്ന അല്ലെങ്കില്‍ കണ്ണുകള്‍ തിരുമ്മുന്ന ശീലം പലര്‍ക്കുമുണ്ട്. പുറമേ അത്ര പ്രശ്നമുള്ളതായി തോന്നില്ലെങ്കിലും ഇത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കണ്ണുകളിലേക്ക് വെള്ളം ശക്തിയായി തളിക്കുമ്പോള്‍ കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കണ്ണുനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും കണ്ണുകള്‍ വരണ്ടതാകാന്‍ കാരണമാവുകയും ചെയ്യുന്നു. കണ്ണുനീര്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന കണ്ണുനീര്‍ കണ്ണുകളെ അണുബാധയടക്കമുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നു. കണ്ണുകള്‍ ഇത്തരത്തില്‍ കഴുകുന്നതോടെ കണ്ണുനീര്‍ കുറയുന്നതിലേക്കും കണ്ണുകള്‍ വരണ്ടതാകുന്നതിലേക്കും നയിച്ചേക്കാം. മൂന്ന് പാളികളാണ് കണ്ണുനീര്‍ ദ്രാവകത്തില്‍ അടങ്ങിയിരിക്കുന്നത്. ജലം പാളി, മ്യൂസിന്‍ പാളി, ലൈസോംസൈം, ലൈക്ലോഫെറിന്‍, ലിപ്പോകാലിന്‍, ലാക്ടോഫെറിന്‍, ഇമ്യൂണോഗ്ലോബുലിന്‍, ഗ്ലൂക്കോസ്, യൂറിയ, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പദാര്‍ത്ഥങ്ങളടങ്ങിയ ലിപിഡ് പാളി. ഇവ കണ്ണുകളെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ കണ്ണുകള്‍ കഴുകാനെടുക്കുന്ന വെള്ളത്തില്‍ ദോഷകരമായ മാലിന്യങ്ങള്‍ അടങ്ങിയിരിക്കാം. ഇത് കണ്ണിന്റെ അതിലോലമായ കലകളെ ബാധിക്കാം. പൈപ്പ് വെള്ളത്തില്‍ കണ്ണുകള്‍ കഴുകുമ്പോള്‍ അതില്‍ ബാക്ടീരിയ, വൈറസുകള്‍, പരാദങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സൂക്ഷ്മാണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഈ സൂക്ഷ്മാണുക്കള്‍ അകാന്തമീബ കെരാറ്റിറ്റിസിന് കാരണമാകും, ഇത് കാഴ്ച വൈകല്യത്തിനോ അന്ധതയ്‌ക്കോ പോലും കാരണമാകുന്ന ഗുരുതരമായ നേത്ര അണുബാധയാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കാര്‍ബോക്സിമീഥൈല്‍ സെല്ലുലോസ് അടങ്ങിയ ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണുകള്‍ ഡ്രൈ ആകാതെ സംരക്ഷിക്കും. ഇത് പൂര്‍ണമായും അണുവിമുക്തമാണ്. അതിനാല്‍ മറ്റ് മാലിന്യങ്ങളൊന്നും കണ്ണുകളില്‍ പ്രവേശിക്കില്ല.
➖➖➖➖➖➖➖➖
Tags:
KERALA